വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെല്ലുവിളികൾ നേരിടുമ്പോൾ ഫീനെഹാസിനെ അനുകരിക്കുക

വെല്ലുവിളികൾ നേരിടുമ്പോൾ ഫീനെഹാസിനെ അനുകരിക്കുക

വെല്ലുവിളികൾ നേരിടുമ്പോൾ ഫീനെഹാസിനെ അനുകരിക്കുക

സഭാ മൂപ്പനായി സേവിക്കുക എന്നത്‌ വലിയൊരു പദവിയാണ്‌; എന്നാൽ അതോടൊപ്പം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന്‌ ദൈവവചനം പറയുന്നു. ചില സമയങ്ങളിൽ, നീതിന്യായ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ അവർ ‘യഹോവെക്കു വേണ്ടി ന്യായപാലനം’ ചെയ്യേണ്ടതായിവരും. (2 ദിന. 19:6) ഇനി, തനിക്കു കാര്യക്ഷമമായി നിർവഹിക്കാൻ കഴിയില്ലെന്നു തോന്നുന്ന ഒരു നിയമനം ഒരു മൂപ്പനു ലഭിച്ചേക്കാം. ഒരു നിയമനം ലഭിച്ചപ്പോൾ, ‘ഫറവോന്റെ അടുക്കൽപോകുവാൻ ഞാൻ എന്തു മാത്രമുള്ളൂ’ എന്ന്‌ എളിമയോടെ പറഞ്ഞ മോശയുടെ വികാരമായിരിക്കാം അപ്പോൾ അവരെ ഭരിക്കുന്നത്‌.—പുറ. 3:11.

മൂപ്പന്മാരെ നിയമിക്കുന്നത്‌ പരിശുദ്ധാത്മാവാണല്ലോ. അതേ ആത്മാവിനാൽ എഴുതപ്പെട്ട ദൈവവചനത്തിൽ വിഷമകരമായ സാഹചര്യങ്ങൾ കൈകാര്യംചെയ്‌ത മേൽവിചാരകന്മാരുടെ ദൃഷ്ടാന്തങ്ങളുണ്ട്‌. എലെയാസാരിന്റെ മകനായിരുന്ന ഫീനെഹാസാണ്‌ അതിലൊരാൾ. അഹരോന്റെ കൊച്ചുമകനായിരുന്ന അവന്‌ മഹാപുരോഹിതനാകാനുള്ള യോഗ്യതയുണ്ടായിരുന്നു. അവന്റെ ജീവിതത്തിലുണ്ടായ മൂന്നുസംഭവങ്ങൾ ശ്രദ്ധേയമാണ്‌. പ്രശ്‌നങ്ങൾ കൈകാര്യംചെയ്യുമ്പോൾ ഇന്നത്തെ മൂപ്പന്മാർ ധീരതയും വിവേകവും ഉള്ളവരായിരിക്കണമെന്നും യഹോവയിൽ ആശ്രയിക്കണമെന്നും അവ കാണിക്കുന്നു.

‘അതു കണ്ടപ്പോൾ അവൻ എഴുന്നേറ്റു’

ഇസ്രായേല്യർ മോവാബ്‌ സമഭൂമിയിൽ പാളയമിറങ്ങിയപ്പോൾ ഫീനെഹാസ്‌ ചെറുപ്പമായിരുന്നു. “യിസ്രായേൽ . . . ജനം മോവാബ്യസ്‌ത്രീകളുമായി പരസംഗം തുടങ്ങി. . . . ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്‌കരിക്കയും ചെയ്‌തു,” ബൈബിൾ പറയുന്നു. (സംഖ്യാ. 25:1, 2) തെറ്റുചെയ്‌തവരുടെമേൽ യഹോവ മരണകരമായ ഒരു ബാധ വരുത്തി. ജനം ചെയ്‌ത ഈ പാപത്തെക്കുറിച്ചും അതിന്റെ ഫലമായുണ്ടായ ബാധയെക്കുറിച്ചും കേട്ടപ്പോൾ ഫീനെഹാസിനു തോന്നിയ വേദന നിങ്ങൾക്ക്‌ ഊഹിക്കാനാകുന്നുണ്ടോ?

ബൈബിൾ വിവരണം തുടരുന്നു: “മോശെയും സമാഗമനകൂടാരത്തിന്റെ വാതില്‌ക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്കു ഒരു മിദ്യാന്യസ്‌ത്രീയെ കൊണ്ടുവന്നു.” (സംഖ്യാ. 25:6) ഈ തെറ്റുകാരൻ, ആരാധനയിൽ തന്റെ ഗോത്രത്തെ നയിച്ചിരുന്ന ഒരു പ്രഭുവാണ്‌; പുരോഹിതനായ ഫീനെഹാസാകട്ടെ താരതമ്യേന ചെറുപ്പവും. ഇപ്പോൾ, ഫീനെഹാസ്‌ എന്തു ചെയ്യും?—സംഖ്യാ. 25:14.

മനുഷ്യനെയല്ല യഹോവയെയാണ്‌ ഫീനെഹാസ്‌ ഭയപ്പെട്ടത്‌. ഈ രണ്ടുപേരെ കണ്ടപ്പോൾ അവൻ കൈയിലൊരു കുന്തമെടുത്ത്‌ അവരുടെ പിന്നാലെ ചെന്ന്‌ അവരെ ഉദരം തുളയുംവണ്ണം കുത്തിക്കൊന്നു. ഫീനെഹാസിന്റെ ധൈര്യവും തീരുമാനശേഷിയും കണ്ടപ്പോൾ യഹോവ എന്തു ചെയ്‌തു? അവൻ പെട്ടെന്നുതന്നെ ബാധ നിറുത്തി. പൗരോഹിത്യം ഫീനെഹാസിന്റെ കുടുംബത്തിൽനിന്നു നീങ്ങിപ്പോകുകയില്ല എന്ന്‌ ദൈവം അവനോടു വാഗ്‌ദാനംചെയ്‌തു.—സംഖ്യാ. 25:7-13.

ഇന്ന്‌ ക്രിസ്‌തീയ മൂപ്പന്മാർ ആരെയും ആക്രമിക്കുന്നില്ല. പക്ഷേ ഫീനെഹാസിനെപ്പോലെ അവർ ധൈര്യവും തീരുമാനശേഷിയും ഉള്ളവരായിരിക്കണം. ഗില്യർമി എന്ന മൂപ്പന്റെ കാര്യമെടുക്കുക. മൂപ്പനായി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു നീതിന്യായ കമ്മിറ്റിയിൽ സേവിക്കാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. ഗില്യർമിയെ ചെറുപ്പത്തിൽ സഹായിച്ച ഒരു മൂപ്പനായിരുന്നു ഈ കേസിൽ ഉൾപ്പെട്ടിരുന്ന വ്യക്തി. ഗില്യർമി പറയുന്നു: “ഈ നിയമനം എന്നെ വല്ലാതെ വിഷമിപ്പിച്ചു. രാത്രിയിൽ എനിക്ക്‌ സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞില്ല. യഹോവയുടെ നിലവാരങ്ങൾക്കൊത്ത്‌ സാഹചര്യം വിലയിരുത്തുന്നതിന്‌ എന്റെ വികാരങ്ങൾ തടസ്സമാകാതിരിക്കാൻ എന്തു ചെയ്യാം എന്നതിനെക്കുറിച്ച്‌ ഞാൻ വീണ്ടും വീണ്ടും ചിന്തിച്ചുകൊണ്ടിരുന്നു. ദിവസങ്ങളോളം ഞാൻ പ്രാർഥിച്ചു, ബൈബിൾ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണംനടത്തി.” ഈ പ്രത്യേക സാഹചര്യം കൈകാര്യംചെയ്യാനും തെറ്റുചെയ്‌ത സഹോദരനെ ആത്മീയമായി സഹായിക്കാനും വേണ്ട ധൈര്യം അതിലൂടെ അദ്ദേഹത്തിനു ലഭിച്ചു.—1 തിമൊ. 4:11, 12.

സഭയിലെ സാഹചര്യങ്ങൾക്കൊത്തുയർന്ന്‌ ധൈര്യത്തോടും തീരുമാനശേഷിയോടും കൂടെ പ്രവർത്തിക്കുന്ന മൂപ്പന്മാരുടെ വിശ്വാസവും വിശ്വസ്‌തതയും മറ്റുള്ളവർക്കൊരു മാതൃകയായിത്തീരും. മൂപ്പന്മാരല്ലാത്ത ക്രിസ്‌ത്യാനികളും ധൈര്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്‌. ആരെങ്കിലും ഗൗരവമുള്ള ഒരു തെറ്റുചെയ്‌തതായി അറിയുമ്പോൾ അത്‌ മൂപ്പന്മാരുടെ ശ്രദ്ധയിൽപ്പെടുത്താൻ അവർക്കു ധൈര്യം വേണം. അതുപോലെതന്നെ, പുറത്താക്കപ്പെട്ട ഒരു സുഹൃത്തുമായോ ബന്ധുവുമായോ ഉള്ള സഹവാസം ഉപേക്ഷിക്കാൻ കഴിയണമെങ്കിൽ അവർ വിശ്വസ്‌തരായിരിക്കണം.—1 കൊരി. 5:11-13.

വിവേകം യുദ്ധം ഒഴിവാക്കുന്നു

ഫീനെഹാസിന്റെ ധൈര്യം ചെറുപ്പത്തിന്റെ ചോരത്തിളപ്പായിരുന്നില്ല. അവൻ വിവേകത്തോടെ പ്രവർത്തിച്ച ഒരു സന്ദർഭത്തെക്കുറിച്ച്‌, ഒരു വാർത്ത കേട്ടപ്പോൾ എടുത്തുചാടാതെ ബുദ്ധിപൂർവം പ്രവർത്തിച്ചതിനെക്കുറിച്ചുള്ള ബൈബിൾ വിവരണം അതിനു തെളിവാണ്‌. യോർദാൻനദിക്കരികെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും ഒരു യാഗപീഠം പണിതു. വ്യാജാരാധനയ്‌ക്കുവേണ്ടിയാണ്‌ അവർ ഇതു ചെയ്‌തതെന്നു നിഗമനംചെയ്‌ത മറ്റ്‌ ഇസ്രായേല്യർ അവരോട്‌ യുദ്ധത്തിനൊരുങ്ങി.—യോശു. 22:11, 12.

എന്തായിരുന്നു ഫീനെഹാസിന്റെ പ്രതികരണം? യാഗപീഠം പണിതവരോട്‌ ഫീനെഹാസും മറ്റ്‌ ഇസ്രായേൽ പ്രഭുക്കന്മാരും വിവേകപൂർവം കാര്യം ചർച്ചചെയ്‌തു. യഹോവയുടെ ‘ശുശ്രൂഷ അനുഷ്‌ഠിക്കാൻ’വേണ്ടിയാണ്‌ ഈ യാഗപീഠം പണിതതെന്ന്‌ ആ ഗോത്രക്കാർ വ്യക്തമാക്കി. അങ്ങനെ ഒരു യുദ്ധം ഒഴിവായി.—യോശു. 22:13-34.

സഹാരാധകനെക്കുറിച്ച്‌ മോശമായ ഒരു വാർത്തയോ ആരോപണമോ ഒരു ക്രിസ്‌ത്യാനിയുടെ ചെവിയിലെത്തുന്നെങ്കിൽ ഫീനെഹാസിന്റെ മാതൃക അനുകരിക്കുന്നത്‌ ബുദ്ധിയായിരിക്കും. അത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന്‌ ദേഷ്യപ്പെടുകയോ നമ്മുടെ സഹോദരങ്ങളെ അപകീർത്തിപ്പെടുത്തുന്ന എന്തെങ്കിലും പറഞ്ഞുപരത്തുകയോ ചെയ്യാതിരിക്കാൻ വിവേകം നമ്മെ സഹായിക്കും.—സദൃ. 19:11.

ഫീനെഹാസിന്റെ മാതൃക അനുകരിക്കാൻ വിവേകം മൂപ്പന്മാരെ സഹായിക്കുന്നത്‌ എങ്ങനെ? പത്തുവർഷത്തിലധികമായി ഒരു മൂപ്പനായി സേവിക്കുന്ന ഹൈമെ എന്ന സഹോദരൻ പറയുന്നു: “മറ്റൊരാളുമായുള്ള ഒരു പ്രശ്‌നത്തെക്കുറിച്ച്‌ ഒരു സഹോദരനോ സഹോദരിയോ എന്നോടു പറഞ്ഞാൽ ആരുടെയും പക്ഷംപിടിക്കാതെ, തിരുവെഴുത്തു ബുദ്ധിയുപദേശം നൽകാൻ സഹായിക്കേണമേ എന്ന്‌ ഞാൻ ഒരു നിമിഷം യഹോവയോട്‌ പ്രാർഥിക്കും. ഒരിക്കൽ ഒരു സഹോദരി എന്റെ അടുക്കൽവന്ന്‌ മറ്റൊരു സഭയിലെ ഉത്തരവാദിത്വപ്പെട്ട ഒരു സഹോദരനുമായുള്ള പ്രശ്‌നത്തെക്കുറിച്ചു പറഞ്ഞു. ആ സഹോദരൻ എന്റെ ഒരു സുഹൃത്തായിരുന്നതിനാൽ വേണമെങ്കിൽ എനിക്ക്‌ ഇക്കാര്യം അദ്ദേഹത്തോടു സംസാരിക്കാമായിരുന്നു. എന്നാൽ അതിനുപകരം ഞാൻ ആ സഹോദരിയുമായി പല ബൈബിൾ തത്ത്വങ്ങളും ചർച്ചചെയ്‌തു. ആ സഹോദരനുമായി താൻതന്നെ ആദ്യം സംസാരിക്കാമെന്ന്‌ സഹോദരി സമ്മതിച്ചു. (മത്താ. 5:23, 24) ഉടനടി പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. അതുകൊണ്ട്‌, മറ്റുചില തിരുവെഴുത്തു തത്ത്വങ്ങൾ ഞാൻ സഹോദരിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്‌നത്തെക്കുറിച്ചു വീണ്ടും പ്രാർഥിക്കാനും ആ സഹോദരനോടു ക്ഷമിക്കാൻ ശ്രമിക്കാനും സഹോദരി തീരുമാനിച്ചു.”

എന്തായിരുന്നു ഫലം? ഹൈമെ ഓർക്കുന്നു: “ഏതാനും മാസങ്ങൾക്കുശേഷം ഈ സഹോദരി എന്നെ സമീപിച്ചു. താൻ പറഞ്ഞ കാര്യത്തെപ്രതി പിന്നീട്‌ ആ സഹോദരൻ ക്ഷമചോദിച്ചു എന്ന്‌ അവർ പറഞ്ഞു. അവരോടൊപ്പം ശുശ്രൂഷയിൽ പ്രവർത്തിക്കാൻ അദ്ദേഹം ക്രമീകരിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്‌തു. അങ്ങനെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഞാൻ ഈ പ്രശ്‌നത്തിൽ കൈകടത്തിയിരുന്നെങ്കിൽ ഇതിലും മെച്ചമായി ഇതു പരിഹരിക്കാനാകുമായിരുന്നോ? ഞാൻ പക്ഷംപിടിക്കുകയാണ്‌ എന്നല്ലേ സഹോദരിക്ക്‌ തോന്നുമായിരുന്നുള്ളൂ?” “ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുത്‌” എന്ന്‌ ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (സദൃ. 25:8) സഹവിശ്വാസികളുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങൾ തിരുവെഴുത്തു തത്ത്വങ്ങൾക്കു ചേർച്ചയിൽ പരിഹരിക്കാനും അങ്ങനെ സമാധാനം സ്ഥാപിക്കാനുമാണ്‌ വിവേകമുള്ള മൂപ്പന്മാർ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നത്‌.

അവൻ യഹോവയോടു ചോദിച്ചു

യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ പുരോഹിതനായി സേവിക്കാൻ പദവി ലഭിച്ചവനായിരുന്നു ഫീനെഹാസ്‌. നാം കണ്ടുകഴിഞ്ഞതുപോലെ, താരതമ്യേന ചെറുപ്പത്തിൽത്തന്നെ അവന്‌ അസാമാന്യ ധൈര്യവും വിവേകവും ഉണ്ടായിരുന്നു. പക്ഷേ ഇതുകൊണ്ടുമാത്രം അവന്‌ പ്രശ്‌നങ്ങൾ കൈകാര്യംചെയ്യാൻ ആകുമായിരുന്നില്ല; അതിന്‌ അവൻ യഹോവയിൽ ആശ്രയിക്കേണ്ടിയിരുന്നു.

ഒരിക്കൽ ബെന്യാമീൻഗോത്രത്തിൽപ്പെട്ട ഗിബെയയിലെ പുരുഷന്മാർ ഒരു ലേവ്യന്റെ വെപ്പാട്ടിയെ ബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തി. അതേത്തുടർന്ന്‌ മറ്റു ഗോത്രങ്ങളെല്ലാം ബെന്യാമീന്യർക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു. (ന്യായാ. 20:1-11) യുദ്ധത്തിനു പോകുന്നതിനുമുമ്പ്‌ അവർ യഹോവയോട്‌ സഹായത്തിനായി പ്രാർഥിച്ചെങ്കിലും രണ്ടുവട്ടം അവർക്കു തോറ്റോടേണ്ടിവന്നു; കനത്ത ആൾനഷ്ടവും ഉണ്ടായി. (ന്യായാ. 20:14-25) തങ്ങളുടെ പ്രാർഥന ദൈവം കേട്ടില്ലെന്ന്‌ അവർ നിഗമനംചെയ്യണമായിരുന്നോ? അവിടെ അരങ്ങേറിയ ദുഷ്‌പ്രവൃത്തിക്കെതിരെ അവർ പ്രതികരിക്കാൻ യഹോവ വാസ്‌തവത്തിൽ ആഗ്രഹിക്കുന്നുണ്ടായിരുന്നോ?

ദൃഢമായ വിശ്വാസമുണ്ടായിരുന്ന ഫീനെഹാസ്‌ ഇപ്രാവശ്യവും മുന്നിട്ടിറങ്ങി പ്രവർത്തിച്ചു. ആ സമയത്ത്‌ അദ്ദേഹം ഇസ്രായേലിന്റെ മഹാപുരോഹിതനായിരുന്നു. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ,” അവൻ യഹോവയോടു ചോദിച്ചു. ഇപ്രാവശ്യം യഹോവ ബെന്യാമീന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു; ഗിബെയ കത്തിച്ചാമ്പലായി.—ന്യായാ. 20:27-48.

നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാം? മൂപ്പന്മാർ എത്ര ശ്രമിച്ചിട്ടും ദൈവത്തോട്‌ എത്ര പ്രാർഥിച്ചിട്ടും സഭയിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നുവരും. അത്തരമൊരു സാഹചര്യത്തിൽ യേശുവിന്റെ ഈ വാക്കുകൾ മൂപ്പന്മാർ മനസ്സിൽപ്പിടിക്കണം: “ചോദിച്ചുകൊണ്ടിരിക്കുവിൻ (അഥവാ, പ്രാർഥിച്ചുകൊണ്ടിരിക്കുവിൻ), നിങ്ങൾക്കു നൽകപ്പെടും. അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും.” (ലൂക്കോ. 11:9) ഒരു പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിക്കാൻ വൈകുന്നു എന്നു തോന്നുമ്പോഴും യഹോവ തന്റെ തക്കസമയത്ത്‌ ഉത്തരം നൽകുമെന്ന്‌ മേൽവിചാരകന്മാർക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.

അയർലൻഡിലുള്ള ഒരു സഭയ്‌ക്ക്‌ അത്യാവശ്യമായി ഒരു രാജ്യഹാൾ പണിയേണ്ടിയിരുന്നു. പക്ഷേ അവരുടെ പ്രദേശത്തെ പ്ലാനിങ്‌ ഓഫീസർ അനുമതി നൽകിയില്ല. സഹോദരങ്ങൾ നൽകിയ പ്ലാനുകളെല്ലാം അദ്ദേഹം തിരസ്‌കരിച്ചു. ആ പ്രദേശം ഉൾപ്പെട്ട സംസ്ഥാനത്തിന്റെ (കൗണ്ടി) മുഖ്യ പ്ലാനിങ്‌ ഓഫീസറെ സമീപിക്കുകയായിരുന്നു അവരുടെ മുമ്പിലുണ്ടായിരുന്ന ഏക പോംവഴി. ഫീനെഹാസിന്റെ കാലത്തു സംഭവിച്ചതുപോലെ പ്രാർഥന ഇവിടെ ഫലംചെയ്‌തോ?

അവിടത്തെ ഒരു മൂപ്പൻ സംഭവം വിവരിക്കുന്നു: “വളരെയേറെ പ്രാർഥിക്കുകയും അപേക്ഷിക്കുകയും ചെയ്‌തശേഷം ഞങ്ങൾ മുഖ്യ പ്ലാനിങ്‌ ഓഫീസിലേക്കു യാത്രതിരിച്ചു. മുഖ്യ പ്ലാനിങ്‌ ഓഫീസറെ കാണണമെങ്കിൽ മിക്കവാറും ആഴ്‌ചകൾ പിടിക്കും എന്നാണ്‌ ആദ്യം ഞങ്ങൾ അറിഞ്ഞത്‌. പക്ഷേ അഞ്ചുമിനിട്ടു നേരത്തേക്ക്‌ അദ്ദേഹത്തെ കാണാൻ ഒരവസരം ഞങ്ങൾ തരപ്പെടുത്തി. പുതുക്കിവരച്ച പ്ലാനുകൾ കണ്ടശേഷം പണിയുമായി മുന്നോട്ടുപോകാൻ അദ്ദേഹം വേഗംതന്നെ അനുമതി നൽകി. അതേത്തുടർന്ന്‌ പ്രദേശത്തെ പ്ലാനിങ്‌ ഓഫീസറും ഞങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്നു. പ്രാർഥനയുടെ ശക്തി ഞങ്ങൾ മനസ്സിലാക്കിയ ഒരു അനുഭവമാണത്‌.” അതെ, തന്നിൽ ആശ്രയിക്കുന്ന മൂപ്പന്മാരുടെ ആത്മാർഥമായ പ്രാർഥനകൾക്ക്‌ യഹോവ ഉത്തരം നൽകാതിരിക്കില്ല.

പുരാതന ഇസ്രായേലിൽ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ്‌ ഫീനെഹാസിന്‌ നിർവഹിക്കാനുണ്ടായിരുന്നത്‌. എന്നാൽ ദൈവത്തിൽ ആശ്രയിക്കുകയും ധൈര്യവും വിവേകവും പ്രകടമാക്കുകയും ചെയ്‌ത അവന്‌ തന്റെ മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ വിജയകരമായി കൈകാര്യംചെയ്യാൻ കഴിഞ്ഞു. ദൈവത്തിന്റെ സഭയെ കാത്തുപരിപാലിക്കാൻ ഫീനെഹാസ്‌ ചെയ്‌ത ശ്രമങ്ങൾ യഹോവയുടെ ശ്രദ്ധയിൽപ്പെടാതെപോയില്ല. ഏതാണ്ട്‌ 1,000 വർഷങ്ങൾക്കുശേഷം ഈ വാക്കുകൾ രേഖപ്പെടുത്താൻ ദൈവം എസ്രായെ നിശ്വസ്‌തനാക്കി: “എലെയാസാരിന്റെ മകനായ ഫീനെഹാസ്‌ പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.” (1 ദിന. 9:20) ഇന്ന്‌ ദൈവത്തെ വിശ്വസ്‌തതയോടെ സേവിക്കുന്ന എല്ലാ ക്രിസ്‌ത്യാനികളുടെയും കാര്യത്തിൽ, വിശേഷാൽ, ദൈവജനത്തെ നയിക്കുന്നവരുടെ കാര്യത്തിൽ ഈ വാക്കുകൾ സത്യമായി ഭവിക്കട്ടെ!