യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന് അകറ്റിക്കളയാതിരിക്കട്ടെ!
“നിങ്ങൾ . . . ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ.”—യോശു. 24:15.
1-3. (എ) ജീവിതത്തിൽ ശരിയായ തീരുമാനം എടുക്കുന്നതിൽ യോശുവ ഒരു നല്ല മാതൃകയായിരിക്കുന്നത് എങ്ങനെ? (ബി) തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നാം എന്തു മനസ്സിൽപ്പിടിക്കണം?
‘തിരഞ്ഞെടുപ്പ്.’ എന്താണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്? പല വഴികൾ ഉള്ളപ്പോഴാണ് അതിലൊന്ന് തിരഞ്ഞെടുക്കേണ്ടിവരുന്നത്. അത്തരം സാഹചര്യത്തിൽ ഒരാൾ എടുക്കുന്ന തീരുമാനം ഒരു പരിധിവരെ അയാളുടെ ജീവിതത്തിന്റെ ഗതി നിർണയിച്ചേക്കാം. ഇതിനെ ഇങ്ങനെ ഉദാഹരിക്കാം: ഒരു വഴിയിലൂടെ നടന്നുപോകുന്ന ഒരാൾ അത് രണ്ടായി പിരിയുന്നതായി കാണുന്നു. അയാൾ എന്തു ചെയ്യും? തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് തോന്നുന്ന വഴി തിരഞ്ഞെടുക്കാനാണു സാധ്യത. കാരണം മറ്റേ വഴി അയാളെ ലക്ഷ്യസ്ഥാനത്തുനിന്ന് അകറ്റിക്കളയുകയേ ഉള്ളൂ.
2 ഇതുപോലെയുള്ള സാഹചര്യങ്ങളെ നേരിട്ട നിരവധി വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, കോപിക്കണോ അതോ കോപം നിയന്ത്രിക്കണോ എന്ന് കയീൻ തീരുമാനിക്കണമായിരുന്നു. (ഉല്‌പ. 4:6, 7) സത്യദൈവത്തെ സേവിക്കണമോ അതോ വ്യാജദൈവങ്ങളെ ആരാധിക്കണമോ എന്ന് യോശുവ തീരുമാനിക്കേണ്ടിയിരുന്നു. (യോശു. 24:15) യഹോവയോട് അടുക്കുക എന്നതായിരുന്നു യോശുവയുടെ ലക്ഷ്യം; അതിനാൽ ആ ലക്ഷ്യത്തിലേക്കുള്ള പാതയാണ് അവൻ തിരഞ്ഞെടുത്തത്. കയീന് പക്ഷേ അങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു; അതുകൊണ്ട്, തന്നെ യഹോവയിൽനിന്ന് ദൂരെ അകറ്റുന്ന ഒരു പാതയാണ് അവൻ തിരഞ്ഞെടുത്തത്.
3 മുന്നിലുള്ള വഴികളിൽ ഏതു തിരഞ്ഞെടുക്കണം എന്ന തീരുമാനത്തെ ചിലപ്പോൾ നമ്മളും അഭിമുഖീകരിക്കേണ്ടിവന്നേക്കാം. അങ്ങനെ വരുമ്പോൾ, നിങ്ങളുടെ ലക്ഷ്യം മനസ്സിൽപ്പിടിക്കുക: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും യഹോവയെ മഹത്വപ്പെടുത്തുകയും ദൈവത്തിൽനിന്ന് നിങ്ങളെ അകറ്റിക്കളയുന്ന സംഗതികളെല്ലാം ഒഴിവാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം. (എബ്രായർ 3:12 വായിക്കുക.) ശ്രദ്ധിച്ചില്ലെങ്കിൽ നമ്മെ യഹോവയിൽനിന്ന് അകറ്റിക്കളഞ്ഞേക്കാവുന്ന ഏഴു മേഖലകളെക്കുറിച്ച് ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലുമായി നാം പരിചിന്തിക്കും.
ജോലി
4. ഒരു ജോലി ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
4 തങ്ങൾക്കും കുടുംബത്തിനുമായി കരുതാനുള്ള ഉത്തരവാദിത്വം ക്രിസ്‌ത്യാനികൾക്കുണ്ട്. സ്വന്തകുടുംബത്തിനുവേണ്ടി കരുതാത്തവൻ അവിശ്വാസിയെക്കാൾ അധമനാണെന്നാണ് ബൈബിൾ പറയുന്നത്. (2 തെസ്സ. 3:10; 1 തിമൊ. 5:8) ജീവിതത്തിൽ അനിവാര്യമായ ഒരു കാര്യമാണ് ജോലി, പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ അത് നമ്മെ യഹോവയിൽ നിന്ന് അകറ്റിക്കളയും. എങ്ങനെ?
5. ഒരു ജോലി സ്വീകരിക്കുന്നതിനുമുമ്പ് എന്തെല്ലാം ചിന്തിച്ചിരിക്കണം?
5 നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണെന്നിരിക്കട്ടെ; നാട്ടിൽ ജോലിസാധ്യതകൾ വളരെ കുറവാണെന്നും കരുതുക. അപ്പോൾ ആദ്യം കിട്ടുന്ന ജോലി, അത് ഏതുമായിക്കൊള്ളട്ടെ, സ്വീകരിക്കാനുള്ള ഒരു പ്രേരണ നിങ്ങൾക്കുണ്ടാകും. എന്നാൽ ആ ജോലി ബൈബിൾ തത്ത്വങ്ങൾക്ക് വിരുദ്ധമാണെങ്കിലോ? സമയത്തിന്റെ ഏറിയപങ്കും ആ ജോലിക്കായി ചെലവിടേണ്ടിവരുമെന്നതിനാൽ ക്രിസ്‌തീയപ്രവർത്തനങ്ങൾക്കും കുടുംബത്തിനുമായി നിങ്ങൾക്ക് വേണ്ടത്ര സമയം കിട്ടാതെ വരുമോ? ‘ഒന്നുമില്ലാത്തതിലും നല്ലതല്ലേ’ എന്നു ചിന്തിച്ച് ആ ജോലി നിങ്ങൾ കണ്ണുമടച്ച് സ്വീകരിക്കുമോ? ഓർക്കുക, തെറ്റായ പാത തിരഞ്ഞെടുത്താൽ നിങ്ങൾ യഹോവയിൽനിന്ന് അകന്നുപോകും. (എബ്രാ. 2:1) നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണെങ്കിലും ഇപ്പോഴുള്ള ജോലി മാറുന്നതിനെക്കുറിച്ചു ചിന്തിക്കുകയാണെങ്കിലും ശരിയായ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
6, 7. (എ) ഏതു ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് ആളുകൾ ജോലി ചെയ്യുന്നത്? (ബി) ഏതു ലക്ഷ്യമാണ് നിങ്ങളെ യഹോവയോട് അടുപ്പിക്കുന്നത്, എന്തുകൊണ്ട്?
6 മുമ്പുപറഞ്ഞതുപോലെ, നിങ്ങളുടെ ലക്ഷ്യം എല്ലായ്‌പോഴും മനസ്സിലുണ്ടായിരിക്കണം. സ്വയം ചോദിക്കുക: ‘ഈ ജോലികൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നത്?’ ഒരു ഉപജീവനമാർഗം എന്ന നിലയിൽ, അതായത് നിങ്ങൾക്കും കുടുംബത്തിനും യഹോവയുടെ സേവനം ചെയ്യാൻ ഉതകുന്ന ഒരു വരുമാനമാർഗം ആയിട്ടാണ് നിങ്ങൾ അതിനെ കാണുന്നതെങ്കിൽ യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കും. (മത്താ. 6:33) നിങ്ങളുടെ ജോലി പെട്ടെന്നു നഷ്ടപ്പെടുകയോ അപ്രതീക്ഷിതമായി സാമ്പത്തിക തിരിച്ചടി നേരിടേണ്ടിവരുകയോ ചെയ്യുന്ന സാഹചര്യത്തിൽ യഹോവയ്‌ക്ക് വഴിമുട്ടുകയില്ലെന്ന് ഓർക്കുക. (യെശ. 59:1) ‘തന്റെ ഭക്തന്മാരെ എങ്ങനെ പരീക്ഷകളിൽനിന്നു വിടുവിക്കണമെന്ന്’ അവന് അറിയാം.—2 പത്രോ. 2:9.
7 എന്നാൽ പണസമ്പാദനം മാത്രമാണു നിങ്ങളുടെ ലക്ഷ്യമെങ്കിലോ? നിങ്ങൾ അതിൽ വിജയിച്ചേക്കാം. പക്ഷേ ആ ‘വിജയത്തിന്’ ഒരു വിലയൊടുക്കേണ്ടിവരുമെന്ന് ഓർക്കുക; അത് നിങ്ങൾക്ക് താങ്ങാനായെന്നുവരില്ല. (1 തിമൊഥെയൊസ് 6:9, 10 വായിക്കുക.) ജോലിക്കും സമ്പത്തിനും കണക്കിലേറെ പ്രാധാന്യം കൊടുക്കുന്നത് യഹോവയിൽനിന്നു നിങ്ങളെ അകറ്റിക്കളയുകയേ ഉള്ളൂ.
8, 9. ജോലിയോടുള്ള മനോഭാവം സംബന്ധിച്ച് മാതാപിതാക്കൾ എന്തു ചിന്തിക്കണം? വിശദീകരിക്കുക.
8 നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ മാതൃക മക്കളെ എങ്ങനെ സ്വാധീനിക്കുമെന്നു ചിന്തിക്കുക. നിങ്ങൾ ഏതു കാര്യത്തിനു പ്രഥമപ്രാധാന്യം നൽകുന്നതായാണ് കുട്ടികൾ കാണുന്നത്, ജോലിക്കോ യഹോവയുമായുള്ള സൗഹൃദത്തിനോ? സ്ഥാനമാനങ്ങൾ, പദവികൾ, സമ്പത്ത് എന്നിവയ്‌ക്കൊക്കെയാണ് നിങ്ങൾ പ്രാമുഖ്യത കൽപ്പിക്കുന്നതെങ്കിൽ അവരും നാശത്തിലേക്കുള്ള അതേ പാത പിന്തുടരാനുള്ള സാധ്യതയില്ലേ? രക്ഷകർത്താവെന്നനിലയിൽ മക്കൾക്കു നിങ്ങളോടുള്ള ആദരവിന് കുറവു സംഭവിക്കാൻ സാധ്യതയില്ലേ? യുവപ്രായത്തിലുള്ള ഒരു ക്രിസ്‌ത്യാനി പറയുന്നു: “ഓർമവെച്ച നാൾമുതൽ ഡാഡി ജോലികാര്യങ്ങളുമായി എപ്പോഴും തിരക്കിലായിരിക്കുന്നതാണ് ഞാൻ കാണുന്നത്. ഞങ്ങൾക്ക് ഒരു കുറവും വരാതിരിക്കാൻ ഡാഡി കഠിനാധ്വാനം ചെയ്യുന്നതായിത്തന്നെയാണ് ആദ്യമൊക്കെ എനിക്കു തോന്നിയത്. പക്ഷേ, അടുത്തകാലത്തായി ചില മാറ്റങ്ങൾ വന്നുതുടങ്ങി. എപ്പോഴും ജോലിതന്നെ ജോലി, ആഡംബരവസ്‌തുക്കൾക്കൊണ്ട് വീടുനിറഞ്ഞു. എന്നിട്ടെന്തായി, ആത്മീയലക്ഷ്യങ്ങളുള്ളവർ ആയല്ല, ‘വല്യ പണക്കാർ’ ആയിട്ടാണ് ഞങ്ങൾ അറിയപ്പെടുന്നത്. സുഖസൗകര്യങ്ങൾ നൽകാനായി ഡാഡി ചെയ്‌ത അധ്വാനമത്രയും കുടുംബത്തിന്റെ ആത്മീയ ഉന്നമനത്തിനായി ചെലവഴിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു.”
9 മാതാപിതാക്കളേ, ജോലിക്ക് കണക്കിലധികം പ്രാധാന്യം നൽകിക്കൊണ്ട് യഹോവയിൽനിന്ന് നിങ്ങളെത്തന്നെ അകറ്റിക്കളയരുത്. ഭൗതികധനത്തെയല്ല ആത്മീയധനത്തെയാണ് ഏറ്റവും വലിയ സ്വത്തായി നിങ്ങൾ കരുതുന്നതെന്ന് മാതൃകയാൽ മക്കൾക്ക് കാണിച്ചുകൊടുക്കുക.—മത്താ. 5:3.
10. ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യുവാവോ യുവതിയോ മുന്നമേ എന്തു ചിന്തിക്കണം?
10 ജോലിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്ന ഒരു യുവാവോ യുവതിയോ ആണ് നിങ്ങളെങ്കിൽ, ശരിയായ പാത എങ്ങനെ തിരഞ്ഞെടുക്കാം? മുമ്പു പരിചിന്തിച്ചതുപോലെ, നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം മനസ്സിൽപ്പിടിക്കണം. നിങ്ങളുടെ മനസ്സിലുള്ള തൊഴിൽമേഖലയിലെ പരിശീലനവും ജോലിയും രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ സഹായിക്കുമോ? അതോ യഹോവയിൽനിന്ന് നിങ്ങളെ അകറ്റിക്കളയുമോ? (2 തിമൊ. 4:10) ബാങ്ക് നിക്ഷേപങ്ങളുടെയും ഓഹരികളുടെയും ഉയർച്ചതാഴ്‌ചകൾക്കനുസരിച്ച് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ആളുകളുടെ ജീവിതരീതി പകർത്താനാണോ നിങ്ങൾ ലക്ഷ്യംവെക്കുന്നത്? അതോ ദാവീദിന്റെ ദൃഢവിശ്വാസം പകർത്താനാണോ? അവൻ എഴുതി: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” (സങ്കീ. 37:25) ഓർക്കുക, നിങ്ങളെ യഹോവയിൽനിന്ന് അകറ്റിക്കളയുന്നതാണ് ഒരു പാത; മറ്റേ പാതയാകട്ടെ നിത്യസൗഭാഗ്യങ്ങളേകുന്ന ഒരു ജീവിതം സമ്മാനിക്കുന്നതും. (സദൃശവാക്യങ്ങൾ 10:22; മലാഖി 3:10 വായിക്കുക.) നിങ്ങൾ ഏതു പാത തിരഞ്ഞെടുക്കും? *
വിനോദം
11. വിനോദത്തെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണ്? നാം ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
11 ബൈബിൾ ഉല്ലാസങ്ങൾക്ക് എതിരല്ല; വിനോദത്തെയും കളികളെയും അത് സമയംകൊല്ലികളായി ചിത്രീകരിക്കുന്നുമില്ല. പൗലോസ് തിമൊഥെയൊസിന് എഴുതിയപ്പോൾ, ‘കായികപരിശീലനം അൽപ്പപ്രയോജനമുള്ളതാണെന്ന്’ പറയുകയുണ്ടായി. (1 തിമൊ. 4:8) “ചിരിപ്പാൻ ഒരു കാലം; നൃത്തംചെയ്‌വാൻ ഒരു കാലം” എന്നുപോലും ബൈബിൾ പറയുന്നു. മതിയായ വിശ്രമം എടുക്കുന്നതിനെ ബൈബിൾ പിന്തുണച്ചു സംസാരിക്കുന്നു. (സഭാ. 3:4; 4:6) എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ കളികളും വിനോദവും നമ്മെ യഹോവയിൽനിന്ന് അകറ്റിക്കളഞ്ഞേക്കാം. എങ്ങനെ? മുഖ്യമായും രണ്ടു ഘടകങ്ങളാണ് ആ അപകടത്തിന് ഇടയാക്കുന്നത്: ഏതുതരം വിനോദം തിരഞ്ഞെടുക്കുന്നു എന്നതും എത്രമാത്രം സമയം വിനിയോഗിക്കുന്നു എന്നതും.
12. വിനോദം തിരഞ്ഞെടുക്കുമ്പോൾ ഏതെല്ലാം കാര്യങ്ങൾ പരിഗണിക്കണം?
12 ആദ്യം നമുക്ക് ഒന്നാമത്തെ ഘടകത്തെക്കുറിച്ചു ചിന്തിക്കാം: ഏതുതരം വിനോദമാണ് നാം തിരഞ്ഞെടുക്കുന്നത്. ആരോഗ്യകരമായ നല്ല കളികളും വിനോദവും ഉണ്ടെന്നുള്ളതിനു സംശയമില്ല. എന്നാൽ, ഇന്നുള്ള വിനോദങ്ങളിൽ നല്ലൊരുപങ്കും അക്രമം, ഭൂതവിദ്യ, ലൈംഗികാധാർമികത എന്നിങ്ങനെ ദൈവം വെറുക്കുന്ന കാര്യങ്ങളെ വാഴ്‌ത്തിപ്പാടുന്നതാണ്. അതുകൊണ്ട്, ഏതുതരം വിനോദത്തിലും കളികളിലും ആണ് നിങ്ങൾ ഏർപ്പെടുന്നതെന്ന് വിവേചിക്കണം. അത് നിങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? അക്രമവാസനയോ മത്സരാത്മാവോ ദേശീയവികാരമോ അത് നിങ്ങളിലുണർത്തുന്നുണ്ടോ? (സദൃ. 3:31) അത് നിങ്ങളുടെ സാമ്പത്തികസ്ഥിതി അവതാളത്തിലാക്കുമോ? മറ്റുള്ളവരെ ഇടറിക്കുമോ? (റോമ. 14:21) അതിലൂടെ എങ്ങനെയുള്ള ആളുകളുമായിട്ടാണ് നിങ്ങൾ സൗഹൃദത്തിലാകുന്നത്? (സദൃ. 13:20) അതു നിങ്ങളിൽ തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണർത്തുന്നുണ്ടോ?—യാക്കോ. 1:14, 15.
13, 14. വിനോദത്തിന് എത്ര സമയം ചെലവിടണം എന്ന കാര്യത്തിൽ നിങ്ങൾ എന്തൊക്കെ പരിഗണിക്കണം?
13 ഇനി, വിനോദത്തിനായി ചെലവിടുന്ന സമയത്തെക്കുറിച്ചു ചിന്തിക്കാം. സ്വയം ചോദിക്കുക: ‘വിനോദത്തിനായി ഞാൻ ധാരാളം സമയം ചെലവിടുന്നതു മൂലം ആത്മീയ പ്രവർത്തനങ്ങൾക്ക് തീരെ സമയം കിട്ടാതെ വരുന്നുണ്ടോ?’ വിനോദകാര്യങ്ങൾക്ക് കണക്കിലധികം സമയം ചെലവിട്ടാൽ ഉദ്ദേശിച്ചത്ര ആസ്വാദനം ലഭിക്കില്ല. വിനോദത്തെ ഉചിതമായ സ്ഥാനത്തു നിറുത്തുന്നവർ അത് കൂടുതൽ ആസ്വദിക്കും എന്നതാണു വാസ്‌തവം. കാരണം, “പ്രാധാന്യമേറിയ കാര്യങ്ങൾ” ചെയ്‌തുതീർത്തതിനാൽ മനസ്സാക്ഷിക്കുത്തില്ലാതെ വിശ്രമവേളകൾ ആസ്വദിക്കാൻ അവർക്കു സാധിക്കും.—ഫിലിപ്പിയർ 1:10, 11 വായിക്കുക.
14 വിനോദങ്ങളിലും ഉല്ലാസങ്ങളിലും മുഴുകിയിരിക്കുന്നത് രസകരമാണെന്നു തോന്നിയേക്കാമെങ്കിലും ആ പാത നിങ്ങളെ യഹോവയിൽനിന്ന് അകറ്റിക്കളഞ്ഞേക്കാം. 20 വയസ്സുള്ള കിം എന്ന സഹോദരി സ്വന്തം അനുഭവത്തിൽനിന്നു പറയുന്നു: “എവിടെ പാർട്ടിയുണ്ടോ ഞാൻ പോയിരിക്കും, അതായിരുന്നു എന്റെയൊരു രീതി. വാരാന്തം മുഴുവൻ, വെള്ളിയും ശനിയും ഞായറും, പാർട്ടിതന്നെ പാർട്ടി! എന്നാൽ ഇപ്പോൾ, പ്രധാനപ്പെട്ട പലതും ചെയ്യാനുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാനൊരു പയനിയറാണ്. വയൽസേവനത്തിനുപോകാൻ എനിക്ക് രാവിലെ ആറുമണിക്ക് എഴുന്നേൽക്കണം. അതിനാൽ വെളുക്കുവോളം സുഹൃത്തുക്കളോടൊപ്പം ആയിരിക്കാൻ എനിക്കാവില്ല. സാമൂഹിക കൂടിവരവുകൾ എല്ലാം മോശമല്ല, എങ്കിലും അവ വലിയൊരു തടസ്സംതന്നെയാണ്. മറ്റ് എന്തിനെയും പോലെ അതിനെ അതിന്റെ സ്ഥാനത്തു നിറുത്തണം.”
15. ഉന്മേഷദായകമായ വിനോദം തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് മക്കളെ എങ്ങനെ സഹായിക്കാനാകും?
15 തങ്ങൾക്കും മക്കൾക്കും വേണ്ടി വൈകാരികവും ആത്മീയവും ഭൗതികവുമായി കരുതാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ്. അതിൽ വിനോദവും ഉൾപ്പെടുന്നു. മാതാപിതാക്കളേ, വിനോദത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് രസംകൊല്ലികളാകരുത്. അതേസമയം, ദുഷിപ്പിക്കുന്ന സ്വാധീനങ്ങൾക്കെതിരെ ജാഗ്രതപാലിക്കുകയും വേണം. (1 കൊരി. 5:6) വേണ്ടത്ര ആസൂത്രണമുണ്ടെങ്കിൽ കുടുംബത്തിന് ഉന്മേഷംപകരുന്ന നല്ല വിനോദങ്ങൾ കണ്ടെത്താനാകും. * അതുവഴി, നിങ്ങളെയും മക്കളെയും യഹോവയോടു കൂടുതൽ അടുപ്പിക്കുന്ന പാത തിരഞ്ഞെടുക്കാം.
കുടുംബബന്ധങ്ങൾ
16, 17. പല മാതാപിതാക്കളെയും വിഷമിപ്പിക്കുന്ന ഒരു സാഹചര്യം ഏതാണ്, യഹോവ അവരുടെ വേദന മനസ്സിലാക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാം?
16 തന്റെ ജനത്തോട് തനിക്കുള്ള സ്‌നേഹത്തെ കുറിക്കാൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെയാണ് യഹോവ ഉപയോഗിച്ചിരിക്കുന്നത്; കാരണം ആ ബന്ധം അത്ര ഇഴയടുപ്പമുള്ളതാണ്. (യെശ. 49:15) അതുകൊണ്ടുതന്നെ നമ്മുടെ പ്രിയപ്പെട്ട ഒരു കുടുംബാംഗം യഹോവയെ ഉപേക്ഷിച്ചുപോകുമ്പോൾ നമുക്ക് കടുത്ത മനോവേദന തോന്നും. മകൾ സഭയിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ ഒരു സഹോദരി പറഞ്ഞത് ഇതാണ്: “ഞാൻ ആകെ തളർന്നുപോയി. ‘എന്തിനാണ് അവൾ യഹോവയെ ഉപേക്ഷിച്ചത്?’ എന്നു ഞാൻ ചിന്തിച്ചു. അത് എന്റെ കുഴപ്പംകൊണ്ടാണെന്ന് എനിക്കു തോന്നി. ഞാൻ സ്വയം കുറ്റപ്പെടുത്തി.”
17 യഹോവ നിങ്ങളുടെ വേദന മനസ്സിലാക്കുന്നു. മനുഷ്യകുടുംബത്തിലെ ആദ്യത്തെയാൾതന്നെ യഹോവയ്‌ക്കെതിരെ മത്സരിച്ചു; പിന്നീട്, ജലപ്രളയത്തിനുമുമ്പ് ജീവിച്ചിരുന്ന മിക്കയാളുകളും അങ്ങനെതന്നെ ചെയ്‌തു. അവരുടെ പ്രവൃത്തി യഹോവയുടെ ‘ഹൃദയത്തെ ദുഃഖിപ്പിച്ചു.’ (ഉല്‌പ. 6:5, 6) അത്തരമൊരു നഷ്ടം അനുഭവിച്ചിട്ടില്ലാത്തവർക്ക് അതിന്റെ വേദന പൂർണമായി മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കാം. എന്നുവരികിലും, പുറത്താക്കപ്പെട്ട കുടുംബാംഗത്തിന്റെ തെറ്റായ ഗതി നിങ്ങളെ യഹോവയിൽനിന്ന് അകറ്റാൻ നിങ്ങൾ അനുവദിക്കുന്നത് അവിവേകമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾക്കുണ്ടാകുന്ന ഹൃദയവേദനയുമായി പൊരുത്തപ്പെട്ടു മുന്നോട്ടുപോകാൻ എങ്ങനെ കഴിയും?
18. മകനോ മകളോ യഹോവയെ ഉപേക്ഷിച്ചുപോകുമ്പോൾ മാതാപിതാക്കൾ സ്വയം പഴിക്കരുതാത്തത് എന്തുകൊണ്ട്?
18 നിങ്ങളുടെ കുറ്റംകൊണ്ടാണ് അതു സംഭവിച്ചത് എന്ന് ഒരിക്കലും ചിന്തിക്കരുത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ മനുഷ്യർക്ക് നൽകിയിട്ടുണ്ട്. കുടുംബത്തിലെ സമർപ്പിച്ചു സ്‌നാനമേറ്റ ഓരോ അംഗവും “താന്താന്റെ ചുമട്,” അതായത് ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടതാണ്. (ഗലാ. 6:5) പാപം ചെയ്‌ത വ്യക്തിയെയായിരിക്കും യഹോവ കുറ്റക്കാരനായി ഗണിക്കുക; അല്ലാതെ നിങ്ങളെയല്ല. (യെഹെ. 18:20) അതുപോലെ, മറ്റുള്ളവരെ പഴിചാരുകയും അരുത്. ശിക്ഷണത്തിനായി യഹോവ വെച്ചിരിക്കുന്ന ക്രമീകരണത്തെ ആദരിക്കുക. സഭയെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ഇടയന്മാരോട് ‘എതിർത്തുനിൽക്കാതെ’ പിശാചിനോട് എതിർത്തുനിൽക്കുക.—1 പത്രോ. 5:8, 9.
19, 20. (എ) മക്കൾ പുറത്താക്കപ്പെടുമ്പോഴുണ്ടാകുന്ന ദുഃഖവുമായി പൊരുത്തപ്പെടാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും? (ബി) എന്തു പ്രത്യാശിക്കുന്നതിൽ തെറ്റില്ല?
19 എന്നാൽ, യഹോവയോടു മുഷിയുകയാണെങ്കിൽ യഹോവയിൽനിന്നു സ്വയം അകറ്റിക്കളയുകയായിരിക്കും നിങ്ങൾ. കുടുംബബന്ധത്തെക്കാളും മറ്റെന്തിനെക്കാളും ജീവിതത്തിൽ പ്രമുഖസ്ഥാനം യഹോവയ്‌ക്ക് നൽകാനാണ് നിങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് നിങ്ങളുടെ കുടുംബാംഗം തിരിച്ചറിയാനിടയാകണം. അതുകൊണ്ട്, ഈ സങ്കടാവസ്ഥയിൽ പിടിച്ചുനിൽക്കാൻ നിങ്ങളുടെ ആത്മീയത മങ്ങലേൽക്കാതെ കാത്തുസൂക്ഷിക്കുക. വിശ്വസ്‌തരായ സഹോദരീസഹോദരന്മാരുമൊത്തുള്ള സഹവാസം ഒരിക്കലും ഉപേക്ഷിക്കരുത്. (സദൃ. 18:1) യഹോവയുടെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക. (സങ്കീ. 62:7, 8) പുറത്താക്കപ്പെട്ട കുടുംബാംഗവുമായി ബന്ധം പുലർത്താൻ പഴുതുകൾ തേടരുത്, ഇ-മെയിലിലൂടെയും മറ്റും. (1 കൊരി. 5:11) ആത്മീയ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുക. (1 കൊരി. 15:58) മുമ്പു കണ്ട സഹോദരി പറയുന്നു: “യഹോവയുടെ സേവനത്തിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ട് ആത്മീയാരോഗ്യം കാത്തുസൂക്ഷിക്കണമെന്ന് എനിക്കറിയാം. അങ്ങനെയാകുമ്പോൾ എന്റെ മകൾ യഹോവയിങ്കലേക്കു മടങ്ങിവരുമ്പോൾ അവളെ സഹായിക്കാൻ എനിക്കു കഴിയുമല്ലോ?”
20 സ്‌നേഹം “എല്ലാം പ്രത്യാശിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 കൊരി. 13:4, 7) നിങ്ങളുടെ പ്രിയപ്പെട്ടയാൾ ഒരുനാൾ മടങ്ങിവരും എന്നു പ്രത്യാശിക്കുന്നതിൽ തെറ്റില്ല. വർഷന്തോറും, പുറത്താക്കപ്പെട്ടവരിൽ നിരവധിപ്പേരാണ് അനുതപിച്ച് യഹോവയുടെ സംഘടനയിലേക്ക് മടങ്ങിയെത്തുന്നത്. യഹോവ അവരോട് നീരസം വെച്ചുകൊണ്ടിരിക്കുകയില്ല; അവൻ ‘ക്ഷമിക്കാൻ മനസ്സുള്ളവനാണ്.’—സങ്കീ. 86:5.
തിരഞ്ഞെടുപ്പുകൾ ജ്ഞാനപൂർവമായിരിക്കട്ടെ!
21, 22. ഇച്ഛാസ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കാനാണ് നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്?
21 ഇച്ഛാസ്വാതന്ത്ര്യത്തോടെയാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. (ആവർത്തനപുസ്‌തകം 30:19, 20 വായിക്കുക.) എന്നാൽ ആ സ്വാതന്ത്ര്യത്തോടൊപ്പം ഗൗരവാവഹമായ ഒരു ഉത്തരവാദിത്വവും വന്നുചേരുന്നു. ഓരോ ക്രിസ്‌ത്യാനിയും സ്വയം ഇങ്ങനെ ചോദിക്കണം: ‘ഞാൻ ഏതു പാതയിലാണ്? ജോലിയോ വിനോദമോ കുടുംബബന്ധങ്ങളോ എന്നെ യഹോവയിൽനിന്ന് അകറ്റിക്കളയാൻ ഞാൻ അനുവദിച്ചിട്ടുണ്ടോ?’
22 യഹോവയ്‌ക്കു തന്റെ ജനത്തോടുള്ള സ്‌നേഹത്തിന് ഒരിക്കലും മാറ്റമില്ല. നമ്മൾ തെറ്റായ പാത തിരഞ്ഞെടുക്കുന്നുവെങ്കിൽ മാത്രമേ നമ്മൾ അവനിൽനിന്ന് അകന്നുപോകുകയുള്ളൂ. (റോമ. 8:38, 39) യഹോവയിൽനിന്ന് നമ്മെ അകറ്റാൻ യാതൊന്നിനെയും അനുവദിക്കുകയില്ലെന്ന് മനസ്സിൽ നിശ്ചയിച്ചുറയ്‌ക്കുന്നെങ്കിൽ അങ്ങനെ സംഭവിക്കണമെന്നില്ല! നമ്മുടെ തീരുമാനങ്ങൾ സംബന്ധിച്ച് ശ്രദ്ധ പുലർത്തേണ്ട വേറെ നാലു മേഖലകളെക്കുറിച്ച് അടുത്ത ലേഖനത്തിൽ നാം ചിന്തിക്കും.
^ ജീവിതം എങ്ങനെ വിനിയോഗിക്കും എന്ന വിഷയത്തോടു ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ സഹായകമായ വിവരങ്ങൾക്ക് യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2 -ന്റെ (ഇംഗ്ലീഷ്) 38-ാം അധ്യായം കാണുക.
^ ചില നിർദേശങ്ങൾക്ക് 2012 ഏപ്രിൽ-ജൂൺ ഉണരുക!-യുടെ 23-25 പേജുകൾ കാണുക.