ദൈവനാമം ഉപയോഗിക്കുന്നതു തെറ്റാണോ?
ദൈവനാമം ഉപയോഗിക്കുന്നതു തെറ്റാണോ?
“പഴയനിയമം” എന്നു മിക്കപ്പോഴും വിളിക്കപ്പെടുന്ന എബ്രായ തിരുവെഴുത്തുകളിൽ ദൈവനാമം 7,000-ത്തോളം പ്രാവശ്യം കാണാം. YHWH എന്ന് സാധാരണയായി ലിപ്യന്തരം ചെയ്യപ്പെടുന്ന യോദ്, ഹെ, വൗ, ഹെ (יהוה—വലത്തുനിന്ന് ഇടത്തോട്ടാണ് ഇതു വായിക്കുന്നത്) എന്നീ നാല് എബ്രായ അക്ഷരങ്ങളാലാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്.
ദൈവനാമം ഉപയോഗിക്കുന്നത് തെറ്റാണെന്ന അന്ധവിശ്വാസം പണ്ടുകാലത്ത് യഹൂദന്മാർക്കുണ്ടായിരുന്നു. തത്ഫലമായി അവർ ആ നാമം ഉച്ചരിക്കുന്നത് നിറുത്തുകയും തങ്ങളുടെ എഴുത്തുകളിലെല്ലാം മറ്റു പദങ്ങൾ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. പല ബൈബിൾവിവർത്തകരും പക്ഷേ “യാഹ്വെ,” അല്ലെങ്കിൽ “യഹോവ” എന്ന പേരുകൾ ഉപയോഗിച്ചിരിക്കുന്നു. അത്തരമൊരു വിവർത്തനമാണ് കത്തോലിക്കരുടെ ജെറുസലേം ബൈബിൾ. ആരാണ് തന്നെ അയച്ചതെന്ന് ഇസ്രായേല്യർ ചോദിക്കുന്നപക്ഷം എന്തു പറയണമെന്ന് മോശെ ദൈവത്തോടു ചോദിച്ചപ്പോൾ ദൈവം പിൻവരുന്നപ്രകാരം മറുപടി നൽകിയതായിട്ടാണ് ആ ബൈബിൾ പറയുന്നത്: “നീ ഇസ്രായേൽമക്കളോട് ഇപ്രകാരം പറയണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്വെ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഇത് എന്നേക്കും എന്റെ നാമമാകുന്നു; വരുംതലമുറകളെല്ലാം ഈ നാമത്തിൽ എന്നെ വിളിച്ചപേക്ഷിക്കേണ്ടതാണ്.”—പുറപ്പാടു 3:15.
യേശു ദൈവനാമം ഉപയോഗിച്ചിരുന്നുവെന്ന്, പ്രാർഥനയിൽ അവൻ പറഞ്ഞ പിൻവരുന്ന വാക്കുകൾ തെളിയിക്കുന്നു: “ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” പൊതുവെ കർത്താവിന്റെ പ്രാർഥന എന്ന് അറിയപ്പെടുന്ന പ്രാർഥനയിൽ അവൻ പറഞ്ഞു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.”—യോഹന്നാൻ 17:26; മത്തായി 6:9.
ആ സ്ഥിതിക്ക്, ദിവ്യനാമത്തിന്റെ ഉപയോഗം സംബന്ധിച്ച് ജീസസ് ഓഫ് നാസറത്ത് എന്ന തന്റെ പുതിയ പുസ്തകത്തിൽ പോപ്പ് ബെനഡിക്റ്റ് XVI-ാമൻ പിൻവരുന്നപ്രകാരം പറഞ്ഞിരിക്കുന്നത് ഒരു വിരോധാഭാസമാണ്: “YHWH എന്ന അക്ഷരങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെടുന്നതും ദൈവം തനിക്കുതന്നെ സ്വയമായി നൽകിയതുമായ നാമം ഉച്ചരിക്കാൻ ഇസ്രായേല്യർ വിസമ്മതിച്ചത് തികച്ചും ഉചിതമായിരുന്നു. പുറജാതിദൈവങ്ങളുടെ പേരുകളുടെ നിലവാരത്തിലേക്ക് ആ നാമത്തെ തരംതാഴ്ത്താതിരിക്കാനാണ് അവർ അങ്ങനെ ചെയ്തത്. അതുകൊണ്ടുതന്നെ, നിഗൂഢവും ഉച്ചരിക്കരുതാത്തതുമായി ഇസ്രായേല്യർ എല്ലായ്പോഴും കരുതിയിരുന്ന ഈ നാമത്തെ പ്രാചീനമായ ഏതോ ഒരു സാധാരണ പേര് എന്ന നിലയിൽ അടുത്തകാലത്തെ ബൈബിൾ പരിഭാഷകളിൽ ഉൾപ്പെടുത്തിയത് ദൗർഭാഗ്യകരമാണ്.”
നിങ്ങൾ എന്തു വിചാരിക്കുന്നു? ദൈവനാമം ഉപയോഗിക്കുന്നത് ശരിയോ തെറ്റോ? “ഇത് എന്നേക്കും എന്റെ നാമമാകുന്നു; വരുംതലമുറകളെല്ലാം ഈ നാമത്തിൽ എന്നെ വിളിച്ചപേക്ഷിക്കേണ്ടതാണ്” എന്ന് യഹോവതന്നെ പറയുമ്പോൾ ആർക്ക് അതിനെ എതിർക്കാൻ കഴിയും?
[26-ാം പേജിലെ ചിത്രം]
പ്രാർഥനയിൽ യേശു ദൈവനാമം ഉപയോഗിച്ചു