വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദമ്പതികളിലൊരാൾ രോഗിയാകുമ്പോൾ

ദമ്പതികളിലൊരാൾ രോഗിയാകുമ്പോൾ

കുടുംബ സന്തുഷ്ടിയുടെ രഹസ്യം

ദമ്പതികളിലൊരാൾ രോഗിയാകുമ്പോൾ

ക്രോണിക്‌ ഫറ്റീഗ്‌ സിൻഡ്രോം എന്ന അസുഖമാണെനിക്ക്‌. ഈ രോഗം പിടിപെട്ടതോടെ എനിക്ക്‌ ജോലിക്കു പോകാൻ കഴിയാതായി. ഭർത്താവിന്റെമാത്രം വരുമാനംകൊണ്ടാണ്‌ ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്‌. അദ്ദേഹമാണെങ്കിൽ ചെലവുകളെപ്പറ്റി എന്നെ അറിയിക്കുന്നതേയില്ല. എന്തിനാണ്‌ അദ്ദേഹം എന്നിൽനിന്ന്‌ ഇതൊക്കെ മറച്ചുവെക്കുന്നതെന്ന്‌ മനസ്സിലാകുന്നില്ല. ഞങ്ങളുടെ സാമ്പത്തികസ്ഥിതി വളരെ പരിതാപകരമായിരിക്കണം. ഞാൻ അത്‌ അറിഞ്ഞാൽ വിഷമിക്കുമോ എന്ന്‌ അദ്ദേഹം ചിന്തിക്കുന്നുണ്ടാകും.—നാൻസി. *

വിവാഹജീവിതത്തിൽ പല വെല്ലുവിളികളും ഉണ്ടായേക്കാം. ദമ്പതികളിലൊരാൾ മാറാരോഗിയാകുകയും മറ്റേയാൾ നല്ല ആരോഗ്യത്തോടിരിക്കുകയും ചെയ്യുമ്പോൾ വെല്ലുവിളികൾ കൂടുതൽ രൂക്ഷമായേക്കാം. * രോഗിയായ ഇണയെ പരിചരിക്കേണ്ട അവസ്ഥയിലുള്ള ഒരാളാണോ നിങ്ങൾ? ആണെങ്കിൽ പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിലുയർന്നിട്ടുണ്ടോ? ‘എന്റെ ഭാര്യയുടെ/ഭർത്താവിന്റെ രോഗം ഇനിയും മൂർച്ഛിക്കുകയാണെങ്കിൽ ഞാൻ എന്തു ചെയ്യും? ഭാര്യയുടെ/ഭർത്താവിന്റെ പരിചരണം, വീട്ടിലെ പണികൾ, എന്റെ ജോലി ഇതെല്ലാംകൂടെ എനിക്കെത്രനാൾ മുന്നോട്ടുകൊണ്ടുപോകാനാകും? എനിക്ക്‌ ആരോഗ്യമുള്ളതിൽ എനിക്ക്‌ കുറ്റബോധം തോന്നുന്നത്‌ എന്തുകൊണ്ടാണ്‌?’

ഇനി നിങ്ങൾക്കുതന്നെയാണ്‌ രോഗമുള്ളതെങ്കിൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചുവിഷമിക്കുന്നുണ്ടാകാം: ‘ഉത്തരവാദിത്വങ്ങൾ വേണ്ടവിധം നിർവഹിക്കാൻ കഴിയാത്ത എനിക്ക്‌ എന്ത്‌ ആത്മാഭിമാനം തോന്നാനാണ്‌? എനിക്ക്‌ ഈ അസുഖം വന്നതിൽ എന്റെ ഭാര്യക്ക്‌/ഭർത്താവിന്‌ അമർഷമുണ്ടോ? ഞങ്ങളുടെ ദാമ്പത്യത്തിലെ സന്തോഷം അണഞ്ഞുപോയോ?’

ദുഃഖകരമെന്നു പറയട്ടെ, ഭാര്യയോ ഭർത്താവോ രോഗിയായിത്തീരുമ്പോൾ ദാമ്പത്യത്തിൽ അതു സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളെ അതിജീവിക്കാൻ ചിലർക്കായിട്ടില്ല. എന്നാൽ നിങ്ങളുടെ കുടുംബജീവിതവും അതുപോലെ പരാജയപ്പെടണമെന്നില്ല.

ഇത്തരം സാഹചര്യങ്ങളിൽ പല ദമ്പതികൾക്കും പിടിച്ചുനിൽക്കാനായിട്ടുണ്ട്‌. എന്തിന്‌, സന്തുഷ്ടജീവിതം നയിക്കാൻപോലും കഴിഞ്ഞിട്ടുണ്ട്‌. തോമസിന്റെയും ട്രീസയുടെയും കാര്യമെടുക്കാം. നട്ടെല്ലിനു പരിക്കേറ്റതുനിമിത്തം ചെറിയ കാര്യങ്ങൾ ചെയ്യാൻപോലും തോമസിന്‌ പരസഹായം വേണം. ട്രീസ പറയുന്നു: “എല്ലാറ്റിനും അദ്ദേഹത്തിന്‌ എന്റെ സഹായം വേണം. അദ്ദേഹത്തെ ശുശ്രൂഷിച്ച്‌ എന്റെ തോളുകൾക്കും കൈക്കുമെല്ലാം വല്ലാത്ത വേദനയാണ്‌. ഞാനും തീരെ സുഖമില്ലാത്ത ആളാണ്‌; മിക്കവാറും ദിവസങ്ങളിൽ എനിക്കും ഡോക്‌ടറെ കാണണം. ഒരാളെ സ്ഥിരം പരിചരിക്കേണ്ടിവരുന്നത്‌ ഒട്ടും എളുപ്പമുള്ള കാര്യമല്ല.” ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും, “ഞങ്ങളുടെ ബന്ധം ഒന്നിനൊന്ന്‌ ശക്തിപ്പെട്ടിട്ടേയുള്ളൂ” എന്നാണ്‌ ട്രീസ പറയുന്നത്‌.

ഇതുപോലുള്ള സാഹചര്യങ്ങളിൽ എങ്ങനെ സന്തോഷം കണ്ടെത്താൻ കഴിയും? സംതൃപ്‌ത ജീവിതം നയിക്കുന്ന ദമ്പതികളെക്കുറിച്ചു പറഞ്ഞാൽ, അവരിലൊരാൾക്കു പിടിപെടുന്ന രോഗത്തെ ഇരുവരും ചേർന്നായിരിക്കും നേരിടുക. കാരണം ഒരാൾ രോഗിയാകുമ്പോൾ അത്‌ മറ്റേ വ്യക്തിയെയും ബാധിക്കും, വ്യത്യസ്‌ത രീതിയിലായിരിക്കുമെന്നേയുള്ളൂ. ഉല്‌പത്തി 2:24-ൽനിന്ന്‌ അതു വ്യക്തമാണ്‌: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.” അതുകൊണ്ട്‌ ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ മാറാരോഗിയാകുമ്പോൾ ആ വെല്ലുവിളിയെ ഇരുവരും ചേർന്നു നേരിടേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

ഇങ്ങനെയൊരവസ്ഥയിലും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ദമ്പതികൾക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ ആ സാഹചര്യത്തെ ഉൾക്കൊള്ളാനും അതിനെ പ്രായോഗികമായി നേരിടാനും കഴിയുന്നുവെന്ന്‌ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. അത്തരം ദമ്പതികൾ കൈക്കൊള്ളുന്ന പ്രായോഗിക നടപടികളിൽ പലതും ബൈബിളിൽ കാണുന്ന കാലാതീതമായ ജ്ഞാനത്തിൽ വേരൂന്നിയതാണ്‌. പിൻവരുന്ന മൂന്നുനിർദേശങ്ങൾ കാണുക.

പരസ്‌പരം പരിഗണന കാണിക്കുക

“ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്‌” എന്ന്‌ സഭാപ്രസംഗി 4:9 പറയുന്നു. എന്തുകൊണ്ടായിരിക്കും അത്‌? 10-ാം വാക്യം പറയുന്നതുപോലെ, “വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേൽപ്പിക്കും.” വിലമതിപ്പിന്റേതായ വാക്കുകൾ പറഞ്ഞുകൊണ്ട്‌ നിങ്ങൾ ജീവിതപങ്കാളിയെ “എഴുന്നേൽപ്പി”ക്കാറുണ്ടോ?

പരസ്‌പരം പ്രായോഗിക സഹായം നൽകാനുള്ള വഴികൾ നിങ്ങൾ അന്വേഷിക്കാറുണ്ടോ? മാത്യൂസിന്റെ ഭാര്യ ഒരുവശം തളർന്ന അവസ്ഥയിലാണ്‌. അദ്ദേഹം പറയുന്നു: “എപ്പോഴും അവളുടെ കാര്യത്തിൽ എനിക്കൊരു ശ്രദ്ധയുണ്ട്‌. എനിക്കു ദാഹിക്കുമ്പോൾ അവൾക്കും ദാഹിക്കുന്നുണ്ടായിരിക്കുമെന്നാണ്‌ ഞാൻ കരുതുക. എനിക്ക്‌ പുറത്തുപോയി പ്രകൃതിഭംഗി ആസ്വദിക്കണമെന്നു തോന്നുമ്പോൾ എന്നോടൊപ്പം വരുന്നുണ്ടോയെന്ന്‌ ഞാൻ അവളോടു ചോദിക്കും. വേദനയെല്ലാം ഞങ്ങളൊരുമിച്ചു പങ്കിടുന്നു.”

ഇനി, നിങ്ങൾക്കാണ്‌ രോഗമുള്ളതെങ്കിൽ ആരോഗ്യത്തിന്‌ കോട്ടം വരാത്ത രീതിയിൽ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ നിങ്ങൾക്ക്‌ കഴിയുമോ? അത്‌ നിങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കുമെന്നു മാത്രമല്ല, നിങ്ങളെ പരിചരിക്കാനുള്ള ഇണയുടെ ശ്രമങ്ങൾക്ക്‌ കരുത്തുപകരുകയും ചെയ്യും.

‘എന്റെ ഭാര്യയെ/ഭർത്താവിനെ പരിചരിക്കേണ്ടത്‌ എങ്ങനെയാണെന്ന്‌ എനിക്കറിയാം.’ എന്ന്‌ വെറുതെയങ്ങു ചിന്തിക്കുന്നതിനുപകരം എന്താണ്‌ അവർ ആഗ്രഹിക്കുന്നത്‌ എന്ന്‌ അവരോടു ചോദിച്ചറിയരുതോ? നേരത്തെകണ്ട നാൻസി ഭർത്താവിനോട്‌, കുടുംബച്ചെലവുകൾ തന്നിൽനിന്നു മറച്ചുപിടിക്കുന്നത്‌ തന്നെ വിഷമിപ്പിക്കുന്നുണ്ടെന്ന കാര്യം അറിയിച്ചു. ഇപ്പോൾ അവളുടെ ഭർത്താവ്‌ ഇക്കാര്യങ്ങളെല്ലാം അവളോടു തുറന്നുപറയുന്നുണ്ട്‌.

പരീക്ഷിച്ചുനോക്കുക: നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം അൽപ്പം മെച്ചപ്പെടുത്തുന്നതിന്‌ നിങ്ങളുടെ ഇണയ്‌ക്കു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ ചിന്തിക്കുന്ന ചില കാര്യങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക. നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കാൻ ഇണയോടും പറയുക. അവ പരസ്‌പരം കൈമാറുക. പ്രായോഗികമാക്കാൻ കഴിയുമെന്ന്‌ ഉറപ്പുള്ള ഒന്നോ രണ്ടോ കാര്യങ്ങൾ നിങ്ങൾക്കിരുവർക്കും ആ ലിസ്റ്റിൽനിന്ന്‌ തിരഞ്ഞെടുക്കാം.

സമനില പാലിക്കുക

“എല്ലാറ്റിന്നും ഒരു സമയമുണ്ട്‌” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ എഴുതി. (സഭാപ്രസംഗി 3:1) ദമ്പതികളിലൊരാൾ രോഗിയായിത്തീരുമ്പോൾ കുടുംബത്തിന്റെ ചര്യകളെ അതു സാരമായി ബാധിച്ചേക്കാം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക്‌ ഒരുപരിധിവരെ എങ്ങനെ കാര്യങ്ങൾ സമനിലയോടെ ചെയ്യാൻ കഴിയും?

രോഗത്തെക്കുറിച്ചുള്ള ചിന്തയിൽനിന്ന്‌ അൽപ്പനേരമൊന്ന്‌ പുറത്തുകടക്കാൻ ഇടയ്‌ക്കിടെ ചില നേരമ്പോക്കുകളാകാം. രോഗം കുടുംബജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുന്നതിനുമുമ്പ്‌ നിങ്ങളിരുവരും ചേർന്ന്‌ ആസ്വദിച്ചിട്ടുള്ള ചില കാര്യങ്ങളിലേർപ്പെടാൻ ഇപ്പോഴും കഴിഞ്ഞേക്കുമോ? ഇല്ലെങ്കിൽ, പുതിയ ചില കാര്യങ്ങൾ പരീക്ഷിച്ചുനോക്കാനാകുമോ? ഭാര്യക്ക്‌/ഭർത്താവിന്‌ എന്തെങ്കിലും വായിച്ചുകൊടുക്കുക, പുതിയൊരു ഭാഷ പഠിക്കുക അങ്ങനെ ചെറുതും വലുതുമായ പല കാര്യങ്ങളും ചെയ്യാനായേക്കും. രോഗം സൃഷ്ടിച്ചിരിക്കുന്ന പരിമിതികൾക്കിടയിലും, ഒരുമിച്ചു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരുമിച്ചുതന്നെ ചെയ്യുന്നത്‌ നിങ്ങളുടെ വിവാഹബന്ധത്തെ കരുത്തുറ്റതാക്കും, കുടുംബജീവിതത്തിന്റെ സന്തോഷം വർധിപ്പിക്കുകയും ചെയ്യും.

ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യം, മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്‌. “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 18:1) ഒറ്റപ്പെട്ടിരിക്കുന്നത്‌ മാനസികമായി ഒരു വ്യക്തിക്കു ദോഷംചെയ്യുമെന്ന കാര്യം ഇതിൽനിന്നു വ്യക്തമല്ലേ? എന്നാൽ മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുന്നെങ്കിൽ അത്‌ നിങ്ങളുടെ മനസ്സിന്‌ ഉന്മേഷം നൽകും. ശരിയായ കാഴ്‌ചപ്പാട്‌ നിലനിറുത്താനും അതു നിങ്ങളെ സഹായിക്കും. അതുകൊണ്ട്‌ നിങ്ങളെ സന്ദർശിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുക.

പരിചരണമേകുന്ന വ്യക്തിക്കായിരിക്കാം ചിലപ്പോൾ സമനിലയോടെ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാകുന്നത്‌. കഴിയുന്നതിലേറെ ഭാരം ഒറ്റയ്‌ക്കു വഹിക്കാൻ ശ്രമിച്ച്‌ അവർ തളർന്നുപോയേക്കാം. സ്വന്തം ആരോഗ്യംതന്നെ അവർ അപകടപ്പെടുത്തിയെന്നും വരാം. ഒടുവിൽ, ജീവിതപങ്കാളിയെ പരിചരിക്കുന്നതിൽ ഇനിയൊരടിപോലും മുന്നോട്ടുപോകാനാവില്ല എന്ന അവസ്ഥയിൽ അവർ എത്തിച്ചേരും. അതുകൊണ്ട്‌, രോഗിയായ ഇണയെ ശുശ്രൂഷിക്കുന്ന ആളാണ്‌ നിങ്ങളെങ്കിൽ നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ അവഗണിക്കാതിരിക്കുക. മാനസിക ഉന്മേഷം വീണ്ടെടുക്കുന്നതിനായി സമയം നീക്കിവെക്കുക. * ഉള്ളിലെ ഉത്‌കണ്‌ഠകളും വേദനകളും സ്വന്തം ലിംഗവർഗത്തിൽപ്പെട്ട ഒരു ആത്മാർഥ സുഹൃത്തിനോട്‌ തുറന്നുപറയുന്നത്‌ ചിലരെ സഹായിച്ചിട്ടുണ്ട്‌.

പരീക്ഷിച്ചുനോക്കുക: രോഗിയായ ഇണയെ പരിചരിക്കുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എഴുതിവെക്കുക. അവയെ തരണംചെയ്യാൻ കഴിയുന്ന മാർഗങ്ങളെക്കുറിച്ചും എഴുതുക. എന്നാൽ അവയെ തലനാരിഴ കീറി പരിശോധിക്കേണ്ടതില്ല. പകരം, സാഹചര്യം മെച്ചപ്പെടുത്താൻ, ഏറ്റവും എളുപ്പമുള്ള ഒരു മാർഗം ഏതാണെന്നുവെച്ചാൽ അത്‌ ചെയ്യുക.

ശുഭാപ്‌തി വിശ്വാസം വെച്ചുപുലർത്തുക

ബൈബിൾ ഇങ്ങനെയൊരു മുന്നറിയിപ്പു നൽകുന്നു: “പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുത്‌.” (സഭാപ്രസംഗി 7:10) അതുകൊണ്ട്‌ ഈ രോഗം ബാധിച്ചില്ലായിരുന്നെങ്കിൽ ജീവിതം എത്ര സന്തോഷപ്രദമായിരുന്നേനെ എന്ന്‌ ചിന്തിക്കാതിരിക്കുക. ഇന്നത്തെ ഈ ലോകത്തിൽ സന്തോഷങ്ങൾക്കെല്ലാം ഒരു പരിധിയുണ്ടെന്ന്‌ ഓർക്കുക. അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തെ ഉൾക്കൊള്ളാനും അത്‌ മെച്ചമാക്കാനും ശ്രമിക്കുക. ഇതുമായി ബന്ധപ്പെട്ട്‌ നിങ്ങൾക്കിരുവർക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്‌.

നിങ്ങൾക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ അന്യോന്യം സംസാരിക്കുക. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ, അത്‌ ചെറിയതോതിലാണെങ്കിൽപ്പോലും, സന്തോഷിക്കുക. വരാൻപോകുന്ന നല്ല കാര്യങ്ങൾക്കായി പ്രതീക്ഷയോടിരിക്കുക. എത്തിച്ചേരാൻ കഴിയുന്ന ന്യായമായ ലക്ഷ്യങ്ങൾ വെക്കുക.

ദമ്പതികളായ ഷോജിയും അക്കിക്കോയും ഈ നിർദേശങ്ങളുടെ പ്രയോജനം അനുഭവിച്ചറിഞ്ഞവരാണ്‌. അക്കിക്കോയ്‌ക്ക്‌ ഫൈബ്രോമയാൽജിയ എന്ന രോഗം പിടിപെട്ടതിനെത്തുടർന്ന്‌ അവർക്ക്‌ മുഴുസമയ ക്രിസ്‌തീയ ശുശ്രൂഷ നിറുത്തേണ്ടിവന്നു. അവർക്കു നിരാശ തോന്നിയോ? തീർച്ചയായും. എന്നാൽ സമാനമായ അവസ്ഥയിലുള്ളവർക്ക്‌ ഷോജി നൽകുന്ന ബുദ്ധിയുപദേശം ഇതാണ്‌: “ചെയ്യാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ചോർത്ത്‌ നിരാശപ്പെടാതിരിക്കുക. ശുഭാപ്‌തിവിശ്വാസത്തോടിരിക്കുക. പഴയ ജീവിതത്തിലേക്കു തിരിച്ചുവരാമെന്ന പ്രതീക്ഷ നിങ്ങൾക്കിരുവർക്കുമുണ്ടെങ്കിലും യാഥാർഥ്യബോധത്തോടെ ഇപ്പോഴത്തെ അവസ്ഥയെ ഉൾക്കൊള്ളുക. അതാണ്‌ ഞാൻ ചെയ്യുന്നത്‌. എന്റെ ഭാര്യയുടെ ആവശ്യങ്ങളിലും അവളെ സഹായിക്കുന്നതിലും ഞാൻ ശ്രദ്ധവെക്കുന്നു.” ഇത്തരം പ്രായോഗിക ഉപദേശങ്ങൾ നിങ്ങൾക്കും സഹായകമായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

^ ഖ. 4 ദമ്പതികളിലൊരാൾ വിട്ടുമാറാത്ത രോഗത്തിന്റെ പിടിയിലമരുമ്പോൾ ഉണ്ടാകുന്ന സാഹചര്യങ്ങളാണ്‌ ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്‌. എന്നാൽ അപകടങ്ങൾമൂലമുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളോ വിഷാദരോഗംപോലുള്ള വൈകാരിക പ്രശ്‌നങ്ങളോ നേരിടുന്നവർക്കും ഈ ലേഖനം ഉപകരിക്കും.

^ ഖ. 20 സാധിക്കുമെങ്കിൽ ദിവസത്തിൽ കുറച്ചുനേരം ഇണയെ പരിചരിക്കാൻ ഒരു ഹോംനഴ്‌സിനെയോ മറ്റോ നിറുത്തുക.

നിങ്ങളോടുതന്നെ ചോദിക്കുക . . .

ഞാനും എന്റെ ഭാര്യയും/ഭർത്താവും ഇപ്പോൾ അത്യാവശ്യമായി ചെയ്യേണ്ടത്‌ എന്താണ്‌?

▪ അസുഖത്തെക്കുറിച്ച്‌ കൂടുതൽ സംസാരിക്കണം

▪ അസുഖത്തെക്കുറിച്ചുള്ള സംസാരം കുറയ്‌ക്കണം

▪ ഉത്‌കണ്‌ഠപ്പെടുന്നത്‌ കുറയ്‌ക്കണം

▪ പരസ്‌പരം കൂടുതൽ പരിഗണന കാണിക്കണം

▪ രോഗത്തെ മാറ്റിനിറുത്തിക്കൊണ്ട്‌ ഭാര്യാഭർത്താക്കന്മാരെന്നനിലയിൽ അന്യോന്യം താത്‌പര്യം കാണിക്കണം

▪ മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കണം

▪ അന്യോന്യം ചെയ്യാൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തുറന്നുപറയണം

[11-ാം പേജിലെ ചിത്രം]

ജീവിതത്തിൽ സമനില പാലിക്കാൻ എന്തെങ്കിലും നേരമ്പോക്കുകളിൽ ഏർപ്പെടണം