ചുവന്ന ദ്വീപിൽ ബൈബിൾ പിറവിയെടുക്കുന്നു
ചുവന്ന ദ്വീപിൽ ബൈബിൾ പിറവിയെടുക്കുന്നു
ആഫ്രിക്കയുടെ തെക്കുകിഴക്കൻ തീരത്തുനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് മഡഗാസ്‌കറിന്റെ സ്ഥാനം. ലോകത്തിലെ നാലാമത്തെ വലിയ ദ്വീപാണിത്. മലഗാസികൾക്ക് പണ്ടുമുതലേ യഹോവ എന്ന നാമം പരിചിതമാണ്. കാരണം, ദൈവനാമം അടങ്ങിയ ബൈബിൾ പരിഭാഷകൾ 170 വർഷങ്ങളായി അവിടെ ലഭ്യമാണ്. എന്നാൽ മലഗാസി ബൈബിളിന്റെ പിറവി അശ്രാന്തപരിശ്രമത്തിന്റെയും ആത്മാർപ്പണത്തിന്റെയും ഒരു കഥയാണ്.
മലഗാസി ഭാഷയിലേക്ക് ബൈബിൾ പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾക്കു തുടക്കം, തൊട്ടടുത്തുള്ള മൗറീഷ്യസ് ദ്വീപിൽനിന്നായിരുന്നു. 1813-ൽ മൗറീഷ്യസിലെ ബ്രിട്ടീഷ് ഗവർണറായ സർ റോബർട്ട് ഫാർക്‌ഹാർ, സുവിശേഷങ്ങൾ മലഗാസിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് മുൻകൈയെടുത്തു. പിന്നീട് അദ്ദേഹം, ലണ്ടൻ മിഷനറി സൊസൈറ്റിയിൽനിന്നുള്ള (എൽഎംഎസ്) അധ്യാപകരെ ഈ ചുവന്ന ദ്വീപിലേക്ക് (മഡഗാസ്‌കറിന്റെ അപരനാമം) ക്ഷണിക്കുന്നതിനെക്കുറിച്ച് മഡഗാസ്‌കറിലെ റദാമ ഒന്നാമൻ രാജാവിനോടു സംസാരിച്ചു.
1818 ആഗസ്റ്റ് 18-ന് വെയ്‌ൽസിൽ നിന്നുള്ള മിഷനറിമാരായ ഡേവിഡ് ജോൺസും തോമസ് ബെവെനും മൗറീഷ്യസിൽനിന്ന് ഇവിടെയെത്തി. ടവോമാസിന എന്ന തുറമുഖ നഗരത്തിലാണ് അവർ കപ്പലിറങ്ങിയത്. അവർക്ക് അവിടെ കാണാൻ കഴിഞ്ഞത് അങ്ങേയറ്റം മതഭക്തരായ ആളുകളെയാണ്. പൂർവികാരാധനയും പരമ്പരാഗത ആചാരാനുഷ്‌ഠാനങ്ങളും അവരുടെ നിത്യജീവിതത്തിന്റെ സമസ്‌തതലങ്ങളെയും സ്വാധീനിച്ചിരുന്നു. സമ്പന്നമായൊരു ഭാഷയാണ് ഇവരുടേത്. മുഖ്യമായും മലയോപോളിനേഷ്യൻ ഉത്ഭവമാണ് മലഗാസിഭാഷയ്‌ക്കുള്ളത്.
ജോൺസും ബെവെനും ഇവിടെ ഒരു സ്‌കൂൾ നടത്താൻ തുടങ്ങി, താമസിയാതെ അവർ അവരുടെ ഭാര്യമാരെയും കുട്ടികളെയും മൗറീഷ്യസിൽനിന്ന് ടവോമാസിനയിലേക്കു കൊണ്ടുവന്നു. എന്നാൽ ആയിടയ്‌ക്ക് മലേറിയ പടർന്നുപിടിച്ചു, ജോൺസിന്റെ ഭാര്യയും കുട്ടിയും മരണമടഞ്ഞു, 1818 ഡിസംബറിലായിരുന്നു സംഭവം. രണ്ടുമാസം കഴിഞ്ഞപ്പോൾ മലേറിയ ബെവെൻ കുടുംബത്തിന്റെയും ജീവനെടുത്തു. ഡേവിഡ് ജോൺസ് മാത്രം അക്കൂട്ടത്തിൽ അവശേഷിച്ചു.
ദുരന്തങ്ങളിൽ അടിപതറാതെ ജോൺസ് മുന്നോട്ടുപോയി. മഡഗാസ്‌കറിലെ ജനതയ്‌ക്ക് എങ്ങനെയും ദൈവവചനം ലഭ്യമാക്കണമെന്ന് അദ്ദേഹം മനസ്സിലുറച്ചിരുന്നു. ആരോഗ്യം വീണ്ടെടുക്കാനായി മൗറീഷ്യസിലേക്ക് തിരിച്ചുപോയ അദ്ദേഹം മലഗാസിഭാഷ പഠിക്കുകയെന്ന ദുഷ്‌കരമായ ദൗത്യം ഏറ്റെടുത്തു. ഏറെ താമസിയാതെ, അദ്ദേഹം യോഹന്നാന്റെ സുവിശേഷത്തിന്റെ വിവർത്തനത്തിനുവേണ്ട പ്രാഥമിക ജോലികൾ തുടങ്ങി.
1820-ൽ, ജോൺസ് മഡഗാസ്‌കറിൽ തിരിച്ചെത്തി. തലസ്ഥാനമായ അന്റാനാനാറിവോയിൽ ഇറങ്ങിയ അദ്ദേഹം, പുതിയ ഒരു മിഷനറി സ്‌കൂൾ സ്ഥാപിച്ചു. ഒട്ടേറെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടാണ് അദ്ദേഹം പ്രവർത്തിച്ചത്. പാഠപുസ്‌തകങ്ങളോ ബ്ലാക്ക്‌ബോർഡോ ഡെസ്‌കോ ഒന്നും ഇല്ലായിരുന്നു. എന്നാൽ പാഠ്യപദ്ധതി ഒന്നാന്തരമായിരുന്നു, കുട്ടികളാകട്ടെ പഠിക്കാൻ ഉത്സാഹമുള്ളവരും.
ഏഴുമാസം ജോൺസ് തനിയെ ജോലിചെയ്‌തു, പിന്നീട് ബെവെന്റെ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തിന് ഒരു പുതിയ കൂട്ടുകാരനെ കിട്ടി. ഡേവിഡ് ഗ്രിഫിത്‌സ് എന്ന മിഷനറി. ഈ രണ്ടുപേരുംകൂടി മലഗാസിഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാനുള്ള യത്‌നം തുടങ്ങി.
പരിഭാഷ തുടങ്ങുന്നു
1820-കളുടെ തുടക്കത്തിൽ, മലഗാസിഭാഷ അറബിക് അക്ഷരങ്ങൾ ഉപയോഗിച്ചാണ് എഴുതിയിരുന്നത്, സൊറാബെ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. വളരെ ചുരുക്കംപേർക്കേ ഇതു വായിക്കാൻ അറിയാമായിരുന്നുള്ളൂ. ഇതു മനസ്സിലാക്കിയ മിഷനറിമാർ റദാമ ഒന്നാമൻ രാജാവുമായി കൂടിയാലോചിച്ചു, അദ്ദേഹം സൊറാബെക്കു പകരം റോമൻ അക്ഷരമാല ഉപയോഗിക്കാൻ അനുമതിനൽകി.
1823 സെപ്‌റ്റംബർ 10-ന് വിവർത്തനം ആരംഭിച്ചു. ജോൺസ്, ഉൽപ്പത്തിപുസ്‌തകവും മത്തായിയുടെ സുവിശേഷവും പരിഭാഷപ്പെടുത്തി; ഗ്രിഫിത്‌സ്, പുറപ്പാടുപുസ്‌തകവും ലൂക്കോസിന്റെ സുവിശേഷവും. അശ്രാന്തപരിശ്രമികളായിരുന്നു ഈ രണ്ടുപേരും. പരിഭാഷയ്‌ക്കു പുറമേ, രാവിലെയും ഉച്ചകഴിഞ്ഞും അവർ സ്‌കൂളിൽ ക്ലാസെടുക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല, മൂന്നുഭാഷകളിൽ പള്ളിശുശ്രൂഷയ്‌ക്കായി തയ്യാറാകുകയും അതു നടത്തുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും ബൈബിൾ വിവർത്തനത്തിനായിരുന്നു മുൻതൂക്കം.
12 വിദ്യാർഥികളുടെ സഹായത്തോടെ ഈ രണ്ടുമിഷനറിമാർ മുഴു ഗ്രീക്കുതിരുവെഴുത്തുകളുടെയും എബ്രായതിരുവെഴുത്തുകളിലെ പല പുസ്‌തകങ്ങളുടെയും പരിഭാഷ വെറും 18 മാസംകൊണ്ട് പൂർത്തിയാക്കി. പിറ്റേവർഷം മുഴുബൈബിളിന്റെയും ഒരു പ്രാഥമിക പരിഭാഷ പൂർത്തിയായി. തിരുത്തലും മാറ്റങ്ങളുമൊക്കെ വരുത്തേണ്ടതുണ്ടായിരുന്നു. അതിനായി, രണ്ട് ഭാഷാപണ്ഡിതന്മാരെ ഇംഗ്ലണ്ടിൽനിന്നു വരുത്തി, ഡേവിഡ് ജോൺസും ജോസഫ് ഫ്രീമാനും.
തിരിച്ചടികളെ നേരിടുന്നു
മലഗാസി ബൈബിൾ പരിഭാഷ പൂർത്തിയായതോടെ എൽഎംഎസ്, ചാൾസ് ഹാവെൻഡനെ മഡഗാസ്‌കറിലെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിക്കാനായി അയച്ചു. ഹാവെൻഡൻ 1826 നവംബർ 21-ന് മഡഗാസ്‌കറിൽ എത്തി. പക്ഷേ, ഒരുമാസത്തിനുള്ളിൽ അദ്ദേഹം മലേറിയ പിടിപെട്ട് മരിച്ചു. അതോടെ പ്രസ്സ് സ്ഥാപിക്കാൻ ആളില്ലാതായി. അടുത്തവർഷം, സ്‌കോട്ട്‌ലൻഡിൽനിന്ന് ജെയിംസ് കാമറൂൺ എന്ന വിദഗ്‌ധനായ ഒരു ടെക്‌നീഷ്യൻ മഡഗാസ്‌കറിൽ എത്തി. യന്ത്രസാമഗ്രികളോടൊപ്പമുണ്ടായിരുന്ന ഹാൻഡ്‌ബുക്ക് നോക്കി അദ്ദേഹം പ്രസ്സ് പ്രവർത്തനക്ഷമമാക്കി. വളരെ ശ്രമിച്ചതിനുശേഷം 1827 ഡിസംബർ 4-ന് ഉൽപ്പത്തിപുസ്‌തകം 1-ാം അധ്യായത്തിന്റെ ഒരു ഭാഗം അച്ചടിക്കാൻ കാമറൂണിന് കഴിഞ്ഞു. *
1828 ജൂലൈ 27-ന് റദാമ രാജാവ് മരണമടഞ്ഞു. അതോടെ മറ്റൊരു പ്രതിസന്ധി ഉടലെടുത്തു. രാജാവ് പരിഭാഷയ്‌ക്ക് നല്ല പിന്തുണ നൽകിയിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരിക്കൽ ഡേവിഡ് ജോൺസ് ഇങ്ങനെ പറഞ്ഞു: “അങ്ങേയറ്റം സൗമ്യതയും സൗഹൃദഭാവവും ഉള്ളയാളാണ് രാജാവ്. വിദ്യാഭ്യാസത്തിന് സവിശേഷ പ്രാധാന്യം കൽപ്പിക്കുകയും തന്റെ പ്രജകളെ പരിഷ്‌കാരത്തിന്റെ പാതയിൽ നയിക്കുന്നതിന് വെള്ളിയെയും പൊന്നിനെയുംകാൾ പ്രാധാന്യനൽകുന്ന മഹാമനസ്‌കനാണ് അദ്ദേഹം.” അദ്ദേഹത്തിന്റെ മരണശേഷം രാജ്യഭാരം കൈയേറ്റത് ഭാര്യ റനവലോന-। ആയിരുന്നു. ബൈബിൾ പരിഭാഷയെ പിന്തുണയ്‌ക്കുന്ന കാര്യത്തിൽ ഭർത്താവിനെപ്പോലെ ആയിരുന്നില്ല അവർ, അത് പെട്ടെന്നുതന്നെ വെളിവാകുകയും ചെയ്‌തു.
റനവലോന രാജ്ഞി രാജ്യഭാരം ഏറ്റതിനുശേഷം ഇംഗ്ലണ്ടിൽനിന്നുള്ള ഒരു സന്ദർശകൻ ബൈബിൾ പരിഭാഷ സംബന്ധമായ കാര്യങ്ങളെക്കുറിച്ചു രാജ്ഞിയുമായി ചർച്ചചെയ്യാൻ അനുവാദം ചോദിച്ചു. പക്ഷേ, ആ അപേക്ഷ നിരസിക്കപ്പെട്ടു. മറ്റൊരവസരത്തിൽ, മിഷനറിമാർ രാജ്ഞിയോട് ജനങ്ങളെ ഗ്രീക്കും എബ്രായയും ഉൾപ്പെടെ പലതും ഇനിയും പഠിപ്പിക്കാനുണ്ട് എന്നു പറഞ്ഞപ്പോൾ അവരുടെ മറുപടി ഇതായിരുന്നു: “എനിക്ക് ഈ ഗ്രീക്കിലും എബ്രായയിലുമൊന്നും വലിയ താത്‌പര്യമില്ല, എന്നാൽ സോപ്പുപോലെ ജനങ്ങൾക്കു പ്രയോജനമുള്ള എന്തെങ്കിലും ഉണ്ടാക്കാൻ നിങ്ങൾക്ക് അവരെ പഠിപ്പിക്കാൻ കഴിയുമോ, എനിക്കതാണ് അറിയേണ്ടത്.” ഇതാണു സ്ഥിതിയെങ്കിൽ മലഗാസി ബൈബിൾ പൂർത്തിയാക്കുന്നതിനുമുമ്പ് രാജ്യംവിടേണ്ടിവന്നേക്കുമെന്ന് കാമറൂൺ മനസ്സിലാക്കി, അതുകൊണ്ട് രാജ്ഞിയുടെ ആവശ്യത്തെക്കുറിച്ചു ചിന്തിക്കാൻ ഒരാഴ്‌ചസമയം അദ്ദേഹം ചോദിച്ചു.
പ്രാദേശിക വസ്‌തുക്കൾക്കൊണ്ടു നിർമിച്ച രണ്ട് സോപ്പുകട്ടകൾ പിറ്റെയാഴ്‌ചതന്നെ കാമറൂൺ, രാജ്ഞിയുടെ കൊട്ടാര ഉദ്യോഗസ്ഥർക്കു കാഴ്‌ചവെച്ചു. തൊഴിൽവൈദഗ്‌ധ്യമുള്ള മിഷനറിമാരുടെ ഇതും ഇതുപോലുള്ള മറ്റ് പ്രവർത്തനങ്ങളും രാജ്ഞിയെ സംപ്രീതയാക്കി. എബ്രായ തിരുവെഴുത്തുകളിലെ ഏതാനും എണ്ണം ഒഴിച്ച് ബൈബിളിലെ മറ്റെല്ലാ പുസ്‌തകങ്ങളും അച്ചടിക്കാൻ അത് അവർക്ക് അവസരമൊരുക്കി.
അപ്രതീക്ഷിതം! പക്ഷേ. . .
മിഷനറിമാരോട് തുടക്കത്തിൽ അപ്രീതിയുണ്ടായിരുന്നെങ്കിലും 1831 മേയിൽ രാജ്ഞി തികച്ചും അപ്രതീക്ഷിതമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ക്രിസ്‌ത്യാനികളായി സ്‌നാനമേൽക്കാനുള്ള അനുവാദം തന്റെ പ്രജകൾക്ക് നൽകിക്കൊണ്ടുള്ള ഒന്നായിരുന്നു അത്. എന്നാൽ ഈ ഉത്തരവ് അൽപ്പായുസ്സായിരുന്നു. മഡഗാസ്‌കറിന്റെ ചരിത്രം എന്ന പുസ്‌തകം ഇതേക്കുറിച്ച് ഇപ്രകാരം പറയുന്നു: “സ്‌നാനമേറ്റവരുടെ എണ്ണം രാജസദസ്സിലെ പാരമ്പര്യവാദികളെ ഭയപ്പെടുത്തി. ആളുകൾ കുർബാന കൈക്കൊള്ളുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്നതിനു തുല്യമാണെന്ന് അവർ രാജ്ഞിയെ പറഞ്ഞുധരിപ്പിച്ചു.” അങ്ങനെ, വെറും ആറുമാസത്തിനുശേഷം, 1831-ന്റെ അവസാനത്തോടെ ക്രിസ്‌ത്യാനികളായി
സ്‌നാനമേൽക്കാൻ പ്രജകൾക്കു നൽകിയിരുന്ന അനുമതി അവർ പിൻവലിച്ചു.ഒരുറച്ച നിലപാട് എടുക്കാനുള്ള രാജ്ഞിയുടെ കെൽപ്പില്ലായ്‌മയും സർക്കാരിൽ പാരമ്പര്യവാദികളുടെ കൂടിവന്ന സ്വാധീനവും ബൈബിൾ അച്ചടി എത്രയുംവേഗം പൂർത്തിയാക്കുന്നതിന് മിഷനറിമാരെ പ്രേരിപ്പിച്ചു. ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ആയിരക്കണക്കിനു പ്രതികൾ അപ്പോൾത്തന്നെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ മറ്റൊരു പ്രതിസന്ധി അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. 1835 മാർച്ച് 1-ന് റനവലോന-। രാജ്ഞി ക്രിസ്‌ത്യാനിത്വം നിയമവിരുദ്ധമാണെന്നും എല്ലാ ക്രിസ്‌ത്യൻ പുസ്‌തകങ്ങളും അധികാരികളെ ഏൽപ്പിക്കണമെന്നും ഉത്തരവിട്ടു.
അച്ചടിശാലയിൽ തൊഴിൽ പരിശീലനം നേടിയിരുന്ന നാട്ടുകാർക്ക് രാജ്ഞിയുടെ ഈ ശാസന നിമിത്തം അതിനു കഴിയില്ലെന്ന അവസ്ഥവന്നു. അതുകൊണ്ട് ആ ജോലി പൂർത്തിയാക്കുന്നതിന് ഏതാനും മിഷനറിമാർമാത്രമേ അവശേഷിച്ചുള്ളൂ. രാപകലില്ലാതെ കഠിനാധ്വാനം ചെയ്‌തതിന്റെ ഫലമായി 1835 ജൂൺ മാസത്തിൽ മുഴുബൈബിളും അവർക്ക് പ്രസിദ്ധീകരിക്കാനായി. ഒടുവിൽ അങ്ങനെ മലഗാസി ഭാഷയിൽ ഒരു ബൈബിൾ!
നിരോധനം നിലവിലുണ്ടായിരുന്നതിനാൽ അച്ചടിച്ച ബൈബിളുകളെല്ലാം ത്വരിതഗതിയിൽ വിതരണം ചെയ്‌തു. കണ്ടുപിടിക്കപ്പെടാതിരിക്കാൻ 70 ബൈബിളുകൾ കുഴിച്ചിടുകയും ചെയ്‌തു. അൽപ്പം തത്രപ്പെട്ടെങ്കിലും പിന്നീടത് നന്നായി എന്നു തെളിഞ്ഞു! രണ്ടുപേരൊഴിച്ച് മറ്റെല്ലാ മിഷനറിമാർക്കും ഒരു വർഷത്തിനുള്ളിൽ ആ ദ്വീപ് വിട്ടുപോകേണ്ടിവന്നു. എന്നിരുന്നാലും ദൈവവചനം ചുവന്ന ദ്വീപിൽ വ്യാപിച്ചുകൊണ്ടിരുന്നു.
മലഗാസികൾ ബൈബിളിനെ സ്‌നേഹിച്ചു
സ്വന്തം ഭാഷയിൽ ദൈവവചനം വായിക്കാൻ കഴിഞ്ഞതിൽ മലഗാസി ജനതയ്‌ക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. പരിഭാഷയിൽ തെറ്റുകളുണ്ട്, ഉപയോഗിച്ചിരിക്കുന്ന ഭാഷയാകട്ടെ ഇന്നത്തെ തലമുറയ്‌ക്ക് പരിചിതമല്ലാത്തതും. എന്നിരുന്നാലും എല്ലാവീടുകളിലുംതന്നെ ഒരു ബൈബിളുണ്ട്, തന്നെയുമല്ല പലരും അത് പതിവായി വായിക്കുകയും ചെയ്യുന്നു. ഈ പരിഭാഷയുടെ ഒരു സവിശേഷത, എബ്രായ തിരുവെഴുത്തുകളിലുടനീളം യഹോവ എന്ന ദൈവനാമം കാണാനാകും എന്നതാണ്. എന്നാൽ അതിന്റെ ആദ്യകാല പതിപ്പുകളിൽ ഗ്രീക്കുതിരുവെഴുത്തുകളിലും ദൈവനാമം കാണാനാകുമായിരുന്നു. അതുകൊണ്ട് മിക്കയാളുകൾക്കും ദൈവനാമം സുപരിചിതമാണ്.
ഗ്രീക്കുതിരുവെഴുത്തുകൾ ആദ്യമായി അച്ചടിച്ച സമയത്ത് തദ്ദേശവാസികളുടെ സന്തോഷംകണ്ട പ്രസ്സ് ഓപ്പറേറ്റർ മി. ബേക്കർ പറഞ്ഞു: “ഞാൻ ഒരു പ്രവചനമൊന്നും ഉച്ചരിക്കുകയല്ല. ഈ രാജ്യത്തുനിന്ന് ദൈവവചനം ഒരിക്കലും തുടച്ചുനീക്കപ്പെടില്ല.” അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി. മലേറിയയ്‌ക്കോ ബുദ്ധിമുട്ടേറിയ ഒരു ഭാഷ പഠിക്കാനുള്ള പ്രതിബന്ധങ്ങൾക്കോ പ്രതികൂലമായ രാജശാസനങ്ങൾക്കോ ദൈവവചനം മഡഗാസ്‌കറിൽ പ്രസിദ്ധമാകുന്നത് തടയാനായില്ല.
ഇന്നു സാഹചര്യം കുറെക്കൂടി മെച്ചമാണ്. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2008-ൽ മലഗാസി ഭാഷയിൽ പ്രകാശനം ചെയ്‌തു. ഇതൊരു വലിയ കാൽവയ്‌പ്പായിരുന്നു, കാരണം അത് ആളുകൾക്ക് എളുപ്പം മനസ്സിലാകുന്നതും ആധുനികഭാഷയിലുള്ളതുമാണ്. ദൈവവചനം ഇന്ന് മുമ്പെന്നത്തെക്കാളധികം ശക്തമായി ഈ ചുവന്ന മഹാദ്വീപിൽ വേരുറപ്പിക്കുകയാണ്.—യെശ. 40:8
[അടിക്കുറിപ്പ്]
^ ഖ. 14 മലഗാസിയിൽ ആദ്യമായി അച്ചടിച്ചുവന്ന ബൈബിൾ ഭാഗങ്ങൾ പത്തുകൽപ്പനകളും കർത്താവിന്റെ പ്രാർഥനയുമായിരുന്നു. 1826 ഏപ്രിൽ/മേയ് കാലഘട്ടത്തിൽ മൗറീഷ്യസിലാണ് അത് അച്ചടിച്ചത്. എന്നാൽ ഇതിന്റെ കോപ്പികൾ റദാമ രാജാവിന്റെ കുടുംബത്തിനും ചില ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും മാത്രമേ നൽകിയുള്ളൂ.
[31-ാം പേജിലെ ചിത്രം]
ദൈവനാമത്തെ ഉന്നതമാക്കുന്ന മലഗാസി ഭാഷയിലെ “പുതിയ ലോക ഭാഷാന്തരം”