ആത്മാർപ്പണത്തിന്റെ മാതൃകകൾ—മൈക്രോനേഷ്യയിൽ
കാത്റിൻ വളർന്നത് അമേരിക്കയിലാണ്. 16-ാം വയസ്സിൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി അവൾ സ്നാനമേറ്റു. ശുശ്രൂഷയിൽ വളരെ തീക്ഷ്ണമതിയായിരുന്നു കാത്റിൻ. പക്ഷേ അവളുടെ പ്രദേശത്ത് രാജ്യസന്ദേശത്തിന് അത്ര നല്ല പ്രതികരണം ലഭിച്ചില്ല. അവൾ പറയുന്നു: “ദൈവത്തെ അറിയാൻ സഹായിക്കുന്നതിനായി ആരെയെങ്കിലും അയയ്ക്കേണമേ എന്ന് പ്രാർഥിച്ചുകൊണ്ടിരുന്നവരുടെ അനുഭവങ്ങളെക്കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്. അതുപോലൊരാളെ കണ്ടെത്താൻ എനിക്കും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് ഒരിക്കലും നടന്നിട്ടില്ല.”
ആ പ്രദേശത്ത് വർഷങ്ങളോളം പ്രവർത്തിച്ചശേഷം, രാജ്യസന്ദേശത്തോട് ആളുകൾ കൂടുതൽ അനുകൂലമായി പ്രതികരിച്ചേക്കാവുന്ന ഒരു സ്ഥലത്തേക്ക് മാറിപ്പാർക്കുന്നതിനെക്കുറിച്ച് കാത്റിൻ ചിന്തിക്കാൻ തുടങ്ങി. എന്നാൽ തന്നെക്കൊണ്ട് അതു സാധിക്കുമോ എന്ന് അവൾക്ക് സംശയമായിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രമേ അവൾ തന്റെ വീട്ടിൽനിന്ന് മാറിനിന്നിട്ടുള്ളൂ, അതും വെറും രണ്ടാഴ്ചത്തേക്ക്. അപ്പോഴെല്ലാം വീട്ടിൽ പോകുന്നതിനെക്കുറിച്ചായിരുന്നു എല്ലാ ദിവസവും അവളുടെ ചിന്ത. എന്നിരുന്നാലും, യഹോവയെ അന്വേഷിക്കുന്നവരെ സഹായിക്കാനും അങ്ങനെ സന്തോഷം ആസ്വദിക്കാനും ഉള്ള അവളുടെ ഹൃദയംഗമമായ ആഗ്രഹം ഒടുവിൽ ആശങ്കകളെയെല്ലാം പിന്തള്ളി. മാറിപ്പാർക്കാനാകുന്ന പല സ്ഥലങ്ങളും കണ്ടെത്തിയശേഷം ഗ്വാമിലെ ബ്രാഞ്ചോഫീസിലേക്ക് അവൾ എഴുതി. അങ്ങനെ അവൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിച്ചു. 2007 ജൂലൈയിൽ, 26-ാം വയസ്സിൽ വീട്ടിൽനിന്ന് 10,000 കിലോമീറ്റർ അകലെ ശാന്തസമുദ്രത്തിലെ സൈപ്പാൻ ദ്വീപിലേക്ക് കാത്റിൻ മാറിത്താമസിച്ചു. എന്തായിരുന്നു അവളെ കാത്തിരുന്നത്?
രണ്ടു പ്രാർഥനകൾക്ക് ഒരുത്തരം
പുതിയ സഭയിൽ എത്തി അധികം വൈകാതെ, ഏകദേശം 45 വയസ്സുള്ള ഡോറിസിനെ കാത്റിൻ കണ്ടുമുട്ടി, അവൾ ബൈബിളധ്യയനം സ്വീകരിച്ചു. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ ആദ്യ മൂന്ന് അധ്യായങ്ങൾ പഠിപ്പിച്ചശേഷം കാത്റിന് അല്പം ആശങ്ക തോന്നിത്തുടങ്ങി. അവൾ ഓർമിക്കുന്നു: “ഡോറിസ് ഒരു നല്ല വിദ്യാർഥിയായിരുന്നു, ഞാൻ പഠിപ്പിച്ചുപഠിപ്പിച്ച് ആ അധ്യയനം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അതുവരെയും ക്രമമായ ഒരു ബൈബിളധ്യയനം ഞാൻ നടത്തിയിട്ടില്ലായിരുന്നു. അതുകൊണ്ട് ഡോറിസിന് അധ്യയനം നടത്താൻ കൂടുതൽ അനുഭവപരിചയമുള്ള ഒരു സഹോദരിയെ, ഒരുപക്ഷേ അവളുടെ പ്രായത്തിലുള്ള ആരെയെങ്കിലും ആവശ്യമാണെന്ന് എനിക്കു തോന്നി.” തന്റെ ബൈബിൾവിദ്യാർഥിയെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ഒരു സഹോദരിയെ കണ്ടെത്താൻ സഹായിക്കേണമേ എന്ന് കാത്റിൻ യഹോവയോട് പ്രാർഥിച്ചു. തുടർന്ന്, അധ്യയനം നിർവഹിക്കാൻ മറ്റൊരാളെ ക്രമീകരിക്കുകയാണെന്ന് ഡോറിസിനോടു പറയാൻ അവൾ തീരുമാനിച്ചു.
കാത്റിൻ പറയുന്നു: “എന്നാൽ ഞാൻ അത് പറയാൻ തുടങ്ങുന്നതിനു മുമ്പ്, ഒരു പ്രശ്നത്തെക്കുറിച്ച് എന്നോടു സംസാരിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് ഡോറിസ് എന്നോട് പറഞ്ഞു. അവൾ പറഞ്ഞത് കേട്ടശേഷം, എന്റെ ജീവിതത്തിലുണ്ടായ സമാനമായ ഒരു സാഹചര്യം കൈകാര്യം ചെയ്യാൻ യഹോവ എന്നെ സഹായിച്ചത് എങ്ങനെയെന്ന് ഞാൻ അവളോട് വിശദീകരിച്ചു. അവൾ എന്നോട് നന്ദി പറഞ്ഞു.” തുടർന്ന് ഡോറിസ് കാത്റിനോട് ഇങ്ങനെ പറഞ്ഞു: “എന്നെ സഹായിക്കാൻ
യഹോവ നിന്നെ ഉപയോഗിച്ചു. നീ ആദ്യമായി എന്റെ വീട്ടിൽ വന്ന ദിവസം മണിക്കൂറുകളായി ഞാൻ ബൈബിൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബൈബിൾ മനസ്സിലാക്കാൻ എന്നെ സഹായിക്കാനായി ആരെയെങ്കിലും അയയ്ക്കേണമേ എന്ന് ഞാൻ ദൈവത്തോട് കരഞ്ഞ് അപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ് നീ എന്റെ വാതിൽക്കൽ മുട്ടിയത്. യഹോവ എന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകി!” വികാരസാന്ദ്രമായ ആ നിമിഷങ്ങൾ ഓർത്തപ്പോൾ കാത്റിന്റെ കണ്ണുകൾ സജലങ്ങളായി. അവൾ പറയുന്നു: “ഡോറിസിന്റെ വാക്കുകൾ എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായിരുന്നു. അധ്യയനം തുടരാൻ എനിക്കു സാധിക്കുമെന്ന് യഹോവ കാണിച്ചുതന്നു.”2010-ൽ ഡോറിസ് സ്നാനമേറ്റു. ഇന്ന് അനേകം ബൈബിളധ്യയനങ്ങൾ അവൾ നടത്തുന്നു. കാത്റിൻ പറയുന്നു: “ആത്മാർഥതയുള്ള ആരെയെങ്കിലും യഹോവയുടെ ഒരു ദാസനോ ദാസിയോ ആയിത്തീരാൻ സഹായിക്കണമെന്നുള്ള എന്റെ ചിരകാലാഭിലാഷം സഫലമായതിൽ ഞാൻ എത്ര നന്ദിയുള്ളവളാണെന്നോ!” ഇന്ന് പസിഫിക് ദ്വീപുകളിലെ കൊസ്രേയിൽ ഒരു പ്രത്യേക പയനിയറായി കാത്റിൻ സന്തോഷത്തോടെ സേവിക്കുന്നു.
മൂന്ന് വെല്ലുവിളികൾ —അവയെ തരണം ചെയ്ത വിധം
മറ്റു ദേശങ്ങളിൽനിന്നുള്ള നൂറിലധികം സഹോദരീസഹോദരന്മാർ (19-നും 79-നും ഇടയിൽ പ്രായമുള്ളവർ) മൈക്രോനേഷ്യയിൽ ആവശ്യം അധികമുള്ളിടത്ത് സേവിച്ചിട്ടുണ്ട്. 2006-ൽ 19-ാം വയസ്സിൽ ഗ്വാമിലേക്ക് മാറിത്താമസിച്ച എറിക്കയുടെ വാക്കുകളിൽ സതീക്ഷ്ണരായ ഈ സുവിശേഷകരുടെ വികാരങ്ങൾ നന്നായി പ്രതിഫലിക്കുന്നു: “ആളുകൾ സത്യത്തിനായി ദാഹിക്കുന്ന ഒരു പ്രദേശത്ത് പയനിയറിങ് ചെയ്യാൻ വളരെ രസമാണ്. ഈ വിധത്തിലുള്ള സേവനം ഏറ്റെടുക്കാൻ എന്നെ സഹായിച്ചതിൽ യഹോവയോട് ഞാൻ വളരെ നന്ദിയുള്ളവളാണ്. ഇതാണ് ഏറ്റവും മികച്ച ജീവിതഗതി!” മാർഷൽ ദ്വീപുകളിലെ എബൈയിൽ ഒരു പ്രത്യേക പയനിയറായി സേവിച്ചുകൊണ്ട് എറിക്ക ഇപ്പോൾ സന്തോഷം ആസ്വദിക്കുന്നു. തീർച്ചയായും ഒരു വിദേശരാജ്യത്ത് സേവിക്കുന്നതിൽ വെല്ലുവിളികളും ഉൾപ്പെടുന്നു. നമുക്ക് ഇപ്പോൾ അവയിൽ മൂന്നെണ്ണം പരിചിന്തിച്ച്, മൈക്രോനേഷ്യയിലേക്ക് മാറിപ്പാർത്തവർ അവയെ തരണം ചെയ്തത് എങ്ങനെയെന്ന് നോക്കാം.
ജീവിതരീതി. 2007-ൽ പലാവു ദ്വീപിലെത്തിയ 22-കാരൻ സൈമൺ, സ്വദേശമായ ഇംഗ്ലണ്ടിൽ ലഭിച്ചിരുന്ന വേതനത്തിന്റെ ചെറിയ ഒരംശം മാത്രമേ തനിക്ക് ഇന്നാട്ടിൽ ലഭിക്കുകയുള്ളൂ എന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു. “വേണമെന്നു തോന്നുന്നതെല്ലാം വാങ്ങിക്കുന്ന ശീലം നിയന്ത്രിക്കാൻ ഞാൻ പഠിക്കേണ്ടിയിരുന്നു. ഭക്ഷണസാധനങ്ങൾ ആവശ്യമായതുമാത്രം ഞാൻ ഇപ്പോൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നു. ഒരു സാധനം വാങ്ങുന്നതിനു മുമ്പ് പല കടകളിൽ ഞാൻ വില അന്വേഷിക്കും. എന്തെങ്കിലും കേടായാൽ, സെക്കന്റ്-ഹാൻഡ് ഭാഗങ്ങൾ കണ്ടെത്തി സഹായസന്നദ്ധനായ ആരെയെങ്കിലുംകൊണ്ട് നന്നാക്കിയെടുക്കും.” ലളിതമായ ഒരു ജീവിതരീതിയിലേക്ക് ഒതുങ്ങിക്കൂടിയത് അദ്ദേഹത്തിന് എങ്ങനെ പ്രയോജനം ചെയ്തു? സൈമൺ പറയുന്നു: “ജീവിതത്തിൽ ശരിക്കും ആവശ്യമുള്ളത് എന്തൊക്കെയാണെന്നു മനസ്സിലാക്കാനും ‘ചുരുങ്ങി ജീവിക്കാനും’ അതെന്നെ സഹായിച്ചു. യഹോവയുടെ കരുതലുള്ള കരങ്ങൾ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഞാൻ അനുഭവിച്ചറിഞ്ഞു. ഏഴു വർഷമായി ഇവിടെ ഞാൻ സേവിക്കുന്നു, ഒരിക്കൽപ്പോലും ഭക്ഷണത്തിനോ പാർപ്പിടത്തിനോ ആയി എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.” അതെ, ഒന്നാമത് രാജ്യം അന്വേഷിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടുമാത്രം ലളിതജീവിതം നയിക്കുന്നവരെ യഹോവ ഉറപ്പായും പിന്തുണയ്ക്കുന്നു.—മത്താ. 6:32, 33.
ഗൃഹാതുരത്വം. എറിക്ക പറയുന്നു: “വീട്ടുകാരുമായി എനിക്ക് വളരെ അടുപ്പമുള്ളതുകൊണ്ട്, വീട്ടിൽ പോകുന്നതിനെക്കുറിച്ചുള്ള ചിന്ത എന്റെ ശുശ്രൂഷയെ പ്രതികൂലമായി ബാധിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.” അതു തരണം ചെയ്യാനായി അവൾ എന്ത് മുന്നൊരുക്കമാണ് നടത്തിയത്? “പോകുന്നതിനു മുമ്പ് ഞാൻ ഗൃഹാതുരതയെക്കുറിച്ചുള്ള വീക്ഷാഗോപുരലേഖനങ്ങൾ വായിച്ചു. ഇത് ആ വെല്ലുവിളി നേരിടാൻ എന്റെ ഹൃദയത്തെ ശരിക്കും സജ്ജമാക്കി. ഒരു ലേഖനത്തിൽ, ഒരു മാതാവ്
മകൾക്ക് പിൻവരുന്നപ്രകാരം യഹോവയുടെ കരുതൽ സംബന്ധിച്ച് ഉറപ്പുകൊടുത്തതായി വായിച്ചു: ‘എന്നെക്കാൾ നന്നായി നിന്നെ നോക്കാൻ യഹോവയ്ക്കു കഴിയും.’ ആ ഉറപ്പ് എന്നെ ശരിക്കും ബലപ്പെടുത്തി.” ഹാനായും ഭർത്താവ് പാട്രിക്കും മാർഷൽ ദ്വീപുകളിലെ മജുറോയിലാണ് സേവിക്കുന്നത്. സഭയിലെ സഹോദരീസഹോദരന്മാരിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഹാനാ ഗൃഹാതുരത്വം തരണം ചെയ്യുന്നത്. അവൾ പറയുന്നു: “നമ്മുടെ ലോകവ്യാപക സഹോദരവർഗത്തെപ്രതി യഹോവയ്ക്ക് ഞാൻ എപ്പോഴും നന്ദി പറയുന്നു, കാരണം അവരും എന്റെ കുടുംബാംഗങ്ങളാണ്. അവരുടെ സ്നേഹപൂർവമായ പിന്തുണയില്ലായിരുന്നെങ്കിൽ ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ എനിക്കാകില്ലായിരുന്നു.”ഇണങ്ങിച്ചേരൽ. “ഒരു പുതിയ രാജ്യത്ത് ചെല്ലുമ്പോൾ അവിടെ മിക്കവാറും എല്ലാ കാര്യങ്ങളും വ്യത്യസ്തമായിരിക്കും,” സൈമൺ നിരീക്ഷിക്കുന്നു. “തമാശകൾ പറയാനാകാത്തത് പലപ്പോഴും എന്നെ വിഷമിപ്പിക്കുന്നു; പറഞ്ഞാലൊട്ട് ഫലിപ്പിക്കാനും സാധിക്കാറില്ല.” എറിക്ക പറയുന്നു: “ആദ്യമൊക്കെ ഒറ്റപ്പെട്ടതുപോലെ തോന്നിയെങ്കിലും, ഇവിടേക്കു വന്നതിനു പിന്നിലെ എന്റെ ആന്തരം പരിശോധിക്കാൻ അത് എനിക്ക് അവസരം നൽകി. ഞാൻ മാറിത്താമസിച്ചത് വ്യക്തിപരമായ ലാഭത്തിനുവേണ്ടിയല്ലല്ലോ, യഹോവയെ കൂടുതലായി സേവിക്കാനല്ലേ.” അവൾ ഇങ്ങനെ തുടരുന്നു: “കാലക്രമത്തിൽ എത്ര നല്ല സുഹൃത്തുക്കളെയാണെന്നോ എനിക്കു ലഭിച്ചത്, അവരെല്ലാം എനിക്ക് വളരെ വിലപ്പെട്ടവരാണ്.” പലാവുവൻ ഭാഷ പഠിക്കാൻ സൈമൺ കഠിനശ്രമം ചെയ്തു. പ്രാദേശിക സഹോദരീസഹോദരന്മാർക്കായി ‘ഹൃദയം വിശാലമാക്കാൻ’ അത് അവനെ സഹായിച്ചു. (2 കൊരി. 6:13) ഭാഷ പഠിക്കാനായി അവൻ ചെയ്ത ശ്രമങ്ങൾ സഹോദരങ്ങൾക്ക് അവനെ പ്രിയങ്കരനാക്കി. അതെ, പുതുതായി വരുന്നവരും പ്രാദേശിക സഹോദരങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കുമ്പോൾ ഇരുകൂട്ടരും പ്രയോജനം നേടുന്നു. സഭയിൽ ഉറ്റസൗഹൃദങ്ങൾ തഴച്ചുവളരും. ആവശ്യം അധികമുള്ളിടത്ത് സേവിക്കാനായി ആത്മാർപ്പണം ചെയ്യുന്നവർക്ക് മറ്റ് എന്തെല്ലാം അനുഗ്രഹങ്ങളാണ് ലഭിക്കുന്നത്?
‘ധാരാളമായി കൊയ്യുന്നു’
“ധാരാളമായി വിതയ്ക്കുന്നവനോ ധാരാളമായി കൊയ്യും” എന്ന് പൗലോസ് അപ്പൊസ്തലൻ പ്രസ്താവിച്ചു. (2 കൊരി. 9:6) ഈ പ്രസ്താവനയിൽ അന്തർലീനമായ തത്ത്വം തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കുന്നവർക്ക് തീർച്ചയായും ബാധകമാകുന്നു. മൈക്രോനേഷ്യയിൽ അവർ എന്തെല്ലാം ഫലങ്ങളാണ് “ധാരാളമായി കൊയ്യു”ന്നത്?
ബൈബിളധ്യയനങ്ങൾ ആരംഭിക്കാനും ദൈവവചനത്തിലെ സത്യം പഠിച്ച് ബാധകമാക്കുന്നവർ ആത്മീയപുരോഗതി കൈവരിക്കുന്നത് നേരിട്ടുകാണാനും ഉള്ള ധാരാളം അവസരങ്ങൾ മൈക്രോനേഷ്യയിൽ ഇനിയുമുണ്ട്. പാട്രിക്കും ഹാനായും 320 നിവാസികളുള്ള അൻഗോർ എന്ന ചെറിയ ദ്വീപിലും പ്രസംഗിച്ചു. രണ്ടു മാസം അവിടെ പ്രവർത്തിച്ചശേഷം അവർ ഒറ്റയ്ക്കുള്ള ഒരു മാതാവിനെ കണ്ടെത്തി. അവൾ ഉടനടി ഒരു ബൈബിളധ്യയനത്തിന് സമ്മതിച്ചു; സത്യം ആവേശത്തോടെ സ്വീകരിച്ച് ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ഹാനാ ഇങ്ങനെ പറയുന്നു: “ഓരോ അധ്യയനത്തിനു ശേഷവും അവളുടെ വീട്ടിൽനിന്ന് സൈക്കിളിൽ തിരിച്ചുപോരുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി ‘യഹോവയ്ക്കു നന്ദി’ എന്നു ഉച്ചത്തിൽ പറയുമായിരുന്നു!” ഹാനാ തുടരുന്നു: “ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആ സ്ത്രീയെ യഹോവ തന്നിലേക്ക് അടുപ്പിക്കുമായിരുന്നു എന്ന് എനിക്കറിയാം. എങ്കിലും ആവശ്യം അധികമുള്ളിടത്ത് സേവിച്ചതുകൊണ്ട് ചെമ്മരിയാടുതുല്യയായ ഈ സ്ത്രീയെ കണ്ടെത്താനും യഹോവയെ അറിയാൻ അവരെ സഹായിക്കാനും ഞങ്ങൾക്ക് സാധിച്ചു. ജീവിതത്തിലെ ഏറ്റവും പ്രതിഫലദായകമായ അനുഭവങ്ങളിൽ ഒന്നാണിത്!” എറിക്ക പറയുന്നതുപോലെ, “യഹോവയെ അറിയാൻ ഒരു വ്യക്തിയെ സഹായിക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നിങ്ങൾക്ക് കൊയ്യാനാകും!”
മാറിപ്പാർക്കാൻ നിങ്ങൾക്കു കഴിയുമോ?
പല ദേശങ്ങളിലും കൂടുതൽ രാജ്യഘോഷകരുടെ ആവശ്യമുണ്ട്. സഹായം ആവശ്യമുള്ള പ്രദേശത്തേക്ക് മാറിത്താമസിക്കാൻ നിങ്ങൾക്കാകുമോ? ശുശ്രൂഷ വികസിപ്പിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ബലിഷ്ഠമാക്കാനായി യഹോവയോട് പ്രാർഥിക്കുക. ഇക്കാര്യത്തെക്കുറിച്ച് സഭയിലെ മൂപ്പന്മാരോടോ സർക്കിട്ട് മേൽവിചാരകനോടോ ആവശ്യം അധികമുള്ള പ്രദേശത്ത് സേവിച്ചിട്ടുള്ള ആരോടെങ്കിലുമോ സംസാരിക്കുക. പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ നിങ്ങൾ സേവിക്കാൻ ആഗ്രഹിക്കുന്ന പ്രദേശത്തിന്റെ ചുമതലയുള്ള ബ്രാഞ്ചോഫീസിലേക്ക് എഴുതി കൂടുതൽ വിവരങ്ങൾ ആരായുക. * ആത്മാർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചുകൊണ്ട് ‘ധാരാളമായി കൊയ്യുന്നതിന്റെ’ സന്തോഷം രുചിച്ചറിയുന്ന, യുവാക്കളും പ്രായമായവരും ഏകാകികളും വിവാഹിതരും ആയ ആയിരക്കണക്കിന് സഹോദരീസഹോദരന്മാരോടൊപ്പം അണിചേരാൻ നിങ്ങൾക്കുമായേക്കും!
^ ഖ. 17 2011 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ, നിങ്ങൾക്ക് ‘മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?’ എന്ന ലേഖനം കാണുക.