നന്ദിയുള്ളവരായിരിക്കുക!
രഹസ്യം 3
നന്ദിയുള്ളവരായിരിക്കുക!
ബൈബിൾ പഠിപ്പിക്കുന്നത് “എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ.”—1 തെസ്സലോനിക്യർ 5:18; പി.ഒ.സി. ബൈബിൾ.
വെല്ലുവിളി അഹങ്കാരികളും നന്ദിയില്ലാത്തവരുമായ ആളുകളാണ് നമുക്കു ചുറ്റുമുള്ളത്. അവരുടെ മനോഭാവങ്ങൾ നമ്മെയും സ്വാധീനിക്കാനിടയുണ്ട്. (2 തിമൊഥെയൊസ് 3:1, 2) മാത്രമല്ല, ഇക്കാലത്ത് നമ്മുടെ ജീവിതം കൂടുതൽ തിരക്കുള്ളതായിത്തീരുകയാണ്. ജീവിതപ്രശ്നങ്ങളുമായി മല്ലിടുകയും സ്വന്തം ആശാഭിലാഷങ്ങൾ തൃപ്തിപ്പെടുത്താനായി നെട്ടോട്ടമോടുകയും ചെയ്യുന്നതിനിടയിൽ മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ വിലമതിക്കാനോ അതിനു നന്ദി പ്രകാശിപ്പിക്കാനോ പലർക്കും സമയം കിട്ടാറില്ല.
നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് പലപല പ്രശ്നങ്ങൾ നിങ്ങളെ വീർപ്പുമുട്ടിക്കുന്നുണ്ടാകാം. എങ്കിലും നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക. ദാവീദ് രാജാവിന്റെ ദൃഷ്ടാന്തം നോക്കുക. വളരെ ക്ലേശകരമായ സാഹചര്യങ്ങളിലൂടെ അവന് കടന്നുപോകേണ്ടിവന്നിട്ടുണ്ട്. കഠിനമായ മനോവ്യഥകൾ അവൻ അനുഭവിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും ദൈവം നൽകിയ നന്മകൾ അവൻ മറന്നില്ല. പ്രാർഥനയിൽ അവൻ ദൈവത്തോടു പറഞ്ഞു: “നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.” (സങ്കീർത്തനം 143:3-5) അതെ, പരിശോധനകൾ നേരിട്ടപ്പോഴും തനിക്കു ലഭിച്ച അനുഗ്രഹങ്ങളെപ്രതി ദാവീദ് ദൈവത്തോടു കൃതജ്ഞതയുള്ളവനായിരുന്നു; അവൻ സംതൃപ്തനായിരുന്നു.
മറ്റുള്ളവർ നിങ്ങൾക്കുവേണ്ടി ചെയ്ത ഉപകാരങ്ങളെയും സഹായങ്ങളെയും കുറിച്ചു ചിന്തിക്കുക; അതിന് നന്ദി പ്രകാശിപ്പിക്കുക. യേശു ഇക്കാര്യത്തിൽ നല്ല ദൃഷ്ടാന്തം വെച്ചു. യേശുവിന്റെ സുഹൃത്തായിരുന്ന മറിയ ഒരിക്കൽ വളരെ വിലപിടിപ്പുള്ള ഒരു സുഗന്ധതൈലം അവന്റെ തലയിലും കാൽപ്പാദങ്ങളിലും പൂശി. കണ്ടുനിന്ന ചിലർ, “ഈ സുഗന്ധതൈലം ഇങ്ങനെ പാഴാക്കിയത് എന്തിന്?” എന്നു ചോദിച്ചു. a ആ തൈലം വിറ്റ്, പണം ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ എന്നായിരുന്നു വിമർശകരുടെ പക്ഷം. എന്നാൽ യേശുവിന്റെ പ്രതികരണം മറ്റൊന്നായിരുന്നു. അവൻ അവരോടു പറഞ്ഞു: “അവളെ വെറുതെ വിടുക. അവളെ നിങ്ങൾ അസഹ്യപ്പെടുത്തുന്നത് എന്തിന്? . . . ഇവളാൽ കഴിയുന്നത് ഇവൾ ചെയ്തു.” (മർക്കോസ് 14:3-8; യോഹന്നാൻ 12:3) മറിയ എന്തു ചെയ്തില്ല എന്നതിനല്ല, എന്തു ചെയ്തു എന്നതിനാണ് യേശു ഊന്നൽ നൽകിയത്. അതിനോട് അവൻ വിലമതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
കുടുംബബന്ധമോ സുഹൃദ്ബന്ധമോ ഒക്കെ നഷ്ടപ്പെട്ടശേഷം മാത്രമാണ് പലരും അതിന്റെ വിലയറിയുന്നത്. ആ ദുരനുഭവം ഉണ്ടാകാതിരിക്കാൻ നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെ വിലമതിക്കാൻ പഠിക്കുക. ആ അനുഗ്രഹങ്ങൾ ഓർക്കാൻ ശ്രമിക്കുക, കഴിയുമെങ്കിൽ അവ അക്കമിട്ട് എഴുതുക.
“എല്ലാ നല്ല ദാനങ്ങളു”ടെയും ഉറവിടം ദൈവമായതിനാൽ നാം അവനു കൃതജ്ഞത അർപ്പിക്കണം. (യാക്കോബ് 1:17) അങ്ങനെയൊരു ശീലം വളർത്തുന്നത് നന്ദിയുള്ളവരായിരിക്കാനും സംതൃപ്തരായി ജീവിക്കാനും നമ്മെ സഹായിക്കും.—ഫിലിപ്പിയർ 4:6, 7.
[അടിക്കുറിപ്പ്]
a ഒന്നാം നൂറ്റാണ്ടിൽ, അതിഥിയുടെ തലയിൽ തൈലം പൂശുന്നത് ആതിഥ്യമര്യാദയുടെ ഭാഗമായിരുന്നു; കാൽപ്പാദങ്ങളിൽ തൈലം പൂശുന്നത് താഴ്മയുടെ പ്രതീകവും.
[6-ാം പേജിലെ ചിത്രം]
മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്കായി നിങ്ങൾ നന്ദി പ്രകാശിപ്പിക്കാറുണ്ടോ?