വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മൃതദേഹം ദഹിപ്പിക്കുന്നത് ക്രിസ്ത്യാനികൾക്ക് ഉചിതമാണോ?
മൃതശരീരം ദഹിപ്പിക്കുന്ന നടപടിയെ വിലക്കുന്ന യാതൊന്നും തിരുവെഴുത്തുകളിലില്ല.
മരിച്ചുപോയവരുടെ ശരീരങ്ങളോ അസ്ഥികളോ ദഹിപ്പിച്ചതിനെക്കുറിച്ചുള്ള വിവരണങ്ങൾ ബൈബിളിലുണ്ട്. (യോശു. 7:25; 2 ദിന. 34:4, 5) മാന്യമായ ഒരു ശവസംസ്കാരത്തിന് അവർ യോഗ്യരായിരുന്നില്ലെന്ന് അത് സൂചിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ മൃതശരീരങ്ങൾ ദഹിപ്പിച്ച എല്ലാ സാഹചര്യങ്ങളിലും അതായിരുന്നില്ല അതിന്റെ അർഥം.
ശൗൽ രാജാവിന്റെയും മൂന്നു പുത്രന്മാരുടെയും മരണത്തെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് ഇത് മനസ്സിലാക്കാൻ കഴിയും. നാലുപേരും ഫെലിസ്ത്യരുമായുള്ള യുദ്ധത്തിലാണ് മരണമടഞ്ഞത്. പുത്രന്മാരിൽ ഒരാൾ ദാവീദിന്റെ ഉറ്റസുഹൃത്തും വിശ്വസ്തസഹായിയും ആയിരുന്ന യോനാഥാനാണ്. സംഭവിച്ചതിനെക്കുറിച്ച് ഗിലെയാദിലെ യാബേശിൽ പാർത്തിരുന്ന ഇസ്രായേല്യവീരന്മാർ അറിഞ്ഞപ്പോൾ അവർ ആ നാല് മൃതശരീരങ്ങളും വീണ്ടെടുത്ത് ദഹിപ്പിച്ച് അസ്ഥികൾ കുഴിച്ചിട്ടു. ഈ നടപടിയെപ്രതി പിന്നീട് ദാവീദ് ആ ഇസ്രായേല്യരെ അഭിനന്ദിക്കുകയുണ്ടായി.—1 ശമൂ. 31:2, 8-13; 2 ശമൂ. 2:4-6.
മരിച്ചവർക്കുള്ള തിരുവെഴുത്തുപ്രത്യാശ പുനരുത്ഥാനമാണ്. അതായത് ദൈവം ആ വ്യക്തിയെ ജീവനിലേക്ക് തിരികെക്കൊണ്ടുവരും. മരിച്ചയാളെ ദഹിപ്പിച്ചതായാലും അല്ലെങ്കിലും ഒരു പുതിയ ശരീരം നൽകി അയാളെ ജീവനിലേക്ക് കൊണ്ടുവരാൻ യഹോവയ്ക്ക് നിഷ്പ്രയാസം സാധിക്കും. നെബൂഖദ്നേസർ രാജാവിന്റെ കല്പന പ്രകാരം തീച്ചൂളയിൽ എറിയപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട വിശ്വസ്തരായ മൂന്ന് എബ്രായയുവാക്കൾക്ക്, തീച്ചൂളയിൽ നശിപ്പിക്കപ്പെട്ടാൽപ്പിന്നെ ദൈവത്തിന് തങ്ങളെ പുനരുത്ഥാനപ്പെടുത്താൻ കഴിയില്ലെന്ന് ചിന്തിച്ച് ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു. (ദാനീ. 3:16-18) നാസി തടങ്കൽപ്പാളയങ്ങളിൽ കഴിഞ്ഞ യഹോവയുടെ വിശ്വസ്തദാസരുടെ കാര്യവും അങ്ങനെതന്നെയാണ്. മരണവും തുടർന്നുള്ള ദഹിപ്പിക്കലും ആയിരുന്നു അവരുടെ മുന്നിലും ഉണ്ടായിരുന്നതെങ്കിലും അവരും പുനരുത്ഥാനം അസാധ്യമാകുമോ എന്ന് ഭയന്നില്ല. ശരീരത്തിന്റെ യാതൊന്നും അവശേഷിക്കാതെ സ്ഫോടനങ്ങളിലും മറ്റും ചില വിശ്വസ്ത ദൈവദാസർ പൂർണമായി നശിച്ചുപോയിട്ടുണ്ട്. എങ്കിൽപ്പോലും അവരുടെ പുനരുത്ഥാനവും സുനിശ്ചിതമാണ്.—വെളി. 20:13.
മരിച്ചയാളെ പുനരുത്ഥാനപ്പെടുത്തുന്നതിന് യഹോവയ്ക്ക് അയാളുടെ പഴയ ശരീരഭാഗങ്ങൾ തിരഞ്ഞുപിടിച്ച് വീണ്ടും കൂട്ടിയിണക്കേണ്ട ആവശ്യമില്ല. ദൈവം അഭിഷിക്തക്രിസ്ത്യാനികളെ സ്വർഗീയജീവനിലേക്ക് പുനരുത്ഥാനപ്പെടുത്തുന്നതിൽനിന്ന് ഇതു വ്യക്തമാണ്. “ആത്മാവിൽ ജീവിപ്പിക്കപ്പെട്ട” യേശുവിനെപ്പോലെ അഭിഷിക്തക്രിസ്ത്യാനികളും അതേ വ്യക്തികളായിത്തന്നെയാണ് പുനരുത്ഥാനപ്പെടുന്നത്, എന്നാൽ ആത്മീയശരീരത്തിലാണെന്നു മാത്രം. അവർക്ക് മുമ്പുണ്ടായിരുന്ന ഭൗതികശരീരത്തിന്റെ യാതൊരു ഭാഗവും അവരോടൊപ്പം സ്വർഗത്തിലേക്ക് പോകുന്നില്ല.—1 പത്രോ. 3:18; 1 കൊരി. 15:42-53; 1 യോഹ. 3:2.
മൃതശരീരത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിലല്ല, പ്രത്യുത വാഗ്ദാനങ്ങൾ നിവർത്തിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയിലും ആഗ്രഹത്തിലും നമുക്കുള്ള വിശ്വാസത്തിലാണ് നമ്മുടെ പുനരുത്ഥാനപ്രത്യാശ അധിഷ്ഠിതമായിരിക്കുന്നത്. (പ്രവൃ. 24:15) പുനരുത്ഥാനം എന്ന അത്ഭുതം ദൈവം കഴിഞ്ഞകാലങ്ങളിൽ എങ്ങനെയാണ് ചെയ്തത്, ഭാവിയിൽ അവൻ അത് എങ്ങനെയാണ് ചെയ്യാൻപോകുന്നത് എന്നൊന്നും പൂർണമായി ഗ്രഹിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. എങ്കിലും യഹോവയിൽ നാം സമ്പൂർണവിശ്വാസം അർപ്പിക്കുന്നു. യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവൻ നമുക്ക് ഒരു “ഉറപ്പ്” നൽകുകയും ചെയ്തിരിക്കുന്നു.—പ്രവൃ. 17:31; ലൂക്കോ. 24:2, 3.
മൃതശരീരങ്ങൾ എങ്ങനെ മറവ് ചെയ്യണം എന്ന് തീരുമാനിക്കുമ്പോൾ ക്രിസ്ത്യാനികൾ നാട്ടുരീതികളും പ്രാദേശികവികാരങ്ങളും നിയമങ്ങളും കണക്കിലെടുക്കുന്നത് ഉചിതമാണ്. (2 കൊരി. 6:3, 4) തുടർന്ന്, മൃതദേഹം ദഹിപ്പിക്കണമോ വേണ്ടയോ എന്നത് വ്യക്തിപരമായോ കുടുംബപരമായോ എടുക്കേണ്ട തീരുമാനമാണ്.