വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“നിങ്ങളുടെ സ്വർഗീയ പിതാവ്‌ പരിപൂർണൻ ആയിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ” എന്ന്‌ യേശു തന്റെ ശ്രോതാക്കളോടു പറഞ്ഞല്ലോ. പക്ഷേ, മനുഷ്യർക്ക്‌ എങ്ങനെയാണ്‌ ‘പരിപൂർണരായിരിക്കാൻ’ കഴിയുന്നത്‌?—മത്താ. 5:48.

ഉത്തരത്തിനായി നമുക്ക്‌ ആദ്യം “പൂർണത,” “പരിപൂർണത” എന്നീ വാക്കുകൾ ബൈബിളിൽ എങ്ങനെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്നു നോക്കാം. തിരുവെഴുത്തുകളിൽ ‘പരിപൂർണം’ എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്തും എല്ലാ അർഥത്തിലും പൂർണം അഥവാ തികഞ്ഞത്‌ ആയിരിക്കണമെന്നില്ല. ആ വിധത്തിൽ പൂർണനായിരിക്കുന്നത്‌ യഹോവ മാത്രമാണ്‌. ആളുകൾക്ക്‌ അല്ലെങ്കിൽ വസ്‌തുക്കൾക്ക്‌ ആപേക്ഷിക അർഥത്തിൽ മാത്രമേ പൂർണത അവകാശപ്പെടാനാകൂ. ബൈബിളിൽ ‘പരിപൂർണത’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്ക്‌ പദങ്ങൾക്ക്‌ സാധാരണഗതിയിൽ, അധികാരപ്പെട്ടവർ വെച്ചിരിക്കുന്ന നിലവാരങ്ങൾക്കൊത്ത “തികവ്‌,” “പക്വത,” “അന്യൂനത” എന്നൊക്കെയാണ്‌ അർഥം. ആപേക്ഷികമായ അർഥത്തിലാണ്‌ ഈ വാക്ക്‌ ദൈനംദിന സംസാരത്തിൽ കൂടുതലും ഉപയോഗിക്കുന്നത്‌. “പൂർണ ആരോഗ്യം” എന്നു പറയുന്നത്‌ ഇതിനൊരു ഉദാഹരണമാണ്‌.

ധാർമികവും ആത്മീയവും ശാരീരികവും ആയി പൂർണരായിട്ടാണ്‌ യഹോവ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്‌. മനുഷ്യരോടുള്ള ബന്ധത്തിൽസ്രഷ്ടാവ്‌ വെച്ചിരിക്കുന്ന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ അവർ പൂർണരായിരുന്നു. അനുസരണക്കേടു കാണിച്ചതിനാൽ പിന്നീട്‌ ആ നിലവാരങ്ങൾക്കൊത്തു ജീവിക്കാൻ അവർക്കു കഴിയാതായി. അങ്ങനെ അവർക്കും അവരുടെ സന്താനങ്ങൾക്കും പൂർണത നഷ്ടമായി. അതെ, ആദാമിലൂടെയാണ്‌ പാപവും അപൂർണതയും മരണവും മനുഷകുലത്തെ ബാധിച്ചത്‌.—റോമ. 5:12.

എന്നിരുന്നാലും, ഗിരിപ്രഭാഷണത്തിൽ യേശു വ്യക്തമാക്കിയതുപോലെ അപൂർണരായ മനുഷ്യർക്കുപോലും ആപേക്ഷികമായ അർഥത്തിൽ പൂർണരായിരിക്കാനാകും. യേശു ആ പ്രഭാഷണത്തിൽ പരിപൂർണമായ അഥവാ തികഞ്ഞ സ്‌നേഹം എന്നാൽ എന്താണെന്നു വിശദീകരിച്ചു. ദൈവം മനുഷ്യരോടു കാണിക്കുന്നതുപോലുള്ള സ്‌നേഹമാണത്‌. യേശു പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ; സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു നിങ്ങൾ പുത്രന്മാരായിത്തീരേണ്ടതിനുതന്നെ; ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും അവൻ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ.” (മത്താ. 5:44, 45) മറ്റുള്ളവരെ ഇത്തരത്തിൽ സ്‌നേഹിക്കുമ്പോൾ ക്രിസ്‌തുശിഷ്യന്മാർ ദൈവത്തിന്റെ പരിപൂർണമായ മാതൃക അനുകരിക്കുകയാണെന്നു പറയാനാകും.

ഇന്ന്‌ ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ മറ്റുള്ളവരോട്‌ ആ വിധത്തിൽ ഉദാത്തമായ സ്‌നേഹം കാണിക്കാൻ പരമാവധി യത്‌നിക്കുന്നു. സത്യത്തിന്റെ സൂക്ഷ്‌മപരിജ്ഞാനം നേടാൻ എല്ലാ സംസ്‌കാരങ്ങളിലും വംശങ്ങളിലും മതപശ്ചാത്തലങ്ങളിലുംപെട്ട ആളുകളെ സഹായിക്കുന്നവരാണ്‌ അവർ. 236 ദേശങ്ങളിലായി സാക്ഷികൾ താത്‌പര്യക്കാരുമായി 70 ലക്ഷത്തിലധികം ബൈബിളധ്യയനങ്ങൾ നടത്തുന്നു.

“നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? നിങ്ങളുടെ സഹോദരന്മാരെമാത്രം വന്ദനംചെയ്‌താൽ നിങ്ങൾ എന്തു വിശേഷകാര്യം ചെയ്യുന്നു? വിജാതീയരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ?” എന്ന്‌ യേശു ചോദിച്ചു. (മത്താ. 5:46, 47) വിദ്യാഭ്യാസമോ വംശീയ പശ്ചാത്തലമോ നോക്കി സത്യക്രിസ്‌ത്യാനികൾ ആരോടും പക്ഷപാതം കാണിക്കുന്നില്ല. തിരികെ ഒന്നും നൽകാൻ കഴിയാത്തവരെപ്പോലും അവർ സ്‌നേഹിക്കുന്നു; പാവങ്ങളെയും രോഗികളെയും കുട്ടികളെയും പ്രായമായവരെയും എല്ലാം സഹായിക്കുന്നു. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ സ്‌നേഹിക്കുന്ന കാര്യത്തിൽ ക്രിസ്‌ത്യാനികൾ യഹോവയെ അനുകരിക്കുകയാണ്‌. അങ്ങനെ ആപേക്ഷികമായ അർഥത്തിൽ അവർക്ക്‌ പൂർണരായിരിക്കാൻ കഴിയും.

ആദാം നഷ്ടപ്പെടുത്തിയ പരിപൂർണത നമുക്ക്‌ എന്നെങ്കിലും തിരികെക്കിട്ടുമോ? തീർച്ചയായും. സഹസ്രാബ്ദ വാഴ്‌ചക്കാലത്ത്‌ ക്രിസ്‌തു ‘പിശാചിന്റെ പ്രവൃത്തികളെ തകർത്തുകഴിയുമ്പോൾ,’ മറുവിലായാഗത്തിൽ വിശ്വാസമർപ്പിക്കുന്ന അനുസരണമുള്ള മനുഷ്യവർഗം എല്ലാ അർഥത്തിലും പരിപൂർണരായിത്തീരും.—1 യോഹ. 3:8.