മരിച്ചവർക്കുള്ള പ്രത്യാശ—പുനരുത്ഥാനം
പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനത്തിൽ നിങ്ങൾ വിശ്വസിക്കുന്നുവോ? * മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരുമായി വീണ്ടും കൂടിച്ചേരുക എന്ന ആശയം പൊതുവെ സ്വീകാര്യമാണ്. പക്ഷേ ഇത്തരം ഒരു പ്രത്യാശ ഊട്ടിവളർത്തുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതാണോ? ഇതിന് ഉത്തരം കണ്ടെത്തുന്നതിനു നമുക്കു യേശുവിന്റെ അപ്പൊസ്തലന്മാരുടെ മാതൃക പരിചിന്തിക്കാം.
അപ്പൊസ്തലന്മാർക്ക് മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഉറച്ചവിശ്വാസം ഉണ്ടായിരുന്നു. എന്തുകൊണ്ട്? കുറഞ്ഞതു രണ്ടു കാരണങ്ങളാൽ. ഒന്നാമത്, അവരുടെ പ്രത്യാശ മുഖ്യമായി യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു എന്ന വസ്തുതയെ അടിസ്ഥാനമാക്കിയായിരുന്നു. അപ്പൊസ്തലന്മാർ—‘ഒരേസമയത്ത് അഞ്ഞൂറിലധികം സഹോദരന്മാരും’—പുനരുത്ഥാനം പ്രാപിച്ച യേശുവിനെ കണ്ടു. (1 കൊരിന്ത്യർ 15:6) കൂടാതെ, നാലു സുവിശേഷങ്ങളിൽ കാണുന്നതുപോലെ യേശുവിന്റെ പുനരുത്ഥാനം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.—മത്തായി 27:62–28:20; മർക്കോസ് 16:1-8; ലൂക്കോസ് 24:1-53; യോഹന്നാൻ 20:1–21:25.
രണ്ടാമത്, അപ്പൊസ്തലന്മാർ യേശു നിർവഹിച്ച മൂന്നു പുനരുത്ഥാനങ്ങളെങ്കിലും കണ്ടിട്ടുണ്ടായിരുന്നു. ആദ്യം നയിൻ പട്ടണത്തിലും പിന്നെ കഫർന്നഹൂമിലും ഒടുവിൽ ബെഥാന്യയിലും. (ലൂക്കോസ് 7:11-17; 8:49-56; യോഹന്നാൻ 11:1-44) മേൽപ്പറഞ്ഞവയിൽ അവസാനത്തെ പുനരുത്ഥാനം യേശുവിനു വളരെ അടുപ്പമുള്ള ഒരു കുടുംബം ഉൾപ്പെട്ടതായിരുന്നു. ഈ മാസികയുടെ പ്രാരംഭപേജുകളിൽ ആ സംഭവത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ നമുക്കു പരിചിന്തിക്കാം.
‘ഞാൻതന്നെ പുനരുത്ഥാനം’
“നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും.” യേശു മാർത്തയോടു പറഞ്ഞതാണ് ഈ വാക്കുകൾ. അവളുടെ സഹോദരനായ ലാസർ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു. മാർത്തയ്ക്ക് ആദ്യം യേശുവിന്റെ ഈ വാക്കുകളുടെ അർഥം മനസ്സിലായിരുന്നില്ല. “അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം” എന്ന് അവൾ മറുപടി പറഞ്ഞെങ്കിലും ആ സംഭവം ഭാവിയിൽ എന്നോ നടക്കും എന്നേ അവൾ കരുതിയിരുന്നുള്ളു. “ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു” എന്ന യേശുവിന്റെ വാക്കുകൾ കേൾക്കുകയും തുടർന്ന് അവൻ അവളുടെ സഹോദരനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതു കാണുകയും ചെയ്തപ്പോൾ അവൾക്കുണ്ടായ ആശ്ചര്യം ഒന്നു സങ്കൽപ്പിച്ചു നോക്കൂ!—യോഹന്നാൻ 11:23-25.
തന്റെ മരണത്തെത്തുടർന്നുള്ള നാലു ദിവസം ലാസർ എവിടെയായിരുന്നു? ആ നാലു ദിവസം താൻ മറ്റെവിടെയോ ജീവിച്ചിരുന്നുവെന്നു സൂചിപ്പിക്കുന്ന രീതിയിൽ ലാസർ യാതൊന്നും പറഞ്ഞില്ല. സ്വർഗത്തിലേക്കു പോയ ഒരു അമർത്യാത്മാവ് ലാസറിനുണ്ടായിരുന്നില്ല. ദൈവത്തിന്റെ അടുത്ത് സ്വർഗീയാനന്ദം ആസ്വദിച്ചുകഴിയുകയായിരുന്ന ലാസറിനെ ഭൂമിയിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നില്ല യേശു അവനെ ഉയിർപ്പിച്ചപ്പോൾ ചെയ്തത്. അങ്ങനെയെങ്കിൽ ആ നാലു ദിവസം ലാസർ എവിടെയായിരുന്നു? അതെ, അവൻ കല്ലറയിൽ ഗാഢനിദ്രയിലായിരുന്നു.—സഭാപ്രസംഗി 9:5, 10.
മരണത്തെ ഒരു ഉറക്കത്തോട്, അതായത് പുനരുത്ഥാനത്താൽ ഉണർത്താൻ കഴിയുന്ന ഒന്നിനോട്, യേശു താരതമ്യം ചെയ്യുന്നെന്ന് ഓർക്കുക. വിവരണം ഇങ്ങനെ പറയുന്നു: യോഹന്നാൻ 11:11-14) ലാസറിനെ ഉയിർപ്പിച്ചുകൊണ്ട് യേശു അവന്റെ ജീവൻ തിരികെ കൊടുക്കുകയും അവനെ വീണ്ടും സ്വന്തകുടുംബത്തോട് ചേർക്കുകയും ചെയ്തു. ആ കുടുംബത്തിനു യേശു നൽകിയ എത്ര അമൂല്യമായ സമ്മാനം!
‘“നമ്മുടെ സ്നേഹിതനായ ലാസർ വിശ്രമിക്കുകയാണ്; അവനെ നിദ്രയിൽനിന്ന് ഉണർത്താൻ ഞാൻ അവിടേക്കു പോകുന്നു” എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ അവനോട്, “കർത്താവേ, വിശ്രമിക്കുകയാണെങ്കിൽ അവൻ സുഖം പ്രാപിക്കും” എന്നു പറഞ്ഞു. യേശുവോ അവന്റെ മരണത്തെക്കുറിച്ചത്രേ പറഞ്ഞത്. എന്നാൽ ഉറങ്ങിവിശ്രമിക്കുന്നതിനെക്കുറിച്ചാണ് അവൻ പറഞ്ഞതെന്ന് അവർ കരുതി. അപ്പോൾ യേശു അവരോടു സ്പഷ്ടമായി പറഞ്ഞു: “ലാസർ മരിച്ചുപോയി.”’ (ഭൂമിയിലായിരുന്നപ്പോൾ യേശു നടത്തിയ പുനരുത്ഥാനങ്ങൾ, ഭാവിയിൽ അവൻ ദൈവരാജ്യത്തിന്റെ രാജാവായിരിക്കുമ്പോൾ എന്തു ചെയ്യും എന്നതിന്റെ ഒരു പൂർവവീക്ഷണമായിരുന്നു. * സ്വർഗത്തിലിരുന്നുകൊണ്ട് ഭൂമിയുടെ മേൽ ഭരണം നടത്തുമ്പോൾ യേശു കല്ലറകളിലുള്ള എല്ലാവരെയും ജീവനിലേക്കു വരുത്തും. അതുകൊണ്ടാണ് അവൻ ഇങ്ങനെ പറഞ്ഞത്: ‘ഞാൻതന്നെ പുനരുത്ഥാനം ആകുന്നു.’ നിങ്ങൾക്കു പ്രിയങ്കരരായവരെ വീണ്ടും കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് ഓർത്തുനോക്കൂ! പുനരുത്ഥാനം പ്രാപിക്കുന്നവരുടെ സന്തോഷമോ?—ലൂക്കോസ് 8:56.
നിങ്ങൾക്കു പ്രിയങ്കരരായവരെ വീണ്ടും കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നു ഓർത്തുനോക്കൂ!
നിത്യജീവനിലുള്ള വിശ്വാസം ഉറപ്പുള്ളതാക്കുക
യേശു മാർത്തയോട് പറഞ്ഞു, “എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല.” (യോഹന്നാൻ 11:25, 26) യേശുവിന്റെ ആയിരംവർഷ വാഴ്ചക്കാലത്ത് അവൻ പുനരുത്ഥാനത്തിൽ വരുത്തുന്ന ആളുകൾക്ക് എക്കാലവും ജീവിക്കാനുള്ള അവസരമുണ്ടായിരിക്കും—അവർ അവനിൽ യഥാർഥവിശ്വാസം പ്രകടിപ്പിക്കുന്നിടത്തോളംകാലം.
“എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവനിലേക്കു വരും.”—യോഹന്നാൻ 11:25
പുനരുത്ഥാനത്തെക്കുറിച്ചു ശ്രദ്ധേയമായ ഈ കാര്യങ്ങൾ പറഞ്ഞതിനു ശേഷം യേശു മാർത്തയോട് അവളുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് അറിയാൻ ഇങ്ങനെ ചോദിച്ചു: “നീ ഇതു വിശ്വസിക്കുന്നുവോ?” അതിന് അവൾ അവനോട്, “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു നീയാകുന്നു എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞു. (യോഹന്നാൻ 11:26, 27) നിങ്ങളെക്കുറിച്ച് എന്ത്? പുനരുത്ഥാനത്തിൽ മാർത്തയ്ക്കുണ്ടായിരുന്നതുപോലുള്ള വിശ്വാസം വളർത്തിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവോദ്ദേശ്യം സംബന്ധിച്ചു പരിജ്ഞാനം നേടുക എന്നതാണ് ആദ്യപടി. (യോഹന്നാൻ 17:3; 1 തിമൊഥെയൊസ് 2:4) അത്തരം പരിജ്ഞാനത്തിനു നമ്മെ വിശ്വാസത്തിലേക്കു നയിക്കാൻ കഴിയും. ഈ വിഷയത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നെന്ന് അറിയാൻ യഹോവയുടെ സാക്ഷികളോടു ചോദിക്കാനാകും. പുനരുത്ഥാനം എന്ന അമൂല്യവിഷയത്തെക്കുറിച്ചു നിങ്ങളുമായി സംസാരിക്കാൻ അവർക്കു സന്തോഷമേ ഉള്ളൂ. ▪ (w14-E 01/01)
^ ഖ. 2 ആറാം പേജിൽ കൊടുത്തിരിക്കുന്ന “മരണത്തോടെ എല്ലാം അവസാനിക്കുമോ?” എന്ന ലേഖനം കാണുക.
^ ഖ. 9 ഭാവിപുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 7-ാം അധ്യായം കാണുക. www.dan124.com എന്ന വെബ്സൈറ്റിലും ഇത് ലഭ്യമാണ്.