ബൈബിൾ വായന എനിക്കു കരുത്തുപകർന്ന ശീലം
ബൈബിൾ വായന എനിക്കു കരുത്തുപകർന്ന ശീലം
മാർസൊ ലർവ പറഞ്ഞപ്രകാരം
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു,” ആരുംകാണാതെ എന്റെ മുറിയിലിരുന്ന് ഞാൻ വായിച്ചുതുടങ്ങി. എന്റെ പിതാവ് ഒരു കടുത്ത നിരീശ്വരവാദിയായിരുന്നതിനാൽ ഞാൻ ബൈബിൾ വായിക്കുന്നതു കണ്ടാൽ അദ്ദേഹത്തിന് അത് അനിഷ്ടമാകുമായിരുന്നു. അതുകൊണ്ടാണ് ഞാൻ ഒളിച്ചിരുന്നു വായിച്ചത്.
അന്ന്, ഞാൻ ആദ്യമായി ബൈബിൾ വായിക്കുകയായിരുന്നു. ഉല്‌പത്തി പുസ്‌തകത്തിലെ ആ ആമുഖ വാക്കുകൾ എന്റെ മനസ്സിനെ പിടിച്ചിരുത്തി. ‘ഭൗതിക നിയമങ്ങൾക്കിടയിലെ യോജിപ്പ് എന്നെ എക്കാലവും അതിശയിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ പൊരുൾ പിടികിട്ടിയത് ഇപ്പോഴാണ്!’ ഞാൻ മനസ്സിൽപ്പറഞ്ഞു. എന്റെ ആവേശം വർധിച്ചു; രാത്രി എട്ടുമണിക്കു വായന ആരംഭിച്ച ഞാൻ അത് അവസാനിപ്പിച്ചത് പുലർച്ചെ നാലുമണിക്കാണ്. ദൈവവചനം ദിവസവും വായിക്കുന്ന ശീലം അന്ന് തുടങ്ങി; ഇന്നും അതു തുടരുന്നു. ജീവിതത്തിലുടനീളം ബൈബിൾ വായന എനിക്കു കരുത്തുപകർന്നത് എങ്ങനെയെന്നു പറയാം.
“ഒരിക്കൽ ഇതു വായിക്കാൻ തുടങ്ങിയാൽ എന്നും വായിക്കണം”
ഫ്രാൻസിന്റെ വടക്കുഭാഗത്തുള്ള വെർമെൽ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്, 1926-ൽ. കൽക്കരി ഖനനംചെയ്‌തിരുന്ന പ്രദേശമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തിന്റെ നിലനിൽപ്പിന് കൽക്കരി അത്യാവശ്യമായിരുന്നതിനാൽ ഖനിത്തൊഴിലാളിയായ എനിക്ക് സൈനിക സേവനത്തിൽനിന്ന് ഒഴിവു ലഭിച്ചു. പക്ഷേ, മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിൽ ഞാൻ ഇലക്‌ട്രിക്കലും റേഡിയോ ഇലക്‌ട്രോണിക്‌സും പഠിക്കാൻ തുടങ്ങി. അങ്ങനെയാണ് ഭൗതിക നിയമങ്ങൾക്കിടയിലെ യോജിപ്പ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എനിക്ക് 21 വയസ്സുള്ളപ്പോൾ ഒരു സഹപാഠി, “വായിച്ചിരിക്കേണ്ട ഒരു പുസ്‌തകമാണിത്” എന്നു പറഞ്ഞ് ഒരു ബൈബിൾ തന്നു. എനിക്കു ലഭിച്ച ആദ്യ ബൈബിളായിരുന്നു അത്. അതു വായിച്ചുതീർന്നതും ഒരു കാര്യം ബോധ്യമായി: ബൈബിൾ ദൈവവചനമാണ്, മനുഷ്യവർഗത്തിന് അവൻ നൽകുന്ന സന്ദേശം.
എന്റെ ചുറ്റുവട്ടത്തുള്ളവർക്കും ബൈബിൾ വായിക്കാൻ താത്‌പര്യം ഉണ്ടാകും എന്നു കരുതി ഞാൻ എട്ടുകോപ്പികൾ വാങ്ങി. പക്ഷേ, എനിക്കു തെറ്റിപ്പോയി; പരിഹാസവും എതിർപ്പുമാണ് എന്നെ കാത്തിരുന്നത്. അന്ധവിശ്വാസികളായ ചില ബന്ധുക്കൾ പറഞ്ഞു: “ഒരിക്കൽ ഇതു വായിക്കാൻ തുടങ്ങിയാൽ എന്നും വായിക്കണം, അല്ലെങ്കിൽ പ്രശ്‌നമാണ്!” അതുതന്നെയാണ് ഞാൻ ചെയ്‌തത്, എനിക്ക് ഒരിക്കലും ഖേദിക്കേണ്ടിവന്നതുമില്ല. ദിവസവും ബൈബിൾ വായിക്കുന്ന ആ ശീലം ഇന്നും കൈമോശംവന്നിട്ടില്ല.
ബൈബിളിലുള്ള എന്റെ താത്‌പര്യംകണ്ട് ചില അയൽക്കാർ അവരുടെ പക്കലുണ്ടായിരുന്ന, യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ എനിക്കു നൽകി. മനുഷ്യവർഗത്തിന്റെ ഏകപ്രത്യാശ ദൈവരാജ്യമായിരിക്കുന്നത് എന്തുകൊണ്ടെന്ന് ഏക ലോകം, ഏക ഗവണ്മെന്റ് * (ഫ്രഞ്ചിലുള്ള ചെറുപുസ്‌തകം ചിത്രത്തിൽ) പോലുള്ള ചെറുപുസ്‌തകങ്ങളിൽ വിശദീകരിച്ചിരുന്നു. (മത്താ. 6:10) ഈ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കാൻ ഞാൻ തീരുമാനിച്ചു.
എന്റെ ബാല്യകാല സുഹൃത്തായിരുന്ന നോയലാണ് എന്റെ പക്കൽനിന്ന് ബൈബിൾ സ്വീകരിച്ച ആദ്യവ്യക്തികളിൽ ഒരാൾ. കത്തോലിക്കാ വിശ്വാസിയായിരുന്ന അവൻ, പുരോഹിതനാകാൻ പഠിക്കുന്ന ഒരാളുമായി ഒരു ചർച്ച സംഘടിപ്പിച്ചു. എനിക്ക് പരിഭ്രമം തോന്നി സങ്കീർത്തനം 115:4-8, മത്തായി 23:9, 10 എന്നീ വാക്യങ്ങളിൽനിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു; ഞാൻ കണ്ടെത്തിയ വിശ്വാസത്തിനുവേണ്ടി വാദിക്കാൻ അത് എനിക്കു ധൈര്യംതന്നു. അങ്ങനെ, നോയൽ സത്യം സ്വീകരിച്ചു; ഇന്നും അവൻ യഹോവയോട് വിശ്വസ്‌തനായി തുടരുന്നു.
എന്നത് ശരിയാണ്. എങ്കിലും ദൈവം വിഗ്രഹാരാധന അംഗീകരിക്കുന്നില്ലെന്നും പുരോഹിതന്മാരെ മതപരമായ സ്ഥാനപ്പേരുകൾ ഉപയോഗിച്ച് സംബോധന ചെയ്യുന്നത് ശരിയല്ലെന്നുംഞാൻ എന്റെ ചേച്ചിയെയും സന്ദർശിച്ചു. ചേച്ചിയുടെ ഭർത്താവ് ആത്മവിദ്യയുമായി ബന്ധപ്പെട്ട പുസ്‌തകങ്ങൾ കൈവശംവെച്ചിരുന്നു; അദ്ദേഹത്തിനു നിരന്തരം ഭൂതങ്ങളുടെ ശല്യവും ഉണ്ടായിരുന്നു. ഇതിനൊരു പരിഹാരം കാണാൻ കഴിയുമെന്ന് എനിക്ക് ആദ്യമൊന്നും തോന്നിയില്ല. എന്നാൽ ദൈവദൂതന്മാരുടെ പിന്തുണ എനിക്കുണ്ടെന്ന് എബ്രായർ 1:14 പോലുള്ള തിരുവെഴുത്തുകളിൽനിന്ന് മനസ്സിലാക്കിയപ്പോൾ എനിക്കു ധൈര്യംകിട്ടി. ചേച്ചിയുടെ ഭർത്താവ് ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകയും ഭൂതവിദ്യയുമായി ബന്ധപ്പെട്ട സാധനങ്ങളെല്ലാം നശിപ്പിക്കുകയും ചെയ്‌തു; അതോടെ ഭൂതങ്ങളുടെ ശല്യവും നിലച്ചു. ചേച്ചിയും ഭർത്താവും തീക്ഷ്‌ണതയുള്ള സാക്ഷികളായിത്തീർന്നു.
1947-ൽ അമേരിക്കയിൽനിന്നുള്ള ആർതർ എമ്യോറ്റ് എന്ന ഒരു സാക്ഷി എന്റെ ഭവനം സന്ദർശിച്ചു. എനിക്കു വളരെ സന്തോഷമായി. സാക്ഷികൾ എവിടെയാണ് കൂടിവരുന്നതെന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ഏതാണ്ട് പത്തുകിലോമീറ്റർ അകലെയുള്ള ലിയേവെനിൽ യോഗത്തിനായി സാക്ഷികൾ കൂടിവരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ സൈക്കിളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് നടന്നാണ് ഞാൻ മാസങ്ങളോളം യോഗങ്ങൾക്കു പോയിരുന്നത്. ഏട്ടുവർഷത്തോളം ഫ്രാൻസിൽ യഹോവയുടെ സാക്ഷികളുടെ വേല നിരോധിച്ചിരുന്നു. അതുകൊണ്ട് രാജ്യത്ത് മൊത്തം 2,380 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ; പോളണ്ടിൽനിന്നുള്ളവരായിരുന്നു അവരിൽ മിക്കവരും. എന്നാൽ 1947 സെപ്‌റ്റംബർ 1-ന് നമ്മുടെ പ്രവർത്തനങ്ങൾക്ക് ഫ്രാൻസിൽ നിയമാംഗീകാരം ലഭിച്ചു. പാരീസിലെ വില്ല ഗൈബർട്ടിൽ ബ്രാഞ്ച് ഓഫീസ് പുനഃസ്ഥാപിക്കുകയും ചെയ്‌തു. അന്ന് ഫ്രാൻസിൽ പയനിയർമാരാരും ഉണ്ടായിരുന്നില്ല. അതുകൊണ്ട്, 150 മണിക്കൂർ പ്രസംഗിച്ചുകൊണ്ട് സാധാരണ പയനിയർമാരായി സേവിക്കാൻ 1947 ഡിസംബർ ലക്കം ഇൻഫോർമന്റ് (നമ്മുടെ രാജ്യ ശുശ്രൂഷ) സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. (1949-ൽ അത് 100 മണിക്കൂറായി കുറയ്‌ക്കുകയുണ്ടായി.) “(ദൈവത്തിന്റെ) വചനം സത്യം ആകുന്നു” എന്ന യോഹന്നാൻ 17:17-ലെ വാക്കുകൾ പൂർണമായി അംഗീകരിച്ച ഞാൻ 1948-ൽ സ്‌നാനമേറ്റു, 1949 ഡിസംബറിൽ പയനിയറിങ്ങും ആരംഭിച്ചു.
ജയിലിൽനിന്ന് തിരികെ ഡൻകെർക്കിലേക്ക്
ഫ്രാൻസിന്റെ തെക്കുഭാഗത്തുള്ള ഏജെനിലായിരുന്നു എന്റെ ആദ്യ നിയമനം. എന്നാൽ അധികനാൾ എനിക്ക് അവിടെ സേവിക്കാനായില്ല. ഖനിയിലെ തൊഴിൽ ഉപേക്ഷിച്ച എന്നെ സൈനിക സേവനത്തിന് ക്ഷണിച്ചു. അതു നിരസിച്ചതിനാൽ എനിക്കു ജയിലിൽ പോകേണ്ടിവന്നു. ബൈബിൾ കൈവശംവെക്കാൻ എന്നെ അനുവദിച്ചില്ല. പക്ഷേ സങ്കീർത്തനപുസ്‌തകത്തിന്റെ ഏതാനും പേജുകൾ സൂക്ഷിക്കാൻ എനിക്കായി. അതിന്റെ വായന എന്നെ ഏറെ സഹായിക്കുകയും ചെയ്‌തു. ജയിൽമോചിതനായ ഉടനെ എനിക്ക് ഒരു പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു: മുഴുസമയ ശുശ്രൂഷയിൽ തുടരണമോ അതോ അതു നിറുത്തി ഒരു വരുമാനമാർഗം കണ്ടെത്തണമോ? ഇപ്രാവശ്യവും എന്നെ സഹായിച്ചത് ബൈബിൾ വാക്യമാണ്. “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌തനാണ്” എന്ന ഫിലിപ്പിയർ 4:11-13-ലെ പൗലോസിന്റെ വാക്കുകൾ ഞാൻ ധ്യാനിച്ചു. അങ്ങനെ, പയനിയറിങ് തുടരാൻ ഞാൻ തീരുമാനമെടുത്തു. 1950-ൽ എനിക്ക് മറ്റൊരു നിയമനം ലഭിച്ചു; ഞാൻ മുമ്പു പ്രവർത്തിച്ചിട്ടുള്ള ഡൻകെർക്കിലേക്കായിരുന്നു ഇപ്രാവശ്യം എന്നെ അയച്ചത്.
അവിടെ എത്തിയപ്പോൾ എന്റെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല, താമസസ്ഥലവും ജോലിയും ഒക്കെ കണ്ടുപിടിക്കേണ്ടിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്നുതരിപ്പണമായിരുന്ന ആ പട്ടണത്തിൽ ഒരു താമസസ്ഥലം തരപ്പെടുത്തുക ഒട്ടും എളുപ്പമായിരുന്നില്ല. മുമ്പ് സന്ദർശിക്കാറുണ്ടായിരുന്ന ഒരു കുടുംബത്തെ ചെന്നുകാണാൻ ഞാൻ തീരുമാനിച്ചു. എന്നെ കണ്ടതും വീട്ടുകാരി ആഹ്ലാദപൂർവം പറഞ്ഞു: “ഓ ലർവ, നിങ്ങളെ ജയിലിൽനിന്നു വിട്ടോ! നിങ്ങളെപ്പോലെയുള്ള കുറെ ആളുകൾ ഉണ്ടായിരുന്നെങ്കിൽ യുദ്ധമേ ഉണ്ടാകില്ലായിരുന്നു എന്നാണ് എന്റെ ഭർത്താവു പറയുന്നത്.” അവർക്ക് ഒരു ഗസ്റ്റ് ഹൗസുണ്ടായിരുന്നു. വിനോദസഞ്ചാരികളുടെ സീസൺ ആകുന്നതുവരെ അവിടെ താമസിക്കാമെന്ന് അവർ എന്നോടു പറഞ്ഞു. അന്നുതന്നെ ആർതർ എമ്യോറ്റിന്റെ സഹോദരൻ ഇവാൻസ് എനിക്ക് ഒരു ജോലിയും ശരിപ്പെടുത്തി. * പോർട്ടിൽ ദ്വിഭാഷിയായി ജോലിനോക്കിയിരുന്ന അദ്ദേഹം, രാത്രിയിൽ ഒരു കപ്പൽ കാക്കാൻ ആളെ തിരയുകയായിരുന്നു. അദ്ദേഹം കപ്പലിലെ ഉയർന്ന ഒരു ഉദ്യോഗസ്ഥന് എന്നെ പരിചയപ്പെടുത്തി. ജയിൽവാസത്തോടെ ഞാൻ വളരെ ശോഷിച്ചുപോയിരുന്നു. ഞാൻ ഈ പരുവത്തിലായത് എങ്ങനെയാണെന്ന് ഇവാൻസ് ആ ഉദ്യോഗസ്ഥനോടു വിശദീകരിച്ചപ്പോൾ, വേണ്ടപ്പോഴൊക്കെ ഫ്രിഡ്‌ജിൽനിന്ന് ഭക്ഷണം എടുത്തു കഴിക്കാൻ അദ്ദേഹം എനിക്ക് അനുവാദം തന്നു. അങ്ങനെ ആ ഒറ്റ ദിവസംകൊണ്ട്, എനിക്ക് താമസസ്ഥലവും ജോലിയും ഭക്ഷണവും ലഭിച്ചു! മത്തായി 6:25-33-ലെ യേശുവിന്റെ വാക്കുകളിലുള്ള എന്റെ വിശ്വാസം അന്നു ശക്തമായിത്തീർന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
വിനോദസഞ്ചാരികളുടെ സീസൺ തുടങ്ങിയപ്പോൾ
എനിക്കും എന്റെ പയനിയർ പങ്കാളിയായിരുന്ന സൈമൺ ഏപോളിനാർസ്‌കിക്കും മറ്റൊരു താമസസ്ഥലം കണ്ടുപിടിക്കേണ്ടിവന്നു. ഏതായാലും നിയമനസ്ഥലത്തുതന്നെ തുടരാൻ ഞങ്ങൾ ഉറച്ചു. ഒരു പഴയ കുതിരലായത്തിൽ ഞങ്ങൾക്കു താമസിക്കാൻ സ്ഥലം ഒത്തുവന്നു. വൈക്കോൽകൊണ്ടുള്ള മെത്തയിലാണ് ഞങ്ങൾ അവിടെ കിടന്നുറങ്ങിയിരുന്നത്; പകൽ സേവനത്തിൽ ഏർപ്പെടും. ആ കുതിരലായത്തിന്റെ ഉടമസ്ഥനോടു സാക്ഷീകരിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഡൻകെർക്കിൽ, സാക്ഷികളായിത്തീർന്ന അനേകരിൽ ഒരാളാണ് അദ്ദേഹം. അധികംവൈകാതെ പ്രാദേശിക പത്രത്തിൽ ഒരു വാർത്ത പ്രത്യക്ഷപ്പെടുകയുണ്ടായി. “യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം വൻതോതിൽ വർധിച്ചിരിക്കുന്നു” എന്നും അതുകൊണ്ട് ജാഗ്രതയുള്ളവരായിരിക്കണമെന്നും ഡൻകെർക്കിലെ നിവാസികൾക്ക് മുന്നറിയിപ്പുനൽകുന്ന ലേഖനമായിരുന്നു അത്. എന്നാൽ ഞാനും സൈമണും പിന്നെ വിരലിലെണ്ണാവുന്ന ഏതാനും സാക്ഷികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നതാണ് രസകരമായ സംഗതി! ക്രിസ്‌തീയ പ്രത്യാശയെക്കുറിച്ചും യഹോവ ഞങ്ങളെ പരിപാലിച്ചിരിക്കുന്ന വിധത്തെക്കുറിച്ചും ഒക്കെ ധ്യാനിച്ചതിനാലാണ് ബുദ്ധിമുട്ടുകൾക്കിടയിലും പിടിച്ചുനിൽക്കാൻ ഞങ്ങൾക്കായത്. 1952-ൽ എന്നെ മറ്റൊരു സ്ഥലത്തേക്കു നിയമിച്ചപ്പോഴേക്കും ഡൻകെർക്കിൽ സാധാരണ പയനിയർമാരുടെ എണ്ണം ഏതാണ്ട് 30 ആയി വർധിച്ചിരുന്നു.പുതിയ ഉത്തരവാദിത്വങ്ങൾക്കുവേണ്ട കരുത്താർജിക്കുന്നു
ആമ്യെൻസ് പട്ടണത്തിൽ കുറച്ചുനാൾ സേവിച്ചശേഷം പാരീസ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബുലോന്വ ബിയോങ്കൂറിൽ പ്രത്യേക പയനിയറായി എന്നെ നിയമിച്ചു. അവിടെ എനിക്ക് ധാരാളം ബൈബിൾ അധ്യയനങ്ങൾ ലഭിച്ചു; അവരിൽ ചിലർ പിന്നീട് മുഴുസമയ ശുശ്രൂഷകരും മിഷനറിമാരും ആയിത്തീർന്നു. ഗൈ മാബിലോറ്റ് എന്ന ചെറുപ്പക്കാരനാണ് അതിൽ ഒരാൾ. സത്യം സ്വീകരിച്ച അദ്ദേഹം കാലാന്തരത്തിൽ സർക്കിട്ട് മേൽവിചാരകനും ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകനും ആയി സേവിച്ചു. പിന്നീട്, പാരീസിൽനിന്ന് ഏതാണ്ട് 96 കിലോമീറ്റർ അകലെ ലൂവ്യയിലുള്ള, ഇപ്പോഴത്തെ ബെഥേലിന്റെ അച്ചടിശാലയുടെ നിർമാണത്തിനു മേൽനോട്ടം വഹിക്കാനും അദ്ദേഹത്തിനായി. ശുശ്രൂഷയിൽ കൂടെക്കൂടെ ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യാൻ അവസരങ്ങൾ ലഭിച്ചതിനാൽ ദൈവവചനം എന്റെ മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയാൻ ഇടവന്നു. അത് എനിക്ക് ഏറെ സന്തോഷം നൽകിയെന്നു മാത്രമല്ല പഠിപ്പിക്കാനുള്ള എന്റെ പ്രാപ്‌തി വർധിക്കുകയും ചെയ്‌തു.
പിന്നെ, 1953-ൽ പെട്ടെന്നൊരു ദിവസം എന്നെ അൽസേസ്-ലോറേയ്‌നിൽ സർക്കിട്ട് മേൽവിചാരകനായി നിയമിച്ചു. 1871-നും 1945-നും ഇടയ്‌ക്ക് ജർമൻകാർ രണ്ടുതവണ പിടിച്ചടക്കിയ സ്ഥലമാണത്. അതുകൊണ്ട് എനിക്ക് ജർമൻ ഭാഷ കുറച്ചൊക്കെ പഠിക്കേണ്ടിവന്നു. ഞാൻ സർക്കിട്ട് വേല തുടങ്ങിയ കാലത്ത് അവിടെ കാറും ടെലിവിഷനും ടൈപ്പ്‌റൈറ്ററും ഒന്നും അത്ര പ്രചാരം സിദ്ധിച്ചിരുന്നില്ല; റേഡിയോയും കമ്പ്യൂട്ടറും കാണാൻപോലും ഇല്ലായിരുന്നു. പക്ഷേ, ജീവിതം ആസ്വദിച്ചിരുന്നില്ലെന്നോ ജീവിതം വിരസമായിരുന്നെന്നോ അതിനർഥമില്ല. വാസ്‌തവത്തിൽ എന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ കാലഘട്ടമായിരുന്നു അത്. ഇന്നുള്ള അത്ര ശ്രദ്ധാശൈഥില്യങ്ങൾ അന്നില്ലായിരുന്നതിനാൽ ‘കണ്ണ് തെളിച്ചമുള്ളതായി’ സൂക്ഷിക്കുക എന്ന ബൈബിൾ ബുദ്ധിയുപദേശം പാലിച്ചുകൊണ്ട് യഹോവയെ സേവിക്കാൻ കൂടുതൽ എളുപ്പമായിരുന്നു.—മത്താ. 6:19-22.
1955-ൽ പാരീസിൽ നടന്ന “ജയോത്സവ രാജ്യ” സമ്മേളനം എന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അവിടെവെച്ചാണ് ഞാൻ എന്റെ ഭാവി വധു ഇറേന കൊളോസ്‌കിയെ കണ്ടുമുട്ടിയത്. എന്നെക്കാൾ ഒരു വർഷംമുമ്പ് മുഴുസമയ ശുശ്രൂഷ ആരംഭിച്ച വ്യക്തിയാണ് അവൾ. വളരെക്കാലംമുമ്പ് സത്യം
സ്വീകരിച്ച പോളണ്ടുകാരായ അവളുടെ മാതാപിതാക്കൾ തീക്ഷ്‌ണതയുള്ള സാക്ഷികളായിരുന്നു. റസ്സൽ സഹോദരന്റെ തോട്ടക്കാരനായിരുന്ന അഡോൾഫ് വെബറാണ് ഫ്രാൻസിൽവെച്ച് അവരെ സന്ദർശിച്ചത്; യൂറോപ്പിൽ സുവാർത്ത പ്രസംഗിക്കാൻ വന്നതായിരുന്നു അദ്ദേഹം. 1956-ൽ ഞാൻ ഇറേനയെ വിവാഹംകഴിച്ചു, സർക്കിട്ട് വേലയിൽ അവൾ എന്നോടൊപ്പം ചേർന്നു. ഇക്കാലമത്രയും അവൾ എനിക്ക് എത്ര വലിയ സഹായമായിരുന്നെന്നോ!രണ്ടുവർഷത്തിനുശേഷം, അമ്പരപ്പിക്കുന്ന മറ്റൊരു വാർത്ത എന്നെ തേടിയെത്തി: ഒരു ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകനായി എന്നെ നിയമിച്ചിരിക്കുന്നു. യോഗ്യതയുള്ള സഹോദരങ്ങൾ കുറവായിരുന്നതുകൊണ്ട് ചില സഭകളിൽ എനിക്കു തുടർന്നും സർക്കിട്ട് മേൽവിചാരകനായി സന്ദർശനം നടത്തേണ്ടിവന്നു. എന്തു തിരക്കായിരുന്നു അന്നൊക്കെ! ഓരോ മാസവും 100 മണിക്കൂർ പ്രസംഗവേലയിൽ ഏർപ്പെടേണ്ടതുണ്ടായിരുന്നു. അതിനുപുറമെ, ഓരോ വാരവും പ്രസംഗങ്ങൾ നടത്തണം, മൂന്നു പുസ്‌തകാധ്യയന കൂട്ടങ്ങൾ സന്ദർശിക്കണം, സഭാ രേഖകൾ പരിശോധിക്കണം, റിപ്പോർട്ടുകൾ തയ്യാറാക്കണം. ഇതിനിടെ ദൈവവചനം വായിക്കാൻ എങ്ങനെ സമയം കണ്ടെത്തും? എന്റെ മുമ്പിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ: പഴയ ഒരു ബൈബിളിന്റെ താളുകൾ ഞാൻ കീറിയെടുത്ത് കൈയിൽക്കരുതി. ആർക്കെങ്കിലും വേണ്ടി കാത്തിരിക്കേണ്ടിവരുന്ന സമയത്ത് ഞാൻ അതെടുത്തു വായിക്കുമായിരുന്നു. എനിക്ക് ആത്മീയ ഉണർവേകിയ ആ നിമിഷങ്ങളാണ് നിയമനത്തിൽ തുടരാൻവേണ്ട കരുത്തുപകർന്നത്.
1967-ൽ, ബുലോന്വ ബിയോങ്കൂറിലുള്ള ബെഥേലിൽ സ്ഥിരമായി സേവിക്കാൻ എന്നെയും ഇറേനയെയും ക്ഷണിച്ചു. സേവന വിഭാഗത്തിലായിരുന്നു എന്റെ നിയമനം. 40 വർഷങ്ങൾക്കുശേഷം ഇന്നും അതേ വിഭാഗത്തിൽ ഞാൻ സേവിക്കുന്നു. ബൈബിൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടുള്ള കത്തുകൾക്ക് മറുപടി അയയ്‌ക്കുന്നത് എന്റെ ജോലിയുടെ ഭാഗമാണ്; ഞാൻ ഏറെ ആസ്വദിക്കുന്ന ഒന്നാണത്. ദൈവവചനത്തിന്റെ ആഴങ്ങളിലേക്കു കുഴിച്ചിറങ്ങുന്നതും ‘സുവിശേഷത്തിനായി പ്രതിവാദം’ നടത്തുന്നതും എനിക്ക് വലിയ ഇഷ്ടമാണ്! (ഫിലി. 1:7) ബെഥേലിൽ, പ്രാതലിനുമുമ്പുള്ള ദിനവാക്യ ചർച്ചയിൽ തിരുവെഴുത്താശയങ്ങളെക്കുറിച്ചു സംസാരിക്കുന്നതും എനിക്കു സന്തോഷം പകരുന്നു. 1976-ൽ എന്നെ ഫ്രാൻസിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായി നിയമിച്ചു.
ഉത്‌കൃഷ്ട ജീവിതമാർഗം
എന്റെ ജീവിതത്തിൽ പ്രക്ഷുബ്ധ കാലങ്ങൾ പലതുണ്ടായിരുന്നിട്ടുണ്ട്; പക്ഷേ, അവയിൽവെച്ചെല്ലാം ഏറെ പ്രശ്‌നപൂരിതമായത്, വാർധക്യത്താലും ആരോഗ്യപ്രശ്‌നങ്ങളാലും ഞാനും ഇറേനയും ബുദ്ധിമുട്ടുന്ന ഈ കാലഘട്ടമാണ്. എന്നാൽ, ദൈവവചനം ഒന്നിച്ചു വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിനാൽ ഞങ്ങളുടെ പ്രത്യാശ ഇപ്പോഴും ഒളിമങ്ങിയിട്ടില്ല. ഈ പ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ സഭയുടെ പ്രദേശത്തേക്ക് യാത്രചെയ്യുന്നത് ഞങ്ങൾ ആസ്വദിക്കുന്നു. ഞങ്ങൾ ഇരുവരും മുഴുസമയ ശുശ്രൂഷയിൽ മൊത്തം 120-തിലേറെ വർഷം ചെലവഴിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ, സന്തോഷപ്രദവും ആവേശജനകവും അർഥവത്തുമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരോടെല്ലാം മുഴുസമയ ശുശ്രൂഷയാണ് അതിനുള്ള ഉത്തമമാർഗം എന്ന് പൂർണബോധ്യത്തോടെ പറയാൻ ഞങ്ങൾക്കാകും. സങ്കീർത്തനം 37:25-ലെ വാക്കുകൾ രേഖപ്പെടുത്തിയപ്പോൾ ദാവീദ് “വൃദ്ധനായി”ത്തീർന്നിരുന്നു; എന്നാൽ ‘നീതിമാൻ തുണയില്ലാതിരിക്കുന്നത്’ അവനെപ്പോലെ ‘ഞാനും കണ്ടിട്ടില്ല.’
എന്റെ ജീവിതകാലത്തുടനീളം തന്റെ വചനത്തിലൂടെ യഹോവ എന്നെ ശക്തീകരിച്ചിരിക്കുന്നു. ഒരിക്കൽ ബൈബിൾ വായിക്കാൻ തുടങ്ങിയാൽ അത് മുടക്കാൻ കഴിയില്ലെന്ന് എന്റെ ബന്ധുക്കൾ 60 വർഷം മുമ്പ് പറഞ്ഞതാണ്. അതു ശരിയായിരുന്നു. ആ ശീലം ഇക്കാലമത്രയും എന്നോടൊപ്പം ഉണ്ടായിരുന്നിട്ടുണ്ട്, അതേപ്രതി ഞാൻ ഒരിക്കലും ഖേദിച്ചിട്ടുമില്ല!
[[അടിക്കുറിപ്പുകൾ]
^ ഖ. 8 1944-ൽ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ലഭ്യമല്ല.
^ ഖ. 14 ഇവാൻസ് എമ്യോറ്റിനെക്കുറിച്ച് കൂടുതലായി അറിയാൻ 1999 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 22, 23 പേജുകൾ കാണുക.
[5-ാം പേജിലെ ചിത്രം]
സൈമണും ഞാനും
[5-ാം പേജിലെ ചിത്രം]
എനിക്ക് ആദ്യം ലഭിച്ച ബൈബിളിനു സമാനമായ ഒന്ന്
[5-ാം പേജിലെ ചിത്രം]
ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകനായി സേവിക്കുമ്പോൾ
[6-ാം പേജിലെ ചിത്രം]
വിവാഹദിനത്തിൽ
[6-ാം പേജിലെ ചിത്രം]
ദൈവവചനം വായിക്കുന്നതും പഠിക്കുന്നതും ഞങ്ങൾ ആസ്വദിക്കുന്നു