വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പാപിനിയായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീയോട് “നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശുവിനു പറയാനായത് എന്തുകൊണ്ട്?—ലൂക്കോ. 7:37, 48.
ശിമോൻ എന്നു പേരുള്ള ഒരു പരീശന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്നു യേശു. അപ്പോൾ ഒരു സ്ത്രീ വന്ന് “അവന്റെ കാൽക്കലായി നിന്നു.” അവൾ അവന്റെ പാദങ്ങൾ കണ്ണീരുകൊണ്ടു നനയ്ക്കുകയും തന്റെ തലമുടികൊണ്ടു തുടയ്ക്കുകയും ചെയ്തു. പിന്നെ അവൾ അവന്റെ പാദങ്ങളിൽ ആർദ്രമായി ചുംബിച്ച് അവയിൽ പരിമളതൈലം പൂശി. “ആ പട്ടണത്തിൽ പാപിനിയായി അറിയപ്പെട്ടിരുന്ന” ഒരുവളായിരുന്നു ആ സ്ത്രീയെന്ന് സുവിശേഷ വിവരണം പറയുന്നു. അപൂർണ മനുഷ്യരെല്ലാം പാപികളാണെന്നതു ശരിതന്നെ. എന്നാൽ സാധാരണഗതിയിൽ തിരുവെഴുത്തുകൾ ഈ പദം ഉപയോഗിക്കുന്നത് കുപ്രസിദ്ധമായ തെറ്റുകൾ ചെയ്യുന്നവരെയോ സ്ഥിരം പാപം ചെയ്യുന്നവരെയോ കുറിക്കാനാണ്. സാധ്യതയനുസരിച്ച് ഈ സ്ത്രീ ഒരു വേശ്യയായിരുന്നു. ഇത്തരത്തിലുള്ള ഒരു സ്ത്രീയോടാണ് “നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശു പറഞ്ഞത്. (ലൂക്കോ. 7:36-38, 48) യേശു എന്താണ് അർഥമാക്കിയത്? യേശു മറുവില അർപ്പിക്കുന്നതിനുമുമ്പ് എങ്ങനെയാണ് പാപമോചനം സാധ്യമായത്?
യേശു ആ സ്ത്രീയുടെ പാപങ്ങൾ മോചിക്കുന്നതിനുമുമ്പ്, എന്നാൽ അവൾ അവന്റെ പാദങ്ങൾ കഴുകി തൈലം പൂശിയശേഷം, ആതിഥേയനായ ശിമോനെ അവൻ ദൃഷ്ടാന്തത്തിലൂടെ ഒരു സുപ്രധാന കാര്യം പഠിപ്പിക്കുന്നു. വീട്ടിത്തീർക്കാനാവാത്ത ഒരു കടത്തോട് പാപത്തെ ഉപമിച്ചുകൊണ്ട് യേശു ശിമോനോട് ഇങ്ങനെ പറഞ്ഞു: “പണം വായ്പ കൊടുക്കുന്ന ഒരുവന് രണ്ടുകടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറുദിനാറെയും മറ്റവൻ അൻപതും അവനു കടപ്പെട്ടിരുന്നു. അതു മടക്കിക്കൊടുക്കാൻ അവരുടെ പക്കൽ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് അവൻ രണ്ടുപേർക്കും അതു നിരുപാധികം ക്ഷമിച്ചുകൊടുത്തു. ആകട്ടെ, അവരിൽ ആരായിരിക്കും അവനെ കൂടുതൽ സ്നേഹിക്കുക?” “അവൻ കൂടുതൽ ക്ഷമിച്ചുകൊടുത്തവൻ എന്നു ഞാൻ വിചാരിക്കുന്നു” എന്നായിരുന്നു ശിമോന്റെ മറുപടി. യേശു അവനോട്, “നീ പറഞ്ഞതു ശരി” എന്നു പറഞ്ഞു. (ലൂക്കോ. 7:41-43) നാമെല്ലാം ദൈവത്തെ അനുസരിക്കാൻ കടപ്പാടുള്ളവരാണ്. എന്നാൽ അവനെ അനുസരിക്കാതെ നാം പാപം ചെയ്യുമ്പോൾ കടപ്പെട്ടിരിക്കുന്നത് ദൈവത്തിനു കൊടുക്കുന്നതിൽ നാം വീഴ്ചവരുത്തുന്നു. അങ്ങനെ നമ്മുടെ കടം കൂടിക്കൂടിവരുന്നു. പക്ഷേ, കടങ്ങൾ ക്ഷമിച്ചുകൊടുക്കാൻ തയ്യാറായ ആ മനുഷ്യനെപ്പോലെയാണ് യഹോവ. അതുകൊണ്ടാണ്, “ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ” എന്ന് ദൈവത്തോടു പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചത്. (മത്താ. 6:12) ഈ കടങ്ങൾ പാപങ്ങളെയാണ് കുറിക്കുന്നതെന്ന് ലൂക്കോസ് 11:4 സൂചിപ്പിക്കുന്നു.
പുരാതന കാലത്ത് എന്തിന്റെ അടിസ്ഥാനത്തിലാണ് ദൈവം പാപങ്ങൾ ക്ഷമിച്ചിരുന്നത്? അവന്റെ തികവുറ്റ നീതിയനുസരിച്ച് പാപത്തിന്റെ ശിക്ഷ മരണമാണ്. അതുകൊണ്ടാണ് ആദാമിനു തന്റെ പാപത്തിന്റെ ശിക്ഷയായി സ്വന്തം ജീവൻ നൽകേണ്ടിവന്നത്. പിന്നീട് ഇസ്രായേൽ ജനത്തിനു ദൈവം നൽകിയ ന്യായപ്രമാണമനുസരിച്ച് മൃഗത്തെയോ പക്ഷിയെയോ യഹോവയ്ക്കു യാഗമായി അർപ്പിക്കുന്നെങ്കിൽ ഒരാൾക്കു തന്റെ തെറ്റ് ക്ഷമിച്ചുകിട്ടുമായിരുന്നു. പൗലോസ് അപ്പൊസ്തലൻ എഴുതി: “ന്യായപ്രമാണപ്രകാരം എല്ലാംതന്നെ രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു. രക്തം ചൊരിഞ്ഞിട്ടല്ലാതെ പാപമോചനം ഇല്ല.” (എബ്രാ. 9:22) ദൈവത്തിന്റെ ക്ഷമ ലഭിക്കാൻ വേറൊരു വഴിയുമില്ലെന്ന് യഹൂദന്മാർക്ക് അറിയാമായിരുന്നു. ആ സ്ത്രീയോടുള്ള യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ, അവിടെ ഭക്ഷണത്തിനിരുന്നവർ അവനോടു വിയോജിച്ചത് അതുകൊണ്ടാണ്. “പാപങ്ങൾ മോചിക്കുകപോലും ചെയ്യുന്ന ഈ മനുഷ്യൻ ആർ?” എന്ന് അവർ തമ്മിൽ ചോദിക്കാൻതുടങ്ങി. (ലൂക്കോ. 7:49) ആകട്ടെ, പാപിനിയായ ആ സ്ത്രീയുടെ തെറ്റുകൾ എന്തിന്റെ അടിസ്ഥാനത്തിലാണ് മോചിക്കപ്പെട്ടത്?
ആദാമിന്റെയും ഹവ്വായുടെയും മത്സരത്തെത്തുടർന്ന് ഉച്ചരിക്കപ്പെട്ട ആദ്യപ്രവചനം, ഒരു “സന്തതി”യെ എഴുന്നേൽപ്പിക്കുമെന്ന യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ചും ആ സന്തതിയുടെ കുതികാൽ സാത്താനും അവന്റെ “സന്തതി”യും തകർക്കുന്നതിനെക്കുറിച്ചും ഉള്ളതായിരുന്നു. (ഉല്പ. 3:15) ദൈവത്തിന്റെ ശത്രുക്കൾ യേശുവിനെ വധിച്ചപ്പോൾ, മുൻകൂട്ടിപ്പറഞ്ഞതുപോലെ “സന്തതി”യുടെ കുതികാൽ തകർക്കപ്പെട്ടു. (ഗലാ. 3:13, 16) ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തം അങ്ങനെ മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കുന്ന മറുവിലയായി. എന്നാൽ ഉല്പത്തി 3:15-ലെ വാക്കുകൾ ഉച്ചരിച്ചപ്പോൾമുതൽ, തന്റെ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നവരോടു ക്ഷമിക്കാൻ ദൈവത്തിനു കഴിയുമായിരുന്നു. യഹോവയുടെ ഉദ്ദേശ്യനിർവഹണത്തിനു തടയിടാൻ യാതൊന്നിനും കഴിയില്ലാത്തതിനാൽ ആ പ്രവചനം ഉച്ചരിച്ചപ്പോൾത്തന്നെ അവന്റെ ദൃഷ്ടിയിൽ, മറുവില നൽകപ്പെട്ടതുപോലെയായി.
ക്രിസ്തുവിനു മുമ്പുള്ള നാളുകളിൽ യഹോവ പലരെയും നീതിമാന്മാരായി കണക്കാക്കിയിട്ടുണ്ട്. ഹാനോക്ക്, നോഹ, അബ്രാഹാം, രാഹാബ്, ഇയ്യോബ് എന്നിവരെല്ലാം അക്കൂട്ടത്തിൽപ്പെട്ടവരായിരുന്നു. വിശ്വാസത്താൽ ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരുന്നവരാണ് അവർ. “അബ്രാഹാം യഹോവയിൽ വിശ്വസിച്ചു; അത് അവനു നീതിയായി കണക്കിട്ടു” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. രാഹാബിനെക്കുറിച്ച് അവൻ പറഞ്ഞു: “അതുപോലെ, രാഹാബ് എന്ന വേശ്യയും . . . പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്?”—പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ് ഗുരുതരമായ പല തെറ്റുകളും ചെയ്തതിനെക്കുറിച്ച് നാം വായിക്കുന്നു. എന്നാൽ അവനു സത്യദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നു; കൂടാതെ, തന്റെ ഓരോ തെറ്റിനെയുംപ്രതി ആത്മാർഥമായി അനുതപിക്കുകയും ചെയ്തു. മാത്രമല്ല, തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “അവന്റെ (യേശുവിന്റെ) രക്തത്തിൽ വിശ്വസിക്കുന്നവർക്കുവേണ്ടി ദൈവം (യേശുവിനെ) ഒരു അനുരഞ്ജനയാഗമായി നൽകി; താൻ ക്ഷമയോടെ കാത്തിരുന്ന മുൻകാലങ്ങളിൽ മനുഷ്യരുടെ പാപങ്ങൾ ക്ഷമിച്ചത് നീതിയാണെന്നു വരേണ്ടതിനും ഇക്കാലത്ത് യേശുവിൽ വിശ്വസിക്കുന്ന മനുഷ്യനെ നീതീകരിക്കുമ്പോൾ അതും നീതിയാണെന്നു വരേണ്ടതിനും ദൈവം അങ്ങനെചെയ്തു.” (റോമ. 3:25, 26) ഭാവിയിൽ അർപ്പിക്കപ്പെടാനിരുന്ന യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ, തന്റെ നീതിനിഷ്ഠമായ നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ യഹോവയ്ക്ക് ദാവീദിന്റെ പാപങ്ങൾ ക്ഷമിക്കാൻ കഴിയുമായിരുന്നു.
യേശുവിന്റെ പാദങ്ങളിൽ തൈലം പൂശിയ സ്ത്രീയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. അധാർമിക ജീവിതമാണ് നയിച്ചിരുന്നതെങ്കിലും അവൾ അനുതപിച്ചു. തനിക്കു പാപമോചനം ആവശ്യമാണെന്ന കാര്യം അവൾ തിരിച്ചറിഞ്ഞെന്നു മാത്രമല്ല വിടുതൽ നൽകാനായി യഹോവ ഉപയോഗിക്കുന്ന വ്യക്തിയെ താൻ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും അവൾ തന്റെ പ്രവൃത്തികളാൽ പ്രകടമാക്കി. മറുവിലയാഗം അതുവരെയും അർപ്പിക്കപ്പെട്ടിരുന്നില്ലെങ്കിലും അത് അർപ്പിക്കപ്പെടും എന്ന കാര്യം സുനിശ്ചിതമായിരുന്നതിനാൽ അതിന്റെ പ്രയോജനം അവളെപ്പോലുള്ള വ്യക്തികൾക്ക് ലഭ്യമായിരുന്നു. അതുകൊണ്ടാണ്, “നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശു അവളോടു പറഞ്ഞത്.
യേശു പാപികൾക്കു നേരെ മുഖം തിരിച്ചില്ല എന്ന് ഈ വിവരണം വ്യക്തമാക്കുന്നു. അവൻ അവരോട് നന്നായി ഇടപെട്ടു, അവരെ സഹായിച്ചു. എല്ലാറ്റിലും ഉപരി, അനുതാപം പ്രകടിപ്പിക്കുന്ന പാപികളോടു ക്ഷമിക്കാൻ യഹോവ സന്നദ്ധനാണ്. അപൂർണ മനുഷ്യരായ നമുക്ക് അത് എത്രമാത്രം ആശ്വാസം പകരുന്നു!
[7-ാം പേജിലെ ചിത്രം]
അത് അവർക്കു നീതിയായി കണക്കിട്ടു