ജീവിതയാത്രയിൽ തനിച്ചാകുന്നവർ. . . അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്? അവരെ എങ്ങനെ സഹായിക്കാം?
ജീവിതയാത്രയിൽ തനിച്ചാകുന്നവർ. . . അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്? അവരെ എങ്ങനെ സഹായിക്കാം?
അടുക്കളയിലെ അരണ്ട വെളിച്ചത്തിൽ ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലാണ് ജീൻ. എന്തെങ്കിലുമൊന്നു കഴിക്കണം, അത്രേയുള്ളൂ അവൾക്ക്. പെട്ടെന്നാണ് അവൾ അതു ശ്രദ്ധിച്ചത്. . . രണ്ടുപ്ലേറ്റുകൾ എടുത്തുവെച്ചിരിക്കുന്നു. അവൾക്ക് കരച്ചിലടക്കാനാവുന്നില്ല. പഴയ ഓർമയ്‌ക്ക് എടുത്തുവെച്ചതാണ് രണ്ടെണ്ണം! ഭർത്താവു മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും. . .
ഇണയുടെ വേർപാടിന്റെ വേദന! അത് അനുഭവിച്ചിട്ടുള്ളവർക്കേ അതിന്റെ തീവ്രത മനസ്സിലാകുകയുള്ളൂ. തന്റെ ഭർത്താവിന്റെ പെട്ടെന്നുള്ള വിയോഗം 72 വയസ്സുള്ള ബെറിലിന് വലിയൊരു ആഘാതമായിരുന്നു. “എനിക്കത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഇനിയൊരിക്കലും അദ്ദേഹം ഇങ്ങോട്ടു വരില്ലെന്ന യാഥാർഥ്യം എനിക്ക് ഉൾക്കൊള്ളാനായില്ല,” അവർ പറയുന്നു. അതെ, ആ ക്രൂര യാഥാർഥ്യം അംഗീകരിക്കുക അത്ര എളുപ്പമല്ല.
കൈയോ കാലോ മുറിച്ചുമാറ്റിയശേഷവും അത് അവിടെത്തന്നെ ഉള്ളതായി ചിലർക്ക് അനുഭവപ്പെടാറുണ്ട്. സമാനമായ ഒരനുഭവം വിരഹദുഃഖം അനുഭവിക്കുന്നവർക്കും ഉണ്ടായേക്കാം: ചിലപ്പോൾ മരിച്ചുപോയ ഇണ ഒരു കൂട്ടത്തോടൊപ്പം നിൽക്കുന്നതായി അവർക്കു തോന്നുന്നു; അതല്ലെങ്കിൽ അറിയാതെ അവരോടായി എന്തെങ്കിലും സംസാരിച്ചുപോകുന്നു!
ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്ന് അറിയാതെ മിക്കപ്പോഴും കുടുംബാംഗങ്ങളും സുഹൃത്തുക്കളും കുഴങ്ങാറുണ്ട്. ആകട്ടെ, ഇണയെ നഷ്ടപ്പെട്ട ആരെയെങ്കിലും നിങ്ങൾക്കറിയാമോ? അവരെ നിങ്ങൾക്ക് എങ്ങനെ പിന്തുണയ്‌ക്കാനാകും? ആ വേദനയുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുന്നതിന് നിങ്ങൾ എന്തെല്ലാം മനസ്സിലാക്കിയിരിക്കണം? മെല്ലെ ജീവിതത്തിലേക്കു മടങ്ങിവരാൻ അവരെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?
ചെയ്യരുതാത്തത്
പലപ്പോഴും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവരുടെ സങ്കടം കണ്ടുനിൽക്കാനായെന്നുവരില്ല. അതുകൊണ്ട് സദുദ്ദേശ്യത്തോടെതന്നെ, ‘ഇങ്ങനെ കരഞ്ഞാലോ, കരഞ്ഞുകരഞ്ഞ് അസുഖമൊന്നും വരുത്തിവെക്കരുത്’ എന്നൊക്കെ അവർ പറഞ്ഞേക്കാം. എന്നാൽ ജീവിതപങ്കാളിയെ നഷ്ടപ്പെട്ട 700 പേർക്കിടയിൽ സർവേ നടത്തിയ ഒരു ഗവേഷകൻ പറഞ്ഞത്, “ദുഃഖശമനത്തിന് ഒരു നിശ്ചിത കാലപരിധിയൊന്നും ഇല്ല” എന്നാണ്. അതുകൊണ്ട് കരയുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം, മനസ്സിലെ സങ്കടമെല്ലാം കരഞ്ഞുതീർക്കാൻ സമയം അനുവദിക്കുകയാണ് വേണ്ടത്.—ഉല്‌പത്തി 37:34, 35; ഇയ്യോബ് 10:1.
ഇനി, ശവസംസ്‌കാരത്തോടു ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കുന്നത് നല്ലതാണെങ്കിലും അതിന്റെ മുഴു ഉത്തരവാദിത്വവും നിങ്ങൾതന്നെ ഏറ്റെടുക്കണം എന്നു വിചാരിക്കേണ്ടതില്ല. ഭാര്യ മരിച്ച 49-കാരനായ പോൾ പറയുന്നു: “ശവസംസ്‌കാര ചടങ്ങിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യാൻ പലരും എന്നെ സഹായിച്ചു. പക്ഷേ, തീരുമാനങ്ങളെല്ലാം അവർ എനിക്കു വിട്ടുതന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമായിരുന്നു; എല്ലാം ഭംഗിയായി നടക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. അവളെ ആദരിക്കുന്നതിന് അവസാനമായി എനിക്കു ചെയ്യാൻ കഴിയുന്നത് അതായിരുന്നല്ലോ.”
എന്നാൽ ചില സഹായങ്ങളൊക്കെ മിക്കവരും വിലമതിക്കും. 68-കാരിയായ ഐലിൻ പറയുന്നു: “ശവസംസ്‌കാര ചടങ്ങിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതും അതുപോലെ രേഖകളൊക്കെ ശരിയാക്കുന്നതും മറ്റും അത്ര എളുപ്പമായിരുന്നില്ല; കാരണം, നേരാംവണ്ണം ചിന്തിക്കാനാവുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോൾ. എന്തായാലും എന്റെ മകനും മരുമകളും സഹായിക്കാനുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.”
മരിച്ച വ്യക്തിയെക്കുറിച്ച് സംസാരിച്ചാൽ അതവരെ കൂടുതൽ സങ്കടപ്പെടുത്തില്ലേ എന്നു വിചാരിക്കേണ്ടതില്ല. മുമ്പു പരാമർശിച്ച ബെറിൽ പറയുന്നു: “എന്റെ സുഹൃത്തുക്കൾ എന്നെ വളരെയധികം സഹായിച്ചു. പക്ഷേ, ജോണിനെക്കുറിച്ചു സംസാരിക്കാൻ പലരും മടികാണിച്ചു, അങ്ങനെയൊരാൾ ജീവിച്ചിരുന്നിട്ടേയില്ല എന്ന മട്ടിൽ. അതെന്നെ വല്ലാതെ വേദനിപ്പിച്ചു.” മരിച്ചുപോയ ഇണയെക്കുറിച്ച് സംസാരിക്കാൻ പലരും ആഗ്രഹിക്കുന്നു എന്നതാണ് വാസ്‌തവം. മരിച്ചുപോയ ആൾ മുമ്പു നിങ്ങൾക്കു ചെയ്‌തുതന്നിട്ടുള്ള എന്തെങ്കിലും ഉപകാരമോ ആ വ്യക്തി ഉൾപ്പെട്ട രസകരമായ ഏതെങ്കിലും സംഭവമോ നിങ്ങളുടെ ഓർമയിലുണ്ടോ? എങ്കിൽ മടി വിചാരിക്കാതെ അതേക്കുറിച്ച് സംസാരിച്ചു തുടങ്ങുക. അവർക്കത് സ്വീകാര്യമാണെന്നു തോന്നുന്നപക്ഷം സംസാരം തുടരുക. അദ്ദേഹത്തിൽ നിങ്ങൾ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ വേർപാട് ഉണ്ടാക്കിയിട്ടുള്ള നഷ്ടത്തെക്കുറിച്ചും മറ്റും പറയാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അവർക്ക് അനുഭവപ്പെട്ടേക്കാം.—റോമർ 12:15.
ആവശ്യമായ സഹായം നൽകുമ്പോൾത്തന്നെ ഉപദേശങ്ങൾകൊണ്ട് ദുഃഖാർത്തരെ വീർപ്പുമുട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പെട്ടെന്ന് തീരുമാനങ്ങളിൽ എത്താൻ അവരുടെമേൽ സമ്മർദം ചെലുത്തരുത്. * പകരം, അവരോട് വിവേചനയോടെ ഇടപെടുക. ജീവിതത്തിൽ ഏറ്റവും ക്ലേശകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന അവരെ സഹായിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും എന്ന് ചിന്തിക്കാവുന്നതാണ്.
ചെയ്യാനാകുന്നത്
മരണംനടന്ന്, തൊട്ടടുത്ത ദിവസങ്ങളിൽ നിങ്ങൾക്കു പ്രായോഗികമായി പലതും ചെയ്യാനാകും. ആഹാരം ഉണ്ടാക്കിക്കൊടുക്കാനോ ദൂരെനിന്ന് എത്തിയിട്ടുള്ള ബന്ധുക്കൾക്ക് താമസസൗകര്യം ഒരുക്കാനോ നിങ്ങൾക്കു കഴിയുമോ? അല്ലെങ്കിൽ ദുഃഖിച്ചുകഴിയുന്ന വ്യക്തിയോടൊത്ത് അൽപ്പസമയം ചെലവഴിക്കാനാകുമോ?
പുരുഷന്മാരും സ്‌ത്രീകളും വ്യസനത്തെയും ഏകാന്തതയെയും കൈകാര്യംചെയ്യുന്നത് വ്യത്യസ്‌ത വിധങ്ങളിലാണെന്ന കാര്യവും മനസ്സിൽപ്പിടിക്കുക. ഉദാഹരണത്തിന് ചില സ്ഥലങ്ങളിൽ ഭാര്യ മരിച്ച് 18 മാസത്തിനുള്ളിൽത്തന്നെ പുരുഷന്മാരിൽ പകുതിയിലേറെയും പുനർവിവാഹം ചെയ്യുന്നതായി കണ്ടുവരുന്നു. എന്നാൽ സ്‌ത്രീകളുടെ കാര്യത്തിൽ അപൂർവമായി മാത്രമേ അങ്ങനെ സംഭവിക്കാറുള്ളൂ. എന്തായിരിക്കാം ഈ വ്യത്യാസത്തിനു കാരണം?
പലരും വിചാരിക്കുന്നതുപോലെ ശാരീരികമോ ലൈംഗികമോ ആയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനുവേണ്ടിയൊന്നുമല്ല പുരുഷന്മാരിൽ മിക്കവരും പുനർവിവാഹംചെയ്യുന്നത്. ഇണയോടുമാത്രം മനസ്സുതുറക്കാൻ പ്രവണതയുള്ളവരാണ് പുരുഷന്മാർ പൊതുവെ; അതുകൊണ്ടുതന്നെ ഇണയുടെ മരണത്തോടെ അവർ ഏകാന്തതയുടെ തടവറയിലാകുന്നു. ഒരുപരിധിവരെ ആ പ്രവണതനിമിത്തമായിരിക്കാം, പെട്ടെന്ന് പുതിയൊരു ബന്ധത്തിനു തുടക്കമിടുന്നതിന്റെ പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിൽപ്പോലും, അവർ പുനർവിവാഹത്തിനു തയ്യാറാകുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഏകാന്തതയ്‌ക്കുള്ള ഏക പരിഹാരമാണ് പുനർവിവാഹം. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് വൈകാരിക പിന്തുണ നേടുന്നതിൽ സ്‌ത്രീകൾ ഏറെ വിജയിക്കുന്നതായി പൊതുവെ കണ്ടുവരുന്നു; ഏകാന്തതയിൽനിന്നു പുറത്തുകടക്കാൻ അതുകൊണ്ടുതന്നെ അവർക്കു താരതമ്യേന എളുപ്പമാണ്, മുമ്പു സുഹൃത്തുക്കളായിരുന്ന പലരും അവരെ വിസ്‌മരിക്കുന്ന സാഹചര്യങ്ങളിൽപ്പോലും.
നിങ്ങളുടെ സുഹൃത്തിന്റെ അല്ലെങ്കിൽ ബന്ധുവിന്റെ ഏകാന്തതയിൽ അൽപ്പം ആശ്വാസം പകരാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? 49-കാരിയായ ഹെലൻ എന്ന വിധവ പറയുന്നു: “സഹായിക്കണമെന്നുണ്ടെങ്കിലും പലരും പക്ഷേ, അതിനു മുൻകൈയെടുക്കാറില്ല. ‘എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കരുത്, കേട്ടോ’ എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ ഞാൻ ഏറെ വിലമതിക്കുന്നത്, ‘ഞാൻ സാധനം വാങ്ങാൻ പോകുകയാണ്, വരുന്നോ?’ എന്നതുപോലെയൊക്കെ ആരെങ്കിലും ചോദിക്കുന്നതാണ്.” ‘പുറത്തൊക്കെ ഒന്നു പോയിവന്നാലോ’ എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ സന്തോഷം തോന്നുന്നത് എന്തുകൊണ്ടാണെന്ന് കാൻസർമൂലം ഭാര്യ മരിച്ച പോൾ പറയുന്നു: “ചിലപ്പോൾ ആളുകളുമായി ഇടപഴകാനോ നമ്മുടെ പ്രശ്‌നങ്ങളെക്കുറിച്ച് അവരോടു പറയാനോ ഒന്നും തോന്നുകയില്ല. എന്നാൽ മറ്റുള്ളവരോടൊപ്പം കുറെ സമയം ചെലവഴിച്ചുകഴിയുമ്പോൾ ഒരു ഉണർവും ഉന്മേഷവുമൊക്കെ തോന്നും, ഏകാന്തതയിൽനിന്ന് അൽപ്പമൊരു മോചനം ലഭിച്ചതുപോലെ. മറ്റുള്ളവർ നമ്മെക്കുറിച്ചു ചിന്തയുള്ളവരാണെന്ന് അറിയുന്നത് വലിയൊരു ആശ്വാസംതന്നെയാണ്.” *
സമാനുഭാവം കാണിക്കുക
ബന്ധുക്കൾ മിക്കവരും അവരവരുടേതായ കാര്യാദികളിൽ മുഴുകിയതോടെയാണ് വൈകാരിക പിന്തുണയുടെ
ആവശ്യം ഹെലന് ഏറെ അനുഭവപ്പെട്ടത്. “ആദ്യമൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും നമുക്കു ചുറ്റും കാണും. എന്നാൽ അവർ പെട്ടെന്നുതന്നെ സാധാരണ ജീവിതത്തിലേക്കു മടങ്ങും. പക്ഷേ, നമ്മുടെ കാര്യം അതല്ലല്ലോ,” അവർ പറയുന്നു. ആ യാഥാർഥ്യം മനസ്സിൽപ്പിടിച്ചുകൊണ്ട് യഥാർഥ സുഹൃത്തുക്കൾ തുടർന്നും അങ്ങനെയുള്ളവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകാൻ ശ്രദ്ധിക്കണം.വിവാഹവാർഷികദിനത്തിലോ ഇണയുടെ ചരമവാർഷികദിനത്തിലോ ആയിരിക്കാം ആശ്വാസംപകരുന്ന ആരുടെയെങ്കിലും സാമീപ്യം വിശേഷാൽ ആവശ്യമായി വരുന്നത്. വിവാഹവാർഷികദിനത്തിൽ തനിക്ക് അനുഭവപ്പെടുന്ന ഏകാന്തതയും ദുഃഖവുമൊക്കെ അകറ്റാൻ തന്റെ മകൻ ശ്രദ്ധിക്കാറുണ്ടെന്ന് നേരത്തേ പരാമർശിച്ച ഐലിൻ പറയുന്നു. “എല്ലാ വർഷവും ആ ദിവസം കെവിൻ എന്നെ പുറത്തുകൊണ്ടുപോകും. ഞങ്ങൾ എവിടെയെങ്കിലും പോയി ഉച്ചഭക്ഷണം കഴിക്കും. അങ്ങനെ ഞങ്ങൾ അമ്മയും മകനും മാത്രമായി കുറച്ചുസമയം ചെലവഴിക്കും,” അവർ പറയുന്നു. അതുകൊണ്ട് നിങ്ങളുടെ സുഹൃത്തോ കുടുംബാംഗമോ വളരെയധികം വിഷമം അനുഭവിക്കുന്ന ഇതുപോലുള്ള ദിവസങ്ങൾ ഓർമയിൽ വെക്കരുതോ? അങ്ങനെയാകുമ്പോൾ ആ ദിവസം ആ വ്യക്തിയോടൊപ്പം ആയിരിക്കാൻ നിങ്ങൾക്കു കഴിയും; ഇനി അതല്ലെങ്കിൽ മറ്റാരെയെങ്കിലും അതിനായി ക്രമീകരിക്കാനെങ്കിലും കഴിഞ്ഞേക്കും.—സദൃശവാക്യങ്ങൾ 17:17.
ഇണയെ നഷ്ടപ്പെട്ടിട്ടുള്ള മറ്റുള്ളവർക്കും ഇത്തരമൊരു സാഹചര്യത്തിലായിരിക്കുന്നവർക്ക് ആശ്വാസത്തിന്റെ ഉറവായിരിക്കാൻ കഴിയും. എട്ടുവർഷംമുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട ആനി, മറ്റൊരു വിധവയുമായുള്ള സഹവാസം തനിക്ക് പ്രയോജനംചെയ്‌തത് എങ്ങനെയെന്ന് പറയുന്നു: “അവരുടെ ആ നിശ്ചയദാർഢ്യം എന്നെ ഏറെ സ്വാധീനിച്ചു. തളർന്നുപോകാതെ മുന്നോട്ടുപോകാൻ അതെനിക്ക് കരുത്തേകി.”
അതെ, ഇണയുടെ വേർപാടിന്റെ വേദനയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞവർക്ക്, മറ്റുള്ളവർക്ക് പ്രചോദനത്തിന്റെയും പ്രത്യാശയുടെയും ഉറവായിരിക്കാനാകും. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന രണ്ടുവിധവമാരുടെ അനുഭവം അതാണു കാണിക്കുന്നത്. ചെറുപ്പക്കാരിയായ രൂത്തും അവളുടെ അമ്മാവിയമ്മയായ നൊവൊമിയും പരസ്‌പരം പിന്തുണച്ചതിലൂടെ പ്രയോജനം നേടിയതായി നാം കാണുന്നു. അന്യോന്യം പരിഗണന കാണിച്ചത്, ദുഃഖത്തിൽനിന്നു കരകയറാനും പ്രതികൂല സാഹചര്യത്തിൽ പിടിച്ചുനിൽക്കാനും അവരെ സഹായിച്ചുവെന്ന് ഹൃദയസ്‌പർശിയായ ആ വിവരണം വ്യക്തമാക്കുന്നു.—രൂത്ത് 1:15-17; 3:1; 4:14, 15.
സൗഖ്യമാകാൻ ഒരു കാലം
മരണത്തിൽ വേർപിരിഞ്ഞ ഇണയുടെ ഓർമകളിൽ മുഴുകിമാത്രം ജീവിക്കുന്നെങ്കിൽ ഒരുപക്ഷേ, സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നേക്കാം. അതുകൊണ്ട് ഇക്കാര്യത്തിൽ നല്ല സമചിത്തത പാലിക്കേണ്ടതുണ്ട്. എങ്കിലേ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകൂ. “കരവാൻ ഒരു കാലം” ഉണ്ടെന്ന് ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി. എന്നാൽ “സൌഖ്യമാക്കുവാൻ ഒരു കാലം” ഉണ്ടെന്നും അവൻ പറഞ്ഞു.—സഭാപ്രസംഗി 3:3, 4.
പഴയ ഓർമകളുടെ പിടിയിൽനിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്ന് നേരത്തേ പരാമർശിച്ച പോൾ പറയുന്നു: “കെട്ടുപിണഞ്ഞു വളരുന്ന രണ്ടു തൈമരങ്ങൾപോലെ ആയിരുന്നു ഞാനും ഭാര്യയും. അവയിൽ ഒന്നു പോയതോടെ മറ്റേതിന് താങ്ങ് ഇല്ലാത്തതുപോലെയായി. തനിച്ചുള്ള ജീവിതം ഒരു വല്ലാത്ത അനുഭവംതന്നെയാണ്.” ഗതകാല സ്‌മരണകളിൽ മുഴുകി ജീവിക്കുന്നത് മരിച്ചുപോയ ഇണയോട് വിശ്വസ്‌തത കാണിക്കാനുള്ള മാർഗമായി ചിലർ കരുതുന്നു. ഇനി മറ്റുചിലർ, പുറത്തുപോകുകയോ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ഒക്കെ ചെയ്‌തുകൊണ്ട് സന്തോഷിക്കുന്നത് ഇണയെ വഞ്ചിക്കുന്നതിനു തുല്യമാവില്ലേ എന്ന് ഭയപ്പെടുന്നു. ഭർത്താവിന്റെയോ ഭാര്യയുടെയോ വേർപാട് ഉളവാക്കിയ വേദനയിൽനിന്ന് സാവധാനം കരകയറാനും ജീവിതവുമായി മുന്നോട്ടുപോകാനും നമുക്ക് അവരെ എങ്ങനെ സഹായിക്കാം?
വേദനകൾ ഉള്ളിൽ ഒതുക്കാതെ തുറന്നുപ്രകടിപ്പിക്കാൻ സഹായിക്കുകയാണ് ചെയ്യാനാകുന്ന ആദ്യത്തെ സംഗതി. ആറുവർഷംമുമ്പ് ഭാര്യ മരിച്ച ഹെർബെർട്ട് പറയുന്നു: “എന്നെ കാണാൻ വന്നവർ എനിക്കു പറയാനുള്ളതെല്ലാം, പോയകാലത്തെ സന്തോഷങ്ങളും എന്റെ ഉള്ളിലെ സങ്കടങ്ങളുമെല്ലാം, കേട്ടിരിക്കാൻ മനസ്സുകാണിച്ചപ്പോൾ എനിക്ക് എത്ര സന്തോഷം തോന്നിയെന്നോ! എല്ലായ്‌പോഴും ഇടപെടാൻ അത്ര സുഖമുള്ള പ്രകൃതമൊന്നുമായിരുന്നില്ല എന്റേത്; എന്നിട്ടും സമാനുഭാവത്തോടെ അവർ എന്നോട് ഇടപെട്ടു.” പതിവായി തന്റെ വൈകാരിക ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാൻ പക്വതയുള്ള ഒരു സുഹൃത്ത് മുൻകൈ എടുത്തത് പോളിനെ ഏറെ സ്‌പർശിച്ചു. “അദ്ദേഹത്തിന്റെ ആ സ്‌നേഹവും ആത്മാർഥതയും ഉള്ളുതുറന്നു സംസാരിക്കാൻ എനിക്കു പ്രചോദനമായി,” പോൾ പറയുന്നു.—സദൃശവാക്യങ്ങൾ 18:24.
ദുഃഖമോ കുറ്റബോധമോ ദേഷ്യമോ ഒക്കെ ഒരുവൻ പ്രകടിപ്പിക്കുന്നത് അയാൾ തന്റെ മാറിയ സാഹചര്യത്തെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ദാവീദു രാജാവിന്റെ കാര്യത്തിൽ, 2 ശമൂവേൽ 12:19-23.
തന്റെ കുഞ്ഞു മരിച്ചപ്പോൾ ആ യാഥാർഥ്യം ഉൾക്കൊള്ളാനും ആ ദുഃഖത്തിൽനിന്ന് കരകയറാനും അവനു സാധിച്ചത് യഹോവയാം ദൈവത്തിന്റെ മുമ്പാകെ അവൻ തന്റെ ഹൃദയം പകർന്നതുകൊണ്ടാണ്.—ജീവിച്ചിരിക്കുന്ന ഇണ ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരേണ്ടതുണ്ട്, ആദ്യമൊക്കെ അത് അൽപ്പം ബുദ്ധിമുട്ടായിരുന്നേക്കാമെങ്കിലും. കടയിൽ പോകുന്നതോ വൈകുന്നേരം നടക്കാൻപോകുന്നതോ പോലുള്ള നിങ്ങളുടെ ദൈനംദിന കാര്യാദികളിൽ അവരെക്കൂടി ഉൾപ്പെടുത്താനാകുമോ? അതല്ലെങ്കിൽ ചില ജോലികളിൽ സഹായിക്കാനാകുമോ എന്ന് അവരോടു ചോദിക്കരുതോ? ഒറ്റപ്പെട്ട് വീട്ടിൽ കഴിയുന്നതിൽനിന്ന് അവരെ പുറത്തുകൊണ്ടുവരാനുള്ള ഒരു മാർഗമായിരുന്നേക്കാം അത്. അൽപ്പനേരം കുട്ടികളെ നോക്കാമോ എന്നോ ഏതെങ്കിലും പാചകവിധി പറഞ്ഞുതരാമോ എന്നോ ഒക്കെ അവരോട് ചോദിക്കാവുന്നതാണ്. വീടിന്റെ അറ്റകുറ്റപ്പണികളിൽ അവർക്കു സഹായിക്കാനാകുമോ? അങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ആസ്വാദ്യമായ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടാനാവുന്നു എന്നതിലുപരി, ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് തിരിച്ചറിയാനും അവർക്കു സാധിക്കും.
മറ്റുള്ളവരുമായി ഇടപഴകുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമ്പോൾ ജീവിക്കണമെന്ന ആഗ്രഹം അവരിൽ നാമ്പെടുക്കും. എന്തിന് പുതിയ ലക്ഷ്യങ്ങൾവെച്ചു മുന്നേറാൻപോലും അവർ തയ്യാറായെന്നുവരും. വിധവയും മാതാവുമായ 44-കാരി യോനറ്റ് പറയുന്നു: “സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് അത്ര എളുപ്പമായിരുന്നില്ല. വീട്ടുജോലികൾ, പണപരമായ കാര്യങ്ങൾ, മൂന്നുകുട്ടികളുടെ പരിപാലനം—എല്ലാം കൈകാര്യംചെയ്‌തു മുമ്പോട്ടു പോകുന്നത് ശരിക്കും ഒരു വെല്ലുവിളിതന്നെ ആയിരുന്നു.” എന്നാൽ കുറെക്കാലംകൊണ്ട് എല്ലാക്കാര്യങ്ങളും അതിന്റേതായ വിധത്തിൽ ചെയ്യാൻ യോനറ്റിനു സാധിച്ചു. മെച്ചമായ വിധത്തിൽ കുട്ടികളുമായി ആശയവിനിമയം ചെയ്യാനും ഉറ്റ സുഹൃത്തുക്കളിൽനിന്ന് സഹായവും പിന്തുണയും സ്വീകരിക്കാനും അവർ പഠിച്ചു.
“ജീവൻ അമൂല്യമായ സമ്മാനം”
മരണത്തിൽ ജീവിതപങ്കാളിയെ നഷ്ടപ്പെട്ടവരെ ശരിയായവിധത്തിൽ സഹായിക്കുന്നതിന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും യാഥാർഥ്യബോധമുള്ളവരായിരിക്കണം. ദുഃഖത്തിൽനിന്ന് കരകയറിയതായി കാണപ്പെടുന്നവർ ഒരുപക്ഷേ, പെട്ടെന്നായിരിക്കാം വിഷാദത്തിലേക്ക് വഴുതിവീഴുന്നത്. മാസങ്ങളോളമോ വർഷങ്ങളോളമോപോലും ഇതു തുടർന്നേക്കാം. അത്രയ്‌ക്കു കഠിനമായിരുന്നേക്കാം അവരുടെ “മനഃപീഡ.”—1 രാജാക്കന്മാർ 8:38, 39.
ദുഃഖത്തിന് അടിപ്പെട്ടുപോകുന്ന ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ പ്രോത്സാഹനം ലഭിച്ചില്ലെങ്കിൽ അവർ യാഥാർഥ്യങ്ങളുടെ ലോകത്തുനിന്ന് അകന്ന് സ്വയം ഒതുങ്ങിക്കൂടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുക. തക്കസമയത്ത് ലഭിച്ച പിന്തുണ ഇണയെ നഷ്ടപ്പെട്ട പലരുടെയും ജീവിതത്തിന് പുത്തനുണർവു നൽകിയിട്ടുണ്ട്. ഇപ്പോൾ ആഫ്രിക്കയിൽ മുഴുസമയശുശ്രൂഷകനായി പ്രവർത്തിക്കുന്ന, ഭാര്യ മരിച്ചുപോയ 60-കാരനായ ക്ലോഡ് പറയുന്നു: “ജീവിതത്തിൽ തനിച്ചാകുന്നതിന്റെ വേദന ഒരു വശത്ത് ഉണ്ടാകുമെങ്കിലും ജീവൻ അമൂല്യമായ ഒരു സമ്മാനംതന്നെയാണ്.”
ഇണ നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജീവിതം പഴയതുപോലെ ആയിരിക്കില്ല എന്നതു വാസ്‌തവംതന്നെ. എന്നിരുന്നാലും ജീവിച്ചിരിക്കുന്ന ഇണയ്‌ക്ക് മറ്റുള്ളവർക്കായി പലതും ചെയ്യാനാകും.—സഭാപ്രസംഗി 11:7, 8.
[അടിക്കുറിപ്പുകൾ]
^ ഖ. 11 12-ാം പേജിലെ “ സൂക്ഷിച്ചുവെക്കണോ അതോ ഉപേക്ഷിച്ചുകളയണോ?” എന്ന ചതുരം കാണുക.
^ ഖ. 16 പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിച്ചുകഴിയുന്നവരെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ നിർദേശങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയുടെ 20-25 പേജുകൾ കാണുക.
[11-ാം പേജിലെ ആകർഷകവാക്യം]
യഥാർഥ സുഹൃത്തുക്കൾ തുടർന്നും ആവശ്യമായ സഹായവും പിന്തുണയും നൽകാൻ ശ്രദ്ധിക്കും
[12-ാം പേജിലെ ചതുരം/ചിത്രം]
സൂക്ഷിച്ചുവെക്കണോ അതോ ഉപേക്ഷിച്ചുകളയണോ?
“എന്റെ ഭർത്താവ് ഉപയോഗിച്ചിരുന്ന പല സാധനങ്ങളും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്,” ഏതാനും വർഷംമുമ്പ് വിധവയായ ഹെലൻ പറയുന്നു. “അവ ഓരോന്നും ഓരോ മധുരസ്‌മരണ ഉണർത്തുന്നവയാണ്. കാലം കടന്നുപോകുമ്പോൾ മനസ്സിന് മാറ്റം വന്നെങ്കിലോ എന്നു കരുതിയാണ് തിരക്കുകൂട്ടി അവയൊന്നും കളയേണ്ട എന്ന് അന്നു ഞാൻ തീരുമാനിച്ചത്.”
തികച്ചും വ്യത്യസ്‌തമായിരുന്നു ക്ലോഡിന്റെ കാഴ്‌ചപ്പാട്. അഞ്ചുവർഷംമുമ്പ് ഭാര്യ നഷ്ടപ്പെട്ട അദ്ദേഹം പറയുന്നു: “എനിക്ക് അവളെ ഓർമിക്കാൻ അവൾ ഉപയോഗിച്ചിരുന്ന സാധനങ്ങൾ കണ്ടുകൊണ്ടിരിക്കണമെന്നൊന്നുമില്ല. അതെല്ലാം നീക്കംചെയ്‌തത് യാഥാർഥ്യം ഉൾക്കൊള്ളാനും ദുഃഖത്തിന്റെ തീവ്രത ഒരുപരിധിവരെ ലഘൂകരിക്കാനും എന്നെ സഹായിച്ചു.”
മരിച്ചുപോയ വ്യക്തി ഉപയോഗിച്ചിരുന്ന സാധനങ്ങൾ എന്തു ചെയ്യണം എന്ന കാര്യത്തിൽ ഓരോരുത്തരും വ്യത്യസ്‌ത തീരുമാനങ്ങൾ കൈക്കൊണ്ടേക്കാമെന്നാണ് മേൽപ്പറഞ്ഞ പ്രസ്‌താവനങ്ങൾ കാണിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും സ്വന്തം അഭിപ്രായങ്ങൾ അവരിൽ അടിച്ചേൽപ്പിക്കാതിരിക്കുന്നത് ബുദ്ധിയായിരിക്കും.—ഗലാത്യർ 6:2, 5.
[9-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ സഹായം ഏറെ വിലമതിക്കപ്പെടുന്ന ഏതെങ്കിലും പ്രത്യേക ദിവസങ്ങളുണ്ടോ?
[9-ാം പേജിലെ ചിത്രം]
പുറത്തുപോകുമ്പോൾ അവരെയുംകൂടെ ക്ഷണിക്കുക
[10-ാം പേജിലെ ചിത്രങ്ങൾ]
ദൈനംദിന കാര്യാദികളിലും വിനോദങ്ങളിലും അവരെയും ഉൾപ്പെടുത്തുക