വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാപട്യം നിറഞ്ഞ ലോകത്തിൽ നിഷ്‌കപടരായി

കാപട്യം നിറഞ്ഞ ലോകത്തിൽ നിഷ്‌കപടരായി

കാപട്യം നിറഞ്ഞ ലോകത്തിൽ നിഷ്‌കപടരായി

ശ്വസിക്കുന്ന വായുപോലെ കാപട്യം എങ്ങും നിറഞ്ഞുനിൽക്കുന്നു. കള്ളം പറയുന്നതും മോഷ്ടിക്കുന്നതും കൂടുതൽ വില ഈടാക്കുന്നതും കടം തിരിച്ചുകൊടുക്കാതിരിക്കുന്നതും ബിസിനസ്സിൽ കൃത്രിമം കാണിച്ചിട്ട്‌ അതേക്കുറിച്ച്‌ പൊങ്ങച്ചം പറയുന്നതുമെല്ലാം ഇന്ന്‌ സർവസാധാരണം. ഇത്തരമൊരു ചുറ്റുപാടിൽ, സത്യസന്ധരായി ജീവിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിന്റെ മാറ്റുരയ്‌ക്കുന്ന സാഹചര്യങ്ങൾ നിരവധിയാണ്‌. കാപട്യം കാണിക്കാൻ പ്രലോഭനം തോന്നുന്നെങ്കിൽ അതിനെ ചെറുക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? യഹോവാഭയം, ശുദ്ധമായ മനസ്സാക്ഷി, ഉള്ളതുമതി എന്ന ബോധം എന്നീ മൂന്നുകാര്യങ്ങൾ നമ്മെ അതിനു സഹായിക്കും. ഇക്കാര്യങ്ങൾ നമുക്കൊന്ന്‌ അടുത്തു പരിശോധിക്കാം.

യഹോവാഭയം

“യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവ്‌” എന്ന്‌ യെശയ്യാ പ്രവാചകൻ എഴുതി. (യെശ. 33:22) യഹോവയുടെ അധികാരത്തെക്കുറിച്ചുള്ള ഈ അവബോധം നമ്മിൽ അവനോടുള്ള ഭയം ജനിപ്പിക്കും. കാപട്യം കാണിക്കാതിരിക്കാനുള്ള നമ്മുടെ തീരുമാനത്തിനുപിന്നിൽ ഈ ഭയമാണ്‌. “യഹോവഭക്തികൊണ്ടു (‘ദൈവഭയംകൊണ്ട്‌,’ പി.ഒ.സി. ബൈബിൾ) മനുഷ്യർ ദോഷത്തെ വിട്ടകലുന്നു” എന്നാണ്‌ സദൃശവാക്യങ്ങൾ 16:6 പറയുന്നത്‌. പ്രതികാരദാഹിയായ ഒരു ദൈവത്തോടുള്ള ഭയമല്ല, നമ്മുടെ ക്ഷേമത്തിൽ അതീവ തത്‌പരനായ സ്വർഗീയ പിതാവിനെ ദുഃഖിപ്പിക്കാനുള്ള വിഷമമാണ്‌ ആ ഭയം.—1 പത്രോ. 3:12.

യഹോവാഭയം ഒരു വ്യക്തിയെ എപ്രകാരം സ്വാധീനിക്കുമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പിൻവരുന്ന അനുഭവം. റിച്ചാർഡും ഭാര്യ ഫെലീഷ്യയും ബാങ്കിൽനിന്ന്‌ ഏകദേശം 30,800 രൂപയ്‌ക്കു തുല്യമായ തുക പിൻവലിച്ചു. * എണ്ണിനോക്കാതെയാണ്‌ ഫെലീഷ്യ അത്‌ ബാഗിൽവെച്ചത്‌. തിരിച്ചുപോകുമ്പോൾ അവർ അതിൽനിന്ന്‌ കുറച്ചു പണം ചെലവാക്കി. പക്ഷേ, വീട്ടിൽ എത്തിയ അവർ അത്ഭുതപ്പെട്ടുപോയി. ബാങ്കിൽനിന്നെടുത്ത ഏതാണ്ട്‌ അത്രയും പണം ബാഗിലിരിക്കുന്നു! “കാഷ്യർക്ക്‌ തെറ്റുപറ്റിയതാകും” എന്ന്‌ അവർ ഊഹിച്ചു. പണത്തിന്‌ ആവശ്യമുണ്ടായിരുന്നതിനാൽ കൂടുതൽ കിട്ടിയ പണം തിരികെ കൊടുക്കാൻ അവർക്ക്‌ ആദ്യം മടിതോന്നി. പക്ഷേ അവർ എന്തു ചെയ്‌തു? റിച്ചാർഡ്‌ പറയുന്നു: “പണം തിരികെ കൊടുക്കാൻ മനസ്സ്‌ തോന്നിക്കണേ എന്ന്‌ ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു. സദൃശവാക്യങ്ങൾ 27:11-ൽ കാണുന്ന ക്ഷണത്തിനു ചേർച്ചയിൽ യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹം പണം തിരികെ നൽകാൻ ഞങ്ങൾക്ക്‌ പ്രചോദനമായി.”

ബൈബിൾപരിശീലിത മനസ്സാക്ഷി

മനസ്സാക്ഷിയെ പ്രതികരണശേഷിയുള്ളതാക്കാൻ നാം ബൈബിൾ പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം. അപ്പോൾ ‘ജീവനും ശക്തിയുമുള്ള ദൈവവചനം’ നമ്മുടെ മനസ്സിലേക്കു മാത്രമല്ല ഹൃദയത്തിലേക്കും ഇറങ്ങിച്ചെല്ലും. ഫലമോ? “സകലത്തിലും സത്യസന്ധരായിരിക്കാൻ” നമുക്ക്‌ പ്രചോദനം തോന്നും.—എബ്രാ. 4:12; 13:18.

ജോസിന്റെ അനുഭവം നോക്കുക. കടംകയറി അദ്ദേഹം നാടുവിട്ടു. ഏകദേശം 2,20,000 രൂപയ്‌ക്കു തുല്യമായ തുകയായിരുന്നു വീട്ടിത്തീർക്കാനുണ്ടായിരുന്നത്‌. പിന്നീട്‌ സത്യം പഠിക്കാൻ ഇടയായ ജോസ്‌ വാങ്ങിയ പണം തിരികെ നൽകാൻ തീരുമാനിച്ചു, അതും എട്ടുവർഷങ്ങൾക്കുശേഷം! ബൈബിൾപരിശീലിത മനസ്സാക്ഷിയാണ്‌ അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്‌. ഭാര്യയും നാലുമക്കളും ഉള്ള ജോസിന്‌ ചെറിയ ഒരു വരുമാനമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ പണം മാസന്തോറും തന്നുതീർത്താൽ മതിയെന്ന്‌ കടം കൊടുത്തയാൾ സമ്മതിച്ചു.

ഉള്ളതുമതി എന്ന ബോധം

പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു ആദായംതന്നെ. . . . ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ നമുക്കു തൃപ്‌തിപ്പെടാം.” (1 തിമൊ. 6:6-8) ഈ ജ്ഞാനമൊഴികൾക്ക്‌ ശ്രദ്ധകൊടുക്കുന്നത്‌ അത്യാർത്തിപൂണ്ടതും ചോദ്യംചെയ്യത്തക്കതുമായ ബിസിനസ്സ്‌ നടപടികളിൽനിന്ന്‌ ഒഴിഞ്ഞിരിക്കാനും ‘പെട്ടെന്നു പണമുണ്ടാക്കാം’ എന്നു വാഗ്‌ദാനംചെയ്യുന്ന പദ്ധതികളിൽ ഉൾപ്പെടാതിരിക്കാനും നമ്മെ സഹായിക്കും. (സദൃ. 28:20) നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടും എന്ന ഉറപ്പോടെ ദൈവരാജ്യം ഒന്നാമതു വെക്കാനും പൗലോസിന്റെ ഉദ്‌ബോധനം അനുസരിക്കുന്നെങ്കിൽ നമുക്കു സാധിക്കും.—മത്താ. 6:25-34.

എന്നിരുന്നാലും അത്യാഗ്രഹത്തിനും ദുർമോഹത്തിനും ഇരകളാകാനുള്ള സാധ്യത തള്ളിക്കളയരുത്‌. കാരണം, ‘ധനത്തിനു വഞ്ചകശക്തി’ ഉണ്ടെന്ന്‌ ബൈബിൾ പറയുന്നു. (മത്താ. 13:22) ആഖാന്റെ അനുഭവം ഓർക്കുക. അത്ഭുതകരമായി യോർദാൻനദി കുറുകെ കടന്ന ഇസ്രായേല്യരുടെ കൂട്ടത്തിൽ അവനുമുണ്ടായിരുന്നു. എന്നിട്ടും അവൻ അത്യാഗ്രഹത്തിന്റെ കെണിയിൽ വീണു; യെരീഹോ പട്ടണത്തിൽനിന്നു പിടിച്ചെടുത്ത കൊള്ളമുതലിൽനിന്ന്‌ സ്വർണവും വെള്ളിയും വിലപിടിപ്പുള്ള മേലങ്കിയും മോഷ്ടിക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല. അതിന്റെ വിലയായി അവന്‌ ഒടുക്കേണ്ടിവന്നത്‌ സ്വന്തം ജീവനാണ്‌. (യോശു. 7:1, 20-26) “സൂക്ഷിച്ചുകൊള്ളുവിൻ; സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രതപാലിക്കുവിൻ” എന്ന്‌ നൂറ്റാണ്ടുകൾക്കുശേഷം യേശു മുന്നറിയിപ്പു നൽകിയതിൽ അതിശയിക്കാനില്ല.—ലൂക്കോ. 12:15.

ജോലിയിൽ സത്യസന്ധരായിരിക്കുക

നമ്മുടെ സത്യസന്ധത പരിശോധിക്കുന്ന ചില സാഹചര്യങ്ങളാണ്‌ നാം ഇനി കാണാൻ പോകുന്നത്‌. ജോലിയിൽ മറ്റുള്ളവർ എന്തു കള്ളത്തരം കാണിച്ചാലും സത്യസന്ധരായിരിക്കുന്നവർ ‘ഒന്നും അപഹരിച്ചെടുക്കുകയില്ല.’ (തീത്തൊ. 2:9, 10) ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനാണ്‌ സേവ്യർ. യാത്രാച്ചെലവുകൾ സത്യസന്ധമായി കാണിച്ചിരുന്ന വ്യക്തിയാണ്‌ അദ്ദേഹം. എന്നാൽ സഹപ്രവർത്തകർ അങ്ങനെയായിരുന്നില്ല. മേലധികാരിയുടെ ഒത്താശയോടെ അവർ ചെലവു പെരുപ്പിച്ചു കാണിച്ചിരുന്നു. വെട്ടിപ്പും തട്ടിപ്പും കാണിക്കാത്തതിന്റെപേരിൽ ഈ മേലധികാരി സേവ്യറിനെ ശകാരിക്കുകപോലും ചെയ്‌തു, ബിസിനസ്സ്‌ യാത്രകൾക്ക്‌ അദ്ദേഹത്തെ അയയ്‌ക്കാതെയുമായി. എന്നാൽ പിന്നീട്‌ സ്ഥാപനത്തിൽ കണക്കെടുപ്പു നടത്തിയപ്പോൾ സേവ്യറിന്റെ സത്യസന്ധത പുറത്തുവന്നു. അദ്ദേഹത്തിന്‌ ജോലിക്കയറ്റവും ലഭിച്ചു.

ഇടപാടുകാരുടെ അക്കൗണ്ടിൽ രണ്ടുപ്രാവശ്യം ഒരേ ചാർജ്‌ രേഖപ്പെടുത്താൻ ആൻഡ്രുവിനോട്‌ അദ്ദേഹം ജോലിചെയ്യുന്ന കമ്പനിയിൽനിന്ന്‌ ആവശ്യപ്പെട്ടു. ആൻഡ്രു അതിനു വഴങ്ങിയോ? ഇല്ല. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള ധൈര്യത്തിനായി അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. (സങ്കീ. 145:18-20) തനിക്ക്‌ ഇക്കാര്യം ചെയ്യാൻ കഴിയാത്തത്‌ എന്തുകൊണ്ടെന്ന്‌ ആൻഡ്രു വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നല്ല ശമ്പളമുള്ള ഈ ജോലി ഉപേക്ഷിക്കാൻ അങ്ങനെ അദ്ദേഹം തീരുമാനിച്ചു. എന്നാൽ ഏതാണ്ട്‌ ഒരുവർഷത്തിനുശേഷം ആ സ്ഥാപനത്തിലേക്ക്‌ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. മേലാൽ ഇടപാടുകാരിൽനിന്ന്‌ കൂടുതൽ പണം ഈടാക്കുകയില്ല എന്ന ഉറപ്പും നൽകി. മാനേജരായി ആൻഡ്രുവിനെ നിയമിക്കുകയും ചെയ്‌തു.

കടം വാങ്ങിയാൽ വീട്ടുക

പൗലോസ്‌ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികളെ ഉപദേശിക്കുന്നു: “നിങ്ങൾ ആരോടും ഒന്നും കടപ്പെട്ടിരിക്കരുത്‌.” (റോമ. 13:8) ‘കടം തന്നയാൾക്ക്‌ ധാരാളം പണം ഉള്ളതിനാൽ ഞാൻ പണം തിരികെ നൽകിയില്ലെങ്കിലും കുഴപ്പമില്ല’ എന്ന്‌ ഒരുപക്ഷേ നാം ന്യായീകരിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ ബൈബിൾ പറയുന്നത്‌ ഇങ്ങനെയാണ്‌: “ദുഷ്ടൻ വായ്‌പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല.”—സങ്കീ. 37:21.

ഏതെങ്കിലും യാദൃച്ഛിക സംഭവം നിമിത്തം കടം വീട്ടാൻ നമുക്ക്‌ കഴിയുന്നില്ലെങ്കിലോ? (സഭാ. 9:11) ഭവനവായ്‌പ അടച്ചുതീർക്കാൻവേണ്ടി ആൽഫ്രഡിന്റെ കൈയിൽനിന്ന്‌ ഫ്രാൻസിസ്‌ ഏകദേശം 3,08,000 രൂപയ്‌ക്കു തുല്യമായ തുക കടം വാങ്ങി. എന്നാൽ ബിസിനസ്സിന്‌ ഇടിവ്‌ സംഭവിച്ചതിനാൽ പറഞ്ഞ സമയത്ത്‌ കടം വീട്ടാനായില്ല. ആൽഫ്രഡിനെ ചെന്നുകണ്ട്‌ ഇക്കാര്യം ധരിപ്പിക്കാൻ ഫ്രാൻസിസ്‌ മുൻകൈയെടുത്തു. തവണകളായി പണം അടച്ചുതീർത്താൽ മതിയെന്ന്‌ ആൽഫ്രഡ്‌ സമ്മതിക്കുകയും ചെയ്‌തു.

തെറ്റിദ്ധരിപ്പിക്കാതിരിക്കുക

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിലുണ്ടായിരുന്ന അനന്യാസിന്റെയും സഫീറയുടെയും കാര്യമെടുക്കുക. തങ്ങൾക്കുണ്ടായിരുന്ന ഒരു നിലം വിറ്റുകിട്ടിയ പണത്തിൽ ഒരു പങ്ക്‌ അവർ അപ്പൊസ്‌തലന്മാരുടെ അടുക്കൽ കൊണ്ടുവന്നു. വിറ്റുകിട്ടിയ മുഴുവൻ പണവും സംഭാവനയായി നൽകുന്നു എന്നു ധരിപ്പിക്കാൻ അവർ ശ്രമിച്ചു. തങ്ങൾ വലിയ ഉദാരമതികളാണെന്നു കാണിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ പത്രോസ്‌ അപ്പൊസ്‌തലൻ അവരുടെ കള്ളിവെളിച്ചത്താക്കി; യഹോവ അവരെ കൊന്നുകളഞ്ഞു.—പ്രവൃ. 5:1-11.

അനന്യാസിനെയും സഫീറയെയും പോലെയായിരുന്നില്ല ബൈബിൾ എഴുത്തുകാർ. അവർ സത്യസന്ധരായിരുന്നു. തന്റെ മുൻകോപംനിമിത്തം വാഗ്‌ദത്തദേശത്തു കടക്കാൻ അനുമതി നഷ്ടപ്പെട്ട സംഭവം സത്യസന്ധമായി മോശ രേഖപ്പെടുത്തി. (സംഖ്യാ. 20:7-13) നിനെവേ നിവാസികളോടു പ്രസംഗിക്കുന്നതിന്‌ മുമ്പും പിമ്പും തന്റെ ഭാഗത്തു സംഭവിച്ച വീഴ്‌ച മറച്ചുവെക്കാതെ യോനായും എഴുതി.—യോനാ 1:1-3; 4:1-3.

ചേതം വന്നാലും സത്യസന്ധത പാലിക്കാൻ നല്ല മനക്കരുത്ത്‌ ആവശ്യമാണ്‌. നതാലിയയ്‌ക്ക്‌ (14) സ്‌കൂളിൽവെച്ചുണ്ടായ അനുഭവം നോക്കുക. പരീക്ഷയുടെ ഉത്തരക്കടലാസ്‌ കിട്ടിയപ്പോൾ അവൾ ഒരു കാര്യം ശ്രദ്ധിച്ചു: തെറ്റായ ഒരു ഉത്തരത്തിന്‌ അധ്യാപകൻ മാർക്ക്‌ തന്നിരിക്കുന്നു. ഗ്രേഡ്‌ കുറയുമെന്ന്‌ അറിഞ്ഞിട്ടും അക്കാര്യം അധ്യാപകനോടു പറയാൻ അവൾ മടിച്ചില്ല. നതാലിയയുടെ സത്യസന്ധതയെ അധ്യാപകൻ പ്രകീർത്തിച്ചു. “യഹോവയെ സന്തോഷിപ്പിക്കുന്നതിന്‌ ഞാൻ സത്യസന്ധതയുള്ളവൾ ആയിരിക്കണമെന്ന്‌ പപ്പയും മമ്മിയും എപ്പോഴും പറഞ്ഞുതരുമായിരുന്നു. മാർക്ക്‌ കൂടുതൽ കിട്ടിയ കാര്യം അധ്യാപകനോടു പറഞ്ഞില്ലായിരുന്നെങ്കിൽ എനിക്ക്‌ ഒരിക്കലും സ്വസ്ഥത ഉണ്ടായിരിക്കുമായിരുന്നില്ല,” അവൾ പറയുന്നു.

സത്യസന്ധത—യഹോവയ്‌ക്ക്‌ മഹത്ത്വം കരേറ്റുന്ന ഒരു ഗുണം

ഏതാണ്ട്‌ 1,540 രൂപയ്‌ക്കു തുല്യമായ പണവും കുറെ രേഖകളും അടങ്ങിയ ഒരു പേഴ്‌സ്‌ ജെസ്‌നിക്ക്‌ (17) കളഞ്ഞുകിട്ടി. ഉടമസ്ഥന്‌ തിരികെ നൽകാൻ അവൾ അത്‌ സ്‌കൂൾ അധികാരികളെ ഏൽപ്പിച്ചു. ഒരു മാസത്തിനുശേഷം വൈസ്‌പ്രിൻസിപ്പൽ ക്ലാസ്സിൽ ഒരു കത്ത്‌ വായിച്ചു. ജെസ്‌നിയുടെ സത്യസന്ധതയെയും അവളെ ദൈവഭയവും നല്ല ശീലങ്ങളും ഉള്ള കുട്ടിയായി വളർത്തിക്കൊണ്ടുവന്നതിന്‌ അവളുടെ മാതാപിതാക്കളെയും പ്രശംസിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്‌. അവളുടെ “നല്ല പ്രവൃത്തി” യഹോവയെ മഹത്ത്വപ്പെടുത്തി.—മത്താ. 5:14-16.

“സ്വസ്‌നേഹികളും ധനമോഹികളും വമ്പുപറയുന്നവരും ധാർഷ്ട്യക്കാരും . . . അവിശ്വസ്‌തരും” ആയ ആളുകൾക്കിടയിൽ സത്യസന്ധരായി ജീവിക്കുന്നത്‌ അത്ര എളുപ്പമല്ല. (2 തിമൊ. 3:2) എന്നിരുന്നാലും യഹോവാഭയവും ഉള്ളതുമതി എന്ന ബോധവും ബൈബിൾപരിശീലിത മനസ്സാക്ഷിയും ഉണ്ടെങ്കിൽ കാപട്യം നിറഞ്ഞ ഈ ലോകത്തിൽ നിഷ്‌കപടരായി ജീവിക്കാൻ നമുക്കാകും. ‘നീതിമാനും നീതിയെ ഇഷ്ടപ്പെടുന്നവനുമായ’ യഹോവയുമായി ഒരു ഗാഢബന്ധം വളർത്തിയെടുക്കാനും അത്‌ ഇടയാക്കും.—സങ്കീ. 11:7.

[അടിക്കുറിപ്പ്‌]

^ ഖ. 5 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

[7-ാം പേജിലെ ചിത്രങ്ങൾ]

സത്യസന്ധരായിരിക്കാനുള്ള തീരുമാനത്തിന്‌ ഇളക്കംതട്ടാതിരിക്കാൻ യഹോവാഭയം സഹായിക്കും

[8-ാം പേജിലെ ചിത്രം]

നമ്മുടെ സത്യസന്ധത യഹോവയ്‌ക്കു മഹത്ത്വം കരേറ്റും