വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എല്ലാ അത്ഭുത രോഗശാന്തികളുടെയും പിന്നിൽ ദൈവമാണോ?

എല്ലാ അത്ഭുത രോഗശാന്തികളുടെയും പിന്നിൽ ദൈവമാണോ?

വായനക്കാർ ചോദിക്കുന്നു

എല്ലാ അത്ഭുത രോഗശാന്തികളുടെയും പിന്നിൽ ദൈവമാണോ?

യഹോവയാംദൈവത്തിന്‌ രോഗങ്ങൾ സുഖപ്പെടുത്താനുള്ള കഴിവുണ്ട്‌ എന്നതിൽ സംശയമില്ല. ആ കഴിവ്‌ തന്റെ ആരാധകർക്ക്‌ നൽകാനും അവനു സാധിക്കും. അപ്പൊസ്‌തലന്മാരുടെ നാളുകളിൽ പരിശുദ്ധാത്മാവിന്റെ സവിശേഷവരങ്ങളിൽ ഒന്നായിരുന്നു അത്ഭുത രോഗശാന്തി. പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത്‌ ഒരു നല്ല ഉദ്ദേശ്യത്തിനായിട്ടത്രേ. ഒരുവന്‌ ആത്മാവിനാൽ ജ്ഞാനത്തിന്റെ വരം നൽകപ്പെട്ടിരിക്കുന്നു; . . . മറ്റൊരുവന്‌ ആ ആത്മാവിനാൽത്തന്നെ രോഗശാന്തിവരങ്ങൾ. . . . മറ്റൊരുവന്‌ പ്രവചനം; . . . ഇനിയൊരുവന്‌ പലവിധ ഭാഷകൾ.”—1 കൊരിന്ത്യർ 12:4-11.

എന്നാൽ പരിശുദ്ധാത്മാവിന്റെ അത്ഭുതവരങ്ങൾ നിന്നുപോകുമെന്നും കൊരിന്ത്യർക്കുള്ള അതേ ലേഖനത്തിൽ പൗലോസ്‌ എഴുതി: “സ്‌നേഹം ഒരിക്കലും നിലച്ചുപോകുകയില്ല. പ്രവചനവരമോ അതു നീങ്ങിപ്പോകും; ഭാഷാവരമോ അതു നിന്നുപോകും; ജ്ഞാനമോ അതു നീങ്ങിപ്പോകും.”—1 കൊരിന്ത്യർ 13:8.

ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്‌തുവും അപ്പൊസ്‌തലന്മാരും അത്ഭുതകരമായി രോഗങ്ങൾ സുഖപ്പെടുത്തിയിരുന്നു. രോഗശാന്തിവരം ഉൾപ്പെടെയുള്ള ആത്മാവിന്റെ വരങ്ങൾ അന്ന്‌ ദൈവത്തിന്‌ മഹത്ത്വം കൈവരുത്തി. മാത്രമല്ല പുതുതായി രൂപംകൊണ്ട ക്രിസ്‌തീയസഭയ്‌ക്ക്‌ യഹോവയുടെ അംഗീകാരവും അനുഗ്രഹവും ഉണ്ടെന്ന്‌ അതു തെളിയിച്ചു. എന്നാൽ സഭ വളർന്നുകഴിയുമ്പോൾ ഈ അത്ഭുതവരങ്ങൾക്കുപകരം ദൈവാംഗീകാരത്തിനുള്ള തെളിവായി വർത്തിക്കുമായിരുന്നത്‌ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയായിരിക്കുമായിരുന്നു. (യോഹന്നാൻ 13:35; 1 കൊരിന്ത്യർ 13:13) അങ്ങനെ എ.ഡി. 100-ാം ആണ്ടോടുകൂടി രോഗശാന്തിവരം നീങ്ങിപ്പോയി; മേലാൽ അത്‌ ദൈവാംഗീകാരത്തിനുള്ള തെളിവായി വർത്തിക്കുമായിരുന്നില്ല. *

‘പക്ഷേ, ഇപ്പോഴും അത്ഭുത രോഗശാന്തികളെക്കുറിച്ച്‌ കേൾക്കുന്നുണ്ടല്ലോ’ എന്ന്‌ നിങ്ങൾ ചിന്തിച്ചേക്കാം. ഒരിക്കൽ കാൻസർ ‘ബാധിതനായ’ ഒരാളെക്കുറിച്ച്‌ പത്രത്തിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു. തലയിലും വൃക്കകളിലും അസ്ഥികളിലും കാൻസർ ബാധിച്ചിരുന്ന അയാൾ രക്ഷപ്പെടില്ലെന്ന്‌ വൈദ്യശാസ്‌ത്രം വിധിയെഴുതിയത്രേ. അങ്ങനെയിരിക്കെ ഒരു ദിവസം ദൈവം തന്നോടു ‘സംസാരിച്ചതായി’ അയാൾ അവകാശപ്പെട്ടു. ദിവസങ്ങൾക്കകം അയാളുടെ രോഗം പൂർണമായും ഭേദമായെന്ന്‌ പത്രം റിപ്പോർട്ടുചെയ്യുന്നു.

അങ്ങനെയുള്ള കഥകൾ കേൾക്കുമ്പോൾ ഒന്നു ചിന്തിക്കുക: ‘ഇതു വാസ്‌തവത്തിൽ നടന്നതാണോ? രോഗം ഭേദമായി എന്നതിന്‌ വൈദ്യശാസ്‌ത്രപരമായ തെളിവുണ്ടോ? രോഗം ഭേദമായതായി കാണപ്പെടുന്നെങ്കിൽത്തന്നെ, എല്ലാ രോഗശാന്തികളും നടക്കുന്നത്‌ ദൈവസഹായത്താലാണെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?’

അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം ഏറെ പ്രസക്തമാണ്‌. കാരണം യേശു അനുഗാമികൾക്ക്‌ ഈ മുന്നറിയിപ്പു നൽകി: “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ. . . . അന്നു പലരും എന്നോട്‌, ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിച്ചില്ലയോ? നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലയോ? നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ ചെയ്‌തില്ലയോ?’ എന്നു പറയും. എന്നാൽ ഞാൻ അവരോട്‌, ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ട്‌ പോകുവിൻ എന്നു തീർത്തുപറയും.”—മത്തായി 7:15, 21-23.

അത്ഭുത രോഗശാന്തി ദൈവത്തിൽനിന്നല്ലാതെയും ഉണ്ടാകാം എന്നു വ്യക്തം. ദൈവനാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നെന്ന്‌ അവകാശപ്പെടുന്നവരാൽ വഞ്ചിക്കപ്പെടാതിരിക്കാൻ നമുക്കെന്തു ചെയ്യാനാകും? നാം ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടണം; കാര്യങ്ങൾ വിലയിരുത്താൻ ദൈവം തന്നിട്ടുള്ള പ്രാപ്‌തിയെ നാം ഉപയോഗപ്പെടുത്തണം; ദൈവേഷ്ടം ചെയ്യുന്നവരെ തിരിച്ചറിയാൻ നാം പഠിക്കണം.—മത്തായി 7:16-19; യോഹന്നാൻ 17:3; റോമർ 12:1, 2.

[അടിക്കുറിപ്പ്‌]

^ ഖ. 5 കൈവെപ്പിലൂടെ ആത്മാവിന്റെ വരം പകർന്നുകൊടുക്കുന്നത്‌ അപ്പൊസ്‌തലന്മാരുടെ മരണത്തോടുകൂടെ നിന്നുപോയതായി കാണപ്പെടുന്നു. ആത്മാവിന്റെ അത്ഭുതവരങ്ങൾ പകർന്നുകിട്ടിയവർ മരിച്ചതോടെ അവ പൂർണമായും നീങ്ങിപ്പോയി.