‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകുന്നു’
ദൈവത്തോട് അടുത്തുചെല്ലുക
‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകുന്നു’
ലേവ്യപുസ്‌തകം 19-ാം അധ്യായം
“സർവശക്തനാംദൈവമായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.” (വെളിപാട് 4:8) പൂർണമായ അർഥത്തിൽ വിശുദ്ധനും നിർമലനുമാണ് യഹോവയാംദൈവം എന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു. പാപവുമായി അവന് യാതൊരു ബന്ധവുമില്ല. അവൻ ഒരിക്കലും പാപത്താൽ കളങ്കിതനാവുകയുമില്ല. പരിശുദ്ധ ദൈവമായ യഹോവയോട് അടുക്കാനാകാത്തവിധം അപൂർണമനുഷ്യർ അവനിൽനിന്ന് അത്ര അകന്നുപോയിരിക്കുന്നു എന്നാണോ അതിനർഥം? ഒരിക്കലുമല്ല. ലേവ്യാപുസ്‌തകം 19-ാം അധ്യായത്തിലെ വാക്കുകൾ നമുക്ക് പ്രത്യാശ പകരുന്നു.
ഇസ്രായേൽമക്കളുടെ സർവ സഭയോടും സംസാരിക്കാനാണ് യഹോവ ഇവിടെ മോശയോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട് ദൈവം തുടർന്നുനൽകിയ നിർദേശങ്ങൾ എല്ലാ ഇസ്രായേല്യർക്കും ബാധകമായിരുന്നു. മോശ അവരോട് എന്താണു പറയേണ്ടിയിരുന്നത്? യഹോവ ഇപ്രകാരം അരുളിച്ചെയ്‌തു: “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.” (2-ാം വാക്യം) ഓരോ ഇസ്രായേല്യനും വിശുദ്ധി കാക്കണമായിരുന്നു. വേണമെങ്കിൽ ചെയ്യാവുന്ന ഒരു കാര്യമായിട്ടല്ല, ഒരു നിബന്ധനയായിട്ടാണ് ദൈവം അതു പറഞ്ഞത്. അപ്പോൾ, അവരെക്കൊണ്ട് സാധിക്കാത്ത ഒരു കാര്യം ചെയ്യാനാണോ ദൈവം ആവശ്യപ്പെട്ടത്?
ദൈവം ഈ കൽപ്പന നൽകിയപ്പോൾ, വിശുദ്ധിയുടെ കാര്യത്തിൽ ഇസ്രായേല്യർ തന്റെ അതേ തട്ടിൽ നിൽക്കണമെന്നല്ല ദൈവം ഉദ്ദേശിച്ചത്. മറിച്ച്, അവർ വിശുദ്ധരായിരിക്കേണ്ടതിന്റെ ഒരു കാരണം വ്യക്തമാക്കുകയായിരുന്നു ദൈവം ഇവിടെ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അപൂർണരായ തന്റെ ആരാധകർ തന്റെ അത്രയുംതന്നെ വിശുദ്ധരായിരിക്കണമെന്ന് ദൈവം പറഞ്ഞില്ല. കാരണം അത് അസാധ്യമായ ഒരു സംഗതിയായിരുന്നു. ‘പരിശുദ്ധനായ’ യഹോവയുടെ അത്രയും വിശുദ്ധി കൈവരിക്കാൻ ആർക്കുമാവില്ല. (സദൃശവാക്യങ്ങൾ 30:3) അതേസമയം താൻ വിശുദ്ധനായിരിക്കുന്നതുകൊണ്ട് തന്റെ ആരാധകരും വിശുദ്ധരായിക്കണമെന്ന് യഹോവ പ്രതീക്ഷിക്കുന്നു; എന്നാൽ അപൂർണ മനുഷ്യരെക്കൊണ്ട് കഴിയുന്നത്ര അളവിൽമാത്രം. അങ്ങനെയെങ്കിൽ അവർക്ക് വിശുദ്ധരായിരിക്കാൻ കഴിയുന്നത് ഏതെല്ലാം വിധങ്ങളിലായിരുന്നു?
വിശുദ്ധരായിരിക്കണമെന്ന കൽപ്പന നൽകിയശേഷം ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും സ്‌പർശിക്കുന്ന ചില നിയമങ്ങൾ യഹോവ മോശയിലൂടെ അവർക്കു നൽകി. ഓരോ ഇസ്രായേല്യനും പിൻപറ്റേണ്ടതായ ചില പെരുമാറ്റച്ചട്ടങ്ങളുണ്ടായിരുന്നു: മാതാപിതാക്കളെയും പ്രായമായവരെയും ബഹുമാനിക്കുക (3, 32 വാക്യങ്ങൾ); ബധിരർ, കുരുടർ തുടങ്ങിയവരോട് പരിഗണന കാണിക്കുക (9, 10, 14 വാക്യങ്ങൾ); സത്യസന്ധരും പക്ഷപാതമില്ലാത്തവരും ആയിരിക്കുക (11-13, 15, 35, 36 വാക്യങ്ങൾ); സഹാരാധകരെ തന്നെപ്പോലെതന്നെ സ്‌നേഹിക്കുക (18-ാം വാക്യം). ഇങ്ങനെയുള്ള നിയമങ്ങൾ അനുസരിക്കുകവഴി ഇസ്രായേല്യർക്ക് തങ്ങളുടെ “ദൈവത്തിന്നു വിശുദ്ധരായിരി”ക്കാനാകുമായിരുന്നു.—സംഖ്യാപുസ്‌തകം 15:40.
വിശുദ്ധിയെ സംബന്ധിക്കുന്ന കൽപ്പന യഹോവയാം ദൈവത്തിന്റെ ചിന്താഗതികളെയും വഴികളെയും കുറിച്ചു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ദൈവവുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കണമെങ്കിൽ, വിശുദ്ധി സംബന്ധിച്ച് അവൻ വെച്ചിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ കഴിവിന്റെ പരമാവധി നാം ശ്രമിക്കണം. (1 പത്രോസ് 1:15, 16) ആ നിലവാരങ്ങളോട് പറ്റിനിൽക്കുന്നെങ്കിൽ ഏറ്റവും നല്ല ഒരു ജീവിതം ആസ്വദിക്കാൻ നമുക്കാകും.—യെശയ്യാവു 48:17.
ഈ കൽപ്പന യഹോവയ്‌ക്ക് തന്റെ ആരാധകരിലുള്ള വിശ്വാസത്തെയും എടുത്തുകാണിക്കുന്നു. നമ്മുടെ പ്രാപ്‌തിക്ക് അതീതമായ കാര്യങ്ങൾ യഹോവ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. (സങ്കീർത്തനം 103:13, 14) മനുഷ്യരായ നാം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതിനാൽ ഒരളവുവരെ വിശുദ്ധരായിരിക്കാൻ നമുക്കാകുമെന്ന് അവനറിയാം. (ഉല്‌പത്തി 1:26) പരിശുദ്ധ ദൈവമായ യഹോവയോട് അടുത്തു ചെല്ലാൻ എങ്ങനെ കഴിയുമെന്നു മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?
[30-ാം പേജിലെ ചിത്രം]
വിശുദ്ധരായിരിക്കാൻ നമുക്കു കഴിയും