അവൾ “ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു”
അവരുടെ വിശ്വാസം അനുകരിക്കുക
അവൾ “ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു”
കഴുതപ്പുറത്തുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല മറിയയ്‌ക്ക്. പലപ്രാവശ്യം തിരിഞ്ഞും മറിഞ്ഞും ഇരിക്കേണ്ടിവന്നു. യാത്ര തുടങ്ങിയിട്ട് മണിക്കൂറുകളായി. തൊട്ടുമുന്നിൽ നടക്കുകയാണ് യോസേഫ്. അങ്ങകലെ ബേത്ത്‌ലെഹെമിലേക്കുള്ള വഴിയിലൂടെയാണ് അവരുടെ യാത്ര. അവളുടെ ഉദരത്തിലെ ജീവൻ തുടിക്കുന്നത് ഒരിക്കൽക്കൂടെ അവളറിഞ്ഞു.
മറിയ ആ സമയത്ത് “പൂർണഗർഭിണി” ആയിരുന്നുവെന്ന് ബൈബിൾ പറയുന്നു. (ലൂക്കൊസ് 2:5, NW) അവരങ്ങനെ പോകുമ്പോൾ ചുറ്റുപാടുമുള്ള വയലുകളിൽ പണിയെടുത്തിരുന്നവർ ആ കാഴ്‌ചകണ്ട് അതിശയിച്ചിട്ടുണ്ടാവണം. ഈ അവസ്ഥയിലുള്ള ഒരു സ്‌ത്രീ ഇങ്ങനെ ദൂരയാത്രപോകുന്നത് എന്തുകൊണ്ടാണെന്ന് അവർക്കു മനസ്സിലായിക്കാണില്ല. ആകട്ടെ, മറിയ സ്വദേശമായ നസറെത്തിൽനിന്ന് ഇങ്ങനെയൊരു ദീർഘയാത്രയ്‌ക്ക് ഇറങ്ങിത്തിരിച്ചത് എന്തുകൊണ്ടാണ്?
കുറെ മാസങ്ങൾക്കു മുമ്പാണ് സംഭവങ്ങളുടെ തുടക്കം. യഹൂദകന്യകയായ മറിയയ്‌ക്ക് ഒരു ദിവ്യനിയോഗം ലഭിച്ചു. മനുഷ്യചരിത്രത്തിൽ മറ്റാർക്കും ലഭിക്കാത്ത അതുല്യമായ ഒരു നിയോഗം. ദൈവപുത്രനായ മിശിഹാ ആയിത്തീരാനുള്ള ഒരു കുഞ്ഞിന് ജന്മംനൽകുകയെന്നതായിരുന്നു അത്! (ലൂക്കൊസ് 1:35) പ്രസവകാലം തികഞ്ഞിരിക്കുമ്പോഴാണ് ഇങ്ങനെയൊരു യാത്ര ആവശ്യമായിവന്നത്. യാത്രയ്‌ക്കിടയിൽ, വിശ്വാസത്തിന്റെ മാറ്റുരയ്‌ക്കുന്ന പല വെല്ലുവിളികളും അവൾക്കുണ്ടായി. എന്നിട്ടും വിശ്വാസം ബലിഷ്‌ഠമാക്കിനിറുത്താൻ മറിയയെ സഹായിച്ചത് എന്താണെന്ന് നമുക്കുനോക്കാം.
ബേത്ത്‌ലെഹെമിലേക്കുള്ള യാത്ര
യോസേഫിനെയും മറിയയെയും കൂടാതെ മറ്റു പലരും യാത്ര പുറപ്പെട്ടിരുന്നു. ജനമൊക്കെയും തങ്ങളുടെ ജന്മസ്ഥലത്തുപോയി പേർചാർത്തണമെന്ന് ഔഗുസ്‌തൊസ് കൈസർ ആയിടയ്‌ക്ക് ഒരു കൽപ്പന പുറപ്പെടുവിച്ചു എന്നതായിരുന്നു കാരണം. ആകട്ടെ, യോസേഫ് എന്താണു ചെയ്‌തത്? വിവരണം പറയുന്നു: “യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടുംകൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത്‌പട്ടണം വിട്ടു.”—ലൂക്കൊസ് 2:1-4.
ഈ സമയത്ത് കൈസർ ഇങ്ങനെയൊരു കൽപ്പന നൽകിയത് യാദൃച്ഛികമായിരുന്നില്ല. മിശിഹാ ബേത്ത്‌ലെഹെമിലായിരിക്കും ജനിക്കുന്നതെന്ന് ഏകദേശം ഏഴു നൂറ്റാണ്ടുമുമ്പുള്ള ഒരു പ്രവചനം മുൻകൂട്ടിപ്പറഞ്ഞിരുന്നു. എന്നാൽ നസറെത്തിൽനിന്ന് വെറും 11 കിലോമീറ്റർ അകലെ ബേത്ത്‌ലെഹെം എന്നുപേരുള്ള ഒരു പട്ടണമുണ്ടായിരുന്നു. പക്ഷേ, മിശിഹാ ജനിക്കുന്നത് ബേത്ത്‌ലെഹെം എഫ്രാത്തയിലായിരിക്കുമെന്ന് പ്രവചനം വ്യക്തമായി പ്രസ്‌താവിച്ചിരുന്നു. (മീഖാ 5:2) ഇപ്പോഴുള്ള മലമ്പാതകളിലൂടെ പോയാൽ നസറെത്തിനു തെക്കുള്ള ഈ കൊച്ചുപട്ടണത്തിലെത്താൻ ഏതാണ്ട് 150 കിലോമീറ്റർ യാത്രചെയ്യേണ്ടിവരും. ദാവീദുരാജാവിന്റെ ജന്മനാടായ ഈ ബേത്ത്‌ലെഹെമിലേക്കാണ് യോസേഫിനു പോകേണ്ടിയിരുന്നത്. കാരണം, യോസേഫും മറിയയും ദാവീദിന്റെ വംശജരായിരുന്നു.
യോസേഫിന്റെ തീരുമാനത്തെ മറിയ പിന്തുണയ്‌ക്കുമായിരുന്നോ? യാത്ര അവൾക്ക് ക്ലേശകരമായിരിക്കുമെന്നതിന് സംശയമില്ല. ശരത്‌കാലത്തിന്റെ ആരംഭമായതിനാൽ ചെറിയതോതിൽ മഴപെയ്യാനുള്ള സാധ്യതയുമുണ്ടായിരുന്നു. പോരാത്തതിന്, ബേത്ത്‌ലെഹെം ഏകദേശം 2,500 അടിയിലേറെ ഉയരത്തിലാണ് സ്ഥിതിചെയ്‌തിരുന്നത്. പലദിവസത്തെ യാത്രയ്‌ക്കൊടുവിൽ അങ്ങനെയൊരു കയറ്റം കയറുകയെന്നത് ശരിക്കും മടുപ്പിക്കുന്നതായിരുന്നു. മറിയയ്‌ക്ക് ഇടയ്‌ക്കിടെ വിശ്രമിക്കേണ്ടതുണ്ടായിരുന്നതിനാൽ ഇവരുടെ യാത്രയ്‌ക്ക് കൂടുതൽ സമയമെടുക്കുമായിരുന്നു. ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാമീപ്യവും പരിചരണവും ഏറ്റവും ആവശ്യമായ ഈ സമയത്ത് വീട്ടിൽനിന്ന് അകലെയായിരിക്കാൻ ആരാണ് ഇഷ്ടപ്പെടുക. ആ സ്ഥിതിക്ക്, ഇങ്ങനെയൊരു യാത്രയ്‌ക്ക് ഇറങ്ങിത്തിരിക്കാൻ മറിയയ്‌ക്ക് നല്ല ധൈര്യം വേണമായിരുന്നു.
ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, യോസേഫ് മറിയയെയും കൂട്ടി പേർചാർത്തേണ്ടതിന് ബേത്ത്‌ലെഹെമിലേക്കു പോയെന്ന് ലൂക്കൊസ് എഴുതുന്നു. യോസേഫുമായുള്ള മറിയയുടെ വിവാഹം കഴിഞ്ഞിരുന്നുവെന്നും ലൂക്കൊസിന്റെ വിവരണത്തിൽ നാം കാണുന്നു. (ലൂക്കൊസ് 2:4, 5) യോസേഫിന്റെ ഭാര്യയായപ്പോൾ മറിയയുടെ തീരുമാനങ്ങളിലും മാറ്റങ്ങൾ വന്നു. ഭർത്താവിനെ കുടുംബത്തിന്റെ ശിരസ്സായി അംഗീകരിച്ച അവൾ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹായിയെന്ന തന്റെ ദൈവദത്ത നിയമനത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു. * ഭർത്താവിനെ പൂർണമായി അനുസരിച്ചുകൊണ്ട് അവൾ വിശ്വാസത്തിന്റെ ആ പരിശോധനയെ നേരിട്ടു.
ഭർത്താവിന്റെ ഈ തീരുമാനത്തെ പിന്തുണയ്‌ക്കാൻ മറിയയെ പ്രേരിപ്പിച്ച മറ്റെന്തെങ്കിലുമുണ്ടോ? മിശിഹാ ബേത്ത്‌ലെഹെമിൽ ജനിക്കുമെന്ന പ്രവചനത്തെക്കുറിച്ച് അവൾക്ക് അറിയാമായിരുന്നോ? ബൈബിൾ അതു സംബന്ധിച്ച് ഒന്നും പറയുന്നില്ല. എങ്കിലും അങ്ങനെയൊരു സാധ്യത തള്ളിക്കളയാൻ നമുക്കാവില്ല. കാരണം, അന്നത്തെ മതനേതാക്കന്മാർക്കും, പൊതുജനങ്ങൾക്കുപോലും മിശിഹായുടെ ജനനം സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്നാണ് തിരുവെഴുത്തുകൾ കാണിക്കുന്നത്. (മത്തായി 2:1-7; യോഹന്നാൻ 7:40-42) തിരുവെഴുത്തുകളെക്കുറിച്ച് നല്ല അറിവുള്ളയാളായിരുന്നു മറിയ. (ലൂക്കൊസ് 1:46-55) യാത്രയ്‌ക്ക് അവളെ പ്രേരിപ്പിച്ചത് ഭർത്താവിനോടുള്ള അനുസരണമോ കൈസറിന്റെ കൽപ്പന അനുസരിക്കാനുള്ള മനസ്സൊരുക്കമോ യഹോവയുടെ പ്രവചനത്തെക്കുറിച്ചുള്ള അറിവോ എന്തുമായിക്കൊള്ളട്ടെ, മറിയ ഇക്കാര്യത്തിൽ ഒരു ഉത്തമ മാതൃകവെച്ചു. താഴ്‌മയും അനുസരണവുമുള്ള സ്‌ത്രീപുരുഷന്മാരെ യഹോവ അതിയായി വിലമതിക്കുന്നു. കീഴ്‌പെട്ടിരിക്കുകയെന്ന ആശയത്തെ പുച്ഛിച്ചുതള്ളുന്ന ഇക്കാലത്ത് മറിയയുടെ മാതൃക ലോകമെങ്ങുമുള്ള വിശ്വസ്‌ത മനുഷ്യർക്ക് ഒരു മാർഗദീപമായി നിലകൊള്ളുന്നു.
യേശുവിന്റെ ജനനം
അങ്ങകലെ ബേത്ത്‌ലെഹെം പട്ടണം കാണാനായപ്പോൾ മറിയയ്‌ക്ക് എത്ര ആശ്വാസം തോന്നിക്കാണും! വിളവെടുപ്പിനു പാകമായിനിൽക്കുന്ന ഒലിവുതോട്ടങ്ങൾ നിറഞ്ഞ മലഞ്ചെരിവിലൂടെ രണ്ടുപേരും അങ്ങനെ പോകുമ്പോൾ ആ കൊച്ചുപട്ടണത്തിന്റെ ചരിത്രം അവരുടെ മനസ്സിൽ ഓടിയെത്തിക്കാണണം. മീഖാപ്രവാചകൻ പറഞ്ഞിരുന്നതുപോലെ യഹൂദാപട്ടണങ്ങളിൽ ഏറ്റവും ചെറുതായിരുന്നു ഈ ബേത്ത്‌ലെഹെം. എങ്കിലും, ആയിരത്തിലേറെ വർഷം മുമ്പ് ജീവിച്ചിരുന്ന ബോവസ്, നവോമി, ദാവീദ് എന്നിവരുടെ ജന്മദേശമായിരുന്നു ഇത്.
യോസേഫും മറിയയും എത്തിയപ്പോൾ പട്ടണത്തിലെങ്ങും നല്ല തിരക്കായിരുന്നു. പലരും മുമ്പേതന്നെ എത്തിയതിനാൽ ഇവർക്ക് സത്രത്തിൽ താമസിക്കാൻ സ്ഥലം കിട്ടിയില്ല. * ഒടുവിൽ, ഒരു കാലിത്തൊഴുത്തിൽ രാത്രികഴിക്കാൻ അവർ തീരുമാനിച്ചു. അപ്പോഴാണ് മറിയയ്‌ക്ക് പ്രസവവേദന തുടങ്ങിയത്. അന്നോളം അനുഭവിച്ചിട്ടില്ലാത്ത വേദനയാൽ പുളയുന്ന തന്റെ ഭാര്യയെ കണ്ടപ്പോൾ യോസേഫിന് എത്ര വിഷമം തോന്നിയിരിക്കണം! അതും ഒരു കാലിത്തൊഴുത്തിൽവെച്ചാണ് ഇതു സംഭവിക്കുന്നതെന്നോർക്കുക!
ഏതൊരു സ്‌ത്രീക്കും മറിയയുടെ ഈ അവസ്ഥ നന്നായി മനസ്സിലാകും. കൈമാറിക്കിട്ടിയ പാപംനിമിത്തം സ്‌ത്രീകൾ വേദനയോടെയായിരിക്കും മക്കളെ പ്രസവിക്കുകയെന്ന് ഏകദേശം 4,000 വർഷംമുമ്പ് യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ഉല്‌പത്തി 3:16) ഇക്കാര്യത്തിൽ മറിയയുടെ സ്ഥിതി വ്യത്യസ്‌തമാണെന്നു കാണിക്കുന്ന തെളിവുകൾ ഒന്നുംതന്നെയില്ല. ഇതുസംബന്ധിച്ച് അധികമൊന്നും പറയാതെ, “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്നുമാത്രം ലൂക്കൊസിന്റെ വിവരണം രേഖപ്പെടുത്തുന്നു. (ലൂക്കൊസ് 2:7) അതെ, അവൻ അവളുടെ ‘ആദ്യജാതനായിരുന്നു.’ അവനെക്കൂടാതെ മറ്റ് ആറു കുട്ടികൾക്കെങ്കിലും പിന്നീടവൾ ജന്മം നൽകി. (മർക്കൊസ് 6:3) എന്നാൽ ഈ ആദ്യജാതൻ വിശേഷപ്പെട്ടവനായിരുന്നു. അവൻ മറിയയുടെമാത്രം ആദ്യജാതനായിരുന്നില്ല. പിന്നെയോ, യഹോവയാം ദൈവത്തിന്റെയും “ആദ്യജാത”നായിരുന്നു. ദൈവത്തിന്റെ ഏകജാതപുത്രനായിരുന്നു.—കൊലൊസ്സ്യർ 1:15.
അവൾ അവനെ, “ശീലകൾ ചുറ്റി . . . പശുത്തൊട്ടിയിൽ കിടത്തി” എന്ന് വിവരണം തുടർന്നു പറയുന്നു. (ലൂക്കൊസ് 2:7) ലോകമെമ്പാടും, യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന പുനരവതരണങ്ങളും പെയിന്റിങ്ങുകളും മറ്റും അതിശയോക്തി കലർത്തിയാണ് ഈ രംഗം അവതരിപ്പിക്കുന്നത്. എന്നാൽ വാസ്‌തവമെന്താണ്? കന്നുകാലികൾക്ക് തീറ്റിയിട്ടുകൊടുക്കുന്ന സ്ഥലമാണ് പുൽത്തൊട്ടി. ശുദ്ധവായുവും ശുചിത്വവുമില്ലാത്ത തൊഴുത്തിലാണ് ഈ കുടുംബം അഭയംതേടിയത്. വേറെ എന്തെങ്കിലും വഴിയുണ്ടെങ്കിൽ, തങ്ങളുടെ കുഞ്ഞിന്റെ ജനനത്തിനായി ലോകത്തൊരു മാതാപിതാക്കളും ഇതുപോലൊരു സ്ഥലം തിരഞ്ഞെടുക്കില്ല. മക്കൾക്ക് ഒരു കുറവും വരരുതെന്നാണ് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. ഇവിടെ ദൈവപുത്രനാണ് ജനിക്കാൻ പോകുന്നത്. അവൻ സുഖകരമായൊരു ചുറ്റുപാടിൽ പിറന്നുവീഴാൻ യോസേഫും മറിയയും എത്ര ആഗ്രഹിച്ചുകാണും!
തങ്ങളുടെ ഇല്ലായ്‌മകളിൽ മനംമടുത്തുപോകുന്നതിനു പകരം ആ സാഹചര്യത്തിൽനിന്നുകൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം പക്ഷേ, അവർ ചെയ്‌തു. ഉദാഹരണത്തിന്, കുഞ്ഞിനു തണുക്കാതിരിക്കാൻ മറിയ അവനെ ശീലയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. അങ്ങനെ അവൻ സുരക്ഷിതനാണെന്ന് അവൾ ഉറപ്പുവരുത്തി. അതെ, അവരുടെ അപ്പോഴത്തെ അവസ്ഥയിൽ പരിതപിക്കാതെ മറിയ തന്നാലാവുന്നതു ചെയ്‌തു. മകന്റെ ആത്മീയവളർച്ചയ്‌ക്കായി കരുതുന്നതാണ് ഏറെ പ്രധാനമെന്ന് ആ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. (ആവർത്തനപുസ്‌തകം 6:6-8) ആത്മീയദാരിദ്ര്യത്തിൽ ആഴ്‌ന്നുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ മക്കളെ വളർത്തിക്കൊണ്ടുവരുന്ന ജ്ഞാനികളായ മാതാപിതാക്കൾ അതേ മാതൃക പിൻപറ്റുന്നു.
പ്രോത്സാഹനം പകർന്ന ഒരു സന്ദർശനം
പെട്ടെന്നാണ് ആ പ്രശാന്തത ഭഞ്‌ജിക്കപ്പെട്ടത്. ഒരുകൂട്ടം ആട്ടിടയന്മാർ കാലിത്തൊഴുത്തിലേക്ക് ഓടിയെത്തി. ആ കുടുംബത്തെ, വിശേഷിച്ച് കുഞ്ഞിനെ കാണാനായിരുന്നു അവരുടെ വരവ്. എന്തെന്നില്ലാത്ത ആവേശവും ആഹ്ലാദവുമായിരുന്നു അവർക്ക്. മലഞ്ചരിവിൽ ആടുകളെ മേയ്‌ക്കുകയായിരുന്നു ഈ ഇടയന്മാർ. * അത്ഭുതസ്‌തബ്ധരായിനിൽക്കുന്ന യോസേഫിനോടും മറിയയോടും, തങ്ങൾക്കുണ്ടായ ഒരു അവിശ്വസനീയ അനുഭവത്തെക്കുറിച്ച് അവർ പറഞ്ഞു: അർധരാത്രി ഒരു ദൂതൻ അവർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു; യഹോവയുടെ തേജസ്സ് അവിടെയെങ്ങും നിറഞ്ഞിരുന്നു. ക്രിസ്‌തു അഥവാ മിശിഹാ ബേത്ത്‌ലെഹെമിൽ ജനിച്ചിരിക്കുന്നെന്നും ശീലയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ അവർ കാണുമെന്നും ആ ദൂതൻ അവരെ അറിയിച്ചു. പ്രൗഢോജ്ജ്വലമായ ഒരു കാഴ്‌ചയായിരുന്നു പിന്നീട്: ദൈവദൂതന്മാരുടെ ഒരു വൻസംഘം ആകാശത്തു പ്രത്യക്ഷപ്പെട്ട് യഹോവയ്‌ക്കു സ്‌തുതിപാടി.
ആ എളിയമനുഷ്യർ തിടുക്കത്തിൽ ബേത്ത്‌ലെഹെമിലേക്കു തിരിച്ചതിൽ അതിശയിക്കാനില്ല! ദൂതൻ പറഞ്ഞതുപോലെതന്നെ പുൽത്തൊട്ടിയിൽ ഒരു ശിശുവിനെ കണ്ടപ്പോൾ അവർക്കെത്ര സന്തോഷംതോന്നിക്കാണും! ഇടയന്മാർ ആ സദ്വാർത്ത രഹസ്യമായി സൂക്ഷിച്ചില്ല. മറിച്ച്, അവർ “പൈതലിനെക്കുറിച്ചു . . . അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.” (ലൂക്കൊസ് 2:17, 18) അന്നത്തെ മതനേതാക്കന്മാർക്ക് ആട്ടിടയന്മാരെ പുച്ഛമായിരുന്നു. എന്നാൽ വിശ്വസ്‌തരായ ആ എളിയമനുഷ്യർക്ക് യഹോവ വിലകൽപ്പിച്ചു. ആകട്ടെ, അവരുടെ സന്ദർശനം മറിയയെ എങ്ങനെയാണ് സ്വാധീനിച്ചത്?
പ്രസവത്തിന്റെ ആലസ്യവും ക്ഷീണവും വിട്ടുമാറിയിരുന്നില്ലെങ്കിലും അവർ പറഞ്ഞതെല്ലാം മറിയ സശ്രദ്ധം കേട്ടു. അതു മാത്രമോ? “മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.” (ലൂക്കൊസ് 2:19) കാര്യങ്ങളെക്കുറിച്ച് നല്ലവണ്ണം ചിന്തിക്കുന്ന പ്രകൃതമായിരുന്നു മറിയയുടേത്. ദൂതന്റെ സന്ദേശം അതിപ്രധാനമാണെന്ന് അവൾ മനസ്സിലാക്കി. അവളുടെ മകൻ ആരാണെന്നും എത്ര ഉന്നതനാണെന്നും അവൾ അറിയണമെന്ന് അവളുടെ ദൈവമായ യഹോവ ആഗ്രഹിച്ചു. അതുകൊണ്ട് അവൾ കേൾക്കുകമാത്രമല്ല, വരുംനാളുകളിലെല്ലാം ധ്യാനിക്കേണ്ടതിന് അവ ഹൃദയത്തിൽ സംഗ്രഹിക്കുകയും ചെയ്‌തു. ജീവിതത്തിലുടനീളം വിശ്വാസം പ്രകടമാക്കാൻ മറിയയെ സഹായിച്ച ഒരു സുപ്രധാന ഘടകമാണ് നാം ഇവിടെ കാണുന്നത്.
ഇക്കാര്യത്തിൽ നിങ്ങൾ മറിയയെപ്പോലെ ആയിരിക്കുമോ? അമൂല്യമായ ആത്മീയവിവരങ്ങളുടെ കലവറയാണ് യഹോവയുടെ വചനമായ ബൈബിൾ. പക്ഷേ, അതിനു ശ്രദ്ധകൊടുത്തില്ലെങ്കിൽ അതുകൊണ്ട് നമുക്കു യാതൊരു പ്രയോജനവുമില്ല. ബൈബിൾ നിത്യവും വായിച്ചുകൊണ്ട് നാം അതിനു ശ്രദ്ധനൽകുന്നു—കേവലം ഒരു സാഹിത്യകൃതിയെന്ന നിലയിലല്ല, ദൈവത്തിന്റെ നിശ്വസ്‌ത വചനമെന്ന നിലയിൽ. (2 തിമൊഥെയൊസ് 3:16) തുടർന്ന് മറിയ ചെയ്‌തതുപോലെ, ആ ആത്മീയവചസ്സുകൾ നാം ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിക്കേണ്ടതുണ്ട്. ബൈബിളിൽനിന്നു വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും യഹോവയുടെ ബുദ്ധിയുപദേശം ഏറെ മെച്ചമായി എങ്ങനെ ബാധകമാക്കാം എന്നു ചിന്തിക്കുകയും ചെയ്യുന്നപക്ഷം നമ്മുടെ വിശ്വാസം ബലിഷ്‌ഠമായിത്തീരും.
മനസ്സിൽ സംഗ്രഹിക്കാൻ വീണ്ടും ചില കാര്യങ്ങൾ
ശിശുവിന് എട്ടുദിവസം പ്രായമായപ്പോൾ മോശൈകന്യായപ്രമാണമനുസരിച്ച് യോസേഫും മറിയയും അവനെ പരിച്ഛേദന കഴിച്ചു. ദൂതൻ പറഞ്ഞിരുന്നതുപോലെ യേശു എന്നു പേരിടുകയും ചെയ്‌തു. (ലൂക്കൊസ് 1:31) പിന്നെ 40-ാം ദിവസം അവർ അവനെ ബേത്ത്‌ലെഹെമിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള യെരൂശലേം ആലയത്തിലേക്കു കൊണ്ടുപോയി. അവിടെ അവർ ശുദ്ധീകരണയാഗം കഴിച്ചു. ന്യായപ്രമാണപ്രകാരം, ദരിദ്രരായവർ രണ്ടുകുറുപ്രാക്കളെയോ അതുമല്ലെങ്കിൽ രണ്ടുപ്രാവിൻകുഞ്ഞുങ്ങളെയോ അർപ്പിച്ചാൽ മതിയായിരുന്നു. മറ്റു മാതാപിതാക്കളെപ്പോലെ ഒരു ആട്ടിൻകുട്ടിയെയും ഒരു കുറുപ്രാവിനെയും അർപ്പിക്കാനാവാത്തതിൽ അവർക്ക് നാണക്കേടു തോന്നിയിട്ടുണ്ടെങ്കിൽത്തന്നെ അത്തരം ചിന്തകളൊക്കെ അവർ വിട്ടുകളഞ്ഞു. എന്തായിരുന്നാലും, ആലയത്തിൽ ചെന്നപ്പോൾ അവർക്കു പ്രോത്സാഹനമേകുന്ന ചില കാര്യങ്ങൾ സംഭവിച്ചു.—ലൂക്കൊസ് 2:21-24.
ശിമ്യോൻ എന്നൊരു വൃദ്ധൻ അവരുടെ അടുക്കൽവന്ന് ശിശുവിനെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞു. മറിയയ്‌ക്ക് മനസ്സിൽ സംഗ്രഹിക്കാനുള്ള വചനങ്ങളായിരുന്നു അത്. മരിക്കുന്നതിനുമുമ്പ് മിശിഹായെ കാണാനാകുമെന്ന് പരിശുദ്ധാത്മാവ് അദ്ദേഹത്തെ അറിയിച്ചിരുന്നു. യേശുവാണ് വാഗ്‌ദത്ത മിശിഹായെന്ന് പരിശുദ്ധാത്മാവ് ശിമ്യോനു വെളിപ്പെടുത്തി. മറിയയ്‌ക്ക് വേദനാകരമായ ചില അനുഭവങ്ങളുണ്ടാകുമെന്നും അത് അവളുടെ ഉള്ളിലൂടെ ഒരു വാൾ തുളച്ചുകയറുംപോലെ ആയിരിക്കുമെന്നും ശിമ്യോൻ മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കൊസ് 2:25-35) നടുക്കുന്നതെങ്കിലും ആ വാക്കുകൾ, മൂന്നുദശാബ്ദത്തിനുശേഷം അവളുടെ ജീവിതത്തിൽ സംഭവിക്കുമായിരുന്ന ഒരു ദുരന്തത്തെ നേരിടാൻ അവളെ ഒരുക്കിയിട്ടുണ്ടാവണം. ഉടൻതന്നെ ഹന്നാ എന്ന ഒരു പ്രവാചകയും അവരുടെ അടുത്തെത്തി. അവൾ ശിശുവിനെ കണ്ട്, യെരൂശലേമിന്റെ വിമോചനത്തിനായി കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി.—ലൂക്കൊസ് 2:36-38.
കുഞ്ഞിനെയുംകൊണ്ട് യഹോവയുടെ ആലയത്തിൽ ചെല്ലാനുള്ള ആ മാതാപിതാക്കളുടെ തീരുമാനം എത്ര നന്നായിരുന്നു! യഹോവയുടെ ആലയത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ജീവിതമായിരുന്നല്ലോ യേശുവിന്റേത്; അതിനുള്ള ഒരു നല്ല തുടക്കമായിരുന്നു ഈ സന്ദർശനം. ആലയത്തിലായിരുന്നപ്പോൾ ദൈവസേവനത്തോടുള്ള ബന്ധത്തിൽ തങ്ങളുടെ കഴിവുപോലെ അവർ ചെയ്‌തു; പ്രബോധനങ്ങളും പ്രോത്സാഹനങ്ങളും അവർക്ക് അവിടെനിന്നു ലഭിച്ചു. അങ്ങനെ വിശ്വാസത്തിൽ ബലിഷ്‌ഠയായി, ധ്യാനിക്കാനും മറ്റുള്ളവരോടു പറയാനുമായി കുറെയേറെക്കാര്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചിട്ടാണ് മറിയ ആലയത്തിൽനിന്നു പോന്നത്.
ഇന്നത്തെ മാതാപിതാക്കൾ ഈ മാതൃക അനുകരിക്കുന്നത് ശ്ലാഘനീയമാണ്. യഹോവയുടെ സാക്ഷികളായ മാതാപിതാക്കൾ മക്കളെ മുടങ്ങാതെ ക്രിസ്‌തീയ യോഗങ്ങൾക്കു കൊണ്ടുവരാറുണ്ട്. സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവർ ദൈവസേവനത്തിൽ തങ്ങളാലാവതു ചെയ്യുന്നു. ആത്മീയമായി ബലിഷ്‌ഠരും സന്തുഷ്ടരുമായാണ് അവർ വീടുകളിലേക്കു മടങ്ങുക. മറ്റുള്ളവരുമായി പങ്കുവെക്കാൻ ഒട്ടേറെ നല്ല കാര്യങ്ങളും അവർക്ക് അവിടെനിന്നു ലഭിക്കുന്നു. അവരോടൊപ്പം കൂടിവരാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുകയാണ്. ആ ക്ഷണം സ്വീകരിക്കുന്നപക്ഷം, മറിയയെപ്പോലെ നിങ്ങളുടെ വിശ്വാസവും ശക്തമായിത്തീരും.
[അടിക്കുറിപ്പുകൾ]
^ ഖ. 10 ഈ വിവരണവും മറിയയുടെ മറ്റൊരു യാത്രയെക്കുറിച്ചുള്ള വിവരണവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. അവൾ എലീശബെത്തിനെ കാണാൻ പോയതിനെക്കുറിച്ച് ബൈബിൾ പറയുന്നു: “മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടുചെന്നു.” (ലൂക്കൊസ് 1:39) അന്ന് അവരുടെ വിവാഹനിശ്ചയം മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഈ യാത്രയുടെ കാര്യത്തിൽ, അവൾ യോസേഫുമായി സംസാരിക്കാതെ സ്വന്തമായി തീരുമാനിക്കുകയായിരുന്നിരിക്കാം. എന്നാൽ വിവാഹത്തിനു ശേഷമുള്ള അവരുടെ യാത്ര തീരുമാനിച്ചത് യോസേഫാണ്, മറിയയല്ല.
^ ഖ. 14 സഞ്ചാരികൾക്കും യാത്രാസംഘങ്ങൾക്കും രാപാർക്കാൻ അക്കാലത്ത് ഓരോ പട്ടണത്തിലും സത്രമുണ്ടായിരുന്നു.
^ ഖ. 19 ആട്ടിടയന്മാർ ആടുകളുമായി വെളിമ്പദ്രേശത്തായിരുന്നുവെന്ന വസ്‌തുത യേശുവിന്റെ ജനനത്തോടു ബന്ധപ്പെട്ട് ബൈബിൾ നൽകുന്ന സൂചനകളോടു യോജിക്കുന്നു: ആട്ടിൻകൂട്ടങ്ങളെ വെളിയിലിറക്കാതെ തൊഴുത്തിൽത്തന്നെ സൂക്ഷിച്ചിരുന്ന ഡിസംബർ മാസത്തിലല്ല ക്രിസ്‌തു ജനിച്ചത്. മറിച്ച്, ഒക്‌ടോബർ ആരംഭത്തിലായിരിക്കണം.