‘എന്റെ ഓർമയ്‌ക്കായി ഇതു ചെയ്യുവിൻ’
‘അവൻ അപ്പം എടുത്ത് നന്ദി നൽകി, നുറുക്കിയിട്ട്, “ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടാനിരിക്കുന്ന എന്റെ ശരീരത്തെ അർഥമാക്കുന്നു. എന്റെ ഓർമയ്‌ക്കായി ഇതു ചെയ്‌തുകൊണ്ടിരിക്കുവിൻ” എന്നു പറഞ്ഞു.’—1 കൊരി. 11:23, 24.
1, 2. യെരുശലേമിലേക്കുള്ള യേശുവിന്റെ അവസാനയാത്ര ആരംഭിക്കുന്നതിനുമുമ്പ് ചില അപ്പൊസ്‌തലന്മാരുടെ മനസ്സിലൂടെ എന്തു ചിന്തകൾ കടന്നുപോയിക്കാണും?
‘മേഘമൊഴിഞ്ഞ മാനത്ത് ചന്ദ്രക്കല വ്യക്തമായി കാണാം. ഇന്നലെ സന്ധ്യക്ക് യെരുശലേമിലെ കാവൽക്കാർ ചന്ദ്രപ്പിറ കണ്ടിട്ടുണ്ടാവണം. അത് അറിഞ്ഞപ്പോൾ ന്യായാധിപസഭ പുതുമാസപ്പിറവി പ്രഖ്യാപിച്ചു, നീസാൻ മാസം ഇങ്ങെത്തി. തീക്കുറികളും സന്ദേശവാഹകരും ആ വാർത്ത എങ്ങും പരത്തി. പെസഹായ്‌ക്കുമുമ്പ് യെരുശലേമിൽ എത്തിച്ചേരാൻവേണ്ടി യേശു ഇപ്പോൾ പുറപ്പെടാൻ ആഗ്രഹിക്കുന്നുണ്ടാകും.’
2 യെരുശലേമിലേക്കുള്ള യേശുവിന്റെ അവസാനയാത്ര ആരംഭിക്കുന്നതിനുമുമ്പ് ചില അപ്പൊസ്‌തലന്മാരുടെയെങ്കിലും മനസ്സിലൂടെ ഇത്തരം ചിന്തകൾ കടന്നുപോയിക്കാണും. അവർ അപ്പോൾ യോർദാന്നക്കരെ പെരിയയിലായിരുന്നു. (മത്താ. 19:1; 20:17, 29; മർക്കോ. 10:1, 32, 46) യഹൂദകലണ്ടറിലെ നീസാൻ മാസത്തിന്റെ ആദ്യദിവസം നിശ്ചയിക്കപ്പെട്ടാൽപ്പിന്നെ 13 ദിവസം കഴിഞ്ഞ് സൂര്യാസ്‌തമയശേഷം നീസാൻ 14 ആരംഭിക്കുമ്പോൾ പെസഹാ ആചരിക്കുമായിരുന്നു.
3. പെസഹായുടെ തീയതി അറിയാൻ ക്രിസ്‌ത്യാനികൾക്ക് താത്‌പര്യമുള്ളത് എന്തുകൊണ്ട്?
3 പെസഹായുടെ ശരിയായ ദിവസംതന്നെയാണ് കർത്താവിന്റെ അത്താഴവും ആചരിക്കുന്നത്. 2014-ൽ അത് ഏപ്രിൽ 14-ാം തീയതി സൂര്യാസ്‌തമയശേഷമായിരിക്കും. സത്യാരാധകർക്കും താത്‌പര്യക്കാർക്കും അത് ഒരു സവിശേഷദിനമായിരിക്കും. എന്തുകൊണ്ട്? കാരണം 1 കൊരിന്ത്യർ 11:23-25-ൽ നാം ഇങ്ങനെ വായിക്കുന്നു: ‘കർത്താവായ യേശുവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്ത്‌നന്ദി നൽകി, നുറുക്കിയിട്ട്, “ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടാനിരിക്കുന്ന എന്റെ ശരീരത്തെ അർഥമാക്കുന്നു. എന്റെ ഓർമയ്‌ക്കായി ഇതു ചെയ്‌തുകൊണ്ടിരിക്കുവിൻ” എന്നു പറഞ്ഞു. അങ്ങനെതന്നെ, . . . അവൻ പാനപാത്രവുമെടുത്ത്, . . . “എന്റെ ഓർമയ്‌ക്കായി ഇതു ചെയ്യുവിൻ” എന്നു പറഞ്ഞു.’
4. (എ) സ്‌മാരകത്തെക്കുറിച്ച് നിങ്ങൾ ഏതെല്ലാം ചോദ്യങ്ങൾ ചോദിച്ചേക്കാം? (ബി) ഓരോ വർഷവും സ്‌മാരകത്തിന്റെ തീയതി നിർണയിക്കുന്നത് എങ്ങനെ? (“ 2014-ലെ സ്‌മാരകം” എന്ന ചതുരം കാണുക.)
4 യേശു തന്റെ ശിഷ്യന്മാരോട് കല്‌പിച്ച ഒരേയൊരു വാർഷികാചരണത്തിന് നിങ്ങൾ ഹാജരാകും എന്നതിന് സംശയമില്ല. എന്നാൽ അതിനു മുമ്പ് പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുക: ‘സ്‌മാരകാചരണത്തിനായി ഞാൻ എങ്ങനെയാണ് ഒരുങ്ങേണ്ടത്? അന്നത്തെ ഉപയോഗത്തിനായി എന്തെല്ലാമാണ് ആവശ്യമായിരിക്കുന്നത്? ആചരണത്തിന്റെ നടപടിക്രമം എങ്ങനെയായിരിക്കും? സ്‌മാരകാചരണവും അവിടെ ഉപയോഗിക്കുന്ന ചിഹ്നങ്ങളും എന്നെ സംബന്ധിച്ച് എന്ത് അർഥമാക്കുന്നു?’
ചിഹ്നങ്ങൾ
5. അവസാനത്തെ പെസഹായ്‌ക്കായി എന്ത് ഒരുക്കങ്ങൾ നടത്താൻ യേശു അപ്പൊസ്‌തലന്മാരോട് ആവശ്യപ്പെട്ടു?
5 പെസഹായ്‌ക്കുവേണ്ടി മുറി ഒരുക്കാൻ അപ്പൊസ്‌തലന്മാരോട് പറഞ്ഞപ്പോൾ അത് വിപുലമായി അലങ്കരിക്കാൻ യേശു ആവശ്യപ്പെട്ടില്ല, പകരം തനിക്കും അപ്പൊസ്‌തലന്മാർക്കും കൂടിവരാൻ അനുയോജ്യമായ, വൃത്തിയും ആവശ്യത്തിന് സ്ഥലവും ഉള്ള ഒരു ഇടമായിരുന്നിരിക്കണം അവന്റെ മനസ്സിൽ. (മർക്കോസ് 14:12-16 വായിക്കുക.) പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ഉൾപ്പെടെ ചില വിഭവങ്ങൾ അവർ അവിടെ ഒരുക്കുമായിരുന്നു. പെസഹാ ഭക്ഷിച്ചശേഷം ആ രണ്ടു ചിഹ്നങ്ങളിലേക്ക് യേശു ശ്രദ്ധതിരിച്ചു.
6. (എ) പെസഹാ ഭക്ഷിച്ചശേഷം യേശു അപ്പത്തെക്കുറിച്ച് എന്തു പറഞ്ഞു? (ബി) സ്‌മാരകത്തിന് ഏതുതരം അപ്പമാണ് ഉപയോഗിക്കുന്നത്?
6 അന്ന് അവിടെ സന്നിഹിതനായിരുന്ന അപ്പൊസ്‌തലനായ മത്തായി പിന്നീട് ഇങ്ങനെ എഴുതി: ‘യേശു ഒരു അപ്പമെടുത്ത്‌അനുഗ്രഹത്തിനായി പ്രാർഥിച്ചശേഷം നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “വാങ്ങി ഭക്ഷിക്കുവിൻ” എന്നു പറഞ്ഞു.’ (മത്താ. 26:26) പെസഹായ്‌ക്ക് ഉപയോഗിച്ചിരുന്ന പുളിപ്പില്ലാത്ത ‘അപ്പം’ ആയിരുന്നു അത്. (പുറ. 12:8; ആവ. 16:3) പുളിപ്പോ ഉപ്പുപോലെയുള്ള രുചിവർധകങ്ങളോ ചേർക്കാതെ ഗോതമ്പുമാവും വെള്ളവും ഉപയോഗിച്ച് ഉണ്ടാക്കിയതായിരുന്നു ആ അപ്പം. അതുകൊണ്ടുതന്നെ അത് പുളിച്ചുപൊങ്ങിയിരുന്നില്ല. അത് ജലാംശമില്ലാത്ത, പൊട്ടിച്ചെടുക്കാൻ കഴിയുമായിരുന്ന, മൊരിഞ്ഞ അപ്പമായിരുന്നു. ഇന്ന് സ്‌മാരകാചരണത്തിനുള്ള ഒരുക്കമെന്ന നിലയിൽ, ഗോതമ്പുമാവ് കുഴച്ച് അല്‌പം എണ്ണ പുരട്ടിയ ചട്ടിയിൽ ചുട്ടെടുക്കാൻ സഭാമൂപ്പന്മാർ ആരെയെങ്കിലും ഏൽപ്പിച്ചേക്കാം. (ഗോതമ്പുമാവ് ലഭ്യമല്ലെങ്കിൽ അരി, യവം, ചോളം എന്നിവപോലുള്ള ഏതെങ്കിലും ധാന്യമാവ് ഉപയോഗിക്കാവുന്നതാണ്.) മുട്ടയോ ഉള്ളിയോ മാൾട്ടോ ചേർക്കാത്ത, യഹൂദന്മാരുടെ മാറ്റ്‌സോത്ത് വേണമെങ്കിലും ഉപയോഗിക്കാം.
7. ഏതുതരം വീഞ്ഞിനെപ്പറ്റിയായിരുന്നു യേശു പറഞ്ഞത്, ഇന്ന് സ്‌മാരകത്തിന് ഏതുതരം വീഞ്ഞാണ് ഉപയോഗിക്കേണ്ടത്?
7 മത്തായി ഇങ്ങനെ തുടർന്നു: ‘(യേശു) ഒരു പാനപാത്രമെടുത്തു നന്ദിയർപ്പിച്ച് അവർക്കു കൊടുത്തുകൊണ്ട്, “നിങ്ങളെല്ലാവരും ഇതിൽനിന്നു കുടിക്കുവിൻ” . . . എന്നു പറഞ്ഞു.’ (മത്താ. 26:27-29) യേശു കൈയിലെടുത്തത് ചുവന്ന വീഞ്ഞ് നിറഞ്ഞ ഒരു പാനപാത്രമായിരുന്നു. (അത് കേവലം മുന്തിരിച്ചാറായിരുന്നില്ല. കാരണം, ഏറെക്കാലം മുമ്പായിരുന്നു മുന്തിരിക്കൊയ്‌ത്ത്.) ഈജിപ്‌തിലെ ആദ്യപെസഹാഭക്ഷണത്തിൽ വീഞ്ഞില്ലായിരുന്നെങ്കിലും, ഇവിടെ പെസഹായ്‌ക്ക് അത് ഉപയോഗിക്കുന്നത് യേശു എതിർത്തില്ല. കർത്താവിന്റെ അത്താഴത്തിൽ അവൻ അതിൽനിന്ന് അല്‌പം ഉപയോഗിക്കുകയും ചെയ്‌തു. അതുകൊണ്ട്, ക്രിസ്‌ത്യാനികളും സ്‌മാരകാചരണത്തിൽ വീഞ്ഞ് ഉപയോഗിക്കുന്നു. യേശുവിന്റെ രക്തത്തിന്റെ മൂല്യമോ ശക്തിയോ വർധിപ്പിക്കേണ്ടതില്ലായിരുന്നതിനാൽ, ബ്രാണ്ടിയോ സുഗന്ധദ്രവ്യങ്ങളോ ഉപയോഗിച്ച് വീഞ്ഞിന്റെ വീര്യവും വർധിപ്പിക്കേണ്ടതില്ല. ചുവപ്പുനിറമുള്ള സാധാരണവീഞ്ഞാണ് ഉപയോഗിക്കേണ്ടത്. വീട്ടിലുണ്ടാക്കിയതോ ബോഷോലേ, ബർഗണ്ടി, കിയാന്റി എന്നിവപോലെ കമ്പോളത്തിൽ ലഭിക്കുന്നതോ ആയ വീഞ്ഞ് ഉപയോഗിക്കാം.
അർഥവത്തായ ചിഹ്നങ്ങൾ
8. അപ്പവും വീഞ്ഞും അർഥമാക്കുന്ന കാര്യങ്ങളിൽ ക്രിസ്‌ത്യാനികൾക്കു താത്‌പര്യമുള്ളത് എന്തുകൊണ്ട്?
8 കർത്താവിന്റെ അത്താഴം അപ്പൊസ്‌തലന്മാർ മാത്രമല്ല മറ്റു ക്രിസ്‌ത്യാനികളും ആചരിക്കേണ്ടതാണെന്ന് അപ്പൊസ്‌തലനായ പൗലോസ് വ്യക്തമാക്കി. കൊരിന്തിലെ തന്റെ സഹവിശ്വാസികൾക്ക് അവൻ ഇങ്ങനെ എഴുതി: ‘കർത്താവിൽനിന്ന് എനിക്കു ലഭിച്ചതും ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നതും ഇതാകുന്നു: കർത്താവായ യേശു . . . അപ്പം എടുത്ത്‌നന്ദി നൽകി, നുറുക്കിയിട്ട്, “ഇത്‌നിങ്ങൾക്കുവേണ്ടി നൽകപ്പെടാനിരിക്കുന്ന എന്റെ ശരീരത്തെ അർഥമാക്കുന്നു. എന്റെ ഓർമയ്‌ക്കായി ഇതു ചെയ്‌തുകൊണ്ടിരിക്കുവിൻ” എന്നു പറഞ്ഞു.’ (1 കൊരി. 11:23, 24) അങ്ങനെ ഇന്നോളമുള്ള ക്രിസ്‌ത്യാനികൾ കർത്താവിന്റെ മരണത്തിന്റെ സ്‌മാരകം വർഷന്തോറും ആചരിച്ചുപോരുന്നു. അപ്പവും വീഞ്ഞും അർഥമാക്കുന്ന കാര്യങ്ങളിൽ അവർ താത്‌പര്യമുള്ളവരാണ്.
9. യേശു ഉപയോഗിച്ച അപ്പത്തെക്കുറിച്ച് ചിലർ എന്തു തെറ്റായ വീക്ഷണം വെച്ചുപുലർത്തുന്നു?
9 ‘ഇത് എന്റെ ശരീരം ആകുന്നു’ എന്നാണ് യേശു അക്ഷരാർഥത്തിൽ പറഞ്ഞതെന്ന് പള്ളിയിൽപോക്കുകാരായ ചിലർ വാദിക്കുന്നു. അതുകൊണ്ട്, അപ്പം അത്ഭുതകരമായി അവന്റെ ശരിക്കുമുള്ള മാംസം ആയിത്തീർന്നതായി അവർ വിശ്വസിക്കുന്നു. എന്നാൽ ഇത് വസ്‌തുതകൾക്കു നിരക്കുന്നതല്ല. * യേശുവിന്റെ ശരീരം വിശ്വസ്‌തരായ ആ അപ്പൊസ്‌തലന്മാരുടെ മുന്നിലുണ്ടായിരുന്നു. അവർ പങ്കുപറ്റാനിരുന്ന പുളിപ്പില്ലാത്ത അപ്പവും അവിടെത്തന്നെയുണ്ടായിരുന്നു. അതുകൊണ്ട്, മറ്റു പല സന്ദർഭങ്ങളിലും യേശു ചെയ്‌തതുപോലെ ഇവിടെയും അവൻ ആലങ്കാരികമായി സംസാരിക്കുകയായിരുന്നു എന്ന് വ്യക്തം.—യോഹ. 2:19-21; 4:13, 14; 10:7; 15:1.
10. കർത്താവിന്റെ അത്താഴത്തിൽ ഉപയോഗിക്കുന്ന അപ്പം എന്തിന്റെ പ്രതീകമാണ്?
10 അപ്പൊസ്‌തലന്മാർ പെട്ടെന്നുതന്നെ പങ്കുപറ്റാൻപോകുകയായിരുന്ന, അവരുടെ മുന്നിലുണ്ടായിരുന്ന ആ അപ്പം യേശുവിന്റെ ശരീരത്തെ അർഥമാക്കി. ഏതു ശരീരത്തെ? യേശു അപ്പം നുറുക്കിയെങ്കിലും അവന്റെ അസ്ഥികളൊന്നും ഒടിക്കപ്പെട്ടില്ല എന്നതിനാൽ അപ്പം അർഥമാക്കിയത് അഭിഷിക്തക്രിസ്‌ത്യാനികളുടെ സഭയായ “ക്രിസ്‌തുവിന്റെ ശരീരത്തെ”യാണെന്ന് ഒരു സമയത്ത് ദൈവദാസർ കരുതിയിരുന്നു. (എഫെ. 4:12; റോമ. 12:4, 5; 1 കൊരി. 10:16, 17; 12:27) എന്നാൽ, യേശുവിനുവേണ്ടി ദൈവം ഒരുക്കിയ മനുഷ്യശരീരത്തെയാണ് അപ്പം അർഥമാക്കുന്നതെന്ന യുക്തിസഹവും തിരുവെഴുത്തധിഷ്‌ഠിതവും ആയ നിഗമനത്തിലേക്ക് നാം കാലാന്തരത്തിൽ എത്തിച്ചേർന്നു. സ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ട അളവോളംപോലും യേശു “ജഡത്തിൽ കഷ്ടം അനുഭവി”ച്ചു. അതുകൊണ്ട്, കർത്താവിന്റെ അത്താഴത്തിൽ ഉപയോഗിക്കുന്ന അപ്പം, ‘നമ്മുടെ പാപങ്ങളെ വഹിച്ച’ യേശുവിന്റെ ജഡികശരീരത്തെ പ്രതിനിധാനം ചെയ്യുന്നു.—1 പത്രോ. 2:21-24; 4:1; യോഹ. 19:33-36; എബ്രാ. 10:5-7.
11, 12. (എ) വീഞ്ഞിനെക്കുറിച്ച് യേശു എന്ത് പറഞ്ഞു? (ബി) കർത്താവിന്റെ അത്താഴത്തിൽ ഉപയോഗിക്കുന്ന വീഞ്ഞ് എന്തിനെ പ്രതീകപ്പെടുത്തുന്നു?
11 യേശു തുടർന്ന് വീഞ്ഞിനെക്കുറിച്ച് പറഞ്ഞത് മനസ്സിലാക്കാൻ അത് നമ്മെ സഹായിക്കുന്നു. നാം ഇങ്ങനെ വായിക്കുന്നു: ‘അങ്ങനെതന്നെ, പെസഹാ ഭക്ഷിച്ചശേഷം അവൻ പാനപാത്രവുമെടുത്ത്, “ഈ പാനപാത്രം എന്റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു” . . . എന്നു പറഞ്ഞു.’ (1 കൊരി. 11:25) “ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു” എന്നാണ് സത്യവേദപുസ്‌തകത്തിലും മറ്റു പല ബൈബിളുകളിലും പരിഭാഷ ചെയ്‌തിരിക്കുന്നത്. യേശു കൈയിലെടുത്ത ആ പാനപാത്രമായിരുന്നോ പുതിയ ഉടമ്പടി? അല്ല. ‘പാനപാത്രം’ എന്ന പദം അതിനുള്ളിലെ വീഞ്ഞിനെയാണ് കുറിച്ചത്. വീഞ്ഞ് എന്തിനെ അർഥമാക്കി അഥവാ പ്രതീകപ്പെടുത്തി എന്നാണ് യേശു പറഞ്ഞത്? തന്റെ ചൊരിയപ്പെട്ട രക്തത്തെ.
12 മർക്കോസിന്റെ സുവിശേഷത്തിൽ യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ഇത്‌അനേകർക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ ‘ഉടമ്പടിയുടെ രക്ത’ത്തെ അർഥമാക്കുന്നു.” (മർക്കോ. 14:24) അതെ, യേശുവിന്റെ രക്തം “പാപമോചനത്തിനായി അനേകർക്കുവേണ്ടി ചൊരിയ”പ്പെടുമായിരുന്നു. (മത്താ. 26:28) അതുകൊണ്ട്, ചുവന്ന വീഞ്ഞ് ഉചിതമായും യേശുവിന്റെ അക്ഷരീയരക്തത്തെ പ്രതിനിധാനം ചെയ്യുന്നു. ആ രക്തം മുഖാന്തരം നമുക്ക് മറുവിലയാലുള്ള വിമോചനം, “നമ്മുടെ അതിക്രമങ്ങളുടെ മോചനംതന്നെ,” സാധ്യമാകുന്നു.—എഫെസ്യർ 1:7 വായിക്കുക.
ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കൽ
13. ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം വർഷന്തോറും ആചരിക്കുന്നത് എങ്ങനെ?
13 നിങ്ങൾ ആദ്യമായാണ് യഹോവയുടെ സാക്ഷികളോടൊപ്പം സ്‌മാരകത്തിനു ഹാജരാകുന്നതെങ്കിൽ നിങ്ങൾക്ക് അവിടെ എന്തു പ്രതീക്ഷിക്കാനാകും? എല്ലാവർക്കും സൗകര്യപ്രദമായി പരിപാടി ആസ്വദിക്കാനാകുന്ന, വൃത്തിയുള്ളതും ആകർഷകവുമായ പശ്ചാത്തലത്തിലായിരിക്കും ആ കൂടിവരവ് ക്രമീകരിച്ചിട്ടുള്ളത്. ലളിതമായ പുഷ്‌പാലങ്കാരം ഉണ്ടായിരുന്നേക്കാമെങ്കിലും വർണശബളമായ തോരണമാലകളോ ഒരു പാർട്ടി-പരിവേഷമോ നിങ്ങളുടെ ശ്രദ്ധ അപഹരിക്കുകയില്ല. ഈ ആചരണത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് യോഗ്യതയുള്ള ഒരു മൂപ്പൻ അർഹമായ ആദരവോടെ വ്യക്തമായി വിശദീകരിക്കും. ക്രിസ്‌തു നമുക്കേവർക്കുംവേണ്ടി ചെയ്‌തതിനെ വിലമതിക്കാൻ അദ്ദേഹം നമ്മെ സഹായിക്കും. നാം ജീവിക്കേണ്ടതിന് നമുക്കുവേണ്ടി മരിച്ചുകൊണ്ട് അവൻ ഒരു മറുവിലയായിത്തീർന്നു. (റോമർ 5:8-10 വായിക്കുക.) ക്രിസ്‌ത്യാനികൾക്കുവേണ്ടി ബൈബിൾ വെച്ചുനീട്ടുന്ന രണ്ട് വ്യതിരിക്തപ്രത്യാശകൾ പ്രസംഗകൻ വിശദീകരിക്കും.
14. സ്‌മാരകപ്രസംഗത്തിൽ ഏതെല്ലാം പ്രത്യാശകൾ ചർച്ച ചെയ്യും?
14 ഒന്ന്, ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനുള്ള പ്രത്യാശയാണ്. വിശ്വസ്‌തരായ അപ്പൊസ്‌തലന്മാരെപ്പോലെ ക്രിസ്‌തുവിന്റെ അനുഗാമികളിൽ താരതമ്യേന ഒരു ചെറിയ കൂട്ടമാണ് ആ പ്രത്യാശ വെച്ചുപുലർത്തുന്നത്. (ലൂക്കോ. 12:32; 22:19, 20; വെളി. 14:1) ഇന്ന് വിശ്വസ്‌തമായി ദൈവത്തെ സേവിക്കുന്ന മിക്ക ക്രിസ്‌ത്യാനികൾക്കുമുള്ള പ്രത്യാശയാണ് രണ്ടാമത്തേത്. പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയാണ് അത്. ക്രിസ്‌ത്യാനികൾ ദീർഘനാളായി പ്രാർഥിച്ചിട്ടുള്ളതുപോലെ, ദൈവേഷ്ടം അന്ന് സ്വർഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടും. (മത്താ. 6:10) സകല നിത്യതയിലും അവർക്ക് ആസ്വദിക്കാനാകുന്ന അത്ഭുതാവഹമായ അവസ്ഥകളെക്കുറിച്ചുള്ള മനംകുളിർപ്പിക്കുന്ന വിവരണങ്ങൾ തിരുവെഴുത്തുകൾ നൽകുന്നു.—യെശ. 11:6-9; 35:5, 6; 65:21-23.
15, 16. കർത്താവിന്റെ അത്താഴത്തിൽ അപ്പം എങ്ങനെ ഉപയോഗിക്കും?
15 സ്‌മാരകപ്രസംഗത്തിന്റെ അവസാനത്തോടടുത്ത്, യേശു തന്റെ അപ്പൊസ്‌തലന്മാരോട് ആവശ്യപ്പെട്ട ആചരണത്തിനുള്ള സമയമായെന്ന് പ്രസംഗകൻ സൂചിപ്പിക്കും. മുമ്പ് പരാമർശിച്ചതുപോലെ രണ്ട് ചിഹ്നങ്ങൾ, പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും, അവിടെ ഉപയോഗിക്കും. ഇവ പ്രസംഗകന്റെ അടുത്ത് ഒരു മേശയിൽ വെച്ചിട്ടുണ്ടാകും. ഈ ആചരണം ഏർപ്പെടുത്തിയപ്പോൾ യേശു പറഞ്ഞതും ചെയ്‌തതും ആയ കാര്യങ്ങളെക്കുറിച്ചുള്ള ഒരു ബൈബിൾവിവരണത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കും. ഉദാഹരണത്തിന്, മത്തായിയുടെ വിവരണത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “യേശു ഒരു അപ്പമെടുത്ത്‌അനുഗ്രഹത്തിനായി പ്രാർഥിച്ചശേഷം നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, ‘വാങ്ങി ഭക്ഷിക്കുവിൻ; ഇത്‌എന്റെ ശരീരത്തെ അർഥമാക്കുന്നു’ എന്നു പറഞ്ഞു.” (മത്താ. 26:26) തന്റെ ഇരുവശത്തുമുള്ള അപ്പൊസ്‌തലന്മാർക്കു കൈമാറാനായി യേശു പുളിപ്പില്ലാത്ത അപ്പം നുറുക്കുകയുണ്ടായി. ഏപ്രിൽ 14-ലെ സ്‌മാരകാചരണത്തിൽ പുളിപ്പില്ലാത്ത അപ്പം നേരത്തെതന്നെ ഏതാനും കഷണങ്ങളായി ഒടിച്ച് പാത്രങ്ങളിൽ വെച്ചിരിക്കുന്നത് നിങ്ങൾക്കു നിരീക്ഷിക്കാനാകും.
16 ന്യായമായ സമയംകൊണ്ട്, ഹാജരായിരിക്കുന്ന എല്ലാവർക്കും കൈമാറാനാകുംവിധം ആവശ്യത്തിന് പാത്രങ്ങൾ അവിടെ ഉപയോഗിക്കും. ഇത് ഏതെങ്കിലും പ്രത്യേക കർമാനുഷ്‌ഠാനങ്ങളുടെ അകമ്പടിയോടെയല്ല ചെയ്യുന്നത്. ഹ്രസ്വമായ ഒരു പ്രാർഥനയ്‌ക്കുശേഷം പ്രാദേശികമായി പ്രായോഗികമായ, ക്രമീകൃതമായ ഒരു വിധത്തിൽ അപ്പത്തിന്റെ പാത്രങ്ങൾ കൈമാറും. 2013-ലെ സ്‌മാരകത്തിന് അപ്പം കൈമാറിയ വേളയിലേതുപോലെതന്നെ, (ചില സഭകളിൽ ഏതാനും പേരൊഴികെ) മിക്ക സഭകളിലും ആരുംതന്നെ അപ്പം കഴിച്ചുകൊണ്ട് പങ്കുപറ്റിയെന്നുവരില്ല.
17. വീഞ്ഞിനെക്കുറിച്ച് യേശു നൽകിയ നിർദേശം സ്‌മാരകാചരണത്തിൽ എങ്ങനെയായിരിക്കും പിൻപറ്റുന്നത്?
17 മത്തായി തുടർന്ന് വിവരിക്കുന്ന കാര്യത്തിലേക്ക് പ്രസംഗകൻ അടുത്തതായി നമ്മുടെ ശ്രദ്ധ ക്ഷണിക്കും: ‘പിന്നെ (യേശു) ഒരു പാനപാത്രമെടുത്തു നന്ദിയർപ്പിച്ച് അവർക്കു കൊടുത്തുകൊണ്ട്, “നിങ്ങളെല്ലാവരും ഇതിൽനിന്നു കുടിക്കുവിൻ; ഇത്‌പാപമോചനത്തിനായി അനേകർക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ ‘ഉടമ്പടിയുടെ രക്ത’ത്തെ അർഥമാക്കുന്നു” . . . എന്നു പറഞ്ഞു.’ (മത്താ. 26:27-29) ഈ മാതൃകയ്‌ക്കു ചേർച്ചയിൽ, വീണ്ടും ഒരു പ്രാർഥനയ്‌ക്കുശേഷം ചുവന്ന വീഞ്ഞിന്റെ ‘പാനപാത്രങ്ങൾ’ സദസ്സിലൂടെ കൈമാറും.
18. മിക്കസഭകളിലും ആരുംതന്നെ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നില്ലെങ്കിലും സ്‌മാരകത്തിന് ഹാജരാകേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18 ചിഹ്നങ്ങൾ കൈമാറുമ്പോൾ ഹാജരായിരിക്കുന്നവരിൽ മിക്കവരും അതിൽ പങ്കുപറ്റുന്നതിൽനിന്ന് ആദരപൂർവം വിട്ടുനിൽക്കും. കാരണം, സ്വർഗീയരാജ്യത്തിൽ തന്നോടൊപ്പം ഭരിക്കാനുള്ളവർ മാത്രമാണ് അതിൽ പങ്കുപറ്റേണ്ടതെന്ന് യേശു സൂചിപ്പിച്ചു. (ലൂക്കോസ് 22:28-30 വായിക്കുക; 2 തിമൊ. 4:18) ഹാജരായിരിക്കുന്ന മറ്റെല്ലാവരും ഭക്ത്യാദരവോടെ നിരീക്ഷിക്കുക മാത്രം ചെയ്യും. എങ്കിലും, കർത്താവിന്റെ അത്താഴത്തിന് അവരും ഹാജരാകേണ്ടത് വളരെ പ്രധാനമാണ്. കാരണം, യേശുവിന്റെ മറുവിലയാഗത്തെ തങ്ങൾ എത്രയധികം വിലമതിക്കുന്നു എന്ന് അവർ അതിലൂടെ തെളിയിക്കുകയാണ്. യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് ആസ്വദിക്കാനാകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്‌മാരകാചരണസമയത്ത് അവർക്ക് ധ്യാനിക്കാനാകും. വരാൻപോകുന്ന “മഹാകഷ്ട”ത്തെ അതിജീവിക്കുന്ന “മഹാപുരുഷാര”ത്തിന്റെ ഭാഗമായിരിക്കാനുള്ള പ്രത്യാശ അവർക്കുണ്ട്. അവരാണ് “കുഞ്ഞാടിന്റെ രക്തത്തിൽ . . . തങ്ങളുടെ അങ്കി കഴുകി വെളുപ്പിച്ചിരിക്കുന്ന” സത്യാരാധകരുടെ കൂട്ടമായിത്തീരുന്നത്.—വെളി. 7:9, 14-17.
19. കർത്താവിന്റെ അത്താഴത്തിനുവേണ്ടി ഒരുങ്ങാനും അതിൽനിന്ന് പ്രയോജനം നേടാനും നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും?
19 യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഈ പ്രത്യേകകൂടിവരവിനുവേണ്ടി കാലേകൂട്ടി ഒരുക്കങ്ങൾ നടത്തുന്നു. സാധ്യമായത്ര ആളുകളെ ക്ഷണിക്കാൻ ആഴ്‌ചകൾക്കുമുന്നെ നാം ശ്രമം ആരംഭിക്കും. കൂടാതെ, നാമെല്ലാവരുംതന്നെ സ്‌മാരകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ, എ.ഡി. 33-ൽ സമാന്തരമായ ദിവസങ്ങളിൽ സംഭവിച്ചതും യേശു ചെയ്‌തതും ആയ കാര്യങ്ങളെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ വായിക്കും. ഹാജരാകുന്നുവെന്ന് ഉറപ്പുവരുത്താനായി നാം വ്യക്തിപരമായ കാര്യങ്ങൾ ക്രമപ്പെടുത്തും. പ്രാരംഭഗീതത്തിനും പ്രാർഥനയ്‌ക്കും ഏറെമുമ്പെ എത്തിച്ചേരുന്നത് സന്ദർശകരെ സ്വാഗതം ചെയ്യാനും മുഴുപരിപാടിയിൽനിന്നും പൂർണപ്രയോജനം നേടാനും നമ്മെ സഹായിക്കും. പ്രസംഗകൻ തിരുവെഴുത്തുകൾ വിശദീകരിക്കുമ്പോൾ ബൈബിൾ തുറന്ന് നോക്കുന്നത് നമുക്കെല്ലാവർക്കും, സഭാംഗങ്ങൾക്കും സന്ദർശകർക്കും, വളരെ പ്രയോജനം ചെയ്യും. സർവോപരി, സ്‌മാരകാചരണത്തിന് ഹാജരാകുന്നതിലൂടെ യേശുവിന്റെ മറുവിലയാഗത്തോടുള്ള ഹൃദയംഗമമായ വിലമതിപ്പും, “എന്റെ ഓർമയ്‌ക്കായി ഇതു ചെയ്‌തുകൊണ്ടിരിക്കുവിൻ” എന്ന കല്‌പനയോടുള്ള അനുസരണവും നാം പ്രകടമാക്കുകയായിരിക്കും.—1 കൊരി. 11:24.
^ “യേശുവിന്റെ ശരീരം അപ്പോഴും നുറുക്കപ്പെടാതെ (ജീവനോടെ)” അവിടെയുണ്ടായിരുന്നതിനാൽ തങ്ങൾ ശരിക്കും യേശുവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ആണെന്ന് അപ്പൊസ്‌തലന്മാർ ചിന്തിക്കുമായിരുന്നില്ല എന്ന് ഒരു ജർമൻ പണ്ഡിതനായ ഹൈൻറിഹ് മേയർ അഭിപ്രായപ്പെട്ടു. അപ്പവും വീഞ്ഞും അർഥമാക്കിയത് എന്താണെന്ന് ലളിതമായി വിശദീകരിച്ച തന്റെ വാക്കുകളെ അപ്പൊസ്‌തലന്മാർ തെറ്റായി മനസ്സിലാക്കാൻ യേശു പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.