ബൈബിൾ പഠനം നിങ്ങൾക്ക് സന്തോഷം നൽകുന്ന അനുഭവമാണോ?
ബൈബിൾ പഠനം നിങ്ങൾക്ക് സന്തോഷം നൽകുന്ന അനുഭവമാണോ?
“ക്രമമായി ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല, അതൊരു ഭാരമായാണ് തോന്നിയത്. വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നതിനാൽ പലപ്പോഴും മനസ്സ് അലഞ്ഞുനടന്നു.” ലോറൻ എന്ന സഹോദരി പറഞ്ഞതാണിത്.
ബൈബിൾ വായിച്ചു തുടങ്ങിയ സമയത്ത് വലിയ രസമൊന്നും തോന്നിയിരുന്നില്ല എന്ന് മറ്റു പലരും സമ്മതിക്കുന്നു. പക്ഷേ തിരുവെഴുത്തുകൾ വായിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലുണ്ടായിരുന്നതിനാൽ അവർ അത് ഉപേക്ഷിച്ചില്ല. മാർക്ക് പറയുന്നു: “ബൈബിൾ വായനയിൽനിന്നും പഠനത്തിൽനിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പലതും ഉണ്ടായേക്കാം. വളരെയേറെ പ്രാർഥിക്കുകയും ശ്രമിക്കുകയും ചെയ്തിട്ടാണ് ദിവസേനയുള്ള ബൈബിൾ വായന എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയത്.”
ദൈവത്തിന്റെ നിശ്വസ്ത വചനമായ ബൈബിളിനോടുള്ള താത്പര്യം വർധിപ്പിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? അതിന്റെ വായന എങ്ങനെ ആസ്വദിക്കാം? പിൻവരുന്ന നിർദേശങ്ങൾ പരീക്ഷിച്ചുനോക്കൂ.
ലക്ഷ്യങ്ങളും മാർഗങ്ങളും
ബൈബിൾ പഠനം ഫലപ്രദമാക്കാൻ പ്രാർഥിക്കുക, ശ്രദ്ധകേന്ദ്രീകരിക്കാൻ നിശ്ചയിച്ചുറയ്ക്കുക. ദൈവവചനം പഠിക്കാനുള്ള ആഗ്രഹം നൽകേണമേയെന്ന് യഹോവയോടു പ്രാർഥിക്കാവുന്നതാണ്. അവന്റെ വചനത്തിലടങ്ങിയിരിക്കുന്ന ജ്ഞാനം നന്നായി ഗ്രഹിക്കാൻ മനസ്സിനെയും ഹൃദയത്തെയും തുറക്കേണമേയെന്നും അപേക്ഷിക്കാം. (സങ്കീ. 119:34) അല്ലാത്തപക്ഷം ബൈബിൾ വായന വെറുമൊരു ചടങ്ങായിമാറും, അതു തുടരാനുള്ള ആഗ്രഹവും നഷ്ടമാകും. ലിൻ പറയുന്നു: “ചിലപ്പോൾ ഞാൻ ഓടിച്ചു വായിച്ചുപോകും. അതുകൊണ്ടുതന്നെ പല ആശയങ്ങളും ശ്രദ്ധയിൽപ്പെടാറില്ല. പ്രധാന ആശയങ്ങൾപോലും പലപ്പോഴും ശരിക്കു മനസ്സിലാകാതെ പോകാറുണ്ട്. പക്ഷേ ആത്മനിയന്ത്രണത്തിനായി പ്രാർഥിക്കുമ്പോൾ, മനസ്സിനെ പിടിച്ചുനിറുത്താൻ എനിക്കു കഴിയുന്നു.”
പഠിക്കുന്ന കാര്യങ്ങളുടെ മൂല്യം തിരിച്ചറിയുക. ദൈവവചനത്തിലടങ്ങിയിരിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുന്നതും പ്രാവർത്തികമാക്കുന്നതും നിത്യജീവന് അനിവാര്യമാണെന്നു മറക്കരുത്. അതുകൊണ്ട് നിങ്ങൾക്കു പ്രയോജനംചെയ്യുന്ന കാര്യങ്ങൾ കണ്ടെത്താനും ബാധകമാക്കാനും ബോധപൂർവമായ ശ്രമംചെയ്യണം. “എന്നിലെ തെറ്റായ ചിന്തകളും മനോഭാവങ്ങളും തിരിച്ചറിയാൻ സഹായിക്കുന്ന ആശയങ്ങൾക്കായി ഞാൻ തിരയാറുണ്ട്. തിരുവെഴുത്തുകളുടെയും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെയും എഴുത്തുകാരാരും എന്നെ കണ്ടിട്ടില്ലെങ്കിലും എനിക്കു ബാധകമാക്കാൻ കഴിയുന്ന ആശയങ്ങൾ അവയിൽ കണ്ടെത്തുമ്പോൾ ഏറെ സന്തോഷം തോന്നും” എന്ന് ക്രിസ് പറയുന്നു.
നേടിയെടുക്കാവുന്ന ലക്ഷ്യങ്ങൾ വെക്കുക. ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ച് പുതുതായി എന്തെങ്കിലും മനസ്സിലാക്കാൻ ലക്ഷ്യംവെക്കാനാകും. തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്) എന്നിവയിൽനിന്ന് അത്തരം വിവരങ്ങൾ കണ്ടെത്താം. തനതായ വ്യക്തിത്വസവിശേഷതകളുള്ള യഥാർഥ വ്യക്തികളായി ആ സ്ത്രീപുരുഷന്മാരെ അടുത്തറിയുമ്പോൾ അവരുടെ അനുഭവങ്ങൾ നിങ്ങളെ കൂടുതൽ സ്പർശിക്കും.
തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുക. (പ്രവൃ. 17:2, 3) ഈ ലക്ഷ്യത്തോടെയാണ് സോഫിയ പഠിക്കുന്നത്. അവൾ പറയുന്നത് ശ്രദ്ധിക്കൂ: “തിരുവെഴുത്തു സത്യങ്ങളെക്കുറിച്ച് ന്യായവാദം ചെയ്യാനുള്ള നവീന മാർഗങ്ങൾ കണ്ടെത്തുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ശുശ്രൂഷയിലും മറ്റ് അവസരങ്ങളിലും അതെനിക്ക് ഉപകാരപ്പെടാറുണ്ട്. ഇക്കാര്യത്തിൽ വലിയൊരു സഹായമാണ് വീക്ഷാഗോപുരം മാസിക.”—2 തിമൊ. 2:15.
ബൈബിൾ വിവരണങ്ങൾ മനക്കണ്ണിൽ കാണുക. ‘ദൈവത്തിന്റെ വചനം ജീവനുള്ളതാണ്’ എന്ന് എബ്രായർ 4:12 പറയുന്നു. ബൈബിൾ വായിക്കുമ്പോൾ അതിലെ വിവരണങ്ങൾ മനസ്സിൽ ജീവസുറ്റതാക്കിനിറുത്താൻ എന്തു ചെയ്യാനാകും? ബൈബിൾ കഥാപാത്രങ്ങൾ കണ്ടിരിക്കാനിടയുള്ള കാഴ്ചകൾ കാണാനും അവർ കേട്ട ശബ്ദങ്ങൾ കേൾക്കാനും അവരുടെ ഉള്ളിലൂടെ കടന്നുപോയ വികാരങ്ങൾ മനസ്സിലാക്കാനും ഒന്നു ശ്രമിച്ചുനോക്കൂ. അവർക്കു നേരിട്ടതുപോലുള്ള സാഹചര്യങ്ങൾ നിങ്ങൾക്കു നേരിടേണ്ടിവരുന്നുണ്ടോ എന്നു ചിന്തിക്കുക. എന്നിട്ട് അവരുടെ അനുഭവങ്ങളിൽനിന്നു പാഠം ഉൾക്കൊള്ളുക. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ ബൈബിൾ വിവരണങ്ങൾ ശരിയായി മനസ്സിലാക്കാനും ഓർത്തിരിക്കാനും എളുപ്പമായിരിക്കും.
മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള തിരുവെഴുത്തുകളും വിശദീകരണങ്ങളും പഠിക്കാൻ സമയമെടുക്കുക. ഓരോ അധ്യയനത്തിനും വേണ്ടത്ര സമയം നീക്കിവെക്കണം. ഗവേഷണംചെയ്ത് ഉത്തരം കണ്ടെത്തേണ്ട പല ചോദ്യങ്ങളും പഠനത്തിനിടയിൽ നിങ്ങളുടെ മനസ്സിൽ പൊന്തിവരാനിടയുണ്ട്. മനസ്സിലാകാത്ത വാക്കുകളുടെ അർഥം നോക്കുക, അടിക്കുറിപ്പ് പരിശോധിക്കുക, ഇംഗ്ലീഷ് ബൈബിൾ ഉപയോഗിക്കുന്നെങ്കിൽ ഒത്തുവാക്യങ്ങൾ എടുത്തുനോക്കുക. വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും ബാധകമാക്കുകയും ചെയ്യുന്തോറും നിങ്ങളുടെ ബൈബിൾ വായന കൂടുതൽ രസകരമായിത്തീരും. സങ്കീർത്തനക്കാരന്റെ വാക്കുകൾ ഏറ്റുചൊല്ലാൻ അപ്പോൾ നിങ്ങൾക്കു കഴിയും: “ഞാൻ നിന്റെ (യഹോവയുടെ) സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.”—സങ്കീ. 119:111.
തിരക്കിട്ട് പഠനഭാഗം തീർക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ പ്രാപ്തികളും സാഹചര്യങ്ങളും അനുസരിച്ചുവേണം പഠനത്തിനായി എത്ര സമയം നീക്കിവെക്കണമെന്നു തിട്ടപ്പെടുത്താൻ. വ്യക്തിപരമായ പഠനത്തിനു ധാരാളം സമയമെടുത്ത്, സഭായോഗങ്ങൾക്കായി തയ്യാറാകാൻ സമയം കിട്ടാതെപോകരുത്; രണ്ടും പ്രധാനമാണ്. “പലപ്പോഴും ടെൻഷൻ കാരണം പഠനത്തിൽ ശ്രദ്ധിക്കാൻ എനിക്കു കഴിയാറില്ല. അതുകൊണ്ട് പലപ്പോഴായി കുറേശ്ശെ പഠിക്കുന്നതാണ് എന്റെ കാര്യത്തിൽ നല്ലതെന്ന് തോന്നുന്നു. അതാണ് എനിക്ക് കൂടുതൽ പ്രയോജനംചെയ്യുന്നത്.” റേക്കൽ എന്ന സഹോദരിയുടെ അഭിപ്രായമാണിത്. ഇനി, ക്രിസ് പറയുന്നത് ശ്രദ്ധിക്കുക: “വേഗം പഠിച്ചുതീർക്കാൻ ശ്രമിക്കുമ്പോൾ കാര്യമായി ഒന്നും എന്റെ തലയിൽ കയറാറില്ല. അപ്പോൾ എനിക്കു കുറ്റബോധം തോന്നും.” അതുകൊണ്ട് തിരക്കുകൂട്ടാതെ സമയമെടുത്ത് പഠിക്കുക.
ദൈവവചനം മനസ്സിലാക്കാൻ വാഞ്ഛിക്കുക. പത്രോസ് അപ്പൊസ്തലൻ എഴുതി: “നവജാത ശിശുക്കളെപ്പോലെ, രക്ഷയിലേക്കു വളർന്നുവരേണ്ടതിന് ദൈവവചനത്തിലെ മായമില്ലാത്ത പാൽ കുടിക്കാൻ വാഞ്ഛിക്കുവിൻ.” (1 പത്രോ. 2:2) കുഞ്ഞുങ്ങൾക്ക് പാൽ കുടിക്കാൻ സ്വാഭാവിക വാഞ്ഛയുണ്ട്, അവർക്ക് അത് വളർത്തിയെടുക്കേണ്ടതില്ല. എന്നാൽ നമ്മുടെ കാര്യം അങ്ങനെയല്ല, ദൈവവചനത്തിലെ മായമില്ലാത്ത പാൽ കുടിക്കാനുള്ള വാഞ്ഛ നാം വളർത്തിയെടുക്കേണ്ടതുണ്ട്. ദിവസവും ബൈബിളിലെ ഒരു പേജ് എങ്കിലും വായിച്ചുനോക്കൂ, നിങ്ങൾക്ക് ആ വാഞ്ഛയുണ്ടാകും. തുടക്കത്തിൽ, അസാധ്യമെന്നു തോന്നിയ കാര്യം നിങ്ങൾ ആസ്വദിക്കാൻ തുടങ്ങും.
വായിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കുക. അതിന്റെ പ്രയോജനം വളരെ വലുതാണ്. നിങ്ങൾ കണ്ടെത്തിയ തിരുവെഴുത്താശയം നേരത്തേ പഠിച്ചിട്ടുള്ളവയുമായി ബന്ധിപ്പിക്കാൻ അത് സഹായിക്കും. വൈകാതെ, ദിവ്യജ്ഞാനമാകുന്ന മുത്തുകൾകൊണ്ടുള്ള മനോഹരമായ ഒരു മാല കൊരുത്തെടുക്കാൻ നിങ്ങൾക്കാകും; ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കാൻ കഴിയുന്ന ഒരു ആഭരണമായിരിക്കും അത്!—സങ്കീ. 19:14; സദൃ. 3:3.
ആ സമയം ഒരിക്കലും പാഴാകില്ല!
നല്ല പഠനശീലം നിലനിറുത്താൻ ബുദ്ധിമുട്ടായിരിക്കാം. പക്ഷേ അതിന്റെ അനുഗ്രഹങ്ങൾ എണ്ണിയാലൊടുങ്ങില്ല. തിരുവെഴുത്തുകളെക്കുറിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യം വർധിക്കും. (എബ്രാ. 5:12-14) ദൈവവചനത്തിൽനിന്ന് നിങ്ങൾ ആർജിക്കുന്ന ജ്ഞാനവും വിവേകവും സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വാതായനങ്ങളാണെന്ന് നിങ്ങൾ തിരിച്ചറിയും. ദൈവത്തിന്റെ നിശ്വസ്തമൊഴികളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം, അതു കണ്ടെത്തി ഉപയോഗിക്കുന്നവർക്ക് “ജീവവൃക്ഷം” ആണ്.—സദൃ. 3:13-18.
ദൈവവചനത്തിലെ ഗഹനമായ സത്യങ്ങൾ പഠിക്കുന്നെങ്കിൽ നിങ്ങൾക്ക് വിവേകമുള്ള ഹൃദയം നേടാനാകും. (സദൃ. 15:14) തിരുവെഴുത്തുകളെ ആധാരമാക്കിയുള്ള ബുദ്ധിയുപദേശങ്ങൾ മനസ്സിൽനിന്നു പകർന്നുനൽകാൻ അത് നിങ്ങളെ സഹായിക്കും. ദൈവവചനത്തിൽനിന്നും “വിശ്വസ്തനും വിവേകിയുമായ അടിമ” നൽകുന്ന പ്രസിദ്ധീകരണങ്ങളിൽനിന്നും ഉള്ള വിവരങ്ങളാണ് തീരുമാനങ്ങളെടുക്കാൻ നിങ്ങളെ വഴിനയിക്കുന്നതെങ്കിൽ സ്വച്ഛന്ദമായ, പ്രതിസന്ധികളിൽ ആടിയുലയാത്ത ഒരു മനസ്സ് നിങ്ങൾ നേടിയെടുക്കും. (മത്താ. 24:45) എല്ലാറ്റിന്റെയും നല്ല വശം കാണാൻ കഴിവുള്ള, ശുഭാപ്തിവിശ്വാസമുള്ള, ആത്മീയമനസ്കരായിത്തീരാൻ നിങ്ങൾക്കാകും. കൂടാതെ, ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ ബാധിക്കുന്ന സകലകാര്യങ്ങളിലും നിങ്ങൾ വിജയംകാണും.—സങ്കീ. 1:2, 3.
ദൈവത്തോടുള്ള സ്നേഹം നിറഞ്ഞുതുളുമ്പുന്ന ഹൃദയം നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. അതു മറ്റനേകം അനുഗ്രഹങ്ങളും കൈവരുത്തും. വീട്ടുകാരുടെ ശ്രദ്ധയാകർഷിക്കുന്ന നിരവധി തിരുവെഴുത്തുകൾ ഓർത്തുവെച്ച് ഉപയോഗിച്ചുകൊണ്ട് തന്റെ ക്രിസ്തീയ ശുശ്രൂഷ കൂടുതൽ ഫലപ്രദവും രസകരവുമാക്കാൻ ശ്രമിക്കുകയാണ് സോഫിയ. “ബൈബിൾ വാക്യങ്ങൾ വായിച്ചു കേൾക്കുമ്പോൾ ആളുകളുടെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങൾ എന്നെ ആവേശംകൊള്ളിക്കുന്നു” എന്ന് അവൾ പറയുകയുണ്ടായി.
ദൈവവചനം പഠിക്കുന്നതിൽ സന്തോഷം കണ്ടെത്തുമ്പോൾ യഹോവയോട് നിങ്ങൾ കൂടുതൽ അടുക്കും; അതാണ് അതിന്റെ ഏറ്റവും വലിയ പ്രയോജനം. ദൈവത്തിന്റെ നിലവാരങ്ങൾ മനസ്സിലാക്കാനും അവന്റെ സ്നേഹവും ഔദാര്യവും നീതിയും എത്ര ശ്രേഷ്ഠമാണെന്നു തിരിച്ചറിയാനും ബൈബിൾ പഠനം സഹായിക്കും. ഇത്രയേറെ പ്രാധാന്യമുള്ള, പ്രതിഫലദായകമായ മറ്റൊരു ഉദ്യമമില്ല. അതുകൊണ്ട് ബൈബിൾ പഠനത്തിൽ മുഴുകുക. ആ സമയം ഒരിക്കലും പാഴാകില്ല!—സങ്കീ. 19:7-11.
[5-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ബൈബിൾ വായന: ലക്ഷ്യങ്ങളും മാർഗങ്ങളും
▪ ബൈബിൾ പഠനം ഫലപ്രദമാക്കാൻ പ്രാർഥിക്കുക, ശ്രദ്ധകേന്ദ്രീകരിക്കാൻ നിശ്ചയിച്ചുറയ്ക്കുക.
▪ പഠിക്കുന്ന കാര്യങ്ങളുടെ മൂല്യം തിരിച്ചറിയുക.
▪ നേടിയെടുക്കാവുന്ന ലക്ഷ്യങ്ങൾ വെക്കുക.
▪ തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുക.
▪ ബൈബിൾ വിവരണങ്ങൾ മനക്കണ്ണിൽ കാണുക.
▪ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള തിരുവെഴുത്തുകളും വിശദീകരണങ്ങളും പഠിക്കാൻ സമയമെടുക്കുക.
▪ തിരക്കിട്ട് പഠനഭാഗം തീർക്കാൻ ശ്രമിക്കരുത്.
▪ ദൈവവചനം മനസ്സിലാക്കാൻ വാഞ്ഛിക്കുക.
▪ വായിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കുക.
[4-ാം പേജിലെ ചിത്രം]
വായിക്കുന്ന തിരുവെഴുത്തു വിവരണം മനസ്സിൽ കാണുക, നിങ്ങളും അവിടെ ഉണ്ടെന്ന് സങ്കൽപ്പിക്കുക