ദൈവരാജ്യം എപ്പോഴായിരിക്കും വരുക?
ദൈവരാജ്യം എപ്പോഴായിരിക്കും വരുക?
‘കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത്?’ (പ്രവൃത്തികൾ 1:6) യേശു എപ്പോഴാണ് രാജ്യം സ്ഥാപിക്കുന്നത് എന്നറിയാൻ അപ്പൊസ്‌തലന്മാർക്കു വലിയ ആകാംക്ഷയായിരുന്നു. ഏകദേശം 2,000 വർഷം പിന്നിട്ടിരിക്കുന്ന ഇക്കാലത്ത് നാമും ആകാംക്ഷയോടെ ചോദിക്കുന്നു, ‘ദൈവരാജ്യം എപ്പോഴായിരിക്കും വരുക?’
യേശു ദൈവരാജ്യത്തെ കേന്ദ്രീകരിച്ചായിരുന്നല്ലോ പ്രസംഗിച്ചത്. ആ സ്ഥിതിക്ക്, അവൻ പ്രസ്‌തുത ചോദ്യം കൈകാര്യം ചെയ്‌തിട്ടുണ്ടെന്നു നിങ്ങൾ ന്യായമായും പ്രതീക്ഷിക്കും. നിങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തല്ല. തന്റെ ‘വരവ്’ (മൂലഭാഷയനുസരിച്ച് “സാന്നിധ്യം”) എന്ന് വിശേഷിപ്പിച്ച ഒരു കാലഘട്ടത്തെക്കുറിച്ച് യേശു പലതവണ സംസാരിക്കുകയുണ്ടായി. (മത്തായി 24:37) ആ സാന്നിധ്യം മിശിഹൈക രാജ്യം സ്ഥാപിക്കുന്നതുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ എന്താണ് ഈ സാന്നിധ്യം? ക്രിസ്‌തുവിന്റെ സാന്നിധ്യം സംബന്ധിച്ച് ബൈബിൾ പറയുന്ന നാലു കാര്യങ്ങൾ നമുക്കിപ്പോൾ ശ്രദ്ധിക്കാം.
1. ക്രിസ്‌തു മരിച്ച് വളരെക്കാലത്തിനു ശേഷമാണ് അവന്റെ സാന്നിധ്യം തുടങ്ങുമായിരുന്നത്. ഒരു ദൃഷ്ടാന്തത്തിൽ, ‘രാജത്വം പ്രാപിക്കേണ്ടതിന് ദൂരദേശത്തേക്കു യാത്ര പോയ’ ഒരു മനുഷ്യനോട് യേശു തന്നെ ഉപമിക്കുകയുണ്ടായി. (ലൂക്കൊസ് 19:12) എങ്ങനെയാണ് ആ പ്രാവചനിക വാക്കുകൾ നിറവേറിയത്? മരിച്ച് ഉയിർത്തെഴുന്നേറ്റ യേശു “ദൂരദേശത്തേക്ക്” അതായത് സ്വർഗത്തിലേക്കു പോയപ്പോൾ. സമാനമായ ഒരു ഉപമയിൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ, രാജകീയ അധികാരത്തിലുള്ള അവന്റെ തിരിച്ചുവരവ് ‘വളരെക്കാലം കഴിഞ്ഞശേഷമേ’ നടക്കുമായിരുന്നുള്ളൂ.—മത്തായി 25:19.
യേശു സ്വർഗത്തിലേക്കു പോയി ഏതാനും വർഷം കഴിഞ്ഞ് അപ്പൊസ്‌തലനായ പൗലൊസ് പറഞ്ഞു: “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.” (എബ്രായർ 10:12, 13) സ്വർഗത്തിലെത്തിയശേഷം യേശു വളരെക്കാലം കാത്തിരിക്കണമെന്നായിരുന്നു അതിനർഥം. ദീർഘകാലംമുമ്പ് വാഗ്‌ദാനം ചെയ്‌ത മിശിഹൈക രാജ്യത്തിന്റെ രാജാവായി യഹോവ തന്റെ പുത്രനെ അവരോധിച്ചപ്പോഴാണ് ആ കാത്തിരിപ്പ് അവസാനിച്ചത്. അപ്പോഴാണ് ക്രിസ്‌തുവിന്റെ സാന്നിധ്യം തുടങ്ങിയത്. ശ്രദ്ധേയമായ ഈ സംഭവം ഭൂമിയിലുള്ള മനുഷ്യർക്കു കാണാനാകുമായിരുന്നോ?
2. സാന്നിധ്യം മനുഷ്യനേത്രങ്ങൾക്ക് അദൃശ്യം. തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചാണ് യേശു പറഞ്ഞതെന്നതു ശ്രദ്ധിക്കുക. (മത്തായി 24:3) ആ സാന്നിധ്യം മനുഷ്യനേത്രങ്ങൾക്കു ദൃശ്യമാണെങ്കിൽ അടയാളത്തിന്റെ ആവശ്യം ഉണ്ടായിരിക്കുമായിരുന്നോ? അത് ഇപ്രകാരം ദൃഷ്ടാന്തീകരിക്കാം: നിങ്ങൾ കടൽ കാണാൻപോകുകയാണെന്നു കരുതുക. അവിടെയെത്താൻ സഹായകമായ ബോർഡുകൾ വഴിവക്കിൽ കണ്ടേക്കാം. എന്നാൽ, കടൽത്തീരത്ത് എത്തി വിശാലമായ കടലിനു മുന്നിൽ നിൽക്കുന്ന നിങ്ങൾ “കടൽ” എന്നെഴുതിയിരിക്കുന്ന, വലിയൊരു ചൂണ്ടുപലക കാണാൻ പ്രതീക്ഷിക്കുമോ? ഒരിക്കലുമില്ല! കണ്ണുകൊണ്ടു വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന ഒരു കാര്യത്തിന് അടയാളത്തിന്റെ ആവശ്യമില്ലല്ലോ.
മനുഷ്യനേത്രങ്ങൾക്കു ദൃശ്യമായ എന്തെങ്കിലും ചൂണ്ടിക്കാണിക്കാനല്ല, സ്വർഗത്തിൽ സംഭവിക്കുമായിരുന്ന ഒരു സംഗതി തിരിച്ചറിയാൻ സഹായിക്കാനാണ് യേശു തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചു പറഞ്ഞത്. “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്” എന്നു യേശു പ്രസ്‌താവിച്ചത് അതുകൊണ്ടാണ്. (ലൂക്കൊസ് 17:20) ആ സ്ഥിതിക്ക്, ക്രിസ്‌തുവിന്റെ സാന്നിധ്യം ആരംഭിച്ചെന്നു മനസ്സിലാക്കാൻ ഈ അടയാളം ഭൂമിയിലുള്ളവരെ എങ്ങനെ സഹായിക്കുമായിരുന്നു?
3. യേശുവിന്റെ സാന്നിധ്യകാലത്ത് ഭൂമിയിൽ പ്രക്ഷുബ്ധാവസ്ഥകൾ. താൻ സ്വർഗത്തിൽ രാജാവ് എന്നനിലയിൽ സാന്നിധ്യവാനാകുമ്പോൾ ഭൂമിയിൽ യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പങ്ങളും പകർച്ചവ്യാധികളും നിയമരാഹിത്യവും ശ്രദ്ധേയമായ അളവിൽ ഉണ്ടാകുമെന്ന് യേശു പറയുകയുണ്ടായി. (മത്തായി 24:7-12; ലൂക്കൊസ് 21:10, 11) ഇതിന്റെയൊക്കെ കാരണമോ? രാജാവെന്ന നിലയിലുള്ള ക്രിസ്‌തുവിന്റെ സാന്നിധ്യം തുടങ്ങിയിരിക്കുന്ന സ്ഥിതിക്ക് ശേഷിച്ചിരിക്കുന്ന സമയം കുറവാണെന്ന് അറിയാവുന്ന “ഈ ലോകത്തിന്റെ പ്രഭു”വായ സാത്താൻ ഉഗ്രകോപത്തിലാണെന്നാണ് ബൈബിൾ നൽകുന്ന വിശദീകരണം. (യോഹന്നാൻ 12:31; വെളിപ്പാടു 12:9, 12) സാത്താന്റെ കോപത്തെയും ക്രിസ്‌തുവിന്റെ സാന്നിധ്യത്തെയും വിളിച്ചോതുന്ന അത്തരം തെളിവുകൾ ഇന്ന് എവിടെയും കാണാം. മനുഷ്യചരിത്രത്തിന്റെ വഴിത്തിരിവെന്നു ചരിത്രകാരന്മാർ വിളിച്ച 1914 മുതൽ ഈ തെളിവ് വിശേഷാൽ ദൃശ്യമാണ്, അഭൂതപൂർവകമായ അളവിലും ആഗോള അടിസ്ഥാനത്തിലും.
ഇതെല്ലാം ദുർവാർത്തകളാണെന്നു തോന്നിയേക്കാം, എന്നാൽ സത്യം അതല്ല. മിശിഹൈക രാജ്യം സ്വർഗത്തിൽ വാഴ്‌ച ആരംഭിച്ചുകഴിഞ്ഞു എന്നാണ് അതിനർഥം. ഉടൻതന്നെ ആ ഗവൺമെന്റ് മുഴുഭൂമിയുടെയും ഭരണം ഏറ്റെടുക്കും. എന്നാൽ മനുഷ്യർ എങ്ങനെ ആ രാജ്യത്തെക്കുറിച്ച് അറിയും? അതറിഞ്ഞാലല്ലേ അതിനെ അംഗീകരിച്ച് അതിന്റെ പ്രജകളായിത്തീരാനാകൂ.
4. യേശുവിന്റെ സാന്നിധ്യത്തിന്റെ ഒരു അടയാളമാണ് ആഗോള പ്രസംഗവേല. തന്റെ സാന്നിധ്യം “നോഹയുടെ കാലം”പോലെ ആയിരിക്കുമെന്ന് യേശു പ്രസ്‌താവിക്കുകയുണ്ടായി. * (മത്തായി 24:37-39) നോഹ പെട്ടകം പണിയുക മാത്രമല്ല ചെയ്‌തത്. അവനൊരു “നീതിപ്രസംഗി”യുമായിരുന്നു. (2 പത്രൊസ് 2:5) ദൈവത്തിന്റെ ന്യായവിധി വളരെ അടുത്തെത്തിയിരിക്കുന്നു എന്ന് നോഹ ആളുകൾക്ക് മുന്നറിയിപ്പു നൽകി. തന്റെ സാന്നിധ്യകാലത്ത് ഭൂമിയിലുള്ള തന്റെ അനുഗാമികളും സമാനമായൊരു വേല ചെയ്യുമെന്ന് യേശു പറഞ്ഞു. യേശുവിന്റെ പ്രവചനം ശ്രദ്ധിക്കുക: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14.
മുൻലേഖനത്തിൽ കണ്ടതുപോലെ, ദൈവരാജ്യം ഈ ലോകത്തിലെ മുഴു ഭരണാധിപത്യങ്ങളെയും നശിപ്പിക്കും. ഇപ്പോൾ ഭൂവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രസംഗവേല, സ്വർഗീയ ഗവൺമെന്റ് പെട്ടെന്നുതന്നെ നടപടിയെടുക്കുമെന്ന വസ്‌തുത ലോകത്തെ അറിയിക്കുകയും വരാൻപോകുന്ന നാശത്തെ അതിജീവിച്ച് ആ രാജ്യത്തിന്റെ പ്രജകളായിത്തീരാനുള്ള അവസരം അവർക്കു നൽകുകയുമാണു ചെയ്യുന്നത്. എന്നാൽ ചോദ്യം ഇതാണ്: ‘നിങ്ങൾ എങ്ങനെ പ്രതികരിക്കും?’
ദൈവരാജ്യം നിങ്ങൾക്ക് ഒരു സുവാർത്തയാണോ?
അനുപമമായ പ്രത്യാശയുടെ സന്ദേശമാണ് യേശു പ്രസംഗിച്ചത്. ആയിരക്കണക്കിനു വർഷം മുമ്പു നടന്ന ഏദെനിലെ മത്സരത്തിനുശേഷം, തന്റെ ആദിമ ഉദ്ദേശ്യം നിവർത്തിക്കുന്നതിനായി ഒരു ഗവൺമെന്റ് സ്ഥാപിക്കാൻ യഹോവയാം ദൈവം നിശ്ചയിച്ചു. അത് വിശ്വസ്‌ത മനുഷ്യർക്ക് ഭൂമിയിലെ പറുദീസയിൽ നിത്യം ജീവിക്കാനുള്ള അവസരം നൽകുകയും അങ്ങനെ കാര്യങ്ങൾ നേരെയാക്കുകയും ചെയ്യുമായിരുന്നു. ആ ഗവൺമെന്റ് സ്വർഗത്തിൽ ഭരണം തുടങ്ങിക്കഴിഞ്ഞു എന്നറിയുന്നതിനെക്കാൾ സന്തോഷകരമായ എന്താണുള്ളത്? വിദൂരഭാവിയിലെങ്ങോ നടക്കാനിരിക്കുന്ന ഒന്നല്ല ഇത്; സംഭവിച്ചുകഴിഞ്ഞ ഒരു യാഥാർഥ്യമാണ്!
ദൈവം നിയമിച്ചിരിക്കുന്ന രാജാവ് ഇപ്പോൾ ശത്രുക്കളുടെമധ്യേ ഭരിച്ചുകൊണ്ടിരിക്കുകയാണ്. (സങ്കീർത്തനം 110:2) ദൈവത്തിൽനിന്ന് അന്യപ്പെട്ട ഈ ദുഷിച്ചലോകത്തിൽ, ദൈവത്തെ അറിയാനും “ആത്മാവിലും സത്യത്തിലും” അവനെ ആരാധിക്കാനും ആഗ്രഹിക്കുന്ന സകലരെയും കണ്ടെത്താനുള്ള തന്റെ പിതാവിന്റെ ഹിതം നിവർത്തിക്കുകയാണ് മിശിഹ. (യോഹന്നാൻ 4:24) ദൈവരാജ്യത്തിൻകീഴിൽ ജീവിക്കാനുള്ള പ്രത്യാശ സകലർക്കും മുമ്പാകെയുണ്ട്, വർഗമോ പ്രായമോ സാമൂഹിക പശ്ചാത്തലമോ അതിനൊരു തടസ്സമല്ല. (പ്രവൃത്തികൾ 10:34, 35) മഹത്തായ ഈ അവസരം പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ദൈവരാജ്യത്തിന്റെ നീതിയുള്ള ഭരണത്തിൻകീഴിൽ നിത്യം ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇപ്പോൾ അതിനെക്കുറിച്ചു പഠിക്കുക.—1 യോഹന്നാൻ 2:17.
[അടിക്കുറിപ്പ്]
^ ഖ. 10 സാന്നിധ്യം എന്ന പദം ചില ഭാഷാന്തരങ്ങൾ തെറ്റായി പരിഭാഷ ചെയ്‌തിരിക്കുന്നതു നിമിത്തം ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം അകറ്റാൻ യേശുവിന്റെ പ്രസ്‌താവന സഹായിക്കുന്നു. ചില പരിഭാഷകൾ ഈ പദത്തെ “വരവ്,” “ആഗമനം,” “തിരിച്ചുവരവ്” എന്നൊക്കെയാണു വിവർത്തനം ചെയ്‌തിരിക്കുന്നത്. ഇവയെല്ലാം നിമിഷങ്ങൾക്കുള്ളിൽ നടക്കുന്ന ഒരു സംഗതിയെയാണു സൂചിപ്പിക്കുന്നത്. എന്നാൽ യേശു തന്റെ സാന്നിധ്യത്തെ നോഹയുടെ കാലത്തെ പ്രളയം എന്ന സംഭവത്തോടല്ല, “നോഹയുടെ കാലം” എന്നു പറഞ്ഞുകൊണ്ട് നിർണായകമായ ഒരു കാലഘട്ടത്തോടാണ് ഉപമിച്ചത് എന്നതു ശ്രദ്ധിക്കുക. ആ പുരാതന നാളുകൾപോലെയായിരിക്കും ക്രിസ്‌തുവിന്റെ സാന്നിധ്യകാലം. അന്നത്തെപ്പോലെതന്നെ ഇന്നും, ദൈനംദിന കാര്യാദികളിൽ മുഴുകിപ്പോകുന്നതിനാൽ ബഹുഭൂരിപക്ഷവും മുന്നറിയിപ്പിനു ചെവികൊടുക്കുകയില്ല.
[8, 9 പേജിലെ ചിത്രങ്ങൾ]
ദിനംപ്രതി നാം കേൾക്കുന്ന ദുർവാർത്തകൾ ഒരു നല്ല നാളെയുടെ മുന്നോടിയാണ്
[കടപ്പാട്]
Antiaircraft gun: U.S. Army photo