ക്രിസ്തുവിനെ നിങ്ങൾ തികവോടെ അനുഗമിക്കുന്നുവോ?
ക്രിസ്തുവിനെ നിങ്ങൾ തികവോടെ അനുഗമിക്കുന്നുവോ?
‘നിങ്ങൾ നടക്കുന്നതുപോലെ തന്നേ ഇനിയും അധികം വർദ്ധിച്ചുവരേണം.’ —1 തെസ്സ. 4:1, സത്യവേദപുസ്തകം.
1, 2. (എ) യേശുവിന്റെ നാളിൽ പലർക്കും എന്തിനുള്ള പദവി ലഭിച്ചു? (ബി) നമ്മൾ ജീവിക്കുന്ന ഈ കാലവും നിർണായകമായിരിക്കുന്നത് എന്തുകൊണ്ട്?
യേശുക്രിസ്തു ഭൂമിയിലുണ്ടായിരുന്നപ്പോൾ ജീവിച്ചിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളെ അലട്ടുന്ന ഒരു രോഗം യേശു സുഖപ്പെടുത്തിയേനെ എന്നായിരിക്കാം നിങ്ങൾ ഒരുപക്ഷേ ചിന്തിക്കുന്നത്. അല്ലെങ്കിൽ, യേശുവിനെ കാണാനോ അവൻ പറയുന്നതു കേട്ടുപഠിക്കാനോ അവന്റെ അത്ഭുതങ്ങൾക്ക് സാക്ഷ്യംവഹിക്കാനോ ഉള്ള ആഗ്രഹമായിരിക്കാം നിങ്ങളെ അതിനു പ്രേരിപ്പിക്കുന്നത്. (മർക്കോ. 4:1, 2; ലൂക്കോ. 5:3-9; 9:11) യേശു ഇക്കാര്യങ്ങളൊക്കെ ചെയ്തപ്പോൾ നമുക്ക് അവിടെ ഉണ്ടായിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത് എത്ര വലിയ പദവിയായിരുന്നേനെ! (ലൂക്കോ. 19:37, 38) അതിനുശേഷമുള്ള ഒരു തലമുറയും അത്തരം കാര്യങ്ങൾ കണ്ടിട്ടില്ല. കൂടാതെ, പാപം നീക്കാനായി യേശു അന്ന് അർപ്പിച്ച യാഗം വീണ്ടുമൊരിക്കലും ആവർത്തിക്കപ്പെടുകയില്ല.—എബ്രാ. 9:26; യോഹ. 14:19.
2 നാം ജീവിക്കുന്നതും നിർണായകമായ ഒരു കാലത്താണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ “അന്ത്യകാലം” ആണ് ഇത്. (ദാനീ. 12:1-4, 9; 2 തിമൊ. 3:1) സാത്താനെ സ്വർഗത്തിൽനിന്ന് നിഷ്കാസനംചെയ്തത് നമ്മുടെ ഈ നാളുകളിലാണ്. വൈകാതെ, അവനെ ബന്ധിച്ച് “അഗാധത്തി”ലേക്ക് എറിഞ്ഞുകളയും. (വെളി. 12:7-9, 12; 20:1-3) ‘രാജ്യത്തിന്റെ സുവിശേഷം’ ലോകമെമ്പാടും ഘോഷിച്ചുകൊണ്ട്, വരാനിരിക്കുന്ന പറുദീസയെക്കുറിച്ച് ആളുകളെ അറിയിക്കാനുള്ള അനുപമമായ പദവിയുള്ളതും ഇക്കാലത്തു ജീവിക്കുന്ന നമുക്കാണ്; ഇനി ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഒരു വേലയാണിത്.—മത്താ. 24:14.
3. സ്വർഗാരോഹണത്തിന് തൊട്ടുമുമ്പ് യേശു തന്റെ അനുഗാമികളോട് എന്തു പറഞ്ഞു? ആ വേലയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
3 സ്വർഗാരോഹണത്തിന് തൊട്ടുമുമ്പ് യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ യെരുശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.” (പ്രവൃ. 1:8) ഗോളമെമ്പാടും നടക്കാനിരുന്ന ഒരു വിദ്യാഭ്യാസ വേലയെക്കുറിച്ചാണ് യേശു പറഞ്ഞത്. ആ വേലയുടെ ഉദ്ദേശ്യം എന്തായിരുന്നു? അന്ത്യം വരുന്നതിനുമുമ്പ് കൂടുതൽ ക്രിസ്തുശിഷ്യരെ ഉളവാക്കുക. (മത്താ. 28:19, 20) ക്രിസ്തു നൽകിയ ആ നിയോഗം ശരിയാംവണ്ണം നിറവേറ്റാൻ നാം എന്തുചെയ്യണം?
4. (എ) 2 പത്രോസ് 3:11, 12-ൽ എന്തു കാര്യം ഊന്നിപ്പറയുന്നു? (ബി) നാം എന്തിനെതിരെ ജാഗ്രതപാലിക്കണം?
4 പത്രോസ് അപ്പൊസ്തലന്റെ ഉദ്ബോധനം ശ്രദ്ധിക്കുക: “യഹോവയുടെ ദിവസത്തിന്റെ വരവിനായി കാത്തിരുന്നും അതിനെ സദാ മനസ്സിൽക്കണ്ടുംകൊണ്ട് വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്കാന്തിയുള്ളവർ ആയിരിക്കണം!” (2 പത്രോ. 3:11, 12) ജീവിതം ഭക്തിപൂർണമാണെന്ന് ഉറപ്പുവരുത്താൻ ഈ അന്ത്യകാലത്ത് നാം അതീവ ശ്രദ്ധയുള്ളവരായിരിക്കണം എന്നാണ് പത്രോസ് ഇവിടെ ഊന്നിപ്പറയുന്നത്. ഭക്തിപൂർണമായ ജീവിതം നയിക്കുന്നതിൽ സുവാർത്താ പ്രസംഗവും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങൾ പ്രസംഗിക്കാനുള്ള ക്രിസ്തുവിന്റെ നിയോഗം തീക്ഷ്ണതയോടെ നിറവേറ്റുന്നതു കാണുന്നത് എത്ര ആഹ്ലാദകരമാണ്! എന്നാൽ നമ്മുടെ ഓരോരുത്തരുടെയും കാര്യമോ? സാത്താന്റെ ലോകത്തിൽ നാം അനുദിനം നേരിടുന്ന സമ്മർദങ്ങളും നമ്മുടെതന്നെ ജഡിക പ്രവണതകളും ദൈവസേവനത്തിലെ നമ്മുടെ തീക്ഷ്ണതയ്ക്കു മങ്ങലേൽപ്പിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. അതെങ്ങനെ ചെയ്യാമെന്നും ക്രിസ്തുവിനെ നാം സദാ അനുഗമിക്കുന്നെന്ന് എങ്ങനെ ഉറപ്പുവരുത്താമെന്നും നമുക്കിപ്പോൾ നോക്കാം.
ദൈവദത്ത ഉത്തരവാദിത്വങ്ങൾ മനസ്സോടെ സ്വീകരിക്കുക
5, 6. (എ) യെരുശലേമിലെ സഹവിശ്വാസികളെ പൗലോസ് അഭിനന്ദിച്ചത് എന്തുകൊണ്ട്? അവൻ അവർക്ക് എന്തു മുന്നറിയിപ്പും നൽകി? (ബി) ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ ലാഘവത്തോടെ കാണരുതാത്തത് എന്തുകൊണ്ട്?
5 പീഡനങ്ങൾ ഉണ്ടായിരുന്നപ്പോൾപ്പോലും വിശ്വസ്തതയോടെ സഹിച്ചുനിന്ന യെരുശലേമിലെ സഹവിശ്വാസികളെ അപ്പൊസ്തലനായ പൗലോസ് അഭിനന്ദിക്കുകയുണ്ടായി. അവൻ എഴുതി: “നിങ്ങളോ സത്യത്തിന്റെ പ്രകാശനം ലഭിച്ചശേഷം യാതനകളോടു പൊരുതി സഹിച്ചുനിന്ന ആ പൂർവകാലം ഓർത്തുകൊള്ളുവിൻ.” അതെ, അവരുടെ വിശ്വസ്തഗതി യഹോവ ഓർക്കുന്നുണ്ടായിരുന്നു. (എബ്രാ. 6:10; 10:32-34) പൗലോസിന്റെ അഭിനന്ദനവാക്കുകൾ ആ എബ്രായ ക്രിസ്ത്യാനികൾക്ക് വളരെയേറെ പ്രോത്സാഹനം പകർന്നിരിക്കണം. എന്നാൽ, ശ്രദ്ധിച്ചില്ലെങ്കിൽ ദൈവസേവനത്തിലെ തീക്ഷ്ണതയ്ക്കു മങ്ങലേൽപ്പിക്കാൻ ഇടയാക്കിയേക്കാവുന്ന ഒരു മാനുഷിക പ്രവണതയെക്കുറിച്ച് അതേ ലേഖനത്തിൽ പൗലോസ് അവർക്കു മുന്നറിയിപ്പുനൽകി. ക്രിസ്ത്യാനികൾ ദൈവകൽപ്പനകൾ “നിരസിക്കാതിരിക്കാൻ” ശ്രദ്ധയുള്ളവരായിരിക്കണമെന്ന്, അതായത്, അവ പാലിക്കാതിരിക്കാൻ ഒഴികഴിവുകൾ കണ്ടെത്തരുതെന്ന് അവൻ അവരോടു പറഞ്ഞു.—എബ്രാ. 12:25.
6 ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ മനസ്സോടെ സ്വീകരിക്കുന്ന കാര്യത്തിൽ ഒഴികഴിവു കണ്ടെത്താനുള്ള പ്രവണതയ്ക്കെതിരെ പൗലോസ് നൽകിയ ആ മുന്നറിയിപ്പ് ഇന്നത്തെ ക്രിസ്ത്യാനികൾക്കും ബാധകമാണ്. നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ ഒരിക്കലും ലാഘവത്തോടെ കാണരുത്; ദൈവസേവനത്തിലെ നമ്മുടെ തീക്ഷ്ണതയ്ക്ക് മങ്ങലേൽപ്പിക്കാൻ യാതൊന്നിനെയും അനുവദിക്കരുത്. (എബ്രാ. 10:39) കാരണം, വിശുദ്ധസേവനം അർപ്പിക്കുന്നത് ജീവത്പ്രധാനമാണ്!—1 തിമൊ. 4:16.
7, 8. (എ) ദൈവവേലയിൽ തീക്ഷ്ണത നിലനിറുത്താൻ നമ്മെ എന്തു സഹായിക്കും? (ബി) നമ്മുടെ തീക്ഷ്ണതയ്ക്കു മങ്ങലേറ്റിട്ടുണ്ടെങ്കിൽ നാം എന്ത് മനസ്സിൽപ്പിടിക്കണം?
7 ദൈവസേവനത്തിൽ നാം ചെയ്യേണ്ട കാര്യങ്ങളിൽ ഒഴികഴിവു കണ്ടെത്താതിരിക്കാൻ നമ്മെ എന്തു സഹായിക്കും? നമ്മുടെ സമർപ്പണ പ്രതിജ്ഞയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്ന് കൂടെക്കൂടെ ചിന്തിക്കുന്നതാണ് ഈ പ്രവണതയെ ചെറുക്കാനുള്ള ഒരു പ്രധാന മാർഗം. ജീവിതത്തിൽ പ്രഥമസ്ഥാനം യഹോവയുടെ ഹിതം ചെയ്യുന്നതിനായിരിക്കും എന്ന് സമർപ്പണ സമയത്ത് നാം അവന് വാക്കുകൊടുത്തിരുന്നു. അതിനു ചേർച്ചയിൽ ജീവിക്കാനാണ് നമ്മുടെ ആഗ്രഹം. (മത്തായി 16:24 വായിക്കുക.) അതുകൊണ്ട് ഇടയ്ക്കിടെ നാം ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് നന്നായിരിക്കും: ‘ദൈവത്തിനുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കും എന്ന് സ്നാനസമയത്ത് ഉണ്ടായിരുന്ന നിശ്ചയദാർഢ്യം എനിക്ക് ഇപ്പോഴുമുണ്ടോ? തുടക്കത്തിൽ എനിക്ക് ഉണ്ടായിരുന്ന തീക്ഷ്ണതയ്ക്ക് ഇപ്പോൾ അൽപ്പമെങ്കിലും മങ്ങലേറ്റിട്ടുണ്ടോ?’
8 ദൈവസേവനത്തിലെ നമ്മുടെ ഉത്സാഹം അൽപ്പമെങ്കിലും തണുത്തുപോയെന്ന് സത്യസന്ധമായ ഒരു ആത്മപരിശോധന വെളിപ്പെടുത്തുന്നെങ്കിലോ? പ്രവാചകനായ സെഫന്യാവിന്റെ പ്രോത്സാഹജനകമായ ഈ വാക്കുകൾ അപ്പോൾ ഓർക്കുന്നതു നന്നായിരിക്കും: “നിന്റെ കരങ്ങൾ ദുർബ്ബലമാകാതിരിക്കട്ടെ. നിന്റെ ദൈവമായ കർത്താവ്, വിജയം നല്കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ളാദിക്കും.” (സെഫ. 3:16, 17, പി.ഒ.സി. ബൈബിൾ) ബാബിലോണിന്റെ അടിമത്തത്തിൽനിന്ന് യെരുശലേമിൽ തിരിച്ചെത്തിയ ഇസ്രായേല്യർക്കാണ് ഈ വാക്കുകൾ ആദ്യം പ്രോത്സാഹനം പകർന്നത്. ഇക്കാലത്തെ ദൈവജനത്തിനും പ്രോത്സാഹനമേകുന്നതാണ് സെഫന്യാവിന്റെ വാക്കുകൾ. നാം ചെയ്യുന്നത് യഹോവയുടെ വേലയാണ്. അതുകൊണ്ട്, നമ്മുടെ ദൈവദത്ത ഉത്തരവാദിത്വങ്ങൾ പൂർണമായി നിറവേറ്റാനാവശ്യമായ പിന്തുണയും ശക്തിയും യഹോവയും അവന്റെ പുത്രനും നമുക്കു നൽകും എന്ന് എപ്പോഴും മനസ്സിൽപ്പിടിക്കുക. (മത്താ. 28:20; ഫിലി. 4:13) ദൈവത്തിന്റെ വേല തീക്ഷ്ണതയോടെ ചെയ്യുന്നതിൽ തുടരുന്നെങ്കിൽ അവൻ നമ്മെ അനുഗ്രഹിക്കും, ആത്മീയമായി പുരോഗമിക്കാൻ നമ്മെ സഹായിക്കും.
തീക്ഷ്ണതയോടെ ‘ഒന്നാമത് രാജ്യം അന്വേഷിക്കുക’
9, 10. എന്തു കാര്യം മനസ്സിലാക്കാൻ അത്താഴവിരുന്നിനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു? ഇതിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം?
9 ഒരു പരീശപ്രമാണിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ യേശു വലിയൊരു അത്താഴവിരുന്നിനെക്കുറിച്ചുള്ള ദൃഷ്ടാന്തം പറഞ്ഞു. അനേകർക്ക് സ്വർഗരാജ്യം അവകാശമാക്കാനുള്ള അവസരം വെച്ചുനീട്ടുന്നതിനെക്കുറിച്ചായിരുന്നു ആ ദൃഷ്ടാന്തം. “ഒഴികഴിവുകൾ” പറയുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് യേശുവിന്റെ ഈ ദൃഷ്ടാന്തത്തിൽനിന്ന് നമുക്കു മനസ്സിലാക്കാം. (ലൂക്കോസ് 14:16-21 വായിക്കുക.) അത്താഴവിരുന്നിന് ക്ഷണം ലഭിച്ചവർ അതിൽ സംബന്ധിക്കാതിരിക്കാൻ പല ഒഴികഴിവുകൾ കണ്ടെത്തി. താൻ ഒരു വയൽ വാങ്ങിയെന്നും അത് കാണാൻ പോകേണ്ടതുണ്ടെന്നും ഒരാൾ പറഞ്ഞു. താൻ വാങ്ങിയ കാളകൾ എങ്ങനെയുണ്ടെന്ന് പോയി നോക്കണമെന്നായിരുന്നു മറ്റൊരാളുടെ ന്യായം. ‘ഞാൻ വിവാഹം കഴിച്ചതേയുള്ളൂ; അതുകൊണ്ട് എനിക്കു വരാൻ കഴിയില്ല’ എന്നാണ് വേറൊരാൾ പറഞ്ഞത്. ഇതെല്ലാം മുടന്തൻന്യായങ്ങളായിരുന്നു. വയലും കന്നുകാലികളുമൊക്കെ വാങ്ങുന്നവർ, വാങ്ങുന്നതിനു മുമ്പുതന്നെ അവ പോയിക്കാണും. അതുകൊണ്ട്, വാങ്ങിയശേഷം അടിയന്തിരമായി പോയിക്കാണേണ്ട ആവശ്യമൊന്നുമില്ല. ഇനി, ഒരാൾ വിവാഹിതനായി എന്നത്, ഇത്ര പ്രധാനപ്പെട്ട ക്ഷണം നിരസിക്കാൻ ഒരു കാരണമാണോ? ദൃഷ്ടാന്തത്തിലെ ആതിഥേയൻ കോപിച്ചതിൽ അതിശയിക്കാനില്ല!
10 യേശുവിന്റെ ഈ ദൃഷ്ടാന്തത്തിൽ ദൈവജനത്തിനെല്ലാം ഒരു പാഠമുണ്ട്. എന്താണത്? ദൃഷ്ടാന്തത്തിൽ പരാമർശിച്ചിരിക്കുന്നതുപോലുള്ള വ്യക്തിപരമായ കാര്യങ്ങൾക്ക് നാം ഒരിക്കലും ദൈവസേവനത്തെക്കാളധികം പ്രാധാന്യം നൽകരുത്. ഒരു ക്രിസ്ത്യാനി വ്യക്തിപരമായ കാര്യങ്ങൾ അതിന്റേതായ സ്ഥാനത്തുനിറുത്തുന്നില്ലെങ്കിൽ ശുശ്രൂഷയിലുള്ള അയാളുടെ തീക്ഷ്ണത ക്രമേണ തണുത്തുപോകും. (ലൂക്കോസ് 8:14 വായിക്കുക.) അത് സംഭവിക്കാതിരിക്കാൻ, “ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ” എന്ന യേശുവിന്റെ ഉദ്ബോധനത്തിനു ചേർച്ചയിൽ ജീവിക്കുക. (മത്താ. 6:33) ദൈവജനത്തിനിടയിൽ കുട്ടികളും പ്രായമായവരും ഒരുപോലെ ഈ സുപ്രധാന നിർദേശം അനുസരിക്കുന്നു. അതെത്ര പ്രോത്സാഹജനകമാണ്! ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാനായി അനേകർ ജീവിതം ലളിതമാക്കിയിട്ടുണ്ട്. തീക്ഷ്ണതയോടെ ഒന്നാമത് രാജ്യം അന്വേഷിക്കുന്നത് യഥാർഥ സന്തോഷവും സംതൃപ്തിയും കൈവരുത്തുന്നുവെന്ന് അവർ അനുഭവിച്ചറിഞ്ഞിരിക്കുന്നു.
11. ഏതു ബൈബിൾ വിവരണം, പൂർണഹൃദയത്തോടെ തീക്ഷ്ണമായി ദൈവത്തെ സേവിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു?
11 ദൈവസേവനത്തിൽ തീക്ഷ്ണരായിരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ, ഇസ്രായേൽ രാജാവായ യോവാശിനുണ്ടായ ഒരു അനുഭവം നോക്കാം. അരാമ്യർ ഇസ്രായേല്യരെ പരാജയപ്പെടുത്താൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ യോവാശ് എലീശായുടെ അടുക്കൽ ചെന്നു കരഞ്ഞു. പ്രവാചകൻ അവനോട് കിഴക്കേ കിളിവാതിലിലൂടെ അരാമിനു നേരെ അമ്പ് എയ്യാൻ പറഞ്ഞു. യഹോവയുടെ സഹായത്താൽ ഇസ്രായേൽ ആ ജനതയുടെമേൽ വിജയംനേടുമെന്നതിന്റെ സൂചനയായിരുന്നു ഇത്. രാജാവിന് ഇത് തീർച്ചയായും ആവേശം പകർന്നിരിക്കണം. തുടർന്ന്, അമ്പുകൾ നിലത്തടിക്കാൻ എലീശാ യോവാശിനോടു കൽപ്പിച്ചു. യോവാശ് മൂന്നു പ്രാവശ്യം അടിച്ച് നിറുത്തി. അപ്പോൾ എലീശാ അവനോടു കോപിച്ചു. കാരണം, അഞ്ചാറു പ്രാവശ്യം നിലത്തടിക്കുന്നത് ‘അരാമ്യരെ തോൽപ്പിച്ച് അശേഷം സംഹരിക്കും’ എന്ന് സൂചിപ്പിക്കുമായിരുന്നു. എന്നാലിപ്പോൾ യോവാശിന് 2 രാജാ. 13:14-19) ഈ വിവരണത്തിൽനിന്ന് നമുക്കെന്തു പഠിക്കാനാകും? പൂർണഹൃദയത്തോടെ തീക്ഷ്ണമായി യഹോവയെ സേവിക്കുന്നെങ്കിൽ മാത്രമേ അവൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കൂ.
മൂന്നു പ്രാവശ്യം മാത്രമേ വിജയംവരിക്കാനാകൂ, അരാമ്യരെ നിശ്ശേഷം നശിപ്പിക്കാനാകില്ല. അതെ, ഉത്സാഹമില്ലാതെ പ്രവർത്തിച്ചതിനാൽ യോവാശിന് അവരുടെമേൽ പൂർണവിജയം നേടാനായില്ല. (12. (എ) ജീവിതക്ലേശങ്ങൾ നേരിടുമ്പോൾപ്പോലും ദൈവസേവനത്തിലെ തീക്ഷ്ണത നിലനിറുത്താൻ നമ്മെ എന്തു സഹായിക്കും? (ബി) ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനം ലഭിക്കുന്നു?
12 ദൈവസേവനത്തിലെ നമ്മുടെ തീക്ഷ്ണതയും അർപ്പണമനോഭാവവും കാത്തുസൂക്ഷിക്കുന്നതിന് ജീവിതക്ലേശങ്ങൾ വെല്ലുവിളിയായേക്കാം. അനേകം സഹോദരീസഹോദരന്മാരെ അലട്ടുന്ന ഒരു പ്രശ്നമാണ് സാമ്പത്തിക ബുദ്ധിമുട്ട്. മറ്റുചിലരാകട്ടെ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ വലയുന്നവരാണ്; അതുനിമിത്തം ദൈവസേവനത്തിൽ കാര്യമായി ഒന്നും ചെയ്യാനാകാത്തതിൽ അവർ നിരാശരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, നമ്മുടെ തീക്ഷ്ണത നിലനിറുത്താനും ക്രിസ്തുവിനെ തികവോടെ അനുഗമിക്കുന്നതിൽ തുടരാനും നമുക്കോരോരുത്തർക്കും കഴിയും. അതിനായി നാം ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. “ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?” എന്ന ചതുരത്തിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങളും തിരുവെഴുത്തുകളും പരിശോധിക്കുക. അവ കഴിവിന്റെ പരമാവധി എങ്ങനെ ബാധകമാക്കാം എന്ന് ചിന്തിക്കുക. അവ ബാധകമാക്കുന്നപക്ഷം അത് നമുക്കു തീർച്ചയായും പ്രയോജനംചെയ്യും. ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നെങ്കിൽ പ്രശ്നങ്ങളിൽ നാം ആടിയുലയില്ല. നമ്മുടെ ജീവിതം ധന്യമായിത്തീരും, സന്തോഷവും സമാധാനവും വർധിക്കും. (1 കൊരി. 15:58) മാത്രമല്ല, മുഴുഹൃദയാ നാം ദൈവത്തെ സേവിക്കുന്നെങ്കിൽ, ‘യഹോവയുടെ ദിവസത്തിന്റെ വരവ് സദാ മനസ്സിൽക്കണ്ടുകൊണ്ട്’ ജീവിക്കാൻ നമുക്കു കഴിയും.—2 പത്രോ. 3:11.
സാഹചര്യം സത്യസന്ധമായി വിലയിരുത്തുക
13. നമ്മുടെ സേവനം മുഴുഹൃദയാ ഉള്ളതാണോ എന്ന് എങ്ങനെ നിർണയിക്കാം?
13 നമ്മുടെ സേവനം മുഴുഹൃദയാ ഉള്ളതാണോ എന്നു നിർണയിക്കുന്നത്, നാം ശുശ്രൂഷയിൽ ചെലവഴിക്കുന്ന മണിക്കൂറുകളല്ല എന്ന കാര്യം ഓർക്കുക. ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണ്. ചിലപ്പോൾ ഒരു വ്യക്തി മാസന്തോറും ഒന്നോ രണ്ടോ മണിക്കൂർ മാത്രമായിരിക്കാം ശുശ്രൂഷയിൽ ചെലവഴിക്കുന്നത്; അത്രയും ചെയ്യാനേ അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കുന്നുള്ളുവെങ്കിൽ യഹോവ അതിൽ അങ്ങേയറ്റം സംപ്രീതനായിരിക്കും. (മർക്കോസ് 12:41-44 താരതമ്യം ചെയ്യുക.) അതുകൊണ്ട്, നമ്മുടെ സേവനം മുഴുഹൃദയത്തോടെയുള്ളതാണോ എന്ന് നിർണയിക്കാൻ നാം നമ്മുടെ പ്രാപ്തികളും സാഹചര്യങ്ങളും സത്യസന്ധമായി വിലയിരുത്തേണ്ടതുണ്ട്. ക്രിസ്തുവിന്റെ അനുഗാമികളായതിനാൽ നാം ക്രിസ്തുവിന്റെ മനോഭാവമുള്ളവരായിരിക്കാനും യത്നിക്കണം. (റോമർ 15:6 വായിക്കുക; 1 കൊരി. 2:16) യേശുവിന്റെ ജീവിതത്തിൽ മുഖ്യസ്ഥാനം എന്തിനായിരുന്നു? കഫർന്നഹൂമിലെ ജനക്കൂട്ടത്തോട് അവൻ പറഞ്ഞു: “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്.” (ലൂക്കോ. 4:43; യോഹ. 18:37) ശുശ്രൂഷയിൽ യേശുവിനുണ്ടായിരുന്ന തീക്ഷ്ണത മനസ്സിൽപ്പിടിച്ചുകൊണ്ട് നിങ്ങളുടെ സാഹചര്യം വിലയിരുത്തുക, ശുശ്രൂഷയിൽ കൂടുതൽ ചെയ്യാനാകുമോയെന്ന് ചിന്തിക്കുക.—1 കൊരി. 11:1.
14. ഏതെല്ലാം വിധങ്ങളിൽ നമുക്ക് ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാനാകും?
14 നമ്മുടെ സാഹചര്യം ശ്രദ്ധാപൂർവം വിലയിരുത്തുന്നെങ്കിൽ, ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാനാകുമെന്ന് ഒരുപക്ഷേ നാം കണ്ടെത്തിയേക്കാം. (മത്താ. 9:37, 38) അടുത്തയിടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആയിരക്കണക്കിന് ചെറുപ്പക്കാർ ഇപ്പോൾ ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുന്നു; തീക്ഷ്ണതയുള്ള പയനിയർമാരായി സേവിക്കുന്നതിന്റെ സന്തോഷം അവർ ആസ്വദിക്കുന്നു. നിങ്ങൾക്കും ആ സന്തോഷം ആസ്വദിക്കണമെന്നുണ്ടോ? ചില സഹോദരീസഹോദരന്മാർ അവരുടെ സാഹചര്യങ്ങൾ വിലയിരുത്തി, രാജ്യപ്രസാധകരെ കൂടുതൽ ആവശ്യമുള്ള മറ്റൊരു സ്ഥലത്തേക്കോ മറ്റൊരു രാജ്യത്തേക്കോ മാറിത്താമസിച്ചിരിക്കുന്നു. വേറെചിലർ മറ്റൊരു ഭാഷ സംസാരിക്കുന്ന ആളുകളോടു സാക്ഷീകരിക്കുന്നതിനായി ആ ഭാഷ പഠിച്ചിരിക്കുന്നു. ശുശ്രൂഷയിൽ നമ്മുടെ പങ്കു വർധിപ്പിക്കുന്നത് അത്ര എളുപ്പമല്ലായിരിക്കാം. പക്ഷേ അത് സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും. “സത്യത്തിന്റെ പരിജ്ഞാനത്തിൽ” എത്താൻ അനേകരെ സഹായിക്കാൻ നമുക്ക് കഴിഞ്ഞെന്നുംവരാം.—1 തിമൊ. 2:3, 4; 2 കൊരി. 9:6.
അനുകരണീയമായ ബൈബിൾ മാതൃകകൾ
15, 16. ക്രിസ്തുവിന്റെ തീക്ഷ്ണതയുള്ള അനുഗാമികളായിരിക്കാൻ ആരുടെയെല്ലാം മാതൃക നമ്മെ സഹായിക്കും?
15 തന്നെ അനുഗമിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണത്തോട് ഒന്നാം നൂറ്റാണ്ടിലെ ചിലർ (പിന്നീട് അപ്പൊസ്തലന്മാരായിത്തീർന്നവർ) എങ്ങനെയാണ് പ്രതികരിച്ചത്? മത്തായിയെക്കുറിച്ച് വിവരണം ഇങ്ങനെ പറയുന്നു: “അവൻ എഴുന്നേറ്റ് സർവവും ഉപേക്ഷിച്ച് അവനെ (യേശുവിനെ) അനുഗമിച്ചു.” (ലൂക്കോ. 5:27, 28) മീൻപിടിച്ചുകൊണ്ടിരുന്ന പത്രോസിനെയും അന്ത്രെയാസിനെയും കുറിച്ച് ബൈബിൾ പറയുന്നു: “അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു.” പിതാവിനോടൊപ്പം വല നന്നാക്കിക്കൊണ്ടിരുന്ന യാക്കോബിനെയും യോഹന്നാനെയുമാണ് യേശു അടുത്തതായി ക്ഷണിച്ചത്. യേശു ക്ഷണിച്ചപ്പോൾ അവർ എന്തു ചെയ്തു? “ഉടനെ അവർ വള്ളം ഉപേക്ഷിച്ച്, തങ്ങളുടെ അപ്പനെയും വിട്ട് അവനെ അനുഗമിച്ചു.”—മത്താ. 4:18-22.
16 അപ്പൊസ്തലനായ പൗലോസ് ആയിത്തീർന്ന ശൗലിന്റേതാണ് അനുകരണീയമായ മറ്റൊരു മാതൃക. ക്രിസ്തുവിന്റെ അനുഗാമികളെ നഖശിഖാന്തം എതിർത്തിരുന്ന അവൻ പിന്നീട് തന്റെ വഴികൾക്കു മാറ്റം വരുത്തുകയും ക്രിസ്തുവിന്റെ നാമം വഹിക്കാനായി ദൈവം ‘തിരഞ്ഞെടുത്ത ഒരു പാത്രമായിത്തീരുകയും’ ചെയ്തു. “വൈകാതെതന്നെ, യേശു ദൈവപുത്രനാണെന്ന് അവൻ സിനഗോഗുകളിൽ ചെന്നു പ്രസംഗിക്കാൻതുടങ്ങി.” (പ്രവൃ. 9:3-22) നിരവധി കഷ്ടങ്ങളും പീഡനങ്ങളും സഹിക്കേണ്ടി വന്നെങ്കിലും പൗലോസിന്റെ തീക്ഷ്ണത ഒരിക്കലും തണുത്തുപോയില്ല.—2 കൊരി. 11:23-29; 12:15.
17. (എ) ക്രിസ്തുവിനെ അനുഗമിക്കുന്ന കാര്യത്തിൽ നിങ്ങളുടെ ആഗ്രഹം എന്താണ്? (ബി) പൂർണഹൃദയത്തോടും ശക്തിയോടുംകൂടെ യഹോവയുടെ ഹിതം ചെയ്യുമ്പോൾ നാം എന്തെല്ലാം അനുഗ്രങ്ങൾ ആസ്വദിക്കും?
17 ആ ശിഷ്യന്മാരുടെ നല്ല മാതൃക അനുകരിച്ചുകൊണ്ട് മടികൂടാതെ സത്വരം പ്രവർത്തിക്കാനാണ് നമ്മുടെയും ആഗ്രഹം. (എബ്രാ. 6:11, 12) ക്രിസ്തുവിനെ തീക്ഷ്ണതയോടെ, തികവോടെ അനുഗമിക്കുമ്പോൾ എന്തെല്ലാം അനുഗ്രഹങ്ങളാണ് നമുക്ക് ലഭിക്കുക? ദൈവേഷ്ടം ചെയ്യുന്നതിൽ നാം യഥാർഥ സംതൃപ്തി കണ്ടെത്തും; സഭയിൽ കൂടുതൽ സേവനപദവികളും ഉത്തരവാദിത്വങ്ങളും ലഭിക്കുന്നതിന്റെ സന്തോഷം നമുക്കുണ്ടാകും. (സങ്കീ. 40:8; 1 തെസ്സലോനിക്യർ 4:1 വായിക്കുക.) അതെ, ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ കഠിനശ്രമം ചെയ്യുമ്പോൾ മനസ്സമാധാനം, സംതൃപ്തി, ദൈവാംഗീകാരം എന്നിങ്ങനെയുള്ള നിലനിൽക്കുന്ന അനുഗ്രഹങ്ങൾ നാം സമൃദ്ധമായി ആസ്വദിക്കും; നിത്യജീവന്റെ പ്രത്യാശയും നമുക്കുണ്ടായിരിക്കും.—1 തിമൊ. 4:10.
നിങ്ങൾ ഓർമിക്കുന്നുവോ?
• ഏതു സുപ്രധാന വേലയാണ് നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നത്, നാം അതിനെ എങ്ങനെ വീക്ഷിക്കണം?
• ഏത് മാനുഷിക പ്രവണതയ്ക്കെതിരെ നാം ജാഗ്രതപുലർത്തണം, എന്തുകൊണ്ട്?
• നാം സത്യസന്ധമായി എന്തു വിലയിരുത്തണം?
• ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?
[അധ്യയന ചോദ്യങ്ങൾ]
[27-ാം പേജിലെ ചതുരം/ചിത്രം]
“ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?”
▪ ദൈവവചനം ദിവസവും വായിക്കുകയും അതേക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക.—സങ്കീ. 1:1-3; 1 തിമൊ. 4:15.
▪ ദൈവാത്മാവിന്റെ പിന്തുണയ്ക്കും വഴിനടത്തിപ്പിനുമായി കൂടെക്കൂടെ പ്രാർഥിക്കുക.—സെഖ. 4:6; ലൂക്കോ. 11:9, 13.
▪ ശുശ്രൂഷയിൽ തീക്ഷ്ണതയോടെ ഏർപ്പെടുന്നവരുമൊത്ത് സഹവസിക്കുക.—സദൃ. 13:20; എബ്രാ. 10:24, 25.
▪ നാം ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത തിരിച്ചറിയുക.—എഫെ. 5:15, 16.
▪ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന കാര്യത്തിൽ ‘ഒഴികഴിവ്’ പറയുന്നതിന്റെ ദാരുണഫലങ്ങൾ മനസ്സിൽപ്പിടിക്കുക.—ലൂക്കോ. 9:59-62.
▪ യഹോവയെ സേവിക്കുകയും ക്രിസ്തുവിനെ തികവോടെ അനുഗമിക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന സമൃദ്ധമായ അനുഗ്രഹങ്ങളും നിങ്ങളുടെ സമർപ്പണ പ്രതിജ്ഞയും എപ്പോഴും ഓർക്കുക.—സങ്കീ. 116:12-14; 133:3; സദൃ. 10:22.