വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങളുടെ ഇടയിൽ അധ്വാനിക്കുന്നവരെ ബഹുമാനിക്കുക’

‘നിങ്ങളുടെ ഇടയിൽ അധ്വാനിക്കുന്നവരെ ബഹുമാനിക്കുക’

‘നിങ്ങളുടെ ഇടയിൽ അധ്വാനിക്കുന്നവരെ ബഹുമാനിക്കുക’

“നിങ്ങളുടെ ഇടയിൽ അധ്വാനിക്കുകയും കർത്താവിൽ അധ്യക്ഷത വഹിക്കുകയും നിങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ ബഹുമാനിക്കണം.”—1 തെസ്സ. 5:12.

1, 2. (എ) പൗലോസ്‌ തെസ്സലോനിക്യർക്കുള്ള ആദ്യ ലേഖനം എഴുതുമ്പോൾ അവിടത്തെ സാഹചര്യം എന്തായിരുന്നു? (ബി) എന്തു ചെയ്യാൻ പൗലോസ്‌ തെസ്സലോനിക്യരെ പ്രോത്സാഹിപ്പിച്ചു?

ഒന്നാം നൂറ്റാണ്ടിൽ യൂറോപ്പിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ സഭകളിൽ ഒന്നായിരുന്നു തെസ്സലോനിക്യ സഭ. അവിടത്തെ സഹോദരങ്ങളെ ആത്മീയമായി ശക്തിപ്പെടുത്താൻ പൗലോസ്‌ അപ്പൊസ്‌തലൻ വളരെയേറെ സമയം ചെലവഴിച്ചു. മറ്റു സഭകളിൽ ചെയ്‌തതുപോലെ, നേതൃത്വമെടുക്കാൻ അവൻ അവിടെയും മൂപ്പന്മാരെ നിയമിച്ചിട്ടുണ്ടാകണം. (പ്രവൃ. 14:23) എന്നാൽ സഭ രൂപീകരിക്കപ്പെട്ട്‌ അധികം വൈകാതെ പൗലോസിനെയും ശീലാസിനെയും പട്ടണത്തിൽനിന്നു പുറത്താക്കാൻ യഹൂദന്മാർ ജനക്കൂട്ടത്തെ ഇളക്കിവിട്ടു. പൗലോസും ശീലാസും അവിടം വിട്ടുപോകാൻ നിർബന്ധിതരായി. നിങ്ങൾ ആ സഭയിൽ ഉണ്ടായിരുന്നെന്നു കരുതുക. നിങ്ങൾക്കും ശേഷം സഹോദരങ്ങൾക്കും വല്ലാത്ത നിസ്സഹായതയും, ഒരുപക്ഷേ ഭയവും അനുഭവപ്പെടുമായിരുന്നില്ലേ?

2 തെസ്സലോനിക്യയിൽനിന്നു പോന്നെങ്കിലും പറക്കമുറ്റാത്ത ആ സഭയെക്കുറിച്ച്‌ പൗലോസിന്‌ ഉത്‌കണ്‌ഠ ഉണ്ടായിരുന്നു; അവൻ തിരികെച്ചെല്ലാൻ ശ്രമിച്ചു. പക്ഷേ ‘സാത്താൻ വഴിമുടക്കി.’ അതുകൊണ്ട്‌ സഭയ്‌ക്കു പ്രോത്സാഹനം പകരാൻ അവൻ തിമൊഥെയൊസിനെ അയച്ചു. (1 തെസ്സ. 2:18; 3:2) നല്ലൊരു റിപ്പോർട്ടുമായാണ്‌ തിമൊഥെയൊസ്‌ മടങ്ങിയെത്തിയത്‌. അതുകേട്ട പൗലോസ്‌ തെസ്സലോനിക്യർക്ക്‌ ഒരു കത്ത്‌ എഴുതാൻ തീരുമാനിച്ചു. മറ്റു പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തിൽ, ‘നിങ്ങളുടെ ഇടയിൽ അധ്വാനിക്കുന്നവരെ ബഹുമാനിക്കാനും’ അവൻ അവർക്കു പ്രോത്സാഹനമേകി.—1 തെസ്സലോനിക്യർ 5:12, 13 വായിക്കുക.

3. തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികൾ മൂപ്പന്മാരെ അത്യന്തം ആദരിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

3 പൗലോസിനെയും സഹകാരികളെയും പോലെ അനുഭവപരിചയം ഉള്ളവരായിരുന്നില്ല തെസ്സലോനിക്യ സഭയിൽ നേതൃത്വം വഹിച്ചിരുന്ന സഹോദരങ്ങൾ. യെരുശലേമിലെ മൂപ്പന്മാർക്ക്‌ ഉണ്ടായിരുന്ന ആത്മീയ പൈതൃകവും അവർക്കില്ലായിരുന്നു. എന്തിന്‌, ആ സഭ സ്ഥാപിതമായിട്ട്‌ ഒരുവർഷംപോലും തികഞ്ഞിരുന്നില്ല! എന്നിരുന്നാലും, “അധ്വാനിക്കുകയും” സഭയിൽ “അധ്യക്ഷത വഹിക്കുകയും” സഹോദരങ്ങളെ “പ്രബോധിപ്പിക്കുകയും” ചെയ്യുന്ന മൂപ്പന്മാരോട്‌ സഭയിലുള്ള എല്ലാവരും നന്ദിയുള്ളവർ ആയിരിക്കേണ്ടിയിരുന്നു. അതെ, മൂപ്പന്മാരെ “സ്‌നേഹത്തോടെ അത്യന്തം ആദരി”ക്കാൻ അവർക്കു തക്ക കാരണങ്ങളുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞതിനു തൊട്ടുപിന്നാലെയാണ്‌ “അന്യോന്യം സമാധാനത്തിൽ വർത്തിക്കുവിൻ” എന്ന്‌ പൗലോസ്‌ അവരെ ബുദ്ധിയുപദേശിച്ചത്‌. നിങ്ങൾ തെസ്സലോനിക്യ സഭയിൽ ഉണ്ടായിരുന്നെങ്കിൽ മൂപ്പന്മാരുടെ വേലയെ നിങ്ങൾ അത്യധികം വിലമതിക്കുമായിരുന്നോ? ക്രിസ്‌തു മുഖാന്തരം ദൈവം സഭയ്‌ക്കു നൽകിയിരിക്കുന്ന “മനുഷ്യരാകുന്ന ദാനങ്ങളെ” നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്‌?—എഫെ. 4:8.

‘അധ്വാനിക്കുന്നവർ’

4, 5. പൗലോസിന്റെ നാളിലെ മൂപ്പന്മാർക്ക്‌ സഭകളെ പ്രബോധിപ്പിക്കുന്നതിന്‌ കഠിനാധ്വാനം ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌, നമ്മുടെ കാലത്തും അത്‌ അങ്ങനെ ആയിരിക്കുന്നതിന്റെ കാരണം എന്ത്‌?

4 പൗലോസും ശീലാസും ബെരോവയിലേക്കു പോയശേഷം തെസ്സലോനിക്യയിലെ മൂപ്പന്മാർ എങ്ങനെയാണ്‌ ‘അധ്വാനിച്ചത്‌?’ നിസ്സംശയമായും, പൗലോസിനെ അനുകരിച്ചുകൊണ്ട്‌ അവർ തിരുവെഴുത്തുകൾ ഉപയോഗിച്ചാണ്‌ സഭയെ പഠിപ്പിച്ചത്‌. പക്ഷേ, ‘തെസ്സലോനിക്യയിലുള്ള ക്രിസ്‌ത്യാനികൾക്ക്‌ ദൈവവചനത്തോടു വിലമതിപ്പ്‌ ഉണ്ടായിരുന്നോ?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. കാരണം “ബെരോവക്കാർ തെസ്സലോനിക്യക്കാരെക്കാൾ ശ്രേഷ്‌ഠമനസ്‌കരായിരുന്നു; . . . ദിനന്തോറും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്‌തുപോന്നു” എന്നു പറഞ്ഞിരിക്കുന്നു. (പ്രവൃ. 17:11) എന്നാൽ ബെരോവക്കാരെ ഇവിടെ താരതമ്യം ചെയ്‌തിരിക്കുന്നത്‌ തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികളുമായല്ല, അവിടെയുണ്ടായിരുന്ന യഹൂദന്മാരുമായാണ്‌. വിശ്വാസികളായിത്തീർന്ന തെസ്സലോനിക്യക്കാർ “ദൈവവചനം . . . സ്വീകരിച്ചത്‌ മനുഷ്യരുടെ വാക്കുകളായിട്ടല്ല, . . . ദൈവത്തിന്റെതന്നെ വചനമായിട്ടാണ്‌” എന്നു പറഞ്ഞിരിക്കുന്നു. (1 തെസ്സ. 2:13) അങ്ങനെയുള്ള ആ ക്രിസ്‌ത്യാനികളെ ആത്മീയമായി പോഷിപ്പിക്കാൻ അവിടെയുള്ള മൂപ്പന്മാർ നന്നായി അധ്വാനിച്ചിട്ടുണ്ടാകണം.

5 ഇന്ന്‌ വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്‌ ‘തക്കസമയത്ത്‌ വേണ്ട ഭക്ഷണം’ നൽകുന്നു. (മത്താ. 24:45) അടിമവർഗത്തിന്റെ മാർഗനിർദേശം അനുസരിച്ച്‌ തങ്ങളുടെ സഹോദരങ്ങളെ ആത്മീയമായി പോഷിപ്പിക്കാൻ സഭാമൂപ്പന്മാർ കഠിനാധ്വാനം ചെയ്യുന്നു. സഭയിൽ ഉള്ളവർക്ക്‌ ധാരാളം ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്‌. ചില ഭാഷകളിൽ വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചികയും സിഡി-റോമിലുള്ള വാച്ച്‌ടവർ ലൈബ്രറിയും ഉണ്ട്‌. സഭയെ ആത്മീയമായി പരിപോഷിപ്പിക്കുന്ന വിധത്തിൽ വിജ്ഞാനപ്രദമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്‌ നിയമനങ്ങൾ തയ്യാറാകുന്നതിന്‌ മൂപ്പന്മാർക്ക്‌ മണിക്കൂറുകൾ ചെലവഴിക്കേണ്ടിവന്നേക്കാം. അതുകൂടാതെ, സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ലഭിക്കുന്ന നിയമനങ്ങൾ തയ്യാറാകുന്നതിനും അവർക്ക്‌ ധാരാളം സമയം വിനിയോഗിക്കേണ്ടിവരുന്നു. അങ്ങനെ സഹോദരങ്ങളെ ആത്മീയമായി പരിപോഷിപ്പിക്കാൻ എത്രമാത്രം സമയമാണ്‌ അവർ ചെലവഴിക്കുന്നതെന്ന്‌ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

6, 7. (എ) തെസ്സലോനിക്യയിലെ മൂപ്പന്മാർക്ക്‌ പൗലോസ്‌ എന്തു മാതൃകവെച്ചു? (ബി) മൂപ്പന്മാർക്ക്‌ പൗലോസിനെ അനുകരിക്കാൻ ബുദ്ധിമുട്ടായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

6 ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്നതിൽ പൗലോസ്‌ വെച്ച ഉത്തമ മാതൃക തെസ്സലോനിക്യയിലെ മൂപ്പന്മാരുടെ മനസ്സിൽ ഉണ്ടായിരുന്നു. വെറും കടമനിർവഹണമായിട്ടല്ല, “ഒരമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റിപ്പുലർത്തുന്നതുപോലെ ആർദ്രതയോടെയാണ്‌” പൗലോസ്‌ ഇടയവേല നിർവഹിച്ചതെന്ന്‌ മുൻലേഖനത്തിൽ നാം കാണുകയുണ്ടായി. (1 തെസ്സലോനിക്യർ 2:7, 8 വായിക്കുക.) സഹോദരങ്ങൾക്കുവേണ്ടി സ്വന്തം ‘പ്രാണൻപോലും നൽകാൻ’ അവൻ തയ്യാറായിരുന്നു! അതേ മനോഭാവമാണ്‌ അവിടുത്തെ മൂപ്പന്മാർക്ക്‌ ഇടയവേലയോട്‌ ഉണ്ടായിരിക്കേണ്ടിയിരുന്നത്‌.

7 ആട്ടിൻകൂട്ടത്തെ സ്‌നേഹപൂർവം പോറ്റിപ്പുലർത്തിക്കൊണ്ട്‌ ഇന്നുള്ള ക്രിസ്‌തീയ ഇടയന്മാരും പൗലോസിനെ അനുകരിക്കുന്നു. ഊഷ്‌മളതയും സൗഹൃദഭാവവും ഉള്ള പ്രകൃതക്കാരായിരിക്കില്ല എല്ലാ സഹോദരങ്ങളും. അങ്ങനെയാണെങ്കിൽപ്പോലും, ഉൾക്കാഴ്‌ചയോടെ അവരിൽ ‘നന്മ കണ്ടെത്താൻ’ മൂപ്പന്മാർ ശ്രമിക്കുന്നു. (സദൃ. 16:20) മൂപ്പന്മാരും അപൂർണരായതിനാൽ എല്ലാവരിലും നന്മ കാണാൻ അവർക്ക്‌ അത്ര എളുപ്പമായിരിക്കില്ല. ആ സ്ഥിതിക്ക്‌, എല്ലാവരോടും ആർദ്രതയോടെ ഇടപെടാൻ തന്റെ പരമാവധി ശ്രമിച്ചുകൊണ്ട്‌ ക്രിസ്‌തുവിന്റെ കീഴിലെ ഒരു നല്ല ഇടയനായിരിക്കാൻ ഒരു മൂപ്പൻ ചെയ്യുന്ന ശ്രമത്തെ നാമെല്ലാം വിലമതിക്കേണ്ടതല്ലേ?

8, 9. ഇന്നുള്ള മൂപ്പന്മാർ എങ്ങനെയാണ്‌ ‘നമുക്കുവേണ്ടി ജാഗരിച്ചിരിക്കുന്നത്‌?’

8 മൂപ്പന്മാർക്കു ‘കീഴ്‌പെട്ടിരിക്കാൻ’ നാമെല്ലാം ബാധ്യസ്ഥരാണ്‌. കാരണം, അവർ “നിങ്ങൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു” എന്നു പൗലോസ്‌ എഴുതി. (എബ്രാ. 13:17) ‘ജാഗരിച്ചിരിക്കുക’ എന്ന വാക്ക്‌, ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതിന്‌ ഉറക്കമിളച്ചിരിക്കുന്ന ഒരു ഇടയന്റെ ചിത്രമാണ്‌ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്‌. ആരോഗ്യപ്രശ്‌നങ്ങളോ ആത്മീയമോ വൈകാരികമോ ആയ പ്രശ്‌നങ്ങളോ നേരിടുന്നവരെ സഹായിക്കുന്നതിനായി ഇന്നുള്ള മൂപ്പന്മാർക്കും ഉറക്കമിളയ്‌ക്കേണ്ടിവന്നേക്കാം. ഉദാഹരണത്തിന്‌, അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആശുപത്രി ഏകോപന സമിതിയിലെ സഹോദരങ്ങൾക്ക്‌ ചിലപ്പോൾ രാത്രിയിൽ ഉറക്കമുണരേണ്ടിവരുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മൂപ്പന്മാർ നമുക്കു നൽകുന്ന സേവനങ്ങൾ നാം എത്രമാത്രം വിലമതിക്കുന്നു!

9 മേഖലാ നിർമാണ കമ്മിറ്റി, ദുരിതാശ്വാസ കമ്മിറ്റി എന്നിവയിൽ സേവിക്കുന്ന മൂപ്പന്മാരുടെ കാര്യമെടുക്കുക. തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ അവരും കഠിനാധ്വാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ നമ്മുടെ പൂർണപിന്തുണ അർഹിക്കുന്നവരാണ്‌ അവർ. 2008-ൽ നർഗീസ്‌ കൊടുങ്കാറ്റ്‌ മ്യൻമറിൽ നാശംവിതച്ചശേഷം നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച്‌ ചിന്തിക്കുക. ശവങ്ങൾ ചിതറിക്കിടക്കുന്ന, താറുമാറായ പ്രദേശങ്ങൾ താണ്ടിയാണ്‌ ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായ ഇറാവാഡി ഡെൽറ്റാ പ്രദേശത്തുള്ള ബോത്തിങ്‌ഗോൺ സഭയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി സഹോദരങ്ങൾ എത്തിച്ചേർന്നത്‌. അവിടെ എത്തിയ ആദ്യത്തെ ദുരിതാശ്വാസ സംഘത്തിൽ അവരുടെ മുൻ സഞ്ചാര മേൽവിചാരകനും ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ പ്രദേശത്തെ സഹോദരങ്ങൾ, “അതാ നമ്മുടെ സർക്കിട്ട്‌ മേൽവിചാരകൻ! യഹോവ നമ്മെ രക്ഷിച്ചു!” എന്ന്‌ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. രാത്രിയും പകലുമെന്നില്ലാതെ മൂപ്പന്മാർ ചെയ്യുന്ന കഠിനാധ്വാനത്തെ നിങ്ങൾ വിലമതിക്കുന്നുണ്ടോ? ചില മൂപ്പന്മാരെ, വിഷമംപിടിച്ച നീതിന്യായ പ്രശ്‌നങ്ങൾ കൈകാര്യംചെയ്യുന്നതിന്‌ പ്രത്യേക കമ്മിറ്റികളിൽ നിയമിക്കാറുണ്ട്‌. തങ്ങളുടെ നേട്ടങ്ങളെക്കുറിച്ച്‌ ഈ മൂപ്പന്മാർ വീമ്പിളക്കാറില്ലെങ്കിലും അവരുടെ സേവനങ്ങളിൽനിന്നു പ്രയോജനം നേടുന്നവർ അവരോട്‌ അകമഴിഞ്ഞ നന്ദിയുള്ളവരാണ്‌.—മത്താ. 6:2-4.

10. മിക്കപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാത്ത ഏതു ജോലികൾ മൂപ്പന്മാർക്കു ചെയ്യാനുണ്ട്‌?

10 മിക്കപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാത്ത ജോലികളും ഇന്നുള്ള പല മൂപ്പന്മാർക്കും ചെയ്യാനുണ്ട്‌. ഉദാഹരണത്തിന്‌, മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ വാരന്തോറുമുള്ള യോഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നു. പ്രതിമാസ വയൽസേവന റിപ്പോർട്ടും വാർഷിക വയൽസേവന റിപ്പോർട്ടും തയ്യാറാക്കാനുള്ള ഉത്തരവാദിത്വം സഭാ സെക്രട്ടറിക്കുണ്ട്‌. സ്‌കൂൾ മേൽവിചാരകനാകട്ടെ ശ്രദ്ധാപൂർവം സ്‌കൂൾ നിയമനങ്ങൾ നൽകുന്നു. ഇനി, ഓരോ മൂന്നുമാസം കൂടുമ്പോഴും സഭയുടെ കണക്ക്‌ ഓഡിറ്റ്‌ ചെയ്യേണ്ടതുണ്ട്‌. ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള കത്തുകൾ വായിച്ച്‌ അതിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കുന്ന ഉത്തരവാദിത്വവും മൂപ്പന്മാർ നിർവഹിക്കുന്നു; ‘വിശ്വാസത്തിലുള്ള ഐക്യം’ കാക്കാൻ അതു സഹായിക്കുന്നു. (എഫെ. 4:3, 13) കഠിനാധ്വാനം ചെയ്യുന്ന ഇങ്ങനെയുള്ള മൂപ്പന്മാർ ഉള്ളതുകൊണ്ടാണ്‌ സഭയിൽ “സകലവും ഉചിതമായും ക്രമീകൃതമായും” നടക്കുന്നത്‌.—1 കൊരി. 14:40.

‘അധ്യക്ഷത വഹിക്കുന്നവർ’

11, 12. ആരാണ്‌ സഭയിൽ അധ്യക്ഷത വഹിക്കുന്നത്‌, ഇതിൽ എന്ത്‌ ഉൾപ്പെടുന്നു?

11 തെസ്സലോനിക്യയിലുള്ള കഠിനാധ്വാനികളായ മൂപ്പന്മാരെ സഭയിൽ “അധ്യക്ഷത വഹിക്കു”ന്നവർ എന്നാണ്‌ പൗലോസ്‌ വിശേഷിപ്പിച്ചത്‌. “മുന്നിൽ നിൽക്കുന്ന” എന്ന്‌ അർഥമുള്ള ഒരു മൂല പദത്തിൽനിന്നാണ്‌ ആ പ്രയോഗം വന്നിരിക്കുന്നത്‌. “മാർഗനിർദേശം നൽകുന്ന,” “നേതൃത്വമെടുക്കുന്ന” എന്നും ആ മൂലപദത്തെ പരിഭാഷപ്പെടുത്താവുന്നതാണ്‌. (1 തെസ്സ. 5:12) ‘നിങ്ങൾക്കിടയിൽ അധ്വാനിക്കുന്നവർ’ എന്നും തെസ്സലോനിക്യയിലെ മൂപ്പന്മാരെക്കുറിച്ച്‌ പൗലോസ്‌ എഴുതി. ആ സഭയിലെ എല്ലാ മൂപ്പന്മാരെക്കുറിച്ചുമാണ്‌ പൗലോസ്‌ ഇതെല്ലാം പറഞ്ഞത്‌, അല്ലാതെ ഏതെങ്കിലും ഒരു “അധ്യക്ഷ മേൽവിചാരക”നെക്കുറിച്ചല്ല എന്നതു ശ്രദ്ധിക്കുക. ഇന്ന്‌ മിക്ക മൂപ്പന്മാരും സഭയ്‌ക്കു ‘മുന്നിൽ നിന്ന്‌’ യോഗപരിപാടികൾ നടത്തുന്നവരാണ്‌. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ, സഭയിലെ എല്ലാ മൂപ്പന്മാരെയും ഏകീകൃതമായ ഒരു സംഘത്തിന്റെ ഭാഗമായി കാണേണ്ടതാണ്‌. അതിനു നമ്മെയെല്ലാം സഹായിക്കാനായി അടുത്ത കാലത്തു വരുത്തിയ ഒരു മാറ്റം നിങ്ങൾ ഓർമിക്കുന്നുണ്ടാകും: “അധ്യക്ഷ മേൽവിചാരകൻ” എന്നതിനു പകരം “മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ” എന്ന പദപ്രയോഗമാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌.

12 “അധ്യക്ഷത വഹിക്കു”ന്നതിൽ സഭയെ പഠിപ്പിക്കുന്നതു മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. “മുന്നിൽ നിൽക്കുന്ന” എന്ന്‌ അർഥമുള്ള ആ മൂല പദത്തിൽനിന്നുതന്നെയാണ്‌ 1 തിമൊഥെയൊസ്‌ 3:4-ലെ ‘നയിക്കുക’ എന്ന പദവും വന്നിരിക്കുന്നത്‌. ഒരു മേൽവിചാരകൻ ‘സ്വന്തകുടുംബത്തെ നന്നായി നയിക്കുന്നവനും അദ്ദേഹത്തിന്റെ മക്കൾ തികഞ്ഞ കാര്യഗൗരവമുള്ളവരായി അനുസരണത്തിൽ വളരുന്നവരുമായിരിക്കണം’ എന്ന്‌ പൗലോസ്‌ പറയുകയുണ്ടായി. ഇവിടെ, ‘നയിക്കുക,’ അഥവാ ‘അധ്യക്ഷത വഹിക്കുക’ എന്നു പറയുമ്പോൾ മക്കളെ പഠിപ്പിക്കുന്നതു മാത്രമല്ല ഉദ്ദേശിക്കുന്നത്‌. കുടുംബത്തിൽ നേതൃത്വം വഹിക്കുന്നതും കുട്ടികളെ “അനുസരണത്തിൽ” വളർത്തുന്നതും അതിന്റെ ഭാഗമാണ്‌. അതെ, അധ്യക്ഷത വഹിക്കുന്ന മൂപ്പന്മാർ സഭയെ നയിക്കുകയും അനുസരണയോടെ യഹോവയ്‌ക്കു കീഴ്‌പെട്ടിരിക്കാൻ സഭയിലുള്ളവരെ സഹായിക്കുകയും ചെയ്യുന്നു.—1 തിമൊ. 3:5.

13. മൂപ്പന്മാരുടെ യോഗത്തിൽ എപ്പോഴും പെട്ടെന്നു തീരുമാനങ്ങളെടുക്കാൻ കഴിയാത്തത്‌ എന്തുകൊണ്ട്‌?

13 ആട്ടിൻകൂട്ടത്തിന്മേൽ നന്നായി അധ്യക്ഷത വഹിക്കണമെങ്കിൽ സഭയുടെ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാമെന്ന്‌ മൂപ്പന്മാർ തമ്മിൽ കൂടിയാലോചിക്കേണ്ടതുണ്ട്‌. ഒരു മൂപ്പൻതന്നെ എല്ലാ തീരുമാനങ്ങളും എടുക്കുന്നതായിരിക്കാം എളുപ്പം. പക്ഷേ, ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിന്റെ കീഴ്‌വഴക്കം പിൻപറ്റിക്കൊണ്ട്‌ ഇന്നത്തെ മൂപ്പന്മാരുടെ സംഘങ്ങൾ മാർഗനിർദേശത്തിനായി തിരുവെഴുത്തുകൾ പരിശോധിക്കുകയും കാര്യങ്ങൾ തുറന്നു ചർച്ചചെയ്യുകയും ചെയ്യുന്നു. സഭയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട തിരുവെഴുത്തു തത്ത്വങ്ങൾ കണ്ടെത്തി പ്രാവർത്തികമാക്കുകയാണ്‌ അവരുടെ ലക്ഷ്യം. തിരുവെഴുത്തുകളും വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം നൽകിയിരിക്കുന്ന നിർദേശങ്ങളും പരിശോധിച്ചുകൊണ്ട്‌ ഓരോ മൂപ്പനും മുന്നമേ തയ്യാറാകുന്നെങ്കിൽ മൂപ്പന്മാരുടെ യോഗങ്ങൾ കൂടുതൽ കാര്യക്ഷമമായിരിക്കും. ഇതിന്‌ സമയം വേണം എന്നതു ശരിയാണ്‌. ഒന്നാം നൂറ്റാണ്ടിൽ പരിച്ഛേദനയെക്കുറിച്ചുള്ള പ്രശ്‌നം ചർച്ചചെയ്‌തപ്പോൾ ഭരണസംഘാംഗങ്ങൾക്കിടയിൽ ഉണ്ടായതുപോലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇന്ന്‌ മൂപ്പന്മാർക്കിടയിൽ ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ ഐകകണ്‌ഠ്യേന തിരുവെഴുത്തിൽ അധിഷ്‌ഠിതമായ ഒരു തീരുമാനത്തിലെത്താൻ കൂടുതൽ ഗവേഷണം ചെയ്യേണ്ടിവരും, കൂടുതൽ സമയവുമെടുക്കും.—പ്രവൃ. 15:2, 6, 7, 12-14, 28.

14. മൂപ്പന്മാർ ഐക്യത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതിനെ നിങ്ങൾ വിലമതിക്കുന്നുവോ, ഉണ്ടെങ്കിൽ എന്തുകൊണ്ട്‌?

14 സ്വന്തം ആഗ്രഹപ്രകാരം കാര്യങ്ങൾ നടക്കണമെന്നു വാശിപിടിക്കുകയോ സ്വന്തം ആശയം ഉന്നമിപ്പിക്കുകയോ ചെയ്യാൻ ഒരു മൂപ്പൻ ശ്രമിച്ചാൽ എന്തായിരിക്കും ഫലം? അല്ലെങ്കിൽ ഒന്നാം നൂറ്റാണ്ടിലെ ദിയൊത്രെഫേസിനെപ്പോലെ ഒരു മൂപ്പൻ സഭയിൽ ഭിന്നിപ്പിന്റെ വിത്തു വിതയ്‌ക്കുന്നെങ്കിലോ? (3 യോഹ. 9, 10) മുഴു സഭയും അതിന്റെ കെടുതികൾ അനുഭവിക്കും. ഒന്നാം നൂറ്റാണ്ടിൽ സഭയിലെ സമാധാനം തകർക്കാൻ സാത്താൻ ശ്രമിച്ചെങ്കിൽ ഇന്നും അവൻ അതു ചെയ്യും എന്നത്‌ ഉറപ്പാണ്‌. സഭയിൽ പ്രമുഖസ്ഥാനം നേടണം എന്നതുപോലുള്ള സ്വാർഥമോഹങ്ങൾ ഉന്നമിപ്പിക്കാൻ അവൻ ശ്രമിച്ചേക്കാം. അതുകൊണ്ട്‌, മൂപ്പന്മാർ താഴ്‌മ വളർത്തിയെടുക്കുകയും മറ്റു മൂപ്പന്മാരോടൊപ്പം ഐക്യത്തിൽ പ്രവർത്തിക്കുകയും വേണം. താഴ്‌മയോടെ, ഒരു ശരീരത്തിലെ അവയവങ്ങൾ എന്നപോലെ ഒരുമിച്ചു പ്രവർത്തിക്കാൻ യത്‌നിക്കുന്ന മൂപ്പന്മാർ നമ്മുടെ ആദരവ്‌ അർഹിക്കുന്നു!

‘നിങ്ങളെ പ്രബോധിപ്പിക്കുന്നവർ’

15. ഒരു സഹോദരനെയോ സഹോദരിയെയോ പ്രബോധിപ്പിക്കാൻ മൂപ്പന്മാരെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

15 മൂപ്പന്മാർക്കുള്ള പ്രയാസമേറിയ, എന്നാൽ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം പൗലോസ്‌ അടുത്തതായി പരാമർശിക്കുന്നു: ആടുകളെ പ്രബോധിപ്പിക്കുക. ‘പ്രബോധിപ്പിക്കുക’ എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദം ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ പൗലോസ്‌ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ‘ഉദ്‌ബോധിപ്പിക്കുക,’ ‘ഉപദേശിച്ചു നേർവഴിക്കാക്കുക,’ ‘ഗുണദോഷിക്കുക’ എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഈ പദത്തിന്‌ ശക്തമായ ബുദ്ധിയുപദേശം നൽകുന്നതിനെ സൂചിപ്പിക്കാൻ കഴിയും; എന്നാൽ വിദ്വേഷം കൂടാതെയുള്ള ബുദ്ധിയുപദേശമാണിത്‌. (പ്രവൃ. 20:31; 2 തെസ്സ. 3:15) ഉദാഹരണത്തിന്‌, കൊരിന്ത്യർക്ക്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “നിങ്ങളെ ലജ്ജിപ്പിക്കാനല്ല, എന്റെ പ്രിയമക്കളെ എന്നപോലെ നിങ്ങളെ ഗുണദോഷിക്കാനാണ്‌ (പ്രബോധിപ്പിക്കാൻ) ഞാൻ ഇക്കാര്യങ്ങൾ എഴുതുന്നത്‌.” (1 കൊരി. 4:14) മറ്റുള്ളവരോടുള്ള ആത്മാർഥ താത്‌പര്യമാണ്‌ അവരെ പ്രബോധിപ്പിക്കാൻ പൗലോസിനെ പ്രേരിപ്പിച്ചത്‌.

16. മറ്റുള്ളവരെ പ്രബോധിപ്പിക്കുമ്പോൾ മൂപ്പന്മാർ ഏതു കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം?

16 മറ്റുള്ളവരെ പ്രബോധിപ്പിക്കുന്ന വിധം പ്രധാനമാണെന്ന കാര്യം മൂപ്പന്മാർ മനസ്സിൽപ്പിടിക്കുന്നു. പൗലോസിനെ അനുകരിച്ചുകൊണ്ട്‌ ദയയോടെയും സ്‌നേഹത്തോടെയും സഹായമനസ്‌കതയോടെയും അതു ചെയ്യാൻ അവർ ശ്രമിക്കുന്നു. (1 തെസ്സലോനിക്യർ 2:11, 12 വായിക്കുക.) അതേസമയം, ‘സത്യോപദേശത്താൽ ഉദ്‌ബോധിപ്പിക്കാൻ സാധിക്കേണ്ടതിന്‌ തന്റെ പ്രബോധനത്തിൽ വിശ്വസ്‌തവചനത്തെ മുറുകെപ്പിടിക്കുന്നവരുമാണ്‌’ മൂപ്പന്മാർ.—തീത്തൊ. 1:5-9.

17, 18. ഒരു മൂപ്പൻ നിങ്ങളെ പ്രബോധിപ്പിക്കുമ്പോൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?

17 ഇങ്ങനെയൊക്കെ ആണെങ്കിലും, അപൂർണരായതിനാൽ പിന്നീടു ഖേദിക്കാൻ ഇടയായേക്കാവുന്ന കാര്യങ്ങൾ ചിലപ്പോൾ മൂപ്പന്മാർ പറഞ്ഞുപോയെന്നുവരും. (1 രാജാ. 8:46; യാക്കോ. 3:8) സഹോദരീസഹോദരന്മാർക്ക്‌ ബുദ്ധിയുപദേശം സ്വീകരിക്കുക എന്നത്‌ മിക്കപ്പോഴും “സന്തോഷകരമല്ല, ദുഃഖകരംതന്നെയാണ്‌” എന്നും അവർക്ക്‌ അറിയാം. (എബ്രാ. 12:11) അതുകൊണ്ട്‌, സാധാരണഗതിയിൽ വളരെയേറെ ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്‌തശേഷമാണ്‌ മൂപ്പന്മാർ ഒരാളെ പ്രബോധിപ്പിക്കുന്നത്‌. ഒരു മൂപ്പൻ നിങ്ങളെ പ്രബോധിപ്പിച്ചു എന്നിരിക്കട്ടെ. ആ മൂപ്പൻ നിങ്ങളോടു കാണിച്ച താത്‌പര്യത്തെപ്രതി നിങ്ങൾ അദ്ദേഹത്തോട്‌ നന്ദിയുള്ളവനായിരിക്കുമോ?

18 ഒരു ആരോഗ്യപ്രശ്‌നം നിങ്ങളെ വല്ലാതെ വലയ്‌ക്കുന്നു എന്നു കരുതുക. അതിന്റെ കാരണം മനസ്സിലാക്കാനുമാകുന്നില്ല. അങ്ങനെയിരിക്കെ, ഒരു ഡോക്‌ടർ നിങ്ങളുടെ പ്രശ്‌നം കണ്ടുപിടിക്കുന്നു. ഒരു മാരക രോഗത്തിന്‌ അടിമയാണ്‌ നിങ്ങൾ എന്ന്‌ അദ്ദേഹം പറയുന്നു. പക്ഷേ, ആ വസ്‌തുത ഉൾക്കൊള്ളാൻ നിങ്ങൾക്കാകുന്നില്ല. എന്നാൽ അതിന്റെ പേരിൽ ആ ഡോക്‌ടറോട്‌ നിങ്ങൾക്കു ദേഷ്യം തോന്നുമോ? ഇല്ല. രോഗം ഭേദമാകണമെന്ന്‌ ആഗ്രഹം ഉള്ളതിനാൽ, ഒരു ഓപ്പറേഷൻ വേണമെന്നു അദ്ദേഹം പറഞ്ഞാൽപ്പോലും നിങ്ങൾ സമ്മതിച്ചേക്കും. ഒരുപക്ഷേ, ഡോക്‌ടർ രോഗവിവരം നിങ്ങളോടു പറഞ്ഞ വിധം നിങ്ങളെ വിഷമിപ്പിച്ചിരിക്കാം. എന്നാൽ അതിന്റെ പേരിൽ നിങ്ങൾ ചികിത്സ വേണ്ടെന്നുവെക്കുമോ? സാധ്യതയില്ല. സമാനമായി ഒരു മൂപ്പൻ നിങ്ങളെ ബുദ്ധിയുപദേശിച്ച അല്ലെങ്കിൽ പ്രബോധിപ്പിച്ച വിധം നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ടില്ലായിരിക്കാം. എന്നാൽ അതിന്റെ പേരിൽ ആ മൂപ്പൻ പറയുന്നതു നിരസിക്കാൻ തീരുമാനിക്കരുത്‌. നിങ്ങളുടെ ആത്മീയതയെ സംരക്ഷിക്കാൻ അല്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ യഹോവയും യേശുവും അദ്ദേഹത്തെ ഉപയോഗിക്കുകയായിരിക്കാം.

യഹോവ നൽകിയ സമ്മാനം—നിങ്ങൾ വിലമതിക്കുന്നുവോ?

19, 20. “മനുഷ്യരാകുന്ന ദാനങ്ങളെ”പ്രതി നിങ്ങൾ എങ്ങനെ വിലമതിപ്പു കാണിക്കും?

19 നിങ്ങൾക്കായി പ്രത്യേകം ഒരുക്കിയ ഒരു സമ്മാനം ലഭിച്ചാൽ നിങ്ങൾക്ക്‌ എന്തു തോന്നും? നിങ്ങൾ അതു നന്നായി ഉപയോഗിച്ചുകൊണ്ട്‌ അതിനോടുള്ള വിലമതിപ്പു കാണിക്കുമോ? യഹോവ യേശുക്രിസ്‌തുവിലൂടെ നിങ്ങൾക്ക്‌ “മനുഷ്യരാകുന്ന ദാനങ്ങളെ” നൽകിയിരിക്കുന്നു. അതിനെപ്രതി യഹോവയോടു നന്ദി കാണിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? മൂപ്പന്മാർ നടത്തുന്ന പ്രസംഗങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അതിലെ ആശയങ്ങൾ ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ ഒരു വിധം. യോഗങ്ങളിൽ അർഥവത്തായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും നിങ്ങൾക്കു വിലമതിപ്പ്‌ പ്രകടിപ്പിക്കാം. വയൽശുശ്രൂഷ പോലുള്ള, മൂപ്പന്മാർ നേതൃത്വം നൽകുന്ന വേലയെ പിന്തുണയ്‌ക്കുക. ഒരു മൂപ്പൻ നൽകിയ ബുദ്ധിയുപദേശം നിങ്ങൾക്കു പ്രയോജനം ചെയ്‌തിട്ടുണ്ടെങ്കിൽ അത്‌ അദ്ദേഹത്തോടു പറയരുതോ? മൂപ്പന്മാരുടെ കുടുംബാംഗങ്ങളോട്‌ വിലമതിപ്പ്‌ കാണിക്കാനും മറക്കരുത്‌. കാരണം, ഒരു മൂപ്പൻ സഭയ്‌ക്കുവേണ്ടി അധ്വാനിക്കുമ്പോൾ അദ്ദേഹത്തോടൊപ്പമായിരിക്കാനുള്ള അവസരം കുടുംബാംഗങ്ങൾക്കു നഷ്ടമാകുന്നുണ്ട്‌.

20 അതെ, നമ്മുടെ ഇടയിൽ അധ്വാനിക്കുകയും അധ്യക്ഷത വഹിക്കുകയും നമ്മെ പ്രബോധിപ്പിക്കുകയും ചെയ്യുന്ന മൂപ്പന്മാരോടു നന്ദിയുള്ളവരായിരിക്കാൻ കാരണങ്ങൾ ധാരാളം! ‘മനുഷ്യരാകുന്ന ഈ ദാനങ്ങൾ’ യഹോവയിൽനിന്നുള്ള സ്‌നേഹപൂർവമായ ഒരു സമ്മാനംതന്നെയാണ്‌!

നിങ്ങൾ ഓർമിക്കുന്നുവോ?

• തങ്ങൾക്കിടയിൽ നേതൃത്വം വഹിക്കുന്നവരെ വിലയേറിയവരായി കാണാൻ തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികൾക്ക്‌ എന്ത്‌ കാരണങ്ങൾ ഉണ്ടായിരുന്നു?

• നിങ്ങളുടെ സഭയിലെ മൂപ്പന്മാർ നിങ്ങൾക്കുവേണ്ടി അധ്വാനിക്കുന്നത്‌ എങ്ങനെ?

• മൂപ്പന്മാർ സഭയിൽ അധ്യക്ഷത വഹിക്കുന്നതിൽനിന്ന്‌ നിങ്ങൾ പ്രയോജനം നേടുന്നത്‌ എങ്ങനെ?

• ഒരു മൂപ്പൻ നിങ്ങളെ പ്രബോധിപ്പിക്കുന്നെങ്കിൽ നിങ്ങൾ എന്തു മനസ്സിൽപ്പിടിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ചിത്രം]

മൂപ്പന്മാർ പലവിധത്തിൽ ഇടയവേല നിർവഹിക്കുന്നു. നിങ്ങൾ അതു തിരിച്ചറിയുന്നുണ്ടോ, വിലമതിക്കുന്നുണ്ടോ?