പിശാചിനെ ദൈവം സൃഷ്ടിച്ചതാണോ?
വായനക്കാർ ചോദിക്കുന്നു
പിശാചിനെ ദൈവം സൃഷ്ടിച്ചതാണോ?
▪ ‘സകലവും സൃഷ്ടിച്ചത്’ ദൈവമാണെന്ന് ബൈബിൾ പറയുന്നതിനാൽ പിശാചിനെയും ദൈവം സൃഷ്ടിച്ചതായിരിക്കണം എന്ന് ചിലർ വിശ്വസിക്കുന്നു. (എഫെസ്യർ 3:9; വെളിപാട് 4:11) പക്ഷേ, അങ്ങനെയല്ല എന്നാണ് ബൈബിൾ പറയുന്നത്.
യഹോവ സൃഷ്ടിച്ച ആത്മരൂപികളിൽ ഒരാൾ പിശാച് ആയിത്തീരുകയായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? സ്രഷ്ടാവ് എന്നനിലയിൽ യഹോവയെക്കുറിച്ച് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നത് എന്താണെന്നു നോക്കുക: “അവിടുത്തെ പ്രവൃത്തി പരിപൂർണ്ണവും അവിടുത്തെ വഴികൾ നീതിയുക്തവുമാണ്. തിന്മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്ന് നീതിമാനും സത്യസന്ധനുമാണ്.” (ആവർത്തനപുസ്തകം 32:3-5, പി.ഒ.സി. ബൈബിൾ) ദൈവത്തിന്റെ പ്രവൃത്തി പരിപൂർണവും ദൈവം തിന്മ അറിയാത്തവനും ആണെന്ന് ഈ വാക്യം പറയുന്നു. അങ്ങനെ നോക്കിയാൽ സാത്താൻ ആയിത്തീർന്ന ഈ ആത്മരൂപിയെയും ദൈവം ആദിയിൽ സൃഷ്ടിച്ചത് പൂർണനും നീതിമാനും ആയിട്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം; അവൻ ദൈവത്തിന്റെ ദൂതപുത്രന്മാരിൽ ഒരുവനായിരുന്നു. മാത്രമല്ല, പിശാചിനെക്കുറിച്ച് “അവൻ സത്യത്തിൽ നിലനിന്നില്ല” എന്ന് യേശു പറയുകയുണ്ടായി. (യോഹന്നാൻ 8:44) ഒരുകാലത്ത് അവൻ സത്യവാനും നിർദോഷനും ആയിരുന്നു എന്നല്ലേ അതിനർഥം?
എന്നാൽ എന്താണ് സംഭവിച്ചത്? യഹോവയുടെ ബുദ്ധിശക്തിയുള്ള മറ്റു സൃഷ്ടികളെപ്പോലെതന്നെ സാത്താനായിത്തീർന്ന ഈ ദൂതനും ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നു. ഈ ദൂതൻ പക്ഷേ ദൈവത്തോടു മത്സരിക്കാൻ തീരുമാനിക്കുകയും തന്നോടൊപ്പം ചേരാൻ ആദ്യ മനുഷ്യദമ്പതികളെ വശീകരിക്കുകയും ചെയ്തു. അങ്ങനെ അവൻ സ്വയം സാത്താൻ ആയിത്തീർന്നു. “എതിരാളി” എന്നാണ് സാത്താൻ എന്ന പദത്തിന് അർഥം.—ഉല്പത്തി 3:1-5.
ദുഷ്ടനായ ഈ ആത്മരൂപി സ്വയം ഒരു പിശാചും (“ദൂഷകൻ” എന്നാണ് പിശാച് എന്ന പദത്തിന് അർഥം) ആയിത്തീർന്നു. അതെങ്ങനെ? വാസ്തവത്തിൽ, ഹവ്വായോടു സംസാരിച്ച സർപ്പത്തിന്റെ പിന്നിൽ സാത്താനായിരുന്നു. ഉപായിയായ സാത്താൻ ഹവ്വായെ കബളിപ്പിക്കാനായി തന്ത്രപൂർവം ചില നുണകൾ പറഞ്ഞു; ആ ദൂഷണം വിശ്വസിച്ച ഹവ്വാ, ദൈവം നൽകിയ നിയമങ്ങൾ ലംഘിക്കുകയും ദൈവത്തോട് അനുസരണക്കേട് കാണിക്കുകയും ചെയ്തു. യേശു സാത്താനെ ‘ഭോഷ്കിന്റെ അപ്പൻ’ എന്നു വിളിച്ചത് തികച്ചും ഉചിതമായിരുന്നു.—യോഹന്നാൻ 8:44.
ഈ ആത്മരൂപി തുടക്കത്തിൽ പൂർണനായിരുന്നു എന്ന് നാം കണ്ടല്ലോ. യാതൊരുവിധ ബലഹീനതകളോ ചുറ്റും ദുസ്സ്വാധീനങ്ങളോ ഇല്ലാതിരുന്നിട്ടും അവനു വഴിപിഴച്ചത് എന്തുകൊണ്ടാണ്? ഒരുവൻ ദുഷ്ചെയ്തികൾ ചെയ്യാൻ ഇടയാകുന്നത് എങ്ങനെയെന്ന് ബൈബിളെഴുത്തുകാരനായ യാക്കോബ് വിവരിക്കുന്നു: “ഓരോരുത്തനും പരീക്ഷിക്കപ്പെടുന്നത് സ്വന്തമോഹത്താൽ ആകർഷിതനായി വശീകരിക്കപ്പെടുകയാലത്രേ. മോഹം ഗർഭംധരിച്ച് പാപത്തെ പ്രസവിക്കുന്നു.” (യാക്കോബ് 1:14, 15) സാത്താന്റെ കാര്യത്തിൽ ഇതുതന്നെയാണ് സംഭവിച്ചത്. ചില ദുശ്ചിന്തകൾ അവൻ മനസ്സിൽ വളർത്തി. യഹോവയ്ക്ക് മാത്രം അർഹതപ്പെട്ട ആരാധന തനിക്കു ലഭിക്കണമെന്ന് അവൻ ആഗ്രഹിച്ചിട്ടുണ്ടാകണം; അങ്ങനെ, യഹോവയുടെ ആധിപത്യത്തിൻ കീഴിലായിരിക്കുന്ന മനുഷ്യരെ തന്റെ കീഴിൽ കൊണ്ടുവരാമെന്നും. (1 തിമൊഥെയൊസ് 3:6) ഈ ചിന്തകൾ മനസ്സിൽനിന്ന് എടുത്തുകളയുന്നതിനു പകരം അവൻ അതുതന്നെ ആലോചിച്ചുകൊണ്ടിരുന്നു. അങ്ങനെ അത് അവന്റെ മനസ്സിൽ വേരുറച്ചു. ഒടുവിൽ അവൻ തന്റെ ആഗ്രഹപ്രകാരം പ്രവർത്തിക്കുകയും ചെയ്തു.
ഇതു മനസ്സിലാക്കാൻ നമുക്ക് ഒരു ഉദാഹരണം നോക്കാം. രേഖകളിൽ തിരിമറികൾ നടത്തിയാൽ കുറച്ചു പണം കൈക്കലാക്കാൻ കഴിയുമെന്ന് ഒരു കമ്പനിയിലെ അക്കൗണ്ടന്റ് മനസ്സിൽ കണക്കുകൂട്ടുന്നു. അങ്ങനെയൊരു ചിന്ത വന്നെങ്കിലും വേണമെങ്കിൽ അയാൾക്ക് ആ ചിന്ത മനസ്സിൽനിന്നു കളയാം. എന്നാൽ പണം വെട്ടിക്കാനുള്ള ആ വഴിയെക്കുറിച്ച് അയാൾ ചിന്തിച്ചുകൊണ്ടിരിക്കുന്നെങ്കിൽ ആ ആശയം കൊള്ളാമെന്ന് അയാൾക്ക് തോന്നും. പിന്നെ അയാൾ വെട്ടിപ്പ് നടത്താനുള്ള സാധ്യത ഏറെയാണ്. ആ പ്രവൃത്തി ചെയ്താൽ അയാൾ കള്ളനായി. താൻ ചെയ്ത കുറ്റത്തോടുള്ള ബന്ധത്തിൽ എന്തെങ്കിലും നുണകൾ പറഞ്ഞാൽ അയാൾ നുണയനുമായി. സാത്താനും ഇങ്ങനെതന്നെയാണ് ചെയ്തത്. ദൈവം സൃഷ്ടിച്ച ഈ ദൂതൻ തെറ്റായ ആഗ്രഹങ്ങൾ വളർത്തുകയും അതിനൊത്ത് പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് തനിക്കുണ്ടായിരുന്ന ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി. വഞ്ചന കാണിക്കുകയും തന്റെ പിതാവിനോട് മത്സരിക്കുകയും ചെയ്ത അവൻ അങ്ങനെ സ്വയം പിശാചായ സാത്താൻ ആയിത്തീർന്നു.
എന്നാൽ ആശ്വാസമേകുന്ന ഒരു കാര്യമുണ്ട്: ദൈവം തന്റെ തക്കസമയത്ത് പിശാചായ സാത്താനെ നശിപ്പിച്ചുകളയും! (റോമർ 16:20) അതുവരെ, സാത്താനിൽനിന്ന് തന്റെ ദാസന്മാരെ സംരക്ഷിക്കാനുള്ള ക്രമീകരണം യഹോവ ചെയ്തിട്ടുണ്ട്: സാത്താന്റെ കുതന്ത്രങ്ങളെക്കുറിച്ച് അവൻ അവർക്ക് അറിവ് കൊടുത്തിരിക്കുന്നു, ഒപ്പം അവയിൽനിന്നു രക്ഷപ്പെടാനുള്ള മാർഗവും. (2 കൊരിന്ത്യർ 2:11; എഫെസ്യർ 6:11) അതുകൊണ്ട്, ‘പിശാചിനോട് എതിർത്തുനിൽക്കാൻ’ സർവശ്രമവും ചെയ്യുക; അപ്പോൾ “അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.”—യാക്കോബ് 4:7.
[21-ാം പേജിലെ ആകർഷകവാക്യം]
പൂർണനായിരുന്ന ഒരു ദൈവദൂതൻ ദൈവത്തിനെതിരെ മത്സരിച്ച് സ്വയം സാത്താനായിത്തീരുകയായിരുന്നു