വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരുങ്ങിയിരിക്കുവിൻ!

ഒരുങ്ങിയിരിക്കുവിൻ!

ഒരുങ്ങിയിരിക്കുവിൻ!

“നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌ എന്നതുകൊണ്ട്‌ . . . ഒരുങ്ങിയിരിക്കുവിൻ.”—മത്താ. 24:44.

1, 2. (എ) ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ഏതു സംഭവങ്ങളെ കടുവയുടെ ആക്രമണത്തോട്‌ താരതമ്യം ചെയ്യാം? (ബി) വരാനിരിക്കുന്ന ആക്രമണത്തെക്കുറിച്ചുള്ള അറിവ്‌ നിങ്ങളെ എങ്ങനെ ബാധിക്കുന്നു?

പ്രശസ്‌തനായ ഒരു അഭ്യാസി നന്നായി മെരുക്കിയെടുത്ത ബംഗാൾ കടുവകളെ ഉപയോഗിച്ച്‌ വർഷങ്ങളോളം കാണികളെ രസിപ്പിച്ചിരുന്നു. ഒരിക്കൽപ്പോലും അവ അദ്ദേഹത്തെ ഉപദ്രവിച്ചിരുന്നില്ല. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഒരു വന്യമൃഗത്തെ ഇണക്കാനായാൽ, അതിനെ വിശ്വസിക്കാമെന്നുവന്നാൽ, ഈ ലോകത്ത്‌ നിങ്ങൾക്കു നേടാനാകുന്ന ഏറ്റവും വലിയ നേട്ടമായിരിക്കും അത്‌.” പക്ഷേ, ആ വിശ്വാസം അസ്ഥാനത്തായി. അദ്ദേഹം പരിശീലിപ്പിച്ചിരുന്ന 172 കിലോഗ്രാം തൂക്കമുള്ള ഒരു വെള്ളക്കടുവ യാതൊരു പ്രകോപനവും കൂടാതെ അദ്ദേഹത്തെ ആക്രമിച്ചു. 2003 ഒക്‌ടോബർ 3-ാം തീയതിയായിരുന്നു സംഭവം. ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആക്രമണമായിരുന്നു അത്‌. അങ്ങനെയൊരു ആക്രമണത്തെ നേരിടാൻ അദ്ദേഹം തയ്യാറുമല്ലായിരുന്നു.

2 ബൈബിളും ഒരു “കാട്ടുമൃഗ”ത്തിന്റെ ആക്രമണത്തെക്കുറിച്ചു പറയുന്നുണ്ട്‌. നാം പ്രതീക്ഷിച്ചിരിക്കേണ്ട ഒരു സംഭവമാണ്‌ അത്‌. (വെളിപാട്‌ 17:15-18 വായിക്കുക.) ഏതാണ്‌ ഈ കാട്ടുമൃഗം? ആരെയായിരിക്കും അത്‌ ആക്രമിക്കുക? കടുഞ്ചുവപ്പുനിറമുള്ള കാട്ടുമൃഗം ഐക്യരാഷ്‌ട്രങ്ങളെയും അതിന്റെ ‘പത്തുകൊമ്പ്‌’ എല്ലാ രാഷ്‌ട്രീയ ഭരണകൂടങ്ങളെയും ചിത്രീകരിക്കുന്നു. ഈ കാട്ടുമൃഗം വേശ്യയെ, അതായത്‌ വ്യാജമത ലോകസാമ്രാജ്യമായ മഹതിയാം ബാബിലോണിനെ, ദ്വേഷിക്കുകയും അതിക്രൂരമായി അവളുടെ കഥകഴിക്കുകയും ചെയ്യും. അനേകരെ ഞെട്ടിക്കുന്ന ഒരു സംഭവമായിരിക്കും ഇത്‌; കാരണം സാത്താന്യ ലോകത്തിന്റെ ഭാഗമായ അവ ഇന്നു സൗഹൃദത്തിലാണല്ലോ. എന്നാൽ എപ്പോഴായിരിക്കും ഈ സംഭവം അരങ്ങേറുക? ആ നാളും നാഴികയും നമുക്കറിയില്ല. (മത്താ. 24:36) എന്നാൽ, നാം പ്രതീക്ഷിക്കാത്ത ഒരു സമയത്തായിരിക്കും അത്‌ സംഭവിക്കുകയെന്നും അതിനുള്ള സമയം ചുരുങ്ങിയിരിക്കുകയാണെന്നും നമുക്കറിയാം. (മത്താ. 24:44; 1 കൊരി. 7:29) അതുകൊണ്ട്‌ നാം ആത്മീയമായി ഒരുങ്ങിയിരിക്കേണ്ടത്‌ അതിപ്രധാനമാണ്‌. അങ്ങനെ ചെയ്യുന്നെങ്കിൽ, ആ ആക്രമണത്തെത്തുടർന്ന്‌ ക്രിസ്‌തു വധാധികൃതനായി വരുമ്പോൾ അവൻ നമ്മുടെ വിമോചകനായി വർത്തിക്കും. (ലൂക്കോ. 21:28) ആകട്ടെ, നമുക്ക്‌ എങ്ങനെ ഒരുങ്ങിയിരിക്കാനാകും? ഒരുങ്ങിയിരുന്നവരെന്നു തെളിയിക്കുകയും അങ്ങനെ ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ നിവൃത്തിയേറുന്നത്‌ കണ്ണാലേ കാണുകയും ചെയ്‌ത വിശ്വസ്‌ത ദൈവദാസന്മാരുടെ ജീവിതം അടുത്തു പരിശോധിക്കുന്നെങ്കിൽ നമുക്കും അതിനു കഴിയും. ഈ ജീവിതകഥകളിൽനിന്നു നാം പാഠം ഉൾക്കൊള്ളില്ലേ?

ഒരുങ്ങിയിരിക്കുക—നോഹയെപ്പോലെ

3. ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കുന്ന ഏതെല്ലാം സാഹചര്യങ്ങളാണ്‌ നോഹയ്‌ക്കു നേരിടേണ്ടിവന്നത്‌?

3 നോഹയുടെ കാലത്ത്‌ ഭൂമിയിലെ അവസ്ഥ അങ്ങേയറ്റം വഷളായിരുന്നു. പക്ഷേ, ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ നിവൃത്തിയേറുന്നതു കാണാൻ അവൻ ഒരുങ്ങിയിരുന്നു. മത്സരികളായ ദൂതന്മാർ മനുഷ്യരൂപം ധരിച്ച്‌ ഭൂമിയിൽ വരുകയും സുന്ദരികളായ സ്‌ത്രീകളുമായി അവിഹിതബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌ത അക്കാലത്ത്‌ നോഹയ്‌ക്ക്‌ എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ടാകും എന്ന്‌ ആലോചിച്ചുനോക്കൂ! പ്രകൃതിവിരുദ്ധമായ ഈ ബന്ധങ്ങളിലൂടെ ജന്മമെടുത്തത്‌ അതികായരായ, ‘വീരന്മാരായ’ സന്താനങ്ങളായിരുന്നു. തങ്ങളുടെ അമാനുഷ ശക്തി ഉപയോഗിച്ച്‌ അവർ മറ്റുള്ളവരെ ദ്രോഹിച്ചു. (ഉല്‌പ. 6:4) ചെന്നിടത്തെല്ലാം ഈ രാക്ഷസന്മാർ അക്രമത്തിനു വഴിമരുന്നിട്ടു! അങ്ങനെ, ഭൂമിയിലെങ്ങും ദുഷ്ടത പെരുകി; മനുഷ്യന്റെ ചിന്തയും പെരുമാറ്റവും പാടേ ദുഷിച്ചു. അങ്ങനെയാണ്‌, അഖിലാണ്ഡ പരമാധികാരിയായ യഹോവ ആ ദുഷ്ടലോകത്തെ നശിപ്പിക്കാൻ ഒരു ദിവസം നിശ്ചയിക്കുന്നത്‌.—ഉല്‌പത്തി 6:3, 5, 11, 12 വായിക്കുക. *

4, 5. നമ്മുടെ നാളിലെ അവസ്ഥ നോഹയുടെ നാളിലേതുപോലെ ആയിരിക്കുന്നത്‌ എങ്ങനെ?

4 നോഹയുടെ നാളിലേതുപോലെയായിരിക്കും നമ്മുടെ നാളിലെയും അവസ്ഥ എന്ന്‌ യേശു പറഞ്ഞിരുന്നു. (മത്താ. 24:37) ഇന്ന്‌ ഭൂമിയിൽ അരങ്ങേറുന്ന പല കാര്യങ്ങളിലും ദുഷ്ട ആത്മജീവികളുടെ സ്വാധീനം നമുക്കു ദൃശ്യമാണ്‌. (വെളി. 12:7-9, 12) ദുഷ്ടദൂതന്മാർക്ക്‌ നോഹയുടെ നാളിൽ ജഡശരീരം സ്വീകരിക്കാൻ കഴിഞ്ഞെങ്കിലും ഇന്ന്‌ അത്‌ സാധ്യമല്ല. അതുകൊണ്ട്‌, ചെറുപ്പക്കാരെയും പ്രായമായവരെയുമെല്ലാം തങ്ങളുടെ വരുതിയിലാക്കാൻ അവർ ശ്രമിക്കുന്നു; എന്നിട്ട്‌, വഴിപിഴച്ച ആ മനുഷ്യരുടെ തിന്മകളും വൈകൃതങ്ങളും കണ്ടാസ്വദിക്കുകയാണ്‌ അണിയറയിലിരുന്ന്‌ ഈ ലൈംഗിക വികടന്മാർ.—എഫെ. 6:11, 12.

5 പിശാചിനെ “കൊലപാതകി” എന്നാണ്‌ ദൈവവചനം വിശേഷിപ്പിക്കുന്നത്‌. ‘മരണം വരുത്താൻ കഴിവുള്ളവൻ’ എന്നും അവനെ വിളിച്ചിരിക്കുന്നു. (യോഹ. 8:44; എബ്രാ. 2:14) എന്നാൽ, നേരിട്ട്‌ ആളുകളെ കൊല്ലാനുള്ള അവന്റെ പ്രാപ്‌തി പരിമിതമാണ്‌. അതുകൊണ്ട്‌, ക്രൂരനായ ഈ ആത്മരൂപി വഞ്ചനയും ചതിയും പ്രയോഗിക്കുകയും മറ്റുള്ളവരെ കൊല്ലാനുള്ള പ്രേരണ ആളുകളുടെ മനസ്സിലും ഹൃദയത്തിലും ജനിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌, ഐക്യനാടുകളിൽ ജനിക്കുന്ന 142 പേരിൽ ഒരാൾ ജീവിതകാലത്ത്‌ എന്നെങ്കിലും കൊല ചെയ്യപ്പെടും എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. മനുഷ്യത്വരഹിതമായ ക്രൂരകൃത്യങ്ങൾ ഇത്ര വ്യാപകമായിരിക്കുന്ന ഈ കാലത്ത്‌ നോഹയുടെ നാളിലേതുപോലെ യഹോവ നടപടിയെടുക്കില്ലേ? അവൻ ഈ ദുഷ്ടതയ്‌ക്കുനേരെ കണ്ണടയ്‌ക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?

6, 7. വിശ്വാസവും ഭയഭക്തിയും ഉള്ളവരാണെന്ന്‌ നോഹയും കുടുംബവും തെളിയിച്ചത്‌ എങ്ങനെ?

6 സർവജഡത്തെയും നശിപ്പിക്കാനായി താൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്താൻ പോകുകയാണെന്ന്‌ ദൈവം പിന്നീട്‌ നോഹയെ അറിയിച്ചു. (ഉല്‌പ. 6:13, 17) വലിയൊരു പെട്ടകം പണിയാൻ യഹോവ അവനു നിർദേശം നൽകി. അങ്ങനെ നോഹയും കുടുംബവും പെട്ടകം ഉണ്ടാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ദൈവത്തെ അനുസരിക്കാനും ന്യായവിധി ദിവസം ആഗതമായപ്പോൾ ഒരുങ്ങിയിരിക്കാനും അവർക്കു കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌?

7 ശക്തമായ വിശ്വാസവും ഭയഭക്തിയും ആണ്‌ ദിവ്യകൽപ്പന അനുസരിക്കാൻ നോഹയെയും കുടുംബത്തെയും സഹായിച്ചത്‌. (ഉല്‌പ. 6:22; എബ്രാ. 11:7) കുടുംബനാഥനായ നോഹ ആത്മീയമായി ജാഗ്രതപുലർത്തുകയും ചുറ്റുമുള്ള ആളുകളുടെ ദുഷ്‌പ്രവൃത്തികളിൽ ഉൾപ്പെടാതിരിക്കുകയും ചെയ്‌തു. (ഉല്‌പ. 6:9) അക്രമവും മത്സരവും കൊടികുത്തിവാണ ആ ദുഷ്ടലോകത്തിന്റെ ചെയ്‌തികൾ പകർത്താതിരിക്കാൻ തന്റെ കുടുംബം ശ്രദ്ധിക്കേണ്ടതുണ്ടെന്ന്‌ നോഹയ്‌ക്ക്‌ അറിയാമായിരുന്നു. അനുദിന ജീവിത കാര്യാദികളിൽ മുഴുകാനുള്ള സമയമായിരുന്നില്ല അത്‌. ദൈവം അവരെ ഒരു വേല ഏൽപ്പിച്ചിരുന്നു; അതിനെ കേന്ദ്രീകരിച്ചു വേണമായിരുന്നു നോഹയുടെയും അവന്റെ മുഴുകുടുംബത്തിന്റെയും തുടർന്നുള്ള പ്രവർത്തനങ്ങൾ.—ഉല്‌പത്തി 6:14, 18 വായിക്കുക.

നോഹയും കുടുംബവും ഒരുങ്ങിയിരുന്നു

8. നോഹയുടെ കുടുംബാംഗങ്ങൾ ദൈവഭക്തരായിരുന്നു എന്നതിന്‌ തെളിവെന്ത്‌?

8 ജലപ്രളയത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിലെ മുഖ്യ കഥാപാത്രം നോഹയാണെന്നത്‌ ശരിയാണ്‌. പക്ഷേ, അവന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും യഹോവയെ ആരാധിക്കുന്നവരായിരുന്നു. ഇക്കാര്യം ശരിവെക്കുന്നതാണ്‌ യെഹെസ്‌കേൽ പ്രവാചകന്റെ വാക്കുകൾ. തന്റെ കാലത്താണ്‌ നോഹ ജീവിച്ചിരിക്കുന്നതെങ്കിൽ നോഹയുടെ മക്കൾ അവന്റെ നീതിപ്രവൃത്തികളുടെ അടിസ്ഥാനത്തിൽ രക്ഷപ്പെടുകയില്ലെന്ന്‌ യെഹെസ്‌കേൽ എഴുതി. ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌: ദൈവത്തെയും അവന്റെ വഴികളെയും പ്രിയപ്പെടുന്നുവെന്ന്‌ നോഹയുടെ മക്കൾ സ്വന്തം പ്രവൃത്തികളാൽ തെളിയിച്ചു; ദൈവത്തെ അനുസരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള പ്രായം അവർക്കുണ്ടായിരുന്നു. (യെഹെ. 14:19, 20) നോഹയുടെ കുടുംബാംഗങ്ങൾ അവൻ കൊടുത്ത നിർദേശങ്ങൾക്കൊത്തു പ്രവർത്തിച്ചു. അവനുണ്ടായിരുന്ന അതേ വിശ്വാസം അവർക്കുമുണ്ടായിരുന്നു. ദൈവം ഏൽപ്പിച്ച വേലയ്‌ക്കു തടസ്സമാകാൻ അവർ ആരെയും അനുവദിച്ചതുമില്ല.

9. ആധുനികകാലത്ത്‌ നോഹയുടെ വിശ്വാസം അനുകരിക്കുന്ന ആരെ നമുക്കു കാണാം?

9 ലോകമെമ്പാടുമുള്ള നമ്മുടെ ക്രിസ്‌തീയ കുടുംബനാഥന്മാർ കഴിവിന്റെ പരമാവധി നോഹയെ അനുകരിക്കുന്നതു കാണുമ്പോൾ നമുക്കു സന്തോഷം തോന്നാറില്ലേ? കുടുംബാംഗങ്ങൾക്ക്‌ ഭക്ഷണം, വസ്‌ത്രം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവമാത്രം നൽകിയാൽ പോരെന്ന്‌ ഈ കുടുംബനാഥന്മാർക്ക്‌ അറിയാം. കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങളും അവർ നിറവേറ്റേണ്ടതുണ്ട്‌. യഹോവ പെട്ടെന്നുതന്നെ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കായി ഒരുങ്ങിയിരിക്കുന്നുവെന്നു തെളിയിക്കുകയാണ്‌ അതിലൂടെ അവർ.

10, 11. (എ) പെട്ടകത്തിലായിരുന്ന നോഹയ്‌ക്കും കുടുംബത്തിനും തീർച്ചയായും എന്തു തോന്നിയിട്ടുണ്ടാകും? (ബി) നാം എന്ത്‌ ആത്മപരിശോധന നടത്തണം?

10 ഏതാണ്ട്‌ 50 വർഷം എടുത്താണ്‌ നോഹയും കുടുംബവും പെട്ടകം പണി പൂർത്തിയാക്കിയത്‌. അതിനായി അവർ എത്രമാത്രം കഠിനാധ്വാനം ചെയ്‌തിട്ടുണ്ടാകും! വെള്ളം കയറാതിരിക്കാൻ പെട്ടകത്തിന്‌ അകത്തും പുറത്തും കീൽ തേച്ചു, ആവശ്യത്തിനു ഭക്ഷ്യവസ്‌തുക്കൾ ശേഖരിച്ചു, മൃഗങ്ങളെയെല്ലാം പെട്ടകത്തിൽ കയറ്റി. ഇതെല്ലാം ചെയ്യാൻ അവർ പെട്ടകത്തിൽ എത്രവട്ടം കയറിയിറങ്ങിയിട്ടുണ്ടാകും! അങ്ങനെ, പണിയെല്ലാം പൂർത്തിയായി. ഒടുവിൽ, ബി.സി. 2370-ാമാണ്ട്‌ രണ്ടാം മാസം 17-ാം തീയതി പ്രളയം തുടങ്ങി. ആ രംഗം ഒന്ന്‌ ഭാവനയിൽ കാണുക. അന്നേദിവസം പെട്ടകത്തിനുള്ളിൽ കയറിയ അവർ പുറത്തിറങ്ങിയില്ല. യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചു. മഴയും തുടങ്ങി. ഒരു സാധാരണ മഴയായിരുന്നില്ല അത്‌. ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നു, കോരിച്ചൊരിയുന്ന പേമാരി! അത്‌ പെട്ടകത്തിന്മേൽ ആർത്തലച്ചു. (ഉല്‌പ. 7:11, 16) പക്ഷേ പെട്ടകത്തിനും അതിന്‌ അകത്തുള്ളവർക്കും ഒന്നും സംഭവിച്ചില്ല, എല്ലാവരും സുരക്ഷിതരാണ്‌. പെട്ടകത്തിനു വെളിയിലോ? ആളുകൾ മരണവുമായി മല്ലിടുന്നു. നോഹയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥ അപ്പോൾ എന്തായിരുന്നിരിക്കാം? വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ ആകുമായിരുന്നില്ല അവരുടെ നന്ദി. ‘ദൈവത്തോടുകൂടെ നടക്കുകയും ഒരുങ്ങിയിരിക്കുകയും ചെയ്‌തത്‌ എത്ര നന്നായി!’ എന്ന്‌ തീർച്ചയായും അവർ മനസ്സിൽ ഓർത്തിട്ടുണ്ടാകും. (ഉല്‌പ. 6:9) അർമ്മഗെദ്ദോനെ അതിജീവിച്ചുവരുന്ന ഒരാളായി നിങ്ങളെത്തന്നെ ഇനി ഒന്നു ഭാവനയിൽ കാണുക. വാക്കുകളാൽ വർണിക്കാനാകാത്ത സന്തോഷവും നന്ദിയുംകൊണ്ട്‌ നിങ്ങളുടെ ഹൃദയവും തുടിക്കില്ലേ?

11 സാത്താന്റെ ഈ വ്യവസ്ഥിതിയെ നശിപ്പിക്കുമെന്ന തന്റെ വാക്കു പാലിക്കുന്നതിൽനിന്ന്‌ സർവശക്തനെ തടയാൻ ഒന്നിനും കഴിയില്ല. ഒരു ആത്മപരിശോധന നടത്തുക: ‘ദിവ്യവാഗ്‌ദാനങ്ങളൊന്നും വൃഥാവാകില്ലെന്നും ദൈവം ഉദ്ദേശിച്ച സമയത്തുതന്നെ അവയെല്ലാം അക്ഷരംപ്രതി നിറവേറുമെന്നും എനിക്കു പൂർണബോധ്യമുണ്ടോ?’ എങ്കിൽ, അതിശീഘ്രം അടുത്തുകൊണ്ടിരിക്കുന്ന ‘യഹോവയുടെ ദിവസം’ സദാ മനസ്സിൽക്കാണുകയും അങ്ങനെ ഒരുങ്ങിയിരിക്കുകയും ചെയ്യുക.—2 പത്രോ. 3:11.

മോശ ജാഗ്രതയോടിരുന്നു

12. മോശയുടെ ആത്മീയ കാഴ്‌ചയ്‌ക്ക്‌ മങ്ങലേൽപ്പിക്കാൻ എന്തിനു കഴിയുമായിരുന്നു?

12 നമുക്ക്‌ ഇനി മോശയുടെ അനുഭവം നോക്കാം. അങ്ങേയറ്റം ആദരണീയമായ സ്ഥാനമാണ്‌ ഈജിപ്‌റ്റിൽ അവനുണ്ടായിരുന്നത്‌. മാനുഷിക വീക്ഷണത്തിൽ തികച്ചും ഭാഗ്യവാനായിരുന്നു അവൻ. ഫറവോന്റെ മകളുടെ ദത്തുപുത്രൻ ആയിരുന്നതിനാൽ അവിടെ അവന്‌ നല്ല നിലയും വിലയും ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. ഒന്നാന്തരം ഭക്ഷണവും വിലപിടിച്ച വസ്‌ത്രങ്ങളും ആഡംബരപൂർണമായ ചുറ്റുപാടുകളും അവൻ ആസ്വദിച്ചിരുന്നിരിക്കണം. ഈജിപ്‌റ്റിൽ അവന്‌ സമസ്‌ത മേഖലകളിലും വിദ്യാഭ്യാസം ലഭിച്ചു. (പ്രവൃത്തികൾ 7:20-22 വായിക്കുക.) കണക്കറ്റ സമ്പത്തിന്‌ അവകാശിയാകാനുള്ള അവസരവും ഒരുപക്ഷേ അവന്‌ ഉണ്ടായിരുന്നു.

13. ദൃഷ്ടിപതറാതെ മോശ ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചത്‌ എങ്ങനെ?

13 ഈജിപ്‌റ്റുകാർ വിഗ്രഹാരാധികൾ ആയിരുന്നു. എന്നാൽ ശൈശവത്തിൽ മാതാപിതാക്കളിൽനിന്നു ലഭിച്ച പരിശീലനം വിഗ്രഹാരാധനയുടെ മൗഢ്യം തിരിച്ചറിയാൻ മോശയെ സഹായിച്ചു. (പുറ. 32:8) ഈജിപ്‌റ്റിലെ വിദ്യാഭ്യാസ സമ്പ്രദായമോ രാജകുടുംബത്തിലെ സമ്പദ്‌സമൃദ്ധിയോ ഒന്നും സത്യാരാധന ഉപേക്ഷിക്കാൻ മോശയ്‌ക്കു കാരണമായില്ല. തന്റെ പൂർവപിതാക്കന്മാരോടു ദൈവം ചെയ്‌ത വാഗ്‌ദാനങ്ങളെക്കുറിച്ച്‌ അവൻ കൂടെക്കൂടെ ധ്യാനിക്കുകയും ദൈവേഷ്ടം ചെയ്യാനുള്ള ഉത്‌കടമായ ആഗ്രഹത്തോടെ ഒരുങ്ങിയിരിക്കുകയും ചെയ്‌തു എന്നതിനു സംശയമില്ല. അവൻ ഇസ്രായേൽ മക്കളോട്‌ ഇങ്ങനെ പറയുകയുണ്ടായി: ‘അബ്രാഹാമിന്റെ ദൈവവും യിസ്‌ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’—പുറപ്പാട്‌ 3:15-17 വായിക്കുക.

14. മോശയുടെ വിശ്വാസവും ധൈര്യവും പരിശോധിക്കപ്പെട്ടത്‌ എങ്ങനെ?

14 അദൃശ്യനെങ്കിലും സത്യദൈവമായ യഹോവ മോശയ്‌ക്ക്‌ യഥാർഥമായിരുന്നു; ഈജിപ്‌റ്റിലെ വിഗ്രഹദൈവങ്ങളാകട്ടെ ദൃശ്യമെങ്കിലും നിർജീവവും. അതുകൊണ്ടുതന്നെ “അദൃശ്യനായവനെ കണ്ടാലെന്നപോലെ” ആയിരുന്നു അവന്റെ ജീവിതം. ദൈവജനത്തിനു മോചനം ഉണ്ടാകുമെന്ന കാര്യത്തിൽ മോശയ്‌ക്കു സംശയമുണ്ടായിരുന്നില്ല. എന്നാൽ അത്‌ എപ്പോഴായിരിക്കും എന്ന്‌ അവന്‌ അറിയില്ലായിരുന്നു. (എബ്രാ. 11:24, 25, 27) തന്റെ എബ്രായ സഹോദരങ്ങൾ സ്വതന്ത്രരായി കാണാൻ അവൻ അതിയായി ആഗ്രഹിച്ചു; ഒരു എബ്രായ അടിമ ദ്രോഹിക്കപ്പെടുന്നതു കണ്ടപ്പോൾ അവൻ അതു തടയാൻ ശ്രമിച്ചത്‌ അതുകൊണ്ടാണ്‌. (പുറ. 2:11, 12) പക്ഷേ അവരെ മോചിപ്പിക്കാനുള്ള യഹോവയുടെ സമയം ആയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്‌ മോശയ്‌ക്ക്‌ ഒരു ദൂരദേശത്തേക്ക്‌ അഭയാർഥിയായി പോകേണ്ടിവന്നു. ഈജിപ്‌റ്റിലെ സുഖസൗകര്യങ്ങളെല്ലാം വിട്ടെറിഞ്ഞ്‌ ഒരു വിജനദേശത്ത്‌ കഴിച്ചുകൂട്ടുക അവന്‌ ഒട്ടും എളുപ്പമായിരുന്നില്ല. ആ അവസ്ഥയിലും, യഹോവയിൽനിന്നുള്ള ഏതൊരു നിർദേശവും സ്വീകരിക്കാൻ അവൻ സദാ ഒരുങ്ങിയിരുന്നു. അതുകൊണ്ടാണ്‌ ഇസ്രായേല്യരെ വിടുവിക്കാനായി യഹോവയ്‌ക്ക്‌ അവനെ ഉപയോഗിക്കാൻ കഴിഞ്ഞത്‌. മിദ്യാനിൽ അവനു ചെലവഴിക്കേണ്ടിവന്നത്‌ 40 വർഷമാണ്‌! ഒടുവിൽ, ദൈവത്തിൽനിന്നുള്ള നിയോഗവുമായി അവൻ ഈജിപ്‌റ്റിലേക്കു മടങ്ങി. ദൈവം ഉദ്ദേശിച്ച കാര്യം ദൈവത്തിന്റേതായവിധത്തിൽ നിർവഹിക്കാനുള്ള സമയം അതായിരുന്നു. (പുറ. 3:2, 7, 8, 10) “സകലമനുഷ്യരിലും അതിസൗമ്യനായിരുന്ന” മോശയ്‌ക്ക്‌ ഫറവോനെ മുഖം കാണിക്കാൻ വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു. (സംഖ്യാ. 12:3) ഒന്നല്ല, പലവട്ടം അവന്‌ അങ്ങനെ ചെയ്യേണ്ടിവന്നു. ഓരോ ബാധയ്‌ക്കു ശേഷവും വീണ്ടും എത്രവട്ടം ഫറവോന്റെ മുന്നിൽ ചെല്ലേണ്ടിവരുമെന്ന്‌ അവന്‌ അറിയില്ലായിരുന്നു എന്ന്‌ ഓർക്കണം.

15. നിരാശയ്‌ക്കിടയാക്കുന്ന പലതും സംഭവിച്ചെങ്കിലും സ്വർഗീയപിതാവിനെ മഹത്ത്വപ്പെടുത്താനാകുന്ന അവസരങ്ങൾക്കായി കാത്തിരിക്കാൻ മോശയെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

15 തുടർന്നുവന്ന 40 വർഷം, അതായത്‌ ബി.സി. 1513 മുതൽ 1473 വരെയുള്ള കാലത്ത്‌ നിരാശയ്‌ക്കിടയാക്കുന്ന പലതും മോശയ്‌ക്കു നേരിടേണ്ടിവന്നു. എങ്കിലും യഹോവയ്‌ക്കു മഹത്ത്വം കരേറ്റാനാകുന്ന അവസരങ്ങൾക്കായി അവൻ കാത്തിരുന്നു, അവയൊന്നും അവൻ പാഴാക്കിയില്ല. അങ്ങനെ ചെയ്യാൻ അവൻ സഹ ഇസ്രായേല്യരെ ആത്മാർഥമായി പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. (ആവ. 31:1-8) അവനെ അതിനു പ്രേരിപ്പിച്ചത്‌ എന്താണ്‌? യഹോവയുടെ നാമത്തിനും അവന്റെ പരമാധികാരത്തിനും മോശ അത്രമേൽ വിലകൽപ്പിച്ചിരുന്നു; സ്വയം പേരെടുക്കാൻ അവൻ ആഗ്രഹിച്ചില്ല. (പുറ. 32:10-13; സംഖ്യാ. 14:11-16) മറ്റാരെക്കാളും ജ്ഞാനത്തോടും നീതിയോടും കൂടെ, ഏറ്റവും മെച്ചമായ വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളത്‌ ദൈവത്തിനാണെന്ന ബോധ്യം നിങ്ങൾക്കുമില്ലേ? (യെശ. 55:8-11; യിരെ. 10:23) നൈരാശ്യവും നിരുത്സാഹവും തോന്നുമ്പോഴും മോശയെപ്പോലെ ദൈവത്തിന്റെ ഭരണാധികാരത്തെ പിന്തുണയ്‌ക്കാൻ ആ ബോധ്യം നമ്മെ സഹായിക്കും.

ഉണർന്നിരിക്കുവിൻ!

16, 17. മർക്കോസ്‌ 13:35-37-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾക്ക്‌ നിങ്ങളുടെ കാര്യത്തിൽ ഏറെ പ്രാധാന്യമുള്ളത്‌ എന്തുകൊണ്ട്‌?

16 “സൂക്ഷിച്ചുകൊള്ളുവിൻ; ഉണർന്നിരിക്കുവിൻ; നിശ്ചയിക്കപ്പെട്ട സമയം എപ്പോഴാണെന്നു നിങ്ങൾക്ക്‌ അറിയില്ലല്ലോ.” (മർക്കോ. 13:33) യുഗസമാപ്‌തിയുടെ അടയാളം വിശദീകരിക്കവെ യേശു നൽകിയ മുന്നറിയിപ്പായിരുന്നു അത്‌. ശ്രദ്ധേയമായ ആ പ്രവചനത്തിന്റെ ഉപസംഹാരമായി യേശു പറഞ്ഞ കാര്യം മർക്കോസ്‌ ഇങ്ങനെ രേഖപ്പെടുത്തുന്നു: “വീടിന്റെ യജമാനൻ സന്ധ്യയ്‌ക്കോ അർധരാത്രിക്കോ കോഴികൂകുന്ന നേരത്തോ അതിരാവിലെയോ, എപ്പോഴാണു വരുന്നതെന്ന്‌ അറിയായ്‌കയാൽ നിങ്ങളും സദാ ജാഗരൂകരായിരിക്കുവിൻ; അവൻ പെട്ടെന്നു വന്നെത്തുമ്പോൾ നിങ്ങളെ ഉറങ്ങുന്നവരായി കാണാതിരിക്കേണ്ടതിനുതന്നെ. എന്നാൽ നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: സദാ ജാഗരൂകരായിരിക്കുവിൻ.”—മർക്കോ. 13:35-37.

17 യേശുവിന്റെ ഈ ഉദ്‌ബോധനം നമ്മുടെ ശ്രദ്ധയർഹിക്കുന്നു. രാത്രിയിലെ നാലുയാമങ്ങളെക്കുറിച്ച്‌ അവൻ പരാമർശിച്ചു. നാലാമത്തെ യാമത്തിൽ ഉണർന്നിരിക്കുന്നത്‌ ഒട്ടും എളുപ്പമല്ല; കാരണം വെളുപ്പിന്‌ ഏതാണ്ട്‌ മൂന്നുമുതൽ സൂര്യോദയംവരെയുള്ള സമയമാണ്‌ അത്‌. ആ സമയത്ത്‌ ‘ഉറങ്ങിപ്പോകാൻ’ സാധ്യത ഏറെയായതിനാൽ ശത്രുവിനെ കീഴ്‌പെടുത്താൻ ഏറ്റവും പറ്റിയ സമയം അതാണെന്ന്‌ യുദ്ധതന്ത്രജ്ഞർ കരുതുന്നു. സമാനമായി, നമുക്കു ചുറ്റുമുള്ള ലോകം ആത്മീയമായി ഗാഢനിദ്രയിലായിരിക്കുന്ന ഈ കാലത്ത്‌ ഉണർന്നിരിക്കാൻ നാം മുമ്പെന്നത്തെക്കാൾ കഠിനമായി ശ്രമിക്കേണ്ടതുണ്ടായിരിക്കാം. യുഗസമാപ്‌തിയും നമ്മുടെ വിടുതലും കാത്ത്‌ ‘ഉണർന്നിരിക്കേണ്ടതുണ്ട്‌’ എന്ന കാര്യത്തിൽ നിങ്ങൾക്ക്‌ എന്തെങ്കിലും സംശയമുണ്ടോ?

18. യഹോവയാം ദൈവത്തിന്റെ സാക്ഷികളായ നമുക്ക്‌ വിശിഷ്ടമായ ഏതു പദവിയാണുള്ളത്‌?

18 തുടക്കത്തിൽ പരാമർശിച്ച അഭ്യാസിക്ക്‌ കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായില്ല. എന്നാൽ ആസന്നമായ നാശത്തിൽനിന്ന്‌ വ്യാജമതമോ ഈ ദുഷ്ടവ്യവസ്ഥിതിയുടെ ശേഷിക്കുന്ന ഭാഗമോ ഒരുകാരണവശാലും രക്ഷപ്പെടുകയില്ല എന്ന്‌ ബൈബിൾ പ്രവചനം സംശയലേശമെന്യേ വ്യക്തമാക്കുന്നു. (വെളി. 18:4-8) ചെറുപ്പക്കാരോ പ്രായമായവരോ ആയിക്കൊള്ളട്ടെ, നോഹയും കുടുംബവും ചെയ്‌തതുപോലെ യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നുവെന്നു തെളിയിക്കാൻ നമുക്ക്‌ കഴിയുന്നതെല്ലാം ചെയ്യാം; അങ്ങനെ ചെയ്യേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ ദൈവദാസരായ നമുക്കെല്ലാം കഴിയട്ടെ! ദൈവത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ലോകത്തിലാണ്‌ നാം ജീവിക്കുന്നത്‌. വ്യാജമത നേതാക്കളും അജ്ഞേയവാദികളും നിരീശ്വരവാദികളുമെല്ലാം സ്രഷ്ടാവിനെ നിന്ദിച്ചുകൊണ്ടിരിക്കുകയാണ്‌. പക്ഷേ, ഇതൊന്നും നമ്മെ സ്വാധീനിക്കാൻ നാം അനുവദിക്കരുത്‌. നാം പരിചിന്തിച്ച ബൈബിൾ ദൃഷ്ടാന്തങ്ങൾ മനസ്സിൽ മായാതെ സൂക്ഷിക്കാം. ‘ദേവാധിദൈവമായ’ യഹോവയ്‌ക്കു മഹത്ത്വം കരേറ്റാനും അവനുവേണ്ടി സംസാരിക്കാനുമുള്ള അവസരങ്ങൾക്കായി നമുക്ക്‌ എപ്പോഴും നോക്കിയിരിക്കാം. ‘വല്ലഭനും ഭയങ്കരനുമായ മഹാദൈവമാണല്ലോ’ അവൻ!—ആവ. 10:17.

[അടിക്കുറിപ്പ്‌]

^ ഖ. 3 ഉല്‌പത്തി 6:3-ൽ പറഞ്ഞിരിക്കുന്ന “നൂറ്റിരുപതു സംവത്സര”ത്തെക്കുറിച്ച്‌ മനസ്സിലാക്കാൻ 2010 ഡിസംബർ 15 വീക്ഷാഗോപുരത്തിന്റെ 30-ാം പേജ്‌ കാണുക.

ഓർമിക്കുന്നുവോ?

• തന്റെ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്ക്‌ നോഹ മുൻഗണന നൽകേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

• ഏതെല്ലാം വിധങ്ങളിൽ നമ്മുടെ കാലം നോഹയുടെ കാലത്തോടു സമാനമാണ്‌?

• നിരാശയ്‌ക്കിടയാക്കുന്ന പലതും സംഭവിച്ചെങ്കിലും മോശ യഹോവയുടെ വാഗ്‌ദാനങ്ങളിൽ ദൃഷ്ടി ഉറപ്പിച്ചത്‌ എന്തുകൊണ്ട്‌?

• ആത്മീയമായി ഉണർന്നിരിക്കാൻ ഏതു ബൈബിൾ പ്രവചനങ്ങൾ നിങ്ങളെ പ്രചോദിപ്പിച്ചിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[25-ാം പേജിലെ ചിത്രം]

നോഹയും കുടുംബവും യഹോവ ഏൽപ്പിച്ച വേലയിൽ ശ്രദ്ധകേന്ദ്രീകരിച്ചു

[26-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ മാറ്റംവരാത്ത വാഗ്‌ദാനങ്ങൾ ജാഗ്രതയോടിരിക്കാൻ മോശയെ സഹായിച്ചു