ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു
ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു
ബൈക്ക് റേസിങ്ങും സ്‌പോർട്‌സും തലയ്‌ക്കുപിടിച്ച്, ലഹരിമരുന്നിന് അടിമപ്പെട്ട് കഴിഞ്ഞിരുന്ന ഒരാൾ മുഴുസമയ ശുശ്രൂഷകനാകുന്നു. ചൂതാട്ടം തൊഴിലാക്കിയ ഒരാൾ അതെല്ലാം ഉപേക്ഷിച്ച് മാന്യമായ ജോലി ചെയ്‌ത് കുടുംബത്തെ പോറ്റാൻതുടങ്ങുന്നു. മുമ്പ് ഒരു യഹോവയുടെ സാക്ഷിയായിരുന്നെങ്കിലും ബൈബിൾ നിലവാരങ്ങൾ കാറ്റിൽപ്പറത്തി ജീവിക്കാൻ തുടങ്ങിയ ഒരു സ്‌ത്രീ, ആത്മപരിശോധന നടത്തി നേർവഴിക്കു നടക്കുന്നു. ഇങ്ങനെയൊരു മാറ്റത്തിന് ഇവരെയെല്ലാം പ്രേരിപ്പിച്ചത് എന്താണ്? അവർക്കു പറയാനുള്ളതു കേൾക്കുക.
പേര്: ടെറൻസ് ജെ. ഒബ്രയൻ
പ്രായം: 57
രാജ്യം: ഓസ്‌ട്രേലിയ
മയക്കുമരുന്നിന് അടിമയും ബൈക്ക് റേസിങ്ങിൽ ഹരംതേടുകയും ചെയ്‌തിരുന്ന ഒരാൾ
മുൻകാല ജീവിതം: ക്വീൻസ്‌ലാൻഡിലെ തിരക്കേറിയ ബ്രിസ്‌ബെയ്‌ൻ നഗരത്തിലാണ് ഞാൻ ബാല്യം ചെലവഴിച്ചത്. എന്റേത് ഒരു കത്തോലിക്കാ കുടുംബമായിരുന്നു. എനിക്ക് എട്ടുവയസ്സായപ്പോൾ ഞങ്ങൾ പള്ളിയിൽപോക്കു നിറുത്തി. എനിക്കു പത്തുവയസ്സുള്ളപ്പോഴാണ് ഞങ്ങൾ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലേക്കു മാറുന്നത്. ബീച്ചിനടുത്തായിരുന്നു ഞങ്ങളുടെ വീട്. ടീനേജിന്റെ ആദ്യവർഷങ്ങളിൽ സർഫിങ്ങും നീന്തലുമായിരുന്നു എന്റെ പ്രധാന വിനോദങ്ങൾ.
പക്ഷേ എന്റെ ബാല്യം അത്ര സന്തോഷമുള്ളതായിരുന്നില്ല. എനിക്ക് എട്ടുവയസ്സുള്ളപ്പോൾ ഡാഡി കുടുംബം ഉപേക്ഷിച്ചുപോയി. മമ്മി വീണ്ടും വിവാഹം കഴിച്ചു. അമ്മയും രണ്ടാനച്ഛനും ആറുമക്കളും അടങ്ങുന്നതായി ഞങ്ങളുടെ പുതിയ കുടുംബം. മദ്യപാനവും വാക്കേറ്റവും വീട്ടിൽ നിത്യസംഭവങ്ങളായി. ഒരുദിവസം ഡാഡിയും മമ്മിയും തമ്മിൽ വലിയൊരു വഴക്കുണ്ടായി. അന്ന് കട്ടിലിലിരിക്കെ ഞാൻ ഒരു തീരുമാനമെടുത്തു: ‘എന്നെങ്കിലും വിവാഹിതനാകുകയാണെങ്കിൽ ഒരിക്കലും ഞാൻ ഭാര്യയുമായി വഴക്കിടില്ല.’ പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും ഞങ്ങളെല്ലാവരും തമ്മിൽ നല്ല അടുപ്പമായിരുന്നു.
യുവപ്രായമായപ്പോഴേക്കും കൂട്ടുകാരെപ്പോലെ ഞാനുമൊരു മത്സരിയായി. ലഹരിവസ്‌തുക്കളും മദ്യവും അവർ ഉപയോഗിച്ചിരുന്നു. ഒന്നും കൂസാതെയുള്ള ആ ജീവിതം ഞാനും പിന്തുടർന്നു. ബൈക്ക് റേസിങ്ങും എനിക്കൊരു ഹരമായിരുന്നു. ഒന്നുരണ്ടുവട്ടം ഗുരുതരമായ അപകടങ്ങൾ സംഭവിച്ചെങ്കിലും ബൈക്കിനോടുള്ള എന്റെ കമ്പം ഏറിവന്നു. ബൈക്കിൽ ഓസ്‌ട്രേലിയ മുഴുവൻ ഒന്നു കറങ്ങാൻ ഞാൻ പ്ലാനിട്ടു.
എല്ലാവിധ സ്വാതന്ത്ര്യങ്ങളും എനിക്കുണ്ടായിരുന്നു. എന്നിരുന്നാലും ഒരു കാര്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു—ലോകത്തിന്റെ അവസ്ഥ. മനുഷ്യന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ആർക്കുമൊരു ചിന്തയുമില്ലെന്ന് എനിക്കു തോന്നി. ദൈവം, മതം, ലോകാവസ്ഥകൾ; ഈ വിഷയങ്ങളെക്കുറിച്ച് ഞാൻ കാര്യമായി ചിന്തിച്ചിരുന്നു. ഇതേപ്പറ്റി ഞാൻ രണ്ടു കത്തോലിക്കാപുരോഹിതന്മാരോടു
ചോദിച്ചു; തൃപ്‌തികരമായ ഉത്തരം നൽകാൻ അവർക്കു കഴിഞ്ഞില്ല. ഈ ചോദ്യങ്ങൾ പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരോടും ഞാൻ ആവർത്തിച്ചു. ഒരു വിശദീകരണം നൽകാൻ അവർക്കും കഴിഞ്ഞില്ല. ഒടുവിൽ ഒരു സുഹൃത്ത് യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളെ എനിക്ക് പരിചയപ്പെടുത്തിത്തന്നു. എഡ്ഡി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എഡ്ഡിയുമായി ഞാൻ നാലുതവണ സംസാരിച്ചു. ഓരോ പ്രാവശ്യവും ബൈബിൾ ഉപയോഗിച്ചാണ് അദ്ദേഹം എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. ആദ്യം തമ്മിൽ സംസാരിച്ചപ്പോൾത്തന്നെ, അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് എനിക്കു തോന്നി. എന്നാൽ ജീവിതശൈലി മാറ്റേണ്ടതുണ്ടെന്ന് അപ്പോഴൊന്നും എനിക്കു തോന്നിയില്ല.ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു: ഓസ്‌ട്രേലിയൻ പര്യടനത്തിനിടയ്‌ക്ക് മറ്റൊരു സാക്ഷിയെ ഞാൻ കണ്ടുമുട്ടി. അദ്ദേഹവുമായും ഞാൻ സംസാരിച്ചു. ക്വീൻസ്‌ലാൻഡിൽ തിരിച്ചെത്തിയപ്പോൾ ആറുമാസത്തേക്ക് സാക്ഷികളുമായി ബന്ധപ്പെടാൻ എനിക്കു കഴിഞ്ഞില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ, നന്നായി വസ്‌ത്രം ധരിച്ച രണ്ടുപേർ ബ്രീഫ്‌കേസുമായി നടന്നുപോകുന്നതു ഞാൻ കണ്ടു. അവർ യഹോവയുടെ സാക്ഷികളായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. അവരെ സമീപിച്ച് ഞാൻ അത് ഉറപ്പുവരുത്തി. ബൈബിൾ പഠിക്കാൻ എന്നെ സഹായിക്കണമെന്ന് ഞാൻ അവരോട് അഭ്യർഥിച്ചു. താമസിയാതെ ഞാൻ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാൻതുടങ്ങി. 1973-ൽ സിഡ്‌നിയിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിലും ഞാൻ സംബന്ധിച്ചു. ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് വീട്ടിലുള്ളവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല, പ്രത്യേകിച്ചും അമ്മയ്‌ക്ക്. മറ്റുചില കാരണങ്ങൾകൂടിയായപ്പോൾ ഞാൻ സാക്ഷികളുമായുള്ള സമ്പർക്കം അവസാനിപ്പിച്ചു. പിന്നെ ഒരു വർഷത്തേക്ക് എനിക്ക് ക്രിക്കറ്റിനോടായി ഭ്രാന്ത്.
കാലക്രമത്തിൽ ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു: യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചിരുന്നപ്പോഴാണ് ഞാൻ യഥാർഥ സന്തോഷം അനുഭവിച്ചിട്ടുള്ളത്. അങ്ങനെ ഞാൻ വീണ്ടും അവരെ തേടിപ്പിടിച്ചു, യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നവരുമായുള്ള കൂട്ടുകെട്ടും ഞാൻ അവസാനിപ്പിച്ചു.
ബൈബിൾ കഥാപാത്രമായ ഇയ്യോബിനെക്കുറിച്ചു പഠിച്ചതാണ് ഈ മാറ്റങ്ങളൊക്കെ വരുത്താൻ എനിക്കു പ്രചോദനം നൽകിയത്. ആയിടെ, ബിൽ എന്നു പേരുള്ള പ്രായമായൊരു സാക്ഷിയുമായി ഞാൻ ബൈബിൾവിഷയങ്ങൾ ചർച്ചചെയ്‌തിരുന്നു. സൗമ്യനും അതേസമയം ഉറച്ച വ്യക്തിത്വവുമുള്ള ഒരാളായിരുന്നു ബിൽ. ഇയ്യോബിനെക്കുറിച്ചുള്ള വിവരണം പഠിച്ചശേഷം ബിൽ എന്നോടു ചോദിച്ചു, “ദൈവത്തെ പൂർണമായി സേവിക്കുന്നില്ലെന്ന ആരോപണം ആരെക്കുറിച്ചുകൂടെയാണ് സാത്താൻ ഉന്നയിച്ചിരിക്കുന്നത്?” (ഇയ്യോബ് 2:3-5) എനിക്ക് അറിയാവുന്ന ബൈബിൾ കഥാപാത്രങ്ങളുടെയെല്ലാം പേരുകൾ ഞാൻ പറഞ്ഞു. ഞാൻ ഓരോ പേരു പറയുമ്പോഴും ബിൽ ക്ഷമയോടെ ചോദിക്കും, “ശരിയാണ്, പിന്നെ?” ഒടുവിൽ എന്റെ കണ്ണുകളിൽ നോക്കി അദ്ദേഹം പറഞ്ഞു, “സാത്താൻ നിന്നെക്കുറിച്ചുകൂടെയാണ് ആ ആരോപണം ഉന്നയിച്ചിരിക്കുന്നത്!” ഞാൻ സ്‌തബ്ദനായി. പഠിക്കുന്നതൊക്കെ സത്യമാണ് എന്നു മാത്രമേ ഞാൻ അതുവരെ മനസ്സിലാക്കിയിരുന്നുള്ളൂ. എന്നാൽ പഠിക്കുന്ന കാര്യങ്ങൾക്കനുസരിച്ച് ജീവിക്കണമെന്ന് ആ സംഭവത്തോടെ എനിക്കു ബോധ്യമായി. നാലുമാസത്തിനുശേഷം ഒരു യഹോവയുടെ സാക്ഷിയായി ഞാൻ സ്‌നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നില്ലെങ്കിൽ എന്റെ അവസ്ഥ എന്തായിരുന്നേനെ എന്നു ഞാൻ ചിന്തിക്കാറുണ്ട്. ഒരുപക്ഷേ ഞാൻ ഈ ഭൂമുഖത്തുതന്നെ ഉണ്ടായിരിക്കുമായിരുന്നില്ല. മദ്യവും മയക്കുമരുന്നും എന്റെ കൂട്ടുകാരിൽ പലരുടെയും ജീവനെടുത്തു. അവരുടെ വിവാഹജീവിതവും തകർന്നിരുന്നു. എന്റെ ജീവിതവും അങ്ങനെയാകേണ്ടതായിരുന്നു.
ഞാൻ ഇപ്പോൾ വിവാഹിതനാണ്. ഭാര്യ മാർഗരറ്റിനോടൊപ്പം ഞാൻ യഹോവയുടെ സാക്ഷികളുടെ ഓസ്‌ട്രേലിയൻ ബ്രാഞ്ചിൽ സേവിക്കുന്നു. യഹോവയെ ആരാധിക്കുന്നവരായി എന്റെ കുടുംബത്തിൽ വേറെയാരുമില്ല. എന്നാൽ, പോയ വർഷങ്ങളിൽ ഞാനും മാർഗരറ്റും എന്നെപ്പോലെതന്നെ ജീവിതത്തിൽ മാറ്റം വരുത്താൻ പല വ്യക്തികളെയും ദമ്പതികളെയും
സഹായിച്ചിട്ടുണ്ട്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇത് ഞങ്ങൾക്ക് കുറെ നല്ല സുഹൃത്തുക്കളെയും നേടിത്തന്നു. മാർഗരറ്റ് ഒരു യഹോവയുടെ സാക്ഷിയായിട്ടാണ് വളർന്നുവന്നത്. ഏതാണ്ട് 40 വർഷംമുമ്പ് യഹോവയാം ദൈവത്തിന്റെ മുമ്പാകെ ഞാൻ എടുത്ത പ്രതിജ്ഞ കാക്കാൻ അവൾ എന്നെ സഹായിച്ചിട്ടുണ്ട്. 25-ലധികം വർഷമായി ഞങ്ങൾ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു. എല്ലാ കാര്യങ്ങളിലും ഞങ്ങൾ യോജിക്കാറില്ലെങ്കിലും ഇതുവരെ ഞങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിട്ടില്ല. ബൈബിളാണ് ഞങ്ങളെ അതിനു സഹായിച്ചിട്ടുള്ളതെന്ന് ഞങ്ങൾ ഇരുവരും വിശ്വസിക്കുന്നു.
പേര്: മസാഹിറോ ഒക്കാബായാഷി
പ്രായം: 39
രാജ്യം: ജപ്പാൻ
മുമ്പ് ഒരു ചൂതാട്ടക്കാരനായിരുന്നു
മുൻകാല ജീവിതം: ഇവാക്കുരാ എന്ന കൊച്ചു ഗ്രാമത്തിലാണ് ഞാൻ വളർന്നത്. നാഗോയാ നഗരത്തിൽനിന്ന് ഇവിടേക്ക് ട്രെയിനിൽ ഏതാണ്ട് അരമണിക്കൂർ യാത്രയുണ്ട്. എന്റെ മാതാപിതാക്കളിരുവരും വളരെ അനുകമ്പയുള്ളവരായിരുന്നു. എന്നാൽ പിന്നീടാണ് എനിക്ക് അറിയാൻ കഴിഞ്ഞത് എന്റെ പിതാവ് ഒരു യാക്കൂസാ അഥവാ ഗുണ്ടാതലവൻ ആയിരുന്നുവെന്ന്. പല തരികിടകളും ചെയ്‌താണ് അഞ്ചുപേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തെ അദ്ദേഹം പോറ്റിയത്. ദിവസവും മൂക്കറ്റം കുടിച്ചാണ് അദ്ദേഹം വീട്ടിൽ വന്നിരുന്നത്. എനിക്ക് 20 വയസ്സുള്ളപ്പോൾ കരൾരോഗം ബാധിച്ച് അദ്ദേഹം മരണമടഞ്ഞു.
എന്റെ പിതാവ് കൊറിയക്കാരനായിരുന്നു. അതുകൊണ്ട് സമൂഹത്തിൽ എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തി. ഇങ്ങനെ പല ദുരനുഭവങ്ങളും കൗമാരത്തിൽ എനിക്കുണ്ടായി. ഹൈസ്‌കൂളിലായിരുന്നപ്പോൾ വല്ലപ്പോഴുമൊക്കെ മാത്രമേ ഞാൻ ക്ലാസ്സിൽ പോയിരുന്നുള്ളൂ. ഒരു വർഷം കഴിഞ്ഞപ്പോൾ പഠിത്തവും നിറുത്തി. എന്റെ പേരിൽ ഒരു പോലീസ് കേസ് ഉണ്ടായിരുന്നു. പോരാത്തതിന് പാതി കൊറിയക്കാരനും കൂടെയായിരുന്നതിനാൽ ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ എനിക്കൊരു ജോലി കിട്ടി. പക്ഷേ കാൽമുട്ടിന് പരുക്കേറ്റതിനെത്തുടർന്ന് കഠിനാധ്വാനം ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി.
പാച്ചിങ്കോ (ഒരുതരം ചൂതാട്ടം) കളിച്ചാണ് ഞാൻ ഉപജീവനം കഴിച്ചിരുന്നത്. ആ സമയത്ത് ഞാൻ ഒരു പെൺകുട്ടിയോടൊത്ത് ജീവിക്കുകയായിരന്നു. എനിക്കു നല്ലൊരു ജോലി കിട്ടാനും ഞാൻ അവളെ വിവാഹം കഴിക്കാനും അവൾ ആഗ്രഹിച്ചിരുന്നു. ചൂതാട്ടത്തിലൂടെ എനിക്ക് കൈനിറയെ പണം ലഭിച്ചിരുന്നു. അതുകൊണ്ട് ജീവിതം അങ്ങനെതന്നെ പോകട്ടെയെന്ന് ഞാൻ കരുതി.
ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു: ഒരു ദിവസം യഹോവയുടെ സാക്ഷികളിലൊരാൾ വീട്ടിൽ വന്ന്, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകം എനിക്കു തന്നിട്ടുപോയി. അങ്ങനെയൊരു വിഷയത്തെക്കുറിച്ച് ഞാൻ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എങ്കിലും ആ പുസ്‌തകം വായിച്ചശേഷം ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ താത്‌പര്യം പ്രകടിപ്പിച്ചു. മരണശേഷം എന്താണു സംഭവിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് ബൈബിളിൽനിന്ന് വ്യക്തമായ ഉത്തരം ലഭിച്ചപ്പോൾ ഒരു മൂടുപടം നീങ്ങിയ പ്രതീതിയായിരുന്നു എനിക്ക്.
ബൈബിളിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഞാൻ നിയമപരമായി വിവാഹിതനായി. ഞാൻ പുകവലി നിറുത്തി, നിറംപിടിപ്പിച്ച നീണ്ട മുടി മുറിച്ചുകളഞ്ഞു. മൊത്തത്തിൽ എന്റെ ആകാരത്തിനുതന്നെ ഞാൻ മാറ്റം വരുത്തി; ചൂതാട്ടവും ഉപേക്ഷിച്ചു.
ഇതൊന്നും അത്ര എളുപ്പമായിരുന്നില്ല. പുകവലി നിറുത്താൻ എന്നെക്കൊണ്ട് തനിയെ കഴിയുമായിരുന്നില്ല. ഫിലിപ്പിയർ 4:6, 7 വാക്യങ്ങളാണ് ആ സമയത്ത് പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത്: “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.” എന്റെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഈ വാഗ്‌ദാനം സത്യമായി ഭവിച്ചിട്ടുണ്ട്.
എന്നാൽ യഹോവയിൽ ആശ്രയിക്കുകയും ഹൃദയംഗമമായി പ്രാർഥിക്കുകയും ചെയ്‌തതിന്റെ ഫലമായി ആ ശീലം ഉപേക്ഷിക്കാൻ എനിക്കു കഴിഞ്ഞു. ചൂതാട്ടം ഉപേക്ഷിച്ചുകഴിഞ്ഞ് പിന്നെ കിട്ടിയ ജോലി എനിക്കു വലിയ വെല്ലുവിളി ഉയർത്തി. മുമ്പത്തേതിന്റെ പകുതി വരുമാനമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂവെന്നുമാത്രമല്ല സമ്മർദംനിറഞ്ഞ, കഠിനാധ്വാനം ഉൾപ്പെട്ട ഒരു ജോലിയായിരുന്നു അത്.എനിക്കു ലഭിച്ച പ്രയോജനങ്ങൾ: ഞാൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ആദ്യമൊന്നും എന്റെ ഭാര്യയ്‌ക്ക് അത് ഇഷ്ടമായില്ല. എന്നാൽ എന്റെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ കണ്ട് അവളും എന്നോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി. ഇന്ന് ഞങ്ങളിരുവരും യഹോവയുടെ സാക്ഷികളാണ്. ഒരുമിച്ച് ദൈവത്തെ സേവിക്കാൻ കഴിയുന്നതിന്റെ സന്തോഷം എത്ര വലുതാണെന്നോ!
ബൈബിൾ പഠിക്കുന്നതിനുമുമ്പ് ഞാൻ സന്തോഷവാനാണെന്നായിരുന്നു എന്റെ വിചാരം. എന്നാൽ യഥാർഥ സന്തോഷം അനുഭവിക്കാനായത് ഇപ്പോഴാണ്. ബൈബിൾ നിലവാരങ്ങൾക്കൊത്തു ജീവിക്കാൻ എളുപ്പമല്ല എന്നതു ശരിയാണ്. എന്നാൽ ഏറ്റവും നല്ല ജീവിതഗതി അതാണെന്ന് എനിക്കു പറയാനാകും.
പേര്: എലിസബത്ത് ജെയ്‌ൻ സ്‌കോഫീൽഡ്
പ്രായം: 35
രാജ്യം: ഇംഗ്ലണ്ട്
ഉല്ലാസങ്ങളിൽ മുഴുകി ജീവിച്ചു
മുൻകാല ജീവിതം: സ്‌കോട്ട്‌ലൻഡിനു വെളിയിലുള്ള ഹാർഡ്‌ഗേറ്റ് എന്ന ചെറിയ ടൗണിലാണ് ഞാൻ വളർന്നത്. എന്റെ അമ്മ ഒരു യഹോവയുടെ സാക്ഷിയാണ്. എനിക്ക് ഏഴുവയസ്സുള്ളപ്പോൾമുതൽ അമ്മ എന്നെ ബൈബിളിലെ കാര്യങ്ങൾ പഠിപ്പിക്കാൻതുടങ്ങി. എന്നാൽ 17 വയസ്സായപ്പോഴേക്കും വേറെചില കാര്യങ്ങളിലായി എനിക്കു താത്‌പര്യം—കൂട്ടുകാരുമൊത്ത് നൈറ്റ് ക്ലബ്ബുകളിൽ പോകുക, ഹെവിമെറ്റൽ സംഗീതം കേൾക്കുക, മദ്യപിക്കുക. ആത്മീയകാര്യങ്ങളിൽ എനിക്കു യാതൊരു താത്‌പര്യവും ഉണ്ടായിരുന്നില്ല. വാരാന്തങ്ങൾ ആഘോഷിക്കാൻ ഞാൻ നോക്കിയിരിക്കുമായിരുന്നു. എന്നാൽ 21 വയസ്സായപ്പോൾ എന്റെ ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായി.
ചില ബന്ധുക്കളെ സന്ദർശിക്കാൻ ഞാൻ ഉത്തര അയർലൻഡിലേക്കു പോയി. അവിടെവെച്ച് ഞാൻ പ്രൊട്ടസ്റ്റന്റുകാരുടെ ഒരു പരേഡ് കണ്ടു. പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുള്ള കടുത്ത വിദ്വേഷവും വൈരാഗ്യവും അതിൽ വളരെ പ്രകടമായിരുന്നു. അത് എന്നെ ഞെട്ടിച്ചുകളഞ്ഞു. എനിക്ക് സുബോധമുണ്ടായി. ബൈബിളിൽനിന്ന് അമ്മ പണ്ടു പഠിപ്പിച്ച കാര്യങ്ങളെല്ലാം എനിക്ക് ഓർമവന്നു. തന്റെ നിലവാരങ്ങളനുസരിച്ചു ജീവിക്കാത്തവരെ ദൈവം അംഗീകരിക്കില്ലെന്ന്
എനിക്കറിയാമായിരുന്നു. ദൈവത്തിന്റെ ഇഷ്ടമെന്താണെന്ന് അന്വേഷിക്കാതെ എനിക്കു ബോധിച്ച രീതിയിലാണ് ഞാൻ ജീവിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. സ്‌കോട്ട്‌ലൻഡിലേക്കു തിരിച്ചുചെന്നാലുടനെ ബൈബിൾ ഗൗരവമായി ഒന്നു പഠിക്കണമെന്ന് ഞാൻ തീരുമാനിച്ചു.ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു: നാട്ടിലെത്തി യഹോവയുടെ സാക്ഷികളുടെ യോഗത്തിന് ആദ്യമായി പോയപ്പോൾ എനിക്ക് വല്ലാത്ത പേടിയും അന്ധാളിപ്പുമായിരുന്നു. എന്നാൽ എല്ലാവരും വളരെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. ബൈബിളിൽനിന്നു പഠിക്കുന്ന കാര്യങ്ങളെല്ലാം ഞാൻ പ്രാവർത്തികമാക്കാൻതുടങ്ങി. സഭയിലുള്ള ഒരു സഹോദരി എന്നിൽ പ്രത്യേകിച്ചും താത്‌പര്യമെടുത്തു. വളരെ അനുകമ്പയോടെയാണ് അവർ എന്നോട് ഇടപെട്ടത്. ഞാനും സഭയുടെ ഭാഗമാണെന്ന തോന്നൽ അത് എന്നിൽ ഉളവാക്കി. എന്റെ മുൻകാല സുഹൃത്തുക്കൾ എന്നെ നൈറ്റ് ക്ലബുകളിലേക്ക് ക്ഷണിക്കുന്നുണ്ടായിരുന്നു. പക്ഷേ ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കാൻ തീരുമാനിച്ച കാര്യം ഞാൻ അവരെ അറിയിച്ചു. ക്രമേണ അവർ എന്നെ വിളിക്കാതായി.
കുറെ നിയമങ്ങളടങ്ങിയ ഒരു പുസ്‌തകമായിട്ടേ മുമ്പൊക്കെ ബൈബിളിനെ ഞാൻ കണ്ടിരുന്നുള്ളൂ. എന്നാൽ എന്റെ ആ മനോഭാവത്തിനു മാറ്റംവന്നു. ബൈബിൾ കഥാപാത്രങ്ങൾ ജീവനുള്ള വ്യക്തികളായി മാറി, എന്നെപ്പോലെതന്നെ വികാരങ്ങളും ദൗർബല്യങ്ങളും ഉള്ളവർ. അവർ തെറ്റുകൾ വരുത്തിയെങ്കിലും ആത്മാർഥമായി അനുതപിച്ചപ്പോൾ യഹോവയാം ദൈവം അവരോടു ക്ഷമിച്ചു. കുറെക്കാലം ഞാൻ യഹോവയ്‌ക്കു പുറംതിരിഞ്ഞു നടന്നെങ്കിലും അവനെ പ്രസാദിപ്പിക്കാൻ ഞാൻ യത്‌നിക്കുന്നെങ്കിൽ അവൻ ആ പിഴവുകളൊക്കെ മറന്ന് എന്നോടു ക്ഷമിക്കുമെന്ന വിശ്വാസം ഞാൻ ആർജിച്ചു.
എന്റെ അമ്മയുടെ പെരുമാറ്റവും എന്റെ ഹൃദയത്തെ വളരെ സ്‌പർശിച്ചു. ഞാൻ ദൈവത്തെ ഉപേക്ഷിച്ചെങ്കിലും അമ്മ അങ്ങനെ ചെയ്‌തില്ല. യഹോവയെ സേവിക്കുന്നത് തക്ക മൂല്യമുള്ള ഒരു കാര്യമാണെന്ന് അമ്മയുടെ അചഞ്ചലമായ വിശ്വസ്‌തത എന്നെ പഠിപ്പിച്ചു. ചെറുപ്പത്തിൽ വീടുതോറുമുള്ള ശുശ്രൂഷയ്‌ക്ക് അമ്മ എന്നെ കൊണ്ടുപോയിരുന്നെങ്കിലും അപ്പോൾ അത് എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു. മണിക്കൂറുകളോളം ആളുകളോടു പ്രസംഗിച്ചുകൊണ്ടുനടക്കുന്നത് എനിക്കു ചിന്തിക്കാൻപോലും കഴിയാത്ത കാര്യമായിരുന്നു. എന്നാൽ മത്തായി 6:31-33-ലെ യേശുവിന്റെ വാഗ്‌ദാനം പരീക്ഷിച്ചറിയാൻ ഞാൻ തീരുമാനിച്ചു. യേശു ഇങ്ങനെ പറയുന്നു: “‘ഞങ്ങൾ എന്തു തിന്നും?’ ‘ഞങ്ങൾ എന്തു കുടിക്കും?’ ‘ഞങ്ങൾ എന്ത് ഉടുക്കും?’ എന്നിങ്ങനെ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്. . . . ഇവയെല്ലാം നിങ്ങൾക്ക് ആവശ്യമെന്ന് നിങ്ങളുടെ സ്വർഗീയപിതാവ് അറിയുന്നുവല്ലോ. ആകയാൽ ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും.” അധികം താമസിയാതെ ഞാൻ സ്‌നാനമേറ്റ് യഹോവയുടെ സാക്ഷികളിലൊരാളായി. ഞാൻ എന്റെ മുഴുസമയ ജോലി ഉപേക്ഷിച്ച് ഒരു പാർട്ട്-ടൈം ജോലി കണ്ടെത്തി. എന്നിട്ട് ഞാൻ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: യുവപ്രായത്തിൽ ഉല്ലസിച്ച് തിമിർത്തുനടന്ന സമയങ്ങളിൽ സംതൃപ്‌തി എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല. ആകെയൊരു ശൂന്യതാബോധമായിരുന്നു. എന്നാൽ ഇന്ന് യഹോവയെ സേവിക്കുന്നതിൽ പൂർണമായി ഉൾപ്പെടുന്നതിനാൽ എനിക്ക് തികഞ്ഞ ചാരിതാർഥ്യമാണുള്ളത്. ഇപ്പോൾ എന്റെ ജീവിതത്തിന് അർഥമുണ്ട്. ഞാൻ വിവാഹിതയാണ്. ഞാനും ഭർത്താവും ഓരോ ആഴ്‌ചയും യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിച്ച് സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. ഈ വേലയെ ഏറ്റവും വലിയ പദവിയായിട്ടാണു ഞാൻ കാണുന്നത്. വീണ്ടുമൊരു അവസരം തന്നതിൽ യഹോവയോട് എനിക്കു തീർത്താൽ തീരാത്ത നന്ദിയുണ്ട്! (w09-E 11/01)
[29-ാം പേജിലെ ആകർഷകവാക്യം]
“ആദ്യം തമ്മിൽ സംസാരിച്ചപ്പോൾത്തന്നെ, അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് എനിക്കു തോന്നി. എന്നാൽ ജീവിതശൈലി മാറ്റേണ്ടതുണ്ടെന്ന് അപ്പോഴൊന്നും എനിക്കു തോന്നിയില്ല”
[31-ാം പേജിലെ ആകർഷകവാക്യം]
“പുകവലി നിറുത്താൻ എന്നെക്കൊണ്ട് തനിയെ കഴിയുമായിരുന്നില്ല. എന്നാൽ യഹോവയിൽ ആശ്രയിക്കുകയും ഹൃദയംഗമമായി പ്രാർഥിക്കുകയും ചെയ്‌തതിന്റെ ഫലമായി ആ ശീലം ഉപേക്ഷിക്കാൻ എനിക്കു കഴിഞ്ഞു”
[32-ാം പേജിലെ ആകർഷകവാക്യം]
“കുറെ നിയമങ്ങളടങ്ങിയ ഒരു പുസ്‌തകമായിട്ടേ മുമ്പൊക്കെ ബൈബിളിനെ ഞാൻ കണ്ടിരുന്നുള്ളൂ. എന്നാൽ എന്റെ ആ മനോഭാവത്തിനു മാറ്റംവന്നു. ബൈബിൾ കഥാപാത്രങ്ങൾ ജീവനുള്ള വ്യക്തികളായി മാറി, എന്നെപ്പോലെതന്നെ വികാരങ്ങളും ദൗർബല്യങ്ങളും ഉള്ളവർ”