ഇനിമേൽ ദുരന്തങ്ങളില്ല!
“ദുരന്തങ്ങളേതുമില്ലാത്ത ഒരു കാലം ഉടൻ വരും.” ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “അത് സ്വപ്നത്തിലായിരിക്കും; ദുരന്തങ്ങളൊക്കെ ജീവിതത്തിന്റെ ഭാഗമാണ്” എന്നായിരിക്കാം നിങ്ങളുടെ മറുപടി. അല്ലെങ്കിൽ നിങ്ങൾ മനസ്സിൽ ചിന്തിച്ചേക്കാം: ‘എന്നെയാണോ ഇതൊക്കെപ്പറഞ്ഞ് കളിപ്പിക്കാൻ നോക്കുന്നത്?’
പ്രകൃതിദുരന്തങ്ങളിൽനിന്ന് ഒരു മോചനം ഉണ്ടാകുകയില്ല എന്ന് നമുക്കു തോന്നിയേക്കാം. പക്ഷേ, ഈ ദുരവസ്ഥയ്ക്ക് മാറ്റംവരുമെന്നു വിശ്വസിക്കാൻ നല്ല കാരണമുണ്ട്. എന്നാൽ ഈ മാറ്റത്തിനു പിന്നിൽ മനുഷ്യകരങ്ങളായിരിക്കില്ല. കാരണം, പ്രകൃതിയിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് എന്തുകൊണ്ടാണെന്നും എങ്ങനെയാണെന്നും പൂർണമായി മനസ്സിലാക്കാൻ മനുഷ്യനാകുന്നില്ല. എന്നുതന്നെയല്ല അവയെ നിയന്ത്രിക്കാനോ നീക്കാനോ ഉള്ള കഴിവും അവനില്ല. ജ്ഞാനത്തിലും നിരീക്ഷണപാടവത്തിലും അഗ്രഗണ്യനായിരുന്ന പുരാതന ഇസ്രായേലിലെ ശലോമോൻരാജാവ് ഇങ്ങനെ എഴുതി: “സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന്നു കഴിവില്ല . . . മനുഷ്യൻ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവന്നു സാധിക്കയില്ല.”—സഭാപ്രസംഗി 8:17.
വിപത്തുകൾക്ക് തടയിടാൻ മനുഷ്യർക്ക് സാധിക്കില്ലെങ്കിൽ പിന്നെ ആരായിരിക്കും അത് ചെയ്യുക? നമ്മുടെ സ്രഷ്ടാവിന് അതു കഴിയുമെന്ന് ബൈബിൾ വ്യക്തമാക്കുന്നു. ജലപരിവൃത്തി ഉൾപ്പെടെ ഭൂമിയുടെ പരിസ്ഥിതിക്കു രൂപം നൽകിയത് അവനാണ്. (സഭാപ്രസംഗി 1:7) മാത്രമല്ല മനുഷ്യരിൽനിന്ന് തികച്ചും വ്യത്യസ്തമായി അളവറ്റ ശക്തിയും അവനുണ്ട്. ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് പ്രവാചകനായ യിരെമ്യാവ് എഴുതി: “യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.” (യിരെമ്യാവു 32:17) ഭൂമിയുടെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവാണ് ദൈവം. അതുകൊണ്ടുതന്നെ, മനുഷ്യർ സമാധാനത്തോടെ സുരക്ഷിതമായി അതിൽ വസിക്കുന്നതിന് എന്തൊക്കെ ചെയ്യണമെന്ന് അവനറിയാം.—സങ്കീർത്തനം 37:11; 115:16.
ദൈവം അത് എങ്ങനെയായിരിക്കും ചെയ്യുക? ഇന്ന് ഭൂമിയിൽ നടക്കുന്ന ഭീതിദമായ പല സംഭവങ്ങളും “യുഗസമാപ്തിയുടെ” “അടയാളം” ആണെന്ന് ഈ മാസികയുടെ രണ്ടാമത്തെ ലേഖനത്തിൽ വിശദീകരിക്കുകയുണ്ടായി. “ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തെത്തിയിരിക്കുന്നെന്ന് അറിഞ്ഞുകൊള്ളുക” എന്ന് യേശു പറഞ്ഞു. (മത്തായി 24:3; ലൂക്കോസ് 21:31) ദൈവരാജ്യം അതായത് ദൈവത്തിന്റെ സ്വർഗീയ ഗവണ്മെന്റായിരിക്കും പ്രകൃതിശക്തികളെപ്പോലും നിയന്ത്രണവിധേയമാക്കിക്കൊണ്ട് ഭൂമിയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നത്. ഇതു ചെയ്യാൻ യഹോവയാംദൈവത്തിന് ശക്തിയുണ്ടെങ്കിലും ആ ഉത്തരവാദിത്വം അവൻ തന്റെ പുത്രനെ ഭരമേൽപ്പിച്ചിരിക്കുന്നു. പുത്രനെക്കുറിച്ച് പ്രവാചകനായ ദാനീയേൽ ഇപ്രകാരം പറയുന്നു: “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു.”—ദാനീയേൽ 7:14.
ഭൂമിയെ സുന്ദരമായ ഒരിടമാക്കി മാറ്റുന്നതിന് വേണ്ടതെല്ലാം ചെയ്യാൻ ദൈവപുത്രനായ യേശുക്രിസ്തുവിന് അധികാരം ലഭിച്ചിരിക്കുന്നു. പ്രകൃതിശക്തികളെ നിയന്ത്രിക്കാനുള്ള പ്രാപ്തി തനിക്കുണ്ടെന്ന് 2,000 വർഷം മുമ്പ് ഭൂമിയിലായിരുന്നപ്പോൾ യേശു തെളിയിക്കുകയുണ്ടായി. ഒരിക്കൽ അവൻ ശിഷ്യന്മാരോടൊപ്പം ഗലീലക്കടലിലൂടെ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ, “ഉഗ്രമായ ഒരു കൊടുങ്കാറ്റുണ്ടായി; തിരമാലകൾ വള്ളത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു; വെള്ളം നിറഞ്ഞ് അതു മുങ്ങാറായി.” ഭയവിഹ്വലരായ ശിഷ്യന്മാർ തങ്ങളുടെ ജീവൻ രക്ഷിക്കാൻ യേശുവിനോട് അപേക്ഷിച്ചു. അവൻ എന്താണ് ചെയ്തത്? യേശു ‘കാറ്റിനെ ശാസിച്ചു കടലിനോട്, “അടങ്ങുക! ശാന്തമാകുക!” എന്നു പറഞ്ഞു. അപ്പോൾ കാറ്റ് ശമിച്ചു; വലിയ ശാന്തതയുണ്ടായി.’ അത്ഭുതംകൂറിക്കൊണ്ട് ശിഷ്യന്മാർ പരസ്പരം ഇങ്ങനെ ചോദിച്ചു: “ഇവൻ ആരാണ്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ.”—മർക്കോസ് 4:37-41.
പിന്നീട്, സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ട യേശുവിന് കൂടുതൽ ശക്തിയും അധികാരവും ലഭിച്ചു. മനുഷ്യർക്ക് ഭൂമിയിൽ സമാധാനത്തോടെ, സുരക്ഷിതമായി ജീവിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്വവും അതിനുള്ള പ്രാപ്തിയും ദൈവരാജ്യത്തിന്റെ രാജാവെന്നനിലയിൽ യേശുവിനുണ്ട്.
നാം മനസ്സിലാക്കിയതുപോലെ, പല പ്രശ്നങ്ങൾക്കും ദുരന്തങ്ങൾക്കും കാരണക്കാർ മനുഷ്യരാണ്. ചിലരുടെ സ്വാർഥതയും അത്യാർത്തിയുമാണ് പലപ്പോഴും ഇതിനെല്ലാം വഴിവെക്കുന്നത് അല്ലെങ്കിൽ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. ഇത്തരം ദുഷിച്ച ഗതിയിൽ തുടരുന്നവരെ ദൈവരാജ്യം എന്തുചെയ്യും? കർത്താവായ യേശുവിന്റെ വരവിനെക്കുറിച്ച് ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: അവൻ ‘തന്റെ ശക്തരായ ദൂതന്മാരുമായി സ്വർഗത്തിൽനിന്ന് അഗ്നിജ്വാലയിൽ വെളിപ്പെടുമ്പോൾ ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അനുസരിക്കാത്തവരോടും പ്രതികാരം ചെയ്യും.’ അതെ, ‘ഭൂമിയെ നശിപ്പിക്കുന്നവരെ അവൻ നശിപ്പിക്കും.’—2 തെസ്സലോനിക്യർ 1:7, 8; വെളിപാട് 11:18.
അതിനുശേഷം ‘രാജാധിരാജാവായ’ യേശുക്രിസ്തു പ്രകൃതിശക്തികളെയെല്ലാം തന്റെ വരുതിയിലാക്കും. (വെളിപാട് 19:16) ദൈവരാജ്യത്തിന്റെ പ്രജകളിൽ ആരും മേലാൽ പ്രകൃതിവിപത്തുകളാൽ ദുരിതം അനുഭവിക്കുകയില്ല, അക്കാര്യം യേശു ഉറപ്പുവരുത്തും. കാലാവസ്ഥാവ്യതിയാനത്തിന് ഇടയാക്കുന്ന ഘടകങ്ങളെയെല്ലാം അവൻ തന്റെ ശക്തി ഉപയോഗിച്ച് നിയന്ത്രിക്കുമ്പോൾ കാലാവസ്ഥയും ഋതുക്കളും മനുഷ്യരുടെ പ്രയോജനത്തിൽ കലാശിക്കും. കാലങ്ങൾക്കു മുമ്പ് യഹോവ തന്റെ ജനത്തോട് വാഗ്ദാനം ചെയ്തത് അപ്പോൾ നിവൃത്തിയേറും: “ഞാൻ തക്ക സമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.” (ലേവ്യപുസ്തകം 26:4) ദുരന്തങ്ങളിൽ നശിക്കുമെന്ന ഭയം കൂടാതെ ജനങ്ങൾ വീടുകൾ പണിയും. തിരുവെഴുത്ത് ഈ ഉറപ്പുനൽകുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.”—യെശയ്യാവു 65:21.
നിങ്ങൾ ചെയ്യേണ്ടത്
ദുരന്തങ്ങളേതുമില്ലാത്ത ഒരു ലോകത്ത് ജീവിക്കാനാകുമെന്നത് മറ്റു പലരെയുംപോലെ നിങ്ങൾക്കും ആകർഷകമായി തോന്നിയേക്കാം. എന്നാൽ അവിടെ ആയിരിക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ‘ദൈവത്തെ അറിയാത്തവർക്കും’ ‘സുവിശേഷം അനുസരിക്കാത്തവർക്കും’ ദുരന്തവിമുക്തമായ ലോകത്തിൽ ജീവിക്കാനാകില്ല! അതിനാൽ ഇപ്പോൾത്തന്നെ നാം ദൈവത്തെക്കുറിച്ചു പഠിക്കുകയും ഭൂമിയെ ഭരിക്കാനുള്ള അവന്റെ ക്രമീകരണത്തെ പിന്തുണയ്ക്കുകയും വേണം. നാം ദൈവത്തെ അറിയാനും തന്റെ പുത്രൻ മുഖാന്തരം സ്ഥാപിച്ചിരിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം അനുസരിക്കാനും അവൻ ആഗ്രഹിക്കുന്നു.
അതിനുള്ള ഏറ്റവും നല്ല മാർഗം ശ്രദ്ധാപൂർവമുള്ള ബൈബിൾപഠനമാണ്. ദൈവരാജ്യത്തിൽ സുരക്ഷിതമായ ചുറ്റുപാടുകളിൽ ജീവിക്കാൻവേണ്ട യോഗ്യത എങ്ങനെ നേടാനാകുമെന്ന് അത് വിശദീകരിക്കുന്നു. ബൈബിൾ പറയുന്നതു മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾക്കു നിങ്ങളെ സഹായിക്കാനാകും. അതിന് അവർക്ക് സന്തോഷമേയുള്ളൂ. ഒരു കാര്യം ഉറപ്പാണ്, ദൈവത്തെ അറിയാനും സുവിശേഷം അനുസരിക്കാനും നിങ്ങൾ ശ്രമിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 1:33-ലെ വാക്കുകൾ നിങ്ങളുടെ കാര്യത്തിൽ സത്യമായി ഭവിക്കും: “എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.” (w11-E 12/01)