ദാവീദിന് ഭയം തോന്നാതിരുന്നത് എന്തുകൊണ്ട്?
മക്കളെ പഠിപ്പിക്കാൻ
ദാവീദിന് ഭയം തോന്നാതിരുന്നത് എന്തുകൊണ്ട്?
നിങ്ങൾക്കു പേടി തോന്നാറുണ്ടോ?— * മിക്കവർക്കും ചിലപ്പോഴൊക്കെ പേടി തോന്നാറുണ്ട്. നിങ്ങൾക്കു പേടി തോന്നുമ്പോൾ എന്തുചെയ്യാനാകും?— നിങ്ങളെക്കാൾ മുതിർന്ന, ശക്തിയുള്ള ഒരാളുടെ സഹായം തേടാം. ഒരുപക്ഷേ നിങ്ങളുടെ അച്ഛനും അമ്മയ്‌ക്കും സഹായിക്കാനാകും. സഹായത്തിനായി എങ്ങോട്ടു തിരിയണം എന്നതിനെക്കുറിച്ച് ദാവീദിൽനിന്നു നമുക്കു വളരെയേറെ കാര്യങ്ങൾ പഠിക്കാനാകും. അവൻ ഇങ്ങനെ പാടി: “ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. . . . ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.”—സങ്കീർത്തനം 56:3, 4.
ഭയപ്പെടാതിരിക്കാൻ ദാവീദ് ആരിൽനിന്നാണ് പഠിച്ചത്? അവന്റെ മാതാപിതാക്കളിൽനിന്നായിരിക്കുമോ?— ആയിരിക്കാം. അവന്റെ പിതാവ് യിശ്ശായി, വാഗ്‌ദാനം ചെയ്യപ്പെട്ട ‘സമാധാനപ്രഭുവായ’ യേശുക്രിസ്‌തുവിന്റെ പൂർവപിതാവാണ്. വിശ്വസ്‌തനായ ഒരു വ്യക്തി ആയിരുന്നു അദ്ദേഹം. (യെശയ്യാവു 9:6; 11:1-3, 10) യിശ്ശായിയുടെ പിതാവ്—അതായത് ദാവീദിന്റെ മുത്തച്ഛൻ—ഓബേദ് ആയിരുന്നു. ഓബേദിന്റെ അമ്മയുടെ പേരിൽ ഒരു ബൈബിൾ പുസ്‌തകമുണ്ട്. ആ പേര് ഓർമിക്കുന്നുണ്ടോ?— രൂത്ത്. വിശ്വസ്‌തയായ അവളുടെ ഭർത്താവ് ബോവസായിരുന്നു.—രൂത്ത് 4:21, 22.
രൂത്തും ബോവസും ദാവീദ് ജനിക്കുന്നതിന് വളരെക്കാലം മുമ്പുതന്നെ മരിച്ചുപോയിരുന്നു. ആരായിരുന്നു ബോവസിന്റെ അമ്മ? യെരീഹോയിൽ ജീവിച്ചിരുന്ന അവൾ ചില ഇസ്രായേല്യ ചാരന്മാരെ സംരക്ഷിച്ചു. പിന്നീട് യെരീഹോ മതിൽ തകർന്നപ്പോൾ, ജനാലയിൽ ചുവപ്പുചരടു കെട്ടിയിരുന്നതിനാൽ അവൾക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചു. എന്തായിരുന്നു അവളുടെ പേര്?— രാഹാബ്. യഹോവയുടെ ആരാധികയായിത്തീർന്ന അവളെ ക്രിസ്‌ത്യാനികൾക്ക് അനുകരിക്കാനാകുന്ന ധൈര്യത്തിന്റെ ഒരു മാതൃകയായി ബൈബിൾ വിശേഷിപ്പിക്കുന്നു.—യോശുവ 2:1-21; 6:22-25; എബ്രായർ 11:30, 31.
ദാവീദിന്റെ അമ്മയപ്പന്മാർ യഹോവയുടെ ഈ വിശ്വസ്‌ത ദാസന്മാരെക്കുറിച്ച് അവനെ പഠിപ്പിച്ചിരുന്നുവെന്ന് ഉറപ്പാണ്. കാരണം, ഇത്തരം കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ദൈവം കൽപ്പിച്ചിട്ടുണ്ടായിരുന്നു. (ആവർത്തനപുസ്‌തകം 6:4-9) ഒരിക്കൽ, യിശ്ശായിയുടെ ഇളയമകനായ ദാവീദിനെ ഇസ്രായേലിന്റെ ഭാവിരാജാവായി തിരഞ്ഞെടുക്കാൻ ദൈവത്തിന്റെ പ്രവാചകനായ ശമൂവേലിനു നിർദേശം ലഭിച്ചു.—1 ശമൂവേൽ 16:4-13.
ദൈവത്തിന്റെ ശത്രുക്കളായ ഫെലിസ്‌ത്യരോടു പോരാടുകയായിരുന്ന മൂന്നുജ്യേഷ്‌ഠസഹോദരന്മാർക്കു ഭക്ഷണം കൊണ്ടുപോയിക്കൊടുക്കാൻ ഒരു ദിവസം യിശ്ശായി ദാവീദിനോടു പറഞ്ഞു. അവിടെ എത്തിയപാടെ ദാവീദ് പടനിരകളിലേക്ക് ഓടിച്ചെന്നു. മല്ലനായ ഗൊല്യാത്ത്
‘ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുന്നത്’ അവൻ കേൾക്കാനിടയായി. താനുമായി ഏറ്റുമുട്ടാൻ ഗൊല്യാത്ത് യിസ്രായേല്യരെ വെല്ലുവിളിച്ചു. എന്നാൽ ആ വെല്ലുവിളി സ്വീകരിക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു. ദാവീദ് പോരാട്ടത്തിനു തയ്യാറാണെന്നു കേട്ടപ്പോൾ ശൗൽ രാജാവ് അവനെ വിളിപ്പിച്ചു. പക്ഷേ, അവനെ കണ്ടപ്പോൾ ‘നീ ബാലൻ അത്രേ’ എന്നായിരുന്നു ശൗലിന്റെ പ്രതികരണം.തന്റെ ആടുകളെ പിടിച്ചുകൊണ്ടുപോകാൻ വന്ന ഒരു സിംഹത്തെയും കരടിയെയും താൻ കൊന്നിട്ടുണ്ടെന്നു ദാവീദ് വിശദീകരിച്ചു. ഗൊല്യാത്തും “അവയിൽ ഒന്നിനെപ്പോലെ ആകും,” അവൻ പറഞ്ഞു. അപ്പോൾ ശൗൽ, “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു മറുപടി പറഞ്ഞു. മിനുസമുള്ള അഞ്ചു കല്ലെടുത്ത് തന്റെ സഞ്ചിയിലിട്ട്, കവിണയുമായി ദാവീദ് ആ മല്ലനെ നേരിടാൻ ചെന്നു. ഒരു ചെറിയ കുട്ടി തന്റെ നേരെ വരുന്നതു കണ്ടപ്പോൾ ഗൊല്യാത്ത് അലറി: ‘ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്ക് ഇരയാക്കും.’ പക്ഷേ ദാവീദ് അവനോട്: ‘ഞാനോ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. . . . ഞാൻ നിന്നെ കൊല്ലും’ എന്നു വിളിച്ചുപറഞ്ഞു.
അത്രയും പറഞ്ഞിട്ട് ദാവീദ് ഗൊല്യാത്തിനെ നേരിടാൻ ഓടിയടുത്തു. തന്റെ സഞ്ചിയിൽനിന്ന് ഒരു കല്ലെടുത്ത് കവിണയിൽവെച്ച് ഗൊല്യാത്തിന്റെ നെറ്റിക്കു നേരെ ചുഴറ്റിയെറിഞ്ഞു. ഗൊല്യാത്ത് മരിച്ചു എന്നു കണ്ടപ്പോൾ ഫെലിസ്‌ത്യർ പരിഭ്രാന്തരായി ഓടിപ്പോയി. അവരെ പിന്തുടർന്ന ഇസ്രായേൽ സൈന്യം യുദ്ധം ജയിച്ചു. 1 ശമൂവേൽ 17:12-54-ൽ പറഞ്ഞിരിക്കുന്ന ഈ കഥ കുടുംബം ഒന്നിച്ചിരുന്നു വായിച്ചു നോക്കൂ.
കുട്ടികളെന്ന നിലയിൽ, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കാൻ ചിലപ്പോൾ നിങ്ങൾക്കു ഭയം തോന്നിയേക്കാം. ബാലനായിരുന്ന യിരെമ്യാവിനും ആദ്യം ഭയം തോന്നി. പക്ഷേ ‘നീ ഭയപ്പെടരുതു . . . ഞാൻ നിന്നോടുകൂടെ ഉണ്ട്’ എന്ന് ദൈവം അവനോടു പറഞ്ഞു. യിരെമ്യാവ് ധൈര്യം സംഭരിച്ച് ദൈവം അവനോടു നിർദേശിച്ചതുപോലെ പ്രസംഗിച്ചു. ദാവീദിനെയും യിരെമ്യാവിനെയും പോലെ ദൈവത്തിൽ ആശ്രയിക്കുകയാണെങ്കിൽ നിങ്ങൾക്കും ധൈര്യം ഉള്ളവരായിരിക്കാനാകും.—യിരെമ്യാവു 1:6-8.
[അടിക്കുറിപ്പ്]
^ ഖ. 3 നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനുശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
ചോദ്യങ്ങൾ:
❍ ദൈവത്തിന്റെ സേനയെ ഗൊല്യാത്ത് നിന്ദിച്ചപ്പോൾ ദാവീദ് എന്തു ചെയ്‌തു?
❍ ദാവീദ് ഗൊല്യാത്തിനെ പരാജയപ്പെടുത്തിയത് എങ്ങനെ?
❍ ധൈര്യമുള്ളവരായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?