ദൈവം നമ്മെ വഴിനടത്തുന്നത് നിങ്ങൾ തിരിച്ചറിയാറുണ്ടോ?
ദൈവം നമ്മെ വഴിനടത്തുന്നത് നിങ്ങൾ തിരിച്ചറിയാറുണ്ടോ?
അങ്ങനെയൊന്ന് അതിനുമുമ്പ് ആരും കണ്ടിരുന്നില്ല. ഇസ്രായേല്യർക്കും ഈജിപ്റ്റുകാർക്കും അതൊരു പുതുമയായിരുന്നു. എന്തായിരുന്നു അവരെ അതിശയിപ്പിച്ചത്? ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുവരുന്ന ഇസ്രായേല്യരുടെ അരികിലായി അതാ ഒരു മേഘസ്തംഭം! അത് രാത്രിയും പകലും അവരോടൊപ്പം ഉണ്ടായിരുന്നു. രാത്രി അത് അഗ്നിസ്തംഭമായി മാറും. അത് എവിടെനിന്നാണ് വന്നത്? എന്തായിരുന്നു അതിന്റെ ദൗത്യം? ആ ‘അഗ്നിമേഘസ്തംഭത്തെ’ ഇസ്രായേല്യർ വീക്ഷിച്ചത് എങ്ങനെ, ഇന്ന് 3,500 വർഷങ്ങൾക്കുശേഷം അതിൽനിന്ന് നമുക്ക് എന്തെങ്കിലും പാഠം ഉൾക്കൊള്ളാനുണ്ടോ?—പുറ. 14:24.
ആ സ്തംഭം എവിടെനിന്നു വന്നെന്നും അതിന്റെ ദൗത്യം എന്തായിരുന്നെന്നും ദൈവവചനം വെളിപ്പെടുത്തുന്നു: “അവർ പകലും രാവും യാത്രചെയ്വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.” (പുറ. 13:21, 22) ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവരാനും മരുഭൂമിയിലൂടെ അവരെ വഴിനടത്താനും യഹോവ ഈ അഗ്നിമേഘസ്തംഭത്തെ ഉപയോഗിച്ചു. അതിനെ പിൻചെല്ലാൻ കഴിയണമെങ്കിൽ ജനം ഒരുങ്ങിയിരിക്കണമായിരുന്നു. ഈജിപ്റ്റിലെ സൈന്യം ദൈവജനത്തെ പിന്തുടർന്ന് അവരെ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ ആ സ്തംഭം ഇരുകൂട്ടർക്കും ഇടയിൽ നിലയുറപ്പിച്ചു; അങ്ങനെ ഇസ്രായേല്യർ സംരക്ഷിക്കപ്പെട്ടു. (പുറ. 14:19, 20) ആ അഗ്നിമേഘസ്തംഭം അവരെ നയിച്ചത് ഏറ്റവും ദൂരം കുറഞ്ഞ വഴിയിലൂടെ ആയിരുന്നില്ല. എന്നു കരുതി, അതു കാണിച്ച വഴിയേ പോകാൻ വിസമ്മതിച്ചാൽ അവർക്ക് വാഗ്ദത്ത ദേശത്ത് എത്തിച്ചേരാൻ കഴിയില്ലായിരുന്നു.
യഹോവ തന്റെ ജനത്തോടൊപ്പമുണ്ട് എന്നതിന്റെ സൂചനയായിരുന്നു ആ അഗ്നിമേഘസ്തംഭം. അത് യഹോവയുടെ സാന്നിധ്യത്തിന്റെ തെളിവായിരുന്നു; അതിലൂടെ അവൻ ഇടയ്ക്കൊക്കെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. (സംഖ്യാ. 14:14; സങ്കീ. 99:7) കൂടാതെ, ഇസ്രായേൽ ജനതയെ നയിക്കാൻ യഹോവ നിയമിച്ചിരിക്കുന്നത് മോശയെ ആണെന്ന് ആ മേഘം സാക്ഷ്യപ്പെടുത്തി. (പുറ. 33:9) അതുപോലെതന്നെ, മോശയുടെ പിൻഗാമിയായി യോശുവയെയാണ് യഹോവ നിയമിച്ചിരിക്കുന്നതെന്ന് ആ മേഘം സ്ഥിരീകരിച്ചു. അഗ്നിമേഘസ്തംഭം പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് തിരുവെഴുത്തുകളിൽ അവസാനമായി പരാമർശിക്കുന്നത് ഈ സന്ദർഭത്തിലാണ്. (ആവ. 31:14, 15) വാഗ്ദത്ത ദേശത്തേക്കുള്ള ഇസ്രായേല്യരുടെ പ്രയാണം വിജയംകാണണമെങ്കിൽ യഹോവ തങ്ങളെ വഴിനടത്തുന്ന വിധം അവർ തിരിച്ചറിയുകയും അതിനു കീഴ്പെടുകയും ചെയ്യേണ്ടിയിരുന്നു എന്നതിനു സംശയമില്ല.
അവർ കണ്ടില്ലെന്നു നടിച്ചു
ആദ്യമായി ആ മേഘസ്തംഭം കണ്ടപ്പോൾ ഇസ്രായേല്യർക്ക് അതൊരു അത്ഭുതദൃശ്യമായിരുന്നു. പക്ഷേ, അവരുടെ കണ്മുന്നിൽ സദാ നിന്നിരുന്ന ആ സ്തംഭം പിന്നീട് അവർക്ക് ഒരു അത്ഭുതമല്ലാതായി. യഹോവയിൽ സദാ ആശ്രയിക്കാൻ അത് അവരെ പ്രേരിപ്പിക്കേണ്ടതായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. പലകുറി അവർ ദൈവത്തിന്റെ വഴിനടത്തിപ്പിനോടു മറുതലിച്ചു. ഈജിപ്ഷ്യൻ സൈന്യം പിന്നാലെ വന്നപ്പോൾ, തങ്ങളെ രക്ഷിക്കാനുള്ള ശക്തി യഹോവയ്ക്കുണ്ടെന്ന് അവർ വിശ്വസിച്ചില്ല. തങ്ങളെ കൊല്ലാൻ കൊണ്ടുവന്നിരിക്കുകയാണെന്നു പറഞ്ഞ് അവർ ദൈവദാസനായ മോശയ്ക്കെതിരെ തിരിഞ്ഞു. (പുറ. 14:10-12) ചെങ്കടലിൽനിന്ന് യഹോവ അവരെ രക്ഷിച്ചശേഷവും അവർ മോശയ്ക്കും അഹരോനും യഹോവയ്ക്കും എതിരെ പിറുപിറുത്തു; ഭക്ഷണവും വെള്ളവും ഇല്ലെന്നായിരുന്നു അവരുടെ പരാതി. (പുറ. 15:22-24; 16:1-3; 17:1-3, 7) ഏതാനും ആഴ്ചകൾക്കുശേഷം ഒരു സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കാൻ അവർ അഹരോനെ നിർബന്ധിച്ചു. അതേക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. പാളയത്തിന്റെ ഒരു ഭാഗത്ത് അവരെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ചുകൊണ്ടുവന്ന ദൈവത്തിന്റെ മഹത്ത്വം വിളങ്ങിനിൽക്കുന്നു; എന്നാൽ മറുഭാഗത്ത് അവർ നിർജീവമായ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, “യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു” എന്നു പറഞ്ഞ് അതിനെ ആരാധിക്കുന്നു. എത്ര വലിയ ദൈവനിന്ദ!—പുറ. 32:4; നെഹെ. 9:18.
യഹോവ തങ്ങളെ വഴിനയിച്ച വിധത്തോട് ഇസ്രായേല്യർക്ക് യാതൊരു ആദരവും ഉണ്ടായിരുന്നില്ല; അതുകൊണ്ടാണ് അവർ മത്സരിച്ചത്. അവർ ആ സ്തംഭം സങ്കീ. 78:40-43, 52-54; നെഹെ. 9:19.
കണ്ടു, പക്ഷേ അതിലൂടെ ദൈവം തങ്ങളെ വഴിനയിക്കുകയാണെന്ന വസ്തുതയ്ക്കുനേരെ അവർ കണ്ണടച്ചുകളഞ്ഞു. ഇസ്രായേൽ ജനത്തിന്റെ ആത്മീയ വീക്ഷണത്തിനായിരുന്നു കുഴപ്പം. അവരുടെ ചെയ്തികൾ “യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.” എങ്കിലും അവൻ അവരെ വഴിയിൽ ഉപേക്ഷിച്ചില്ല. വാഗ്ദത്തദേശത്ത് എത്തുന്നതുവരെ യഹോവ കരുണയോടെ അഗ്നിമേഘസ്തംഭം ഉപയോഗിച്ച് അവരെ വഴിനടത്തി.—ദൈവം ഇന്നു നമ്മെ വഴിനടത്തുന്ന വിധം
യഹോവ ഈ ആധുനികകാലത്തും തന്റെ ജനത്തിന് കൃത്യമായ വഴി കാണിച്ചുകൊടുക്കുന്നു. വാഗ്ദത്ത ദേശത്തേക്കുള്ള വഴി സ്വയം കണ്ടെത്തിക്കൊള്ളാൻ യഹോവ ഇസ്രായേല്യരോട് പറഞ്ഞില്ല. അതുപോലെതന്നെ, വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ലോകത്തിലേക്കുള്ള വഴി സ്വയം കണ്ടെത്തണമെന്ന് യഹോവ നമ്മോടും ആവശ്യപ്പെടുന്നില്ല. നമ്മെ വഴിനടത്താൻ ക്രിസ്തീയ സഭയുടെ നേതാവായി ദൈവം യേശുക്രിസ്തുവിനെ നിയമിച്ചിരിക്കുന്നു. (മത്താ. 23:10; എഫെ. 5:23) അവൻ ചില അധികാരങ്ങൾ ആത്മാഭിഷിക്ത ക്രിസ്ത്യാനികളടങ്ങുന്ന വിശ്വസ്ത അടിമവർഗത്തെ ഏൽപ്പിച്ചിട്ടുണ്ട്. ആ അടിമയാകട്ടെ, സഭകളിൽ മേൽവിചാരകന്മാരെ നിയമിക്കുന്നു.—മത്താ. 24:45-47; തീത്തൊ. 1:5-9.
ആ വിശ്വസ്ത അടിമവർഗത്തെ അഥവാ ഗൃഹവിചാരകനെ നമുക്ക് എങ്ങനെ തിരിച്ചറിയാം? യേശുതന്നെ വിശദീകരിക്കുന്നു: “തന്റെ പരിചാരകഗണത്തിന് യഥാസമയം അവരുടെ ആഹാരവിഹിതം കൊടുത്തുകൊണ്ടിരിക്കേണ്ടതിന് യജമാനൻ അവരുടെമേൽ ആക്കിവെക്കുന്ന വിശ്വസ്തനും വിവേകിയുമായ ഗൃഹവിചാരകൻ ആർ? തന്റെ യജമാനൻ വന്നെത്തുമ്പോൾ ആ അടിമ അങ്ങനെ ചെയ്യുന്നതായി കണ്ടെത്തുന്നെങ്കിൽ അവൻ ഭാഗ്യവാൻ!”—ലൂക്കോ. 12:42, 43.
അതെ, ഗൃഹവിചാരകവർഗം ‘വിശ്വസ്തനായിരിക്കും.’ അവർ യഹോവയോടും യേശുക്രിസ്തുവിനോടും ബൈബിൾ സത്യത്തോടും ദൈവജനത്തോടും എപ്പോഴും കൂറുപുലർത്തുന്നവരാണ്. ‘വിവേകിയായതിനാൽ’ ഈ ഗൃഹവിചാരകവർഗം ‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കുന്ന വേലയെയും ‘സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കുന്ന’ വേലയെയും ബുദ്ധിപൂർവം നയിക്കുന്നു. (മത്താ. 24:14; 28:19, 20) പോഷകസമൃദ്ധമായ ആത്മീയ ആഹാരം “തക്കസമയത്ത്” വിളമ്പിക്കൊണ്ട് തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുന്നവരാണ് ഈ ഗൃഹവിചാരകവർഗം. അവർക്ക് യഹോവയുടെ അംഗീകാരമുണ്ട് എന്നതിന് തെളിവുകൾ ധാരാളം. ദൈവജനം എണ്ണത്തിൽ വർധിക്കുന്നതും ബൈബിൾ സത്യങ്ങളുടെ ഗ്രാഹ്യം വർധിക്കുന്നതുമെല്ലാം അതിന് ഉദാഹരണമാണ്. കൂടാതെ, ഗൗരവമേറിയ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ദൈവത്തിന്റെ സഹായം അവർക്ക് ദർശിക്കാനാകുന്നു. ശത്രുക്കളുടെ കൈയാൽ ഒടുങ്ങിപ്പോകാതെ ദൈവജനത്തെ കാക്കുന്നതും മനശ്ശാന്തി നൽകി അവരെ അനുഗ്രഹിക്കുന്നതും ദൈവമാണ്.—യെശ. 54:17; ഫിലി. 4:7.
ദൈവത്തിന്റെ വഴിനടത്തിപ്പിനു കീഴ്പെടുക
ദൈവം നൽകുന്ന മാർഗനിർദേശം ഗൗരവമായി കാണുന്നു എന്ന് നമുക്ക് എങ്ങനെ തെളിയിക്കാം? പൗലോസ് എഴുതി: “നിങ്ങളുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച് അവർക്കു കീഴ്പെട്ടിരിക്കുവിൻ.” (എബ്രാ. 13:17) ഇത് എപ്പോഴും അത്ര എളുപ്പമായിരിക്കില്ല. മോശയുടെ കാലത്തെ ഇസ്രായേല്യരോടൊപ്പം നിങ്ങളും ഉണ്ടായിരുന്നെന്നു കരുതുക. നിങ്ങൾ കുറച്ചു ദൂരം നടന്നശേഷം മേഘസ്തംഭം നിൽക്കുന്നു. അത് എത്രനേരം അങ്ങനെ നിൽക്കും എന്ന് അറിയാൻ കഴിയുമോ? ഇല്ല. ചിലപ്പോൾ ഒരു ദിവസമായിരിക്കും. അല്ലെങ്കിൽ ഒരാഴ്ച. അതുമല്ലെങ്കിൽ ഏതാനും മാസങ്ങൾ. ‘സാധനങ്ങളെല്ലാം പുറത്തെടുക്കുന്നത് ബുദ്ധിയായിരിക്കുമോ’ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അത്യാവശ്യമുള്ള കുറച്ചു സാധനങ്ങൾ മാത്രമായിരിക്കാം നിങ്ങൾ ആദ്യം പുറത്തെടുക്കുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഓരോ സാധനങ്ങൾക്കായി തപ്പിമടുത്ത് കെട്ടുകളെല്ലാം അഴിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. അഴിച്ചു തീർന്നതും അതാ മേഘസ്തംഭം നീങ്ങുന്നു! വീണ്ടും എല്ലാം പൊതിഞ്ഞുകെട്ടണം! ഒട്ടും സുഖമുള്ള കാര്യമല്ല അത്. പക്ഷേ മേഘം പൊങ്ങുമ്പോൾ ഇസ്രായേല്യർ “യാത്ര പുറപ്പെടു”കതന്നെ വേണ്ടിയിരുന്നു.—സംഖ്യാ. 9:17-22.
ദൈവത്തിൽനിന്നുള്ള മാർഗനിർദേശങ്ങൾ ലഭിക്കുമ്പോൾ നാം എങ്ങനെയാണ് അവ സ്വീകരിക്കുന്നത്? ഉടനടി അനുസരിക്കുമോ? അതോ നാം ചെയ്തുപോന്നതുപോലെതന്നെ കാര്യങ്ങൾ ചെയ്യുമോ? ബൈബിളധ്യയനങ്ങൾ നടത്തുന്നതിനെക്കുറിച്ചും വിദേശഭാഷ സംസാരിക്കുന്നവരോടു സാക്ഷീകരിക്കുന്നതുമായി ബന്ധപ്പെട്ടും ക്രമമായി കുടുംബാരാധനയിൽ പങ്കുപറ്റുന്നതിനെക്കുറിച്ചും ആശുപത്രി ഏകോപന സമിതികളോടു സഹകരിക്കുന്നതുമായി ബന്ധപ്പെട്ടും കൺവെൻഷനുകളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ലഭിച്ചിരിക്കുന്ന നിർദേശങ്ങൾ നിങ്ങൾ ഓർത്തിരിക്കുന്നുണ്ടോ? ശിക്ഷണം ലഭിക്കുമ്പോൾ അതു സ്വീകരിക്കുന്നതും ദൈവത്തിന്റെ വഴിനടത്തിപ്പിനു കീഴ്പെടുന്നതിന്റെ ഭാഗമാണ്. ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കുമ്പോൾ സ്വന്തം ബുദ്ധിയിൽ ആശ്രയിക്കുന്നതിനുപകരം യഹോവയും അവന്റെ സംഘടനയും നൽകുന്ന മാർഗനിർദേശങ്ങളായിരിക്കണം നമ്മെ നയിക്കുന്നത്. ഭയപ്പെടുത്തുന്ന
എന്തെങ്കിലും കാണുമ്പോൾ കുഞ്ഞുങ്ങൾ ഓടി അപ്പന്റെയോ അമ്മയുടെയോ അടുത്തെത്തുന്നതുപോലെ ഈ ലോകത്തിലെ പ്രശ്നങ്ങൾ നമ്മെ ആകുലചിത്തരാക്കുമ്പോൾ നാം യഹോവയുടെ സംഘടനയിൽ അഭയം തേടുന്നു.ദൈവത്തിന്റെ സംഘടനയുടെ ഭൗമിക ഭാഗത്ത് നേതൃത്വമെടുക്കുന്നവരാരും പൂർണരല്ല. മോശയും പൂർണനായിരുന്നില്ല. എന്നിട്ടും അവനെ നിയമിച്ചിരിക്കുന്നത് ദൈവമാണെന്നും അവന് ദിവ്യപിന്തുണയുണ്ടെന്നും ആ അഗ്നിമേഘസ്തംഭം കൂടെക്കൂടെ ഉറപ്പുകൊടുത്തു. എപ്പോൾ യാത്ര തുടങ്ങണമെന്ന് ഇസ്രായേല്യർക്ക് സ്വയം തീരുമാനിക്കാനാകുമായിരുന്നില്ല. “മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ” വേണമായിരുന്നു അവർ മുന്നോട്ടുപോകാൻ. (സംഖ്യാ. 9:23) യഹോവ മോശയിലൂടെ സംസാരിച്ചിരുന്നതിനാൽ എപ്പോൾ പുറപ്പെടണമെന്നു നിർദേശം നൽകിയത് സാധ്യതയനുസരിച്ച് മോശയായിരുന്നു.
എപ്പോൾ, എന്തു ചെയ്യണമെന്ന് യഹോവയുടെ ഗൃഹവിചാരകവർഗം ഇന്ന് വ്യക്തമായ നിർദേശങ്ങൾ നൽകുന്നു. അവർ എങ്ങനെയാണ് അതു ചെയ്യുന്നത്? വീക്ഷാഗോപുരം, നമ്മുടെ രാജ്യ ശുശ്രൂഷ, പുതിയ പ്രസിദ്ധീകരണങ്ങൾ, സമ്മേളനങ്ങളിലും കൺവെൻഷനുകളിലും നടത്തുന്ന പ്രസംഗങ്ങൾ എന്നിവയിലൂടെ. സഭകൾക്കുവേണ്ട നിർദേശങ്ങൾ നൽകാൻ സഞ്ചാര മേൽവിചാരകന്മാരെ ഉപയോഗിക്കാറുണ്ട്. കൂടാതെ, കത്തുകളിലൂടെയും സഭാ ഉത്തരവാദിത്വങ്ങളുള്ള സഹോദരന്മാർക്കു നൽകുന്ന പരിശീലനത്തിലൂടെയും വേണ്ട മാർഗനിർദേശം നൽകുന്നു.
ദൈവം നമ്മെ വഴിനടത്തുന്നത് നിങ്ങൾ തിരിച്ചറിയാറുണ്ടോ? യഹോവ ഇന്ന് തന്റെ സംഘടനയെ ഉപയോഗിച്ച് സാത്താന്റെ ദുഷ്ടലോകമാകുന്ന മരുഭൂമിയിലൂടെ തന്റെ ജനത്തെ സുരക്ഷിതമായി വഴിനടത്തുന്നു. ആ യാത്രയുടെ അന്ത്യപാദത്തിൽ ഐക്യവും സ്നേഹവും കളിയാടുന്ന ഒരു മരുപ്പച്ചയായി ദൈവജനത്തിനു നിലകൊള്ളാനാകുന്നത് അതുകൊണ്ടാണ്.
ഇസ്രായേൽ ജനം വാഗ്ദത്ത ദേശത്ത് എത്തിച്ചേർന്നപ്പോൾ യോശുവ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.” (യോശു. 23:14) ഇന്നുള്ള ദൈവജനവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ഭൂമിയിൽ എത്തിച്ചേരും എന്നതിൽ സംശയമില്ല. എന്നാൽ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ എന്നത് യഹോവയുടെ മാർഗനിർദേശങ്ങൾ താഴ്മയോടെ പിൻപറ്റാൻ നിങ്ങൾക്കു മനസ്സുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് നമുക്കെല്ലാം ദൈവം നമ്മെ വഴിനടത്തുന്ന വിധം തിരിച്ചറിഞ്ഞ് അതിനു കീഴ്പെടാം!
[5-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സംഘടന നമ്മെ ഇന്നു വഴിനടത്തുന്നു
പുതിയ പ്രസിദ്ധീകരണങ്ങളിലൂടെ
ദിവ്യാധിപത്യ സ്കൂളുകളിലൂടെ
വയൽസേവന യോഗങ്ങളിലൂടെ