വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ആത്മാവിന്റെ വാൾ’ വിദഗ്‌ധമായി ഉപയോഗിക്കുക

‘ആത്മാവിന്റെ വാൾ’ വിദഗ്‌ധമായി ഉപയോഗിക്കുക

‘ആത്മാവിന്റെ വാൾ’ വിദഗ്‌ധമായി ഉപയോഗിക്കുക

‘ദൈവവചനം എന്ന ആത്മാവിന്റെ വാൾ എടുത്തുകൊള്ളുവിൻ.’—എഫെ. 6:17.

1, 2. കൂടുതൽ രാജ്യഘോഷകരെ ആവശ്യമായതിനാൽ നാം എന്തു ചെയ്യണം?

ആളുകളുടെ ആത്മീയ അവസ്ഥ കണ്ടപ്പോൾ യേശു ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “കൊയ്‌ത്തു വളരെയുണ്ട്‌; വേലക്കാരോ ചുരുക്കം; അതുകൊണ്ട്‌ കൊയ്‌ത്തിലേക്കു വേലക്കാരെ അയയ്‌ക്കാൻ കൊയ്‌ത്തിന്റെ യജമാനനോടു യാചിക്കുവിൻ.” യേശു അങ്ങനെ പറയുക മാത്രമല്ല ചെയ്‌തത്‌; അതിനുശേഷം അവൻ “പന്ത്രണ്ടുശിഷ്യന്മാരെ വിളിച്ച്‌” അവരെ ‘കൊയ്‌ത്തിനായി,’ പ്രസംഗപര്യടനത്തിനായി അയച്ചു. (മത്താ. 9:35-38; 10:1, 5) പിന്നീട്‌ യേശു, ഈ വേല ചെയ്യുന്നതിനുവേണ്ടി “വേറെ എഴുപതുപേരെ നിയമിച്ച്‌ . . . ഈരണ്ടായി അയച്ചു.”—ലൂക്കോ. 10:1, 2.

2 ഇന്നും രാജ്യഘോഷകരെ ധാരാളം ആവശ്യമുണ്ട്‌. സേവനവർഷം 2009-ൽ ലോകവ്യാപകമായി സ്‌മാരകത്തിനു കൂടിവന്നവരുടെ എണ്ണം 1,81,68,323 ആണ്‌. യഹോവയുടെ സാക്ഷികളുടെ മൊത്തം എണ്ണത്തെക്കാൾ ഒരു കോടിയിലധികം പേർ. വയലുകൾ കൊയ്‌ത്തിനു പാകമായിരിക്കുന്നു എന്നതിൽ സംശയമില്ല. (യോഹ. 4:34, 35) അതുകൊണ്ടുതന്നെ, കൂടുതൽ വേലക്കാരെ ലഭിക്കാൻ നാം പ്രാർഥിക്കേണ്ടതുണ്ട്‌. എന്നാൽ ആ പ്രാർഥനയ്‌ക്കു ചേർച്ചയിൽ നമുക്കെങ്ങനെ പ്രവർത്തിക്കാനാകും? പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ കൂടുതൽ ഫലപ്രദമായി, തീക്ഷ്‌ണതയോടെ ഏർപ്പെട്ടുകൊണ്ട്‌ നമുക്കത്‌ ചെയ്യാനാകും.—മത്താ. 28:19, 20; മർക്കോ. 13:10.

3. ശുശ്രൂഷയിൽ വൈദഗ്‌ധ്യം നേടാൻ സഹായിക്കുന്നതിൽ പരിശുദ്ധാത്മാവിന്‌ വലിയ പങ്കുണ്ട്‌ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

3 പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നത്‌ “ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവി”ക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ കഴിഞ്ഞ ലേഖനത്തിൽ നാം പഠിച്ചു. (പ്രവൃ. 4:31) ശുശ്രൂഷയിൽ വൈദഗ്‌ധ്യം നേടാനും പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും. യഹോവയാം ദൈവം നൽകിയിരിക്കുന്ന അവന്റെ വചനമായ ബൈബിൾ ഫലകരമായി ഉപയോഗിക്കുന്നതാണ്‌ ശുശ്രൂഷയിൽ വൈദഗ്‌ധ്യം നേടാനുള്ള ഒരു മാർഗം. പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തമാക്കപ്പെട്ടതാണ്‌ ബൈബിൾ. (2 തിമൊ. 3:16) അതിലെ സന്ദേശം ദൈവത്തിൽനിന്നുള്ളതാണ്‌. അതുകൊണ്ട്‌, ശുശ്രൂഷയിലായിരിക്കെ ഫലപ്രദമായി തിരുവെഴുത്തുകൾ വിശദീകരിച്ചു കൊടുക്കുമ്പോൾ നാം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുകയാണ്‌. തിരുവെഴുത്തുകൾ വിദഗ്‌ധമായി എങ്ങനെ കൈകാര്യം ചെയ്യാം എന്ന്‌ പഠിക്കുന്നതിനു മുമ്പ്‌, ദൈവവചനത്തിന്‌ എത്രമാത്രം ശക്തിയുണ്ട്‌ എന്ന്‌ നമുക്ക്‌ നോക്കാം.

ദൈവത്തിന്റെ വചനം ശക്തിയുള്ളത്‌’

4. ബൈബിളിൽ അടങ്ങിയിരിക്കുന്ന ദിവ്യസന്ദേശത്തിന്‌ ഒരു വ്യക്തിയിൽ എന്ത്‌ പ്രഭാവം ചെലുത്താനാകും?

4 ദൈവവചനത്തിന്റെ ശക്തി അപാരമാണ്‌. (എബ്രാ. 4:12) ആലങ്കാരികമായി പറഞ്ഞാൽ, ബൈബിളിൽ അടങ്ങിയിരിക്കുന്ന സന്ദേശം മനുഷ്യൻ നിർമിച്ചിട്ടുള്ള ഏതൊരു വാളിനെക്കാളും മൂർച്ചയുള്ളതാണ്‌; അത്‌ സന്ധിമജ്ജകളെ വേർപെടുത്തുംവരെ തുളച്ചുചെല്ലും. തിരുവെഴുത്തു സത്യങ്ങൾ ഒരു വ്യക്തിയുടെ ഉള്ളിലേക്ക്‌ തുളച്ചിറങ്ങി, വികാരവിചാരങ്ങളെ വിവേചിച്ച്‌ ആ വ്യക്തിയുടെ ഉള്ളിലുള്ളത്‌ പുറത്തുകൊണ്ടുവരും. ബൈബിളിൽ അടങ്ങിയിരിക്കുന്ന സത്യത്തിന്‌ നമ്മിൽ വലിയ പ്രഭാവം ചെലുത്താനാകും; നമ്മുടെ വ്യക്തിത്വത്തിൽ സാരമായ മാറ്റംവരുത്താനാകും. (കൊലോസ്യർ 3:10 വായിക്കുക.) അതെ, ദൈവവചനത്തിന്‌ ഒരു വ്യക്തിയുടെ ജീവിതം പാടേ മാറ്റിമറിക്കാനാകും!

5. ദൈവവചനം നമ്മെ വഴിനയിക്കുന്നത്‌ എങ്ങനെ? എന്താണ്‌ അതിന്റെ പ്രയോജനം?

5 മറ്റെങ്ങും കണ്ടെത്താൻ കഴിയാത്ത ജ്ഞാനം ബൈബിളിൽ അടങ്ങിയിരിക്കുന്നു. പ്രക്ഷുബ്ധമായ ഈ ലോകത്തിൽ ജീവിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അത്‌ കാണിച്ചുതരുന്നു. ദൈവവചനം നമ്മുടെ ചുവടുകൾക്ക്‌ മാർഗദീപമായി വർത്തിക്കുന്നു, ഒപ്പം നമ്മുടെ പാതയെ പ്രകാശമാനമാക്കുന്നു. (സങ്കീ. 119:105) പ്രശ്‌നങ്ങൾ നേരിടുമ്പോഴും സുഹൃത്തുക്കൾ, വിനോദം, ജോലി, വസ്‌ത്രം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടിവരുമ്പോഴുമെല്ലാം അത്‌ നമുക്ക്‌ വലിയൊരു സഹായമാണ്‌. (സങ്കീ. 37:25; സദൃ. 13:20; യോഹ. 15:14; 1 തിമൊ. 2:9) ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ മറ്റുള്ളവരുമായി ഇണങ്ങിപ്പോകാൻ നമുക്കു കഴിയും. (മത്താ. 7:12; ഫിലി. 2:3, 4) നമ്മുടെ പാതയെ പ്രകാശമാനമാക്കാൻ ദൈവവചനത്തെ അനുവദിക്കുന്നെങ്കിൽ, നാം എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ഭാവിയെ എങ്ങനെ ബാധിക്കും എന്നു കാണാൻ നമുക്കാകും. (1 തിമൊ. 6:9) തിരുവെഴുത്തുകൾ, ഭാവി സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം തിരിച്ചറിയിക്കുന്നു. അങ്ങനെ, ആ ഉദ്ദേശ്യത്തിനു ചേർച്ചയിൽ നമ്മുടെ ജീവിതം ക്രമപ്പെടുത്താൻ നമ്മെ സഹായിക്കുന്നു. (മത്താ. 6:33; 1 യോഹ. 2:17, 18) നമ്മുടെ ജീവിതയാത്രയിൽ ദൈവിക തത്ത്വങ്ങളെ നാം മാർഗദീപമാക്കുന്നെങ്കിൽ ജീവിതം എത്ര അർഥപൂർണമാകും!

6. ആത്മീയ പോരാട്ടത്തിൽ ബൈബിൾ ശക്തമായ ഒരു ആയുധമാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

6 ഇനി, നമ്മുടെ ആത്മീയ പോരാട്ടത്തിൽ ബൈബിൾ വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ ചിന്തിക്കുക. എത്ര ശക്തമായ ഒരു ആയുധമാണത്‌! ‘ആത്മാവിന്റെ വാൾ’ എന്നാണ്‌ പൗലോസ്‌ അതിനെ വിശേഷിപ്പിച്ചത്‌. (എഫെസ്യർ 6:12, 17 വായിക്കുക.) ദൈവവചനം വിദഗ്‌ധമായി ഉപയോഗിക്കുന്നെങ്കിൽ സാത്താന്റെ പിടിയിൽനിന്ന്‌ ആളുകളെ മോചിപ്പിക്കാൻ അതിനാകും. ഈ വാൾ ആളുകളെ കൊല്ലുകയില്ല, രക്ഷിക്കുകയേയുള്ളൂ. അതുകൊണ്ട്‌, ഇത്‌ വിദഗ്‌ധമായി ഉപയോഗിക്കാൻ നാം പഠിക്കേണ്ടതല്ലേ?

ശരിയായി കൈകാര്യം ചെയ്യുക

7. ‘ആത്മാവിന്റെ വാൾ’ നന്നായി ഉപയോഗിക്കാൻ നാം പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

7 ഒരു പട്ടാളക്കാരൻ തന്റെ യുദ്ധായുധങ്ങൾ ഉപയോഗിക്കാൻ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ അയാൾക്ക്‌ യുദ്ധസമയത്ത്‌ അവ നന്നായി ഉപയോഗിക്കാനാകൂ. ആത്മീയ പോരാട്ടത്തിൽ ‘ആത്മാവിന്റെ വാൾ’ ഉപയോഗിക്കുന്ന കാര്യത്തിലും ഇത്‌ സത്യമാണ്‌. “സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യംചെയ്‌തുകൊണ്ട്‌ ലജ്ജിക്കാൻ വകയില്ലാത്ത വേലക്കാരനായി, ദൈവമുമ്പാകെ അംഗീകൃതനായി നിലകൊള്ളാൻ നിന്നാലാവോളം ശ്രമിക്കുക” എന്നാണ്‌ പൗലോസ്‌ എഴുതിയത്‌.—2 തിമൊ. 2:15.

8, 9. ഒരു തിരുവെഴുത്തുഭാഗം മനസ്സിലാക്കാൻ നാം എന്തു ചെയ്യണം? ഒരു ഉദാഹരണം പറയുക.

8 ശുശ്രൂഷയിൽ ‘സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യംചെയ്യാൻ’ നമ്മെ എന്തു സഹായിക്കും? ബൈബിൾ പറയുന്നത്‌ എന്താണെന്ന്‌ മറ്റുള്ളവർക്ക്‌ വ്യക്തമായി കാണിച്ചുകൊടുക്കണമെങ്കിൽ ആദ്യം നാംതന്നെ അത്‌ വ്യക്തമായി മനസ്സിലാക്കണം. ഇതിന്‌, ഒരു വാക്യത്തിന്റെ അല്ലെങ്കിൽ ഒരു ബൈബിൾ ഭാഗത്തിന്റെ മുമ്പും പിമ്പുമുള്ള വാക്യങ്ങൾ നാം പരിശോധിക്കണം.

9 ഒരു തിരുവെഴുത്തു ഭാഗം ശരിയായി മനസ്സിലാകണമെങ്കിൽ നാം അതിനോടു ചേർന്നുള്ള വാക്യങ്ങൾ പരിശോധിക്കണം. ഗലാത്യർ 5:13-ലെ പൗലോസിന്റെ പ്രസ്‌താവന ഉദാഹരണമായെടുക്കാം. അവൻ എഴുതി: “സഹോദരന്മാരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്‌; എന്നാൽ ഈ സ്വാതന്ത്ര്യം ജഡാഭിലാഷങ്ങൾക്കു പ്രചോദനമാകാൻ ഇടവരുത്തരുത്‌; പ്രത്യുത, സ്‌നേഹത്തോടെ അന്യോന്യം ദാസരായി വർത്തിക്കുവിൻ.” എന്ത്‌ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്‌ പൗലോസ്‌ ഇവിടെ സംസാരിക്കുന്നത്‌? പാപത്തിൽനിന്നും മരണത്തിൽനിന്നും ഉള്ള സ്വാതന്ത്ര്യമാണോ? വ്യാജോപദേശങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യമാണോ? അതോ മറ്റെന്തെങ്കിലുമാണോ അവൻ ഉദ്ദേശിച്ചത്‌? ‘ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു വിടുവിക്കപ്പെടുന്നതു’മൂലം ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്‌ പൗലോസ്‌ സംസാരിച്ചതെന്ന്‌ അതിനു മുമ്പുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. (ഗലാ. 3:13, 19-24; 4:1-5) ക്രിസ്‌തുവിനെ അനുഗമിക്കുന്നതിലൂടെ കൈവരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പരാമർശിക്കുകയായിരുന്നു പൗലോസ്‌. ആ സ്വാതന്ത്ര്യത്തെ വിലമതിച്ചവർ ‘സ്‌നേഹത്തോടെ അന്യോന്യം ദാസരായി വർത്തിച്ചു.’ എന്നാൽ സ്‌നേഹമില്ലാഞ്ഞവർ പരസ്‌പരം ദുഷിച്ചു സംസാരിക്കുകയും കലഹിക്കുകയും ചെയ്‌തു.—ഗലാ. 5:15.

10. ഒരു വാക്യത്തിന്റെ അർഥം കൃത്യമായി മനസ്സിലാക്കുന്നതിന്‌ എന്തെല്ലാം വിവരങ്ങൾ അറിയേണ്ടതുണ്ട്‌? അത്‌ നമുക്ക്‌ എവിടെനിന്ന്‌ ലഭിക്കും?

10 ഒരു വാക്യത്തിന്റെ അർഥം കൃത്യമായി മനസ്സിലാക്കുന്നതിന്‌ ആ ബൈബിൾ പുസ്‌തകത്തിന്റെ എഴുത്തുകാരൻ, എഴുതപ്പെട്ട സമയം, പശ്ചാത്തലം തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്‌. ആ പുസ്‌തകം എഴുതിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും സാധ്യമെങ്കിൽ, അക്കാലത്തെ സാമൂഹികവും ധാർമികവും മതപരവുമായ ആചാരങ്ങളെക്കുറിച്ചും അറിയുന്നത്‌ സഹായകമാണ്‌. *

11. മറ്റുള്ളവർക്ക്‌ തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുക്കുമ്പോൾ നാം എന്ത്‌ ശ്രദ്ധിക്കണം?

11 ‘സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യംചെയ്യുന്നതിന്‌’ തിരുവെഴുത്തു സത്യങ്ങൾ കൃത്യമായി വിശദീകരിച്ചാൽ മാത്രംപോരാ. മറ്റുള്ളവരെ ‘പേടിപ്പിക്കാനുള്ള’ ഒരു മാർഗമായി ബൈബിളിനെ ഉപയോഗിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. പിശാചിൽനിന്ന്‌ പ്രലോഭനമുണ്ടായപ്പോൾ യേശു ചെയ്‌തതുപോലെ സത്യത്തിനുവേണ്ടി പ്രതിവാദം നടത്താൻ നമുക്ക്‌ തിരുവെഴുത്തുകൾ ഉപയോഗിക്കാവുന്നതാണ്‌; എന്നാൽ അതിനെ, നമ്മുടെ വിശ്വാസങ്ങൾ മറ്റുള്ളവരെ അടിച്ചേൽപ്പിക്കാനുള്ള ഒരു ഉപാധിയാക്കരുത്‌. (ആവ. 6:16; 8:3; 10:20; മത്താ. 4:4, 7, 10) പത്രോസ്‌ അപ്പൊസ്‌തലന്റെ വാക്കുകൾക്ക്‌ നാം ശ്രദ്ധകൊടുക്കണം: “ക്രിസ്‌തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുവിൻ. നിങ്ങളുടെ പ്രത്യാശയ്‌ക്കുള്ള കാരണം ചോദിക്കുന്ന ഏവനോടും പ്രതിവാദം പറയാൻ സദാ ഒരുങ്ങിയിരിക്കുവിൻ; എന്നാൽ അത്‌ സൗമ്യതയോടും ഭയാദരവോടുംകൂടെ ആയിരിക്കട്ടെ.”—1 പത്രോ. 3:15.

12, 13. ദൈവവചനത്തിലെ സത്യത്തിന്‌ എന്തു തകർത്തുകളയാനുള്ള ശക്തിയുണ്ട്‌? ഒരു ഉദാഹരണം നൽകുക.

12 ശരിയായി കൈകാര്യം ചെയ്യുന്നപക്ഷം ദൈവവചനത്തിലെ സത്യത്തിന്‌ എത്രത്തോളം ശക്തിചെലുത്താനാകും? (2 കൊരിന്ത്യർ 10:4, 5 വായിക്കുക.) “കോട്ടകളെപ്പോലും” തകർത്തുകളയാൻ തിരുവെഴുത്തു സത്യത്തിനാകും. അതായത്‌ വ്യാജോപദേശങ്ങൾ, ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആചാരങ്ങൾ, വികലമായ മാനുഷിക ജ്ഞാനം പ്രതിഫലിപ്പിക്കുന്ന തത്ത്വചിന്തകൾ എന്നിവയെ തുറന്നുകാട്ടാൻപോന്ന ശക്തിയുണ്ട്‌ അതിന്‌. “ദൈവപരിജ്ഞാനത്തിനെതിരായി ഉയർന്നുവരുന്ന” ഏതൊരു ആശയഗതിയെയും ബൈബിളിന്റെ സഹായത്തോടെ പിഴുതെറിയാൻ നമുക്കാകും. മാത്രമല്ല ബൈബിളിലെ ഉപദേശങ്ങൾക്ക്‌, തങ്ങളുടെ ചിന്തകൾ സത്യത്തിനു ചേർച്ചയിലാക്കാൻ ആളുകളെ സഹായിക്കാനാകും.

13 ഇന്ത്യയിൽനിന്നുതന്നെയുള്ള ഒരു 93 വയസ്സുകാരിയുടെ അനുഭവം നോക്കാം. ചെറുപ്പം മുതൽതന്നെ അവർ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. അങ്ങനെയിരിക്കെ, വിദേശത്തു താമസിക്കുന്ന മകൻ അവർക്ക്‌ കത്തിലൂടെ അധ്യയനം തുടങ്ങി. യഹോവയെയും അവന്റെ വാഗ്‌ദാനങ്ങളെയും കുറിച്ച്‌ പഠിച്ച കാര്യങ്ങൾ അംഗീകരിക്കാൻ അവർക്ക്‌ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാൽ, മരിച്ചവരുടെ അവസ്ഥയെക്കുറിച്ച്‌ മകൻ എഴുതിയപ്പോൾ അവർക്ക്‌ അതിനോട്‌ യോജിക്കാനായില്ല. കാരണം, പുനർജന്മത്തെക്കുറിച്ചുള്ള വിശ്വാസം അവരുടെ മനസ്സിൽ അത്രയ്‌ക്ക്‌ വേരുറച്ചുപോയിരുന്നു. “ഇക്കാര്യത്തിൽ നിന്റെ ബൈബിളിനോട്‌ യോജിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്‌. നമ്മുടെ ഉള്ളിൽ, അമർത്യമായ ഒരു ആത്മാവുണ്ടെന്നാണ്‌ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌. ശരീരം മരിച്ചാലും ആത്മാവ്‌ മറ്റു ശരീരങ്ങളിൽ പുനർജനിക്കുന്നു, ഒന്നല്ല ഏതാണ്ട്‌ 84 ലക്ഷം തവണ. ഈ പ്രായംവരെ അത്‌ വിശ്വസിച്ചാണ്‌ ഞാൻ ജീവിച്ചത്‌. അതെങ്ങനെ സത്യമല്ലാതാകും? എല്ലാ മതങ്ങൾക്കും ഒരുപോലെ തെറ്റുപറ്റുമോ?” ഇത്ര അടിയുറച്ച വിശ്വാസത്തെ തകർക്കാൻ ‘ആത്മാവിന്റെ വാളിന്‌’ കഴിയുമോ? പല ചർച്ചകൾക്കുശേഷം ഏതാനും ആഴ്‌ചകൾ കഴിഞ്ഞ്‌ ആ അമ്മ എഴുതി: “മരണം എന്നു പറഞ്ഞാൽ എന്താണെന്ന്‌ ഇപ്പോൾ എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌. മരിച്ചുപോയ പ്രിയപ്പെട്ടവരെ പുനരുത്ഥാനത്തിൽ വീണ്ടും കാണാൻ കഴിയും എന്ന്‌ അറിഞ്ഞപ്പോൾ ഒരുപാട്‌ സന്തോഷം തോന്നി! ദൈവരാജ്യം എത്രയും പെട്ടെന്നു വരട്ടെ എന്നാണ്‌ ഇപ്പോൾ എന്റെ പ്രാർഥന.”

ബോധ്യംവരുത്തുംവിധം ഉപയോഗിക്കുക

14. ബോധ്യംവരുത്തുമാറ്‌ സംസാരിക്കുക എന്നതിന്റെ അർഥമെന്താണ്‌?

14 ശുശ്രൂഷയിൽ ഫലകരമായി ബൈബിൾ ഉപയോഗിക്കുന്നതിൽ തിരുവെഴുത്തുകൾ കേവലം ഉദ്ധരിക്കുന്നതല്ല ഉൾപ്പെടുന്നത്‌. പൗലോസ്‌ “ബോധ്യംവരുത്തുമാറ്‌” സംസാരിച്ചിരുന്നു എന്ന്‌ വിവരണം പറയുന്നു. നമ്മളും അങ്ങനെയായിരിക്കണം. (പ്രവൃത്തികൾ 19:8, 9; 28:23 വായിക്കുക.) “ബോധ്യംവരുത്തുക” എന്നതിന്റെ അർഥം “വിശ്വസിപ്പിക്കുക” എന്നാണ്‌. അതായത്‌, ഒരു കാര്യം വിശ്വസിക്കാൻ കേൾക്കുന്ന വ്യക്തിയെ പ്രേരിപ്പിക്കുക. ബൈബിളിലെ ഒരു ഉപദേശത്തെക്കുറിച്ച്‌ ബോധ്യംവരുത്തുംവിധം സംസാരിക്കുമ്പോൾ, അതു വിശ്വസിക്കാൻ നാം കേൾക്കുന്നയാളെ പ്രചോദിപ്പിക്കുകയാണ്‌. അതിനു പക്ഷേ, നാം പറയുന്ന കാര്യം സത്യമാണെന്ന്‌ അയാളെ ബോധ്യപ്പെടുത്താൻ നമുക്കാകണം. അതു ചെയ്യാൻ പല മാർഗങ്ങളുണ്ട്‌.

15. കേൾക്കുന്ന വ്യക്തിക്ക്‌ ദൈവവചനത്തോട്‌ ആദരവുതോന്നുന്ന വിധത്തിൽ അതിലേക്ക്‌ ശ്രദ്ധതിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

15 കേൾക്കുന്ന വ്യക്തിക്ക്‌ ദൈവവചനത്തോട്‌ ആദരവുതോന്നുന്ന വിധത്തിൽ അതിലേക്ക്‌ ശ്രദ്ധതിരിക്കുക. ഒരു തിരുവെഴുത്ത്‌ വായിക്കുന്നതിനുമുമ്പ്‌ ആ വിഷയത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം അറിയുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുക. ഒരു ചോദ്യം ചോദിച്ചിട്ട്‌ വീട്ടുകാരന്റെ മറുപടി കേട്ടശേഷം നിങ്ങൾക്ക്‌ ഇതുപോലെ എന്തെങ്കിലും പറയാവുന്നതാണ്‌: ‘ദൈവം ഇതിനെ എങ്ങനെയായിരിക്കും കാണുന്നതെന്ന്‌ നമുക്കു നോക്കാം.’ അല്ലെങ്കിൽ ഒരുപക്ഷേ, ‘ഇതു സംബന്ധിച്ച്‌ ദൈവത്തിന്‌ എന്താണ്‌ പറയാനുള്ളത്‌?’ എന്ന്‌ ചോദിക്കാവുന്നതാണ്‌. തിരുവെഴുത്ത്‌ വായിക്കുന്നതിനുമുമ്പ്‌ ഇങ്ങനെ പറയുമ്പോൾ, ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിടുകയായിരിക്കും നാം. മാത്രമല്ല, അത്‌ ബൈബിളിനോട്‌ ആദരവുതോന്നാൻ കേൾക്കുന്ന വ്യക്തിയെ സഹായിക്കുകയും ചെയ്യും. ദൈവത്തിൽ വിശ്വസിക്കുന്ന, അതേസമയം ബൈബിൾ പഠിപ്പിക്കലുകൾ പരിചയമില്ലാത്ത ആരോടെങ്കിലും സാക്ഷീകരിക്കുമ്പോൾ അങ്ങനെ ചെയ്യുന്നത്‌ വളരെ പ്രധാനമാണ്‌.—സങ്കീ. 19:7-10.

16. തിരുവെഴുത്തുകൾ നന്നായി വിശദീകരിച്ചുകൊടുക്കാൻ എന്ത്‌ നമ്മെ സഹായിക്കും?

16 തിരുവെഴുത്തുകൾ വെറുതെ വായിച്ചുവിടുന്നതിനു പകരം വിശദീകരിക്കുക. കാര്യങ്ങൾ “വിശുദ്ധ ലിഖിതങ്ങളിൽനിന്നു വിശദീകരിച്ച്‌ തെളിയി”ക്കുന്നത്‌ പൗലോസിന്റെ ഒരു രീതിയായിരുന്നു. ഒരു തിരുവെഴുത്തിൽ പലപ്പോഴും പല ആശയങ്ങൾ അടങ്ങിയിട്ടുണ്ടാകും. എന്നാൽ ചർച്ചചെയ്യുന്ന വിഷയവുമായി ബന്ധമുള്ള വാക്കുകൾ നിങ്ങൾ എടുത്തുപറയേണ്ടതുണ്ടായിരിക്കാം. ആ വാക്കുകൾ ആവർത്തിച്ചുകൊണ്ടോ വീട്ടുകാരന്‌ അത്‌ കണ്ടുപിടിക്കാൻ പറ്റുന്ന വിധത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടോ നിങ്ങൾക്ക്‌ അത്‌ ചെയ്യാനാകും. അതിനുശേഷം അതിന്റെ അർഥം വിശദീകരിച്ചുകൊടുക്കുക. തിരുവെഴുത്തുഭാഗം വ്യക്തിപരമായി എങ്ങനെ ബാധകമാകുന്നു എന്ന്‌ മനസ്സിലാക്കാൻ ആ വ്യക്തിയെ സഹായിക്കുന്നതാണ്‌ അടുത്ത പടി.

17. ബോധ്യംവരുത്തുന്ന വിധത്തിൽ നിങ്ങൾക്ക്‌ എങ്ങനെ തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യാം?

17 ബോധ്യംവരുത്തുന്ന വിധത്തിൽ തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യുക. ആത്മാർഥമായ അഭ്യർഥനകളും യുക്തിസഹമായ വാദഗതികളും ഉപയോഗിച്ചുകൊണ്ട്‌ പൗലോസ്‌ “തിരുവെഴുത്തുകളെ ആധാരമാക്കി അവരുമായി ന്യായവാദം ചെയ്‌തു.” (പ്രവൃ. 17:2, 4) പൗലോസിനെപ്പോലെ, ശ്രോതാവിന്റെ ഹൃദയത്തെ സ്‌പർശിക്കുന്ന വിധത്തിൽ സംസാരിക്കാൻ ശ്രമിക്കുക. ആ വ്യക്തിയുടെ കാര്യത്തിൽ താത്‌പര്യമുണ്ടെന്നു കാണിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക. അങ്ങനെ, അയാളുടെ ഉള്ളിൽ എന്താണെന്ന്‌ മനസ്സിലാക്കാൻ ശ്രമിക്കുക. (സദൃ. 20:5) അറുത്തുമുറിച്ച്‌ സംസാരിക്കരുത്‌. വ്യക്തവും യുക്തിസഹവുമായി ന്യായവാദം ചെയ്യുക. അവയ്‌ക്ക്‌ ഈടുറ്റ തെളിവുകൾ ഉണ്ടായിരിക്കണം. നിങ്ങളുടെ ഓരോ പ്രസ്‌താവനയും ദൈവവചനത്തെ ആധാരമാക്കിയുള്ളതായിരിക്കണം. ഒരു തിരുവെഴുത്ത്‌ വായിച്ച്‌ നന്നായി വിശദീകരിക്കുന്നതാണ്‌, ഒന്നിനു പുറകെ ഒന്നായി രണ്ടോ മൂന്നോ തിരുവെഴുത്തുകൾ വായിക്കുന്നതിനെക്കാൾ നല്ലത്‌. ഈടുറ്റ തെളിവുകൾ നിങ്ങളുടെ വാക്കുകൾക്ക്‌ ‘വശ്യശക്തി (അഥവാ പ്രേരകശക്തി) പ്രദാനം ചെയ്യും’ എന്നതിനു സംശയമില്ല. (സദൃ. 16:23, ന്യൂ ഇന്ത്യ ബൈബിൾ ഭാഷാന്തരം) ചിലപ്പോൾ, ഗവേഷണം ചെയ്‌ത്‌ കൂടുതൽ വിവരങ്ങൾ നൽകേണ്ടതായി വന്നേക്കാം. നേരത്തേ പരാമർശിച്ച 93-കാരിക്ക്‌ അമർത്യ ആത്മാവിനെക്കുറിച്ചുള്ള ഉപദേശം ഇത്ര വ്യാപകമായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ മനസ്സിലാക്കിക്കൊടുക്കണമായിരുന്നു. അത്‌ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം സ്വീകരിക്കുന്നതിന്‌, അതിന്റെ ഉത്ഭവത്തെക്കുറിച്ചും ലോകത്തിലെ മിക്ക മതങ്ങളും അത്‌ വിശ്വസിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും അവർക്ക്‌ പറഞ്ഞുകൊടുക്കേണ്ടതുണ്ടായിരുന്നു. *

വിദഗ്‌ധമായി ഉപയോഗിക്കുന്നതിൽ തുടരുക

18, 19. നാം ‘ആത്മാവിന്റെ വാൾ’ വിദഗ്‌ധമായി ഉപയോഗിക്കുന്നതിൽ തുടരേണ്ടത്‌ എന്തുകൊണ്ട്‌?

18 “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. ദുഷ്ടമനുഷ്യർ ദോഷത്തിൽനിന്നു ദോഷത്തിലേക്ക്‌ അധഃപതിക്കുകയാണ്‌. (1 കൊരി. 7:31; 2 തിമൊ. 3:13) അതുകൊണ്ട്‌ നാം ‘ദൈവവചനം എന്ന ആത്മാവിന്റെ വാൾ’ ഉപയോഗിച്ച്‌ “കോട്ടകളെ” തകർത്തുകളയുന്നതിൽ തുടരുന്നത്‌ വളരെ പ്രധാനമാണ്‌.

19 ദൈവവചനമായ ബൈബിളിൽ അടങ്ങിയിരിക്കുന്ന ശക്തമായ സന്ദേശം ഉപയോഗിച്ച്‌ വ്യാജോപദേശങ്ങളെ പിഴുതെറിയാനും അങ്ങനെ ആത്മാർഥഹൃദയരെ സത്യത്തിലേക്ക്‌ ആകർഷിക്കാനും കഴിയുന്നതിൽ നാം സന്തോഷമുള്ളവരല്ലേ? അതിന്‌ പിഴുതെറിയാൻ പറ്റാത്തത്ര അടിയുറച്ച വിശ്വാസങ്ങളില്ല. അതുകൊണ്ട്‌, ദൈവം നമുക്ക്‌ നൽകിയിരിക്കുന്ന രാജ്യപ്രസംഗവേലയിൽ ‘ആത്മാവിന്റെ വാൾ’ വിദഗ്‌ധമായി ഉപയോഗിക്കാൻ നമുക്ക്‌ സർവശ്രമവും ചെയ്യാം.

[അടിക്കുറിപ്പുകൾ]

^ ഖ. 10 ബൈബിൾ പുസ്‌തകങ്ങളുടെ പശ്ചാത്തല വിവരങ്ങൾ മനസ്സിലാക്കാൻ ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു,’ തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്നീ പുസ്‌തകങ്ങളും വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിരുന്ന “യഹോവയുടെ വചനം ജീവനുള്ളത്‌” എന്നിവപോലുള്ള ലേഖനങ്ങളും സഹായിക്കും.

^ ഖ. 17 മരിക്കുമ്പോൾ നമുക്കെന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്‌) എന്ന ലഘുപത്രികയുടെ 5-16 പേജുകൾ കാണുക.

നിങ്ങൾ എന്തു പഠിച്ചു?

• ദൈവവചനം എത്ര ശക്തമാണ്‌?

• നമുക്ക്‌ എങ്ങനെ ‘സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യംചെയ്യാനാകും?’

• ബൈബിൾ സന്ദേശത്തിന്‌ “കോട്ടകളെ” തകർക്കാനാകും എന്നു പറയുന്നത്‌ ഏതർഥത്തിൽ?

• ശുശ്രൂഷയിൽ ബോധ്യംവരുത്തുന്ന രീതിയിൽ സംസാരിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക്‌ എങ്ങനെ മെച്ചപ്പെടാം?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചതുരം/ചിത്രം]

ബോധ്യംവരുത്തുന്ന വിധത്തിൽ ദൈവവചനം എങ്ങനെ ഉപയോഗിക്കാം?

▪ ബൈബിളിനോട്‌ ആദരവുതോന്നുന്ന വിധത്തിൽ സംസാരിക്കുക

▪ തിരുവെഴുത്തുകൾ വിശദീകരിക്കുക

▪ ആളുകളുടെ ഹൃദയത്തെ സ്‌പർശിക്കുന്ന വിധത്തിലുള്ള ന്യായവാദങ്ങൾ ഉപയോഗിക്കുക

[11-ാം പേജിലെ ചിത്രം]

‘ആത്മാവിന്റെ വാൾ’ വിദഗ്‌ധമായി ഉപയോഗിക്കാൻ പഠിക്കണം