മുഖ്യലേഖനം: ലോകാവസാനം—ഭയപ്പെടേണ്ടതുണ്ടോ?
ലോകാവസാനം—ഭയപ്പെടേണ്ടതുണ്ടോ?
രണ്ടായിരത്തി പന്ത്രണ്ട് ഡിസംബർ 21. മായൻ കലണ്ടർ അനുസരിച്ച് വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച ദിവസമായിരുന്നു അത്. നിങ്ങളുടെ പ്രതീക്ഷ എന്തായിരുന്നു? നിങ്ങൾക്ക് ഇപ്പോൾ ആശ്വാസമാണോ, നിരാശയാണോ അതോ നിസ്സംഗതയാണോ തോന്നുന്നത്? ലോകാവസാനത്തെക്കുറിച്ച് നടത്തിയ മറ്റൊരു തെറ്റായ പ്രവചനമായിരുന്നോ അതും?
ബൈബിളിൽ പറയുന്ന “ലോകാവസാന”ത്തെക്കുറിച്ച് എന്ത്? (മത്തായി 24:3, സത്യവേദപുസ്‌തകം) ഭൂമി കത്തിച്ചാമ്പലാകുമെന്നാണ് ചിലർ ഭയക്കുന്നത്. മറ്റു ചിലരാണെങ്കിൽ ലോകാവസാനത്തിങ്കൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെപ്രതി ആകാംക്ഷയോടെ കാത്തിരിക്കുന്നു. പ്രതീക്ഷിച്ചതുപോലെ സംഭവിക്കാത്തതിൽ നിരാശിതരാണ് വേറെ ചിലർ. ലോകാവസാനത്തെക്കുറിച്ചുള്ള ആളുകളുടെ ഇത്തരം ചിന്തകൾ വെറും ഊഹാപോഹങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണോ? ആകട്ടെ, എന്താണ് ലോകാവസാനത്തെക്കുറിച്ചുള്ള സത്യം?
ലോകാവസാനത്തെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ നിങ്ങൾക്ക് ആശ്ചര്യം തോന്നിയേക്കാം. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കേണ്ടതിന്റെ കാരണങ്ങളെക്കുറിച്ച് മാത്രമല്ല പ്രതീക്ഷിച്ച സമയത്ത് അന്ത്യം വരാതാകുമ്പോൾ നിരാശ തോന്നിയേക്കാം എന്നും ബൈബിൾ പറയുന്നു. ലോകാവസാനത്തെക്കുറിച്ചുള്ള ചില സാധാരണ സംശയങ്ങൾക്ക് ബൈബിൾ നൽകുന്ന മറുപടി പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.
ഭൂമി കത്തിച്ചാമ്പലാകുമോ?
ഭൂമി കത്തി നശിക്കുകയില്ല. മറിച്ച്, അത് മനുഷ്യരുടെ ശാശ്വതഭവനമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. അതുകൊണ്ട് ഒരു വിധത്തിലും ഭൂമി നശിക്കുകയില്ല. സങ്കീർത്തനം 37:29 പറയുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 115:16; യെശയ്യാവു 45:18.
ഭൂമിയെ നിർമിച്ചതിനു ശേഷം അത് “എത്രയും നല്ലത്” എന്നാണ് ദൈവം പറഞ്ഞത്. ഇപ്പോഴും അവന് തോന്നുന്നത് അതുതന്നെയാണ്. (ഉല്‌പത്തി 1:31) ഭൂമിയെ നശിപ്പിക്കുക എന്നതല്ല ദൈവത്തിന്റെ ഉദ്ദേശ്യം. മറിച്ച് ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനാണ്’ അവൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമിക്ക് ഒരു കോട്ടവും തട്ടാതെ അവൻ അതിനെ കാത്തുസംരക്ഷിക്കും.—വെളിപാട് 11:18.
അങ്ങനെയെങ്കിൽപ്പിന്നെ 2 പത്രോസ് 3:7 പറയുന്നതോ? “ഇപ്പോഴത്തെ ആകാശവും ഭൂമിയും . . . തീക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു” എന്ന് അവിടെ വായിക്കുന്നു. ഭൂമി കത്തി നശിക്കുമെന്നല്ലേ ഇത് കാണിക്കുന്നത്? ബൈബിളിൽ ‘ആകാശം,’ ‘ഭൂമി,’ ‘തീ’ എന്നീ പദപ്രയോഗങ്ങൾ ചിലപ്പോൾ ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സങ്കീർത്തനം 97:1-ൽ “ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ” എന്നു പറയുന്നു. ഇവിടെ “ഭൂമി” എന്ന പദം മനുഷ്യസമൂഹത്തെയാണ് കുറിക്കുന്നത്.
2 പത്രോസ് 3:7-ൽ പറഞ്ഞിരിക്കുന്ന “ആകാശവും” “ഭൂമിയും” ‘തീയും’ ആലങ്കാരികമാണെന്ന് തൊട്ടുമുമ്പുള്ള വാക്യങ്ങളിൽനിന്നു കാണാനാകും. 5-ഉം 6-ഉം വാക്യങ്ങളിൽ സമാനമായ ഒരു സാഹചര്യത്തെക്കുറിച്ച്, അതായത് നോഹയുടെ കാലത്തെ ജലപ്രളയത്തെക്കുറിച്ച്, പരാമർശിച്ചിരിക്കുന്നു. പുരാതനകാലത്തെ ആ ലോകം അന്ന് പ്രളയത്തിൽ നശിച്ചു. എന്നാൽ ഭൂമി എന്ന നമ്മുടെ ഗ്രഹം അന്ന് നശിച്ചില്ല. അതുകൊണ്ട് പ്രളയത്തിൽ നശിപ്പിക്കപ്പെട്ട “ഭൂമി” അർഥമാക്കുന്നത് അന്നുണ്ടായിരുന്ന അക്രമാസക്തരായ മനുഷ്യരെയാണ്; “ആകാശം” ആ മനുഷ്യവർഗത്തിന്മേൽ വാഴ്‌ച നടത്തിയിരുന്ന ഭരണകർത്താക്കളെയും. (ഉല്‌പത്തി 6:11) സമാനമായി, ഇന്നത്തെ ദുഷ്ട മനുഷ്യസമൂഹത്തിന്റെയും അതിന്റെ ദുഷിച്ച ഭരണകൂടങ്ങളുടെയും നിത്യനാശത്തെയാണ് 2 പത്രോസ് 3:7 പരാമർശിക്കുന്നത്—തീയാൽ എന്നപോലെ.
ലോകാവസാനത്തിൽ എന്തു സംഭവിക്കും?
ബൈബിൾ പറയുന്നു: “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു.”—1 യോഹന്നാൻ 2:17.
നീങ്ങിപ്പോകാനിരിക്കുന്ന ‘ലോകം’ ഭൂമിയല്ല. മറിച്ച് ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാൻ വിസമ്മതിക്കുന്ന മനുഷ്യവർഗലോകമാണ്. രോഗിയുടെ ജീവൻ രക്ഷിക്കാനായി ഡോക്‌ടർ കാൻസറുള്ള മുഴ നീക്കം ചെയ്യുന്നതുപോലെ ദുഷ്ടമനുഷ്യരെ ദൈവം ‘ഛേദിച്ചുകളയും.’ സങ്കീർത്തനം 37:9) ആ അർഥത്തിൽ ‘ലോകാവസാനം’ എന്തുകൊണ്ടും നല്ലതാണ്.
അങ്ങനെയാകുമ്പോൾ നല്ല ആളുകൾക്ക് ഭൂമിയിൽ ജീവിതം ആസ്വദിക്കാനാകും. (“യുഗസമാപ്‌തി,” ‘യുഗാന്തം’ എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ബൈബിൾഭാഷാന്തരങ്ങളിൽ “ലോകാവസാന”ത്തെക്കുറിച്ചുള്ള ഇത്തരം ക്രിയാത്മകമായ വീക്ഷണം കാണാം. (മത്തായി 24:3; പി.ഒ.സി ബൈബിൾ) ഭൂമിയും മനുഷ്യരും അതിജീവിക്കുന്ന സ്ഥിതിക്ക് ഒരു പുതിയ യുഗം അതായത് ഒരു പുതിയ വ്യവസ്ഥിതി വരുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമല്ലേ? അത് ന്യായമാണെന്ന് ബൈബിൾ സമ്മതിക്കുന്നു. “വരുവാനുള്ള വ്യവസ്ഥിതി”യെക്കുറിച്ച് അത് പരാമർശിക്കുന്നുണ്ട്.—ലൂക്കോസ് 18:30, അടിക്കുറിപ്പ്.
‘സകലതും പുതുതാക്കപ്പെടുന്ന സമയം’ എന്നാണ് യേശു ആ നല്ല ഭാവിയെ വിളിച്ചത്. അന്നാളിൽ തന്റെ ആദിമോദ്ദേശ്യംപോലെ ദൈവം മനുഷ്യവർഗത്തെ പുനഃസ്ഥിതീകരിക്കും. (മത്തായി 19:28, അടിക്കുറിപ്പ്) താഴെപ്പറയുന്ന കാര്യങ്ങളെല്ലാം നമുക്ക് അന്ന് ആസ്വദിക്കാം:
-
സുരക്ഷിതത്വവും സമൃദ്ധിയും ഉള്ള ഒരു പറുദീസാഭൂമി.—യെശയ്യാവു 35:1; മീഖാ 4:4.
-
അർഥവത്തായ, സംതൃപ്തിയേകുന്ന തൊഴിൽ.—യെശയ്യാവു 65:21-23.
-
സകല വ്യാധികളിൽനിന്നും വിമുക്തി.—യെശയ്യാവു 33:24.
-
വാർധക്യത്തിൽനിന്ന് വിടുതൽ.—ഇയ്യോബ് 33:25.
-
മരിച്ചവരുടെ പുനരുത്ഥാനം.—യോഹന്നാൻ 5:28, 29.
നാം “ദൈവേഷ്ടം” ചെയ്യുന്നെങ്കിൽ, അവൻ ആവശ്യപ്പെടുന്നത് അനുസരിക്കുന്നെങ്കിൽ ലോകാവസാനത്തെ നാം ഭയക്കേണ്ടതില്ല. മറിച്ച് നമുക്ക് അതിനായി ആകാംക്ഷയോടെ കാത്തിരിക്കാം.
ലോകാവസാനം യഥാർഥത്തിൽ ആസന്നമാണോ?
ബൈബിൾ പറയുന്നു: “ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തെത്തിയിരിക്കുന്നെന്ന് അറിഞ്ഞുകൊള്ളുക.”—ലൂക്കോസ് 21:31.
അന്ത്യനാളുകൾ വീണ്ടും (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിൽ പ്രൊഫസർ റിച്ചാർഡ് കെയിൽ പറയുന്നത് ഇങ്ങനെയാണ്: “ധ്രുതഗതിയിലുള്ള മാറ്റങ്ങളും താറുമാറായ സാമൂഹിക അവസ്ഥകളും ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾക്കു വഴിവെക്കുന്നു,” വിശേഷിച്ചും ഇത്തരം മാറ്റങ്ങൾക്കും കുഴഞ്ഞുമറിഞ്ഞ അവസ്ഥകൾക്കും പിന്നിൽ എന്താണെന്ന് വിശദീകരിക്കാൻ കഴിയാതെവരുമ്പോൾ.
എന്നിരുന്നാലും, ബൈബിളിൽ ലോകാവസാനത്തെക്കുറിച്ച് പറഞ്ഞ പ്രവാചകന്മാർ അവരുടെ കാലത്തെ ലോകാവസ്ഥകളുടെ വിശദീകരണമായല്ല പ്രവചനങ്ങൾ ഉച്ചരിച്ചത്. പകരം ലോകാവസാനം ആസന്നമാണെന്ന് സൂചിപ്പിക്കുന്ന സംഭവവികാസങ്ങൾ ദൈവത്താൽ പ്രചോദിതമായി അവർ എഴുതിയതാണ്. അത്തരം ചില ബൈബിൾപ്രവചനങ്ങൾ ശ്രദ്ധിക്കൂ. അവ നമ്മുടെ കാലത്ത് നിവൃത്തിയേറുന്നില്ലേ എന്ന് നിങ്ങൾതന്നെ ചിന്തിച്ചുനോക്കൂ.
- യുദ്ധം, ക്ഷാമം, ഭൂകമ്പം, മഹാവ്യാധികളുടെ വ്യാപനം.—
-
അധർമം വർധിച്ചുവരും.—മത്തായി 24:12.
-
മനുഷ്യർ ഭൂമിയെ നശിപ്പിക്കും.—വെളിപാട് 11:18.
-
ആളുകൾ സ്വസ്‌നേഹികളും ധനമോഹികളും ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങൾ പ്രിയപ്പെടുന്നവരും ആയിരിക്കും.—2 തിമൊഥെയൊസ് 3:2, 4.
-
കുടുംബബന്ധങ്ങൾ ശിഥിലമാകും.—2 തിമൊഥെയൊസ് 3:2, 3.
-
അന്ത്യം ആസന്നമാണെന്നതിന് തെളിവുകൾ ഉണ്ടെങ്കിലും ആളുകൾ അത് ഗൗനിക്കുകയില്ല.—മത്തായി 24:37-39.
-
ഭൂലോകത്തിലൊക്കെയും ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കപ്പെടും.—മത്തായി 24:14.
യേശു പറഞ്ഞതുപോലെ, “ഇവയെല്ലാം കാണുമ്പോൾ” അന്ത്യം അടുത്തെത്തിയിരിക്കുന്നെന്ന് മനസ്സിലാക്കാനാകും. (മത്തായി 24:33) തെളിവുകൾ വ്യക്തമാണെന്ന് യഹോവയുടെ സാക്ഷികൾക്ക് ബോധ്യമുണ്ട്. ആയതിനാൽ അവർ ഇക്കാര്യം 236 ദേശങ്ങളിൽ പ്രസംഗിക്കുന്നു.
പ്രതീക്ഷിച്ച സമയത്ത് അന്ത്യം വന്നില്ലെങ്കിൽ അത് ഒരിക്കലും വരില്ലെന്നാണോ?
ബൈബിൾ പറയുന്നു: ‘“സമാധാനം, സുരക്ഷിതത്വം” എന്ന് അവർ പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ നിനയ്‌ക്കാത്ത നാഴികയിൽ അവർക്കു പെട്ടെന്നു നാശം വന്നുഭവിക്കും; അതിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാവില്ല.’—1 തെസ്സലോനിക്യർ 5:3.
ലോകത്തിന്റെ നാശത്തെ ബൈബിൾ ഉപമിക്കുന്നത് ഒരു സ്‌ത്രീയുടെ പ്രസവസമയത്തോടാണ്. പ്രസവവേദന വരുമെന്ന് അവൾക്ക് അറിയാം. അത് പെട്ടെന്നായിരിക്കും. അന്ത്യത്തിന് മുമ്പുള്ള സമയത്തെ സ്‌ത്രീയുടെ ഗർഭകാലത്തോട് ഉപമിക്കാം. കാരണം കുഞ്ഞിന്റെ ജനനത്തോട് ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രകടമാകുന്നത് അവൾക്ക് മനസ്സിലാക്കാനാകും. കുഞ്ഞിന്റെ ജനനസമയം ഡോക്‌ടർ ഒരുപക്ഷേ കണക്കുകൂട്ടിയേക്കാം. ഡോക്‌ടർ പറഞ്ഞ സമയം കഴിഞ്ഞാലും കുഞ്ഞ് ജനിക്കുമെന്ന കാര്യത്തിൽ അമ്മയ്‌ക്ക് സംശയമുണ്ടായിരിക്കില്ല. സമാനമായി പ്രതീക്ഷിച്ച സമയത്ത് അന്ത്യം വന്നില്ലെങ്കിലും നാം ജീവിക്കുന്നത് ‘അന്ത്യകാലത്താണ്’ എന്ന വസ്‌തുതയ്‌ക്ക് യാതൊരു മാറ്റവുമില്ല.—2 തിമൊഥെയൊസ് 3:1.
ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം നിങ്ങളുടെ മനസ്സിൽ ഉദിച്ചേക്കാം: ‘അന്ത്യം ആസന്നമാണ് എന്നതിന് വ്യക്തമായ അടയാളം ഉണ്ടായിട്ടും പലരും അത് മനസ്സിലാക്കാത്തത് എന്തുകൊണ്ട്?’ അന്ത്യം അടുത്തുവരവെ പലരും അതിന്റെ തെളിവുകൾ ഗൗനിക്കുകയില്ലെന്ന് ബൈബിൾ പറയുന്നു. അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന ശ്രദ്ധേയമായ മാറ്റങ്ങൾ അംഗീകരിക്കുന്നതിനു പകരം “നമ്മുടെ പിതാക്കന്മാരുടെ കാലംമുതലേ സകലതും സൃഷ്ടിയുടെ ആരംഭത്തിൽ 2 പത്രോസ് 3:3, 4) അതെ, അന്ത്യകാലത്തിന്റെ അടയാളം വ്യക്തമാണ്, പക്ഷേ പലരും അത് കണ്ടില്ലെന്നു നടിക്കുന്നു.—മത്തായി 24:38, 39.
ഇരുന്നതുപോലെതന്നെ ഇരിക്കുന്നുവല്ലോ” എന്നു പറഞ്ഞ് അവർ അതിനെ പുച്ഛിച്ചുതള്ളും. (അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ ഏതാനും തിരുവെഴുത്തുതെളിവുകൾ മാത്രമാണ് നാം ഈ ലേഖനത്തിൽ ചർച്ച ചെയ്‌തത്. * അതേക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഒരു സൗജന്യബൈബിളധ്യയനത്തിനുവേണ്ടി യഹോവയുടെ സാക്ഷികളെ സമീപിക്കുക. നിങ്ങളുടെ വീട്ടിൽവെച്ചോ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തുവെച്ചോ അല്ലെങ്കിൽ ടെലിഫോണിലൂടെയോ നിങ്ങൾക്ക് ഇതേക്കുറിച്ച് പഠിക്കാനാകും. ചെലവാക്കേണ്ടത് നിങ്ങളുടെ സമയം മാത്രമാണ്; അതുകൊണ്ടുള്ള പ്രയോജനങ്ങളുടെ വില മതിക്കാനാകാത്തതും. ▪ (w13-E 01/01)
^ ഖ. 39 കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിലെ “നാം ജീവിക്കുന്നത് ‘അന്ത്യകാലത്തോ?’” എന്ന 9-ാം അധ്യായം കാണുക.