വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശോഭനമായ ഒരു ഭാവിക്കായി

ശോഭനമായ ഒരു ഭാവിക്കായി

ശോഭനമായ ഒരു ഭാവിക്കായി

യഥാർഥ സന്തോഷവും സംതൃപ്‌തിയും നൽകുന്ന ജീവിതം എങ്ങനെ എത്തിപ്പിടിക്കാം? എടുക്കുന്ന തീരുമാനങ്ങളുടെ നീണ്ടുനിൽക്കുന്ന അനന്തരഫലങ്ങൾ മുൻകൂട്ടികാണാനുള്ള പ്രാപ്‌തി നിങ്ങൾക്കുണ്ട്‌. സവിശേഷമായ ഈ കഴിവ്‌ ഉപയോഗിക്കുക എന്നതാണ്‌ സന്തുഷ്ടഭാവി നേടാനാകുന്ന ഒരു മാർഗം.

ആഗ്രഹിക്കുന്നതെല്ലാം അപ്പോൾത്തന്നെ നേടണമെന്ന ചിന്താഗതി ചുറ്റുപാടുമുള്ളതിനാൽ ജീവിതകാലത്ത്‌ ഉടനീളം പ്രയോജനം ചെയ്യുന്ന തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക്‌ ബുദ്ധിമുട്ടു തോന്നിയേക്കാം. ഉദാഹരണത്തിന്‌, ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ കുടുംബബന്ധങ്ങൾ ദൃഢമാക്കുമെന്ന്‌ നിങ്ങൾക്ക്‌ അറിയാമായിരിക്കും. (എഫെസ്യർ 5:22–6:⁠4) പക്ഷേ അതിനു നല്ല ശ്രമം ആവശ്യമാണ്‌. കൂടുതൽ സമയം ജോലി ചെയ്യാനും വിനോദങ്ങളിൽ ഏർപ്പെടാനും ഒക്കെയുള്ള സമ്മർദത്തെ ചെറുത്തുകൊണ്ട്‌ കുടുംബത്തോടൊപ്പം നിങ്ങൾ പതിവായി സമയം ചെലവഴിക്കേണ്ടതുണ്ട്‌. ഇതുപോലെ, ഒന്നുകിൽ ക്ഷണികമായ ആസ്വാദനം നൽകുന്നതോ അല്ലെങ്കിൽ നിലനിൽക്കുന്ന സംതൃപ്‌തി നൽകുന്നതോ ആയ തീരുമാനങ്ങൾ ജീവിതത്തിലെ മറ്റനേകം മണ്ഡലങ്ങളിലും നിങ്ങൾക്ക്‌ എടുക്കേണ്ടിവരും. അങ്ങനെയെങ്കിൽ ശരിയായ തീരുമാനം എടുക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? തുടർന്നുവരുന്ന നാലു പടികൾ നോക്കുക.

1 തീരുമാനത്തിന്റെ അനന്തരഫലം ഭാവനയിൽ കാണുക

ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ യാഥാർഥ്യബോധത്തോടെ അതിന്റെ അനന്തരഫലങ്ങൾ മുൻകൂട്ടികാണുക. ബൈബിൾ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 22:⁠3) പരിണതഫലങ്ങളെക്കുറിച്ച്‌ സത്യസന്ധമായി വിലയിരുത്തുന്നത്‌ അപകടസാധ്യതയുള്ള ഒരു ഗതി ഒഴിവാക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. അതേസമയം, ഒരു നല്ല തീരുമാനത്തിന്റെ ദീർഘകാല പ്രയോജനങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ആ തീരുമാനം നടപ്പാക്കാൻ നിങ്ങൾക്ക്‌ പ്രചോദനമേകും.

സ്വയം ഇങ്ങനെ ചോദിക്കുക: ‘ഒരു വർഷത്തിനുള്ളിൽ അല്ലെങ്കിൽ പത്തോ ഇരുപതോ വർഷത്തിനു ശേഷം എന്റെ തീരുമാനത്തിന്റെ അനന്തരഫലം എന്തായിരിക്കും? അത്‌ എന്റെ ശാരീരികവും മാനസികവും ആയ ആരോഗ്യത്തെ എങ്ങനെ ബാധിക്കും? ഞാൻ എടുക്കുന്ന തീരുമാനം എന്റെ കുടുംബത്തെയും എനിക്കു വേണ്ടപ്പെട്ടവരെയും എങ്ങനെയായിരിക്കും ബാധിക്കുക?’ ഏറ്റവും പ്രധാനമായി ‘എന്റെ ഈ തീരുമാനം ദൈവത്തെ പ്രീതിപ്പെടുത്തുമോ? ദൈവവുമായുള്ള എന്റെ ബന്ധത്തെ ഇത്‌ എങ്ങനെ സ്വാധീനിക്കും?’ ദൈവത്തെ പ്രസാദിപ്പിക്കാൻ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ തിരിച്ചറിയാൻ ബൈബിൾ നിങ്ങളെ സഹായിക്കും. കാരണം അത്‌ ദൈവത്തിൽനിന്നുള്ളതാണ്‌. നിങ്ങളുടെ കണ്ണിൽപ്പെടാൻ സാധ്യതയില്ലാത്ത ചതിക്കുഴികളും അതു നിങ്ങൾക്ക്‌ കാണിച്ചുതരും.​—⁠സദൃശവാക്യങ്ങൾ 14:12; 2 തിമൊഥെയൊസ്‌ 3:⁠16.

2 പരിശോധിച്ച്‌ സ്വയം തിരഞ്ഞെടുക്കുക

സ്വന്തമായി ഒരു തീരുമാനം എടുക്കുന്നതിനു പകരം തങ്ങളുടെ ചുറ്റുമുള്ളവരെ അനുകരിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. എന്നാൽ ഒരു പ്രത്യേക ജീവിതഗതി എല്ലാവരും തിരഞ്ഞെടുക്കുന്നു എന്നതുകൊണ്ടു മാത്രം അതു നല്ലതായിരിക്കണമെന്നില്ല. അതുകൊണ്ട്‌ ഒരു തിരഞ്ഞെടുപ്പ്‌ നടത്തുന്നതിനു മുമ്പ്‌ കാര്യങ്ങൾ സ്വയം വിലയിരുത്തുക. ഉദാഹരണത്തിന്‌ നാൻസി പറയുന്നത്‌ ശ്രദ്ധിക്കുക: a “നല്ലൊരു വിവാഹജീവിതത്തിനായി ഞാൻ കൊതിച്ചിരുന്നു. പക്ഷേ ഞാൻ ജീവിക്കുന്ന രീതിയിൽ തുടർന്നാൽ അത്‌ ഒരിക്കലും നടക്കില്ലെന്ന്‌ എനിക്കറിയാമായിരുന്നു. കോളേജിലെ എന്റെ സുഹൃത്തുക്കളെല്ലാം വളരെ ബുദ്ധിമാന്മാരായിരുന്നു. എന്നിട്ടും സ്വന്തം ജീവിതത്തിൽ അവർ എപ്പോഴും മോശം തീരുമാനങ്ങളാണ്‌ എടുത്തിരുന്നത്‌. കൂടെക്കൂടെ അവർ കാമുകന്മാരെയും കാമുകിമാരെയും മാറ്റുമായിരുന്നു. അവരെപ്പോലെ തന്നെയായിരുന്നു ഞാനും, എനിക്കും അനേകം കാമുകന്മാർ ഉണ്ടായിരുന്നു. ആ ജീവിതരീതി എനിക്കുണ്ടാക്കിയ മനോവ്യഥ ചെറുതൊന്നുമല്ല.”

യഹോവയുടെ സാക്ഷികളോടൊത്ത്‌ നാൻസി ബൈബിൾ പഠിക്കാൻ തുടങ്ങി. അവൾ പറയുന്നു: “സന്തോഷത്തോടെ ജീവിക്കുന്ന ചെറുപ്പക്കാരെ സാക്ഷികൾക്കിടയിൽ ഞാൻ കണ്ടു. അവർക്കിടയിലെ വിവാഹബന്ധവും കരുത്തുറ്റതായിരുന്നു. വളരെ ശ്രമം ചെയ്‌താണെങ്കിലും പതിയെപ്പതിയെ എന്റെ മൂല്യങ്ങളും ജീവിതരീതിയും ഞാൻ മാറ്റിയെടുത്തു.” അതിന്റെ ഫലമെന്തായിരുന്നു? “എനിക്കു നല്ല മതിപ്പുള്ള ഒരാളെ വിവാഹം കഴിക്കാനാണ്‌ ഞാൻ എല്ലായ്‌പോഴും ആഗ്രഹിച്ചിരുന്നത്‌.” “എന്റെ അതേ മതവിശ്വാസങ്ങൾ പങ്കുവെക്കുന്ന ഒരാളെ പിന്നീട്‌ എനിക്കു വിവാഹം കഴിക്കാനായി. സ്വപ്‌നത്തിൽപ്പോലും കണ്ടിട്ടില്ലാത്ത ഒരു ജീവിതമാണ്‌ ദൈവം എനിക്കു തന്നിരിക്കുന്നത്‌,” അവൾ പറയുന്നു.

3 സുദീർഘഭാവി മുന്നിൽക്കാണുക

ഹ്രസ്വകാലത്തേക്കുമാത്രം പ്രയോജനം ചെയ്യുന്ന തീരുമാനങ്ങൾ ഒഴിവാക്കാൻ നിങ്ങൾ എന്തു ചെയ്യണം? നിങ്ങൾ ആഗ്രഹിക്കുന്ന ഭാവിജീവിതം എങ്ങനെയുള്ളതായിരിക്കണം എന്നതിനെക്കുറിച്ച്‌ വ്യക്തമായ ഒരു കാഴ്‌ചപ്പാട്‌ നിങ്ങൾക്കു വേണം. ആ ഭാവിജീവിതം എങ്ങനെ നേടിയെടുക്കാം എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കണം. (സദൃശവാക്യങ്ങൾ 21:⁠5) നിങ്ങളുടെ ചിന്തകൾ ഒരു സാധാരണ മനുഷ്യന്റെ ആയുഷ്‌കാലമായ 70-ഓ 80-ഓ വർഷത്തേക്കു മാത്രമായി പരിമിതപ്പെടുത്തരുത്‌. പകരം ബൈബിൾ വിശദീകരിക്കുന്ന നിത്യമായ ഭാവിജീവിതം ഭാവനയിൽ കാണുക.

യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിലൂടെ മനുഷ്യർക്ക്‌ നിത്യജീവൻ പ്രാപിക്കാനുള്ള ക്രമീകരണം ദൈവം ചെയ്‌തിരിക്കുന്നതായി ബൈബിൾ വിശദീകരിക്കുന്നു. (മത്തായി 20:28; റോമർ 6:23) ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ഉടൻ നിറവേറും; ദൈവം അതു വാഗ്‌ദാനം ചെയ്യുന്നു. അതുകൊണ്ട്‌ ദൈവത്തെ സ്‌നേഹിക്കുന്നവർക്ക്‌ മനോഹരമായ ഒരു പുതിയഭൂമിയിൽ നിത്യം ജീവിക്കാനുള്ള അവസരമുണ്ട്‌. (സങ്കീർത്തനം 37:11; വെളിപാട്‌ 21:​3-5) ഒരു സുദീർഘഭാവി മുന്നിൽക്കണ്ട്‌ തീരുമാനങ്ങൾ എടുക്കുന്നപക്ഷം ആ ഭാവിവാഗ്‌ദാനങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം!

4 ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പ്രയത്‌നിക്കുക

ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ആ ഭാവിജീവിതം നേടിയെടുക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ദൈവത്തെക്കുറിച്ചുള്ള അറിവ്‌ സമ്പാദിച്ചുകൊണ്ടുതന്നെ തുടങ്ങുക. (യോഹന്നാൻ 17:⁠3) ബൈബിളിനെക്കുറിച്ചുള്ള സൂക്ഷ്‌മമായ അറിവ്‌ ഭാവിയെക്കുറിച്ചുള്ള ദിവ്യവാഗ്‌ദാനങ്ങൾ സത്യമായി ഭവിക്കുമെന്ന നിങ്ങളുടെ വിശ്വാസം ശക്തമാക്കും. എന്തു മാറ്റങ്ങൾ വരുത്തിയും ദൈവത്തിന്റെ പ്രീതി നേടിയെടുക്കാൻ ആ വിശ്വാസം നിങ്ങളെ പ്രേരിപ്പിക്കും.

മൈക്കിളിന്റെ അനുഭവം നോക്കുക. അവൻ പറയുന്നു: “12 വയസ്സുള്ളപ്പോൾ ഞാൻ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാൻ തുടങ്ങി. ഒരു റൗഡി സംഘത്തിലെ അംഗമായിരുന്നു ഞാൻ. 30 വയസ്സിൽ കൂടുതൽ ജീവിക്കുമെന്ന്‌ എനിക്ക്‌ പ്രതീക്ഷയില്ലായിരുന്നു. കടുത്ത ദേഷ്യവും നിരാശയും മൂലം പലവട്ടം ഞാൻ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിട്ടുണ്ട്‌. ഇതൊന്നുമല്ല ജീവിതം എന്ന്‌ എനിക്കറിയാമായിരുന്നു. പക്ഷേ അതു കണ്ടെത്താൻ എനിക്കായില്ല.” ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ മൈക്കിളിന്റെ സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടി യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. മൈക്കിളും പഠിക്കാമെന്ന്‌ സമ്മതിച്ചു.

ബൈബിളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ ഭാവിയെക്കുറിച്ചുള്ള മൈക്കിളിന്റെ കാഴ്‌ചപ്പാടുതന്നെ മാറ്റിമറിച്ചു. “ഭൂമി വീണ്ടും ഒരു പറുദീസയായിത്തീരുമെന്നും അവിടെ ആളുകൾ ആകുലതകളില്ലാതെ സമാധാനത്തോടെ വസിക്കുമെന്നും ഞാൻ മനസ്സിലാക്കി. എന്റെ ഭാവിയും അവിടെയായിരിക്കാൻ ഞാൻ ആഗ്രഹിച്ചു. യഹോവയുമായി ഒരു നല്ല സൗഹൃദം വളർത്തിയെടുക്കുക എന്നതായി എന്റെ ലക്ഷ്യം. പക്ഷേ പലപ്പോഴും എനിക്കു ലക്ഷ്യം പിഴച്ചു. ബൈബിൾ പഠിക്കാൻ തുടങ്ങിയതിനു ശേഷവും ഏതാനും തവണ ഞാൻ അമിതമായി മദ്യപിച്ചു. ഒരിക്കൽ ഒരു പെൺകുട്ടിയുമായി അധാർമിക ബന്ധത്തിൽ ഏർപ്പെടുകപോലും ചെയ്‌തു.”

ഇത്തരം പിഴവുകൾ മറികടക്കാനും തന്റെ ജീവിതം നല്ലരീതിയിൽ പരുവപ്പെടുത്താനും മൈക്കിളിനു സാധിച്ചത്‌ എങ്ങനെ? അവൻ പറയുന്നു: “ദിവസവും ബൈബിൾ വായിക്കാനും ദൈവത്തെ പ്രസാദിപ്പിക്കുന്നവരുമായി കൂട്ടുകൂടാനും ബൈബിൾ പഠിപ്പിച്ച വ്യക്തി എന്നെ പ്രോത്സാഹിപ്പിച്ചു. സംഘത്തിലുള്ളവർ അപ്പോഴും എന്നെ സ്വാധീനിക്കുന്നുണ്ടെന്ന്‌ എനിക്കു മനസ്സിലായി. അവർ എനിക്ക്‌ സ്വന്തം വീട്ടുകാരെപ്പോലെ ആയിരുന്നു; എങ്കിലും അവരുമായുള്ള സകലബന്ധവും ഞാൻ അവസാനിപ്പിച്ചു.”

ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിലുള്ള ജീവിതം നയിക്കുക എന്ന വലിയ ലക്ഷ്യം കൈവരിക്കുന്നതിന്റെ ആദ്യപടി എന്ന നിലയിൽ മൈക്കിൾ ചെറിയ ലക്ഷ്യങ്ങളും മുൻഗണനകളും വെച്ചു. നിങ്ങൾക്കും അതു ചെയ്യാനാകും. നിങ്ങളുടെ ദീർഘകാല ലക്ഷ്യവും അതിൽ എത്തിച്ചേരാൻ സഹായിക്കുന്ന പടികളും എഴുതിവെക്കുക. നിങ്ങളെ പിന്തുണയ്‌ക്കുന്നവരോട്‌ അതേക്കുറിച്ച്‌ പറയാനാകും. നിങ്ങൾ എത്രത്തോളം പുരോഗതി വരുത്തുന്നുണ്ടെന്നു നിരീക്ഷിക്കാനും അവരെ ചുമതലപ്പെടുത്തുക.

ദൈവത്തെക്കുറിച്ചു പഠിക്കുന്നതും അവന്റെ നിർദേശങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്നതും ഒരിക്കലും പിന്നത്തേക്കു മാറ്റിവെക്കരുത്‌. ദൈവത്തോടും അവന്റെ വചനമായ ബൈബിളിനോടും ഉള്ള സ്‌നേഹം വളർത്തിയെടുക്കാൻ ഇപ്പോൾത്തന്നെ ശ്രമിക്കുക. ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്ന ഒരു വ്യക്തിയെക്കുറിച്ച്‌ ദൈവവചനം പറയുന്നത്‌ ഇങ്ങനെയാണ്‌: “അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.”​—⁠സങ്കീർത്തനം 1:​1-3. (w12-E 05/01)

[അടിക്കുറിപ്പ്‌]

a ഈ ലേഖനത്തിലെ പേരുകൾ മാറ്റിയിട്ടുണ്ട്‌.