മരിക്കുമ്പോൾ യഥാർഥത്തിൽ എന്തു സംഭവിക്കുന്നു?
മരിക്കുമ്പോൾ യഥാർഥത്തിൽ എന്തു സംഭവിക്കുന്നു?
“എല്ലാ ദേഹിയും അമർത്യമാണ്, ദുഷ്ടന്മാരുടേതുൾപ്പെടെ. . . . നിത്യപ്രതികാരത്തിന്റെ കെടാത്ത അഗ്നിയിൽ ശിക്ഷിക്കപ്പെടുന്ന അവർ മരിക്കുന്നില്ല. അവരുടെ യാതനയ്‌ക്ക് ഒരിക്കലും അറുതിയില്ല.”—അലക്‌സാൻഡ്രിയയിലെ ക്ലെമന്റ്, എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടിലെ എഴുത്തുകാരൻ.
ക്ലെമന്റിനെപ്പോലെ, നരകം ഒരു ദണ്ഡനസ്ഥലമാണെന്നു പഠിപ്പിക്കുന്നവർ ദേഹി അമർത്യമാണെന്ന് കരുതുന്നു. ബൈബിൾ ഇതിനെ പിന്താങ്ങുന്നുണ്ടോ? പിൻവരുന്ന ചോദ്യങ്ങൾക്ക് ബൈബിൾ നൽകുന്ന ഉത്തരം എന്താണെന്നു ശ്രദ്ധിക്കുക.
ആദ്യമനുഷ്യനായ ആദാമിന് അമർത്യമായ ദേഹി ഉണ്ടായിരുന്നോ? ആദാമിന്റെ സൃഷ്ടിയെക്കുറിച്ച് ബൈബിൾ പറയുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്‌പത്തി 2:7) ആദാമിന് ഒരു ദേഹി നൽകി എന്ന് പ്രസ്‌തുത തിരുവെഴുത്തു പറയുന്നില്ല എന്നത് ശ്രദ്ധിക്കുക.
പാപം ചെയ്‌തശേഷം ആദാമിന് എന്താണു സംഭവിച്ചത്? നരകത്തിലെ നിത്യദണ്ഡനമായിരുന്നില്ല ദൈവം അവനു വിധിച്ച ശിക്ഷ. മറിച്ച്, ദൈവത്തിന്റെ ശിക്ഷാവിധി ഇങ്ങനെയായിരുന്നു: “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) ആദാമിന്റെ ഏതെങ്കിലും ഒരു ഭാഗം മരണത്തെ അതിജീവിക്കുമെന്ന യാതൊരു സൂചനയും ദൈവത്തിന്റെ ശിക്ഷാവിധിയിലില്ല. ആദാം മരിച്ചപ്പോൾ, ആദാം എന്ന ദേഹി മരിച്ചു.
ഏതെങ്കിലും മനുഷ്യന് അമർത്യ ദേഹി ഉണ്ടോ? ദൈവം പ്രവാചകനായ യെഹെസ്‌കേലിനോട് ഇങ്ങനെ പറഞ്ഞു: “പാപം ചെയ്യുന്ന ദേഹി മരിക്കും.” (യെഹെസ്‌കേൽ 18:4) അപ്പൊസ്‌തലനായ പൗലൊസ് എഴുതി: “ഏകമനുഷ്യനാൽ [ആദാമിനാൽ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) എല്ലാ മനുഷ്യരും പാപം ചെയ്യുന്നസ്ഥിതിക്ക് എല്ലാ ദേഹികളും മരിക്കും.
മരിച്ചവർ എന്തെങ്കിലും അറിയുന്നുണ്ടോ? ദൈവവചനം പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) മരിക്കുമ്പോൾ മനുഷ്യന് എന്തു സംഭവിക്കുന്നുവെന്ന് ബൈബിൾ വിശദീകരിക്കുന്നു: “അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” (സങ്കീർത്തനം 146:4) മരിച്ചവർ ‘ഒന്നും അറിയുന്നില്ലെങ്കിൽ,’ അവരുടെ ‘നിരൂപണങ്ങൾ നശിക്കുന്നെങ്കിൽ,’ അവർക്ക് എങ്ങനെ നരകത്തിൽ കഠോരവേദന അനുഭവിക്കാനാകും?
എന്തെങ്കിലും അറിയാനോ അനുഭവിക്കാനോ കഴിയുന്ന ഒരു അവസ്ഥയോടല്ല, പിന്നെയോ നിദ്രയോടാണ് യേശുക്രിസ്‌തു മരണത്തെ ഉപമിച്ചത്. * (യോഹന്നാൻ 11:11-15) പക്ഷേ, പാപികൾ നരകത്തിൽ പോകുമെന്നും നരകം ചുട്ടുപൊള്ളുന്ന ഒരു സ്ഥലമാണെന്നും യേശു പഠിപ്പിച്ചിട്ടുണ്ടെന്നു ചിലർ വാദിച്ചേക്കാം. നരകത്തെക്കുറിച്ച് യേശു യഥാർഥത്തിൽ എന്താണു പഠിപ്പിച്ചതെന്ന് നമുക്കിപ്പോൾ നോക്കാം.
[അടിക്കുറിപ്പ്]
^ ഖ. 8 കൂടുതൽ വിവരങ്ങൾക്ക് “യേശുവിൽനിന്നു പഠിക്കുക—മരിച്ചവർക്ക് എന്തു പ്രത്യാശയാണുള്ളത്?” എന്ന 16, 17 പേജുകളിലെ ലേഖനം കാണുക.