ബധിരരായ നിങ്ങളുടെ സഹോദരീസഹോദരന്മാരെ പ്രിയങ്കരരായി കരുതുക
ബധിരരായ നിങ്ങളുടെ സഹോദരീസഹോദരന്മാരെ പ്രിയങ്കരരായി കരുതുക
ആത്മീയ സഹോദരീസഹോദരന്മാരടങ്ങുന്ന വലിയൊരു കുടുംബമാണ് ഇന്ന് ദൈവജനം. അവരുടെ ആത്മീയപൈതൃകത്തിന്റെ വേരുകൾ തേടിപ്പോയാൽ നാം ചെന്നെത്തുന്നത് പുരാതനകാലത്തെ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരിലായിരിക്കും. ശമുവേൽ, ദാവീദ്, ശിംശോൻ, രാഹാബ്, മോശ, അബ്രാഹാം, സാറാ, നോഹ, ഹാബേൽ, എന്നിവർ അവരിൽ ചിലർമാത്രം. ഇന്ന് യഹോവയുടെ വിശ്വസ്‌ത ദാസന്മാരിൽ ബധിരരായ ധാരാളംപേരുണ്ട്. ഉദാഹരണം പറഞ്ഞാൽ, മംഗോളിയയിൽ ആദ്യമായി സത്യം സ്വീകരിച്ചത് ഒരു ബധിരദമ്പതികളാണ്. റഷ്യയിലെ നമ്മുടെ ബധിരസഹോദരങ്ങളുടെ ദൃഢവിശ്വസ്‌തതനിമിത്തം നമുക്ക് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽനിന്നു വിജയം നേടാൻപോലുമായി.
ഈ ആധുനികകാലത്ത്, ബധിരരായ സഹോദരങ്ങളുടെ പ്രയോജനത്തിനുവേണ്ടി “വിശ്വസ്‌തനും വിവേകിയുമായ അടിമ” ആംഗ്യഭാഷാ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്, അതുപോലെ അവർ ആംഗ്യഭാഷയിലുള്ള യോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. * (മത്താ. 24:45) എന്നാൽ ഈ സൗകര്യങ്ങളൊന്നും ലഭ്യമല്ലാതിരുന്ന കാലത്ത് സത്യദൈവത്തെക്കുറിച്ചു പഠിക്കാനും ആത്മീയപുരോഗതി കൈവരിക്കാനും ബധിരരായ ആളുകൾ നടത്തിയ ശ്രമത്തെക്കുറിച്ച് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ അയൽവക്കങ്ങളിൽ താമസിക്കുന്ന ബധിരരായ ആളുകളെ എങ്ങനെ സഹായിക്കാമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഇതൊന്നുമില്ലാതിരുന്ന ഒരു കാലം
പ്രായമായ ചില ബധിരസഹോദരങ്ങളോട് അവർ സത്യം പഠിച്ചത് എങ്ങനെയെന്നു ചോദിച്ചാൽ അവർ എന്തായിരിക്കും നിങ്ങളോടു പറയുക? ദൈവത്തിന് ഒരു പേരുണ്ടെന്ന് ആദ്യമായി മനസ്സിലാക്കിയപ്പോഴുണ്ടായ സന്തോഷത്തെക്കുറിച്ച് അവർ നിങ്ങളോടു പറഞ്ഞേക്കും. തിരുവെഴുത്തു സത്യങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ സഹായിക്കുന്ന ആംഗ്യഭാഷയിലുള്ള വീഡിയോ/ഡിവിഡി പ്രോഗ്രാമുകൾ ലഭ്യമാകുന്നതിനുമുമ്പ്, ആ ഒരൊറ്റ സത്യം അവരുടെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ചും അതുപോലെ വർഷങ്ങളോളം സത്യത്തിൽ പിടിച്ചുനിൽക്കാൻ അത് അവരെ സഹായിച്ചതിനെക്കുറിച്ചും അവർ ‘വാചാലരായേക്കും.’ ആംഗ്യഭാഷയിലല്ലാത്ത അല്ലെങ്കിൽ ആംഗ്യഭാഷയിലേക്കു പരിഭാഷപ്പെടുത്താത്ത യോഗങ്ങളിൽ പങ്കെടുത്തിരുന്ന നാളുകളിലെ അനുഭവങ്ങൾ അവർ നിങ്ങളോടു പങ്കുവെച്ചേക്കും. ആരെങ്കിലും ഒരാൾ അവരുടെ അടുത്തിരുന്ന് പ്രസംഗങ്ങളുടെയുംമറ്റും കുറിപ്പുകൾ ഒരു കടലാസിൽ എഴുതിക്കാണിക്കുകയായിരുന്നു പതിവ്. ഒരു ബധിരസഹോദരൻ ഏഴുവർഷത്തോളം ബൈബിൾ പഠിച്ചത് ഈ വിധത്തിലാണ്. പിന്നീടാണ് ഒരു പരിഭാഷകന്റെ സഹായം അദ്ദേഹത്തിനു ലഭിക്കുന്നത്.
കേൾക്കാനും സംസാരിക്കാനും കഴിയുന്നവരോട് സുവാർത്ത അറിയിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഇവർക്ക് പറയാനുണ്ടാകും. ലളിതമായ ഒരവതരണം എഴുതിയ ഒരു കാർഡ് ഒരു കൈയിൽ പിടിക്കും. മറ്റേ കയ്യിൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയ പതിപ്പുകളും. അച്ചടിച്ച പ്രസിദ്ധീകരണങ്ങളുമായി ബധിരനായ മറ്റൊരുവ്യക്തിയെ ബൈബിൾ പഠിപ്പിക്കുന്നത് തികച്ചും ശ്രമകരമായിരുന്നു ഇവർക്ക്. രണ്ടുപേർക്കും അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ നന്നായി മനസ്സിലാകില്ലല്ലോ? അവർ ‘പറയുന്നത്’ മറ്റുള്ളവർക്ക് മനസ്സിലാകാഞ്ഞതുകൊണ്ട് ബൈബിൾ സത്യത്തെക്കുറിച്ചു കൂടുതൽ സംസാരിക്കാൻ സാധിക്കാതെവന്ന അനുഭവങ്ങൾ പ്രായമുള്ള ബധിരസഹോദരങ്ങൾക്ക് ഉണ്ടായിട്ടുണ്ടാകും, അപ്പോൾ തോന്നിയ നൈരാശ്യം അവർ ഇപ്പോഴും ഓർക്കുന്നുണ്ടാകും. യഹോവയോട് ഗാഢമായ സ്‌നേഹം തോന്നുകയും എന്നാൽ അതിനൊത്തു പ്രവർത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യം ഈ സഹോദരങ്ങളിൽ പലരും അനുഭവിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം സംജാതമാകുന്നത്? ഏതെങ്കിലും ഒരു വസ്‌തുതയെക്കുറിച്ച് അവർ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന ഉറപ്പ് അവർക്കില്ലായിരുന്നു എന്നതാണു കാരണം.
ഈ പ്രയാസങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ബധിരരായ നമ്മുടെ ഈ സഹോദരീസഹോദരന്മാർ വിശ്വസ്‌തത ഒരിക്കലും കൈവിട്ടില്ല. (ഇയ്യോ. 2:3) അവർ യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിച്ചു. (സങ്കീ. 37:7) ഇന്ന് യഹോവ അവരെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു—മിക്കവരുടെയും പ്രതീക്ഷകളെ കവച്ചുവെക്കുന്ന വിധത്തിൽ.
ഭർത്താവും പിതാവുമായ ഒരു ബധിരസഹോദരന്റെ
ദൃഷ്ടാന്തം നമുക്കു പരിചിന്തിക്കാം. ആംഗ്യഭാഷയിലുള്ള വീഡിയോകൾ ലഭ്യമാകുന്നതിനുമുമ്പുള്ള കാലം. അദ്ദേഹം വിശ്വസ്‌തതയോടെ കുടുംബാധ്യയനത്തിന് മേൽനോട്ടം വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ ഓർമിക്കുന്നു: “കുടുംബാധ്യയനം നടത്തുന്നത് എന്റെ പിതാവിന് എന്നും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാരണം അദ്ദേഹത്തിനു ഞങ്ങളെ പഠിപ്പിക്കേണ്ടിയിരുന്നത് അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചായിരുന്നു. പലപ്പോഴും അച്ചടിച്ച വിവരങ്ങൾ പൂർണമായി മനസ്സിലാക്കാൻ അദ്ദേഹത്തിനായില്ല. ഞങ്ങൾ കുട്ടികളുടെ മനോഭാവവും അത്ര സഹായകമല്ലായിരുന്നു. അദ്ദേഹം തെറ്റുവരുത്തിയാൽ ഞങ്ങൾ ഉടൻ അതു ചൂണ്ടിക്കാണിക്കും. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും കുടുംബാധ്യയനം നടത്താതിരുന്നിട്ടില്ല. തന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പരിമിതികൾമൂലം ഇങ്ങനെ ഇടയ്‌ക്കിടെ അബദ്ധങ്ങൾ ഉണ്ടാകുമെങ്കിലും ഞങ്ങൾ കുട്ടികൾ യഹോവയെക്കുറിച്ച് എന്തെങ്കിലുമൊക്കെ മനസ്സിലാക്കുമല്ലോ? അതൊരു വലിയകാര്യമായിത്തന്നെ അദ്ദേഹം കരുതി.”ന്യൂയോർക്കിലെ ബ്രുക്ലിനിൽ താമസിക്കുന്ന അന്ധനും ബധിരനും 70-നുമേൽ പ്രായവുമുള്ള റിച്ചാർഡ് സഹോദരന്റേതാണ് മറ്റൊരു ദൃഷ്ടാന്തം. ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതിൽ വളരെ നിഷ്‌ഠപുലർത്തുന്ന ആളാണ് അദ്ദേഹം. ഭൂഗർഭ റെയിൽവേയിലൂടെ തനിയെ യാത്രചെയ്‌ത് അദ്ദേഹം യോഗങ്ങൾക്കെത്തും, ഓരോ സ്റ്റോപ്പുകളും എണ്ണിയാണ് തനിക്കിറങ്ങേണ്ട സ്റ്റോപ്പ് അദ്ദേഹം മനസ്സിലാക്കുന്നത്. ഒരു ശൈത്യകാലത്ത് ശക്തമായ മഞ്ഞുവീഴ്‌ച ഉണ്ടായതിനെത്തുടർന്ന് യോഗം റദ്ദാക്കി. സഭയിലെ എല്ലാവരെയും ഈ വിവരം അറിയിച്ചു, എന്നാൽ ഇദ്ദേഹത്തോടുമാത്രം പറയാൻ എങ്ങനെയോ വിട്ടുപോയി. പിന്നീട് ഇക്കാര്യം തിരിച്ചറിഞ്ഞപ്പോൾ സഹോദരങ്ങൾ റിച്ചാർഡ് സഹോദരനെ അന്വേഷിച്ചിറങ്ങി. അവർ അദ്ദേഹത്തെ കണ്ടെത്തി. രാജ്യഹാളിന്റെ മുമ്പിൽ കതക് തുറക്കുന്നതുംകാത്ത് ക്ഷമയോടെ റിച്ചാർഡ് സഹോദരൻ നിൽപ്പുണ്ടായിരുന്നു. കാലാവസ്ഥ ഇത്ര പ്രതികൂലമായിട്ടും എന്തുകൊണ്ടാണ് സഹോദരൻ വന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ യഹോവയെ സ്‌നേഹിക്കുന്നു.”
നിങ്ങൾക്ക് എന്തുചെയ്യാൻ സാധിക്കും?
നിങ്ങളുടെ പ്രദേശത്ത് ബധിരരായ ആളുകൾ താമസിക്കുന്നുണ്ടോ? അവരുമായി സംസാരിക്കുന്നതിന് ആംഗ്യഭാഷ കുറച്ചെങ്കിലും പഠിക്കാൻ നിങ്ങൾക്കു സാധിക്കുമോ? മറ്റുള്ളവരെ ആംഗ്യഭാഷ പഠിപ്പിക്കുന്നതിന് ബധിരർക്കു സാധാരണഗതിയിൽ സന്തോഷമേയുള്ളൂ, ക്ഷമയോടെ അവർ അതു പഠിപ്പിക്കും. ബധിരനായ ഒരു വ്യക്തിയെ നിങ്ങൾ യദൃച്ഛയാ കണ്ടുമുട്ടുന്നെങ്കിലെന്ത്, ഒരുപക്ഷേ ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ. ആംഗ്യങ്ങളും കുറിപ്പുകളും ചിത്രങ്ങളും മറ്റും ഉപയോഗിച്ചുകൊണ്ട് അവരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുക. സത്യം പഠിക്കാൻ താത്‌പര്യമില്ലെന്ന് ആ വ്യക്തി പറഞ്ഞാൽത്തന്നെയും, ബധിരരായ ഏതെങ്കിലും സഹോദരങ്ങളോടോ അല്ലെങ്കിൽ ആംഗ്യഭാഷ അറിയാവുന്ന ഒരു പ്രസാധകനോടോ ഇക്കാര്യം പറയുക. ആംഗ്യഭാഷയിൽ സാക്ഷീകരിച്ചാൽ അവർക്കത് കൂടുതൽ സ്വീകാര്യമായേക്കാം.
ഇനിയൊരുപക്ഷേ നിങ്ങൾ ആംഗ്യഭാഷ പഠിച്ചുകൊണ്ട് ആംഗ്യഭാഷാസഭയോടൊത്ത് സഹവസിക്കുന്നുണ്ടാകാം. ആംഗ്യഭാഷ മനസ്സിലാക്കാനും ഉപയോഗിക്കാനുമുള്ള നിങ്ങളുടെ പ്രാപ്‌തി എങ്ങനെ മെച്ചപ്പെടുത്താം? നിങ്ങളുടെ സഭയിലുള്ള ബധിരരല്ലാത്ത മറ്റു സഹോദരങ്ങളോടും ആംഗ്യഭാഷയിൽത്തന്നെ സംസാരിക്കുക. ഇങ്ങനെ ചെയ്യുന്നത് ആംഗ്യഭാഷയിൽ ചിന്തിക്കാൻ നിങ്ങളെ സഹായിക്കും. ചിലപ്പോഴൊക്കെ സാധാരണരീതിയിൽ സംസാരിക്കാൻ നിങ്ങൾക്കു പ്രലോഭനം തോന്നിയേക്കാം, അതാണല്ലോ എളുപ്പം. എന്നാൽ ഏതൊരു ഭാഷയും പഠിക്കുന്നതുപോലെ ക്ഷമയോടെ ശ്രമിച്ചെങ്കിൽ മാത്രമേ ഈ ഭാഷയും വശമാകൂ.
ആംഗ്യഭാഷ പഠിക്കാനുള്ള നിങ്ങളുടെ ആത്മാർഥശ്രമത്തിൽ പ്രതിഫലിക്കുന്നത് ബധിരരായ നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള സ്‌നേഹവും ആദരവുമാണ്. സഹപ്രവർത്തകരെയും സഹപാഠികളെയും മനസ്സിലാക്കാൻ സാധിക്കാതെ വരുന്നതുകൊണ്ടുള്ള നിരാശ ദിവസേനയെന്നോണം അനുഭവിക്കേണ്ടിവരുന്ന ബധിരരായ ആളുകളുടെ അവസ്ഥ ഒന്നു ചിന്തിച്ചുനോക്കൂ. ബധിരനായ ഒരു സഹോദരൻ പറയുന്നു: “എനിക്കു ചുറ്റുമുള്ള എല്ലാവരും സംസാരിക്കുന്നു. അപ്പോഴൊക്കെ, യോഹ. 13:34, 35.
ഒറ്റപ്പെടലിന്റെയും അവഗണനയുടെയും വിഷമം ഉള്ളിൽ ഉരുണ്ടുകൂടും, അത് എന്നെ വല്ലാതെ അസ്വസ്ഥനാക്കും, ചിലപ്പോൾ അരിശം തോന്നുകയും ചെയ്യും. ചിലപ്പോഴുള്ള വിഷമം പറഞ്ഞറിയിക്കാനാവില്ല.” ബധിരരായ നമ്മുടെ സഹോദരീസഹോദരന്മാർക്ക് ആത്മീയ ആഹാരം ലഭിക്കുന്നതിനും നല്ല സഹവാസം ആസ്വദിക്കുന്നതിനുമുള്ള പച്ചത്തുരുത്തുകളായിരിക്കണം നമ്മുടെ സഭായോഗങ്ങൾ.—സാധാരണസഭകളോടൊത്ത് കൂടിവരുന്ന ബധിരസഹോദരങ്ങളുടെ ചെറുകൂട്ടങ്ങളെ ഈ അവസരത്തിൽ വിസ്‌മരിക്കാനാവില്ല. പരിപാടികൾ അവർക്കുവേണ്ടി ആംഗ്യഭാഷയിലേക്കു പരിഭാഷപ്പെടുത്തും. പ്രസംഗങ്ങളും മറ്റും നന്നായി മനസ്സിലാക്കുന്നതിന് ബധിരരായവർ രാജ്യഹാളിന്റെ മുൻനിരകളിൽ ഇരിക്കും. അങ്ങനെയാകുമ്പോൾ പരിഭാഷ നടത്തുന്ന സഹോദരനെയും പ്രസംഗം നടത്തുന്ന സഹോദരനെയും ഒരുപോലെ, തടസ്സംകൂടാതെ അവർക്ക് കാണാൻ സാധിക്കും. സഭയിലെ മറ്റുള്ളവർക്ക് ഇത് ഒരു ശല്യമായി തോന്നുന്നില്ല, മറിച്ച് ഈ സാഹചര്യവുമായി സഹോദരങ്ങൾ പെട്ടെന്നു പൊരുത്തപ്പെടുന്നതായിട്ടാണു കണ്ടുവരുന്നത്. ഈ ക്രമീകരണംതന്നെയാണ് സമ്മേളനങ്ങളിലും കൺവെൻഷനുകളിലും മറ്റും അവലംബിക്കുന്നത്. ബധിരരായ സഹോദരങ്ങൾ എങ്ങനെ വിവരങ്ങൾ അവതരിപ്പിക്കുമോ അതേവിധത്തിൽ സ്വാഭാവികതയോടെയാണ് പരിഭാഷകരായ സഹോദരങ്ങൾ അവർക്കുവേണ്ടി പരിഭാഷ നിർവഹിക്കുന്നത്. അവരുടെ ശ്രമങ്ങൾ തികച്ചും അഭിനന്ദനീയമാണ്!
ഒരുപക്ഷേ നിങ്ങളുടെ സഭയുടെ ഭാഗമായി വേറിട്ടൊരു ആംഗ്യഭാഷാക്കൂട്ടം ഉണ്ടായിരിക്കാം, അല്ലെങ്കിൽ സഭയിൽത്തന്നെ ബധിരരായ ഏതാനുംപേർക്കുവേണ്ടി പരിപാടികൾ പരിഭാഷചെയ്യുന്നുണ്ടായിരിക്കാം. ഈ സഹോദരങ്ങളോട് വ്യക്തിപരമായ കരുതലും സ്‌നേഹവും കാണിക്കാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? അവരെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുക. സാധ്യമെങ്കിൽ ആംഗ്യഭാഷയിൽ ഏതാനും കാര്യങ്ങൾ പഠിച്ചെടുക്കുക. അവരോട് എന്ത് സംസാരിക്കും എന്നോർത്ത് നിങ്ങൾ വിചാരപ്പെടേണ്ടതില്ല. പരസ്‌പരം ആശയങ്ങൾ കൈമാറാൻ ഏതെങ്കിലുമൊരുവിധം നിങ്ങൾക്ക് കണ്ടെത്താനാകും. അങ്ങനെ നിങ്ങൾ കാണിക്കുന്ന ആ സ്‌നേഹം സന്തോഷകരമായ ചില സ്‌മരണകൾ സമ്മാനിക്കും. (1 യോഹ. 4:8) ബധിരരായ നമ്മുടെ സഹോദരങ്ങൾ സംഭാഷണപ്രിയരും കാര്യങ്ങളെക്കുറിച്ച് അവബോധമുള്ളവരും നർമബോധമുള്ളവരുമാണ്. മാതാപിതാക്കൾ ഇരുവരും ബധിരരായ ഒരു സഹോദരൻ പറയുന്നു: “ജീവിതകാലം മുഴുവനും ഞാൻ ബധിരരായ ആളുകളോടൊപ്പമായിരുന്നു. എനിക്കു മടക്കിക്കൊടുക്കാനാവുന്നതിലും അധികം അവർ എനിക്കു തന്നിട്ടുണ്ട്. നമ്മുടെ ബധിരസഹോദരങ്ങളിൽനിന്ന് നമുക്ക് വളരെയധികം പഠിക്കാനാകും.”
തന്റെ വിശ്വസ്‌ത ആരാധകരെ യഹോവ സ്‌നേഹിക്കുന്നു, അതിൽ നമ്മുടെ ബധിരസഹോദരങ്ങളും ഉൾപ്പെടുന്നു. അവരുടെ വിശ്വാസവും സഹിഷ്‌ണുതയും യഹോവയുടെ സംഘടനയുടെ മാറ്റുകൂട്ടുന്നു. അതുകൊണ്ട് ബധിരരായ നമ്മുടെ സഹോദരീസഹോദരന്മാരെ നമുക്ക് പ്രിയങ്കരരായി കരുതാം!
[അടിക്കുറിപ്പ്]
^ ഖ. 3 2009 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ ‘യഹോവ തിരുമുഖം അവരുടെമേൽ പ്രകാശിപ്പിച്ചിരിക്കുന്നു’ എന്ന ലേഖനം കാണുക.
[31-ാം പേജിലെ ചിത്രം]
രാജ്യസുവാർത്ത ആംഗ്യഭാഷയിൽ അവതരിപ്പിക്കുന്നെങ്കിൽ ബധിരനായ ഒരു വ്യക്തിക്ക് അത് കൂടുതൽ ആകർഷണീയമായിരിക്കും
[32-ാം പേജിലെ ചിത്രങ്ങൾ]
ബധിരസഹോദരങ്ങൾക്ക് ആത്മീയ ഉന്മേഷം നേടാനാകുന്ന പച്ചപ്പിന്റെ തുരുത്തുകളായിരിക്കട്ടെ നമ്മുടെ യോഗങ്ങൾ