ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
നാം പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
നമ്മുടെ ആകുലതകളെക്കുറിച്ച് യഹോവയോടു മടി കൂടാതെ, നിരന്തരം സംസാരിക്കാൻ അവൻ ആഗ്രഹിക്കുന്നു. (ലൂക്കോസ് 18:1-7) നമ്മിൽ താത്പര്യമുള്ളതുകൊണ്ട് അവൻ നമ്മെ ശ്രദ്ധിക്കുന്നു. നമ്മുടെ സ്വർഗീയപിതാവ് നമ്മെ പ്രാർഥിക്കാൻ ദയാപൂർവം ക്ഷണിക്കുമ്പോൾ, ആ ക്ഷണം സ്വീകരിക്കുന്നത് ബുദ്ധിയായിരിക്കില്ലേ?—ഫിലിപ്പിയർ 4:6 വായിക്കുക.
സഹായം ചോദിക്കാനുള്ള ഒരു മാർഗം മാത്രമല്ല പ്രാർഥന. അത് ദൈവത്തോട് അടുത്തു ചെല്ലാനും നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 8:3, 4) നമ്മുടെ വികാരങ്ങൾ നിത്യേന ദൈവത്തെ അറിയിക്കുമ്പോൾ, നാം അവനുമായി ഒരു അടുത്ത സൗഹൃദം വളർത്തിയെടുക്കുന്നു.—യാക്കോബ് 4:8 വായിക്കുക.
നാം എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?
നാം പ്രാർഥിക്കുമ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പദങ്ങൾ ഉപയോഗിക്കാനോ, കാണാതെ പഠിച്ച പ്രാർഥനകൾ ആവർത്തിക്കാനോ ദൈവം ആഗ്രഹിക്കുന്നില്ല. നാം ഏതെങ്കിലും ഒരു പ്രത്യേകശരീരനില സ്വീകരിക്കാനും അവൻ പ്രതീക്ഷിക്കുന്നില്ല. പകരം, നമ്മുടെ പ്രാർഥനകൾ ഹൃദയത്തിൽനിന്നായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (മത്തായി 6:7) ഉദാഹരണത്തിന്, പുരാതന ഇസ്രായേലിൽ ജീവിച്ചിരുന്ന ഹന്നാ അവളെ വളരെയധികം വിഷമിപ്പിച്ചിരുന്ന ഒരു കുടുംബപ്രശ്നത്തെക്കുറിച്ചു പ്രാർഥിച്ചു. പിന്നീട്, ആ പ്രശ്നം സന്തോഷത്തിനു വഴിമാറിയപ്പോൾ, ഹൃദയംഗമമായ പ്രാർഥനയിലൂടെ അവൾ യഹോവയ്ക്കു നന്ദി പറഞ്ഞു.—1 ശമൂവേൽ 1:10, 12, 13, 26, 27; 2:1 വായിക്കുക.
എത്ര മഹത്തായ ഒരു പദവിയാണ് നമുക്കുള്ളത്! നമ്മുടെ ആകുലതകളുമായി നമുക്ക് സ്രഷ്ടാവിനെ സമീപിക്കാനാകും. അവൻ നമുക്കായി ചെയ്യുന്ന കാര്യങ്ങളെപ്രതി നമുക്ക് അവനെ സ്തുതിക്കാനും അവനു നന്ദി പറയാനും കഴിയും. അതുകൊണ്ട്, നമുക്കുള്ള ഈ അമൂല്യപദവി നാം ഒരിക്കലും തള്ളിക്കളയരുത്.—സങ്കീർത്തനം 145:14-16 വായിക്കുക. (w14-E 07/01)