മുഖ്യലേഖനം | പുകവലി —ദൈവത്തിന്റെ വീക്ഷണം
എന്താണ് പുകവലി സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം?
ആമുഖലേഖനത്തിൽ പരാമർശിച്ച നാക്കോ, പുകവലിക്ക് എതിരെ വിജയം വരിക്കാനായതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ചും അവന്റെ ഉദ്ദേശങ്ങളെക്കുറിച്ചും ഉള്ള സത്യം പഠിച്ചതാണ് എന്റെ ജീവിതത്തിന് ഒരു വഴിത്തിരിവായത്.” അവൾ പഠിച്ച കാര്യങ്ങൾ ബൈബിളിൽനിന്നുള്ളതായിരുന്നു. പുകയിലയെക്കുറിച്ചു ബൈബിൾ പ്രതിപാദിക്കുന്നില്ലെങ്കിലും പുകവലി ദൈവം എങ്ങനെ വീക്ഷിക്കുന്നെന്നു മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. * ആ അറിവ് അനേകർക്ക് ഈ ദുശ്ശീലം ചെറുക്കാനോ ഉപേക്ഷിക്കാനോ ആവശ്യമായ പ്രചോദനം നൽകിയിരിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) പുകവലി നിമിത്തമുണ്ടാകുന്ന മൂന്ന് ദൂഷ്യഫലങ്ങളെക്കുറിച്ചും അതു സംബന്ധിച്ചു ബൈബിൾ പറയുന്നത് എന്താണെന്നും പരിചിന്തിക്കാം.
പുകവലി—ആസക്തിയുളവാക്കുന്ന ഒന്ന്
പുകയിലയിൽ ഏറ്റവും ആസക്തിയുളവാക്കുന്ന പദാർഥങ്ങളിൽ ഒന്നായ നിക്കോട്ടിൻ അടങ്ങിയിരിക്കുന്നു. അതിന് ഒരു ഉത്തേജകമായോ അല്ലെങ്കിൽ പ്രവർത്തനശേഷി കുറയ്ക്കുന്ന ഒരു വസ്തുവായോ പ്രവർത്തിക്കാനാകും. പുകവലിക്കുമ്പോൾ നിക്കോട്ടിൻ തലച്ചോറിലേക്കു വേഗത്തിൽ പല ആവർത്തി എത്തുന്നു. ഒരോ തവണയും പുക ഉള്ളിലേക്ക് എടുക്കുമ്പോൾ നിക്കോട്ടിന്റെ ഒരു മാത്ര ശരീരത്തിൽ പ്രവേശിക്കുന്നതിനാൽ, ഒരു ദിവസം ഒരു കൂടു സിഗരറ്റ് വലിച്ചുതീർക്കുന്ന ഒരു വ്യക്തി നിക്കോട്ടിന്റെ 200 മാത്രയാണ് ശരീരത്തിൽ എത്തിക്കുന്നത്. ഒരു മരുന്നും ഈ അളവിൽ നാം ഉപയോഗിക്കുകയില്ല. എന്നാൽ, നിക്കോട്ടിൻ ഇങ്ങനെ തുടർച്ചയായി ഉപയോഗിക്കുമ്പോൾ മറ്റ് എന്തിനെക്കാളും ആസക്തിയുളവാക്കുന്ന ഒന്നായി ഇതു മാറുന്നു. ഒരിക്കൽ അടിമയായിത്തീർന്ന വ്യക്തിക്കു വേണ്ടത്ര അളവിൽ അതു ലഭിക്കാതെ വരുമ്പോൾ അതിന്റേതായ ചില അസ്വസ്ഥതകൾ അയാൾക്ക് അനുഭവപ്പെടും.
‘അയാളെ അനുസരിക്കുകയാൽ നിങ്ങൾ അയാളുടെ അടിമകളാണ്.’—റോമർ 6:16
പുകയിലയ്ക്ക് അടിമയാണെങ്കിൽ നിങ്ങൾക്കു യഥാർഥത്തിൽ ദൈവത്തെ അനുസരിക്കാൻ കഴിയുമോ?
ഇക്കാര്യത്തിൽ ശരിയായ വീക്ഷണമുണ്ടായിരിക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. അത് ഇപ്രകാരം പറയുന്നു: “നിങ്ങൾ നിങ്ങളെത്തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ, അയാളെ അനുസരിക്കുകയാൽ നിങ്ങൾ അയാളുടെ അടിമകളാണെന്ന് അറിയുന്നില്ലയോ?” (റോമർ 6:16) പുകയിലയോടുള്ള ആസക്തി ഒരു വ്യക്തിയുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ഭരിക്കുമ്പോൾ അദ്ദേഹം പെട്ടെന്നുതന്നെ ഒരു അധമശീലത്തിന് അടിമയായിത്തീരുകയാണ്. എന്നാൽ യഹോവ എന്ന നാമമുള്ള ദൈവം നാം ഇതിൽനിന്നെല്ലാം സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നു. ശരീരത്തെ ബാധിക്കുന്ന മോശമായ ശീലങ്ങളിൽനിന്നു മാത്രമല്ല ആത്മാവിനെ, അതായത് നമ്മുടെ മാനസിക ചായ്വിനെ, ദുഷിപ്പിക്കുന്ന ശീലങ്ങളിൽനിന്നും നാം സ്വതന്ത്രരാകാൻ അവൻ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 83:18; 2 കൊരിന്ത്യർ 7:1) അങ്ങനെ യഹോവയോടുള്ള ഒരു വ്യക്തിയുടെ വിലമതിപ്പും ബഹുമാനവും വർധിക്കുമ്പോൾ യഹോവ തന്നിൽനിന്ന് ഏറ്റവും മേത്തരമായത് അർഹിക്കുന്നെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അതേസമയം ഒരു മാരകമായ ദുശ്ശീലത്തിന് അടിമയായിരിക്കുന്നിടത്തോളം കാലം തനിക്ക് അത് സാധിക്കില്ലെന്നും അദ്ദേഹം മനസ്സിലാക്കുന്നു. ഈ തിരിച്ചറിവ് തനിക്കു ഹാനി വരുത്തുന്ന മോഹങ്ങളെ ചെറുക്കുന്നതിനുള്ള നിശ്ചയദാർഢ്യം അദ്ദേഹത്തിനു നൽകുന്നു.
ജർമനിയിൽ താമസിക്കുന്ന ഒലാഫ് തന്റെ 12-ാം വയസ്സുമുതൽ സിഗരറ്റിന് അടിമയായിരുന്നു. നീണ്ട 16 വർഷങ്ങൾക്കു ശേഷം അദ്ദേഹം അതിൽനിന്നു മോചിതനായി. അദ്ദേഹം ഇങ്ങനെ പറയുന്നു: “ആദ്യസിഗരറ്റ് വലിച്ചപ്പോൾ എനിക്ക് അത് ഒരു രസമായി തോന്നി. എന്നാൽ കാലം കടന്നുപോകവെ അതൊരു വലിയ പ്രശ്നമായിത്തീർന്നു. ഒരു ദിവസം സിഗരറ്റ് കിട്ടാതായപ്പോൾ അസ്വസ്ഥനായ ഞാൻ വീട്ടിലുണ്ടായിരുന്ന സിഗരറ്റ് കുറ്റികളെല്ലാം പെറുക്കിയെടുത്ത് അതിലുണ്ടായിരുന്ന പുകയില ഒരു കടലാസിൽ പൊതിഞ്ഞ് ഒരു സിഗരറ്റ് ഉണ്ടാക്കി വലിച്ചു. പിന്തിരിഞ്ഞ് നോക്കുമ്പോൾ, എത്ര നാണംകെട്ട പ്രവർത്തിയായിരുന്നു അതെന്ന് ഞാൻ ഓർക്കുന്നു.” ഈ തരംതാണ ശീലം അദ്ദേഹം എങ്ങനെയാണ് തരണം ചെയ്തത്? അദ്ദേഹം തുടരുന്നു: “യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ച പ്രമുഖഘടകം. അതുപോലെ യഹോവയ്ക്ക്
മനുഷ്യവർഗത്തോടുള്ള സ്നേഹവും അവൻ വെച്ചുനീട്ടുന്ന പ്രത്യാശയും ഈ ആസക്തി എന്നെന്നേക്കുമായി ഉപേക്ഷിക്കാൻവേണ്ട ശക്തി എനിക്കു പകർന്നുനൽകി.”പുകവലി—ശരീരത്തിനു ഹാനികരം
“സിഗരറ്റ് വലിക്കുന്നത് . . . ശരീരത്തിലെ എല്ലാ അവയവങ്ങളെയുംതന്നെ ബാധിക്കുന്നതായും രോഗാവസ്ഥയും മരണസംഖ്യയും വർധിപ്പിക്കുന്നതായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു” എന്ന് ഒരു മാസിക (The Tobacco Atlas) പറയുന്നു. കാൻസർ, ഹൃദ്രോഗം, ശ്വാസകോശത്തകരാറുകൾ എന്നിവയ്ക്കു പുകവലി കാരണമാകുന്നു എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ‘ലോകാരോഗ്യ സംഘടന’ പറയുന്നതനുസരിച്ച് ക്ഷയംപോലുള്ള പകർച്ചവ്യാധികളുള്ളവരുടെ മരണത്തിനും പുകവലി പ്രമുഖകാരണമാകുന്നു.
“നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്നേഹിക്കണം.”—മത്തായി 22:37
മോശമായ ഒരു ശീലത്തിൽ ഏർപ്പെട്ടുകൊണ്ട് ദൈവദത്തമായ ശരീരം ദുരുപയോഗം ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ദൈവത്തോടുള്ള സ്നേഹവും ആദരവും കാണിക്കുകയായിരിക്കുമോ?
നമ്മുടെ ജീവൻ, ശരീരം, കഴിവുകൾ എന്നിവയെക്കുറിച്ച് ഒരു ശരിയായ വീക്ഷണമുണ്ടായിരിക്കാൻ യഹോവയാം ദൈവം തന്റെ വചനമായ ബൈബിളിലൂടെ നമ്മെ പഠിപ്പിക്കുന്നു. “നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്നേഹിക്കണം” എന്നു പറഞ്ഞപ്പോൾ അവന്റെ പുത്രനായ യേശുക്രിസ്തു ഇതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. (മത്തായി 22:37) വ്യക്തമായും, നമ്മുടെ ജീവനും ശരീരവും പൂർണമായി പ്രയോജനപ്പെടുത്താനും അവയെ ആദരപൂർവം പരിപാലിക്കാനും ദൈവം പ്രതീക്ഷിക്കുന്നു. നാം യഹോവയെയും അവന്റെ വാഗ്ദാനങ്ങളെയും കുറിച്ചു പഠിക്കവെ, അവൻ നമുക്കായി ചെയ്തിരിക്കുന്ന സകല കാര്യങ്ങളെയും സ്നേഹിക്കാനും മൂല്യവത്തായി കരുതാനും തുടങ്ങും. ഇത്, നമ്മുടെ ശരീരത്തെ അശുദ്ധമാക്കുന്ന ഏതൊരു കാര്യത്തിൽനിന്നും വിട്ടുനിൽക്കാൻ നമ്മെ പ്രേരിപ്പിക്കും.
ഇന്ത്യയിൽനിന്നുള്ള ജയവന്ത് എന്ന ചികിത്സകൻ കഴിഞ്ഞ 38 വർഷക്കാലമായി പുകവലിക്ക് അടിമയായിരുന്നു. അദ്ദേഹം പറയുന്നു: “വൈദ്യശാസ്ത്രത്തെ സംബന്ധിച്ചുള്ള മാസികകളിലൂടെ പുകവലിമൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ഞാൻ മനസ്സിലാക്കി. പുകവലി തെറ്റാണെന്ന് എനിക്ക് അറിയാമായിരുന്നു. ഈ ശീലം ഉപേക്ഷിക്കാൻ ഞാൻ എന്റെ രോഗികളെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു. പുകവലി ഉപേക്ഷിക്കാൻ ഞാൻ അഞ്ചാറു പ്രാവശ്യം ശ്രമിച്ചെങ്കിലും എനിക്കത് നിറുത്താനായില്ല.” എന്നാൽ ഈ ശീലം മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്? അദ്ദേഹം വിവരിക്കുന്നു: “ബൈബിൾ പഠിച്ചതാണ് അത് നിറുത്താൻ എന്നെ സഹായിച്ചത്. യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം ഈ ശീലം ഉടനടി ഉപേക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചു.”
പുകവലി—മറ്റുള്ളവർക്കു ഹാനികരം
വലിച്ചുവിടുന്ന പുകയും സിഗരറ്റ് തുമ്പിൽനിന്നു വമിക്കുന്ന പുകയും വിഷലിപ്തമാണ്. ഇത്തരം പുക ശ്വസിക്കുന്നത് കാൻസറിനും ഇതര രോഗങ്ങൾക്കും കാരണമായേക്കാം. ഇത് പുകവലിക്കാത്ത ആറു ലക്ഷത്തോളം ആളുകളെ ഓരോ വർഷവും കൊന്നൊടുക്കുന്നു, ഇവയിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണ്. ‘ലോകാരോഗ്യ സംഘടന’യുടെ ഒരു റിപ്പോർട്ട് പറയുന്നപ്രകാരം ഇത്തരം പുക ശ്വസിക്കുന്നതു വളരെ കുറഞ്ഞ അളവിലാണെങ്കിൽപ്പോലും അതു ഹാനികരമാണ്.
“നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.”—മത്തായി 22:39
നിങ്ങളുടെ പുകവലി കുടുംബത്തെയും അയൽക്കാരെയും അപകടത്തിലാക്കുന്നെങ്കിൽ നിങ്ങൾ അവരെ യഥാർഥത്തിൽ സ്നേഹിക്കുന്നുണ്ടെന്നു പറയാനാകുമോ?
മത്തായി 22:39) അതെ, നമ്മുടെ ഉറ്റവർക്കു ഹാനിതട്ടുന്ന ഒരു ശീലം നമുക്കുണ്ടെങ്കിൽ നാം അയൽക്കാരോടുള്ള സ്നേഹം കാണിക്കുന്നില്ല എന്നാണ് അതിന്റെ അർഥം. യഥാർഥസ്നേഹം ബൈബിളിന്റെ ഈ ഉദ്ബോധനം പിൻപറ്റാൻ നമ്മെ പ്രേരിപ്പിക്കുന്നു: “ഓരോരുത്തനും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്.”—1 കൊരിന്ത്യർ 10:24.
യേശു പറഞ്ഞതനുസരിച്ച് ദൈവത്തോടുള്ള സ്നേഹം കഴിഞ്ഞാൽ അടുത്തതായി വരുന്നത് അയൽക്കാരോടുള്ള സ്നേഹമാണ്. അതായത് നമ്മുടെ കുടുംബം, സുഹൃത്തുക്കൾ, നമുക്കു ചുറ്റുമുള്ളവർ എന്നിവരോടുള്ള സ്നേഹം. “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് അവൻ പറഞ്ഞു. (അർമേനിയയിൽ ജീവിക്കുന്ന അർമെൻ ഇങ്ങനെ സ്മരിക്കുന്നു: “പുകവലി കുടുംബാംഗങ്ങളെ ബാധിച്ചതിനാൽ ഇത് ഉപേക്ഷിക്കാൻ അവർ എന്നോടു കേണപേക്ഷിച്ചു. എന്നാൽ ഈ ശീലം അവർക്കു ദോഷം ചെയ്തേക്കാമെന്ന് അംഗീകരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.” തന്റെ മനോഭാവത്തിനു മാറ്റം വരാനുള്ള കാരണം അദ്ദേഹം പറയുന്നു: “പുകവലി ഉപേക്ഷിക്കാനും, എനിക്കു മാത്രമല്ല എന്റെ ചുറ്റുമുള്ളവർക്കും അതു ഹാനിവരുത്തുമെന്ന കാര്യം അംഗീകരിക്കാനും ബൈബിളിൽനിന്നുള്ള അറിവും യഹോവയോടുള്ള സ്നേഹവും എന്നെ സഹായിച്ചു.”
പുകവലി—സകലരുടെയും നന്മക്കായി തുടച്ചുനീക്കുന്നു
ബൈബിൾപരിജ്ഞാനം, തങ്ങൾക്കുതന്നെയും മറ്റുള്ളവർക്കും ദോഷം ചെയ്യുന്ന ഒരു ദുശ്ശീലത്തിൽനിന്നു കരകയറാൻ ഒലാഫിനെയും ജയവന്തിനെയും അർമെനെയും സഹായിച്ചു. കേവലം പുകവലി ഹാനികരമാണെന്ന തിരിച്ചറിവു മാത്രമല്ല, പകരം യഹോവയോടുള്ള സ്നേഹവും അവനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും ആണ് ഈ ദുശ്ശീലം കീഴടക്കാൻ അവരെ സഹായിച്ചത്. സ്നേഹം വഹിക്കുന്ന നിർണായകപങ്കിനെക്കുറിച്ച് 1 യോഹന്നാൻ 5:3-ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ദൈവത്തോടുള്ള സ്നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.” എല്ലായ്പോഴും ബൈബിൾതത്ത്വങ്ങൾ പിൻപറ്റുന്നത് അത്ര എളുപ്പമല്ലെങ്കിലും യഹോവയോടുള്ള ശക്തമായ സ്നേഹത്താൽ പ്രേരിതനായി ഒരു വ്യക്തി പ്രവർത്തിക്കുമ്പോൾ അനുസരിക്കുന്നത് ഒരു ഭാരമല്ലാതാകുന്നു.
യഹോവയാം ദൈവം ഇന്ന് ഒരു ആഗോളവിദ്യാഭ്യാസ പരിപാടിയിലൂടെ പുകയിലയുടെ കെട്ടുകൾ പൊട്ടിച്ചെറിയാൻ അല്ലെങ്കിൽ അതിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാകാൻ ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. (1 തിമൊഥെയൊസ് 2:3, 4) ഉടനെ, തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ കീഴിലുള്ള സ്വർഗീയഗവണ്മെന്റിലൂടെ, അതായത് തന്റെ രാജ്യത്തിലൂടെ, ദശലക്ഷങ്ങളെ പുകയിലയ്ക്ക് അടിമകളാക്കിയതിന് ഉത്തരവാദികളായ അത്യാർത്തിപൂണ്ട വാണിജ്യവ്യവസ്ഥയെ യഹോവ ഉന്മൂലനം ചെയ്യും. അവൻ സകലരുടെയും നന്മയെപ്രതി ആഗോളബാധയായ പുകവലിക്ക് അറുതി വരുത്തുകയും അനുസരണമുള്ള മനുഷ്യവർഗത്തെ ശാരീരികമായും മാനസികമായും പൂർണതയിലേക്ക് ഉയർത്തുകയും ചെയ്യും.—യെശയ്യാവു 33:24; വെളിപാട് 19:11, 15.
നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ പോരാടുന്ന ഒരു വ്യക്തിയാണെങ്കിൽ പ്രതീക്ഷ കൈവിടരുത്. യഹോവയെ സ്നേഹിക്കാനും പുകവലി സംബന്ധിച്ച അവന്റെ വീക്ഷണം മനസ്സിലാക്കാനും പഠിക്കുന്നതിലൂടെ വിജയംവരിക്കാൻ ആവശ്യമായ പ്രേരണ നിങ്ങൾക്കും കണ്ടെത്താനാകും. ബൈബിൾതത്ത്വങ്ങൾ പഠിക്കാനും ബാധകമാക്കാനും ഉള്ള പ്രായോഗികസഹായം വ്യക്തിപരമായി നൽകാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. പുകയിലയുടെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാകാൻ യഹോവയുടെ സഹായം നിങ്ങൾക്ക് ആവശ്യമാണെങ്കിൽ അതിനുവേണ്ട കരുത്തും ശക്തിയും അവൻ പ്രദാനം ചെയ്യുമെന്ന കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കുക.—ഫിലിപ്പിയർ 4:13. ▪ (w14-E 06/01)
^ ഖ. 3 പുകവലി എന്ന് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് സിഗരറ്റുകൾ, ചുരുട്ടുകൾ, പുകവലിക്കുഴൽ, ജലനാളി എന്നിവയിൽ നിന്നുള്ള പുക നേരിട്ടു വലിക്കുന്നതിനെയാണ്. എന്നാൽ, ഇവിടെ ചർച്ച ചെയ്തിരിക്കുന്ന തത്ത്വങ്ങൾ പുകയില ചവയ്ക്കുന്നതിനും മൂക്കിപ്പൊടി വലിക്കുന്നതിനും നിക്കോട്ടിൻ അടങ്ങുന്ന ഇലക്ട്രോണിക് സിഗരറ്റുകൾ വലിക്കുന്നതിനും സമാനമായ മറ്റ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനും ബാധകമാണ്.