വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയം’ ക്ഷമയ്‌ക്കായി കേഴുമ്പോൾ. . .

‘തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയം’ ക്ഷമയ്‌ക്കായി കേഴുമ്പോൾ. . .

ദൈവത്തോട്‌ അടുത്തുചെല്ലുക

‘തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയം’ ക്ഷമയ്‌ക്കായി കേഴുമ്പോൾ. . .

2 ശമൂവേൽ 12:1-14

നാമെല്ലാം പലപ്പോഴും പാപം ചെയ്യാറുണ്ട്‌. ചെയ്‌തുപോയ തെറ്റിനെക്കുറിച്ച്‌ എത്രതന്നെ ഖേദം ഉണ്ടെങ്കിലും നാം ഇങ്ങനെ ചിന്തിച്ചേക്കാം: ‘അനുതാപത്തോടെയുള്ള എന്റെ ആത്മാർഥമായ പ്രാർഥനകൾ ദൈവം കേൾക്കുമോ? അവൻ എന്നോടു ക്ഷമിക്കുമോ?’ പാപത്തെ യഹോവ ഒരിക്കലും നിസ്സാരമായി കാണുന്നില്ല എങ്കിലും അനുതപിക്കുന്ന ഒരു പാപിയോട്‌ ക്ഷമിക്കാൻ അവൻ സന്നദ്ധനാണെന്ന ആശ്വാസകരമായ സത്യം ബൈബിൾ പഠിപ്പിക്കുന്നു. പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവിന്റെ കാര്യത്തിൽ അതു വളരെ സത്യമായിരുന്നു. 2 ശമൂവേൽ 12-ാം അധ്യായത്തിൽ നമുക്ക്‌ ആ വിവരണം കാണാവുന്നതാണ്‌.

അതിലേക്കു നയിച്ച ആ സാഹചര്യം എന്താണെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം. ദാവീദ്‌ ഒന്നിനു പുറകേ ഒന്നായി ഗൗരവമേറിയ പല തെറ്റുകൾ ചെയ്‌തു. അവൻ ബേത്ത്‌-ശേബയുമായി വ്യഭിചാരത്തിലേർപ്പെട്ടു. തുടർന്ന്‌ അതു മൂടിവെക്കാൻ ശ്രമിച്ചു. അതു പരാജയപ്പെട്ടപ്പോൾ അവളുടെ ഭർത്താവ്‌ കൊല്ലപ്പെടാൻ അവൻ തന്ത്രങ്ങൾ മെനഞ്ഞു. ഇത്രയെല്ലാം ചെയ്‌തിട്ടും തന്റെ പാപങ്ങളെക്കുറിച്ച്‌ മൗനംപാലിച്ചുകൊണ്ട്‌ അവൻ നിഷ്‌കളങ്കതയുടെ മുഖംമൂടിയണിഞ്ഞു, അതും മാസങ്ങളോളം. എന്നാൽ യഹോവ അതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവൻ ദാവീദിന്റെ പാപങ്ങൾ കണ്ടു. അതേസമയം ദാവീദ്‌ അനുതപിക്കാൻ സാധ്യതയുണ്ടെന്നും യഹോവ തിരിച്ചറിഞ്ഞു. (സദൃശവാക്യങ്ങൾ 17:3) യഹോവ ഇപ്പോൾ എന്തു ചെയ്യുമായിരുന്നു?

നാഥാൻ പ്രവാചകനെ യഹോവ ദാവീദിന്റെ അടുക്കലേക്ക്‌ അയയ്‌ക്കുന്നു. (വാക്യം 1) പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന അവൻ വളരെ നയത്തോടെയാണ്‌ ദാവീദിനെ സമീപിക്കുന്നത്‌. ഓരോ വാക്കും വളരെ സൂക്ഷിച്ച്‌ സംസാരിക്കണമെന്ന്‌ അവന്‌ അറിയാം. ദാവീദ്‌ സ്വയം വഞ്ചിക്കുകയാണെന്നും അവൻ ചെയ്‌ത തെറ്റ്‌ വളരെ ഗൗരവമേറിയതാണെന്നും നാഥാന്‌ അവനെ എങ്ങനെ ബോധ്യപ്പെടുത്താൻ കഴിയുമായിരുന്നു?

തന്റെ തെറ്റുകൾ ന്യായീകരിക്കാൻ ദാവീദിന്‌ ഒരു പഴുതും നൽകാതെ നാഥാൻ അവനോട്‌ ഒരു കഥ പറയുന്നു; മുമ്പ്‌ ഇടയനായിരുന്ന അവന്റെ ഹൃദയത്തെ സ്‌പർശിക്കുംവിധമുള്ള ഒരു കഥയായിരുന്നു അത്‌—ഒരു ധനവാനും ദരിദ്രനും ഉൾപ്പെടുന്ന ഒരു കഥ. ധനികന്‌ “ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.” ദരിദ്രനാകട്ടെ, “ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു.” അങ്ങനെയിരിക്കെ ധനവാന്റെ വീട്ടിൽ ഒരു അതിഥി വരുന്നു. അദ്ദേഹത്തിന്‌ ഒരു സദ്യ ഒരുക്കാൻ ധനവാൻ ആഗ്രഹിക്കുന്നു. അതിനായി തന്റെ ആടുകളിൽ ഒന്നിനെ അറുക്കുന്നതിനു പകരം ആ ദരിദ്രന്‌ ആകെയുള്ള പെൺകുഞ്ഞാടിനെ അദ്ദേഹം കൊല്ലുന്നു. അതൊരു യഥാർഥ സംഭവമാണെന്നു ധരിക്കുന്ന ദാവീദ്‌ കോപംകൊണ്ടു ജ്വലിച്ച്‌ “ഇതു ചെയ്‌തവൻ മരണയോഗ്യൻ” എന്ന്‌ ആക്രോശിക്കുന്നു. എന്തുകൊണ്ട്‌? “അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചു” എന്ന്‌ ദാവീദ്‌ പറയുന്നു. *—2-6 വാക്യങ്ങൾ.

നാഥാന്റെ ആ ദൃഷ്ടാന്തത്തിന്‌ ഉദ്ദേശിച്ച ഫലമുണ്ടായി: ഒരുതരത്തിൽ പറഞ്ഞാൽ ദാവീദ്‌ തനിക്കുതന്നെ ശിക്ഷവിധിച്ചു. ഇപ്പോൾ നാഥാൻ ദാവീദിനോടു തുറന്നുപറയുന്നു: “ആ മനുഷ്യൻ നീ തന്നേ.” (വാക്യം 7) നാഥാൻ ഇവിടെ ദൈവത്തിനുവേണ്ടി സംസാരിക്കുകയായിരുന്നു. അതു കാണിക്കുന്നത്‌ ദാവീദിന്റെ തെറ്റിനെ യഹോവ തനിക്കെതിരെയുള്ള ഒന്നായി കണക്കാക്കി എന്നാണ്‌. ദൈവനിയമം ലംഘിക്കുകവഴി ആ നിയമം നൽകിയ ദൈവത്തോടുള്ള അനാദരവാണ്‌ ദാവീദ്‌ കാണിച്ചത്‌. “നീ എന്നെ നിരസിച്ചു” എന്ന്‌ ദൈവം പറയുന്നു. (വാക്യം 10) അതുകേട്ട്‌ ഹൃദയത്തിൽ കുത്തുകൊണ്ട ദാവീദ്‌ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഞാൻ യഹോവയോടു പാപം ചെയ്‌തിരിക്കുന്നു.” യഹോവ ക്ഷമിക്കുമെന്ന്‌ നാഥാൻ ദാവീദിന്‌ ഉറപ്പുകൊടുക്കുന്നു. എന്നാൽ ദാവീദ്‌ തന്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമായിരുന്നു.—13, 14 വാക്യങ്ങൾ.

തെറ്റുകൾ വെളിച്ചത്തുവന്നശേഷം ദാവീദ്‌ രചിച്ചതാണ്‌ നമ്മുടെ ബൈബിളിലെ 51-ാം സങ്കീർത്തനം. അതിലൂടെ തന്റെ ഹൃദയം പകർന്നുകൊണ്ട്‌ അനുതാപത്തിന്റെ ആഴം അവൻ വെളിപ്പെടുത്തുന്നു. പാപംചെയ്യുകവഴി ദാവീദ്‌ യഹോവയെ നിരസിച്ചിരുന്നു. എന്നാൽ യഹോവയുടെ ക്ഷമ അനുഭവിച്ചറിഞ്ഞപ്പോൾ അവൻ ദൈവത്തോട്‌ ഇങ്ങനെ പറഞ്ഞു: “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” (സങ്കീർത്തനം 51:17) യഹോവയുടെ കരുണതേടുന്ന അനുതാപമുള്ള പാപികളെ സംബന്ധിച്ചിടത്തോളം ഇതിൽപ്പരം ആശ്വാസദായകമായ വാക്കുകൾ ഇല്ലെന്നുതന്നെ പറയാം.

[അടിക്കുറിപ്പ്‌]

^ ഖ. 7 അതിഥിക്കുവേണ്ടി ഒരു ആട്ടിൻകുട്ടിയെ പാകംചെയ്യുന്നത്‌ ആതിഥ്യമര്യാദയുടെ ഭാഗമായിരുന്നു. എന്നാൽ അതിനെ മോഷ്ടിക്കുന്നത്‌ കുറ്റകരമായിരുന്നു; നാലിരട്ടി പകരം കൊടുക്കേണ്ട ഒരു കുറ്റം. (പുറപ്പാടു 22:1) ദാവീദിന്റെ ദൃഷ്ടിയിൽ ആ ആട്ടിൻകുട്ടിയെ തട്ടിയെടുത്ത ധനവാൻ കാരുണ്യരഹിതമായി പ്രവർത്തിക്കുകയായിരുന്നു. ദരിദ്രനായ ആ മനുഷ്യനും കുടുംബത്തിനും ഒരുപക്ഷേ, പാലും കമ്പിളിരോമവും ഭാവിയിൽ ഒരു ആട്ടിൻപറ്റംപോലും നൽകാമായിരുന്ന മൃഗമായിരുന്നു അത്‌. അതിനെയാണ്‌ ആ ധനവാൻ കൊന്നത്‌.