ലോകം കൂപ്പുകൈകളോടെ . . .
ലോകം കൂപ്പുകൈകളോടെ . . .
ജനകോടികൾ ഒരേ ആവശ്യം ഉന്നയിക്കുന്നതായി സങ്കൽപ്പിക്കുക. ഒരു പ്രത്യേക കാര്യത്തിനായി അഖിലാണ്ഡ പരമാധികാരിയോട് അപേക്ഷിക്കുകയാണ് അവർ. എന്നാൽ തങ്ങൾ എന്താണു ചോദിക്കുന്നതെന്ന് ഇവരിൽ മിക്കവർക്കും അറിയില്ല. ‘ഓ, അത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമോ?’ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. പക്ഷേ എല്ലാ ദിവസവും അതു സംഭവിക്കുന്നു എന്നതാണു സത്യം. അങ്ങനെയെങ്കിൽ എന്താണ് ഇവരുടെയെല്ലാം ആവശ്യം? ദൈവരാജ്യം വരണം എന്നതുതന്നെ!
ക്രിസ്‌ത്യാനികളെന്ന് അവകാശപ്പെടുന്ന, ക്രിസ്‌തുവിന്റെ അനുഗാമികളെന്നു സ്വയം കണക്കാക്കുന്ന ഏതാണ്ട് 37,000 മതങ്ങളുണ്ട് എന്നാണ് ഒരു കണക്ക് സൂചിപ്പിക്കുന്നത്. അവയിലെ അംഗങ്ങളുടെ എണ്ണം 200 കോടിയിലധികംവരും. ഇവരിൽ മിക്കവരും ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥന ദിവസവും ഉരുവിടുന്നവരാണ്. നിങ്ങൾക്ക് ഈ പ്രാർഥന അറിയാമോ? യേശു ശിഷ്യന്മാരെ പഠിപ്പിച്ച ആ പ്രാർഥന തുടങ്ങുന്നത് ഇങ്ങനെയാണ്: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.
പള്ളികളിൽ ആ വാക്കുകൾ മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. അവിടംകൊണ്ടും തീരുന്നില്ല, പ്രശ്‌നങ്ങൾ നേരിടുമ്പോഴും അല്ലാത്തപ്പോഴും കുടുംബത്തിലും വ്യക്തിപരമായും ആളുകൾ ആ പ്രാർഥന ചൊല്ലുന്നു, നൂറുശതമാനം ആത്മാർഥതയോടെ. ഈ പ്രാർഥന കാണാപ്പാഠം ആവർത്തിക്കുന്നവരുമുണ്ട്. പറയുന്ന വാക്കുകളുടെ അർഥത്തെക്കുറിച്ച് ചിന്തിക്കാറേയില്ലെന്നു തോന്നുന്നു ഇക്കൂട്ടർ. എന്നാൽ ക്രൈസ്‌തവർ മാത്രമല്ല ദൈവരാജ്യം വരാൻ ആഗ്രഹിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്യുന്നത്.
മതത്തിന്റെ മതിൽക്കെട്ടുകൾ മറന്ന്
യഹൂദ വിശ്വാസപ്രമാണത്തിലെ പ്രസിദ്ധമായ ഒരു പ്രാർഥനയാണ് കാഡിഷ് (വിലപിക്കുന്നവരുടെ പ്രാർഥന). മരണവുമായോ ദുഃഖവുമായോ നേരിട്ടു ബന്ധമില്ലെങ്കിലും മരണസമയത്ത് സാധാരണ അതു ചൊല്ലാറുണ്ട്. അതിലെ ഒരു വാചകം ഇങ്ങനെയാണ്: “നിങ്ങളുടെ ആയുഷ്‌കാലത്ത് . . . എത്രയുംവേഗം അവൻ [ദൈവം] തന്റെ രാജ്യം സ്ഥാപിക്കുമാറാകട്ടെ.” * മറ്റൊരു പുരാതന പ്രാർഥനയിൽ, ദാവീദ് ഗൃഹത്തിൽ ജനിക്കുന്ന മിശിഹയുടെ രാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയെപ്പറ്റി പറയുന്നുണ്ട്.
ക്രിസ്‌തുമതവിശ്വാസം വെച്ചുപുലർത്തുന്നവർക്കു മാത്രമല്ല ദൈവരാജ്യം എന്ന ആശയം ആകർഷകമായിത്തോന്നുന്നത്. 19-ാം നൂറ്റാണ്ടിൽ ഹിന്ദു-മുസ്ലീം-ക്രൈസ്‌തവ വിശ്വാസങ്ങളെ ഏകോപിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഒരു പ്രമുഖ മതനേതാവിന്റെ വാക്കുകൾ ദ ടൈംസ് ഓഫ് ഇൻഡ്യ പ്രസിദ്ധീകരിക്കുകയുണ്ടായി: “പാശ്ചാത്യവും പൗരസ്‌ത്യവും ഒന്നിച്ചാൽ മാത്രമേ ദൈവരാജ്യം യാഥാർഥ്യമാകൂ.” ഓസ്‌ട്രേലിയയിലെ സ്‌ട്രാത്ത്‌ഫീൽഡിലുള്ള ഒരു ഇസ്ലാമിക കോളേജിന്റെ പ്രിൻസിപ്പൽ അടുത്തയിടെ ഒരു പത്രത്തിൽ എഴുതിയതു ശ്രദ്ധിക്കുക: “മറ്റേതൊരു ഇസ്ലാമിനെയുംപോലെ ഞാനും വിശ്വസിക്കുന്നു, ഈസാനബി മടങ്ങിവന്ന് ദൈവരാജ്യം സ്ഥാപിക്കുമെന്ന്.”
ഇന്ന് ദൈവരാജ്യം വന്നുകാണാൻ ആഗ്രഹിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്യുന്നവരുടെ എണ്ണം ശതകോടികൾ വരും. എന്നാൽ രസകരമായ ഒരു വസ്‌തുതയുണ്ട്.
ഈ മാസികയുടെ പ്രസാധകരും യഹോവയുടെ സാക്ഷികളുമായ ഞങ്ങൾ നിങ്ങളുടെ പ്രദേശത്തുള്ള വീടുകൾ സന്ദർശിച്ച് ആളുകളുമായി ബൈബിളിനെക്കുറിച്ച് ചർച്ചചെയ്യുന്ന കാര്യം നിങ്ങൾക്ക് അറിയാമായിരിക്കും. ഈ ലേഖനം
എഴുതുന്ന സമയത്ത്, 236 ദേശങ്ങളിൽ 400-ലധികം ഭാഷകളിൽ ഞങ്ങളുടെ ഈ പ്രവർത്തനമുണ്ട്. ദൈവരാജ്യമാണ് ഞങ്ങളുടെ പ്രസംഗത്തിന്റെ മുഖ്യപ്രമേയം. വാസ്‌തവത്തിൽ ഈ മാസികയുടെ പേരുതന്നെ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്നാണെന്നു നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ. ആ രാജ്യത്തിനുവേണ്ടി പ്രാർഥിക്കാറുണ്ടോയെന്ന് ഞങ്ങൾ പലപ്പോഴും ആളുകളോടു ചോദിക്കാറുണ്ട്. മിക്കവരുടെയും മറുപടി ‘ഉണ്ട്’ എന്നാണ്. പക്ഷേ ദൈവരാജ്യം എന്താണെന്നു ചോദിച്ചാൽ ഉത്തരമില്ല; അഥവാ പറഞ്ഞാൽത്തന്നെ അത് അവ്യക്തമായിരിക്കും താനും.അറിയാൻ പാടില്ലാത്ത ഒരു കാര്യത്തിനുവേണ്ടി ആളുകൾ പ്രാർഥിക്കുന്നത് എന്തുകൊണ്ടാണ്? ദൈവരാജ്യം എന്നത് മനസ്സിലാക്കാൻ പറ്റാത്ത, അവ്യക്തമായ ഒരു ആശയമായതുകൊണ്ടാണോ? അല്ല. ബൈബിൾ ദൈവരാജ്യത്തിന്റെ വ്യക്തമായ ഒരു ചിത്രം നൽകുന്നുണ്ട്. അതുമാത്രമോ, കാലത്തിന്റെ ഇരുളടഞ്ഞ ഈ ഇടനാഴിയിൽ നിൽക്കുമ്പോൾപ്പോലും നിങ്ങൾക്കു പ്രത്യാശയുടെ കിരണം പകർന്നുതരാൻ രാജ്യത്തെക്കുറിച്ചുള്ള ബൈബിളിലെ സന്ദേശത്തിനാകും. ആ പ്രത്യാശയെക്കുറിച്ചു ബൈബിൾ നൽകുന്ന വിശദീകരണങ്ങളാണ് അടുത്ത ലേഖനത്തിൽ. അതിനുശേഷം, ദൈവരാജ്യം വരാനുള്ള യേശുവിന്റെ പ്രാർഥനയ്‌ക്ക് ഉത്തരം ലഭിക്കുന്നത് എപ്പോഴാണെന്ന് നാം പരിചിന്തിക്കും.
[അടിക്കുറിപ്പ്]
^ ഖ. 6 യേശുവിന്റെ മാതൃകാപ്രാർഥനയിലേതുപോലെതന്നെ കാഡിഷിലും ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടാനുള്ള അപേക്ഷ കാണാം. കാഡിഷിന് ക്രിസ്‌തുവിന്റെ കാലത്തോളം അല്ലെങ്കിൽ അതിലേറെ പഴക്കമുണ്ടോ എന്ന വിഷയം ഇപ്പോഴും തർക്കത്തിലാണ്; എന്തായാലും രണ്ടു പ്രാർഥനകളിലെയും സമാനത നമ്മെ അമ്പരപ്പിക്കേണ്ടതില്ല. യേശുവിന്റെ പ്രാർഥന വിപ്ലവാത്മകമായ ഒന്നല്ലായിരുന്നു. അക്കാലത്ത് യഹൂദന്മാരുടെ കൈവശമുണ്ടായിരുന്ന തിരുവെഴുത്തുകളെ ആധാരമാക്കിയുള്ളതായിരുന്നു ഓരോ അപേക്ഷയും. അങ്ങനെ നോക്കുമ്പോൾ, യേശു ഭൂമിയിൽ വരുന്നതിനു മുമ്പുമുതൽക്കേ യഹൂദന്മാർ ഈ കാര്യങ്ങൾക്കായി പ്രാർഥിക്കേണ്ടതായിരുന്നു; ഇപ്പോൾ മാതൃകാപ്രാർഥനയിലൂടെ യേശു അവരെ അതിനായി പ്രോത്സാഹിപ്പിച്ചുവെന്നുമാത്രം.