വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1 ബൈബിളിൽ വിശ്വാസം വളർത്തുക

1 ബൈബിളിൽ വിശ്വാസം വളർത്തുക

1 ബൈബിളിൽ വിശ്വാസം വളർത്തുക

“എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌; പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും . . . അവ ഉപകരിക്കുന്നു.”—2 തിമൊഥെയൊസ്‌ 3:16.

പ്രതിബന്ധം: മനുഷ്യബുദ്ധിയിലുദിച്ച ആശയങ്ങളാണ്‌ ബൈബിളിലുള്ളത്‌ എന്നാണ്‌ പലരുടെയും ധാരണ. അതിലെ ചരിത്ര വിവരങ്ങൾ കൃത്യമല്ലെന്ന്‌ ചിലർ കരുതുന്നു. ബൈബിളിലെ ഉപദേശങ്ങൾ പഴഞ്ചനാണെന്നും അവ പ്രായോഗികമല്ലെന്നും മറ്റുചിലർ പറയുന്നു.

എങ്ങനെ മറികടക്കാം? ബൈബിളിന്റെ ആശ്രയയോഗ്യതയെ അല്ലെങ്കിൽ മൂല്യത്തെ ചോദ്യംചെയ്യുന്നവർ വാസ്‌തവത്തിൽ ഈ ഗ്രന്ഥം വ്യക്തിപരമായി പരിശോധിച്ചിട്ടില്ലാത്തവരാണ്‌. മറ്റുള്ളവർ പറയുന്നത്‌ അവർ ഏറ്റുപറയുന്നു എന്നേയുള്ളൂ. എന്നാൽ ബൈബിൾ നൽകുന്ന മുന്നറിയിപ്പ്‌ ഇതാണ്‌: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”—സദൃശവാക്യങ്ങൾ 14:15.

മറ്റുള്ളവർ പറയുന്നത്‌ കണ്ണുമടച്ച്‌ വിശ്വസിക്കുന്നതിനുപകരം ഒന്നാം നൂറ്റാണ്ടിൽ ബെരോവയിൽ (ഇന്നത്തെ വടക്കൻ ഗ്രീസിൽ) ജീവിച്ചിരുന്ന ക്രിസ്‌ത്യാനികളുടെ മാതൃക പിൻപറ്റുന്നത്‌ നല്ലതായിരിക്കും. കേട്ടതെല്ലാം അപ്പാടെ വിശ്വസിക്കുകയല്ല അവർ ചെയ്‌തത്‌. മറിച്ച്‌, “അത്‌ അങ്ങനെതന്നെയോ എന്ന്‌ ഉറപ്പാക്കാൻ (അവർ) ദിനന്തോറും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധി”ക്കുമായിരുന്നു. (പ്രവൃത്തികൾ 17:11) ബൈബിൾ ദൈവത്തിന്റെ വചനമാണെന്നു വിശ്വസിക്കാൻ സഹായിക്കുന്ന രണ്ടു കാരണങ്ങൾ നമുക്കിപ്പോൾ കാണാം.

ബൈബിളിന്റെ ചരിത്രപരമായ കൃത്യത. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകളുടെ കൃത്യതയെ സന്ദേഹവാദികൾ വർഷങ്ങളായി ചോദ്യംചെയ്‌തിട്ടുണ്ട്‌. എന്നാൽ ഇത്തരം സംശയങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബൈബിളിലെ വിവരണങ്ങൾ ആശ്രയയോഗ്യമാണെന്നും ആവർത്തിച്ച്‌ തെളിയിക്കപ്പെട്ടിരിക്കുന്നു.

യെശയ്യാവു 20:1-ൽ പറഞ്ഞിരിക്കുന്ന അസീറിയൻ രാജാവായ സർഗ്ഗോൻ യഥാർഥത്തിൽ ജീവിച്ചിരുന്നോ എന്ന കാര്യത്തിൽ ഒരുകാലത്ത്‌ പണ്ഡിതന്മാർക്ക്‌ സംശയമുണ്ടായിരുന്നു. എന്നാൽ 1840-കളിൽ പുരാവസ്‌തുഗവേഷകർ ഈ രാജാവിന്റെ കൊട്ടാരത്തിന്റെ ശൂന്യശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. ഇന്ന്‌ ഏറ്റവുമധികം അറിയപ്പെടുന്ന അസീറിയൻ രാജാക്കന്മാരിൽ ഒരാളാണ്‌ സർഗ്ഗോൻ.

യേശുവിനെ വധിക്കാൻ കൽപ്പന കൊടുത്ത റോമൻ ഗവർണറായ പൊന്തിയൊസ്‌ പീലാത്തൊസിന്റെ അസ്‌തിത്വത്തെയും വിമർശകർ ചോദ്യംചെയ്‌തിട്ടുണ്ട്‌. (മത്തായി 27:1, 22-24) എന്നാൽ 1961-ൽ ഇസ്രായേലിലെ കൈസര്യ എന്ന പട്ടണത്തിനടുത്തുനിന്ന്‌ പീലാത്തൊസിന്റെ പേരും സ്ഥാനവും ആലേഖനം ചെയ്‌ത ഒരു ശില കണ്ടെത്തുകയുണ്ടായി.

1999 ഒക്‌ടോബർ 25-ലെ യു.എസ്‌.ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ ബൈബിളിന്റെ ചരിത്രപരമായ കൃത്യതയെക്കുറിച്ച്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “ഇസ്രായേലിലെ ഗോത്രപിതാക്കന്മാരുടെ ജീവിതകഥകൾ, ഈജിപ്‌റ്റിൽനിന്നുള്ള ഇസ്രായേല്യരുടെ പുറപ്പാട്‌, ദാവീദിന്റെ രാജപരമ്പര, യേശുവിന്റെ കാലത്തെ ജീവിതം എന്നിവയെ സംബന്ധിക്കുന്ന സുപ്രധാന തെളിവുകൾ ആധുനിക പുരാവസ്‌തുശാസ്‌ത്രം നമ്മുടെ മുമ്പിൽ നിരത്തുന്നു. അങ്ങനെ അത്‌ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും മുഖ്യ ഭാഗങ്ങളുടെ ചരിത്രപരമായ കൃത്യതയ്‌ക്ക്‌ അടിവരയിടുന്നു.” ബൈബിളിൽ വിശ്വാസം കെട്ടിപ്പടുക്കാൻ പുരാവസ്‌തു ഗവേഷണഫലങ്ങളുടെ പിൻബലം ആവശ്യമില്ലെങ്കിലും ദൈവത്താൽ നിശ്വസ്‌തമാക്കപ്പെട്ട ഒരു ഗ്രന്ഥം ചരിത്രപരമായി കൃത്യതയുള്ളതായിരിക്കാൻ നാം തീർച്ചയായും പ്രതീക്ഷിക്കും.

ബൈബിളിൽ അടങ്ങിയിരിക്കുന്ന പ്രായോഗികമായ ഉപദേശങ്ങൾ എല്ലാ പശ്ചാത്തലങ്ങളിൽനിന്നുള്ളവർക്കും ഒരുപോലെ പ്രയോജനംചെയ്യും. സൂക്ഷ്‌മാണുക്കളെയും രോഗം പരത്തുന്നതിൽ അവയ്‌ക്കുള്ള പങ്കിനെയും കുറിച്ച്‌ ശാസ്‌ത്രം മനസ്സിലാക്കുന്നതിനു കാലങ്ങൾക്കുമുമ്പുതന്നെ ബൈബിൾ ശുചിത്വശീലങ്ങൾ നിഷ്‌കർഷിച്ചിരുന്നു. ഇന്നും ആ നിർദേശങ്ങൾ പ്രസക്തമാണ്‌. (ലേവ്യപുസ്‌തകം 11:32-40; ആവർത്തനപുസ്‌തകം 23:12, 13) കുടുംബാംഗങ്ങൾ സ്‌നേഹത്തോടും ആദരവോടുംകൂടെ പരസ്‌പരം ഇടപെടണമെന്ന ബൈബിളിന്റെ ഉപദേശം പിൻപറ്റുന്ന ഒരു കുടുംബത്തിൽ സന്തോഷം കളിയാടും. (എഫെസ്യർ 5:28–6:4) ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്ന ഒരാൾ ആത്മാർഥതയുള്ള ഒരു തൊഴിലാളി അല്ലെങ്കിൽ പരിഗണനയുള്ള ഒരു തൊഴിലുടമയായിരിക്കും. (എഫെസ്യർ 4:28; 6:5-9) ബൈബിൾതത്ത്വങ്ങൾ പിൻപറ്റുന്നത്‌ വൈകാരികമായ ആരോഗ്യത്തിനും നല്ലതാണ്‌. (സദൃശവാക്യങ്ങൾ 14:30; എഫെസ്യർ 4:31, 32; കൊലോസ്യർ 3:8-10) നമ്മുടെ സ്രഷ്ടാവിൽനിന്ന്‌ നാം പ്രതീക്ഷിക്കേണ്ടതും ഇതുപോലുള്ള പ്രായോഗിക ബുദ്ധിയുപദേശങ്ങളല്ലേ?

അനുഗ്രഹങ്ങൾ: ബൈബിളിൽ കാണുന്ന ജ്ഞാനപൂർവകമായ ബുദ്ധിയുപദേശങ്ങൾ അനുഭവജ്ഞാനമില്ലാത്ത ഒരാളെപ്പോലും ജ്ഞാനിയാക്കും. (സങ്കീർത്തനം 19:7) ബൈബിളിൽ നാം വിശ്വാസം ആർജിച്ചുകഴിഞ്ഞാൽ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടാൻ അതുല്യമായ ഈ ഗ്രന്ഥം നമ്മെ സഹായിക്കും. നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കാൻ സഹായിക്കുന്ന രണ്ടാമത്തെ പടിയെക്കുറിച്ച്‌ നമുക്കിപ്പോൾ ചിന്തിക്കാം.

കൂടുതൽ വിവരങ്ങൾക്ക്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? * എന്ന പുസ്‌തകത്തിലെ “ബൈബിൾ—ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥം” എന്ന രണ്ടാമത്തെ അധ്യായം കാണുക.

[അടിക്കുറിപ്പ്‌]

^ ഖ. 12 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.