വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ പാടിസ്‌തുതിക്കുവിൻ!

യഹോവയെ പാടിസ്‌തുതിക്കുവിൻ!

യഹോവയെ പാടിസ്‌തുതിക്കുവിൻ!

“ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.”—സങ്കീ. 146:2.

1. ചില സങ്കീർത്തനങ്ങൾ രചിക്കാൻ ബാലനായ ദാവീദിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

ബാലനായ ദാവീദ്‌ ബേത്ത്‌ലെഹെമിന്‌ അടുത്തുള്ള പുൽപ്പുറങ്ങളിൽ ഏറെ സമയം ചെലവഴിച്ചിരുന്നു. അപ്പന്റെ ആടുകളെ മേയ്‌ച്ചുനടന്ന അവന്‌ യഹോവയുടെ അത്ഭുതകരമായ സൃഷ്ടികളെ നിരീക്ഷിക്കാൻ ധാരാളം അവസരം ലഭിച്ചു. ‘കാട്ടിലെ മൃഗങ്ങളും’ ‘ആകാശത്തിലെ പക്ഷികളും’ താരനിബിഡമായ വിഹായസ്സും അവനെ ആകർഷിച്ചിട്ടുണ്ടാകാം; അവൻ അതെല്ലാം കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ടാവണം. ആ മനോഹര കാഴ്‌ചകൾ അവനിൽ സംഗീതമുണർത്തി; അവയെയെല്ലാം സൃഷ്ടിച്ചവനെ സ്‌തുതിക്കുന്ന ശ്രുതിമധുരമായ ഗാനങ്ങൾ അവൻ രചിച്ചു. ദാവീദിന്റെ കീർത്തനങ്ങളിൽ പലതും ഇന്ന്‌ സങ്കീർത്തനപുസ്‌തകത്തിന്റെ ഭാഗമാണ്‌. *സങ്കീർത്തനം 8:3, 4, 7-9 വായിക്കുക.

2. (എ) സംഗീതത്തിന്‌ ഒരു വ്യക്തിയുടെമേൽ എന്തു പ്രഭാവം ചെലുത്താനാകും? ഒരു ഉദാഹരണം പറയുക. (ബി) യഹോവയുമായി ദാവീദിനുള്ള ബന്ധത്തെക്കുറിച്ച്‌ സങ്കീർത്തനം 34:7, 8-ഉം 139:2-8-ഉം നമ്മെ എന്തു പഠിപ്പിക്കുന്നു?

2 ദാവീദ്‌ സംഗീതത്തിൽ വൈദഗ്‌ധ്യം നേടിയെടുത്തത്‌ സാധ്യതയനുസരിച്ച്‌ ഈ കാലയളവിലായിരിക്കും. ശൗൽരാജാവിനുവേണ്ടി കിന്നരം വായിക്കാൻ കൊട്ടാരത്തിലേക്ക്‌ അവനു ക്ഷണം ലഭിച്ചു; അവന്റെ കീർത്തി അത്ര വ്യാപകമായിരുന്നു. (സദൃ. 22:29) അസ്വസ്ഥനായിരുന്ന ആ രാജാവിന്റെ മനസ്സിന്‌ സാന്ത്വനമേകാൻ ദാവീദിന്റെ സംഗീതത്തിനായി. ദാവീദ്‌ കിന്നരം വായിച്ചുതുടങ്ങുമ്പോൾ ‘ശൗലിന്‌ ആശ്വാസവും സുഖവും ഉണ്ടാകും.’ (1 ശമൂ. 16:23) നല്ല സംഗീതത്തിന്റെ പ്രത്യേകതയായി ഇന്നും ഇത്‌ അംഗീകരിക്കപ്പെടുന്നു. സംഗീതജ്ഞനും ഗാനരചയിതാവുമായ ഈ ദൈവദാസന്റെ ഗാനങ്ങൾക്കുമുന്നിൽ കാലം തിരശ്ശീല താഴ്‌ത്തിയില്ല. ഒന്നു ചിന്തിച്ചുനോക്കൂ: ദാവീദ്‌ ജനിച്ച്‌ ഏതാണ്ട്‌ 3,000 വർഷം കഴിഞ്ഞിരിക്കുന്നു; പക്ഷേ ഇന്നും ലോകമെമ്പാടും വ്യത്യസ്‌ത തുറകളിൽപ്പെട്ട ദശലക്ഷങ്ങൾ ആശ്വാസവും സാന്ത്വനവും തേടി ദാവീദിന്റെ സങ്കീർത്തനങ്ങളിലേക്കു തിരിയുന്നു; അതിൽ അവർ പ്രത്യാശയുടെ കിരണങ്ങൾ ദർശിക്കുന്നു.—2 ദിന. 7:6; സങ്കീർത്തനം 34:7, 8; 139:2-8 വായിക്കുക; ആമോ. 6:5.

സത്യാരാധനയിൽ സംഗീതത്തിന്റെ സ്ഥാനം

3, 4. ദാവീദിന്റെ നാളിൽ ദൈവത്തെ പാടിസ്‌തുതിക്കാനായി എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്‌തിരുന്നു?

3 ദാവീദ്‌ നിപുണനായ സംഗീതജ്ഞനായിരുന്നു. അവൻ തന്റെ കഴിവ്‌ ശ്രേഷ്‌ഠമായ ഒരു കാര്യത്തിനായി, യഹോവയെ പുകഴ്‌ത്താനായി വിനിയോഗിച്ചു. ഇസ്രായേലിൽ രാജാവായശേഷം സമാഗമന കൂടാരത്തിലെ ആരാധനയിൽ അവൻ മനോഹരമായ ഗാനങ്ങളും ഉൾപ്പെടുത്തി. ആലയത്തിൽ ശുശ്രൂഷ ചെയ്‌തിരുന്ന ലേവ്യരിൽ പത്തുശതമാനത്തിലധികം പേരെ, ഏതാണ്ട്‌ 4,000 പേരെ, “യഹോവയെ സ്‌തുതി”ക്കാനായി നിയമിച്ചു. അതിൽ 288 പേർ “യഹോവെക്കു സംഗീതം ചെയ്‌വാൻ അഭ്യാസം പ്രാപിച്ച നിപുണന്മാ”രായിരുന്നു.—1 ദിന. 23:3, 5; 25:7.

4 ദാവീദ്‌ രചിച്ചതായിരുന്നു ലേവ്യർ ആലപിച്ച പല പാട്ടുകളും. ആലയത്തിൽ ദാവീദിന്റെ സങ്കീർത്തനങ്ങൾ ആലപിച്ചിരുന്ന സമയത്ത്‌ അവിടെ ആയിരിക്കാൻ കഴിഞ്ഞ ഇസ്രായേല്യർക്ക്‌ അത്‌ അവിസ്‌മരണീയമായ ഒരു അനുഭവമായിരുന്നിരിക്കണം. അവർ ശ്രുതിമധുരമായ ആ സംഗീതത്തിൽ ലയിച്ചുപോയിട്ടുണ്ടാകും. പിന്നീട്‌ നിയമപെട്ടകം യെരുശലേമിലേക്കു കൊണ്ടുവന്നപ്പോൾ “ദാവീദ്‌ ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്‌പിച്ചു.”—1 ദിന. 15:16.

5, 6. (എ) ദാവീദിന്റെ വാഴ്‌ചക്കാലത്ത്‌ സംഗീതത്തിന്‌ ഏറെ പ്രാധാന്യം നൽകിയിരുന്നത്‌ എന്തുകൊണ്ട്‌? (ബി) പുരാതന ഇസ്രായേല്യരുടെ ആരാധനയിൽ സംഗീതത്തിനു മുഖ്യസ്ഥാനം ഉണ്ടായിരുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

5 ദാവീദ്‌ രാജാവിന്റെ കാലത്ത്‌ സംഗീതത്തിന്‌ ഇത്രയധികം പ്രാധാന്യം നൽകിയിരുന്നത്‌ എന്തുകൊണ്ടാണ്‌? രാജാവ്‌ ഒരു സംഗീതജ്ഞനായിരുന്നതുകൊണ്ടു മാത്രമാണോ? അല്ല. അതിന്‌ മറ്റൊരു കാരണവുമുണ്ടായിരുന്നു. നല്ലവനായ ഹിസ്‌കീയാരാജാവ്‌ നൂറ്റാണ്ടുകൾക്കുശേഷം ആലയശുശ്രൂഷ പുനഃസ്ഥാപിച്ചപ്പോൾ അക്കാര്യം വ്യക്തമാക്കപ്പെട്ടു. 2 ദിനവൃത്താന്തം 29:25 പറയുന്നപ്രകാരം “അവൻ (ഹിസ്‌കീയാവ്‌) ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻപ്രവാചകന്റെയും കല്‌പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർമുഖാന്തരം യഹോവ കല്‌പിച്ചിരുന്നു.”

6 അതെ, തന്റെ ആരാധനയിൽ സ്‌തുതിഗീതങ്ങൾ ഉൾപ്പെടുത്താൻ യഹോവ പ്രവാചകന്മാരിലൂടെ കൽപ്പിച്ചിരുന്നു. മറ്റു ലേവ്യർ ചെയ്‌തിരുന്ന സേവനങ്ങളിൽനിന്ന്‌ സംഗീതജ്ഞരായ ലേവ്യരെ ഒഴിവാക്കുകപോലും ചെയ്‌തു. ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനും ഒരുപക്ഷേ പാടി പരിശീലിക്കുന്നതിനും വേണ്ടത്ര സമയം അവർക്ക്‌ ലഭിക്കുന്നതിനായിരുന്നു ഇത്‌.—1 ദിന. 9:33.

7, 8. സ്‌തുതിഗീതങ്ങൾ ആലപിക്കുന്ന കാര്യത്തിൽ എന്തിനാണ്‌ കൂടുതൽ പ്രാധാന്യം?

7 ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം: “ആ ലേവ്യർക്ക്‌ കഴിവുണ്ടായിരുന്നു, പക്ഷേ എന്റെ കാര്യം അതല്ല. ഞാൻ അന്നുണ്ടായിരുന്നെങ്കിൽ സമാഗമന കൂടാരത്തിൽ സംഗീതജ്ഞനായി സേവിക്കാൻ എന്നെ ഒരുകാരണവശാലും തിരഞ്ഞെടുക്കുമായിരുന്നില്ല.” എന്നാൽ ആ സംഗീതജ്ഞരെല്ലാം നിപുണരായിരുന്നില്ല എന്നതാണ്‌ വാസ്‌തവം. അവരിൽ ‘ഗുരുക്കന്മാർ’ മാത്രമല്ല ‘ശിഷ്യരും’ ഉണ്ടായിരുന്നെന്ന്‌ 1 ദിനവൃത്താന്തം 25:8 പറയുന്നു. ഇസ്രായേലിലെ മറ്റു ഗോത്രങ്ങളിൽ അതിനിപുണരായ സംഗീതജ്ഞർ ഉണ്ടായിരുന്നിരിക്കാമെങ്കിലും യഹോവ ലേവ്യരെ മാത്രമാണ്‌ സംഗീതജ്ഞരായി നിയമിച്ചത്‌ എന്നതും ശ്രദ്ധേയമാണ്‌. സംഗീതജ്ഞരായ ആ വിശ്വസ്‌ത ലേവ്യരെല്ലാം ‘ഗുരുശിഷ്യ’ ഭേദമെന്യേ ആത്മാർഥമായി തങ്ങളുടെ ദൗത്യം നിർവഹിച്ചു എന്ന കാര്യം ഉറപ്പാണ്‌.

8 ദാവീദിന്‌ സംഗീതം ഇഷ്ടമായിരുന്നെന്നു മാത്രമല്ല, അവൻ അതിൽ നിപുണനുമായിരുന്നു. എന്നാൽ കഴിവു മാത്രമാണോ ദൈവം കണക്കിലെടുക്കുന്നത്‌? സങ്കീർത്തനം 33:3-ൽ ദാവീദ്‌ എഴുതി: “ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.” ഇവിടെ “നന്നായി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്‌ “കഴിയുന്നത്ര നന്നായി” എന്ന അർഥമാണുള്ളത്‌. അതുകൊണ്ട്‌, തന്നെ സ്‌തുതിക്കാൻ നാം കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടോ എന്നാണ്‌ യഹോവ നോക്കുന്നത്‌. ദാവീദു പറഞ്ഞതിന്റെ സാരം ഇതാണ്‌.

ദാവീദിനുശേഷം സത്യാരാധനയിൽ സംഗീതം

9. ശലോമോന്റെ കാലത്തെ ആലയ സമർപ്പണത്തിൽ പങ്കെടുത്തിരുന്നെങ്കിൽ നിങ്ങൾ എന്തെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമായിരുന്നു എന്നു വർണിക്കുക.

9 ശലോമോന്റെ ഭരണകാലത്തും സത്യാരാധനയിൽ സംഗീതത്തിന്‌ ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. ആലയസമർപ്പണവേളയിൽ അവൻ അതിഗംഭീരമായ ഒരു വാദ്യമേളം ക്രമീകരിച്ചു. പിച്ചളയിൽ തീർത്ത വാദ്യോപകരണങ്ങൾ വായിക്കാൻതന്നെ 120 പേരുണ്ടായിരുന്നു. (2 ദിനവൃത്താന്തം 5:12 വായിക്കുക.) ‘കാഹളക്കാരും (എല്ലാവരും പുരോഹിതന്മാരായിരുന്നു) സംഗീതക്കാരും ഒത്തൊരുമിച്ച്‌ . . . അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്‌ എന്ന്‌ ഏകസ്വരമായി കേൾക്കുമാറ്‌ യഹോവയെ വാഴ്‌ത്തിസ്‌തുതിച്ചു’ എന്ന്‌ ബൈബിൾ പറയുന്നു. ആ ആനന്ദഘോഷം ഉയർന്ന ഉടനെ യഹോവയുടെ അംഗീകാരത്തിന്റെ സൂചനയായി അവന്റെ “ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.” വാദ്യവൃന്ദത്തിന്റെ താളത്തിനൊപ്പിച്ച്‌ ആയിരങ്ങൾവരുന്ന ആ ഗായകസംഘം ആലപിച്ച രാഗമാലിക കേൾക്കാൻ അവിടെയുണ്ടായിരുന്നെങ്കിൽ ആ നിമിഷങ്ങൾ നിങ്ങൾ ഒരിക്കലും മറക്കാനിടയില്ല!—2 ദിന. 5:13.

10, 11. ആദിമ ക്രിസ്‌ത്യാനികളുടെ ആരാധനയിൽ സംഗീതത്തിനു സ്ഥാനമുണ്ടായിരുന്നു എന്നതിന്‌ തെളിവെന്ത്‌?

10 ആദിമ ക്രിസ്‌ത്യാനികളുടെ ആരാധനയിലും സംഗീതത്തിനു സ്ഥാനമുണ്ടായിരുന്നു. സമാഗമനകൂടാരത്തിലോ ആലയത്തിലോ അല്ല വീടുകളിലായിരുന്നു അവർ ഒരുമിച്ചു കൂടിയിരുന്നത്‌. അവർക്കു പീഡനങ്ങളും മറ്റു ബുദ്ധിമുട്ടുകളും നേരിടേണ്ടതുമുണ്ടായിരുന്നു. എങ്കിലും ആ ക്രിസ്‌ത്യാനികൾ ദൈവത്തെ പാടിസ്‌തുതിച്ചു.

11 ‘സങ്കീർത്തനങ്ങളാലും സ്‌തുതികളാലും ഹൃദ്യമായ ആത്മീയഗീതങ്ങളാലും അന്യോന്യം ഉദ്‌ബോധിപ്പിക്കാൻ’ കൊലോസ്യ ക്രിസ്‌ത്യാനികളോട്‌ പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞു. (കൊലോ. 3:16) തടവിലായ പൗലോസും ശീലാസും “പ്രാർഥിക്കുകയും ദൈവത്തെ പാടിസ്‌തുതിക്കുകയും” ചെയ്‌തുകൊണ്ടിരുന്നതായി നാം വായിക്കുന്നു. അന്ന്‌ നോക്കിപ്പാടാൻ പാട്ടുപുസ്‌തകമൊന്നും ഇല്ലെന്നോർക്കണം. (പ്രവൃ. 16:25) ‘അവരെപ്പോലെ തടവിലാകുന്നെങ്കിൽ എത്ര രാജ്യഗീതങ്ങൾ ഓർമയിൽനിന്നു പാടാൻ എനിക്കാകും?’ എന്ന്‌ ചിന്തിച്ചുനോക്കുക.

12. രാജ്യഗീതങ്ങളെ ഗൗരവമായി കാണുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ തെളിയിക്കാം?

12 സംഗീതത്തിനു സത്യാരാധനയിൽ ആദരണീയമായ ഒരു സ്ഥാനമുള്ളതിനാൽ നാം സ്വയം ഇങ്ങനെ ചോദിക്കണം: ‘ഞാൻ അതിനെ ഗൗരവത്തോടെ കാണുന്നുണ്ടോ? സഹോദരീസഹോദരന്മാരോടൊപ്പം പ്രാരംഭഗീതം ആലപിക്കാൻ കഴിയേണ്ടതിന്‌ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും സമയത്തെത്താൻ ഞാൻ കഴിയുന്നത്ര ശ്രമിക്കാറുണ്ടോ, വികാരങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണോ ഞാൻ ഗീതം ആലപിക്കുന്നത്‌? ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനും സേവനയോഗത്തിനും അല്ലെങ്കിൽ പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും ഇടയ്‌ക്കുള്ള ഗീതാലാപനം വെറുമൊരു ഇടവേളയായി, വെറുതെ പുറത്തുപോയി വരാനുള്ള സമയമായി കാണാതിരിക്കാൻ ഞാൻ എന്റെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടോ?’ ഗീതാലാപനവും നമ്മുടെ ആരാധനയുടെ ഭാഗമാണെന്ന കാര്യം മറക്കരുത്‌. നല്ല പാട്ടുകാരാണെങ്കിലും അല്ലെങ്കിലും നമുക്കെല്ലാം ഒത്തൊരുമിച്ച്‌ യഹോവയെ പാടിസ്‌തുതിക്കാനാകും, നാം അങ്ങനെ ചെയ്യുകയും വേണം.—2 കൊരിന്ത്യർ 8:12 താരതമ്യം ചെയ്യുക.

കാലത്തിനൊത്ത മാറ്റം

13, 14. സഭായോഗങ്ങളിൽ നന്നായി പാട്ടു പാടേണ്ടത്‌ എന്തുകൊണ്ട്‌? വിശദീകരിക്കുക.

13 നമ്മുടെ രാജ്യഗീതങ്ങൾക്ക്‌ എത്രയധികം പ്രാധാന്യമുണ്ടെന്നു കാണിക്കുന്ന ഒരു പ്രസ്‌താവന 100-ലേറെ വർഷങ്ങൾക്കുമുമ്പ്‌ സീയോന്റെ വീക്ഷാഗോപുരത്തിൽ വരുകയുണ്ടായി. അതിങ്ങനെയാണ്‌: “തിരുവെഴുത്തു സത്യങ്ങളെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിക്കുന്നത്‌, സത്യം . . . മനസ്സിലും ഹൃദയത്തിലും ആഴ്‌ന്നിറങ്ങുന്നതിനുള്ള ഒരു ഉത്തമ മാർഗമാണ്‌.” നമ്മുടെ ഗീതങ്ങളുടെ ഈരടികളിൽ പലതും തിരുവെഴുത്തുഭാഗങ്ങളിൽനിന്ന്‌ അടർത്തിയെടുത്തിട്ടുള്ളതാണ്‌. അതുകൊണ്ടുതന്നെ, ചില ഗീതങ്ങളുടെയെങ്കിലും ഈരടികൾ മനഃപാഠമാക്കുന്നെങ്കിൽ തിരുവെഴുത്തു സത്യങ്ങൾ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ വേരോടാൻ ഇടയാകും. എല്ലാവരും ചേർന്നുള്ള ഹൃദ്യമായ ഗാനാലാപനം, ആദ്യമായി നമ്മുടെ യോഗങ്ങൾക്കു വരുന്ന പലരെയും ഹഠാദാകർഷിച്ചിട്ടുണ്ട്‌.

14 ഒരു വൈകുന്നേരം റസ്സൽ സഹോദരൻ ജോലി കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്നു. 1869-ലാണ്‌ സംഭവം. ഒരു കുടുസുമുറിയിൽനിന്ന്‌ ഒഴുകിവന്ന സംഗീതം അദ്ദേഹത്തിന്റെ കാതിൽ അലയടിച്ചു. ദൈവത്തെക്കുറിച്ച്‌ അറിയാൻ ശ്രമിച്ചിട്ട്‌ ഇനി കാര്യമില്ല എന്ന്‌ അദ്ദേഹം ചിന്തിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്‌. അതുകൊണ്ട്‌ അദ്ദേഹം ബിസിനസ്സിലേക്കു തിരിഞ്ഞു. ‘ആത്മീയമായി ആളുകളെ സഹായിക്കാനാകുന്നില്ല, എന്നാൽ കുറച്ചു കാശുണ്ടാക്കി അങ്ങനെയെങ്കിലും ആളുകളെ സഹായിക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെയിരിക്കെയാണ്‌ ആ പാട്ടു കേൾക്കുന്നത്‌. പൊടിയും അഴുക്കും നിറഞ്ഞ ആ മുറിയിലേക്ക്‌ അദ്ദേഹം കടന്നുചെന്നു. ഒരു ആരാധനാസ്ഥലമായിരുന്നു അത്‌. അവിടെയിരുന്ന്‌ അദ്ദേഹം ആ പരിപാടി ശ്രദ്ധിച്ചു. അന്ന്‌ ആ വൈകുന്നേരം കേട്ട കാര്യങ്ങളെക്കുറിച്ച്‌ പിന്നീട്‌ അദ്ദേഹം ഇങ്ങനെ എഴുതി: “ബൈബിൾ ദൈവനിശ്വസ്‌തമാണെന്ന ബോധ്യം അരക്കിട്ടുറപ്പിക്കാൻ, ആടിയുലഞ്ഞുകൊണ്ടിരുന്ന എന്റെ വിശ്വാസം ബലിഷ്‌ഠമാക്കാൻ, ദൈവസഹായത്താൽ അന്ന്‌ ആ കേട്ട കാര്യങ്ങൾ പര്യാപ്‌തമായിരുന്നു.” റസ്സൽ സഹോദരനെ ആ യോഗത്തിലേക്ക്‌ ആകർഷിച്ചത്‌ അവിടെനിന്ന്‌ കേട്ട പാട്ടായിരുന്നു എന്ന കാര്യം നാം മറക്കരുത്‌.

15. പാട്ടുപുസ്‌തകം പരിഷ്‌കരിക്കാൻ തിരുവെഴുത്തു ഗ്രാഹ്യത്തിൽ വന്ന ചില മാറ്റങ്ങൾ കാരണമായത്‌ എങ്ങനെ?

15 കാലംകടന്നുപോകുന്നതോടെ നമ്മുടെ തിരുവെഴുത്തു ഗ്രാഹ്യം മെച്ചപ്പെടുന്നു. “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു” എന്ന സദൃശവാക്യങ്ങൾ 4:18-ലെ വാക്കുകൾക്കു ചേർച്ചയിലാണിത്‌. സത്യത്തിന്റെ പ്രഭ വർധിക്കുന്തോറും നാം ‘ആലപിക്കുന്ന സത്യത്തിലും’ മാറ്റങ്ങൾ ആവശ്യമായിവരും. പല ദേശങ്ങളിലും യഹോവയുടെ സാക്ഷികൾ യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക * എന്ന പാട്ടുപുസ്‌തകമാണ്‌ ഉപയോഗിച്ചിരുന്നത്‌. അത്‌ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ട്‌ ഇപ്പോൾ 25 വർഷം കഴിഞ്ഞിരിക്കുന്നു. ഇക്കാലത്തിനിടയിൽ പല വിഷയങ്ങളിലുമുള്ള നമ്മുടെ ഗ്രാഹ്യം പ്രകാശമാനമായിത്തീർന്നിട്ടുണ്ട്‌. തത്‌ഫലമായി ആ പാട്ടുപുസ്‌തകത്തിൽ ഉപയോഗിച്ചിരുന്ന ചില പ്രയോഗങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്‌, “നൂതനക്രമം” അഥവാ “പുതുക്രമം” എന്നതിനുപകരം “പുതിയ ലോകം” എന്ന പദപ്രയോഗമാണ്‌ നാം ഇപ്പോൾ ഉപയോഗിക്കുന്നത്‌. യഹോവയുടെ നാമത്തിന്റെ “സംസ്ഥാപനമല്ല” പകരം “വിശുദ്ധീകരണമാണ്‌” നടക്കേണ്ടത്‌. നമ്മുടെ ഗ്രാഹ്യത്തിൽ വന്നിരിക്കുന്ന ഇത്തരം മാറ്റങ്ങൾനിമിത്തം പാട്ടുപുസ്‌തകം പരിഷ്‌കരിക്കേണ്ടത്‌ ആവശ്യമായിവന്നു.

16. എഫെസ്യർ 5:19-ലെ പൗലോസിന്റെ വാക്കുകൾ അനുസരിക്കാൻ നമ്മുടെ പുതിയ പാട്ടുപുസ്‌തകം സഹായിക്കുന്നത്‌ എങ്ങനെ?

16 ഇവയും മറ്റു കാരണങ്ങളും നിമിത്തമാണ്‌ യഹോവയെ പാടിസ്‌തുതിക്കുവിൻ എന്ന അഭിധാനത്തിലുള്ള പുതിയ പാട്ടുപുസ്‌തകം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച്‌ ഭരണസംഘം ചിന്തിച്ചത്‌. പുതിയ പാട്ടുപുസ്‌തകത്തിലെ പാട്ടുകളുടെ എണ്ണം 135 ആയി കുറച്ചിരിക്കുന്നു. താരതമ്യേന പാട്ടുകൾ കുറവായതിനാൽ ചിലതിന്റെയെങ്കിലും വരികൾ മനഃപാഠമാക്കാൻ നമുക്കു കഴിയും. എഫെസ്യർ 5:19-ലെ (വായിക്കുക) പൗലോസിന്റെ ആഹ്വാനത്തിനു ചേർച്ചയിലാണിത്‌.

കൃതജ്ഞത കാണിക്കുക

17. ക്രിസ്‌തീയ യോഗങ്ങളിൽ പാടാൻ മടിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

17 നന്നായി പാടാൻ അറിയില്ല എന്നു വിചാരിച്ച്‌ ക്രിസ്‌തീയ യോഗങ്ങളിൽ പാടാൻ മടിക്കേണ്ടതുണ്ടോ? ഒന്നു ചിന്തിച്ചുനോക്കൂ: സംസാരിക്കുമ്പോൾ നമുക്കെല്ലാം പലപ്പോഴും തെറ്റുപറ്റാറില്ലേ? (യാക്കോ. 3:2) എന്നുകരുതി വീടുതോറുമുള്ള വേലയിൽ യഹോവയെക്കുറിച്ചു സംസാരിക്കാൻ നാം മടിച്ചുനിൽക്കാറില്ല, അല്ലേ? എങ്കിൽപ്പിന്നെ, സ്വരം ശരിയല്ലെന്നു കരുതി യഹോവയെ പാടിസ്‌തുതിക്കാൻ മടിക്കേണ്ട ആവശ്യമുണ്ടോ? ‘മനുഷ്യനു വായ്‌ കൊടുത്ത’ യഹോവ നമ്മുടെ അധരങ്ങളിൽനിന്ന്‌ ഉയരുന്ന സ്‌തുതിഗീതങ്ങൾക്കായി കാതോർത്തിരിക്കുകയാണ്‌.—പുറ. 4:11.

18. പുതിയ പാട്ടിന്റെ ഈരടികൾ പഠിക്കാൻ എന്തെല്ലാം ചെയ്യാം?

18 യഹോവയെ പാടിസ്‌തുതിക്കുവിൻ (പിയാനോ സംഗീതം) എന്ന സിഡി പുതിയ പാട്ടുകൾ പഠിക്കാൻ പല സഹോദരീസഹോദരന്മാരെയും സഹായിക്കുന്നു. അതിലെ ശ്രുതിമധുരമായ വാദ്യസംഗീതം കാതുകൾക്ക്‌ ഇമ്പമേകും. വീട്ടിൽവെച്ച്‌ അത്‌ കൂടെക്കൂടെ കേൾക്കുകയും ഒപ്പം പാട്ടുപുസ്‌തകത്തിൽനിന്ന്‌ പാടിനോക്കുകയും ചെയ്യുന്നെങ്കിൽ അതിന്റെ വരികൾ നിങ്ങൾക്കു പഠിച്ചെടുക്കാനാകും; കൂടുതൽ ആത്മവിശ്വാസത്തോടെ രാജ്യഹാളിൽ അവ പാടാനും കഴിയും.

19. നമ്മുടെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും കേൾപ്പിക്കുന്ന സംഗീതം തയ്യാറാക്കുന്നതിൽ എത്രമാത്രം ശ്രമം ഉൾപ്പെട്ടിരിക്കുന്നു?

19 പ്രത്യേക സമ്മേളന ദിനത്തിലും സർക്കിട്ട്‌ സമ്മേളനത്തിലും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലും കേൾപ്പിക്കുന്ന സംഗീതത്തിന്റെ കാര്യമെടുക്കുക. അതിന്റെ അണിയറ പ്രവർത്തനങ്ങളെക്കുറിച്ച്‌ പലർക്കും അറിയില്ല. വളരെയേറെ ശ്രമം ചെയ്‌താണ്‌ അതു തയ്യാറാക്കുന്നത്‌. ആദ്യം പാട്ടുകൾ തിരഞ്ഞെടുക്കുന്നു. 64 പേരടങ്ങുന്ന വാച്ച്‌ടവർ-ഓർക്കസ്‌ട്രയ്‌ക്കുവേണ്ടിയുള്ള ഉപകരണസംഗീതം ചിട്ടപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ്‌ അടുത്തത്‌. അതിനുശേഷം, സംഗീതോപകരണങ്ങൾ വായിക്കുന്നവർ മണിക്കൂറുകൾ എടുത്ത്‌ അവ പരിശീലിക്കുന്നു. ഒടുവിൽ ന്യൂയോർക്കിലെ പാറ്റേഴ്‌സണിലുള്ള നമ്മുടെ സ്റ്റുഡിയോകളിൽവെച്ച്‌ അവ റെക്കോർഡുചെയ്യും. 64 പേരിൽ 10 പേർ ഐക്യനാടുകൾക്കു പുറത്തുള്ളവരാണ്‌. നമ്മുടെ ആത്മീയവേളകളെ ആനന്ദകരമാക്കുന്ന സംഗീതം ഒരുക്കുന്നതിൽ പങ്കുപറ്റാനാകുന്നത്‌ വലിയ പദവിയായിട്ടാണ്‌ ഇവരെല്ലാം കാണുന്നത്‌. ഇവരുടെ പരിശ്രമങ്ങളോടുള്ള കൃതജ്ഞത നമുക്ക്‌ എങ്ങനെ കാണിക്കാം? നമ്മുടെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംഗീതം ശ്രവിക്കാൻ ചെയർമാൻ സദസ്യരെ ക്ഷണിക്കുമ്പോൾ ഉടൻതന്നെ ഇരിപ്പിടങ്ങളിൽ വന്നിരുന്ന്‌ നമുക്കുവേണ്ടി സ്‌നേഹപൂർവം ഒരുക്കിയിരിക്കുന്ന സംഗീതവിരുന്ന്‌ ആസ്വദിക്കാം.

20. എന്താണ്‌ നിങ്ങളുടെ തീരുമാനം?

20 നമ്മുടെ സ്‌തുതിഗീതങ്ങൾക്കായി യഹോവ ചെവിയോർക്കുന്നു. അവ അവനു പ്രിയങ്കരമാണ്‌. ആരാധിക്കാനായി കൂടിവരുമ്പോഴെല്ലാം ഉള്ളുതുറന്ന്‌ യഹോവയെ പാടിപ്പുകഴ്‌ത്തിക്കൊണ്ട്‌ നമുക്ക്‌ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാം. നല്ല പാട്ടുകാരാണെങ്കിലും അല്ലെങ്കിലും നമുക്കെല്ലാം യഹോവയെ പാടിസ്‌തുതിക്കാം!—സങ്കീ. 104:33.

[അടിക്കുറിപ്പുകൾ]

^ ഖ. 1 ദാവീദിനുശേഷം പത്തുനൂറ്റാണ്ടു കഴിഞ്ഞ്‌, മിശിഹാ ജനിച്ചിരിക്കുന്നു എന്ന വാർത്ത അറിയിക്കാനായി ദൂതന്മാർ പ്രത്യക്ഷപ്പെട്ടത്‌ ബേത്ത്‌ലെഹെമിന്‌ അടുത്തുള്ള പുൽപ്പുറങ്ങളിൽ ആടുകളെ മേയ്‌ച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ഇടയന്മാരുടെ അടുക്കലായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.—ലൂക്കോ. 2:4, 5എ, 8, 13, 14.

^ ഖ. 15 ഇതിലെ 225 ഗീതങ്ങളും 100-ലേറെ ഭാഷകളിൽ ലഭ്യമായിരുന്നു.

എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

• ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ ആരാധനയിൽ സംഗീതത്തിനുള്ള പ്രാധാന്യം എടുത്തുകാട്ടുന്നു?

മത്തായി 22:37-ലെ കൽപ്പന അനുസരിക്കുന്നതും രാജ്യഗീതങ്ങൾ മുഴുഹൃദയത്തോടെ പാടുന്നതും തമ്മിൽ എന്തു ബന്ധമുണ്ട്‌?

• രാജ്യഗീതങ്ങളോടുള്ള വിലമതിപ്പ്‌ നമുക്ക്‌ എങ്ങനെ കാണിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

പാട്ടുപാടുന്നതിനിടയിൽ അനാവശ്യമായി പുറത്തുപോകരുതെന്ന്‌ നിങ്ങൾ കുട്ടികളോട്‌ പറയാറുണ്ടോ?

[24-ാം പേജിലെ ചിത്രം]

പുതിയ പാട്ടുപുസ്‌തകത്തിലെ പാട്ടുകൾ നിങ്ങൾ പാടിപ്പഠിക്കാറുണ്ടോ?