“നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം!”
“നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം!”
“ഇവയൊക്കെയും ഇങ്ങനെ അഴിഞ്ഞുപോകാനുള്ളതാകയാൽ . . . വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം!”—2 പത്രോ. 3:11, 12.
1. പത്രോസിന്റെ രണ്ടാമത്തെ ലേഖനം അന്നത്തെ ക്രിസ്‌ത്യാനികൾക്കുള്ള കാലോചിതമായ ഒരു ആഹ്വാനമായിരുന്നത് എന്തുകൊണ്ട്?
പത്രോസ് അപ്പൊസ്‌തലൻ തന്റെ രണ്ടാമത്തെ ലേഖനം എഴുതിയ സാഹചര്യത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. ക്രിസ്‌തീയ സഭ അപ്പോഴേക്കും വളരെയേറെ പീഡനങ്ങൾ സഹിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, ആ പീഡനങ്ങളൊന്നും സഭയുടെ വളർച്ചയെ മന്ദീഭവിപ്പിച്ചില്ല, തീക്ഷ്‌ണതയ്‌ക്ക് മങ്ങലേൽപ്പിച്ചതുമില്ല. അതുകൊണ്ട് പിശാച് മറ്റൊരു തന്ത്രം പ്രയോഗിച്ചു, പലവട്ടം പരീക്ഷിച്ചു വിജയിച്ച ഒരു തന്ത്രം. “കണ്ണുകളിൽ വ്യഭിചാരാസക്തിയും” “അത്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരും” ആയ വ്യാജ ഉപദേഷ്ടാക്കളെ ഉപയോഗിച്ചുകൊണ്ട് ദൈവജനത്തെ ദുഷിപ്പിക്കാൻ സാത്താൻ ശ്രമിച്ചു. ഇക്കാര്യം പത്രോസ് തന്റെ ലേഖനത്തിൽ വ്യക്തമാക്കി. (2 പത്രോ. 2:1-3, 14; യൂദാ 4) അതുകൊണ്ടുതന്നെ, വിശ്വസ്‌തത മുറുകെപ്പിടിക്കാനുള്ള ആത്മാർഥമായ ഒരു ആഹ്വാനമാണ് പത്രോസിന്റെ രണ്ടാമത്തെ നിശ്വസ്‌ത ലേഖനം.
2. രണ്ടു പത്രോസ് മൂന്നാം അധ്യായം എന്തിനെക്കുറിച്ചാണ് ചർച്ചചെയ്യുന്നത്, നാം നമ്മോട് ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കണം?
2 നിശ്വസ്‌തതയിൽ പത്രോസ് എഴുതി: “ഞാൻ ഈ കൂടാരത്തിൽ ആയിരിക്കുന്നിടത്തോളംകാലം നിങ്ങളെ ഓർമിപ്പിച്ചുണർത്തുന്നത് യുക്തം എന്നു വിചാരിക്കുന്നു; . . . എന്റെ കൂടാരം വെടിയുവാനുള്ള സമയം അടുത്തിരിക്കുന്നുവെന്ന് ഞാൻ അറിയുന്നു. ആകയാൽ എന്റെ വേർപാടിനുശേഷവും ഈ കാര്യങ്ങൾ നിങ്ങൾക്ക് എപ്പോഴും ഓർമിക്കാൻ കഴിയേണ്ടതിന് ഇപ്പോൾ എന്നാലാകുന്നതു ഞാൻ ചെയ്യും.” (2 പത്രോ. 1:13-15) അതെ, തന്റെ മരണം അടുത്തിരിക്കുന്നു എന്ന് പത്രോസിന് അറിയാമായിരുന്നു. എന്നാൽ താൻ നൽകുന്ന കാലോചിതമായ ഓർമിപ്പിക്കലുകൾ എക്കാലവും സ്‌മരിക്കപ്പെടണം എന്ന് അവൻ ആഗ്രഹിച്ചു. അങ്ങനെതന്നെ സംഭവിച്ചു, അവന്റെ വാക്കുകൾ ഇന്ന് ബൈബിളിന്റെ ഭാഗമാണ്, നമുക്കെല്ലാം അത് വായിക്കാനാകുന്നു. പത്രോസിന്റെ ഈ ലേഖനത്തിലെ മൂന്നാം അധ്യായത്തിൽ നമുക്ക് വിശേഷാൽ താത്‌പര്യമുണ്ട്. കാരണം, അത് ഈ വ്യവസ്ഥിതിയുടെ ‘അന്ത്യകാലത്തെ’ക്കുറിച്ചും ആലങ്കാരിക ആകാശത്തിന്റെയും ഭൂമിയുടെയും നാശത്തെക്കുറിച്ചുമാണ് ചർച്ചചെയ്യുന്നത്. (2 പത്രോ. 3:3, 7, 10) പത്രോസ് നമുക്ക് എന്തു ബുദ്ധിയുപദേശമാണ് നൽകുന്നത്? യഹോവയുടെ പ്രീതി നേടാൻ ആ ബുദ്ധിയുപദേശം നമ്മെ എങ്ങനെ സഹായിക്കും?
3, 4. (എ) പത്രോസ് ചിന്തോദ്ദീപകമായ ഏതു പ്രസ്‌താവന നടത്തി, അവൻ എന്തു മുന്നറിയിപ്പു നൽകി? (ബി) ഏതു മൂന്നുകാര്യങ്ങൾ നാം ചർച്ചചെയ്യും?
3 സാത്താന്റെ ലോകം നേരിടാനിരിക്കുന്ന നാശത്തെക്കുറിച്ച് പരാമർശിച്ചശേഷം പത്രോസ് ഇങ്ങനെ പറയുകയുണ്ടായി: “വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം!” (2 പത്രോ. 3:11, 12) വ്യക്തമായും, പത്രോസ് ഇവിടെ ഒരു ചോദ്യം ഉന്നയിക്കുകയായിരുന്നില്ല, മറിച്ച്, വായനക്കാരന്റെ ചിന്തയെ ഉണർത്തുന്ന ഒരു പ്രസ്‌താവന നടത്തുകയായിരുന്നു. യഹോവയുടെ ഹിതത്തിനു ചേർച്ചയിൽ ജീവിക്കുകയും ദൈവികഗുണങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നവർക്കു മാത്രമേ വരാനിരിക്കുന്ന “പ്രതികാരദിവസ”ത്തിൽ സംരക്ഷണം ലഭിക്കുകയുള്ളൂ എന്ന് പത്രോസിന് അറിയാമായിരുന്നു. (യെശ. 61:2) ഇക്കാരണത്താൽ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അതുകൊണ്ട് പ്രിയരേ, നിങ്ങൾ ഇതു മുൻകൂട്ടി അറിഞ്ഞിരിക്കുകയാൽ ഈവകക്കാരായ അധർമികളുടെ (വ്യാജ ഉപദേഷ്ടാക്കളുടെ) വഞ്ചനയിൽ കുടുങ്ങി അവരുടെ വഴിയിൽ നടന്നു സ്വന്തം സ്ഥിരത വിട്ട് വീണുപോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.”—2 പത്രോ. 3:17.
4 കാര്യങ്ങളെക്കുറിച്ച് “മുൻകൂട്ടി അറിഞ്ഞിരിക്കു”ന്നവരുടെ കൂട്ടത്തിൽപ്പെട്ട ഒരുവനായിരുന്നു പത്രോസ്. അതുകൊണ്ട്, അന്ത്യനാളുകളിൽ ക്രിസ്‌ത്യാനികൾ തങ്ങളുടെ വിശ്വസ്‌തത കൈവിടാതിരിക്കാൻ പ്രത്യേകം സൂക്ഷിച്ചുകൊള്ളേണ്ടതുണ്ടെന്ന് അവൻ മനസ്സിലാക്കി. പിന്നീട്, അപ്പൊസ്‌തലനായ യോഹന്നാനു ലഭിച്ച ദർശനത്തിൽ അങ്ങനെ ചെയ്യേണ്ടതിന്റെ കാരണം വ്യക്തമാക്കപ്പെട്ടു. സാത്താനെ സ്വർഗത്തിൽനിന്ന് നിഷ്‌കാസനം ചെയ്യുന്നതും “ദൈവകൽപ്പനകൾ പ്രമാണിക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കാൻ നിയോഗിക്കപ്പെട്ടവരുമായ”വർക്ക് എതിരെ അവൻ “മഹാക്രോധത്തോടെ” വരുന്നതും യോഹന്നാൻ കണ്ടു. (വെളി. 12:9, 12, 17) എന്നുവരികിലും ദൈവത്തിന്റെ വിശ്വസ്‌ത അഭിഷിക്ത ദാസന്മാരും അവരുടെ വിശ്വസ്‌ത സഹകാരികളായ “വേറെ ആടുകളും” വിജയശ്രീലാളിതരായിത്തീരും. (യോഹ. 10:16) എന്നാൽ വ്യക്തികളെന്ന നിലയിൽ നമ്മെ സംബന്ധിച്ച് എന്തു പറയാനാകും? നാം വിശ്വസ്‌തത കാത്തുസൂക്ഷിക്കുമോ? തീർച്ചയായും നമുക്ക് അതിനു കഴിയും. അതിനായി നാം (1) ദൈവികഗുണങ്ങൾ നട്ടുവളർത്തുകയും (2) ധാർമികമായും ആത്മീയമായും കറയും കളങ്കവും ഇല്ലാതെ നിലകൊള്ളുകയും (3) പരിശോധനകളെ ക്രിയാത്മകമായി വീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. നമുക്ക് ഇപ്പോൾ ഈ കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാം.
ദൈവികഗുണങ്ങൾ നട്ടുവളർത്തുക
5, 6. ഏതെല്ലാം ഗുണങ്ങൾ വളർത്തിയെടുക്കാൻ നാം ശ്രമിക്കണം, അതിനു നല്ല ‘പ്രയത്‌നം’ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
5 തന്റെ രണ്ടാമത്തെ ലേഖനത്തിന്റെ തുടക്കത്തിൽ പത്രോസ് ഇങ്ങനെ എഴുതിയിരുന്നു: “നിങ്ങൾ സകല പ്രയത്‌നവുംചെയ്‌ത് നിങ്ങളുടെ വിശ്വാസത്തോടു സ്വഭാവശ്രേഷ്‌ഠതയും സ്വഭാവശ്രേഷ്‌ഠതയോട് അറിവും അറിവിനോട് ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തോടു സഹിഷ്‌ണുതയും സഹിഷ്‌ണുതയോട് ദൈവഭക്തിയും ദൈവഭക്തിയോട് സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്‌നേഹവും ചേർത്തുകൊള്ളുവിൻ. ഇതൊക്കെയും നിങ്ങളിൽ സമൃദ്ധമായി ഉണ്ടായിരുന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പരിജ്ഞാനം സംബന്ധിച്ച് നിങ്ങൾ ഉദാസീനരോ ഫലശൂന്യരോ ആകാൻ ഇടവരുകയില്ല.”—2 പത്രോ. 1:5-8.
6 ദൈവികഗുണങ്ങൾ നട്ടുവളർത്തുന്നതിനു സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നല്ല ‘പ്രയത്‌നം’ ആവശ്യമാണ്. ഉദാഹരണത്തിന്, എല്ലാ ക്രിസ്‌തീയ യോഗങ്ങൾക്കും ഹാജരാകുന്നതിനും ബൈബിൾ ദിവസവും വായിക്കുന്നതിനും വ്യക്തിപരമായി നല്ലൊരു പഠനശീലം ഉണ്ടായിരിക്കുന്നതിനും ശ്രമം കൂടിയേതീരൂ. അതുപോലെതന്നെ, രസകരവും പ്രയോജനപ്രദവുമായ വിധത്തിൽ ക്രമമായി കുടുംബാരാധന നടത്താൻ നല്ല ശ്രമവും ആസൂത്രണവും വേണ്ടിവന്നേക്കാം. പതിവാക്കിയാൽപ്പിന്നെ അത്തരം നല്ല ശീലങ്ങൾ തുടർന്നുകൊണ്ടുപോകുന്നത് എളുപ്പമാകും, പ്രത്യേകിച്ചും അവയുടെ പ്രയോജനങ്ങൾ അനുഭവിച്ചറിയുമ്പോൾ.
7, 8. (എ) സായാഹ്ന കുടുംബാരാധനയെക്കുറിച്ച് ചിലർ എന്ത് പറയുന്നു? (ബി) കുടുംബാരാധനയിൽനിന്ന് നിങ്ങൾ പ്രയോജനം നേടുന്നത് എങ്ങനെ?
7 കുടുംബാരാധനയെക്കുറിച്ച് ഒരു സഹോദരി എഴുതി: “പല വിഷയങ്ങളെക്കുറിച്ച് പഠിക്കാൻ അത് അവസരം നൽകുന്നു.” മറ്റൊരു സഹോദരി പറഞ്ഞത് ഇങ്ങനെയാണ്: “മേലാൽ പുസ്‌തകാധ്യയനം ഇല്ലെന്നു കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്കു വിഷമംതോന്നി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു യോഗമായിരുന്നു അത്. പക്ഷേ കുടുംബാരാധനയ്‌ക്കുള്ള ക്രമീകരണത്തിൽനിന്ന് ഞാൻ ഒരു കാര്യം പഠിച്ചു: നമുക്ക് എപ്പോൾ, എന്താണ് ആവശ്യമെന്ന് യഹോവയ്‌ക്കറിയാം.” ഒരു ഭർത്താവ് പറയുന്നതു കേൾക്കൂ: “കുടുംബാരാധന ഞങ്ങൾക്ക് ഏറെ ഗുണംചെയ്യുന്നു. ദമ്പതികളെന്ന നിലയിലുള്ള ഞങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് ഇണങ്ങുന്ന ഈ യോഗം വലിയൊരു
അനുഗ്രഹമാണ്! പരിശുദ്ധാത്മാവിന്റെ ഫലം പ്രകടിപ്പിക്കുന്നതിൽ ഞങ്ങൾ ഇരുവരും മെച്ചപ്പെട്ടിട്ടുണ്ട്, ശുശ്രൂഷയിൽ മുമ്പെന്നത്തെക്കാളും സന്തോഷം കണ്ടെത്താനും ഞങ്ങൾക്കാകുന്നു.” ഒരു കുടുംബനാഥൻ പറയുന്നത് ഇതാണ്: “ഞങ്ങളുടെ കുട്ടികൾ സ്വയം ഗവേഷണംനടത്തുന്നതിനാൽ അവർക്ക് ഏറെ കാര്യങ്ങൾ പഠിക്കാനാകുന്നു. അവർ അത് ശരിക്കും ആസ്വദിക്കുന്നുണ്ട്. യഹോവ ഞങ്ങളുടെ ആകുലതകൾ അറിയുന്നെന്നും ഞങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നെന്നും ഉറച്ചുവിശ്വസിക്കാൻ സഹായിക്കുന്ന ഒരു ക്രമീകരണമാണിത്.” വിശിഷ്ടമായ ഈ ആത്മീയകരുതലിനെക്കുറിച്ച് നിങ്ങൾക്കും ഇങ്ങനെതന്നെയാണോ തോന്നുന്നത്?8 നിസ്സാര കാര്യങ്ങളുടെ പേരിൽ കുടുംബാരാധന ഒഴിവാക്കരുത്. ഒരു ദമ്പതികൾ പറഞ്ഞത് കേൾക്കൂ: “കഴിഞ്ഞ നാല് വ്യാഴാഴ്‌ചകളിലും കുടുംബാരാധനയ്‌ക്കു തടസ്സമായേക്കാവുന്ന ചില കാര്യങ്ങൾ വീട്ടിൽ സംഭവിക്കുകയുണ്ടായി. എന്നിട്ടും ഞങ്ങൾ കുടുംബാരാധന മുടക്കിയില്ല.” ചില പ്രത്യേക സാഹചര്യങ്ങളിൽ പട്ടികയിൽ അൽപ്പസ്വൽപ്പം മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം എന്നതു ശരിയാണ്. പക്ഷേ ഒരു ദൃഢനിശ്ചയം ചെയ്യുക: സായാഹ്ന കുടുംബാരാധനയില്ലാതെ ഒരാഴ്‌ചപോലും കടന്നുപോകില്ല!
9. യഹോവ യിരെമ്യാവിനെ പോഷിപ്പിച്ചത് എങ്ങനെ, അവന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
9 പ്രവാചകനായ യിരെമ്യാവ് നമുക്കു നല്ലൊരു മാതൃകയാണ്. അവന് ആത്മീയപോഷണം ആവശ്യമായിരുന്നു; യഹോവ അത് അവനു നൽകി. അവൻ അത് അങ്ങേയറ്റം വിലമതിക്കുകയും ചെയ്‌തു. തന്റെ സന്ദേശത്തിൽ ഒട്ടും താത്‌പര്യമില്ലാതിരുന്ന ആളുകളോട് മടുത്തുപോകാതെ പ്രസംഗിക്കാൻ അത് അവനു ശക്തിയേകി. അതേക്കുറിച്ച് അവൻ പറഞ്ഞത്, “യഹോവയുടെ വചനം . . . എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു” എന്നാണ്. (യിരെ. 20:8, 9) പിന്നീട്, യെരുശലേമിന്റെ നാശത്തോട് അനുബന്ധിച്ച ദുഷ്‌കരമായ സമയങ്ങളിൽ സഹിച്ചുനിൽക്കാനും അത് അവനെ സഹായിച്ചു. ഇന്ന് നമുക്ക് ദൈവത്തിന്റെ ലിഖിതവചനം മുഴുവനായി ലഭ്യമാണ്. നമുക്ക് അത് ഉത്സാഹപൂർവം പഠിക്കുകയും ദൈവത്തിന്റെ ചിന്തകൾ നമ്മുടേതാക്കുകയും ചെയ്യാം. അപ്പോൾ നമുക്കും യിരെമ്യാവിനെപ്പോലെ ശുശ്രൂഷയിൽ സന്തോഷത്തോടെ തുടരാനും പരിശോധനകളിന്മധ്യേ വിശ്വസ്‌തരായി നിലകൊള്ളാനും ധാർമികവും ആത്മീയവുമായി ശുദ്ധരായിരിക്കാനും കഴിയും.—യാക്കോ. 5:10.
“കറയും കളങ്കവും ഇല്ലാതെ” ജീവിക്കുക
10, 11. “കറയും കളങ്കവും ഇല്ലാതെ” ജീവിക്കാൻ നമ്മാലാവോളം ഉത്സാഹിക്കേണ്ടത് എന്തുകൊണ്ട്, അങ്ങനെ ജീവിക്കാൻ നാം എന്തു ചെയ്യണം?
10 നാം ജീവിക്കുന്നത് അന്ത്യകാലത്താണെന്ന് ക്രിസ്‌ത്യാനികളായ നമുക്ക് അറിയാം. അതുകൊണ്ട് അത്യാഗ്രഹം, ലൈംഗിക അധാർമികത, അക്രമം എന്നിങ്ങനെ യഹോവ വെറുക്കുന്ന കാര്യങ്ങളിൽ ലോകം മുഴുകിയിരിക്കുന്നതിൽ നാം അത്ഭുതപ്പെടുന്നില്ല. ദൈവദാസന്മാരെ അധൈര്യപ്പെടുത്താൻ പറ്റുന്നില്ലെങ്കിൽ, അവരെ ദുഷിപ്പിക്കുക എന്നതാണ് സാത്താന്റെ തന്ത്രം. (വെളി. 2:13, 14) അതുകൊണ്ട് പത്രോസ് സ്‌നേഹപൂർവം നൽകുന്ന ഈ ആഹ്വാനത്തിന് നാം ചെവികൊടുക്കണം: “കറയും കളങ്കവും ഇല്ലാതെ സമാധാനത്തിൽ വസിക്കുന്നവരായി (ദൈവത്തിനു) നിങ്ങൾ കാണപ്പെടേണ്ടതിന് നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ.”—2 പത്രോ. 3:14.
11 “സകല പ്രയത്‌നവും” ചെയ്യാൻ പത്രോസ് നേരത്തേ നൽകിയ ഉദ്‌ബോധനത്തിനു സമാനമാണ് “നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ” എന്ന ഈ ആഹ്വാനം. ഇവ രേഖപ്പെടുത്താൻ പത്രോസിനെ നിശ്വസ്‌തനാക്കിയത് യഹോവയാണ്. സാത്താന്റെ ലോകത്തിന്റെ മാലിന്യങ്ങൾ പുരളാതെ, “കറയും കളങ്കവും ഇല്ലാതെ,” ജീവിക്കാൻ നമ്മുടെ ഭാഗത്ത് പ്രയത്‌നം ആവശ്യമാണെന്ന് അവന് അറിയാം. പ്രയത്‌നിക്കുന്നതിൽ, തെറ്റായ മോഹങ്ങളിൽനിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഉൾപ്പെടുന്നു. (സദൃശവാക്യങ്ങൾ 4:23; യാക്കോബ് 1:14, 15 വായിക്കുക.) ആളുകൾ നമ്മുടെ ക്രിസ്‌തീയ ജീവിതം കണ്ട് “അതിശയിക്കുകയും” അതിന്റെ പേരിൽ നമ്മെ “ദുഷിക്കുകയും” ചെയ്യുമ്പോൾ ധൈര്യത്തോടെ നിൽക്കുന്നതും പ്രയത്‌നിക്കുന്നതിൽ ഉൾപ്പെടുന്നു.—1 പത്രോ. 4:4.
12. ലൂക്കോസ് 11:13 നമുക്ക് എന്ത് ഉറപ്പുനൽകുന്നു?
12 നാം അപൂർണരായതിനാൽ ശരിയായതു ചെയ്യുക എപ്പോഴും അത്ര എളുപ്പമല്ല. (റോമ. 7:21-25) യഹോവയിലേക്കു തിരിയുന്നെങ്കിൽ മാത്രമേ നമുക്ക് വിജയിക്കാനാകൂ. തന്നോട് ആത്മാർഥമായി അപേക്ഷിക്കുന്നവർക്ക് അവൻ പരിശുദ്ധാത്മാവിനെ ധാരാളമായി നൽകും. (ലൂക്കോ. 11:13) അതാകട്ടെ, ദൈവാംഗീകാരം നേടിത്തരുന്ന ഗുണങ്ങൾ വളർത്തിയെടുക്കാൻ നമ്മെ സഹായിക്കും. പ്രലോഭനങ്ങളെ നേരിടാൻ മാത്രമല്ല, യഹോവയുടെ ദിവസം അടുക്കുന്തോറും ഒന്നിനൊന്നു വർധിച്ചുവരുന്ന പരിശോധനകളിൽ സഹിച്ചുനിൽക്കാനും അതു നമ്മെ പ്രാപ്‌തരാക്കും.
പരിശോധനകൾ നിങ്ങളെ ബലപ്പെടുത്തട്ടെ!
13. പരിശോധനകൾ സഹിക്കാൻ നമ്മെ എന്തു സഹായിക്കും?
13 ഈ പഴയ വ്യവസ്ഥിതിയിൽ ജീവിക്കുന്നിടത്തോളംകാലം പല വിധത്തിലുള്ള പരിശോധനകൾ നമുക്കു നേരിടേണ്ടിവരും. നിരുത്സാഹിതരാകുന്നതിനു പകരം ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹത്തിനു തെളിവുനൽകാനും അവനിലും അവന്റെ വചനത്തിലുമുള്ള വിശ്വാസം ശോധനചെയ്യാനും ലഭിക്കുന്ന അവസരമായി പരിശോധനകളെ വീക്ഷിക്കരുതോ? ശിഷ്യനായ യാക്കോബ് എഴുതി: “എന്റെ സഹോദരന്മാരേ, വിവിധ പരീക്ഷകൾ നേരിടുമ്പോൾ, ഇവ്വിധം ശോധനചെയ്യപ്പെട്ട വിശ്വാസം നിങ്ങളിൽ സഹിഷ്‌ണുത ഉളവാക്കുന്നു എന്നറിഞ്ഞ് അതിൽ സന്തോഷിക്കുവിൻ.” (യാക്കോ. 1:2-4) ‘തന്റെ ഭക്തന്മാരെ എങ്ങനെ പരീക്ഷകളിൽനിന്നു വിടുവിക്കണമെന്ന് യഹോവ അറിയുന്നു’ എന്ന കാര്യവും ഓർക്കുക.—2 പത്രോ. 2:9, 10.
14. യോസേഫിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾക്ക് എന്തു പ്രോത്സാഹനം ലഭിക്കുന്നു?
14 യാക്കോബിന്റെ പുത്രനായ യോസേഫിന്റെ കാര്യമെടുക്കുക. അവനെ അടിമയായി വിറ്റുകളഞ്ഞത് അവന്റെ സ്വന്തം സഹോദരന്മാരാണ്. (ഉല്‌പ. 37:23-28; 42:21) തന്നോടു കാണിച്ച ആ ക്രൂരതയുടെ പേരിൽ യോസേഫിന്റെ വിശ്വാസം തകർന്നുപോയോ? ഇങ്ങനെയൊക്കെ സംഭവിക്കാൻ അനുവദിച്ചതിന് അവനു ദൈവത്തോട് അമർഷം തോന്നിയോ? ഇല്ല എന്ന് ദൈവവചനം തറപ്പിച്ച് പറയുന്നു! പക്ഷേ അവിടംകൊണ്ട് തീർന്നില്ല യോസേഫിന്റെ പരിശോധനകൾ. പിന്നീട്, ബലാത്സംഗത്തിനു ശ്രമിച്ചു എന്ന കുറ്റം ആരോപിച്ച് അവനെ തടവിലാക്കി. എന്നിട്ടും അവന്റെ ദൈവഭക്തിക്ക് ഒരു കോട്ടവും സംഭവിച്ചില്ല. (ഉല്‌പ. 39:9-21) പകരം, കരുത്ത് ആർജിക്കാനുള്ള അവസരമായി അവൻ പരിശോധനകളെ വീക്ഷിച്ചു, അതിന് അവൻ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു.
15. നൊവൊമിയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
15 നമ്മെ ദുഃഖിപ്പിക്കാനും വിഷാദത്തിലാഴ്‌ത്താനും പരിശോധനകൾക്കു കഴിയും എന്നതു ശരിയാണ്. യോസേഫിനും ചിലപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടാകാം. വിശ്വസ്‌തരായ മറ്റു ചില ദൈവദാസർക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ഭർത്താവിനെയും രണ്ടുമക്കളെയും നഷ്ടമായ നൊവൊമിയെക്കുറിച്ചു ചിന്തിക്കുക. “നൊവൊമി എന്നല്ല മാറാ (കയ്‌പ്പ് എന്നർഥം) എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു” എന്ന് അവൾ പറഞ്ഞു. (രൂത്ത് 1:20, 21) അവൾ അങ്ങനെ പറഞ്ഞത് നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ, അത് സ്വാഭാവികം മാത്രമായിരുന്നു. എന്നാൽ യോസേഫിനെപ്പോലെതന്നെ അവളുടെയും വിശ്വസ്‌തതയ്‌ക്ക് യാതൊരു കോട്ടവും സംഭവിച്ചില്ല, അവൾ ആത്മീയമായി ഇടറിപ്പോയില്ല. ആ ഉത്തമസ്‌ത്രീക്ക് യഹോവ തക്കപ്രതിഫലം നൽകി. (രൂത്ത് 4:13-17, 22) നമുക്ക് അറിയാവുന്നതുപോലെ, വരാനിരിക്കുന്ന പറുദീസാഭൂമിയിൽ യഹോവ, സാത്താനും അവന്റെ ദുഷ്ടലോകവും വരുത്തിയ സർവനഷ്ടങ്ങളും നികത്തും, സകലദുരിതങ്ങളും തുടച്ചുനീക്കും! അപ്പോൾ “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”—യെശ. 65:17.
16. പ്രാർഥനയോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം, എന്തുകൊണ്ട്?
16 എന്തെല്ലാം പരിശോധനകൾ വന്നാലും നമ്മെ പുലർത്താൻ ദൈവസ്‌നേഹത്തിനാകും. (റോമർ 8:35-39 വായിക്കുക.) നമ്മെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമം സാത്താൻ ഉപേക്ഷിക്കില്ലെങ്കിലും നാം എപ്പോഴും “സുബോധമുള്ളവരും പ്രാർഥനാനിരതരും” ആണെങ്കിൽ അവൻ പരാജയമടയും. (1 പത്രോ. 4:7) യേശു പറഞ്ഞു: “ആകയാൽ സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുമ്പാകെ നിൽക്കാനും കഴിയേണ്ടതിന് സദാ യാചനകഴിച്ചുകൊണ്ട് ഉണർന്നിരിക്കുവിൻ.” (ലൂക്കോ. 21:36) ‘യാചനകഴിക്കുക’ എന്ന് യേശു പറഞ്ഞതു ശ്രദ്ധിക്കുക. അങ്ങേയറ്റം വിനീതമായ പ്രാർഥനയെയാണ് ഇത് കുറിക്കുന്നത്. എന്തുകൊണ്ടാണ് യാചനകഴിക്കാൻ യേശു നമ്മെ ഉദ്‌ബോധിപ്പിച്ചത്? തന്റെയും തന്റെ പിതാവിന്റെയും മുമ്പാകെ നിൽക്കുന്നത് നിസ്സാരമായി കാണാനുള്ള സമയമല്ല ഇതെന്ന് ഊന്നിപ്പറയുകയായിരുന്നു യേശു. അത്തരം ഒരു അംഗീകൃതനിലയുള്ളവർക്കു മാത്രമേ യഹോവയുടെ ദിവസത്തെ അതിജീവിക്കാൻ കഴിയൂ.
ദൈവസേവനത്തിൽ തിരക്കുള്ളവരായിരിക്കുക
17. നിങ്ങളുടെ പ്രദേശത്ത് സുവാർത്താഘോഷണം അത്ര എളുപ്പമല്ലെങ്കിൽ പ്രവാചകന്മാരുടെ മാതൃക നിങ്ങൾക്ക് എങ്ങനെ പ്രയോജനംചെയ്യും?
17 “വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം!” എന്ന പത്രോസിന്റെ വാക്കുകൾ, നവോന്മേഷപ്രദമായ ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിന്റെ പ്രാധാന്യം നമ്മെ ഓർമിപ്പിക്കുന്നു. (2 പത്രോ. 3:12) ഭക്തിപൂർണമായ ജീവിതം നയിക്കുന്നതിൽ ഉൾപ്പെടുന്ന ഒരു പ്രമുഖ സംഗതിയാണ് സുവാർത്താഘോഷണം. (മത്താ. 24:14) ചില പ്രദേശങ്ങളിൽ പ്രസംഗപ്രവർത്തനം അത്ര എളുപ്പമായിരിക്കില്ല. ആളുകളുടെ നിസ്സംഗതയോ എതിർപ്പോ ആയിരിക്കാം ഒരുപക്ഷേ അതിനു കാരണം. അല്ലെങ്കിൽ, ആളുകൾ തങ്ങളുടെ ദൈനംദിന കാര്യാദികളിൽ മുഴുകിയിരിക്കുകയായിരിക്കാം. പുരാതനകാലത്തെ ദൈവദാസന്മാർക്കും സമാനമായ സാഹചര്യങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ അവർ മടുത്തുപിന്മാറിയോ? ഇല്ല. ദൈവദത്ത സന്ദേശവുമായി “ജാഗ്രതയോടെ” അഥവാ മറ്റൊരു ഭാഷാന്തരം പറയുന്നതനുസരിച്ച്, “വീണ്ടും വീണ്ടും” അവർ പോയി. (2 ദിനവൃത്താന്തം 36:15, 16 വായിക്കുക; യിരെ. 7:24-26) മടുത്തുപോകാതെ തങ്ങളുടെ നിയോഗത്തിൽ തുടരാൻ അവർക്കു കഴിഞ്ഞത് എന്തുകൊണ്ടാണ്? തങ്ങൾക്കു ലഭിച്ച നിയോഗത്തെ യഹോവ വീക്ഷിക്കുന്നതുപോലെയാണ് അവർ വീക്ഷിച്ചത്, അല്ലാതെ ലോകം വീക്ഷിക്കുന്നതുപോലെയല്ല. മാത്രമല്ല, ദൈവനാമം വഹിക്കുന്നത് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ ബഹുമതിയായി അവർ കണക്കാക്കി.—യിരെ. 15:16.
18. ഭാവിയിൽ ദൈവനാമം മഹത്ത്വീകരിക്കപ്പെടുന്നതിൽ രാജ്യപ്രസംഗവേല എന്തു പങ്കു വഹിക്കുന്നു?
18 യഹോവയുടെ നാമവും ഉദ്ദേശ്യവും ഘോഷിക്കാനുള്ള ബഹുമതി നമുക്കുമുണ്ട്. ഇതേക്കുറിച്ച് ഒന്നു ചിന്തിക്കുക: ദൈവത്തിന്റെ മഹാദിവസത്തിൽ ശത്രുക്കൾക്ക് അവനെ നേരിടേണ്ടിവരുമ്പോൾ ‘ഞങ്ങൾ അറിഞ്ഞിരുന്നില്ല’ എന്ന് അവർക്ക് പറയാനാവില്ല; നമ്മുടെ പ്രസംഗവേലയുടെ പ്രത്യക്ഷത്തിലുള്ള ഒരു നേട്ടമാണിത്. യഹോവയാണ് തങ്ങൾക്കെതിരെ യുദ്ധംചെയ്യുന്നതെന്ന് പുരാതനനാളിലെ ഫറവോനെപ്പോലെ അന്ന് അവരും അറിയും. (പുറ. 8:1, 20; 14:25) എന്നാൽ തന്റെ വിശ്വസ്‌തദാസന്മാർ നിശ്ചയമായും തന്റെ പ്രതിനിധികളായിരുന്നു എന്ന് സംശയലേശമെന്യേ അന്ന് യഹോവ വ്യക്തമാക്കും, അങ്ങനെ അവൻ അവരെ ആദരിക്കും.—യെഹെസ്‌കേൽ 2:5; 33:33 വായിക്കുക.
19. യഹോവയുടെ ദീർഘക്ഷമയിൽനിന്ന് പരമാവധി പ്രയോജനം നേടാൻ ആഗ്രഹിക്കുന്നു എന്ന് നമുക്ക് എങ്ങനെ കാണിക്കാം?
19 തന്റെ രണ്ടാമത്തെ ലേഖനത്തിന്റെ ഒടുവിലായി സഹവിശ്വാസികൾക്ക് പത്രോസ് എഴുതി: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു കരുതിക്കൊള്ളുവിൻ.” (2 പത്രോ. 3:15) അതെ, യഹോവയുടെ ദീർഘക്ഷമയെ നമുക്കു പരമാവധി പ്രയോജനപ്പെടുത്താം. അതിനായി നാം എന്തു ചെയ്യണം? ദൈവത്തിനു പ്രസാദകരമായ ഗുണങ്ങൾ നട്ടുവളർത്തുക, “കറയും കളങ്കവും ഇല്ലാതെ” ജീവിക്കുക, പരിശോധനകളെ ക്രിയാത്മകമായി വീക്ഷിക്കുക, രാജ്യസേവനത്തിൽ തിരക്കുള്ളവരായിരിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ ‘പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും’ ഭാഗമായി ലഭിക്കാനിരിക്കുന്ന നിത്യാനുഗ്രഹങ്ങൾക്കുവേണ്ടി നമുക്ക് കാത്തിരിക്കാനാകും.—2 പത്രോ. 3:13.
നിങ്ങൾ ഓർമിക്കുന്നുവോ?
• നമുക്ക് എങ്ങനെ ദൈവികഗുണങ്ങൾ നട്ടുവളർത്താം?
• “കറയും കളങ്കവും ഇല്ലാതെ” ജീവിക്കാൻ നമുക്ക് എങ്ങനെ കഴിയും?
• യോസേഫിൽനിന്നും നൊവൊമിയിൽനിന്നും നമുക്ക് എന്തു പഠിക്കാനാകും?
• പ്രസംഗവേലയിൽ പങ്കെടുക്കാനാകുന്നത് ഒരു വലിയ ബഹുമതിയായിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രം]
ഭർത്താക്കന്മാരേ, ദൈവികഗുണങ്ങൾ നട്ടുവളർത്താൻ നിങ്ങളെയും കുടുംബത്തെയും എന്തു സഹായിക്കും?
[10-ാം പേജിലെ ചിത്രങ്ങൾ]
യോസേഫ് പരിശോധനകളെ നേരിട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?