ഒന്നാമത് “അവന്റെ നീതി” അന്വേഷിക്കുവിൻ
ഒന്നാമത് “അവന്റെ നീതി” അന്വേഷിക്കുവിൻ
“ആകയാൽ ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും.”—മത്താ. 6:33.
1, 2. എന്താണ് ദൈവത്തിന്റെ നീതി, അത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
‘ആകയാൽ ഒന്നാമത് രാജ്യം അന്വേഷിക്കുവിൻ.’ (മത്താ. 6:33) ഗിരിപ്രഭാഷണത്തിലൂടെ യേശു നൽകിയ ഈ ഉദ്‌ബോധനം യഹോവയുടെ സാക്ഷികളായ നമുക്ക് സുപരിചിതമാണ്. ആ രാജ്യഗവണ്മെന്റിനെ പ്രിയപ്പെടുന്നുവെന്നും അതിനോടു കൂറുപുലർത്താൻ ആഗ്രഹിക്കുന്നുവെന്നും ജീവിതത്തിന്റെ സമസ്‌തതലങ്ങളിലും പ്രകടമാക്കാൻ ശ്രമിക്കുന്നവരാണ് നാം. എന്നാൽ “അവന്റെ നീതിയും” അന്വേഷിക്കാൻ അതേ വാക്യത്തിൽ യേശു ഉദ്‌ബോധിപ്പിച്ചു എന്ന കാര്യം നാം വിസ്‌മരിക്കരുത്. ആകട്ടെ, എന്താണ് ദൈവത്തിന്റെ നീതി? അത് ഒന്നാമത് അന്വേഷിക്കണം എന്നാൽ എന്താണ് അർഥം?
2 ദിവ്യ നിലവാരങ്ങളിലും മൂല്യങ്ങളിലും അധിഷ്‌ഠിതമായ നീതിയാണ് ദൈവത്തിന്റെ നീതി. സ്രഷ്ടാവായതിനാൽ ശരിയും തെറ്റും നല്ലതും ചീത്തയും നിർണയിക്കാനുള്ള അവകാശം യഹോവയ്‌ക്കുണ്ട്. (വെളി. 4:11) അവന്റെ നീതിയുടെ അടിസ്ഥാനം കർക്കശമോ വികാരശൂന്യമോ ആയ കുറെ പ്രമാണങ്ങളോ അന്തമില്ലാത്ത നിയമാവലികളോ അല്ല. മറിച്ച് അതിന് യഹോവയുടെ വ്യക്തിത്വവുമായും അവന്റെ മറ്റ് പ്രമുഖ ഗുണങ്ങളായ സ്‌നേഹം, ജ്ഞാനം, ശക്തി എന്നിവയുമായും അഭേദ്യമായ ബന്ധമുണ്ട്. ദൈവത്തിന്റെ നീതി അവന്റെ ഹിതത്തോടും ഉദ്ദേശ്യത്തോടും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നവരിൽനിന്ന് അവൻ പ്രതീക്ഷിക്കുന്ന കാര്യങ്ങളും ഉൾപ്പെടുന്നതാണ് ദിവ്യനീതി.
3. (എ) ഒന്നാമത് ദൈവത്തിന്റെ നീതി അന്വേഷിക്കുക എന്നാൽ എന്താണ് അർഥം? (ബി) ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾ നാം പിന്താങ്ങേണ്ടത് എന്തുകൊണ്ട്?
3 ഒന്നാമത് ദൈവത്തിന്റെ നീതി അന്വേഷിക്കുക എന്നാൽ എന്താണ് അർഥം? ലളിതമായി പറഞ്ഞാൽ, ദൈവത്തെ പ്രസാദിപ്പിക്കാനായി അവന്റെ ഹിതംചെയ്യുക എന്നാണ് അതിനർഥം. നമ്മുടെയല്ല മറിച്ച് അവന്റെ പൂർണതയുള്ള നിലവാരങ്ങൾക്കും മൂല്യങ്ങൾക്കും ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നതും അവന്റെ നീതി അന്വേഷിക്കുന്നതിൽ ഉൾപ്പെടുന്നു. (റോമർ 12:2 വായിക്കുക.) യഹോവയുമായുള്ള ബന്ധത്തിന് അത് അനിവാര്യമാണ്. ശിക്ഷയെ ഭയന്ന് അവന്റെ നിയമങ്ങൾ അനുസരിക്കുന്നതിനെയല്ല ഇത് അർഥമാക്കുന്നത്. മറിച്ച് ദൈവത്തോടുള്ള സ്‌നേഹം, നമ്മുടേതായ നിലവാരങ്ങൾ വെക്കുന്നതിനുപകരം ദൈവത്തിന്റെ നിലവാരങ്ങൾ പിന്താങ്ങിക്കൊണ്ട് അവനെ പ്രസാദിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കും. നാം ചെയ്യേണ്ടത് ഇതാണെന്നും നമ്മെ സൃഷ്ടിച്ചിരിക്കുന്നത് അപ്രകാരം ജീവിക്കാനാണെന്നും നാം അംഗീകരിക്കുന്നു. ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്‌തുവിനെപ്പോലെ നാമും നീതിയെ സ്‌നേഹിക്കണം.—എബ്രാ. 1:8, 9.
4. യഹോവയുടെ നീതി അന്വേഷിക്കേണ്ടത് എത്ര പ്രധാനമാണ്?
4 യഹോവയുടെ നീതി അന്വേഷിക്കേണ്ടത് എത്ര പ്രധാനമാണ്? ഒന്നോർത്തു നോക്കൂ: നന്മയും തിന്മയും സംബന്ധിച്ച് നിലവാരങ്ങൾ വെക്കാനുള്ള യഹോവയുടെ അധികാരത്തെ ആദാമും ഹവ്വായും അംഗീകരിക്കുമോ എന്നതായിരുന്നു ഏദെൻ തോട്ടത്തിൽവെച്ചുണ്ടായ പരിശോധന. (ഉല്‌പ. 2:17; 3:5) യഹോവയുടെ ആ അധികാരത്തെ അവർ അംഗീകരിക്കാഞ്ഞതിനാൽ അവരുടെ സന്താനങ്ങൾക്കും കഷ്ടപ്പാടും മരണവും വന്നുഭവിച്ചു. (റോമ. 5:12) എന്നാൽ “നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും” എന്ന് ദൈവവചനം പറയുന്നു. (സദൃ. 21:21) അതെ, ഒന്നാമത് ദൈവത്തിന്റെ നീതി അന്വേഷിച്ചാൽ യഹോവയുമായി ഒരു ഉറ്റബന്ധം ആസ്വദിക്കാൻ നമുക്കാകും; അത് നമ്മുടെ രക്ഷയ്‌ക്ക് ഇടയാക്കും.—റോമ. 3:23, 24.
സ്വയനീതിക്കാരാകുന്നതിന്റെ അപകടം
5. നാം എന്ത് അപകടം ഒഴിവാക്കണം?
5 ‘ഒന്നാമത് ദൈവത്തിന്റെ നീതി അന്വേഷിക്കുന്നതിൽ’ വിജയിക്കണമെങ്കിൽ നാം ഒഴിവാക്കേണ്ട ഒരു അപകടത്തെക്കുറിച്ച് പൗലോസ് അപ്പൊസ്‌തലൻ റോമിലെ ക്രിസ്‌ത്യാനികൾക്കുള്ള കത്തിൽ പരാമർശിച്ചു. തന്റെ നാളിലെ യഹൂദന്മാരെക്കുറിച്ച് പൗലോസ് ഇങ്ങനെ എഴുതി: “അവർ ദൈവത്തെ സംബന്ധിച്ചു തീക്ഷ്‌ണതയുള്ളവരെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അത് പരിജ്ഞാനപ്രകാരമുള്ളതല്ല. ദൈവത്തിന്റെ നീതി അറിയാതെ സ്വന്തം നീതി സ്ഥാപിക്കാൻ ശ്രമിച്ചതുകൊണ്ട് അവർ ദൈവനീതിക്കു കീഴ്‌പെട്ടില്ല.” (റോമ. 10:2, 3) പൗലോസ് പറഞ്ഞത് ഇതാണ്: ആ യഹൂദന്മാർ സ്വന്തം നീതി സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ ദൈവത്തിന്റെ നീതി മനസ്സിലാക്കാൻ പരാജയപ്പെട്ടു. *
6. ഏതു മനോഭാവം നാം ഒഴിവാക്കണം, എന്തുകൊണ്ട്?
6 നമ്മുടെ ദൈവസേവനത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്‌തുകൊണ്ട് അതിനെ ഒരു മത്സരമായി കാണുന്നപക്ഷം നാം ഈ അപകടത്തിൽപ്പെടും. നമ്മുടെ സ്വന്തം കഴിവുകളിൽ ഊറ്റംകൊണ്ട് അതിൽ അമിതമായി ആശ്രയിക്കുന്നതിലേക്ക് ഈ മനോഭാവം നമ്മെ എളുപ്പം കൊണ്ടെത്തിച്ചേക്കാം. പക്ഷേ, അപ്രകാരം പ്രവർത്തിക്കുമ്പോൾ നാം യഹോവയുടെ നീതിയെ വിസ്‌മരിക്കുകയാണ്. (ഗലാ. 6:3, 4) യഹോവയോടുള്ള സ്‌നേഹമാണ് ശരിചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്. പകരം, സ്വന്തം നീതി സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ നാം ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയാനാകില്ല.—ലൂക്കോസ് 16:15 വായിക്കുക.
7. സ്വയനീതിക്കാരായവരെ തിരുത്താനായി യേശു എന്തു പറഞ്ഞു?
7 “സ്വയം നീതിമാന്മാരെന്ന് അഭിമാനിച്ച് മറ്റുള്ളവരെ നിസ്സാരരായി കണ്ടിരുന്ന” ആളുകളെക്കുറിച്ച് യേശുവിന് ചിന്തയുണ്ടായിരുന്നു. സ്വയനീതിക്കാരായ അവരെ തിരുത്താനായി അവൻ ഈ ദൃഷ്ടാന്തം പറഞ്ഞു: “രണ്ടുമനുഷ്യർ പ്രാർഥിക്കാനായി ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശനും മറ്റേയാൾ ചുങ്കക്കാരനും ആയിരുന്നു. പരീശൻ നിന്നുകൊണ്ട് ഉള്ളിൽ ഇങ്ങനെ പ്രാർഥിച്ചു: ‘ദൈവമേ, ഞാൻ പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ലാത്തതുകൊണ്ട് നിനക്കു സ്‌തോത്രം ചെയ്യുന്നു. ഞാൻ ആഴ്‌ചയിൽ രണ്ടുതവണ ഉപവസിക്കുന്നു; എനിക്കു ലഭിക്കുന്ന എല്ലാറ്റിലും ദശാംശം കൊടുക്കുന്നു.’ ചുങ്കക്കാരനോ ദൂരെനിന്നുകൊണ്ടു സ്വർഗത്തിലേക്കു കണ്ണുകളുയർത്താൻപോലും തുനിയാതെ മാറത്തടിച്ച്, ‘ദൈവമേ, പാപിയായ എന്നോടു കൃപ തോന്നേണമേ’ എന്നു പറഞ്ഞു.” യേശു ഇങ്ങനെ ഉപസംഹരിച്ചു: ലൂക്കോ. 18:9-14.
“ഈ മനുഷ്യൻ മറ്റവനെക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി എന്നു ഞാൻ നിങ്ങളോടു പറയുന്നു. തന്നെത്തന്നെ ഉയർത്തുന്ന ഏവനും താഴ്‌ത്തപ്പെടും; തന്നെത്തന്നെ താഴ്‌ത്തുന്നവൻ ഉയർത്തപ്പെടും.”—‘അതിനീതിമാനാകുന്നതിന്റെ’ അപകടം
8, 9. ‘അതിനീതിമാനാകുക’ എന്നാൽ എന്താണ് അർഥം, അത് നമ്മെ എന്തിലേക്കു നയിക്കും?
8 നാം ഒഴിവാക്കേണ്ട മറ്റൊരു അപകടത്തെക്കുറിച്ച് സഭാപ്രസംഗി 7:16-ൽ വിവരിച്ചിരിക്കുന്നു: “അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?” അത്തരമൊരു മനോഭാവം ഒഴിവാക്കേണ്ടതിന്റെ കാരണത്തെക്കുറിച്ച് ഈ നിശ്വസ്‌ത ബൈബിളെഴുത്തുകാരൻ 20-ാം വാക്യത്തിൽ പറയുന്നു: “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.” ‘അതിനീതിമാനായ’ ഒരു വ്യക്തി നീതിയുടെ കാര്യത്തിൽ സ്വന്തം നിലവാരങ്ങൾ ഉണ്ടാക്കുന്നു, അവയനുസരിച്ച് മറ്റുള്ളവരെ വിധിക്കുകയും ചെയ്യുന്നു. എന്നാൽ അപ്രകാരം ചെയ്യുന്നതിലൂടെ താൻ ദൈവത്തിന്റെ നിലവാരങ്ങൾക്കുമേലായി തന്റെ നിലവാരങ്ങൾ പ്രതിഷ്‌ഠിക്കുകയാണെന്നും അങ്ങനെ ദൈവദൃഷ്ടിയിൽ നീതികെട്ടവനായി തീരുകയാണെന്നും ആ വ്യക്തി തിരിച്ചറിയുന്നില്ല.
9 ‘അതിനീതിമാൻ,’ മറ്റു ചില ഭാഷാന്തരങ്ങൾ പറയുന്നതനുസരിച്ച് ‘അമിതനീതിമാൻ’ അല്ലെങ്കിൽ ‘അതീവ നീതിമാൻ’ ആകുന്നത് യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തെ ചോദ്യംചെയ്യുന്നതിലേക്കുപോലും നമ്മെ നയിച്ചേക്കാം. യഹോവയുടെ തീരുമാനങ്ങളുടെ ഔചിത്യവും ന്യായവും ചോദ്യംചെയ്യുമ്പോൾ നാം വാസ്‌തവത്തിൽ ദിവ്യനീതിക്കുമേലായി നമ്മുടെ നീതിയെ ഉയർത്താൻ തുടങ്ങുകയാണ് എന്നകാര്യം മനസ്സിൽപ്പിടിക്കണം. യഹോവയെ പ്രതിക്കൂട്ടിൽ നിറുത്തി തെറ്റും ശരിയും സംബന്ധിച്ച നമ്മുടെ നിലവാരങ്ങളുടെ അടിസ്ഥാനത്തിൽ അവനെ വിചാരണചെയ്യുന്നതുപോലെയാണ് അത്. എന്നാൽ ഓർക്കുക: നീതിയുടെ കാര്യത്തിൽ നിലവാരങ്ങൾ വെക്കാൻ അർഹതയുള്ളത് നമുക്കല്ല, യഹോവയ്‌ക്കാണ്!—റോമ. 14:10.
10. ഇയ്യോബിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ നാം ദൈവത്തെ വിധിക്കാൻ എന്ത് ഇടയാക്കിയേക്കാം?
10 നമ്മളാരും അറിഞ്ഞുകൊണ്ട് ദൈവത്തെ വിധിക്കില്ല. പക്ഷേ, നമ്മുടെ അപൂർണതനിമിത്തം നാം അത് ചെയ്യാൻ ഇടവന്നേക്കാം. നമുക്ക് അന്യായമെന്നു തോന്നുന്ന എന്തെങ്കിലും നിരീക്ഷിക്കുകയോ കഷ്ടതകളിലൂടെ കടന്നുപോകുകയോ ചെയ്യുമ്പോൾ ഈ തെറ്റിലേക്ക് വഴുതിവീഴാൻ എളുപ്പമാണ്. എന്തിന്, വിശ്വസ്‌ത പുരുഷനായ ഇയ്യോബിനുപോലും ഇതു സംഭവിച്ചു. ഇയ്യോബ് തുടക്കത്തിൽ “നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.” (ഇയ്യോ. 1:1) എന്നാൽ പിന്നീട് ഒന്നിനു പുറകെ ഒന്നായി അവന്റെമേൽ ദുരന്തങ്ങൾ ആഞ്ഞടിച്ചപ്പോൾ അതെല്ലാം അവന് അന്യായമായി തോന്നി; “ദൈവത്തെക്കാൾ തന്നെത്താൻ നീതീകരി”ക്കാൻ അത് അവനെ പ്രേരിപ്പിച്ചു. (ഇയ്യോ. 32:1, 2) ഇയ്യോബ് തന്റെ വീക്ഷണം തിരുത്തേണ്ടതുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ നമ്മളും അങ്ങനെയൊക്കെ ചിന്തിച്ചുപോയേക്കാം. അങ്ങനെ സംഭവിക്കുന്നപക്ഷം നമ്മുടെ ചിന്താഗതിക്ക് മാറ്റം വരുത്താൻ നമ്മെ എന്തു സഹായിക്കും?
പലപ്പോഴും എല്ലാ വസ്‌തുതകളും നമുക്ക് അറിയില്ല
11, 12. (എ) ഒരു കാര്യം ന്യായമല്ലെന്നു തോന്നുന്നെങ്കിൽ നാം എന്തു മനസ്സിൽപ്പിടിക്കണം? (ബി) യേശുവിന്റെ ദൃഷ്ടാന്തത്തിലെ വീട്ടുടയവൻ ചെയ്‌തത് ശരിയായില്ലെന്ന് ചിലർ ചിന്തിച്ചേക്കാവുന്നത് എന്തുകൊണ്ട്?
11 പലപ്പോഴും എല്ലാ വസ്‌തുതകളും നമുക്ക് അറിയില്ല എന്നതാണ് നാം മനസ്സിൽപ്പിടിക്കേണ്ട ഒന്നാമത്തെ കാര്യം. ഇയ്യോബിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. സ്വർഗത്തിൽ ദൂതന്മാരുടെ ഒരു യോഗം നടന്നതും അവിടെവെച്ച് സാത്താൻ അവനെക്കുറിച്ച് വ്യാജാരോപണങ്ങൾ ഉന്നയിച്ചതും അവന് അറിയില്ലായിരുന്നു. (ഇയ്യോ. 1:7-12; 2:1-6) തന്റെ പ്രശ്‌നങ്ങൾക്കുപിന്നിൽ സാത്താനാണെന്ന് ഇയ്യോബ് തിരിച്ചറിഞ്ഞിരുന്നില്ല. സാത്താൻ യഥാർഥത്തിൽ ആരാണെന്നുപോലും ഇയ്യോബിന് അറിയാമായിരുന്നോ എന്ന് നമുക്ക് ഉറപ്പില്ല. അതുകൊണ്ട് ദൈവമാണ് തനിക്ക് പ്രശ്‌നങ്ങൾ വരുത്തുന്നതെന്ന് അവൻ തെറ്റായി നിഗമനം ചെയ്‌തു. വസ്‌തുതകൾ പൂർണമായി അറിയില്ലെങ്കിൽ നാം എളുപ്പം തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ഇടയുണ്ടെന്നല്ലേ ഇതു കാണിക്കുന്നത്?
12 മുന്തിരിത്തോട്ടത്തിലെ വേലക്കാരെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ചിന്തിക്കുക. (മത്തായി 20:8-16 വായിക്കുക.) ദിവസം മുഴുവൻ പണിയെടുത്തവർക്കും വെറും ഒരു മണിക്കൂർ പണിയെടുത്തവർക്കും ഒരേ കൂലി കൊടുത്ത വീട്ടുടയവനെക്കുറിച്ച് യേശു അതിൽ പറയുകയുണ്ടായി. അതേക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? അത് ന്യായമായിരുന്നോ? ദിവസം മുഴുവൻ പൊരിവെയിലത്ത് അധ്വാനിച്ച വേലക്കാരോട് നിങ്ങൾക്ക് ഒരുപക്ഷേ സഹതാപം തോന്നുന്നുണ്ടാകാം. അവർക്ക് കൂടുതൽ കൂലി ലഭിക്കേണ്ടതായിരുന്നു എന്നായിരിക്കാം നിങ്ങളുടെ അഭിപ്രായം. ഈ രീതിയിൽ വീക്ഷിച്ചാൽ ആ വീട്ടുടയവൻ ചെയ്‌തത് ശരിയായില്ലെന്നും അദ്ദേഹം സ്‌നേഹശൂന്യമായാണ് പെരുമാറിയതെന്നും നിഗമനം ചെയ്യാൻ ഇടവന്നേക്കാം. പരാതിയുമായി വന്ന വേലക്കാർക്ക് അദ്ദേഹം നൽകിയ മറുപടിപോലും അധികാരമുള്ളതിന്റെ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ വസ്‌തുതകളും നമുക്കറിയാമോ?
13. മുന്തിരിത്തോട്ടത്തിലെ വേലക്കാരെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം വ്യത്യസ്‌തമായ ഒരു വീക്ഷണകോണിലൂടെ എങ്ങനെ നോക്കിക്കാണാം?
13 ഇനി ഈ ദൃഷ്ടാന്തത്തെ നമുക്ക് വ്യത്യസ്‌തമായ ഒരു വീക്ഷണകോണിലൂടെ നോക്കിക്കാണാം. തന്റെ അടുത്ത് പണിക്കു വന്നവർക്കെല്ലാം കുടുംബത്തെ പോറ്റേണ്ടതുണ്ട് എന്ന കാര്യം വീട്ടുടയവന് അറിയാമായിരുന്നു. യേശുവിന്റെ കാലത്ത്, കൃഷിപ്പണിയെടുക്കുന്നവർക്ക് ദിവസക്കൂലിയാണ് ലഭിച്ചിരുന്നത്. അന്നന്നു കിട്ടുന്ന കൂലികൊണ്ടു വേണം അവരുടെ കുടുംബംപുലരാൻ. ഇതു മനസ്സിൽവെച്ചുകൊണ്ട്, പതിനൊന്നാം മണി നേരത്ത് വീട്ടുടയവൻ പണിക്കു വിളിച്ച വേലക്കാരെക്കുറിച്ച് ഒന്നു ചിന്തിക്കുക. അവർക്ക് ഒരു മണിക്കൂർ മാത്രമാണ് പണിചെയ്യാൻ കഴിഞ്ഞത്. കുടുംബത്തെ പോറ്റാൻ ഒരു മണിക്കൂർ നേരത്തെ കൂലി തികയില്ലെന്ന് അറിയാമായിരുന്നിട്ടും പണിചെയ്യാൻ അവർ സന്നദ്ധരായിരുന്നു, ആരെങ്കിലും തങ്ങളെ കൂലിക്കുവിളിക്കുമെന്ന പ്രതീക്ഷയിൽ അവർ ദിവസം മുഴുവൻ കാത്തുനിന്നു. (മത്താ. 20:1-7) അവരുടെ കുഴപ്പംകൊണ്ടല്ല അവർക്ക് പകൽ മുഴുവൻ പണിചെയ്യാൻ പറ്റാതിരുന്നത്. പണിയെടുക്കാതിരിക്കാൻ അവർ മനഃപൂർവം ശ്രമിച്ചതായി ഒരു സൂചനയുമില്ല. ആ വേലക്കാരുടെ സ്ഥാനത്ത് നിങ്ങളെ ഒന്നു കണ്ടുനോക്കൂ. നിങ്ങൾക്കു കിട്ടുന്ന കൂലികൊണ്ടുവേണം ‘അടുപ്പിൽ തീ പുകയാൻ’ എന്ന് അറിയാവുന്നതിനാൽ ഒരു പണിക്കുവേണ്ടി ദിവസം മുഴുവൻ നിങ്ങൾ കാത്തിരിക്കുന്നു. ഒടുവിൽ ഒരു പണി ലഭിക്കുമ്പോൾ നിങ്ങൾക്ക് എത്ര സന്തോഷം തോന്നും. ചെയ്‌ത പണിയുടെമാത്രം കൂലി പ്രതീക്ഷിച്ചിരുന്ന നിങ്ങൾക്ക് ഒരു ദിവസത്തെ മുഴുവൻ കൂലിയും ലഭിക്കുന്നു! നിങ്ങൾക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല, അല്ലേ?
14. മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽനിന്ന് നാം പ്രധാനപ്പെട്ട ഏതു പാഠം പഠിക്കുന്നു?
14 ഇത്രയും പരിചിന്തിച്ചതിന്റെ അടിസ്ഥാനത്തിൽ നമുക്കിപ്പോൾ വീട്ടുടയവന്റെ പ്രവൃത്തിയെക്കുറിച്ച് ഒന്നു പുനർവിചിന്തനം ചെയ്യാം. അദ്ദേഹം ആർക്കും കൂലി കുറച്ചുകൊടുത്തില്ല. കുടുംബം പുലർത്തുന്നതിനു ജോലിചെയ്യാൻ ഓരോരുത്തർക്കുമുള്ള അവകാശത്തെ അദ്ദേഹം മാനിച്ചു. ആവശ്യത്തിലേറെ പണിക്കാരെ കിട്ടുമായിരുന്നതിനാൽ സാഹചര്യം മുതലെടുത്ത് കുറഞ്ഞ കൂലിക്ക് വേലക്കാരെക്കൊണ്ട് പണിയെടുപ്പിക്കാമെന്ന് അദ്ദേഹം ചിന്തിച്ചില്ല. കുടുംബത്തിന്റെ വിശപ്പടക്കാൻ ആവശ്യമായ പണവുമായാണ് അന്ന് എല്ലാവരും വീട്ടിലേക്ക് മടങ്ങിയത്. കൂടുതലായ ഈ വിശദാംശങ്ങൾ വീട്ടുടയവനെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാടുതന്നെ മാറ്റാൻപോന്നതാണ്. സ്‌നേഹത്തിൽ അധിഷ്‌ഠിതമായ ഒരു തീരുമാനമായിരുന്നു അദ്ദേഹത്തിന്റേത്; അല്ലാതെ, അദ്ദേഹം തന്റെ അധികാരം ദുരുപയോഗം ചെയ്യുകയായിരുന്നില്ല. ഇതിൽനിന്ന് നമുക്കെന്തു പഠിക്കാം?
വസ്‌തുതകൾ മുഴുവനും അറിയില്ലെങ്കിൽ നാം തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ഇടയുണ്ട്. ദൈവത്തിന്റെ നീതി കേവലം നിയമാവലികളെയോ മനുഷ്യന്റെ യോഗ്യതയെയോ അടിസ്ഥാനമാക്കിയുള്ളതല്ല എന്നു വ്യക്തമാക്കുന്ന ഈ ദൃഷ്ടാന്തം ദിവ്യനീതിയുടെ ശ്രേഷ്‌ഠത ഉയർത്തിക്കാട്ടുന്നു.നമ്മുടെ വീക്ഷണം വികലമോ പരിമിതമോ ആയിരിക്കാം
15. നീതിയും ന്യായവും സംബന്ധിച്ച നമ്മുടെ കാഴ്‌ചപ്പാട് വികലമോ പരിമിതമോ ആയിത്തീർന്നേക്കാവുന്നത് എന്തുകൊണ്ട്?
15 നമ്മുടെ വീക്ഷണം വികലമോ പരിമിതമോ ആയിരിക്കാം. ഒരു സംഗതി ന്യായമല്ലെന്നു തോന്നുന്നെങ്കിൽ ഓർക്കേണ്ട രണ്ടാമത്തെ കാര്യമാണിത്. നമ്മുടെ അപൂർണത, മുൻവിധി, പശ്ചാത്തലം എന്നിവയ്‌ക്കെല്ലാം നമ്മുടെ വീക്ഷണത്തെ വികലമാക്കാനാകും. മറ്റുള്ളവരുടെ ആന്തരം മനസ്സിലാക്കാനും അവരുടെ ഉള്ളിലുള്ളത് ഗ്രഹിക്കാനും നമുക്ക് കഴിവില്ല; അതുകൊണ്ട് നമ്മുടെ വീക്ഷണം പരിമിതവുമായിരിക്കും. എന്നാൽ യഹോവയ്‌ക്കോ യേശുവിനോ അത്തരം പരിമിതികളില്ല.—സദൃ. 24:12; മത്താ. 9:4; ലൂക്കോ. 5:22.
16, 17. വ്യഭിചാരത്തോടു ബന്ധപ്പെട്ട ന്യായപ്രമാണ നിയമം യഹോവ ദാവീദിന്റെയും ബത്ത്-ശേബയുടെയും കാര്യത്തിൽ അതേപടി നടപ്പാക്കാതിരുന്നത് എന്തുകൊണ്ടായിരിക്കാം?
16 നമുക്കിനി ദാവീദ് ബത്ത്-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടതിനെക്കുറിച്ചുള്ള വിവരണം ഒന്ന് പരിശോധിക്കാം. (2 ശമൂ. 11:2-5) ദൈവം ഇസ്രായേല്യർക്കു നൽകിയ ന്യായപ്രമാണം അനുസരിച്ച് അവർ ഇരുവരും മരണശിക്ഷയ്‌ക്ക് അർഹരായിരുന്നു. (ലേവ്യ. 20:10; ആവ. 22:22) യഹോവ അവരെ ശിക്ഷിച്ചെങ്കിലും ആ ന്യായപ്രമാണം അനുസരിച്ചുള്ള ശിക്ഷ നടപ്പാക്കിയില്ല. അവൻ ആ ചെയ്‌തത് ന്യായമായിരുന്നോ? ദാവീദിനോട് പക്ഷപാതം കാട്ടുകയായിരുന്നോ അവൻ? തന്റെ നീതിയുള്ള നിലവാരങ്ങളിൽ ദൈവം വെള്ളം ചേർക്കുകയായിരുന്നോ? ബൈബിൾ വായിക്കുന്ന ചിലരുടെ മനസ്സിലൂടെ കടന്നുപോയിട്ടുള്ള ചോദ്യങ്ങളാണിവ.
17 എന്നാൽ ഒരു കാര്യം ഓർക്കുക: വ്യഭിചാരവുമായി ബന്ധപ്പെട്ട ഈ നിയമം യഹോവ നൽകിയത് മറ്റുള്ളവരുടെ ഹൃദയത്തിലുള്ളതു മനസ്സിലാക്കാൻ കഴിയാത്ത അപൂർണരായ ന്യായാധിപന്മാർക്കാണ്. ഈ നിയമം ഉപയോഗിച്ച് അവർക്ക് എല്ലായ്‌പോഴും ഒരേ രീതിയിൽ വിധി നടപ്പാക്കാൻ കഴിയുമായിരുന്നു. എന്നാൽ അവരിൽനിന്ന് വ്യത്യസ്‌തമായി യഹോവയ്‌ക്ക് മറ്റുള്ളവരുടെ ഹൃദയത്തിലുള്ളത് അറിയാൻ കഴിയും. (ഉല്‌പ. 18:25; 1 ദിന. 29:17) ആ സ്ഥിതിക്ക്, അപൂർണരായ ന്യായാധിപന്മാർക്കുവേണ്ടി തയ്യാറാക്കിയ നിയമമനുസരിച്ച് യഹോവ പ്രവർത്തിക്കണമെന്നു പ്രതീക്ഷിക്കുന്നത് ഉചിതമായിരിക്കുമോ? നല്ല കാഴ്‌ചശക്തിയുള്ള ഒരാളെ കാഴ്‌ചശക്തി കുറഞ്ഞവർ ഉപയോഗിക്കുന്ന കണ്ണട ധരിക്കാൻ നിർബന്ധിക്കുന്നതുപോലെ ആയിരിക്കില്ലേ അത്? ദാവീദിന്റെയും ബത്ത്-ശേബയുടെയും ഹൃദയം വായിക്കാൻ കഴിഞ്ഞ യഹോവയ്‌ക്ക് അവരുടെ ആത്മാർഥമായ അനുതാപം മനസ്സിലാക്കാൻ സാധിച്ചു. അക്കാര്യം കണക്കിലെടുത്തുകൊണ്ടാണ് അവൻ അവരെ ന്യായംവിധിച്ചത്; കരുണാപൂർവം, സ്‌നേഹത്തോടെ അവൻ നീതി നടപ്പാക്കി.
യഹോവയുടെ നീതി അന്വേഷിക്കുന്നതിൽ തുടരുക
18, 19. നീതിയെക്കുറിച്ചുള്ള നമ്മുടെ നിലവാരങ്ങൾവെച്ച് ഒരിക്കലും യഹോവയെ വിധിക്കാതിരിക്കാൻ നമ്മെ എന്തു സഹായിക്കും?
18 നമ്മുടെ വ്യക്തിജീവിതത്തിലായാലും തിരുവെഴുത്തു ഭാഗങ്ങൾ വായിക്കുമ്പോഴായാലും യഹോവ ചെയ്‌ത ഏതെങ്കിലും ഒരു പ്രവൃത്തി ന്യായമല്ല എന്നു തോന്നിയാൽ നീതി സംബന്ധിച്ച നമ്മുടെ നിലവാരങ്ങൾവെച്ച് ദൈവത്തെ വിധിക്കരുത്. നമുക്കെപ്പോഴും എല്ലാ വസ്‌തുതകളും അറിയില്ലെന്നും നമ്മുടെ വീക്ഷണം വികലമോ പരിമിതമോ ആയിരിക്കാമെന്നും മനസ്സിൽപ്പിടിക്കുക. “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നിവർത്തിക്കുന്നില്ല” എന്ന കാര്യം മറക്കരുത്. (യാക്കോ. 1:19, 20) അങ്ങനെയാകുമ്പോൾ ഒരിക്കലും നമ്മുടെ ‘ഹൃദയം യഹോവയോടു മുഷിഞ്ഞുപോകില്ല.’—സദൃ. 19:3.
19 നല്ലത് എന്താണ് നീതി എന്താണ് എന്നു നിർണയിക്കാൻ യഹോവയ്‌ക്കു മാത്രമേ അവകാശമുള്ളൂ എന്ന് യേശുവിനെപ്പോലെ നമുക്കും എപ്പോഴും അംഗീകരിക്കാം. (മർക്കോ. 10:17, 18) ദൈവത്തിന്റെ നിലവാരങ്ങളെക്കുറിച്ച് ‘പരിജ്ഞാനം’ അഥവാ ‘ശരിയായ അറിവ്’ നേടാൻ ശ്രമിക്കുക. (2 തിമൊ. 3:7; റോമ. 10:2, പി.ഒ.സി. ബൈബിൾ) ആ നിലവാരങ്ങൾ അംഗീകരിക്കുകയും യഹോവയുടെ ഹിതത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുമ്പോൾ നാം ഒന്നാമത് ‘അവന്റെ നീതി അന്വേഷിക്കുകയായിരിക്കും.’—മത്താ. 6:33.
[അടിക്കുറിപ്പ്]
^ ഖ. 5 “സ്ഥാപിക്കാൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന് ‘സ്‌മാരകം പണിതുയർത്തുക’ എന്നൊരു അർഥവുമുണ്ട് എന്ന് ഒരു പണ്ഡിതൻ പറയുന്നു. ആ യഹൂദന്മാർ ഫലത്തിൽ ദൈവമഹത്ത്വത്തിനല്ല സ്വന്തം മഹത്ത്വത്തിനായി ഒരു ആലങ്കാരിക സ്‌മാരകം പണിതുയർത്തുകയായിരുന്നു.
ഓർമിക്കുന്നുവോ?
• യഹോവയുടെ നീതി അന്വേഷിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• ഏതു രണ്ട് അപകടങ്ങൾ നാം ഒഴിവാക്കണം?
• നമുക്ക് എങ്ങനെ ഒന്നാമത് ദൈവത്തിന്റെ നീതി അന്വേഷിക്കാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രം]
ആലയത്തിൽവെച്ച് പ്രാർഥിച്ച രണ്ടുപേരെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു?
[10-ാം പേജിലെ ചിത്രം]
പതിനൊന്നാം മണി നേരത്ത് വന്നവർക്കും ദിവസം മുഴുവൻ പണി ചെയ്‌തവർക്കും ഒരേ കൂലി കൊടുത്തത് ന്യായമായിരുന്നോ?